കാത്തുനില്‍ക്കാത്ത ഒരാള്‍

ആരെയും തീരെ കാത്തുനില്‍ക്കാത്തവനാണു സമയം. അത് ആരെയും കാത്തുനിന്ന ചരിത്രമില്ല. ഇനി കാത്തുനില്‍ക്കുമെന്നും നമുക്കാര്‍ക്കും പ്രതീക്ഷയില്ല. വിശേഷിച്ചും സാധാരണക്കാരായ നമുക്കുവേണ്ടി സമയം ഒരിക്കലും കാത്തുനില്‍ക്കാന്‍ പോകുന്നില്ല. എന്നാല്‍ അസാധാരണക്കാര്‍ക്കുവേണ്ടി ചിലപ്പോഴത് കാത്തുനില്‍ക്കും. പക്ഷേ, അത് വെറുതെയാകില്ല. മറിച്ച് കാര്യമാത്ര പ്രസക്തമായ ഏതെങ്കിലും ദൗത്യത്തിന്റെയും കര്‍മത്തിന്റെയും പൂര്‍ത്തീകരണത്തിനു വേണ്ടിയാകും. ഒരു ഉദാഹരണം പറയാം:
തിരുനബി(സ്വ)ക്കു വേണ്ടി ഒരിക്കല്‍ സമയം കാത്തുനിന്നു. സൂര്യന്‍ അതിന്റെ പ്രയാണ വേഗത്തില്‍ അല്‍പം മാറ്റം വരുത്തി. പക്ഷേ, ആ കാത്തുനില്‍പ്പ് മഹത്തായൊരു ധാര്‍മിക ദൗത്യ നിര്‍വഹണത്തിനായിരുന്നു. ഖന്ദഖ് രണാങ്കണത്തിന്റെ സമര സൗകര്യത്തിനായിരുന്നു അത്. ഇങ്ങനെ സമയം കാത്തുനിന്ന മറ്റൊരു കഥ ഇമാം ബുഖാരി ഉദ്ധരിച്ചു കാണാം. നബി(സ്വ)യാണാ കഥ പറയുന്നത്.
ഒരു പൂര്‍വപ്രവാചകന്‍ ധര്‍മസമരത്തില്‍ നിരതനാണ്. സൂര്യന്‍ അസ്തമാന ചക്രവാളത്തെ പ്രാപിക്കുന്നു. യുദ്ധം പാതിവഴിയില്‍ നിര്‍ത്തിയാല്‍ അപകടം. വിജയിപ്പിച്ചെടുക്കുക തന്നെ വേണം. പ്രവാചകന്‍ സൂര്യനു നേരെ തിരിഞ്ഞു:
“സൂര്യന്‍, നീ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തി മാത്രമാണ്. ഞാനും അങ്ങനെത്തന്നെ. അല്ലാഹുവേ നീ സൂര്യനെ നിര്‍ത്തിത്തരണേ.’’ നബി പ്രാര്‍ത്ഥിച്ചതും സൂര്യന്‍ നിന്നു. യുദ്ധം തുടര്‍ന്നു. വിജയം കൊയ്തു.
ഇതാണ് കഥ. ഇതിലെ ഗുണപാഠമെന്താണ്. സമയം അത്ഭുതകരമായി കാത്തുനിന്നാല്‍ തന്നെയും അത് മഹാ ദൗത്യനിര്‍വഹണത്തിനു മാത്രമായിരിക്കുമെന്നതു തന്നെ. അതിനാല്‍ നാം സമയത്തെ മാനിക്കണം. ഒഴിവുവേളകള്‍ ഇന്ന് സഹോദരിമാര്‍ക്ക് നിര്‍ലോഭമാണ്. അതിനെ കര്‍മംകൊണ്ട് ധന്യമാക്കണം. എങ്കില്‍ വിജയത്തിന്റെ വാതായനങ്ങള്‍ നമുക്കുമുമ്പില്‍ തുറന്നുവരും.
ചിലര്‍ സമയം വെറുതെ പാഴാക്കുമ്പോള്‍ മറ്റു ചിലര്‍ ചീത്ത കര്‍മങ്ങള്‍ കൊണ്ട് ദുഷിച്ചതാക്കുന്നു. രണ്ടും ശരിയായ ശൈലിയല്ല. സദ്വൃത്തികള്‍ കൊണ്ട് ധന്യമാക്കുന്നവരാണ് സമയത്തെ മാനിച്ചവന്‍. അത്തരക്കാര്‍ക്ക് ഭാവിയില്‍ മനസ്സ് നിറഞ്ഞ് സന്തോഷിക്കാം. വായിക്കാന്‍, ദിക്ര്‍ ചൊല്ലാന്‍, ഖുര്‍ആന്‍ ഓതാന്‍, മതപ്രസംഗം കേള്‍ക്കാന്‍, വീട് നന്നാക്കി വെക്കാന്‍, അപരന് ഗുണംചെയ്യാന്‍, തയ്യലിന്, ചെടികള്‍ നടാന്‍, കോഴി വളര്‍ത്താന്‍… ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ക്ക് നമുക്ക് സമയം വിനിയോഗിക്കാം.
നാം എന്തിനൊക്കെ സമയം ചെലവാക്കുന്നുവെന്ന് ഒന്നു ചിന്തിക്കൂ. എന്നിട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ. വിലപ്പെട്ട ദിനരാത്രങ്ങള്‍ ആഹ്ലാദപൂരിതമാക്കൂ.

വനിതാ കോര്‍ണര്‍
തസ്ഫിയ26 എസ്എസ് ബുഖാരി

Exit mobile version