കാരക്കുന്നിനറിയുമോ ഇങ്ങനെയൊരു ദ്വീപ്

marumozhi

ശൈഖ് മുഹമ്മദ് കാരക്കുന്ന് കേരളത്തിലെ അറിയപ്പെടുന്ന ഗ്രന്ഥകാരനാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക ബുദ്ധിജീവിയും പ്രസിദ്ധീകരണാലയത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നയാളും. അദ്ദേഹം ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ മനസ്സിനെ സ്വാധീനിച്ച പല കാര്യങ്ങള്‍ മാധ്യമത്തിലെഴുതിയിരുന്നു. അവിടത്തുകാരുടെ ഭയഭക്തി, സത്യസന്ധത, ആതിഥ്യമര്യാദ, സ്നേഹം, സൗഹൃദം, സഹകരണ മനോഭാവം ഇങ്ങനെ പലതും.
കൊലപാതകങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. ആത്മാഹുതികളുമില്ല. സ്ത്രീപീഡനം, ബലാത്സംഗം പോലുള്ള ഇന്ത്യ മുഴുക്കെ ആസ്വദിക്കുന്ന കലാപരിപാടികളുമില്ല. വീടിന്‍റെ വാതില്‍ ചാരുകപോലും ചെയ്യാതെ എവിടെയും പോവാം. അത്രക്ക് സുരക്ഷിതമാണ് ആ പവിഴത്തുരുത്തുകള്‍. സ്ഥിരമായി കടപ്പുറത്ത് കിടന്നുറങ്ങുന്നവരെയും ചെറിയ ഷെഡുകള്‍ കെട്ടി അതില്‍ അന്തിയുറങ്ങുന്നവരെയും കാണാം. കോഴികള്‍ക്ക് കൂടുവെക്കാറില്ല, ആടുകളെ കെട്ടിയിടാറുമില്ല. പാന്പ്, നായ പോലുള്ള ശല്യങ്ങള്‍ ഇല്ലയെന്നതും ഏറെ സൗകര്യം നല്‍കുന്നു.
കാരക്കുന്നിന്‍റെ ലേഖനത്തോടു പ്രതികരിച്ച് പ്രൊഫ. സുബൈര്‍ തലശ്ശേരി മാധ്യമത്തിലെഴുതിയ കുറിപ്പ് സുന്നിവോയ്സ് കഴിഞ്ഞ ലക്കത്തില്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഏറെ ശ്രദ്ധേയവും എന്നാല്‍ കാരക്കുന്ന് അടക്കം പുത്തന്‍ബാധയേറ്റവരാരും അംഗീകരിക്കാത്തതുമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ അതില്‍ പ്രൊഫസര്‍ വ്യക്തമാക്കി. തുടര്‍പഠനങ്ങള്‍ ആവശ്യമായത്ര പ്രാധാന്യമുള്ളതായിരുന്നു അവയെല്ലാം.
ലക്ഷദ്വീപുകാരുടെ വിശുദ്ധിക്കു കാരണം അവരുടെ ദൈവ വിശ്വാസമാണെന്ന ശൈഖിന്‍റെ നിരീക്ഷണം കൃത്യമാണ്. ഇപ്പോഴും ദൈവത്തെ മാത്രമല്ല, ദൈവദത്ത ജ്ഞാനങ്ങളുടെ പ്രചാരകരായ മതപണ്ഡിതരെയും ദ്വീപ് ജനത ഏറെ മാനിക്കുന്നു. സ്നേഹിക്കുകയും ആദരവുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. മതവിദ്യാഭ്യാസത്തില്‍ ഏറെ മുന്നേറിയവരെന്ന് നെഗളിക്കുന്ന കേരളക്കാര്‍ മറന്ന ആദരവിന്‍റെ പാഠങ്ങള്‍ അവിടെ നിര്‍ലോഭം കാണാം. വയസ്സായവര്‍ കൈയില്‍ സഞ്ചിയും പിടിച്ച് ആടിയുലഞ്ഞ് ബസില്‍ ദുരിതയാത്ര നടത്തുമ്പോള്‍ പാട്ടുംകേട്ട് ചാരിയിരുന്ന് സുഖസഞ്ചാരം നടത്തുന്ന ആരോഗ്യപൂരിതരായ യുവാക്കളുടെ നിത്യകാഴ്ച ഇവിടെ സുലഭമാണ്. ദ്വീപില്‍ അതു തീരെയില്ലാത്തത് ബസ് സര്‍വീസ് ഇല്ലാത്തതു കൊണ്ടല്ല; അവരുടെ ഒരു യാനത്തിലും ഇങ്ങനെ ഒരു ദൃശ്യമുണ്ടാവില്ല. പണ്ഡിതരെ മാത്രമല്ല, മതവിദ്യാര്‍ത്ഥികളെപ്പോലും അവര്‍ക്ക് പരിഗണിക്കാതിരിക്കാനാവില്ല. വിനയം മതത്തിന്‍റെ പ്രധാന പ്രബോധനമാണല്ലോ.
പ്രൊഫസര്‍ സുബൈര്‍ എഴുതിയതാണ് കാര്യം. പാരമ്പര്യ തനിമയുള്ള ഒന്നു വിശദീകരിച്ചെഴുതിയാല്‍, മൗലമൗലിദ് ഉറൂസാദികള്‍, ബദ്രിയ്യത്, ബുര്‍ദ, അടിയന്തിരം, ഖത്തം പാരായണം തുടങ്ങി എല്ലാവിധ “ഖുറാഫാത്തു’കളും സമൃദ്ധമായുള്ള ദ്വീപുസമൂഹത്തില്‍ ദൈവവിശ്വാസം പൂര്‍ണത നേടുകയും അതിന്‍റെ അനുബന്ധമായുണ്ടാവേണ്ട ശാന്തിസമാധാനം കളിയാടുകയും ചെയ്യുന്നു. ഔലിയാക്കളുമായി ബന്ധപ്പെടാത്ത ഒരു ചടങ്ങും അവിടെയില്ല.
പ്രസവരക്ഷക്ക് കവരത്തിയിലെ ഖാസിം വലിയ്യുല്ലാഹി എഴുതിയ പിഞ്ഞാണത്തില്‍ വെള്ളമൊഴിച്ചു കുടിക്കുന്നതിനാണ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ സൗജന്യ ചികിത്സയെക്കാള്‍ അവര്‍ പ്രധാന്യം കൊടുക്കുന്നത്. എല്ലാ നല്ല കാര്യത്തിനും മുമ്പ്ആന്ത്രോത്തിലെ ഉബൈദുല്ല(റ)യുടെ ഖബര്‍ സിയാറത്താണ് അവരുടെ ആശ്രയം! ഭക്തിയും വിനയവും ദൈവഭയവും നിറഞ്ഞാടുന്ന ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്ന വിധം ഇതില്‍ നിന്നു മനസ്സിലായല്ലോ. എന്തേ ശൈഖ് കാരക്കുന്ന് ഇത്രമേല്‍ വ്യാപകമായ ഇതൊന്നും വിശദീകരിക്കാതെ പോയത്? ഉല്‍പതിഷ്ണുക്കള്‍ വികലമാണെന്നു കരുതുന്ന കാര്യങ്ങളില്‍ നിന്നാണ് ദ്വീപ് ആത്മീയമായി ഉയര്‍ന്ന് സുരക്ഷിത സ്ഥലമായതെന്നും കേരളത്തില്‍ നിന്നുള്ള ബിദ്അത്ത്വല്‍കരണം അവിടെയും നടന്നാല്‍ ദ്വീപുമൊരു കൊള്ളക്കാരുടെ സങ്കേതമാവുമെന്നുമുള്ള പ്രൊഫസറുടെ വാക്കുകള്‍ എല്ലാവര്‍ക്കും വെളിച്ചം കാണിക്കട്ടെ.

Exit mobile version