രണ്ട് കുട്ടികളെ കുളത്തില്‍ എറിഞ്ഞ് കൊന്ന് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. എട്ടും ആറും വയസ്സുള്ള മക്കളെ വീട്ടിനടുത്തുള്ള കുളത്തില്‍ എറിഞ്ഞുകൊന്ന ശേഷം വീട്ടിലെത്തി കൈ ഞരമ്പ് മുറിക്കുകയായിരുന്ന മാതാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മദ്റസയിലേക്കെന്ന് പറഞ്ഞ് കൊണ്ട്പോയ കുട്ടികളെ വീട്ടില്‍നിന്ന് 160 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കുളത്തിലാണ് എറിഞ്ഞത്. ഈയിടെ നാം അറിഞ്ഞ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണിത്.
മാതൃസ്നേഹം കിട്ടാക്കനിയാവുന്ന കാലമാണിത്. മക്കള്‍ക്ക് മാതാവിനോടുള്ള സ്നേഹവും മാതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹവും ഒരുപോലെ വിനഷ്ടമാവുന്ന ദുരവസ്ഥ. നൊന്ത്പെറ്റ മാതാവ് തന്നെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ മാതൃ സ്നേഹത്തിന്‍റെ കനത്ത വരള്‍ച്ചയാണ് സാക്ഷര കേരളത്തിന്‍റെ ശാപമെന്ന് തോന്നിപ്പോവും. നാല്‍പത്തിരണ്ടുകാരിയായ മറ്റൊരു മാതാവ് എട്ടു വയസ്സുള്ള സ്വന്തം കുഞ്ഞിനെ ഭിക്ഷാടകര്‍ക്ക് കൈമാറിയെന്ന വാര്‍ത്തയും മറന്നിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത മകളെ വ്യോവൃത്തിക്ക് വേണ്ടി ബോധപൂര്‍വം പറഞ്ഞുവിട്ട മാതാവിന്‍റെയും ആയിരമോ രണ്ടായിരമോ രൂപ ലഭിക്കാന്‍ വേണ്ടി പോറ്റിവളര്‍ത്തിയ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കിക്കൊടുക്കുന്ന രക്ഷിതാക്കളുടെയും നാടായി കേരളം മാറിയിട്ടുണ്ടെന്നതാണ് സത്യം.
“മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന്’ പഠിപ്പിച്ച പ്രവാചകര്‍(സ്വ) “സ്ത്രീ ഭര്‍തൃ വീട്ടിലെ ഭരണാധികാരിയാണെന്നും തന്‍റെ ഭരണീയരെ കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുമെന്നും’ പഠിപ്പിച്ചു. മക്കള്‍ മാതാവിനെ ആദരിച്ചും സ്നേഹിച്ചും സ്വര്‍ഗം നേടണമെന്നതു പോലെ, വിശുദ്ധരായി ജനിക്കുന്ന മക്കളെ വിശുദ്ധരായി തന്നെ വളര്‍ത്തി മാതാക്കളും വിജയം വരിക്കണമെന്നര്‍ത്ഥം.സന്താന പരിപാലനത്തിലും മക്കളുടെ സംസ്കാര രൂപീകരണത്തിലും മാതാവിന് നിസ്തുലമായ പങ്കു തന്നെയാണുള്ളത്.
എന്നാല്‍ മതപാലനത്തിലുള്ള ഉദാസീനതയാണ് പലപ്പോഴും സന്താന പരിപാലന രംഗത്തെ അപചയത്തിനു നിദാനമാവുന്നത്. സന്തുഷ്ട ദാമ്പത്യം സംതൃപ്ത സന്താന ലബ്ധിയുമുണ്ടാവാന്‍ നിരവധി മാര്‍ഗങ്ങള്‍ മതം പഠിപ്പിക്കുന്നുണ്ട്. അവ ജീവിതത്തില്‍ പകര്‍ത്താനാണ് ശ്രമിക്കേണ്ടത്. “ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മയുള്ളവരെ ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. ഞങ്ങളെ നീ ഭക്തരായവര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ’ എന്നര്‍ത്ഥം വരുന്ന സൂറത്തുല്‍ ഫുര്‍ഖാനിലെ 74ാമത്തെ സൂക്തം പതിവായി പ്രാര്‍ത്ഥനയിലുള്‍പ്പെടുത്തുന്നത് ഇക്കാര്യത്തില്‍ ഏറെ ഉപകാര പ്രദമാണ്. നികാഹിന് ശേഷം ഭാര്യയെ ആദ്യമായി കാണുമ്പോള്‍ അവളുടെ തലയുടെ മുന്‍ഭാഗത്ത് കൈ വെച്ച് “നമ്മില്‍ രണ്ട് പേര്‍ക്കും ഇണകളില്‍ അല്ലാഹു ബറകത്ത് നല്‍കട്ടെ’ എന്നു ദുആ ചെയ്യലും സുന്നത്താണ്. പ്രഥമ സംഭോഗത്തിന് മുമ്പ് ദമ്പതികള്‍ക്ക് രണ്ട് റക്അത്ത് നിസ്കാരവും സുന്നത്തുണ്ട്. സംയോഗത്തിലേര്‍പ്പെടുന്നതിന് തൊട്ട് മുമ്പ് “അല്ലാഹുവേ ഞങ്ങളെയും ഞങ്ങള്‍ക്കു നല്‍കുന്ന മക്കളെയും പിശാചില്‍ നിന്ന് അകറ്റേണമേ’ എന്ന ദുആ ഇരുവരും ചൊല്ലണമെന്നും സ്ഖലന സമയം ഈ ദിക്റിന്‍റെ ആശയം മനസ്സില്‍ കൊണ്ടുവരണമെന്നും അത് കുഞ്ഞിന്‍റെ നന്മയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട ്(തുഹ്ഫ 7/216). ഈ ദിക്റ് ചൊല്ലിയുള്ള സംയോഗത്തില്‍ ജനിക്കുന്ന കുഞ്ഞിന് പൈശാചിക ശല്യമുണ്ടാവില്ലെന്ന് ഹദീസുകളിലും കാണാവുന്നതാണ്.
അതു പോലെ തന്നെ, കുഞ്ഞിനെ പ്രസവിച്ച ഉടനെ നടത്തേണ്ട വാങ്ക് വിളി, മധുരം നല്‍കല്‍ പോലെയുള്ള കാര്യങ്ങളും ചിലര്‍ക്കെല്ലാം ഇന്ന് “ഔട്ട് ഓഫ് ഫാഷനായി’ത്തീര്‍ന്നിരിക്കുന്നു. പിഞ്ചു നാളുകളില്‍ തന്നെ തിരുനബി(സ്വ)യുടെ പേര്, ജനനവഫാത്ത് സ്ഥലങ്ങള്‍, പ്രവാചകരുടെ മാതാപിതാക്കളുടെ പേരുകള്‍ എന്നിവയെല്ലാം മക്കള്‍ക്ക് പഠിപ്പിക്കേണ്ട സ്ഥാനത്ത് സിനിമാ താരങ്ങളെയും കായിക താരങ്ങളെയും പരിചയപ്പെടുത്താനും കുട്ടിയുടെ അത്തരത്തിലുള്ള പ്രതികരണത്തെ കൈകൊട്ടി പ്രോത്സാഹിപ്പിക്കാനുമാണ് നവതലമുറയിലെ പല മാതാക്കള്‍ക്കും താല്‍പര്യം. അതുകൊണ്ട് തന്നെ വിശുദ്ധമായ ദാമ്പത്യവുമായി ബന്ധമില്ലാത്ത ജീവിത വഴികളില്‍ ചിലരെല്ലാം എത്തിപ്പെടുന്നു.
മക്കളുടെ പ്രഥമ വിദ്യാലയം ഉമ്മയുടെ മടിത്തട്ടാണെന്ന ബോധം ആദ്യം വേണം. ആ വിദ്യാലയത്തില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങളാണ് കുഞ്ഞിന്‍റെ ജീവിതാന്ത്യം വരെയുണ്ടാവുക എന്നും മനസ്സിലാക്കുക. ധാര്‍മിക മൂല്യങ്ങള്‍ പകര്‍ന്നും ഗുണപാഠ കഥകള്‍ പറഞ്ഞു കൊടുത്തും സ്നേഹമസൃണമായ പെരുമാറ്റം കാഴ്ചവെച്ചുമാണ് മാതാക്കള്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത്.
നബി(സ്വ)യുടെ മാതാവ് ആമിന(റ) വഫാത്താവുന്ന സമയമടുത്തപ്പോള്‍ തന്‍റെ പിഞ്ചു മകനെ അടുത്ത് വിളിച്ച് “എന്‍റെ മോന്‍ ലോകത്തിന് മുഴുവന്‍ അനുഗ്രഹമാണെന്ന’ സുവിശേഷം നല്‍കി സമാശ്വസിപ്പിച്ചു. ആറാമത്തെ വയസ്സില്‍ മാതാവ് മരണപ്പെട്ടിട്ടും, തന്‍റെ വാത്സല്യ നിധിയായ മാതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ നബി(സ്വ) അയവിറക്കിയത് എത്ര ഗൃഹാതുരതയോടെയാണ്. മാതാവിനൊപ്പം വന്നിറങ്ങിയ സ്ഥലത്തെക്കുറിച്ചും മറ്റും നബി(സ്വ) അനുയായികളോട് പലപ്പോഴും പറഞ്ഞിരുന്നു. തന്‍റെ മാതാവിന്‍റെ ഖബറിന്നരികില്‍ ചെന്നിരുന്ന് ഇടക്കിടെ നബി(സ്വ) സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഔലിയാക്കളുടെ നേതാവായ ശൈഖ് ജീലാനി(റ)യെ മാതാവ് എത്രത്തോളം സൂക്ഷ്മതയോടെയാണ് വളര്‍ത്തിയിരുന്നതെന്നത് ഏറെ സുവിദിതമാണല്ലോ. ഉമ്മ മകനെ പഠനത്തിന് അയക്കുമ്പോള്‍ കൈയ്യില്‍ കൊടുത്തുവിട്ട വെള്ളിനാണയങ്ങള്‍ വഴിയില്‍ വെച്ച് കള്ളന്മാരുടെ സംഘം വളഞ്ഞപ്പോള്‍ മഹാന്‍ എടുത്ത് കൊടുക്കാന്‍ തുനിഞ്ഞതുമെല്ലാം മാതാവിന്‍റെ മടിത്തട്ടില്‍ നിന്നു ലഭിച്ച പാഠങ്ങള്‍മൂലമാണ്.
കര്‍മശാസ്ത്ര വിശാരദനായിരുന്ന ഇമാം ശാഫിഈ(റ)ന്‍റെ മാതാവാണ് മഹാന് സര്‍വ പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്നത്. പഠനാവശ്യാര്‍ത്ഥം അദ്ദേഹത്തെ മക്കയിലേക്കും മദീനയിലേക്കും ബഗ്ദാദിലേക്കുമെല്ലാം പറഞ്ഞയച്ചും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും സാഹചര്യാനുസൃതമായി ഉപദേശിച്ചും സന്താന പരിപാലനത്തിന്‍റെ ഉത്തമ മാതൃക സൃഷ്ടിച്ചതു കൊണ്ടാണ് ലോകത്തിന് ഇമാം ശാഫിഈ(റ) എന്ന മഹാ പണ്ഡിതനെ ലഭിച്ചത്. തന്‍റെ മകനെ സംശയനിവാരണങ്ങള്‍ക്ക് വേണ്ടി ഒട്ടനവധി പണ്ഡിതന്മാരുമായി നിരന്തരം ബന്ധപ്പെടുവിച്ചാണ് അബൂഹനീഫ(റ) എന്ന അഗ്രേസരനായ പണ്ഡിതനെ സമൂഹത്തിന് മാതാവ് സമ്മാനിച്ചത്.
ഇങ്ങനെ ചരിത്രത്തിന്‍റെ താളുകളില്‍ ഇടം പിടിച്ച ഉന്നത ശ്രേഷ്ഠരിലധികവും ചിട്ടയായ മാതൃ പരിചരണത്തിന്‍റെ ഉല്‍പന്നങ്ങളാണ്. “ഞങ്ങളെ വഴിപിഴപ്പിച്ച രക്ഷിതാക്കളെ ഞങ്ങളുടെ കാല്‍ചുവട്ടിലാക്കി തരൂ’ എന്ന് പറയുന്ന മക്കള്‍ പാരത്രിക ലോകത്ത് ഉണ്ടാവരുതെന്നാണ് ആഗ്രഹമെങ്കില്‍ ചെറുപ്പത്തിലേ ശ്രദ്ധയോടെ വളര്‍ത്തുക.
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍