ആശയസമ്പന്നമായ ഒരു പദമാണ് കുടുംബനാഥ എന്നത്. പ്രാമാണികമായും പ്രാദേശികമായും കുടുംബനാഥനോട് സമാനമായ പ്രസക്തി കുടുംബനാഥയ്ക്കുമുണ്ട്. പക്ഷേ, ഓരോന്നും പ്രസക്തമാകുന്നത് വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ വെച്ചാണെന്നു മാത്രം. കുടുംബ നാഥന്‍ ഭവനത്തിന്റെയും കുടുംബത്തിന്റെയും ബാഹ്യതലത്തെ പ്രസക്തമാക്കുമ്പോള്‍ കുടുംനാഥ ഭവനത്തിന്റെയും കുടുംബത്തിന്റെയും അന്തര്‍ഭാഗത്തെ അലങ്കാരപൂരിതമാക്കുന്നു.
സ്ത്രീയെ ഖുര്‍ആന്‍ ഭവനകേന്ദ്രീകൃത വ്യക്തിത്വമായാണ് അവതരിപ്പിക്കുന്നത്. നിങ്ങള്‍ ഭവനാന്തരങ്ങളില്‍ അടങ്ങിയിരിക്കുക എന്ന ഖുര്‍ആന്‍ ആജ്ഞ(33/33) പ്രസിദ്ധം. തിരുനബിയും ഇങ്ങനെത്തന്നെയാണ് സഹോദരിമാരെ പരിചയപ്പെടുത്തുന്നത്. ഇബ്നു മസ്ഊദില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ ഇങ്ങനെ കാണാം:
‘പെണ്ണ് ഔറത്താകുന്നു. അവള്‍ രംഗത്തിറങ്ങിയാല്‍ പിശാച് മോടികൂട്ടും. അവള്‍ അല്ലാഹുവിനോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് സ്വന്തം ഭവനത്തിലാകുമ്പോഴാകുന്നു’ (തിര്‍മുദി).
മേല്‍പറഞ്ഞതില്‍ നിന്ന് ഗ്രഹിക്കാനാകുന്നതെന്താണ്? സ്ത്രീക്ക് ഇസ്ലാമില്‍ അന്തസ്സില്ലെന്നോ, ഉത്തരവാദിത്തരഹിതവും അടുക്കളപ്പുഴുവുമാണെന്നോ?
അല്ല.
മറിച്ച്, ഭവനകേന്ദ്രീകൃതമായി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉള്ള രാജ്ഞിയാണ് അവള്‍. തിരുനബി(സ്വ) പറഞ്ഞതു കാണാം:
‘നിങ്ങള്‍ ഓരോരുത്തരും ഉത്തരവാദിത്തമുള്ളവരാകുന്നു. സ്വന്തം ഉത്തരവാദിത്തത്തെപ്പറ്റി ചോദ്യം ചെയ്യപ്പെടും. ഭരണാധിപന്‍ ഉത്തരവാദിയാകുന്നു. ഒരു പുരുഷന്‍ തന്റെ വീട്ടുകാരുടെ മേല്‍ ഉത്തരവാദിത്തമുള്ളവനാണ്. ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഭവനത്തിനും സന്താനത്തിനുമേലിലും ഉത്തരവാദിത്തമുള്ളവളാകുന്നു. ഓരോരുത്തരോടും സ്വന്തം ഉത്തരവാദിത്വത്തെപ്പറ്റി ചോദ്യമുണ്ടാകും’ (ബുഖാരി, മുസ്ലിം).
കുടുംബനാഥ എന്ന ആശയം വ്യക്തമായി ധ്വനിപ്പിക്കുന്നതാണീ വചനത്തിലെ ‘റാഇയത്’ എന്ന പദം. പരലോകത്ത് ചോദ്യം ചെയ്യപ്പെടാന്‍ മാത്രം സ്ത്രീ ഭവനത്തിലും കുടുംബത്തിലും കൈകാര്യകര്‍തൃത്വാവകാശിയാണെന്ന് പറയുമ്പോള്‍ കുടുംബം എന്നത് വിശാലവും ഗൗരവപ്പെട്ടതുമായ പ്രയോഗമായി പരിണമിക്കുന്നു.
അന്‍സ്വാരി വനിതയാണ് അസ്മാഅ്(റ). യസീദിന്റെ പ്രിയപുത്രി. ഒരു ദിവസം അവര്‍ തിരുനബിക്കരികില്‍ വന്നു. നബി(സ്വ) സ്വഹാബികള്‍ക്കൊപ്പമിരിക്കുകയായിരുന്നു.
‘എന്റെ മാതാവാണേ, പിതാവാണേ… പുണ്യദൂതരേ, ഞാന്‍ മദീനാമങ്കകളുടെ പ്രതിനിധിയായി അങ്ങയെ കാണാന്‍ വന്നതാണ്. അങ്ങേക്കറിയാമല്ലോ എന്റെ ആത്മാവ് തന്നെ അങ്ങേക്ക് സമര്‍പ്പിതം. നബിയേ, കിഴക്കോ പടിഞ്ഞാറോ ഉള്ള ഏതൊരു തരുണിയും എന്റെ വരവ് അറിഞ്ഞാലുമില്ലെങ്കിലും ഞാനീ പറയുന്ന കാര്യത്തില്‍ അവര്‍ക്ക് മറ്റൊരു വീക്ഷണമുണ്ടാകില്ലെന്നുറപ്പാണ്. അല്ലാഹു അങ്ങയെ പറഞ്ഞയച്ചിരിക്കുന്നത് സ്ത്രീ-പുരുഷ വര്‍ഗങ്ങളിലേക്ക് മൊത്തമായാണല്ലോ. ഞങ്ങളാകട്ടെ, അങ്ങയിലും അങ്ങ് പറഞ്ഞ ഇലാഹിലും സമ്പൂര്‍ണമായി വിശ്വസിച്ചവരാകുന്നു. പക്ഷേ, ഞങ്ങള്‍ പെണ്ണുങ്ങള്‍ ആണുങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരിക്കേണ്ടവരാണ്. വികാരപൂര്‍ത്തിക്ക് സഹകരിച്ച് നിങ്ങളുടെ സന്താനങ്ങളെ ഗര്‍ഭം ചുമന്ന് കഴിയേണ്ടവര്‍. നിങ്ങള്‍ ആണുങ്ങള്‍ എത്ര മഹത്ത്വമാണ് വരിക്കുന്നത്. ജുമുഅ, ജമാഅത്ത്, രോഗസന്ദര്‍ശനം, ജനാസ സംസ്കരണം, ഒരു ഹജ്ജിന് പിറകെ മറ്റൊരു ഹജ്ജ് എന്നിങ്ങനെ. പുറമെ അതിശ്രേഷ്ഠമായ ദൈവിക മാര്‍ഗത്തിലെ ജിഹാദ്. പക്ഷേ, നിങ്ങളില്‍ ഏതൊരു ആണും ഹജ്ജിനോ ഉംറക്കോ അതിര്‍ത്തി കാവലിനോ പുറപ്പെട്ടാല്‍ നിങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നത് ഞങ്ങളാണ്. വസ്ത്രങ്ങള്‍ നെയ്യുന്നത് ഞങ്ങളാണ്. നിങ്ങളുടെ മക്കളെ പോറ്റുന്നത് ഞങ്ങളാണ്. അതുകൊണ്ട് ചോദിക്കട്ടെ, പുണ്യദൂതരേ, നിങ്ങള്‍ക്കൊപ്പം പ്രതിഫലത്തില്‍ ഞങ്ങള്‍ക്കുമൊരു പങ്കുണ്ടാകില്ലേ…’
ചോദ്യം കേട്ട തിരുനബി(സ്വ) സ്വഹാബികള്‍ക്കു നേരെ തിരിഞ്ഞു.
‘നിങ്ങള്‍ കേട്ടില്ലേ ഈ പെണ്ണിന്റെ ചോദ്യം, സ്വന്തം ദീനിന്റെ കാര്യത്തില്‍ ഇത്ര സുന്ദരമായ ചോദ്യമുന്നയിച്ച മറ്റൊരു പെണ്ണുണ്ടോ?’
സ്വഹാബികള്‍ പറഞ്ഞു:
‘പ്രവാചകരേ, ഒരു പെണ്ണിനിത്ര ബോധമുണ്ടെന്ന് ഞങ്ങള്‍ ഒരിക്കലും നിനച്ചില്ല.’
അനന്തരം നബി(സ്വ) അസ്മാഇലേക്ക് തിരിഞ്ഞു പറഞ്ഞു:
‘പെണ്ണേ, നീ മടങ്ങുക. നിന്റെ പിന്നില്‍ കാത്തുനില്‍ക്കുന്ന മുഴുവന്‍ സഹോദരിമാരോടും പറയുക; നിങ്ങളില്‍ ഒരുത്തി ഭര്‍ത്താവിന് നല്ല തുണയാകുന്നതും അദ്ദേഹത്തിന്റെ പ്രീതി കാംക്ഷിക്കുന്നതും അദ്ദേഹത്തിനൊത്ത് നീങ്ങുന്നതും മേല്‍പറഞ്ഞ പ്രതിഫലങ്ങള്‍ക്കൊക്കെ സമമാകുന്നു.’
ഇതുകേട്ട് അസ്മാഅ് സന്തോഷാധിക്യത്താല്‍ തസ്ബീഹും തക്ബീറും ചൊല്ലി (മഅ്രിഫതു സ്വഹാബ).
കുടുംബനാഥ എന്ന നിലക്കുള്ള കടമകള്‍ ഉണര്‍ത്തുന്ന വചനമാണിത്. ഭര്‍ത്താവിന്റെ സമ്പത്ത് ന്യായമായും യുക്തമായും ചെലവാക്കുന്നതിലും സാക്ഷി എന്നതിലും പെണ്ണിന് പങ്കുണ്ടെന്ന് ഹദീസ് കാണിക്കുന്നു.
ആഇശാ ബീവി(റ) പറഞ്ഞു: ‘ഒരു സ്ത്രീ ഭര്‍തൃ ഭവനത്തില്‍ നിന്ന് വല്ലതും ദാനം ചെയ്താല്‍ അവള്‍ക്കതിന് പ്രതിഫലമുണ്ട്. അവളുടെ ഭര്‍ത്താവിനുമുണ്ട് തത്തുല്യ പ്രതിഫലം. രണ്ടില്‍ ഒരാളുടെയും പ്രതിഫലത്തില്‍ ഒരു കുറവും വരുന്നതല്ല’ (ബുഖാരി).
സ്വാലിഹതായ പെണ്ണിന്റെ ഗുണങ്ങള്‍ പറയവെ തിരുനബി എണ്ണിയത് ഭര്‍ത്താവിന്റെ സമ്പത്തില്‍ വഞ്ചന നടത്താത്തവള്‍ എന്നാണ്.
സന്താന സംരക്ഷണത്തിലെ ബാധ്യത പെണ്ണിനെ സംബന്ധിച്ച് കടുത്തതാകുന്നു. കുടുംബനാഥ എന്ന നിലക്ക് തികഞ്ഞ കരുതല്‍ കുഞ്ഞുങ്ങളുടെ സംസ്കരണ കാര്യത്തില്‍ പെണ്ണിനുണ്ട്. അത് നിര്‍വഹിക്കപ്പെടാത്തിടത്താണ് ചീത്ത സമൂഹത്തിന്റെ സൃഷ്ടിപ്പുണ്ടാവുക. ഒരു കുടുംബം അനാഥമാക്കാനും സനാഥമാക്കാനും സഹോദരിമാര്‍ക്ക് സാധിക്കുമെന്ന് ചുരുക്കം. അതുകൊണ്ട് കൂടിയാണ് നബി(സ്വ) ഇങ്ങനെ പറഞ്ഞത്; ‘സ്ത്രീ ഭര്‍തൃഭവനത്തിലെ അധികാരിയാകുന്നു. അതിനെപ്പറ്റി അവളെ വിചാരണ ചെയ്യും.’
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി