കുടുംബാസൂത്രണം; ഇസ്ലാം പറയുന്നത്

സാമൂഹ്യ ക്ഷേമം, കുടുംബ ക്ഷേമം എന്നീ പദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനായി ആശയങ്ങളും മാര്‍ഗങ്ങളും ആരായുകയും നടപ്പിലാക്കുകയും ചെയ്യുന്ന തത്രപ്പാടിലാണ് ലോകം. ലോക രാഷ്ട്രങ്ങളിലെല്ലാം ഇതിനായി പ്രത്യേക വകുപ്പുകളും പദ്ധതികളും തന്നെയുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ ജനതയുടെ സ്വാര്‍ത്ഥതയുടെയും അത് നേടുന്നതിലെ ക്രൂരമായ മാര്‍ഗാവലംബത്തിന്റെയും ഉദാഹരണമാണിത്. ജീവിത സങ്കല്‍പങ്ങളും സ്വപ്നങ്ങളും മാത്രം ലക്ഷ്യവും പ്രതീക്ഷയുമായി കഴിയുന്ന ആധുനിക സമൂഹത്തിന്റെ ചിന്താപരമായ മരവിപ്പിന്റെ ആഴവും പരപ്പും ഈ സമീപനം വ്യക്തമാക്കുന്നു. ആധുനിക തലമുറ, കഴിഞ്ഞകാല സമൂഹത്തിന്റെയും ഉദാരസമീപനത്തിന്റെയും സ്വീകാര്യ മനസ്കതയുടെയും ഫലമാണ്. ഇന്നലെയുടെ പിതാക്കളില്‍ ആധുനിക ജീര്‍ണത ഉണ്ടായിരുന്നെങ്കില്‍ ആധുനിക സമൂഹത്തിന്റെ ചാലക ഘടകങ്ങളാകാന്‍ പുത്തന്‍ പ്രതിഭകളുണ്ടാകുമായിരുന്നില്ല എന്നു വ്യക്തമാണ്.

പ്രവിശാലമായ പ്രപഞ്ചം നവജാതരെ ഹാര്‍ദ്ദമായി സ്വീകരിക്കാന്‍ സജ്ജമായിരിക്കെ, ജീവിക്കുന്ന തലമുറ വരും തലമുറക്ക് ജന്മം നിഷേധിക്കുന്നത് മഹാ പാതകമാണ്. സ്വര്‍ത്ഥനായ മനുഷ്യന്റെ ക്രൂരമായ സമീപനം പ്രപഞ്ചത്തില്‍ വിപരീത ഫലം സൃഷ്ടിച്ചിട്ടുണ്ട്.

ചിലരെല്ലാം ഈ യുഗത്തില്‍ അനിവാര്യമായിക്കാണുന്നതും എന്നാല്‍ ഇസ്ലാമില്‍ വ്യക്തമായ കാഴ്ചപ്പാടുള്ളതുമായ ഒന്നാണ് കുടുംബാസൂത്രണം. കുടുംബാസൂത്രണത്തിന് നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. ബീജാസൂത്രണം, ആത്മാവ് ഊതുന്നതിന് മുമ്പോ ശേഷമോ ഉള്ള ഗര്‍ഭഛിദ്രം, താല്‍ക്കാലികമായോ ശാശ്വതമായോ ഗര്‍ഭധാരണ ശേഷി നശിപ്പിക്കുക, ജീവനോടെ കുഴിച്ച് മൂടുക തുടങ്ങിയവയെല്ലാം അതില്‍ ചിലതാണ്. ഇവയൊന്നും ഇസ്ലാമിക വീക്ഷണത്തില്‍ തൃപ്തികരമല്ലെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. സുദൃഢമായ ലക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ ഇമാമുകള്‍ ഇക്കാര്യം വിശദീകരിക്കുന്നു. അത്കൊണ്ട് സമുദായത്തിന് കരണീയം ഇമാമുകളെ പിന്തുടരലാണ്. പ്രാമാണികരായ പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതനുസരിച്ച് മേലുദ്ധരിച്ച ഒരോന്നിന്റെയും വിധി ലഘുവായി വിവരിക്കുകയാണിവിടെ.

ബീജാസൂത്രണം

സംയോഗ സമയത്ത് ഇന്ദ്രിയം യോനിയില്‍ പ്രവേശിക്കാനനുവദിക്കാതെ പുറത്ത് വിടുന്നതാണിത് (ഫത്ഹുല്‍ ബാരി 9/382, ശറഹു മുസ്ലിം 10/9).

ദാരിദ്ര്യം കാരണമായി നിങ്ങളുടെ സന്താനങ്ങളെ വധിക്കരുത്. നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ് (വി.ഖു 6/151).

നബി(സ്വ) പറഞ്ഞു: ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ വധിക്കരുത്.  അവര്‍ക്കും നിങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണ്.  അവരെ വധിക്കുന്നത് മഹാപാതകമത്രെ (വി.ഖു 17/31).

ഇമാം ഖുര്‍തുബി(റ) പറയുന്നു:

ബീജാസൂത്രണം വിലക്കപ്പെട്ടതാണെന്നതിന് ഈ സൂക്തം തെളിവായി അവലംബിക്കാം.  കാരണം ജീവനോടെ കുഴിച്ച് മൂടുന്നത് ഉണ്ടായ ശിശുവിനെ നിഷ്കാസനം ചെയ്യലാണെങ്കില്‍ ബീജാസൂത്രണം വഴി ഉല്‍പാദനത്തിന്റെ അടിസ്ഥാനം തന്നെ തടഞ്ഞുവെക്കുകയാണ്.  അപ്പോള്‍ തത്ത്വത്തില്‍ രണ്ടും ഒരു പോലെയാണ്. ഉണ്ടായതിന് ശേഷം കൊല്ലുന്നത് കൂടുതല്‍ കുറ്റകരവും നീചനീകൃത്യവുമാണെന്ന് മാത്രം. ഇത് കൊണ്ടാണ് നമ്മുടെ പണ്ഡിതരില്‍ ചിലര്‍ ഇപ്രകാരം പറഞ്ഞത്:

ڇബീജാസൂത്രണം അവ്യക്തമായ കുഴിച്ച് മൂടല്‍ കര്‍മം തന്നെയാണ് എന്ന നബി വചനത്തില്‍ നിന്ന് ഗ്രാഹ്യമാവുന്നത് അത് കറാഹതാണെന്നും ഹറാമല്ലെന്നുമാണ്.  സ്വഹാബാക്കളും അല്ലാത്തവരുമായ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ഈ പക്ഷക്കാരാണ്. നിഷിദ്ധമല്ലെന്ന അഭിപ്രായമനുസരിച്ച് അത് കറാഹത്താണ്; നിരൂപാധികം അനുവദനീയമല്ല. സ്വതന്ത്ര സ്ത്രീയുടെ അനുവാദത്തോടെയല്ലാതെ അവളെ ഈ നിയന്ത്രണത്തിന് വിധേയയാക്കുന്നത് അനുവദനീയമല്ലെന്നാണ് ഇമാം മാലിക്(റ)വും ഇമാം ശാഫിഈ(റ)വും അഭിപ്രായപ്പെടുന്നത്. സ്ഖലനം അവളുടെ ആസ്വാദനത്തിന്റെയും കുട്ടിയിലുള്ള അവകാശത്തിന്റെയും ദാഹമായിക്കണ്ടത് കൊണ്ടാണിത്. അടിമസ്ത്രീക്ക് ഇതിലൊന്നും അവകാശമില്ലാത്തത് കൊണ്ട് അവളുടെ അനുവാദം ആവശ്യമായി വരുന്നില്ല (ഖുര്‍തുബി 7/87).

ജാബിര്‍(റ) പറയുന്നു: നബി(സ്വ)യുടെ കാലത്ത്  ഖുര്‍ആന്‍ അവതരിച്ച് കൊണ്ടിരിക്കെ ഞങ്ങള്‍ ബീജാസൂത്രണം നടത്താറുണ്ടായിരുന്നു (ബുഖാരി).

അബൂസഈദില്‍ ഖുദ്രി(റ)യുടെ വാക്കുകള്‍:

ബന്ധികളായി ലഭിച്ച സ്ത്രീകളില്‍ ഞങ്ങള്‍ ബീജാസൂത്രണം നടത്തുമായിരുന്നു.  നബി(സ്വ)യോട് അതിനെക്കുറിച്ച് ചോദിച്ചു.  നിങ്ങളത് ചെയ്യുകയോ? നബി(സ്വ) മൂന്ന് തവണ ആവര്‍ത്തിച്ച് ചോദിച്ചു. അവിടുന്ന് പ്രതിവചിച്ചു; അന്ത്യനാള്‍ വരെ ഉണ്ടാവേണ്ട ഏതൊരു ജീവനും ഉണ്ടാവുകതന്നെ ചെയ്യും (ബുഖാരി). ഇതേ സംഭവം അല്‍പം വിശദമായി മുസ്ലിം(റ)വും ഉദ്ധരിക്കുന്നുണ്ട്.

ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) പറയുന്നു: ഏറ്റവും നല്ലത് ബീജാസൂത്രണം വര്‍ജ്ജിക്കലാണെന്ന് നബി(സ്വ) സൂചിപ്പിക്കുന്നു. കാരണം അത്കൊണ്ടുള്ള ലക്ഷ്യം സന്താനമുണ്ടാവാതിരിക്കലാണല്ലോ. എന്നാല്‍ ഇതൊരു പരിഹാരമേ അല്ല.  ബീജാസൂത്രണത്തിന് പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ ഇവയാണ്. അടിമയായ ഭാര്യയുടെ ഗര്‍ഭധാരണം ഭയപ്പെടുക, ഭാര്യ മുലകൊടുക്കുന്നവളാണെങ്കില്‍ കുട്ടിക്ക് പ്രയാസമുണ്ടാകുമെന്ന് ഭയപ്പെടുക, സന്താനങ്ങള്‍ വര്‍ധിക്കുന്നത് മൂലം ദാരിദ്ര്യത്തിലുള്ള ഉല്‍ക്കണ്ഠ. ബീജാസൂത്രണമാണെങ്കില്‍ ഇവക്കൊന്നും പരിഹാരമല്ലതാനും (ഫത്ഹുല്‍ബാരി 9/383).

ബീജാസൂത്രണത്തിന്റെ വിധി

ഇബ്നുഹജര്‍(റ) ഫത്ഹുല്‍ബാരി 7/384-ല്‍ പറയുന്നു: സ്ത്രീയുടെ അനുവാദമില്ലാതെ ബീജാസൂത്രണം അനുവദനീയമാണോ എന്നതില്‍ ശാഫിഈ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അനുവദനീയമാണെന്ന് ഇമാം ഗസ്സാലി(റ)യും മറ്റും പറയുന്നു.  പിന്‍ഗാമികള്‍ ശരിവെച്ചതും ഇതിനെയാണ്. എന്നാല്‍ ഭൂരിപക്ഷവും അനുവദനീയമല്ലെന്ന വാദക്കാരാണ്. സ്വതന്ത്ര സ്ത്രീയുടെ അനുവാദത്തോടെയല്ലാതെ അവളെ  ബീജാസൂത്രണം ചെയ്യുന്നത് വിലക്കപ്പെട്ടിരിക്കുന്നുവെന്ന അഹ്മദ്(റ)വും ഇബ്നുമാജ(റ)വും ഉദ്ധരിക്കുന്ന ഹദീസാണ് അവര്‍ക്കാധാരം.  അതേ സമയം അവള്‍ വിസമ്മതിക്കുന്ന പക്ഷം അനുവദനീയമല്ലെന്ന ഒരഭിപ്രായമേ ഉള്ളൂവെന്ന് മറ്റൊരു വിഭാഗം പറയുന്നു.  സമ്മതമാണെങ്കില്‍ രണ്ട് അഭിപ്രായമുണ്ട്. പ്രബലമായത് അനുവദനീയമാണെന്നാണ് (ഹറാമിന്റെ വിപരീതമായ ജവാസ് ആണിത്. കറാഹതും അതിലുള്‍പ്പെടും).

ഇമാം നവവി(റ) പറയുന്നു: സ്ത്രീയുടെ അനുവാദത്തോടെയാണെങ്കിലും അല്ലെങ്കിലും ഏതവസരത്തിലും ഏത് സ്ത്രീയിലും ബീജാസൂത്രണം കറാഹതാണെന്നാണ്  നമ്മുടെ പക്ഷം.  കാരണം അത് പ്രത്യുല്‍പാദനം തടയാനുള്ള മാര്‍ഗമാണ് (ശറഹുമുസ്ലിം 10/9).

ഇമാം നവവി(റ) തന്നെ റൗള 5/537-ല്‍ എഴുതുന്നു: നിരുപാധികം അത് വര്‍ജ്ജിക്കുന്നത് തന്നെയാണ് ഉത്തമം. മുഹദ്ദബിന്റെ രചയിതാവ്  അത് കറാഹത്താണെന്ന് തീര്‍പ്പ് നല്‍കിയിട്ടുണ്ട്.ڈ

നിരോധന കാരണം

ഹാഫിള് ഇബ്നുഹജര്‍(റ) പറയുന്നു: ബീജാസൂത്രണം നിരോധിക്കാനുള്ള കാരണത്തില്‍ രണ്ട് പക്ഷമുണ്ട്. സ്ത്രീയുടെ അവകാശം ഹനിക്കുന്നത് കൊണ്ടാണെന്ന് ഒരഭിപ്രായം. ഖദ്റിനോട് മത്സരിക്കുന്നത് കൊണ്ടാണെന്ന് മറ്റൊരഭിപ്രായവും. ഇവ്വിഷയകമായി വന്ന ചര്‍ച്ചകളെല്ലാം ബലപ്പെടുത്തുന്നത് രണ്ടാം അഭിപ്രായത്തെയാണ്. ഇമാം ഹറമൈനി(റ) പറഞ്ഞു: ഗര്‍ഭധാരണം ഭയന്ന് ചെയ്യുമ്പോഴാണ് വിലക്കുള്ളത്. അതില്ലെങ്കില്‍ വിരോധമില്ല (ഫത്ഹുല്‍ ബാരി 9/386).

പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമായി തോന്നുന്ന രണ്ട് ഹദീസുകള്‍ ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. ഒന്ന്: ബീജാസൂത്രണ സംബന്ധമായി നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. അത് അവ്യക്തമായ ശിശുവധമാണ് (സ്വഹീഹ് മുസ്ലിം).

രണ്ട്: ജാബിര്‍ (റ)നിന്ന് ഇമാം തിര്‍മുദി(റ)വും ഇമാം നസാഈ(റ)വും ഉദ്ധരിക്കുന്നു: അടിമസ്ത്രീകളില്‍ ഞങ്ങള്‍ ബീജാസൂത്രണം നടത്താറുണ്ടായിരുന്നു. അപ്പോള്‍ ജൂതന്മാര്‍ പറഞ്ഞു; അതൊരു ചെറിയ ശിശുവധമാണ്. നബി(സ്വ)യോട് ഇതിനെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ പറഞ്ഞ മറുപടി ഇപ്രകാരമാണ്: ജൂതന്മാര്‍ പറഞ്ഞത് കളവാണ്. അല്ലാഹു അതിനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാല്‍ തടയാന്‍ കഴിയില്ല.ڈ

ഒന്നാം ഹദീസ് കൊണ്ട്  ബീജാസൂത്രണം അനുവദനീയമല്ലെന്ന് വരുമ്പോള്‍ രണ്ടാം ഹദീസ് അനുവാദത്തെ കുറിക്കുന്നു.  ഇതിന് ഹാഫിള് ഇബ്നു ഹജര്‍(റ) പറഞ്ഞ മറുപടി കാണുക: ഒന്നാം ഹദീസ് കൊണ്ടുള്ള വിവക്ഷ കറാഹതാണെന്ന് വരുത്തിതീര്‍ക്കലാണ്. രണ്ടാം ഹദീസിലൂടെ ഹറാമാണെന്ന ജൂതവാദഗതിയെ ഖണ്ഡിക്കുകയുമാണ് നബി(സ്വ). അപ്പോള്‍ അവയില്‍ യാതൊരു വൈരുദ്ധ്യവുമില്ല (ഫത്ഹുല്‍ ബാരി 9/385). ഇപ്രകാരം ഇമാം നവവി(റ) ശറഹുമുസ്ലിം 10/9-ലും വിശദീകരിച്ചിട്ടുണ്ട്.

ഗര്‍ഭഛിദ്രം

ഹാഫിള് ഇബ്നു ഹജര്‍(റ) പറയുന്നു: ജീവനിടുന്നതിന് മുമ്പ് ഗര്‍ഭഛിദ്രം നടത്തുന്നതിന്റെ വിധി ബീജാസൂത്രണത്തിന്റെ വിധിയില്‍ നിന്നും മനസ്സിലാക്കാം. അത് പാടില്ലെന്ന അഭിപ്രായമനുസരിച്ച്  ഇതിന്റെ കാര്യം പറയേണ്ടതില്ല. കറാഹതാണെന്ന് പറഞ്ഞതനുസരിച്ച് ഇതിനെയും അതിനോട് ചേര്‍ക്കാന്‍ ന്യായമുണ്ട്. അതേസമയം ഇങ്ങനെ വ്യത്യാസം പറയുകയും ചെയ്യാം. ഗര്‍ഭഛിദ്രം കൂടുതല്‍ കഠിനമാണ്, കാരണം ബീജാസൂത്രണത്തില്‍ പ്രതിരോധ വകുപ്പുകളൊന്നും പ്രയോഗിക്കുന്നില്ല.  ഗര്‍ഭഛിദ്രമാണെങ്കില്‍ പ്രതിരോധത്തെ തുടര്‍ന്നാണുണ്ടാകുന്നത് (ഫത്ഹുല്‍ ബാരി 9/386).

ഇബ്നു ഹജര്‍(റ) പറയുന്നു: ജീവനിടാനാകുന്ന പ്രായമാകുന്നതിന് മുമ്പ് (120 ദിവസം) ഭ്രൂണഹത്യ ചെയ്യുന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രബലമായ അഭിപ്രായം ഹറാമാണെന്നാണ്.   എന്നാല്‍ ബീജാസൂത്രണം അനുവദനീയമാണെന്നത് ഇതില്‍ സംശയമുളവാക്കുന്നില്ല. അവക്കിടയില്‍ പ്രകടമായ അന്തരമുണ്ട്. കാരണം ബീജം സ്ഖലന സമയത്ത് നിര്‍ജ്ജീവ വസ്തു മാത്രമാണ്. ജീവന്‍ നല്‍കാനുള്ള പക്വത ഒരു വിധേനയും അപ്പോള്‍ അതിന് ലഭിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെയല്ലല്ലോ ഗര്‍ഭാശയത്തില്‍ ഉറച്ചതിനും സൃഷ്ടിപ്പിന്റെ പ്രാരംഭം പ്രാപിച്ചതിനും ശേഷം (തുഹ്ഫ 8/249).

അലിയ്യുശ്ശിബ്റാമുല്ലസി(റ) പറയുന്നത് കാണുക: സൃഷ്ടിപ്പിന്റെ പ്രാരംഭം പ്രാപിച്ചതിന് ശേഷം ഗര്‍ഭഛിദ്രം ഹറാമാണെന്ന ഇബ്നു ഹജറി(റ)ന്റെ പരാമര്‍ശം കൊണ്ടു വരുന്നത് മുമ്പാണെങ്കില്‍ ഹറാമില്ലെന്നാണെങ്കിലും, ഇബ്നു ഹജര്‍(റ) തന്നെ ആദ്യം പറഞ്ഞതിന്റെ വ്യാപ്തി രണ്ട് സന്ദര്‍ഭങ്ങളിലും ഹറാമാണെന്നാണ് കുറിക്കുന്നത് (ഹാശിയതുന്നിഹായ 136/8).

ഇബ്നു ഹജര്‍(റ) തന്നെ എഴുതി: ബീജം ഗര്‍ഭപാത്രത്തില്‍ ഉറച്ചതിന് ശേഷം നീക്കം ചെയ്യുന്നതിനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അബൂ ഇസ്ഹാഖല്‍ മര്‍വസി(റ) പറയുന്നത് ബീജവും രക്തപിണ്ഡവും നീക്കം ചെയ്യല്‍ അനുവദനീയമാണെന്നാണ്. അബൂഹനീഫ(റ)യില്‍ നിന്ന് ഈ അഭിപ്രായം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇഹ്യാഇലെ പരമാര്‍ശം കുറിക്കുന്നത് അത് ഹറാമാണെന്നാണ്. അതാണ് പ്രബലമായതും.  കാരണം അത് ജന്മത്തിന്റെ പ്രാരംഭത്തില്‍ പ്രവേശിച്ച് കഴിഞ്ഞു (തുഹ്ഫ 7/186).

തുഹ്ഫയുടെ ഈ വാക്കുകള്‍ ഉദ്ധരിച്ച ശേഷം ബുജൈരിമി(റ) എഴുതുന്നു: എന്നാല്‍ പ്രബലമായത് ആത്മാവ് ഊതിയതിന് ശേഷമല്ലാതെ ഹറാമാകുന്നില്ലെന്നാണ് (ബുജൈരിമി 3/303).

എന്നാല്‍ ഈ പറഞ്ഞത് ഇമാം റംലി(റ) പ്രബലമാക്കിയതാണ്. ഇമാം ഇബ്നു ഹജര്‍(റ) പ്രബലമാക്കിയത് ആത്മാവ് ഊതുന്നതിന് മുമ്പായാലും ശേഷമായാലും ഹറാമാണെന്ന് തന്നെയാണ്.  കാരണം ആത്മാവ് ഊതാനുതകും വിധമുള്ള സൃഷ്ടിപ്പിന്റെ പ്രാരംഭം പ്രാപിച്ചതാണല്ലോ അത്.

ഖല്‍യൂബി(റ)യെ ഇങ്ങനെ വായിക്കാം: ഗര്‍ഭഛിദ്രം ആത്മാവ് ഊതിയതിന് ശേഷം ഹറാമും മുമ്പ് കറാഹതുമാകുന്നു (ഖല്‍യൂബി 375/4). ഇമാം റംലി(റ)യുടെ അഭിപ്രായം തന്നെയാണ് ഖല്‍യൂബി(റ)യുടേതും.

ഇമാം റംലി(റ) നിഹായയില്‍ എഴുതുന്നു: മുഹിബ്ബുതബ്രി(റ) പറഞ്ഞു.  നാല്‍പത് ദിവസം തികയുന്നതിന് മുമ്പുള്ള ശുക്ലത്തിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. ഒന്ന്: ശിശുഹത്യയുടെയും ഭ്രൂണഹത്യയുടെയും വിധി അതിനില്ല. രണ്ട്: അതിന് പവിത്രതയുള്ളത് കൊണ്ട് നശിപ്പിക്കാനോ ഗര്‍ഭാശയത്തിലുറച്ചതിന് ശേഷം പുറത്ത് കളയാനോ പാടില്ല.  ബീജാസൂത്രണം ഇതിനപവാദമാണ്. കാരണം അത് ഗര്‍ഭാശയത്തിലേക്കെത്തും മുമ്പാണല്ലോ.

ഇമാം സര്‍ക്കശി(റ) പറയുന്നു: ‘കറാബസി(റ) പറഞ്ഞു: കുട്ടിയെ നിര്‍വീര്യമാക്കാന്‍ വേണ്ടി സ്ത്രീകള്‍ക്ക് മരുന്ന് കൊടുക്കുന്നതിനെക്കുറിച്ച് ഞാന്‍ അബൂബക്കര്‍ അല്‍ഫാറതിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ബീജമോ രക്തപിണ്ഡമോ ആയിരിക്കുമ്പോള്‍ അനുവദനീയമാണ്. ഇതേ പ്രശ്നത്തിലേക്ക് ഇമാം ഗസ്സാലി(റ) ഇഹ്യാഇല്‍ സൂചന നല്‍കുന്നുണ്ട്. ബീജാസൂത്രണം ഖിലാഫുല്‍ ഔല (നല്ലതിന് വിരുദ്ധം) ആണെന്ന് സമര്‍ത്ഥിച്ചതിന് ശേഷം ഇമാം ഗസ്സാലി(റ) തുടരുന്നു: ഇത് ഗര്‍ഭഛിദ്രവും ശിശുഹത്യയും പോലെയല്ല. കാരണം അത്  രണ്ടും കുഞ്ഞായതിനു ശേഷമുള്ള പാതകമാണ്. ഉണ്ടാകുന്നതിന്റെ ആദ്യപടി ബീജം ഗര്‍ഭാശയത്തില്‍ പ്രവേശിച്ച് അണ്ഡവുമായി കലരലാണ്.  അത് നശിപ്പിക്കുന്നത് പാതകമാണ്. രക്തപിണ്ഡവും മാംസക്കഷ്ണവുമാകുമ്പോള്‍ പാതകം കഠിനമാവുന്നു. ജീവന്‍ ലഭിച്ചാല്‍ പാപത്തിന്റെ കാഠിന്യം വര്‍ധിക്കുന്നു. അത് ഹറാമില്ലെന്ന് പറയുന്നത് വിചിത്രമാണ്. വേണമെങ്കില്‍ ഇങ്ങനെ പറയാം;  ആത്മാവൂതുന്നതിന് മുമ്പ് നല്ലതിന് വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. മറിച്ച് ഹറാമിനും കറാഹതിനും സാധ്യതയുണ്ട്. ഊത്തിന്റെ സമയമടുക്കുന്തോറും നിഷിദ്ധം ശക്തിയാര്‍ജ്ജിക്കും. എന്നാല്‍ ആത്മാവ്  ഊതുന്ന സമയത്തും ശേഷം പ്രസവം വരെയും ഗര്‍ഭഛിദ്രം നിഷിദ്ധമാണെന്നതില്‍ സംശയമേ ഇല്ല (നിഹായ 8/442).

ഇബ്നുഹജര്‍(റ) പറയുന്നു: ഗര്‍ഭ ധാരണശേഷി ശാശ്വതമായി ഒഴിവാക്കല്‍ ഹറാമാണ്.  നിരവധി പണ്ഡിതര്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം (തുഹ്ഫ 8/241).

അലിയ്യുശ്ശബ്റാ മല്ലസി (റ) പറയുന്നു: എന്നാല്‍ സമയബന്ധിതമായി നിര്‍ത്തുന്നത് ഹറാമാവുകയില്ല (ഹാശിയത്തുന്നിഹായ 8/136).

പ്രത്യുല്‍പാദനശേഷി മുറിച്ച് കളയുന്നത് മരുന്ന് കൊണ്ടാണെങ്കിലും ഹറാമാണ് (ഖല്‍യൂബി 4/375 ).

ഹാഫിള് ഇബ്നുഹജര്‍ (റ) പറയുന്നു: ഗര്‍ഭഛിദ്രം പോലെ തന്നെയാണ് ഗര്‍ഭ ധാരണ ശേഷി പാടേ മുറിക്കുന്നതും. അത് പാടില്ലെന്ന് പിന്‍ഗാമികളായ ശാഫിഈ പണ്ഡിതരില്‍ ചിലര്‍ ഫത്വ കൊടുത്തിട്ടുണ്ട്. ബീജാസൂത്രണം അനുവദനീയമാണെന്ന പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് ഇത് സംശയാസ്പദമാണ്. ഇവ രണ്ടിനുമിടയില്‍ അന്തരമുണ്ടെന്നാണ് മറുപടി. കാരണം ഗര്‍ഭധാരണ ശക്തി നിര്‍മാര്‍ജ്ജനം ചെയ്യുന്നത് കൊണ്ട് സന്താനോല്‍പാദനത്തിന്റെ കാര്യം ആശങ്കയിലാണ്. ഇങ്ങനെയല്ല ബീജാസുത്രണം.

വികാരനിഷ്കാസനം

നോമ്പ് കൊണ്ട് അവന്റെ വികാരമടക്കണം എന്ന് ‘മിന്‍ഹാജ്’ പറഞ്ഞതിനെ വ്യാഖ്യാനിച്ച് ഇബ്നുഹജര്‍(റ) എഴുതുന്നു: മരുന്ന് കൊണ്ട് വികാരം ക്ഷയിപ്പിക്കരുത്. അത് കറാഹത്താണ്. എന്നാല്‍ സന്താന നൈരാശ്യത്തിലേക്ക് വഴിവെക്കുമെങ്കില്‍ സ്ത്രീപുരുഷ ഭേദമന്യേ അത് ഹറാമാകും (തുഹ്ഫ 7/186).

ബുജൈരിമി(റ) പറയുന്നു: വികാരം കര്‍പ്പൂരമുപയോഗിച്ച് ക്ഷയിപ്പിക്കരുത്.  ചികിത്സയിലൂടെ വീണ്ടെടുക്കാന്‍ കഴിയുന്ന വിധം താല്‍ക്കാലിക തളര്‍ച്ച മാത്രമേ ഉണ്ടാകുന്നുള്ളൂവെങ്കില്‍ അത് കറാഹതാണ്.  ഹറാമാണെന്ന് അന്‍വാറില്‍ ഉറപ്പിച്ച് പറഞ്ഞത് പാടെ മുറിച്ച് കളയുന്നതിനെക്കുറിച്ചാണ്.  ചുരുക്കത്തില്‍ പാടെ വികാരം നശിപ്പിച്ച് കളയുമെങ്കില്‍ ഹറാമും അല്ലാതെ തളര്‍ത്തുക മാത്രമെങ്കില്‍ കറാഹത്തുമാണ്. ഗര്‍ഭധാരണ ശേഷി മുറിക്കുന്നതിന്റെ വിധിയും ഇപ്രകാരം തന്നെ (ബുജൈരിമി 3/303) ഇപ്രകാരം ബാജൂരി 95/2-ലും കാണാം.

അവിഹിത ബീജം

ഇമാം റംലി(റ) പറയുന്നു: എന്നാല്‍ ബീജം അവിഹിത വേഴ്ചയിലൂടെയുള്ളതാണെങ്കില്‍ റൂഹ് ഊതുന്നതിന് മുമ്പ് അതിനെ നിര്‍വീര്യമാക്കല്‍ അനുവദനീയമാണെന്ന് ഊഹിക്കാം. ആത്മാവ് ഊതിയാല്‍ ഹറമാവുകയും ചെയ്യും.

അനിവാര്യഘട്ടത്തില്‍

അലിയ്യുശ്ശിബ്റാമുല്ലസി(റ)യുടെ വാക്കുകള്‍ കാണുക: സമയബന്ധിതമായി ഗര്‍ഭം നിര്‍ത്തുന്നത് ഹറാമല്ല. സന്താരന പരിപാലനം പോലെയുള്ള ആവശ്യത്തിനാണെങ്കില്‍ കറാഹതുമില്ല. ആവശ്യമില്ലെങ്കില്‍ കറാഹതാണ് (ഹാശിയതുന്നിഹായ 136/7).

മേല്‍ വിശദീകരണത്തില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കാം.

ഒന്ന്: ബീജാസൂത്രണം നിരുപാധികം ഖിലാഫുല്‍ ഔല (നല്ലതിന് വിരുദ്ധം) ആണെന്നതില്‍ തര്‍ക്കമില്ല. രണ്ട്: ജീവനിട്ടതിന് ശേഷമുള്ള ഗര്‍ഭ ഛിദ്രം ഹറാമാണെന്നതിലും ഭിന്നാഭിപ്രായമില്ല. മൂന്ന്: റൂഹ് നിക്ഷേപിക്കുന്നതിന് മുമ്പ് ഹറാമാണെന്ന് ഇമാം ഇബ്നുഹജറും കറാഹതാണെന്ന് ഇമാം റംലി(റ)യും  അഭിപ്രായപ്പെടുന്നു. നാല്: ശാശ്വതമായി ഗര്‍ഭധാരണ ശേഷി നശിപ്പിക്കുന്നത് ഹറാം തന്നെ.  അഞ്ച്: സമയബന്ധിതമായി ഗര്‍ഭധാരണ ശേഷി നശിപ്പിക്കുന്നത് പ്രതിബന്ധംമൂലമാണെങ്കില്‍ കറാഹത് കൂടാതെ അനുവദനീയവും പ്രതിബന്ധം കാരണമല്ലെങ്കില്‍ കറാഹതോട് കൂടി  അനുവദിക്കപ്പെടുന്നതുമാണ്. ആറ്: സമയബന്ധിതമായി ഗര്‍ഭധാരണ ശേഷി മുറിക്കുന്നതില്‍ കാരണമുള്ളതിനും ഇല്ലാത്തതിനുമിടയില്‍ അന്തരം കാണുകയും ശാശ്വതമാകുമ്പോള്‍ അന്തരം കാണാതിരിക്കുകയും ചെയ്തതില്‍ നിന്ന് മനസ്സിലാവുന്നത് ശാശ്വതമാകുമ്പോള്‍ നിരുപാധികം ഹറാമാണെന്നാണ്. ഏഴ്: എങ്കിലും അവഗാഹവും നീതിമാനുമായ ഡോക്ടറുടെ മുന്നറിയിപ്പ് മൂലം ഗര്‍ഭധാരണം വഴി ശരീരത്തിന് നാശം സംഭവിക്കുമെന്ന് ഭയന്നാല്‍ തത്തുല്യ മസ്അലയില്‍ നിന്ന് ഗര്‍ഭധാരണ ശേഷി പാടെ മുറിച്ച് കളയുന്നത് അനുവദനീയമാണെന്ന് ഗ്രഹിക്കാവുന്നതാണ്. എട്ട്: വികാരം പൂര്‍ണമായും നിഷ്കാസനം ചെയ്യുന്നത് ഹറാമാണ്. ഒമ്പത്: വീണ്ടെടുക്കല്‍ സാധ്യമാകും വിധം ബലഹീനമാക്കല്‍ കറാഹതാണ്. പത്ത്:  ഈ പറഞ്ഞതെല്ലാം നല്ലതിന് വിരുദ്ധമാണെന്നതില്‍ സന്ദേഹമില്ല.

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍

Exit mobile version