കുട്ടികളിലെ ആസ്തമ

ഏതൊരു രാജ്യത്തിന്റെയും ഭാവി സമ്പത്താണ് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍. കുട്ടികളുടെ ആരോഗ്യം അവരുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയെ ആശ്രയിച്ചിരിക്കും. കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് ശ്വാസകോശ സംബന്ധിയായുള്ളത്. ഇതില്‍ ഒട്ടുമിക്കവയും നാം പൊതുവായിപ്പറയുന്ന “കഫക്കെട്ട്’ ഗണത്തില്‍ പെടുന്നവയാണ്. നെഞ്ചിനകത്ത് നിന്നു കേള്‍ക്കുന്ന “കറകറ/കുറുകുറു’ ശബ്ദവും അതിനോടൊപ്പമുണ്ടാകുന്ന ചുമയും വലിവുമാണ് സാധാരണ കഫക്കെട്ടായി വിലയിരുത്തപ്പെടുന്നത്. വളരെ നിര്‍ദോഷകരമായ മൂക്കൊലിപ്പ്, മൂക്കടപ്പ് മുതല്‍ മരണം പോലും സംഭവിക്കാവുന്ന ന്യൂമോണിയ വരെ ഇതിലുള്‍പ്പെടുന്നു. ചികിത്സക്കെത്തുന്ന ഒട്ടുമിക്ക കുട്ടികള്‍ക്കും ഈ രോഗം കണ്ടുവരുന്നതാണനുഭവം.
കുട്ടികളില്‍ പൊതുവെ കാണപ്പെടുന്ന ശ്വാസകോശ അസുഖങ്ങള്‍ താഴെ പറയുന്നവയാണ്.
1. ആസ്തമ
2. ന്യൂമോണിയ
3. ബ്രോങ്കിയോ ലൈറ്റിസ്
4. ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗം.
5. ആസ്പിരേഷന്‍ ന്യൂമോണിയ (മുലപ്പാലോ ഭക്ഷണ പാനീയങ്ങളോ ഇടക്കിടക്ക് തരിപ്പില്‍പോയി ഉണ്ടാകുന്ന കഫക്കെട്ട്).
6. ശ്വാസകോശ വ്യൂഹത്തിന് ജന്മനായുണ്ടാകുന്ന തകരാറുകള്‍.
7. ഇമ്യൂണോ ഡെഫിഷ്യന്‍സി (ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയില്‍ ഉണ്ടാകുന്ന അപാകങ്ങള്‍ മുഖേന വളരെ ചെറിയ അസുഖങ്ങളെ പോലും പ്രതിരോധിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ.
8. അഡിനോ ടോണ്‍ സി ലൈറ്റിസ്.
ഇടക്കിടക്കുണ്ടാവുന്ന കഫക്കെട്ടില്‍ 50 ശതമാനത്തിനും കാരണം ആസ്തമയാണ്. കാലം പുരോഗമിക്കുന്തോറും ആസ്തമ രോഗം വര്‍ധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. അന്തരീക്ഷ മലിനീകരണമാണ് വില്ലനാകുന്നത്.
നമ്മുടെ രാജ്യത്ത് കുട്ടികള്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും, സ്കൂളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുമുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ആസ്തമ. ഇത് പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്തേണ്ടത് കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ മറ്റു കുട്ടികളെപ്പോലെ ഇഷ്ടപ്പെട്ട കളികളിലേര്‍പ്പെടാനും മുടങ്ങാതെ സ്കൂളില്‍ പോകാനും സുഖമായി ഉറങ്ങാനും അവര്‍ക്ക് കഴിയാതെ വരും. ഇത് ആരോഗ്യത്തെയും വളര്‍ച്ചയെയും ബാധിക്കുകയും ചെയ്യും.
എന്താണ് ആസ്തമ
നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ശരിയായ ശ്വസനപ്രക്രിയ അനിവാര്യമാണ്. ശ്വസനം വഴി ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ രക്തത്തിലേക്കും രക്തത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്തേക്കും പോരുന്നു. എന്നാല്‍ ആസ്തമ ബാധിച്ചവരില്‍ ഈ പ്രക്രിയക്ക് തടസ്സമനുഭവപ്പെടും. അന്തരീക്ഷത്തിലെ ചില ഘടകങ്ങളോട് (ൃേശഴഴലൃ)െ ശ്വാസകോശം പ്രതികൂലമായി പ്രതികരിക്കുന്നതിന്റെ ഫലമായി ശ്വസനനാളികള്‍ ചുരുങ്ങിപ്പോവുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം ആസ്തമ രോഗികള്‍ക്ക് ചുമയും വലിവും ശ്വാസമുട്ടലും അനുഭവപ്പെടും. ഇത് നിരന്തരമായി സംഭവിക്കുമ്പോള്‍ ആസ്തമയുടെ കാഠിന്യം കൂടിവരികയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മാറാരോഗമായി മാറുകയും ചെയ്യുന്നു.
ആസ്തമയുടെ ലക്ഷണങ്ങള്‍
1. ഇടക്കിടക്കുണ്ടാവുന്ന ചുമയോടുകൂടിയ വലിവ്. ഇത് രാത്രി സമയങ്ങളിലും അതിരാവിലെയും അധികരിക്കുന്നു.
2. ശ്വാസം പുറത്തുവിടുമ്പോള്‍ ചൂളമടിക്കുന്ന ശബ്ദം.
3. രാത്രിയില്‍ ചുമ, വലിവ്, ശ്വാസംമുട്ട് എന്നിവ കൂടുന്നതുമൂലം ഉറങ്ങാന്‍ കഴിയാതെ വരിക.
4. ചിലരില്‍, കൂടുതലായി ചിരിക്കുന്ന സമയങ്ങളിലും ചുമയ്ക്കുമ്പോഴും അല്ലെങ്കില്‍ അമിത ഉല്‍കണ്ഠയുണ്ടാവുമ്പോഴും ശ്വാസം മുട്ടല്‍ അനുഭവപ്പെടും.
5. കായികവിനോദം, അധ്വാനം എന്നിവ വഴി ദേഹത്തിന് ഇളക്കം തട്ടുമ്പോള്‍ ചുമയും വലിവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നു.
6. വളരെയധികം മരുന്നുകള്‍ കൊടുത്തതിനു ശേഷവും (ആന്‍റി ബയോട്ടിക്കുകളും കഫ്സിറപ്പുകളും) കഫക്കെട്ട് നിലനില്‍ക്കുന്നു.
7. തണുപ്പ് കാലങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴും ശ്വാസോച്ഛാസത്തിന് വിഷമമുണ്ടാകുന്നു.
8. ചെറിയ കുട്ടികളില്‍ മുലപ്പാല്‍ അല്ലെങ്കില്‍ മറ്റു ഭക്ഷണ പാനീയങ്ങള്‍ ശ്വാസകോശത്തില്‍ കയറുന്നത് (തരിപ്പില്‍ പോവുക) ആസ്തമ കൂടാനും വിട്ടുമാറാതെ നില്‍ക്കാനും കാരണമാകും.
9. പുകപടലങ്ങള്‍, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും രോമം, ചില കളിപ്പാട്ടങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം മൂലം ചുമ, വലിവ് അനുഭവപ്പെടുക.
മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ആസ്തമയുടെ ഇത്തരം പ്രേരകഘടകങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തേണ്ടത് രോഗ നിയന്ത്രണത്തിനും ചികിത്സക്കും അത്യന്താപേക്ഷമാണ്.
പകര്‍ച്ചവ്യാധിയാണോ?
ആസ്തമ ഒരു പകര്‍ച്ചവ്യാധിയല്ല. അതുകൊണ്ട് ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഈ രോഗം പടരില്ല. ചില കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തിലേ ആസ്തമ ബാധിക്കുന്നതായി കാണുന്നു. ചില കുടുംബങ്ങളില്‍ പാരമ്പര്യമായി ആസ്തമ, അലര്‍ജി, എക്സിമ എന്നീ അസുഖങ്ങള്‍ ഉണ്ടാകും. ഇത് പിന്‍തലമുറയെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
ആസ്തമയുടെ കാരണങ്ങള്‍
1. വീടിനകത്തും പുറത്തും കാണപ്പെടുന്ന പൂപ്പല്‍, പുല്‍ച്ചെടികള്‍, പൂമ്പൊടി, ബീഡി, സിഗരറ്റ്, പടക്കങ്ങള്‍ എന്നിവയുടെ പുക.
2. കിടക്കവിരിപ്പിലും തലയിണയിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടിച്ചെള്ളുകള്‍.
3. പാറ്റ, കൂറ, ചെറുപ്രാണികള്‍.
4. വളര്‍ത്തുമൃഗങ്ങളുടെ രോമം, പക്ഷികളുടെ തൂവലുകള്‍.
5. സൗന്ദര്യ വര്‍ധക വസ്തുക്കളായ പെര്‍ഫ്യൂം, ടാല്‍കം പൗഡര്‍, ബോഡി സ്പ്രേ.
6. വിവിധ തരം ശുചീകരണ ലായനികള്‍, പെയിന്‍റ്, ചന്ദനത്തിരി, കൊതുകുതിരി.
7. അടുപ്പിലെ പുക, അടിച്ചുവാരുമ്പോഴുണ്ടാവുന്ന പൊടിപടലങ്ങള്‍.
8. ചെറിയ കുട്ടികളില്‍ ഇടക്കിടക്കുണ്ടാവുന്ന ജലദോഷം.
9. ചിരി, കരച്ചില്‍, ഉല്‍കണ്ഠ പോലുള്ള ശക്തമായ വികാര ക്ഷോഭങ്ങള്‍.
ഫലപ്രദമായ മരുന്നുകള്‍
ഓരോ കുട്ടിക്കും അനുയോജ്യമായ മരുന്നുകള്‍ ശരിയായി ഉപയോഗിച്ചാല്‍ ആസ്തമ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. ഇന്ന് പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും ഫലപ്രദവുമായ ഒട്ടനവധി മരുന്നുകള്‍ സ്തമ ചികിത്സക്ക് ലഭ്യമാണ്. ഇത്തരം മരുന്നുകള്‍ക്ക് ആസ്തമ രോഗി ഒരിക്കലും അടിമപ്പെടുകയുമില്ല. ഇതിനുപയോഗിക്കുന്ന മരുന്നുകളെ രണ്ടായി തരംതിരിക്കാം.
1. വളരെ വേഗത്തില്‍ ആശ്വാസം തരുന്ന മരുന്നുകള്‍
2. നിരന്തരമായി രോഗം വരുന്നത് തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍
റിലീവേഴ്സ്
ആസ്തമ ലക്ഷണങ്ങളുള്ള വ്യക്തിയുടെ ശ്വാസനാളികള്‍ തുറന്ന് വായുസഞ്ചാരം സാധാരണ ഗതിയിലാക്കുന്ന മരുന്നുകളാണ് റിലീവേഴ്സ്. ഇവയുപയോഗിച്ചാല്‍ ശ്വാസതടസ്സത്തിന് ഉടനടി ആശ്വാസം ലഭിക്കുന്നു. ഇത്തരം മരുന്നുകള്‍ ചുമയോ വലിവോ ശ്വാസതടസ്സമോ ഉണ്ടാകുമ്പോള്‍ മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ഇവ എപ്പോഴും കൈവശം വെയ്ക്കുന്നത് നന്നായിരിക്കും.
ഉദാ: സാല്‍ബ്യൂട്ടമോള്‍, ടെര്‍ബ്യൂട്ടൊലിന്‍ (ഇവ ഗുളിക രൂപത്തിലും കുപ്പിമരുന്നായും ഇന്‍ഹേലറായും ലഭ്യമാണ്). ഡെറിഫില്ലിന്‍, അമിനോഫില്ലിന്‍, ഇപ്രാട്രേപിയം, സ്റ്റിറോയ്സ്ഡ്സ് (ഗുളിക, കുപ്പിമരുന്ന്, കുത്തിവെപ്പ് രൂപത്തില്‍).
പ്രിവന്‍റേഴ്സ്
ആസ്തമ വരുന്നത് തടയാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് പ്രിവന്‍റേഴ്സ്. ഇത്തരം മരുന്നുകള്‍ പ്രധാനമായും ഇന്‍ഹേലര്‍ രൂപത്തിലാണ് ഉപയോഗിക്കേണ്ടത്. ഇവ സ്ഥിരമായി മാസങ്ങളോളം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ശ്വാസനാളത്തിലെ നീര്‍ക്കെട്ടിനെ നിയന്ത്രിച്ചു നിര്‍ത്തി എല്ലായ്പോഴും ശ്വാസോച്ഛോസം സുഗമമാക്കാന്‍ സഹായിക്കുന്നു.
ഉദാ: ഇന്‍ഹേല്‍സ് കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ്സ് (ഫ്യൂട്ടിക്കസോണ്‍, ബ്യൂഡികോര്‍ട്), ല്യൂക്കോട്രയീന്‍ മോഡിഫയേഴ്സ്, ദീര്‍ഘനേരം പ്രവര്‍ത്തന ക്ഷമതയുള്ള ബീറ്റ അഗണിസ്റ്റ് (ഹമയമ).
ഫലപ്രദമായ ചില മരുന്നുകള്‍ സൂചിപ്പിച്ചു എന്നതിലധികം ഇവയിലൊന്ന് രോഗികള്‍ സ്വന്തമായി ഉപയോഗിക്കാന്‍ പാടില്ല. വിവിധ പരിശോധനകള്‍ നടത്തി മാത്രമേ ഇവയിലൊന്ന് രോഗിക്ക് നല്‍കാന്‍ പാടുള്ളൂ. അതിന് വിദഗ്ധരായ ഡോക്ടര്‍മാരെ സമീപിക്കുക തന്നെ വേണം.
ഇന്‍ഹേലറുകളുടെ ഉപയോഗം
പല ആസ്തമ മരുന്നുകളും ഇന്‍ഹേലര്‍ വഴി ഉപയോഗിക്കാന്‍ സാധ്യമാണ് (വായിലൂടെ വലിച്ച് ശ്വാസകോശത്തിലേക്കെത്തിക്കുന്ന രീതിയാണ് ഇന്‍ഹലേഷന്‍).
ഇന്‍ഹേലര്‍ ഉപയോഗിക്കാന്‍ ചിലര്‍ക്ക് വിമുഖത കണ്ടുവരുന്നു. ഇത് ശരിയല്ല. ആസ്തമ ഔഷധങ്ങള്‍ ശ്വാസകോശത്തിലേക്ക് മാത്രമായി എത്തിക്കാനുള്ള സംവിധാനമാണിത്. രക്തത്തിലോ മറ്റു ശരീര കോശങ്ങളിലോ അല്ലാതെ നേരിട്ട് രോഗസ്ഥലത്ത് മരുന്ന് എത്തുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇതുമൂലം പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നുതന്നെ പറയാം.
കണ്ണുകളില്‍ അസുഖം വന്നാല്‍ ഐ ഡ്രോപ്പുകള്‍ ഒഴിക്കുന്നതിനും മൂക്ക് തുറക്കാന്‍ മരുന്ന് ഇറ്റിക്കുന്നതിനും തൊലിയില്‍ മരുന്ന് പുരട്ടുന്നതിനും തുല്യമാണ് ഇന്‍ഹേലര്‍ ഉപയോഗം. ഇത് ഉപയോഗിക്കേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
കുട്ടികളുടെ ആസ്തമ രോഗത്തെ കുറിച്ചും ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് ശരിയായ അവബോധം അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ആസ്തമയെ അതിജീവിച്ച് ആരോഗ്യപൂര്‍ണവും ക്രിയാത്മകവുമായ ഒരു ജീവിതം നയിക്കാന്‍ കുട്ടികള്‍ക്ക് സാധ്യമാകൂ.
(പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

ഡോ. എന്‍ ഫൈസല്‍ MD. DCH

Exit mobile version