എല്ലാവരും നാളെ വൈകീട്ടു വരണേ, ചെറിയ പാര്‍ട്ടിയുണ്ട്…
അവള്‍ക്ക് ആഹ്ലാദം അടക്കാനായില്ല. സ്കൂളില്‍ നിന്നു വരുന്ന കുട്ടികള്‍ക്ക് പെരുത്തു സന്തോഷമായി. നാളെ ഉപ്പ വരുമല്ലോ.
പക്ഷേ, ഒരാള്‍ മാത്രം ഖിന്നനായി. അതു മറ്റാരുമല്ല, അവരുടെ കുടുംബക്കാരനായ ഒരു പതിനേഴുകാരന്‍ പയ്യനാണ്. പേര് മന്‍സൂര്‍. പ്ലസ്ടുവിന് പഠിക്കുകയാണവന്‍. മന്‍സൂറിനെ വീട്ടുകാവല്‍ക്കാരനാക്കിയത് ജമീലയുടെ ഭര്‍ത്താവ് തന്നെയാണ്. കുട്ടികളും ഭാര്യയും ഒറ്റക്കാവണ്ട, കള്ളന്മാരുടെ ശല്യമുള്ളതല്ലേ എന്നു കരുതിയാണ് മന്‍സൂറിനോട് വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞത്. തന്റെ ജ്യേഷ്ഠപുത്രനാണ്, നല്ലവനാണ്. പിന്നെ എന്തിന് ആശങ്ക വേണം… ഇതായിരുന്നു വീട്ടുകാരന്റെ ചിന്ത.
മന്‍സൂര്‍ പരമാവധി വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സാധനങ്ങള്‍ കൊണ്ടുവരുന്നതും അവരുടെ കൂടെ ഷോപ്പിംഗിനു പോകുന്നതുമൊക്കെ അവന്‍ തന്നെയായിരുന്നു. ജമീലയും അവനും തനിച്ച് എത്രയോ യാത്രകള്‍ ചെയ്തിട്ടുണ്ട്. ഒരു വീട്ടില്‍ കഴിയുന്നവരല്ലേ, അതും കുടുംബക്കാര്‍. കാണുന്നവര്‍ക്കൊന്നും മറിച്ചു പറയാനുണ്ടായിരുന്നില്ല.
മന്‍സൂറേ, നാളെ ഹുസൈന്‍ക വരികയാണ്… ഇനി എല്ലാം മറക്കണം ജമീല പറഞ്ഞു.
ഇത്താക്കെന്നെ മറക്കാന്‍ പറ്റ്വോ? എനിക്കു പറ്റില്ല… അവന്‍ പറഞ്ഞത് തേങ്ങലോടെയായിരുന്നു.
എന്താ മന്‍സൂര്‍ ഇത്… എല്ലാം ഒരു സ്വപ്നം പോലെ കരുതൂ
ഇല്ല, എനിക്കങ്ങനെ പറ്റില്ല… ഇത്തയില്ലാതെ എനിക്ക് കഴിയില്ല…
ഇനി എന്തു പറയണമെന്ന് ജമീലക്കറിയില്ലായിരുന്നു. അവളോര്‍ക്കുന്നത് ആ കാളരാത്രികളെയാണ്. അന്ന് മന്‍സൂര്‍ പനിച്ചുവിറച്ച് കിടക്കുകയായിരുന്നു. അവള്‍ക്ക് സങ്കടമായി. എങ്ങനെ അവനെ മുറിയില്‍ ഒറ്റക്കു കിടത്തും? അതാണ് പ്രശ്നമായത്. പിന്നെ പല ദിവസങ്ങളിലും അതിന്റെ ആവര്‍ത്തനമായി.
എത്ര മണിക്കൂറുകളാണ് അവനുമായി സംസാരിച്ചിരിക്കുക എന്നോ? നേരം പോകുന്നതറിയില്ല.
ഹുസൈന്‍ പൊതുവെ ഗൗരവ പ്രകൃതക്കാരനാണ്. എപ്പോഴും മുഖം കറുപ്പിച്ചിരിക്കും. മറ്റുള്ളവരോട് ചിരിക്കാന്‍കൂടി അറിയില്ല. ജമീല വാചാലയാകുമ്പോള്‍ പോലും അദ്ദേഹം പുതപ്പില്‍ ചൂളുകയാണ് പതിവ്. ജമീലക്കാവട്ടെ, സംസാരിക്കുന്നവരെ പെരുത്തിഷ്ടവും. മന്‍സൂറിന്റെ കൂട്ട് അവള്‍ ആസ്വദിച്ചതങ്ങനെയാണ്.
തന്റെ കുട്ടിക്കാലവും സ്കൂള്‍ വിശേഷങ്ങളുമൊക്കെ അവള്‍ ഗൃഹാതുരതയോടെ പറയാന്‍ തുടങ്ങി. മന്‍സൂറിനും അതിഷ്ടമായിരുന്നു. ഇത്തയുമായി എത്രനേരം സല്ലപിച്ചാലും അവന് കൊതി തീരില്ല. ഇത്ത പാട്ടുപാടിയാല്‍ അവനും കൂടെപ്പാടും. ചിലപ്പോള്‍ വീട്ടില്‍ എല്ലാവരും ഒന്നിച്ചു പാടുകയായിരിക്കും. കുട്ടികളും കൂടെക്കൂടും…
അതിരുവിടുന്നത് ഇരുവരും അറിയാഞ്ഞിട്ടല്ല. എല്ലാം ഒരു തമാശയായാണ് ജമീലക്കു തോന്നിയത്. ഒരു നേരംപോക്ക്… ആരറിയാന്‍?
പക്ഷേ, കൗമാരക്കാരന്‍ ബാലപാഠങ്ങള്‍ പഠിക്കുകയായിരുന്നു. വീണുപോയത് നാശത്തിലാണെന്ന് തിരിച്ചറിയാന്‍ മാത്രം അവന് പക്വത എത്തിയിരുന്നില്ല. അവനെ തിരുത്താന്‍ ആരുമുണ്ടായില്ല എന്നതു നേര്.
മന്‍സൂറിന്റെ മാതാപിതാക്കള്‍ എവിടെ? അവര്‍ സ്വന്തം വീട്ടിലുണ്ട്. ജ്യേഷ്ഠന്മാരോ? അവരും ആ നാട്ടില്‍ തന്നെയുണ്ട്. അവര്‍ എന്തുകൊണ്ട് മന്‍സൂറിനെ നിരീക്ഷിച്ചില്ല. ജ്യേഷ്ഠന്റെ വീട്ടിലാണെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ?
പക്ഷേ, അങ്ങനെ ഒരു സംശയം ജമീലയില്‍ ആര്‍ക്കും ഉണ്ടായിട്ടില്ല. മന്‍സൂറിലും ചീത്ത പ്രവര്‍ത്തനങ്ങള്‍ ആരും കണ്ടിട്ടില്ലല്ലോ. എവിടെയാണ് പിഴച്ചത്? ആര്‍ക്കാണു തെറ്റുപറ്റിയത്? ഇത് പ്രായത്തിന്റെ അപക്വതയോ, അതോ ശരീരേച്ഛയുടെ കുതിച്ചുചാട്ടമോ? അറിയണമെങ്കില്‍ മന്‍സൂറിന്റെ പുതിയ വിശേഷം കൂടി പറയണം.
ഹുസൈനെ കൊണ്ടുവരാന്‍ എയര്‍പോര്‍ട്ടിലേക്ക് എത്ര നിര്‍ബന്ധിച്ചിട്ടും മന്‍സൂര്‍ വന്നില്ല. തീര്‍ത്തും നിരുത്സാഹിയായി അവനെ കാണപ്പെട്ടു. മടങ്ങിവരുമ്പോഴേക്കും മനഃപ്രയാസം മാറി പ്രസരിപ്പ് തിരിച്ചുവരുമെന്നാണ് ജമീല കരുതിയത്. ഇക്കയെക്കണ്ടാല്‍ അവന്‍ എലിയെപ്പോലെയാവും, തീര്‍ച്ച.
യാത്രയില്‍ ഹുസൈന്‍ കൂടുതല്‍ സംസാരിച്ചതും വീടിനെക്കുറിച്ചായിരുന്നു. വീട് കുറച്ച് വലിപ്പം കൂടിപ്പോയെന്ന് ചിലര്‍ക്കൊക്കെ പരാതിയുണ്ട്. ഹുസൈനും അതു തോന്നിയതാണ്. ഭാര്യ നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സമ്മതിച്ചെന്നു മാത്രം. അതല്ലെങ്കിലും ബംഗ്ലാവുകള്‍ പലരുടെയും വീക്നെസ്സാണിന്ന്. കടം വാങ്ങിയും ലോണെടുത്തും മണിമാളിക ഉയര്‍ത്തുന്നവര്‍, ഇതിനൊക്കെ കണക്കു ബോധിപ്പിക്കണമെന്ന കാര്യം മറന്നുപോവുന്നു. നിയന്ത്രിക്കണമെന്ന് ഹുസൈന്‍ കരുതിയതാണ്. പക്ഷേ, സാധിച്ചില്ല. വീടുപണി ഒരിക്കലല്ലേ ഉണ്ടാവൂ. അതിഥികളൊക്കെ വരുമ്പോള്‍ സൗകര്യമില്ലാഞ്ഞാല്‍ എങ്ങനെയാ? ജമീല ന്യായം പറഞ്ഞപ്പോള്‍ അയാള്‍ മൗനിയായതാണ് കാരണം. കടങ്ങള്‍ ഏതാണ്ടെല്ലാം വീടിയിട്ടുണ്ട് എന്ന സന്തോഷത്തിലാണ് ഹുസൈന്‍ ഈ യാത്രയില്‍ ഉത്തേജിതനായത്.
വീടടുക്കുംതോറും ജമീല അസ്വസ്ഥയാവാന്‍ തുടങ്ങിയിരുന്നു. ചിന്ത മുഴുവന്‍ മന്‍സൂറിനെക്കുറിച്ചായിരുന്നു. ഉള്ളിലെന്തോ ഭയം നുരയുന്നതുപോലെ…
പെട്ടെന്നാണ് അവളുടെ മൊബൈല്‍ റിംഗ് ചെയ്തത്. അയല്‍വീട്ടില്‍ നിന്നാണല്ലോ; നിങ്ങളെവിടെയെത്തി? വേഗം വരൂ…
എന്താണ് വിശേഷം?
എടീ, നമ്മുടെ മന്‍സൂര്‍…
നീ വേഗം വാ, എന്നിട്ടു പറയാം…
അവള്‍ അപകടം മണത്തു. ആരാണ്, എന്താണ്? ഭര്‍ത്താവ് ചോദിച്ചെങ്കിലും അവള്‍ ഒഴിഞ്ഞുമാറി.
വീടിനുമുമ്പില്‍ ആള്‍ക്കൂട്ടം കണ്ട് അവള്‍ കിടുങ്ങി. റൂമിന്റെ തകര്‍ത്ത ജനലിലൂടെ അവര്‍ ആ രംഗം കണ്ടു… മന്‍സൂര്‍ തൂങ്ങി മരിച്ചിരിക്കുന്നു.
വൈകാതെ പോലീസെത്തി. ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ജനങ്ങള്‍ പിരിഞ്ഞുപോകാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. അവര്‍ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു; എന്തിനായിരിക്കും മന്‍സൂര്‍ ആത്മഹത്യ ചെയ്തത്?
അതിനു മറുപടി പറയാന്‍ ഒരാള്‍ക്കേ കഴിയൂ, ജമീല. അവള്‍ ബെഡ്ഡില്‍ മുഖം പൂഴ്ത്തി കരയുകയാണ്. ഈ കണ്ണീരിനാണോ കള്ളക്കണ്ണീര്‍ എന്നു പറയുന്നത്?
നല്ല വീട് 2
ഇബ്റാഹിം ടിഎന്‍ പുരം