കൂമ്പടഞ്ഞ അസഹിഷ്ണുതാ രാഷ്ട്രീയം

‘പൊതുജനം കഴുത’യാണെന്ന മൊഴിയുടെ നിരാകരണവും അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി ദുഷിപ്പിക്കും എന്ന  മൊഴിയുടെ സമ്മതിദാനവുമാണ് ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും  കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെയും ഫലത്തിൽ തെളിഞ്ഞു കാണുന്നത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളെയും ഒറ്റ തലക്കെട്ടിന് താഴെ കൊണ്ടു വരുന്നതിൽ ഒരു യുക്തിരാഹിത്യമുണ്ടെന്നത് ശരിയാണ്. അപ്പോഴും  ഇവക്കിടയിലെ പൊതു ഘടകങ്ങളുടെ നീണ്ട നിര കാണാതിരിക്കാൻ വയ്യ.

കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പല പകലിരവുകളുടെ യാത്രാ ദൂരമുണ്ട്. ഈ രണ്ട് നാട്ടിലെയും രാഷ്ട്രീയ അവബോധങ്ങളും സാമൂഹിക, സാമ്പത്തിക യാഥാർഥ്യങ്ങളും അങ്ങേയറ്റം വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രബുദ്ധ വോട്ടർമാരെന്ന വാഴ്ത്ത് കേട്ടു വഷളായവരാണ് കേരളത്തിലുള്ളത്. ബീഹാറികൾ മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്ന ഗോക്കളാണെന്ന്  അധിക്ഷേപിക്കപ്പെടുന്നു. യാദവ നാട്ടിൽ ജനാധിപത്യമെന്നാൽ പണാധിപത്യമെന്ന് കടന്നാക്രമിക്കുന്നു. അവിടുത്തെ വോട്ടർമാരെ വൈകാരികമായി സ്വാധീനിച്ചാൽ ഏത് വഴിയിലേക്കും തിരിച്ചുവിടാനെളുപ്പമാണെന്ന് വില കുറച്ചു കാണുന്നു. എന്നാൽ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയെ താഴെയിറക്കാൻ വോട്ട് ചെയ്തവരാണ് ബീഹാറിലെ വോട്ടർമാരെന്നതും അന്ന് ഇന്ദിരാജിയുടെ കരങ്ങൾക്ക് ശക്തിപകർന്നവരാണ് കേരളത്തിലെ ‘പ്രബുദ്ധരെ’ന്നതും ചരിത്രം.

കാലത്തിന്റെ ഇങ്ങേത്തലക്കൽ ബീഹാർ ജനത പ്രവചനങ്ങളെയാകെ കാറ്റിൽ പറത്തി മതനിരപേക്ഷതക്കും ഫാസിസ്റ്റ് വിരുദ്ധതക്കുമായി ചൂണ്ടു വിരൽ പ്രയോഗിച്ചിരിക്കുന്നു.  ആത്മാഭിമാനവും വിവേകവുമുള്ള ജനതയാണ് തങ്ങളെന്ന് ബീഹാറികൾ ഉദ്‌ഘോഷിക്കുന്നു. തിന്നാനും മിണ്ടാനുമുള്ള അവകാശം ബന്ദിയാകുകയും മൃഗങ്ങളുടെ പേരിൽ മനുഷ്യർ പച്ചക്ക് കൊല്ലപ്പെടുകയും ചെയ്യുമ്പോൾ ഈ ധാർഷ്ട്യങ്ങളെ നേർക്കു നേർ വെല്ലുവിളിച്ചവർക്ക് മുൻ തൂക്കം നൽകി കേരളത്തിലും ജനാധിപത്യത്തിന്റെ യഥാർഥ ‘ബീപ്പ്’ ശബ്ദം മുഴങ്ങിയിരിക്കുന്നു. ജയിച്ചവനെ അഹങ്കരിക്കാൻ വിടുന്നില്ല കേരളത്തിലെ ജനവിധി. തോറ്റവനെ തോൽവിയുടെ ആഴത്തിലേക്ക് വലിച്ചെറിയുന്നുമില്ല. ബീഹാറിലെയും കേരളത്തിലെയും ജനങ്ങൾ രാജ്യത്തിന്റെ തനതായ സ്വഭാവത്തെ വെല്ലുവിളിക്കുന്നവർക്കെതിരെയാണ് വിധിയെഴുതിയത്. നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ബൂത്തിലെത്തിയ ബീഹാറികളും ഗ്രാമ, നഗര ഭരണകൂടങ്ങൾക്കായി വോട്ട് ചെയ്യാനെത്തിയ മലയാളികളും പശു (തീവ്ര)വാദത്തെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചും ചർച്ച ചെയ്തു. മറ്റെല്ലാ ഘടകങ്ങൾക്കുമപ്പുറം രാജ്യത്തിന്റെ സമാധാനവും സഹവർത്തിത്വവും സംരക്ഷിച്ചേ മതിയാകൂ എന്ന സന്ദേശമാണ് ഈ രണ്ട് ജനതയും നൽകിയത്.

തികച്ചും അസ്വാഭാവികമായ സഖ്യ പരീക്ഷണത്തിന്റെ വേദിയായിരുന്നു ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറും മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും നിതാന്ത ശത്രുക്കളായിരുന്നു. അവർ ഇക്കാലം വരെ കൈകാര്യം ചെയ്ത രാഷ്ട്രീയം ഒരിക്കലും യോജിക്കാനാകാത്ത ധ്രുവങ്ങളിലായിരുന്നു. നേർക്കു നേർ എതിരിട്ടാണ് അവർ വളർന്നു വന്നത്. പഴയ പൊതു യോഗങ്ങളിൽ ഈ നേതാക്കൾ പറഞ്ഞത് ഇന്നെടുത്ത് വീണ്ടും കേട്ടാൽ മനസ്സിലാകും ഇവരുടെ ശത്രുതയുടെ ആഴവും പരപ്പും. പൊതു ശത്രുവിനെ തകർക്കാൻ ഇവർ കൈകോർക്കുമ്പോൾ ആ സഖ്യം ജനത്തിന് സ്വീകാര്യമാകുമെന്ന് ഒരു രാഷ്ട്രീയ പണ്ഡിറ്റും പ്രവചിച്ചിട്ടില്ല. എന്നാൽ അസഹിഷ്ണുതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ പ്രതികരിക്കാൻ തക്കം പാർത്തിരുന്ന ജനങ്ങൾ ഈ സഖ്യത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കോൺഗ്രസ് കൂടി സഖ്യത്തിലേക്ക് വന്നതോടെ അക്ഷരാർഥത്തിൽ അത് മഹാസഖ്യമായി.

243 അംഗ നിയമസഭയിലേക്ക് നിതീഷിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുനൈറ്റഡ്, ലാലുവിന്റെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്ന മഹാസഖ്യം 166 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സഖ്യത്തിന് 66 സീറ്റ് മാത്രമേ നേടാനായുള്ളൂ. ബി ജെ പി 59 സീറ്റിൽ ഒതുങ്ങി. 101 വീതം സീറ്റുകളിൽ മത്സരിച്ച ആർ ജെ ഡിയും ജെ ഡി യുവും വൻ വിജയം കണ്ടു. ആർ ജെ ഡി 74 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ ഡി യു 71-ഉം കോൺഗ്രസ് 21-ഉം സീറ്റ് നേടി. 2010-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായാണ് ജെ ഡി യുവും ബി ജെ പിയും മത്സരിച്ചത്. അന്ന് ജെ ഡി യു 115-ഉം ബി ജെ പി 91-ഉം സീറ്റ് നേടിയിരുന്നു. ഒറ്റക്ക് മത്സരിച്ച ആർ ജെ ഡി 24-ഉം കോൺഗ്രസ് അഞ്ചും സീറ്റാണ് നേടിയത്.

മഹാസഖ്യത്തിന്റെയും ഈ ഉജ്ജ്വല വിജയത്തിന്റെയും സൂത്രധാരൻ  രാഷ്ട്രീയ കൗശലങ്ങളുടെ ആശാനായ ലാലു പ്രസാദ് യാദവ് തന്നെയാണ്. ഈ ഗോപാൽഗഞ്ചുകാരനെക്കുറിച്ച് ആക്ഷേപങ്ങൾ ഏറെയുണ്ട്.  വിചിത്രമെന്നും സരസമെന്നും ഒരു പോലെ വിലയിരുത്തപ്പെട്ട പെരുമാറ്റ ശൈലി. വിമർശിക്കുമ്പോൾ അത് ആരെയായാലും അതിരൂക്ഷം. പരിഹസിക്കുമ്പോൾ  കുറിക്കു കൊള്ളുന്ന വാക്പ്രയോഗം. അഴിമതിയുടെ രാഷ്ട്രീയ പ്രതീകമായി അധിക്ഷേപിക്കപ്പെട്ടു ഒരു ഘട്ടത്തിൽ. പഴഞ്ചനെന്ന് വിളിച്ച് എഴുതിത്തള്ളിയവർ തന്നെ ഇന്ത്യൻ റെയിൽവേയിൽ നടത്തിയ മാജിക്കിന്റെ പേരിൽ വാഴ്ത്തു പാട്ടുകൾ പാടി. മക്കളെയും ഭാര്യയെയും രാഷ്ട്രീയത്തിൽ ഇറക്കി അധികാരം കുടുംബസ്വത്താക്കി മാറ്റിയെന്നും ക്രിമിനലിസത്തെ പ്രോത്സാഹിപ്പിച്ചുവെന്നുമൊക്കെ ആക്ഷേപിക്കുന്നവരെല്ലാം ലാലുവിന്റെ ഒരു ഗുണം അഭിപ്രായവ്യത്യാസമേതുമില്ലാതെ അംഗീകരിക്കും. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും വർഗീയതയോടുള്ള സന്ധിയില്ലാത്ത സമരവുമാണത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ചതച്ചരച്ച് മുന്നേറിയ എൽ കെ അഡ്വാനിയുടെ രഥയാത്ര സമസ്തിപുരിൽ തടഞ്ഞത് മാത്രം മതി ലാലുവിന്റെ ഈ പ്രതിബദ്ധതക്ക് തെളിവ്.

ഒരു പതിറ്റാണ്ടായി നിതീഷും ബി ജെ പിയുമെല്ലാം അടക്കിവാണ ബീഹാറിൽ രാഷ്ട്രീയമായി ഏറെക്കുറെ പിഴുതെറിയപ്പെട്ടുവെന്ന്  കരുതിയിടത്ത് നിന്നാണ് ലാലു ഫീനിക്‌സ് പക്ഷിയായിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണം  ചാർത്തിയ അയോഗ്യതയിൽ നിന്ന് പുറത്തു കടക്കാനുള്ള അവസാന ശ്രമമായിരുന്നു അദ്ദേഹത്തിന് മഹാസഖ്യം. അഴിമതിയുടെ പ്രതിച്ഛായയുമായി നടക്കുന്ന, ദുർബലനായ ലാലു മഹാസഖ്യത്തിന് ഒരു ബാധ്യതയാകുമെന്ന് കോൺഗ്രസ് വരെ തുടക്കത്തിൽ കരുതിയിരുന്നു.  ലാലുവിനൊപ്പം വേദി പങ്കിടാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി  വിസമ്മതിച്ചിരുന്നു. പക്ഷേ പ്രചാരണത്തിൽ ലാലു തന്റെ സ്വതസിദ്ധമായ മാന്ത്രികത പുറത്തെടുത്തു. എക്കാലത്തും താൻ കാത്തു സൂക്ഷിച്ചു പോന്ന മതനിരപേക്ഷതയും ഫാസിസ്റ്റ്‌വിരുദ്ധതയും അടിസ്ഥാനധാരയായി സ്വീകരിച്ച് മോദിയെ കടന്നാക്രമിച്ചു. താൻ പശുവിറച്ചി കഴിക്കുമെന്ന് പ്രഖ്യാപിച്ചു. ബീഹാറിലേത് ജംഗിൾ രാജ് ആണെന്ന മോദിയുടെ വിമർശനത്തെ വൈകാരികമായി നേരിട്ടു.  ഈ തെരഞ്ഞെടുപ്പ് ബിജെ പിയുടെ വാട്ടർലൂ ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ജാതി രാഷ്ട്രീയത്തെ വെറും യാദവ രാഷ്ട്രീയത്തിൽ നിന്ന് മൊത്തം പിന്നാക്കക്കാരുടെ രാഷ്ട്രീയമായി പരിവർത്തിപ്പിക്കുന്നതിൽ ഇത്തവണ ലാലുവിനെ സഹായിച്ചത് ആർ എസ് എസ് മേധാവി മോഹൻ ഭഗവതിന്റെ സംവരണ വിരുദ്ധ പ്രസ്താവനയാണ്. ഭഗവതിനെ തിരുത്താൻ ബി ജെ പി ശ്രമിക്കുമ്പോഴേക്കും ലാലു ആ  പ്രസ്താവന മൂർച്ചയുള്ള ആയുധമാക്കിക്കഴിഞ്ഞിരുന്നു. അവസരവാദപരമായ കൂട്ടുകെട്ടെന്ന പഴിയിൽ നിന്ന്  മഹാസഖ്യത്തെ രക്ഷിച്ചെടുക്കുന്നതിൽ ലാലുവിന്റെ തന്ത്രജ്ഞത ഏറെ സഹായിച്ചു.  കർക്കശക്കാരനായ ലാലു സഖ്യ രാഷ്ട്രീയത്തിനായി അത്ഭുതകരമായ വിട്ടുവീഴ്ചകൾക്ക് സന്നദ്ധനായി.  കോൺഗ്രസിന് മത്സരിക്കാൻ നാൽപ്പതിലധികം സീറ്റ് നൽകാൻ അദ്ദേഹം മുൻകൈയെടുത്തു. മുഖ്യമന്ത്രി നിതീഷ്‌കുമാർ തന്നെയായിരിക്കുമെന്നും തന്റെ പാർട്ടി വലിയ കക്ഷിയായാലും മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിക്കാനില്ലെന്നും മുൻകൂട്ടി പ്രഖ്യാപിച്ചു. നിതീഷിന്റെ വികസന നായക പ്രതിച്ഛായയും സൗമ്യഭാവവുമാണ് മോദിയുടെയും കൂട്ടരുടെയും വികസന വീമ്പിനും അഹങ്കാരത്തിനുമുള്ള മറുപടിയെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മോദി വിരുദ്ധതയാണ് നിതീഷ്‌കുമാറിന്റെ സമീപ കാല രാഷ്ട്രീയത്തിന്റെ മുഖമുദ്ര. നരേന്ദ്ര മോദിയോട് ശക്തമായി വിയോജിച്ച് എൻ ഡി എ വിട്ടയാളാണ് നിതീഷ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടി  ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്നു. അന്ന് ബീഹാറിൽ പ്രചാരണത്തിന് മോദി വരേണ്ടതില്ലെന്ന് തുറന്നടിച്ചയാളാണ് നിതീഷ്. മോദിയുടെ വിഭജന രാഷ്ട്രീയത്തെ എൻ ഡി എക്കകത്ത് നിന്നു കൊണ്ട് തന്നെ അദ്ദേഹം ശക്തമായി ചോദ്യം ചെയ്തു. ഒടുവിൽ  മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കുന്നതിൽ പ്രതിഷേധിച്ച് എൻ ഡി എ വിട്ടു. ഗുജറാത്ത് കലാപത്തിന് കാരണക്കാരനായ മോദിയെ പിന്തുണക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.  മോദി- അമിത് ഷാ വിരുദ്ധ രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ് നിതീഷ് കുമാർ മഹാസഖ്യത്തിന്റെ സാധ്യതകൾ ആരാഞ്ഞത്. ദേശീയ രാഷ്ട്രീയത്തിൽ തന്നെ ദിശാമാറ്റത്തിന് നാന്ദിയാകാവുന്ന മഹാസഖ്യം പടുത്തുയർത്താൻ നിതീഷ് കുമാർ പ്രയോഗിച്ചത് ബി ജെ പി ഇതര ചേരിയെ ഒന്നിപ്പിക്കുകയെന്നതാണ്.  കോൺഗ്രസിനെതിരെ വി പി സിംഗ്  നയിച്ച പടയോട്ടവുമായി ഇതിന് ഏറെ സാമ്യമുണ്ട്. സത്യത്തിൽ നിതീഷിന്റെ ഗതിയില്ലായ്മയിൽ നിന്നു കൂടിയാണ് മഹാസഖ്യം പിറന്നത്. ബി ജെ പി സഖ്യം ഉപേക്ഷിച്ചതിന് പിറകേ നടന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയക്കത്തിലേക്ക് നിതീഷിന്റെ പാർട്ടി ചുരുങ്ങിപ്പോയിരുന്നു. പാർട്ടിയിൽ കലാപം രൂക്ഷമായതോടെ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു. പാർട്ടി  പിളരുന്നഘട്ടം മുന്നിൽ കണ്ട നിതീഷ്  മന്ത്രിസഭയിലെ പ്രധാനിയും ദളിത് നേതാവുമായ ജിതിൻ റാം മാഞ്ജിയെ മുഖ്യമന്ത്രിയാക്കി. അതിനിടക്ക് തന്നെ ജനതാദൾ യുണൈറ്റഡ് മുങ്ങുന്ന കപ്പലാണെന്ന് പലരും തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇതോടെ പല നേതാക്കളും ബി ജെ പിയിൽ എത്തി. മാഞ്ജി ബി ജെ പിയോട് അടുക്കുന്നുവെന്ന് കണ്ട നിതീഷ് അദ്ദേഹത്തെ പുറത്താക്കി മുഖ്യമന്ത്രിപദം തിരിച്ചെടുത്തു. ഈ ഘട്ടത്തിന് ശേഷമാണ് അദ്ദേഹം ലാലു പ്രസാദ് യാദവുമായി സഖ്യമുണ്ടാക്കുന്നതും ഡൽഹിയിലെത്തി രാഹുൽഗാന്ധിയെ കണ്ട് കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കുന്നതും.

മഹാസഖ്യത്തിനെതിരെ ബി ജെ പി ഒറ്റക്ക് മത്സരിക്കുകയായിരുന്നുവെന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ വിശകലനങ്ങൾ പുരോഗമിക്കുന്നത്. ഇത്ര വലിയ ഒരു സഖ്യത്തെ നേരിട്ടാൽ പരുക്കേൽക്കുക സ്വാഭാവികമല്ലേ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. ശുദ്ധ അസംബന്ധമാണ് അത്. തികച്ചും തന്ത്രപരമായ ഒരു കൂട്ടുകെട്ടോടെ തന്നെയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. നിതീഷ് കുമാറുമായി വഴിപിരിഞ്ഞ ജിതിൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയെ കൂട്ടുപിടിച്ച്  മഹാദളിത് വോട്ടുറപ്പിച്ചുവെന്ന്  വരുത്തുകയാണ് ബി ജെ പി ആദ്യം  ചെയ്തത്. രാംവിലാസ് പാസ്വാന്റെ എൽ ജെ പിയിലൂടെ ആ വിഭാഗത്തിന്റെയും അദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയുന്ന മുസ്‌ലിം വോട്ടും ബി ജെ പി ‘ഉറപ്പിച്ചു’. ഉപേന്ദ്ര കുശവാഹയുടെ ആർ എൽ എസ് പിയെ പാളയത്തിലെത്തിച്ച് സവർണ വോട്ടുകളും സുരക്ഷിതമാക്കി. ഈ തട്ടിക്കൂട്ട് സഖ്യത്തിന് മേൽ കുറേക്കൂടി യാഥാർഥ്യ പൂർണവും വിശാലവുമായ സോഷ്യൽ ഇക്വേഷനാണ് ലാലു- നിതീഷ് സഖ്യം മുന്നോട്ട് വെച്ചത്.

ബീഹാറിൽ തോറ്റത് ബി ജെ പിയല്ല. നരേന്ദ്ര മോദിയും അമിത് ഷായുമാണ്. അവർ രണ്ടു പേരുമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. അവർ തന്നെയാണ് തന്ത്രങ്ങൾ മെനഞ്ഞത്. അവർ തന്നെയാണ് സംസാരിച്ചതും. മൂന്ന് ഡസനോളം റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പാറ്റ്‌നയിലെ പാർട്ടി ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു അമിത്ഷാ. തെരുവുകളിൽ നാട്ടിയ കൂറ്റൻ ഹോർഡിംഗുകളിൽ നിറഞ്ഞത് ഈ രണ്ട് നേതാക്കൾ മാത്രമായിരുന്നു. ശത്രുഘ്‌നൻ സിൻഹ അടക്കമുള്ള സംസ്ഥാന നേതാക്കൾ പുറത്തായി. ബീഹാറികളും ബാഹറി(പുറത്ത് നിന്നുള്ളവർ)കളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് ലാലു പ്രസാദ് യാദവ് പ്രസംഗിച്ചത് ഈ പശ്ചാത്തലത്തിലായിരുന്നു. ദോഷം പറയരുതല്ലോ, തുടക്കത്തിൽ നരേന്ദ്ര മോദി സംസാരിച്ചത് വികസനത്തെക്കുറിച്ചായിരുന്നു. ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് അദ്ദേഹം വിതറിയ വാഗ്ദാനങ്ങൾ മണ്ണിലലിയാതെ കിടക്കുന്നതിനാൽ ഇത്തവണത്തെ വാഗ്വിലാസങ്ങൾ വെറും തമാശയായേ ബീഹാർ ജനത എടുത്തുള്ളൂ. അന്ന് അദ്ദേഹത്തിന്റെ വാക്കു കേട്ട് താമരക്ക് കുത്തിയവർ ഇത്തവണ കടുത്ത ഇച്ഛാ ഭംഗത്തിലായിരുന്നു. മാത്രമല്ല, പാക്കേജ് പ്രഖ്യാപിക്കുമ്പോൾ പോലും അദ്ദേഹം ബീഹാറിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ബീഹാർ അജ്ഞതയിലും അഴിമതിയിലും കുറ്റകൃത്യങ്ങളിലും മാത്രമാണ് മുമ്പിലുള്ളതെന്ന പ്രസ്താവന ശരാശരി ബീഹാറിയെ അങ്ങേയറ്റം വേദനിപ്പിക്കാൻ പോന്നതായിരുന്നു. ലാലുവിന്റെ ബാഹറി പ്രയോഗം കുറിക്കു കൊണ്ടത് ഇവിടെയാണ്. ഒരു ദശകക്കാലമായി നിതീഷ് കുമാർ കൊണ്ടു വന്ന വികസനമാണ്    മോദിയുടെ വാചകമടിയേക്കാൾ ജനങ്ങൾക്ക് വിശ്വസനീയമായി തോന്നിയത്.

പിന്നെ മോദി നടത്തിയ ജംഗിൾ രാജ് (കാട്ടു ഭരണ) പ്രയോഗവും തിരിഞ്ഞു കുത്തി. യാദവരടക്കമുള്ള അവർണ വിഭാഗങ്ങൾ അധികാരം കൈയാളുന്നതിലെ അസഹിഷ്ണുതയാണ് മോദിയുടെ വാക്കുകളിൽ തെളിഞ്ഞ് കാണുന്നതെന്ന് ലാലു മറുപടി നൽകി. പ്രധാനമന്ത്രിക്ക് സവർണ വിഭാഗമായ ബ്രാഹ്മണരുടെയും ഭൂമിഹാറുകളുടെയം ഭാഷയാണെന്ന് ലാലു നാടുനീളെ പ്രചരിപ്പിച്ചു. നിതീഷിന്റെ ഡി എൻ എ പരിശോധിക്കണമെന്ന പ്രസ്താവനയും ബീഹാർ ജനതയെ അപമാനിക്കുന്നതായി. പ്രധാനമന്ത്രിക്ക് ഒട്ടും ചേരാത്ത വാക്കുകളാണ് മോദിയിൽ നിന്നുണ്ടായത്. (ആ പഴയ ഗുജറാത്ത് നേതാവിൽ നിന്ന് അദ്ദേഹം ഒട്ടും വളർന്നിട്ടില്ലെന്ന് ഓരോ ദിനവും തെളിയുകയാണ്.) മഹാസഖ്യത്തെ ത്രീ ഇഡിയറ്റ്‌സ് എന്ന് വിളിച്ചത് ഒരു ഉദാഹരണം മാത്രം.

ഇനി മോദിയുടെ കൂടെയുള്ളവരുടെ സ്ഥിതിയോ? ദളിതരെയും സവർണരെയും ഒരു ചാക്കിലാക്കാൻ നടന്ന ബി ജെ പിയുടെ തന്ത്രങ്ങൾ തകർത്തെറിഞ്ഞത്  മോഹൻ ഭഗവതിന്റെ സംവരണ പ്രസ്താവനയായിരുന്നു. പിന്നാക്കക്കാർക്കുള്ള സംവരണം പുനഃപരിശോധിക്കണമെന്ന് ഭഗവത് പറഞ്ഞതിനെ കൃത്യമായി ഉപയോഗിക്കാൻ ലാലുവിനും സംഘത്തിനും സാധിച്ചു. പ്രതിരോധിക്കാനാകാതെ ബി ജെ പി വിയർത്തു. അപ്പോഴേക്കും ചർച്ച മുഴുവൻ പശുവിറച്ചിയിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു. ദാദ്രി സംഭവത്തിന്റെ രോഷം മുസ്‌ലിം ജനവിഭാഗങ്ങളെ ഒന്നാകെ മഹാസഖ്യത്തിന് പിന്നിൽ അണിനിരത്തുമെന്ന് തിരിച്ചറിഞ്ഞ അമിത് ഷാ പശുവാദത്തെ തിരിച്ചുപയോഗിക്കാൻ തുടങ്ങി. ഞാൻ ബീഫ് കഴിക്കും, എന്റെ സമൂഹവുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ലാലു ഈ പ്രചാരണത്തെ നേരിട്ടത്. ജാതി ധ്രുവീകരണത്തെ തകർക്കാതെ രക്ഷയില്ലെന്ന് ബി ജെ പി തിരിച്ചറിഞ്ഞപ്പോഴാണ് വിവാദമായ പശു പരസ്യം മെനഞ്ഞത്. പശുവിന്റെ ചുമലിൽ കൈയിട്ട് നിൽക്കുന്ന കുട്ടി. പശുവിനെ കൊല്ലുന്നവരെ വേണോ, പശുവിനെ ആരാധിക്കുന്നവരെ വേണോ എന്ന് ചോദ്യം. യാദവരിലെ പശുപാലകരെയും ഹിന്ദു ജനവിഭാഗങ്ങളെ ഒന്നാകെയും ലക്ഷ്യമിട്ടുള്ള പച്ചയായ വർഗീയ പ്രചാരണം. പക്ഷേ അതും ബി ജെ പിയെ രക്ഷിച്ചില്ല. ഹരിയാനയിൽ ദളിതുകളെ ചുട്ടു കൊന്നപ്പോൾ കേന്ദ്ര മന്ത്രി വി കെ സിംഗ് ചോദിച്ചത് എവിടെയോ ഒരു പട്ടി ചാകുമ്പോഴേക്കും അതിന് മറുപടി പറയാൻ നടക്കുകയാണോ പ്രധാനമന്ത്രി എന്നാണ്. സ്വയംകൃതാനർഥം എന്നല്ലാതെ എന്ത് പറയാൻ.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായപ്പോഴേക്കും കാവി ക്യാമ്പുകൾ പരാജയം ഉറപ്പിച്ചിരുന്നു. അത്‌കൊണ്ടാണ് ബി ജെ പി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്ന അപകടകരമായ പ്രസ്താവന അമിത് ഷാ നടത്തിയത്. വർഗീയത ആളിക്കത്തിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. സീമാഞ്ചൽ മേഖലയിൽ സ്ഥാനാർഥികളെ നിർത്തി രാഷ്ട്രീയ ആത്മഹത്യക്ക് മുതിർന്ന അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിക്ക് വോട്ട് കൂട്ടാൻ വേണ്ടി കൂടിയായിരുന്നു അത്. മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടി ബി ജെ പി ഇറക്കിയതാണെന്ന് ഉവൈസിയെന്ന പഴി മാത്രം ബാക്കിയായി. ഉവൈസിയെ ജനം നിഷ്‌കരുണം തള്ളി. ശിഥിലീകരണത്തിന് മേൽ ഐക്യത്തിനുള്ള വിജയം. അഹന്തക്ക് മേൽ എളിമക്കുള്ള വിജയം. അടിച്ചേൽപ്പിക്കലിന് മേൽ സ്വയം നിർണയത്തിന്റെ വിജയം. അതാണ് ബീഹാർ ഫലം. ഡൽഹി, ഉത്തർ പ്രദേശ്, ഇപ്പോൾ ബീഹാറും. മോദി പ്രഭാവത്തിന്റെ കാറ്റ് പോകുക തന്നെയാണ്. ബി ജെ പിയിൽ നിന്നുയരുന്ന വിമത സ്വരം ഇതിന്റെ വ്യക്തമായ നിദർശനമാണ്. എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ആർ കെ സിംഗ്, ശത്രുഘ്‌നൻ സിൻഹ, ഭോലാ സിംഗ്…… അമിത് ഷാ-മോദി അച്ചുതണ്ടിനെതിരെ പരസ്യമായി രംഗത്തു വരുന്ന ബി ജെ പി നേതാക്കളുടെ നിര നീളുകയാണ്. മഹാസഖ്യങ്ങളുടെ ആവർത്തനങ്ങൾ ഇനി രാജ്യത്ത് പലയിടത്തും സംഭവിക്കും. വർഗീയ രാഷ്ട്രീയം പയറ്റുമ്പോൾ സംഘ് സംഘങ്ങൾക്ക് അൽപ്പമെങ്കിലും ഭയമുണ്ടാകും; അതവർ ഉപേക്ഷിക്കില്ലെങ്കിലും. മാധ്യമങ്ങൾ സൃഷ്ടിച്ചെടുക്കുന്ന വ്യാജ പ്രതിച്ഛായകൾക്ക് അധികം ആയുസ്സില്ലെന്ന് ബീഹാർ ഫലം വിളിച്ചു പറയുന്നു.

കേരളത്തിലേക്ക് വന്നാൽ, രാജ്യത്താകെ അലയടിച്ച വെറുപ്പിന്റെ രാഷ്ട്രീയം ഇവിടെയും പ്രതിഫലിച്ചുവെന്ന് കാണാനാകും. പുതിയ വോട്ടർമാർ കൃത്യമായി അസഹിഷ്ണുതക്കെതിരെ നിലകൊണ്ടുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന് ലഭിച്ച മേൽക്കൈ അവരുടെ അടിത്തറ വിപുലമാകുന്നതിന്റെ ലക്ഷണമായി അവർ പോലും വിലയിരുത്തുന്നില്ല. മറിച്ച് സമീപകാല സംഭവവികാസങ്ങളോട് പിണറായി വിജയൻ അടക്കമുള്ള അവരുടെ നേതാക്കൾ നടത്തിയ പ്രതികരണങ്ങളെ ജനം വിശ്വാസത്തിലെടുത്തുവെന്നതാണ് സത്യം. അത് ഒരു തെരഞ്ഞെടുപ്പ് തന്ത്രമല്ലെന്ന് തെളിയിക്കാൻ വരും കാലങ്ങളിൽ അവർക്ക് സാധിക്കേണ്ടതുണ്ട്. ഭരണത്തുടർച്ചക്കുള്ള സാധ്യത അടഞ്ഞുവെന്നോ  ഇടതുപക്ഷം വിശ്വാസം പൂർണമായി തിരിച്ചു പിടിച്ചുവെന്നോ ഈ ഫലം അർഥമാക്കുന്നില്ല. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ഇടതുപക്ഷം കരകയറിയിരിക്കുന്നു. അതവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. സംഘ് കൊലവിളിയിൽ രാജ്യം നടുങ്ങി നിൽക്കുമ്പോൾ നാല് വോട്ടിനായി വർഗീയതയോട് മൃദുസമീപനത്തിന് മുതിർന്ന കോൺഗ്രസിനെ ജനം പഠിപ്പിച്ചു. അത്രമാത്രം. പിന്നെ ഐക്യമുന്നണിയിൽ ഐക്യം എന്നൊന്ന് പൊടി പോലുമില്ലായിരുന്നല്ലോ കണ്ടു പിടിക്കാൻ. ബാർ കോഴ അടക്കമുള്ള അഴിമതി വേറെയും.

ഇടതു മുന്നേറ്റം എന്ന് തെളിച്ച് പറയാൻ മടിച്ച മുഖ്യധാരാ മാധ്യമങ്ങളെല്ലാം താമര തിളങ്ങിയെന്ന് പറയാൻ മത്സരിച്ചുവെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ സവിശേഷമായി കാണേണ്ടത്. അതൊരു മണ്ണൊരുക്കലാണ്. ബി ജെ പിക്ക് ജയിച്ചു വരാൻ സാധിക്കും; ഇനി ആത്മവിശ്വാസത്തോടെ താമരയിൽ കുത്താം എന്ന സന്ദേശമാണ് ഈ മാധ്യമങ്ങൾ നൽകുന്നത്. ഇത് അപകടകരമാണ്. ബി ജെ പി പിടിക്കുന്ന വോട്ട് മുഴുവൻ സി പി എമ്മിന്റെതാകുമെന്ന് നിനച്ച് കൈയും കെട്ടി നിന്ന കോൺഗ്രസിനാണ് വലിയ അടി കിട്ടിയിരിക്കുന്നത്. ഇനി കിട്ടാൻ പോകുന്നതും അവർക്ക് തന്നെ. എന്നാൽ ബി ജെ പി പ്രതീക്ഷിച്ച വിജയം നേടിയോ? എസ് എൻ ഡി പി അടക്കമുള്ളവരുമായി ഉണ്ടാക്കിയ സഖ്യത്തിന്റെയും കേന്ദ്ര ഭരണം നൽകുന്ന ആത്മവിശ്വാസത്തിന്റെയും അതുണ്ടാക്കുന്ന വൻ സാമ്പത്തിക സ്രോതസ്സിന്റെയും പിൻബലമുള്ളപ്പോൾ ഇത്ര കണ്ടാൽ മതിയോ? പോരെന്ന് തന്നെയാണ് ഉത്തരം. ഉദാഹരണത്തിന് തിരുവന്തപുരത്തെ കണക്ക് മാത്രം നോക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പുമായും നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളുമായും താരതമ്യപ്പെടുത്തുമ്പോൾ ബി ജെ പി പിന്നോട്ടടിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പുകൾ താരതമ്യം ചെയ്യുന്നതിൽ അസാംഗത്യമില്ലേ എന്നാണ് ചോദ്യമെങ്കിൽ ഈ തെരഞ്ഞെടുപ്പുകളെ ആധാരമാക്കിയാണ് ബി ജെ പി നേതൃത്വം ഇത്തവണ തിരുവനന്തപുരം പിടിക്കുമെന്ന് അവകാശപ്പെട്ടതെന്നാണ് മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ മത്സരിച്ച ഘട്ടത്തിൽ നാല് നിയമസഭാമണ്ഡലങ്ങളിൽ ബി ജെ പി വ്യക്തമായ മേധാവിത്വം നേടിയിരുന്നു. 62 കോർപ്പറേഷൻ വാർഡുകളിലാണ് ഒന്നാമതെത്തിയത്. ഒരു വർഷം പിന്നിടുന്ന ഘട്ടത്തിൽ ഇത് 34 ആയി ചുരുങ്ങി. 2010-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ് വാർഡുകളിൽ മാത്രമാണ് ജയിച്ചതെന്ന കണക്കുമായി ചേർത്താൽ നിലമെച്ചപ്പെടുത്തിയെന്ന് ബി ജെ പിക്ക് അവകാശപ്പെടാനും കഴിയും. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ജയിച്ച വാർഡുകളിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായെന്ന് മാത്രമല്ല, കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്. അതായത്, ബി ജെ പിക്ക് അനുകൂലമായി യു ഡി എഫ് വോട്ടുകൾ വ്യാപകമായി ചോർന്നുവെന്ന് വ്യക്തം.

2,82336 വോട്ടാണ് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഒ രാജഗോപാൽ തിരുവനന്തപുരം ലോക്‌സഭാസീറ്റിൽ സമാഹരിച്ചത്. വിജയത്തിന്റെ വക്കോളമെത്തിയ ഈ ഘട്ടത്തിൽ നാല് നിയമസഭാമണ്ഡലങ്ങളിൽ വ്യക്തമായ മേൽക്കൈ ലഭിക്കുകയും ചെയ്തു. നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാമതും ഇടത് സ്ഥാനാർഥിയായി മത്സരിച്ച ബെന്നറ്റ് എബ്രഹാം മൂന്നാമതുമായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ പിന്നാക്കം പോകുകയോ ഇടതുമായി ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യമോ ആണ് നിലവിലുള്ളത്. നേമത്ത് മാത്രമാണ് ബി ജെ പിക്ക് മേൽക്കൈ അവകാശപ്പെടാൻ കഴിയുക. നാലിൽ മൂന്ന് മണ്ഡലങ്ങളും യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണെങ്കിലും ഇവിടെയെല്ലാം യു ഡി എഫ് മൂന്നാം സ്ഥാനത്തായി.

ചിത്രം വ്യക്തമാണ്. ഇരുമുന്നണികളും താത്കാലിക നേട്ടത്തിനായി അടിവലികൾ നടത്താതിരുന്നാൽ കേരളത്തിൽ ബി ജെ പി ഒന്നുമല്ല. അവർ മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ തത്കാലം വേരോട്ടം ഉണ്ടാകാൻ പോകുന്നുമില്ല. അത് ഏറ്റവും നന്നായി തിരിച്ചറിയുന്നത് ആ പാർട്ടി തന്നെയാണ്. അത്‌കൊണ്ടാണ്  പുതിയ കൂട്ടുകെട്ടുകൾ അവർ തേടുന്നത്. വെള്ളാപ്പള്ളി ബാന്ധവം ഗുണം ചെയ്തില്ലെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. ഇനിയിപ്പോൾ ബാർ കോഴയിൽ നാണം കെട്ട് താഴെയിറങ്ങിയ മാണിയുടെ പിറകേയാണ്. ‘നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും’ എന്ന ചൊല്ലിൽ പണമെന്നിടത്ത് വോട്ടെന്നാക്കിയാൽ മതി. അതാണ് ബി ജെ പിയുടെ സ്ഥിതി.

മതേതര കേരളം കരുതിയിരിക്കണം. ഫാസിസം ഏത് വഴിയിലൂടെയാണ് രാഷ്ട്രീയ അധികാരം പിടിക്കുകയെന്ന് പറയാനാകില്ല. കൃത്യമായ മതേതര രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരെ എല്ലാ അർഥത്തിലും പിന്തുണക്കാൻ മുസ്‌ലിം സമൂഹം തയ്യാറാകണം. സഹവർത്തിത്വത്തോടെ നീങ്ങുന്ന സങ്കലിത സമൂഹം മാത്രമാണ് ഫാസിസത്തിനുള്ള മറുപടി. ഒന്നര സീറ്റ് നേടിയതിൽ മേനി പറഞ്ഞ് നടക്കുന്ന കൈവെട്ടുകാരെയും മതരാഷ്ട്രവാദികളെയും ഒറ്റപ്പെടുത്തിയേ തീരൂ. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റുകൾക്ക് നേട്ടമുണ്ടാക്കാനേ അവരുടെ സാന്നിധ്യം ഉപകരിക്കൂ.

മുസ്തഫ പി. എറയ്ക്കൽ

Exit mobile version