കൊല്ലം: ദക്ഷിണ കേരളത്തിന്റെ അച്ചുതണ്ട്

ക്ഷിണ കേരളത്തിൽ ഇസ്‌ലാമിക പ്രകാശം പ്രസരിപ്പിക്കുന്നതിൽ പ്രധാന കേന്ദ്രമായി വർത്തിച്ച പ്രദേശമാണ് കൊല്ലം. കേരളത്തിലെ രണ്ടാമത്തെ മുസ്‌ലിം പള്ളി ഉയർന്നത് കൊല്ലം കടപ്പുറത്തായിരുന്നു. ഭൂമിശാസ്ത്രപരമായി വളരെ ശ്രദ്ധയാകർഷിക്കുന്ന പ്രാചീന തുറമുഖനഗരമാണ് കൊല്ലം. കൊല്ലം ജില്ലയുടെ ആസ്ഥാന നഗരിയായി നിലകൊള്ളുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും വടക്ക് പത്തനംതിട്ട, ആലപ്പുഴ ജില്ലകളും കിഴക്ക് തെങ്കാശി(തമിഴ്‌നാട്) ജില്ലയും പടിഞ്ഞാറ് അറബിക്കടലും കൊല്ലം ജില്ലക്ക് അതിരിടുന്നു.
കൊയ്‌ലോൺ, ദേശിംഗനാട്, താർഷിഷ് എന്നിങ്ങനെ പലപ്പോഴായി അറിയപ്പെട്ടിരുന്ന കൊല്ലം പുരാതന വേണാടിന്റെ തലസ്ഥാനമായിരുന്നു. വിശാലമായ തുറമുഖമാണ് കൊല്ലത്തിന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്.
കൊടുങ്ങല്ലൂർ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പ്രസിദ്ധിയാർജിച്ച തുറമുഖമാണ് കൊല്ലം. എഡി 851ൽ കേരളം സന്ദർശിച്ച അറബ് സഞ്ചാരി സുലൈമാനാണ് കൊല്ലത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. കൊല്ലവർഷം ഇരുപത്തിനാലാം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ പ്രഥമ പരാമർശം. കുരക്കോണികൊല്ലം എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. കൊല്ലവർഷം 149-ാം ആണ്ടിലുണ്ടായ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരത്തു ശിലാരേഖയിലും കൊല്ലത്തെ പരാമർശിക്കുന്നു.
ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള കപ്പലുകൾ മസ്‌ക്കറ്റ് വിട്ടാൽ പിന്നീട് അടുക്കുന്നത് കൂകംമാലി(കൊല്ലം)യിലായിരുന്നുവെന്ന് സുലൈമാൻ രേഖപ്പെടുത്തുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മസ്‌ക്കത്തിൽ നിന്ന് ഒരു മാസത്തെ യാത്രകൊണ്ട് അന്ന് കൊല്ലത്തെത്താം. വളരെ മനോഹരവും സമ്പന്നവുമായിരുന്നു ഈ തുറമുഖം. വലിയ ചൈനീസ് കപ്പലുകൾ ധാരാളമായി ഇവിടെ നങ്കൂരമിട്ട് കയറ്റിറക്കങ്ങൾ നടത്തിയിരുന്നു.
എഡി 902ൽ ഇവിടം സന്ദർശിച്ച ഇബ്‌നുൽ ഫഖീഹിന്റെ വിവരണത്തിൽ കൂകുമാലി എന്നാണ് കൊല്ലത്തെ പറയുന്നത്. ഇവിടത്തെ സന്മാർഗ നിലവാരം വളരെ ഉയർന്നതാണെന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണ് ഇതെന്നും അബൂസൈദ് (എഡി 950) രേഖപ്പെടുത്തിയിരിക്കുന്നു. അൽ കസ് വീനി (1263-1275)യുടെ വിവരണത്തിലും കൂലം (കൊല്ലം) സ്ഥാനം പിടിച്ചിട്ടുണ്ട്.
കുരുമുളക് സമൃദ്ധമായി വളരുന്ന സസ്യശാമളമായ പ്രദേശമാണിതെന്ന് അൽ ഇദ്‌രീസ്(എഡി 1154) പുകഴ്ത്തിപ്പറയുന്നു. കുരുമുളകു ലഭിക്കുന്ന അവസാന രാജ്യമാണ് കൊല്ലമെന്നാണ് ദിമശ്ഖി(എഡി 1325) വിശേഷിപ്പിച്ചത്. കുരുമുളകു രാജ്യമായ മനിബാറിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന പട്ടണമാണ് കൊല്ലമെന്ന് അബുൽഫിദാ (1273-1331) പറയുന്നു. (വേലായുധൻ പണിക്കശ്ശേരി, കേരളം 600 കൊല്ലം മുമ്പ്, പു. 5253).

മുസ്‌ലിം അധിവാസം

അറബിക്കടലിനും അഷ്ടമുടിക്കായലിനുമിടയിൽ സ്ഥിതിചെയ്യുന്ന കൊല്ലം പട്ടണത്തിന് ശതാബ്ദങ്ങൾ നീണ്ട മുസ്‌ലിം പ്രതാപത്തിന്റെ ചരിത്രം പറയാനുണ്ട്. മലപ്പുറം കഴിഞ്ഞാൽ മുസ്‌ലിംകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ജില്ലയാണ് കൊല്ലം. കൊല്ലത്ത് മുസ്‌ലിം അധിവാസം ആരംഭിച്ച വർഷം കൃത്യമായി പറയാൻ രേഖകളില്ല. ക്രിസ്തുവർഷാരംഭത്തിനു മുമ്പേ ഈ തുറമുഖനഗരവുമായി അറബികൾ വാണിജ്യബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമാണ്.
പി.കെ. മുഹമ്മദ് കുഞ്ഞി എഴുതുന്നു: ക്രി. 822ൽ കടൽ കയറി നശിച്ച കൊല്ലം പട്ടണത്തെ ഉദ്ധരിച്ചത് മാർസപീർ എന്ന പാർസി വ്യാപാരിയാണെന്നും ആ സംഭവത്തോടനുബന്ധിച്ചാണ് കൊല്ലവർഷം ആരംഭിച്ചതെന്നും ഒരൈതിഹ്യമുണ്ട്. പക്ഷേ, അതിനു മുമ്പുതന്നെ മുസ്‌ലിംകൾ കൊല്ലത്തുണ്ടായിരുന്നു. മാലിക് ഇബ്‌നു ഹബീബും ഭാര്യ ഖുമരിയയും കൊല്ലത്തു പോയി പള്ളി പണിയിച്ച സംഭവം മുമ്പ് പറഞ്ഞല്ലോ. 1009 (എഡി) ഒരു പേർഷ്യൻ കപ്പലോട്ടക്കാരനായ ബുസൂർ ഇബ്‌നു ശഹ്‌റ് യാർ നഹൂദഹർമസിയും അദ്ദേഹത്തിന്റെ അഞ്ചാബുൽ ഹിന്ദിൽ കൊല്ലത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. കൊല്ലത്ത് ഒരു മുസൽമാനുണ്ട്. അദ്ദേഹത്തെ അവിടുത്തുകാർ നബിജി എന്നു വിളിക്കുന്നു. അദ്ദേഹം അധിക സമയവും ദൈവാരാധനയിൽ മുഴുകിയിരിക്കുകയാണ്. പാമ്പു കടിച്ചവരെ കൊണ്ടുവന്നാൽ പ്രാർത്ഥനകൊണ്ട് വിഷമിറക്കിക്കൊടുക്കും. മർവാൻ ശാഹ് എന്ന പേർഷ്യൻ കപ്പലോട്ടക്കാരൻ ഭാര്യയോടും മകനോടും കൂടെ ഒരു പത്തു പ്രാവശ്യം കൊല്ലത്തേക്കു യാത്ര ചെയ്തതായി പറയപ്പെടുന്നു. കൊല്ലത്ത് മുസ്‌ലിം കച്ചവടക്കാരുടെ ഒരു കോളനി തന്നെയുണ്ടെന്നും അവരിൽ പ്രധാനിയായിരുന്ന ഖാജാ മുഹദ്ദബ് ആണ് പള്ളി പണികഴിപ്പിച്ചതെന്നും ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട് (മുസ്‌ലിംകളും കേരള സംസ്‌കാരവും, പേ. 49).
ഇബ്‌നു ബത്തൂത്ത കൊല്ലം സന്ദർശിക്കുമ്പോൾ അവിടം മുസ്‌ലിംകളാലും ഇസ്‌ലാമിക ചിഹ്നങ്ങളാലും സമ്പന്നമായിരുന്നു. മുലൈബാറിലെ ഏറ്റവും ഭംഗിയുള്ള പട്ടണമായിരുന്നു അന്ന് കൊല്ലമെന്ന് അദ്ദേഹം പറയുന്നു. ഇവിടെ വലിയ അങ്ങാടികളുണ്ട്. സുലിബൻ എന്ന ജാതിക്കാരാണ് ഇവിടത്തെ പ്രധാന വ്യാപാരികൾ. മികച്ച ധനാഢ്യന്മാരായ ഇവർക്കു കപ്പലിൽ വരുന്ന സാധനങ്ങൾ മൊത്തമായി വാങ്ങാൻ കഴിയുമെന്നു മാത്രമല്ല, കപ്പൽ നിറയെ പകരം സാധനങ്ങൾ അങ്ങോട്ടു കൊടുക്കുവാനും കഴിവുണ്ട്. അവരുടെ പാണ്ടികശാലകൾ എപ്പോഴും കച്ചവടച്ചരക്കുകൾ കൊണ്ട് നിറഞ്ഞിരിക്കും. ഇവിടെ ഒരു സംഘം മുസ്‌ലിം വ്യാപാരികളുണ്ട്. അവരുടെ നേതാവ് ഇറാഖിലെ ആവദേശക്കാരനായ അലാവുദ്ദീൻ അവുജിയാണ്. അദ്ദേഹവും കൂട്ടുകാരനും ശാഫിഈ വിശ്വാസക്കാരാണ്. അവിടത്തെ ഖാസി, ഖസ്മിൻ സ്വദേശിയായ ഒരു പണ്ഡിതനും കൊല്ലത്തെ മുസ്‌ലിം ബഹുജന നേതാവ് മുഹമ്മദ് ശാഹ് ബന്ദറുമാണ്. അദ്ദേഹത്തിന്റെ സഹോദരൻ തഖിയുദ്ദീൻ നല്ലൊരു പണ്ഡിതനാണ്. അതീവ മനോഹരമാണ് ഇവിടത്തെ ജുമുഅത്ത് പള്ളി. ഖാജാ മുഹമ്മദ് ബാ ആണ് അത് പണിയിച്ചത് (കേരളം അറുനൂറു കൊല്ലം മുമ്പ് പേ. 40).

തരിസാപ്പള്ളി ചെപ്പേട്

ദക്ഷിണേന്ത്യയിലെ മുസ്‌ലിം അധിവാസ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന സുപ്രധാന രേഖയാണ് തരിസാപ്പള്ളി ചെപ്പേട്. സ്ഥാണു രവിവർമ പെരുമാളിന്റെ അനുവാദത്തോടെ വേണാട്ടെ നാടുവാഴിയായ അയ്യനടി തിരുവടികൾ കുരക്കോണി കൊല്ലത്ത് (ഇന്നത്തെ കൊല്ലം) തരിസാപ്പള്ളിയിൽ ക്രിസ്ത്യാനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് എഴുതിക്കൊടുത്ത ശാസനമാണിത്. പേർഷ്യയിൽ നിന്നുവന്ന ക്രൈസ്തവ പുരോഹിതൻ എശോദാരാപിരായി എന്നയാൾക്ക് പള്ളി പണിയാൻ ഈ ശാസനയിൽ അനുമതി നൽകുന്നു. എഡി 848ൽ പുറത്തിറങ്ങിയ ഈ ശാസനത്തിൽ സാക്ഷികളായ പതിനൊന്നു മുസ്‌ലിം നാമങ്ങൾ കൂഫി(അറബി), ഹിബ്രു(പേർഷ്യൻ) ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു (കേരള മുസ്‌ലിംകൾ ചെറുത്തുനിൽപിന്റെ ചരിത്രം പേ. 37).
മൈമൂൻബ്‌നു ഇബ്‌റാഹീം, മുഹമ്മദ് ബ്‌നു മാമി, സ്വാലിഹ് ബ്‌നു അലി, ഉസ്മാൻ ബ്‌നു അൽ മാർസിബാൻ, മുഹമ്മദുബ്‌നു യഹ്‌യ, അമർ ബ്‌നു ഇബ്‌റാഹീം, ഇബ്‌റാഹീമു ബ്‌നു അൽതാവ്, ബക്കർ ബ്‌നു മൻസൂർ, അൽകാസിം ഇബ്‌നു ഹാമിദ്, മൻസൂറു ബ്‌നു ഈസാ, ഇസ്മാഈൽ ഇബ്‌നു യഅ്ഖൂബ് എന്നിവരാണ് അറബിയിൽ സാക്ഷ്യപ്പെടുത്തിയവർ. മറ്റു കൈയൊപ്പുകൾ ഹീബ്രുവിലുള്ള ഒരിനം പേർഷ്യനാണ് (റോളണ്ട് ഇ മില്ലർ, മാപ്പിള മുസ്‌ലിംകൾ പേ. 58).
ഈ കാലമായപ്പോഴേക്കും രാജശാസനകളിൽ പോലും സാക്ഷികളാക്കി നിർത്താൻ മാത്രം പ്രബല സമൂഹമായി കൊല്ലത്തെ മുസ്‌ലിംകൾ വളർന്നുവെന്നാണ് ഈ ചെപ്പേടുകൾ തെളിയിക്കുന്നത്.

ജോനകരും ജോനകപ്പുറവും

കൊല്ലത്തും പരിസര പ്രദേശങ്ങളിലും ഇസ്‌ലാമിക സംസ്‌കാരം വേരൂന്നിയതും വളർന്നു വികസിച്ചതും ജോനകപ്പുറം കേന്ദ്രീകരിച്ചായിരുന്നു. നഗരത്തിന്റെ പടിഞ്ഞാറു വശത്താണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ജോനകർ തിങ്ങിപ്പാർക്കുന്ന ഇടമായതുകൊണ്ടാകാം ജോനകപ്പുറം എന്ന സ്ഥലനാമം രൂപപ്പെട്ടിട്ടുണ്ടാവുക. മുസ്‌ലിംകളെ വിശേഷിപ്പിക്കുന്ന പദമാണ് ജോനകർ. തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ജീവിച്ചുവന്ന ആദ്യകാല അറബി കച്ചവടക്കാരുടെ പിൻമുറക്കാരാണ് ജോനകർ എന്ന് ലഫ് വാർഡും കോണറും രേഖപ്പെടുത്തുന്നു. 1810 മുതൽ 1821 വരെ അവർ നടത്തിയ കൊച്ചിൻ സർവേയിൽ മുസൽമാൻ അഥവാ ജോനകൻ/ജോനക മാപ്പിള എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് (പച്ചക്കുതിര, 2019 മെയ് 20).
യവനൻ എന്ന പദത്തിന്റെ പ്രയോഗഭേദമാണ് ജോനകൻ. മുഹമ്മദീയൻ എന്നാണ് ശബ്ദതാരാവലി യവനൻ എന്ന പദത്തിനു നൽകിയ അർത്ഥം. ജോനൻ, ചോനൻ എന്ന പദത്തിന് യവനൻ എന്നുമാണ് അർത്ഥം നൽകിയത്. പേർഷ്യക്കാരെ (ഇറാനികളെ) കുറിക്കാനാണ് ആദ്യം ഇങ്ങനെ പ്രയോഗിച്ചിരുന്നത്. പിന്നീടത് മുസ്‌ലിംകളായി. ജോനകപ്പുറം അപ്പേരിൽ അറിയപ്പെട്ടത് മുസ്‌ലിംകളുടെ മേധാവിത്തം കൊണ്ടായിരിക്കാം എന്നനുമാനിക്കാൻ തികച്ചും ന്യായമുണ്ട്.
ഗുജറാത്തിലെ കച്ചിൽനിന്നു വന്ന കച്ചി മേമന്മാർ, തിരുവിതാംകോട്ടു നിന്നെത്തിയ പിച്ചള വ്യാപാരികളായ മുസ്‌ലിംകൾ, പന്തളം ദേശത്തു നിന്നു വസ്ത്ര വ്യാപാരത്തിനു വന്നവർ, യമനിലെ ഹളർമൗത്തിൽ നിന്നെത്തിയ സാദാത്തുക്കൾ, മലബാറിൽ നിന്നു കുടിയേറിയ പണ്ഡിതന്മാർ എന്നിവരെയെല്ലാം കൊല്ലം നഗരം ഹാർദമായി സ്വീകരിച്ചു.

പ്രഥമ പള്ളി

അറേബ്യൻ വർത്തക സംഘങ്ങൾ മുഖേനയായിരിക്കാം ഇസ്‌ലാമിന്റെ പ്രകാശ കിരണങ്ങൾ കൊല്ലത്ത് ആദ്യമായി പതിച്ചിരിക്കുക എന്ന് അനുമാനിക്കാൻ ന്യായമായ കാരണങ്ങളുണ്ട്. എങ്കിലും മാലിക് ബ്‌നു ഹബീബി(റ)ന്റെ നേതൃത്വത്തിലാണ് അവിടെ ആദ്യത്തെ പള്ളി ഉയർന്നത്. കൊടുങ്ങല്ലൂരിൽ പള്ളി പണിത ശേഷം മാലികുബ്‌നു ദീനാർ(റ) പറഞ്ഞു: ഇന്നു മുതൽ എന്റെ എല്ലാ ജോലികളും നീ തന്നെ നടത്തണം. ഉടനെ കൊല്ലത്തു പോയി അവിടെ ഒരു പള്ളി എടുപ്പിക്കുക. നിർദേശം ഏറ്റെടുത്ത് മാലികു ബ്‌നു ഹബീബ് ഭാര്യയെയും ചില മക്കളെയും കൂട്ടി ആവശ്യമായ ധനവുമായി കൊല്ലത്തേക്കു പോയി.
കൊല്ലത്ത് ഒരു പള്ളി പണിതീർത്ത് മുൻപ്രസ്താവിച്ച കല്ലുകളിൽ ഒന്ന് ആ പള്ളിക്കും സ്ഥാപിച്ചു. അന്ന് ഹിജ്‌റ വർഷം 21 റംസാൻ മാസം 27 വെള്ളിയാഴ്ചയായിരുന്നു. ആ പള്ളിയുടെ പടിഞ്ഞാറു ഭാഗം 60 കോലും കിഴക്ക് 50 കോലും തെക്ക് 40 കോലും വടക്ക് കടൽ വരെയുള്ള സ്ഥലം വഖഫായി വെക്കുകയും ചെയ്തു. ആ പള്ളിയിൽ അവരുടെ മകൻ ഹസനുബ്‌നു മാലിക് എന്നയാളെ ഖാസിയായി നിശ്ചയിച്ചു (മലയാളത്തിലെ മാപ്പിളമാർ 29-35).
എഡി 640ൽ ഈ പള്ളി പണിയാൻ അന്നത്തെ നാടുവാഴി തെക്കൻ കോലത്തിരിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. കടൽക്ഷോഭത്തിൽ ഈ പള്ളി തകർന്നടിഞ്ഞു. 1240ൽ പള്ളി പുനർനിർമിച്ചു. 1341ലെ പ്രകൃതി ദുരന്തത്തിൽ അതും തകർന്നു. പിന്നീട് പലപ്പോഴായി പള്ളി പുനരുദ്ധരിച്ചു. 1240ൽ സ്ഥാപിച്ച പള്ളിയുടെ മാതൃകയിലാണ് നിലവിലുള്ള പള്ളിയെന്ന് കരുതപ്പെടുന്നു.

ബാഫഖീഹ് സാദാത്തുകൾ

ജോനകപ്പുറം പള്ളിയുടെ മുൻവശത്ത് നിരവധി സാദാത്തുക്കൾ മറപെട്ടുകിടക്കുന്നുണ്ട്. ബാഫഖീഹ് ഖബീലയാണ് ഇവരുടേത്. അവിടെ വലിയ മഖാമിൽ അബ്ദുല്ല ബാഫഖീഹ് അൽ ഹള്‌റമി എന്നു രേഖപ്പെടുത്തിയതു കാണാം. ബാപ്പുനജി വലിയുല്ലാഹി, പട്ടാണി തങ്ങൾ എന്നിവരുടെയും ഖബറുകൾ അടുത്തടുത്തായി നിലകൊള്ളുന്നു.
സയ്യിദ് അബ്ദുല്ലാഹിൽ ബാഫഖീഹ്(റ) യമനിലെ ഹളർമൗത്തിൽ നിന്നാണ് കേരളത്തിലെത്തിയത്. ആദ്യം കോഴിക്കോട്ടും പിന്നെ കൊല്ലം പരവൂരിലും അവസാനം ജോനകപ്പുറത്തുമായി അദ്ദേഹം ജീവിച്ചു. ഹി. 987ലാണ് കൊല്ലത്തെത്തിയത്. അദ്ദേഹം നാട്ടുമൂപ്പന് തേങ്ങക്കകത്ത് മത്സ്യത്തെ കാണിച്ചുകൊടുത്ത സംഭവം പ്രസിദ്ധമാണ്. അദ്ദേഹത്തിന് 93-ാം വയസ്സിൽ പിറന്ന പുത്രനാണ് സയ്യിദ് ഹാമിദ് ബാഫഖീഹ്. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് ദക്ഷിണ കേരളത്തിലെ ബാഫഖീഹ് സാദാത്തുക്കൾ. തഴവ മുഹമ്മദ് കുഞ്ഞ് മൗലവി മഹാനെ കുറിച്ചെഴുതിയ പ്രകീർത്തനമാണ് നിബ്‌റാസുൽ അലവി ഫീ മനാബിൽ അലവി.

പഴമയുടെ പെരുമയിൽ
പരവൂർ പുത്തൻപള്ളി
കൊല്ലം ജില്ലയിലെ അതിപുരാതന മുസ്‌ലിംപള്ളിയാണ് പരവൂർ പുത്തൻപള്ളി. കൊല്ലം ജില്ലയുടെ തെക്കേ അറ്റത്ത് തിരുവനന്തപുരം ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പരവൂർ. കടലിനോട് ചേർന്നും പരവൂർ കായലിന് ഏറെ അകലെയല്ലാതെയും സ്ഥിതിചെയ്യുന്ന പുത്തൻപള്ളി ഹി. 683ൽ സ്ഥാപിതമായി എന്ന് അകം പള്ളിയിലെ തുലാമിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ധനാഢ്യരും വർത്തക പ്രമുഖരുമായിരുന്ന പുത്തൻവീട് കുടുംബമാണ് പുത്തൻപള്ളി പണിതത്. തിരുവിതാംകൂർ രാജാവ് ഈ കുടുംബത്തിന് നാടുവാഴി പദവി നൽകിയിരുന്നുവത്രെ. അതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ തീരദേശപട്ടണമായ വർക്കല മുനമ്പു മുതൽ കൊല്ലം ജില്ലയിലെ മയ്യനാട് വരെയുള്ള ജോനകവംശം (മുസ്‌ലിംകൾ) ഈ കുടുംബത്തിന്റെ അധീനതയിലായിരുന്നു. എണ്ണൂറു വർഷത്തോളം പഴക്കമുള്ള പുത്തൻപള്ളി പൗരാണിക രൂപത്തിൽ ഇന്നും നിലനിൽക്കുന്നു.
പുത്തൻപള്ളിയുടെ അടുത്തായി 1300 വർഷങ്ങൾക്കു മുമ്പ് മറ്റൊരു പള്ളി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഏതാനും കൽത്തൂണുകൾ നഷ്ടസ്മൃതികളായി ഇന്നും അവശേഷിക്കുന്നുണ്ട്. മാലിക് ദീനാറിനു പിറകെ വന്ന രണ്ടാം പ്രബോധക സംഘം ആലപ്പുഴ, പുറക്കാട്, വിഴിഞ്ഞം, കോട്ടയം, തക്കല തേങ്ങാപട്ടണം തുടങ്ങിയ ഇടങ്ങളിൽ പള്ളി സ്ഥാപിച്ച കൂട്ടത്തിൽ നിർമിച്ചതായിരുന്നുവത്രെ ഈ പള്ളി.

കരിനാഗപ്പള്ളി
കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശ പട്ടണമാണ് കരുനാഗപ്പള്ളി. നൂറ്റാണ്ടുകളുടെ പൈതൃകമവകാശപ്പെടാവുന്ന പ്രദേശമാണ് ഇവിടം. അവിടത്തെ മുസ്‌ലിം പള്ളിയുടെ ചരിത്രവുമായി പിണഞ്ഞുകിടക്കുന്നതാണ് സ്ഥലനാമം. നാലു ശതകങ്ങൾക്കു മുമ്പ് മലബാറിൽ നിന്ന് അലിഹസനും(റ) ശിഷ്യന്മാരും ഓച്ചിറയിലും പുതിയ കാവിലുമെത്തി. കരിനാഗം വിഹരിച്ചിരുന്ന കൊടുംകാടായിരുന്നു അവിടെ. അൽപം സ്ഥലമാവശ്യപ്പെട്ട അലിഹസന്(റ) രാജാവ് പ്രസ്തുത സ്ഥലം നൽകി. കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ പ്രത്യക്ഷപ്പെട്ട കരിനാഗത്തെ പിടിച്ച് അദ്ദേഹം കൂടയിലടച്ചു. തന്ത്രപൂർവം കൂട രാജസന്നിധിയിലെത്തിച്ച് തുറന്നു. പുറത്തുചാടിയ നാഗത്തെ കണ്ട് രാജാവും പരിവാരങ്ങളും ഭയന്നുവിറച്ചു. അലിഹസൻ(റ) അതിനെ പിടിച്ച് വീണ്ടും കൂടയിലടച്ചു. പിന്നീടാരും അതിനെ ആ പ്രദേശത്തു കണ്ടില്ല. സന്തുഷ്ടനായ രാജാവ് അവിടെ പള്ളി പണിയാൻ അനുവദിച്ചുവത്രെ. അതാണ് കരുനാഗപ്പള്ളി. അലിഹസൻ(റ)ന്റെയും പന്ത്രണ്ടു ശിഷ്യന്മാരുടെയും മഖ്ബറ അവിടെ സ്ഥിതിചെയ്യുന്നു.

പതി ഉറങ്ങുന്ന ഓച്ചിറ

കൊല്ലം ജില്ലയിലെ ശ്രദ്ധേയമായ പൈതൃകഭൂമിയാണ് ഓച്ചിറ. മലബാർ മേഖലയിൽ അഹ്‌ലുസ്സുന്നയുടെ പടയോട്ടത്തിനു നേതൃത്വം നൽകിയ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർ അന്ത്യവിശ്രമം കൊള്ളുന്നത് ഓച്ചിറ വടക്കേ പള്ളിയുടെ ഓരത്താണ്. മലബാറുകാരനായ വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാർ 1920ൽ മുദരിസായി സേവനം തുടങ്ങിയതു മുതൽക്കാണ് ഓച്ചിറ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. അദ്ദേഹമാണ് തന്റെ ശിഷ്യനായ പതിയെ മലബാറിനു പരിചയപ്പെടുത്തിയത്. വാഴക്കാടൻ മുഹമ്മദ് മുസ്‌ലിയാരെ നാട്ടുകാർ ആദരപൂർവം ഓച്ചിറ ഉപ്പാപ്പ എന്നു വിളിക്കുന്നു. ഹി. 1387 (1967)ൽ അദ്ദേഹം നിര്യാതനായി.

കൊച്ചുതങ്ങളുടെ കൊല്ലൂർവിള

മുസ്‌ലിം കൈരളിക്ക് മാറ്റിനിർത്താൻ പറ്റാത്ത പ്രദേശമാണ് കൊല്ലം പള്ളിമുക്ക്. കൊല്ലൂർവിള കൊച്ചുതങ്ങൾ എന്നറിയപ്പെടുന്ന അസ്സയ്യിദ് മുഹമ്മദ് ബാഫഖീഹ് മറപെട്ടുകിടക്കുന്നത് പള്ളിമുക്ക് മഖാമിലാണ്. സമീപത്തായി നൂഹ് കണ്ണ് ലബ്ബയും സഹോദരൻ അലിയാർ കുഞ്ഞ് ലബ്ബയും അന്തിയുറങ്ങുന്നു.
പള്ളിമുക്കിനു സമീപം ദേശീയ പാതയുടെ ഓരം ചേർന്ന് തലയുയർത്തി നിൽക്കുന്ന കൊല്ലൂർവിള ജുമാമസ്ജിദ് കേരളത്തിലെ വലിയ പള്ളികളിലൊന്നാണ്.

പൈതൃക മുദ്രകൾ

ജോനകപ്പുറം, പരവൂർ, കരുനാഗപ്പള്ളി, കൊല്ലൂർവിള, കണ്ണനല്ലൂർ, മൊട്ടക്കാവ്, കൊളപ്പാടം, കായംകുളം, ചിന്നക്കട, പട്ടാളത്തുപള്ളി, അഞ്ചൽ, തഴവ, ഉമയനല്ലൂർ, തട്ടാമല, കുണ്ടറ എന്നിവയെല്ലാം കൊല്ലം ജില്ലയിലെ പ്രധാന മുസ്‌ലിം അധിവാസ കേന്ദ്രങ്ങളാണ്. ജോനകപ്പുറം പള്ളിമുക്ക്, കണ്ണനല്ലൂർ, ഒടേറ്റിൽ, മൊട്ടക്കാവ് പള്ളിദർസുകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്.
സാമ്പ്രദായിക ഇസ്‌ലാമിനെ അടയാളപ്പെടുത്തുന്ന പുണ്യപുരുഷന്മാരുടെ മഖാമുകൾ കൊല്ലം ജില്ലയിൽ എമ്പാടുമുണ്ട്. ജോനകപ്പുറം ഹള്‌റമീ മഖാം, ഓച്ചിറ ഉപ്പാപ്പ മഖാം, തൃപ്പലഴികം ഫഖീർ മഖാം, കരുനാഗപ്പള്ളി ശൈഖുമാരുടെ മഖാം, കാരാമ്മൂട് സയ്യിദ് സുലൈമാനുൽ ഖാദിരി മഖാം, ഒറ്റക്കൽ മസൂദ് വലിയുല്ലാഹി മഖാം, കുണ്ടറയിലെ ചിശ്തി ശിഷ്യരുടെ മഖ്ബറകൾ, കിളിക്കൊല്ലൂർ മഖാം, തട്ടാമലയിലെ സൂഫി മഖാം തുടങ്ങിയവയെല്ലാം ഇസ്‌ലാമിക സംസ്‌കൃതിയുടെ നിത്യസ്മാരകങ്ങളായി ഉയർന്നുനിൽക്കുന്നു.

അലി സഖാഫി പുൽപറ്റ

Exit mobile version