ജോൺസൺ ചേട്ടൻ നിത്യവും വിളിക്കും. ആശുപത്രിയിൽ നിന്ന് ഞങ്ങൾ പിരിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. കുറച്ചുനേരം വർത്തമാനം പറഞ്ഞാൽ അയാൾക്കെന്തോ ആശ്വാസം കിട്ടുന്നുണ്ടാകും. ആയാളുടെ ഫോൺകോളുകൾ പരാമാവധി എടുക്കും. സാധിച്ചില്ലെങ്കിൽ തിരിച്ചുവിളിക്കും. എടുക്കാനാകാത്ത ഒരു കോളിന് പകരം പിറ്റേന്ന് അങ്ങോട്ടു വിളിച്ച് വിശേഷങ്ങൾ ചോദിച്ചു, കുറേ കാര്യങ്ങൾ പറഞ്ഞു, അദ്ദേഹത്തിനൊരു ജോലി വേണം. ഒറ്റയ്ക്ക് ജീവിക്കാൻ പേടിയായിത്തുടങ്ങി. വല്ല വീട്ടുജോലിയും തരപ്പെടുത്താൻ ഒന്നു കാര്യമായി നോക്കണം. ഇതെല്ലാം പറഞ്ഞു കഴിഞ്ഞാണ് എന്താ ഉപ്പാടെ വിശേഷം എന്ന് ഇങ്ങോട്ടു ചോദിച്ചത്. ഉപ്പ ഇന്നലെ പോയി. പതുക്കെയാണ് പറയാൻ സാധിച്ചത്. അയ്യോ എന്നൊ വിളിയായിരുന്നു അപ്പുറത്ത്. കുറച്ചു നേരത്തെ നിശ്ശബ്ദത. പിന്നെ ജോൺസേട്ടൻ പറഞ്ഞു: നോക്കാഞ്ഞിട്ടില്ലല്ലോ. ഇനി മേലെയുള്ളയാളോട് പ്രാർഥിക്കുക. വേറെ ഒന്നും ചെയ്യാനില്ല. ഉപ്പയെ നോക്കിയതിൽ നിങ്ങൾക്ക് പുണ്യം കിട്ടും. കൂടുതൽ സംസാരിക്കാനാകാതെ അയാൾ ഫോൺ വെച്ചു. ഇപ്പുറത്തും സങ്കടം വിങ്ങി.
തൃശൂർ മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ഒറ്റയ്ക്ക് എത്തിപ്പെട്ട രോഗിയായിരുന്നു തൃശൂർ സ്വദേശിയായ ജോൺസൺ. കറപിടിച്ച പല്ലുകളും മുഷിഞ്ഞ വസ്ത്രങ്ങളും അലസമായ താടിമീശയുമൊക്കെയായി മെലിഞ്ഞൊരു മനുഷ്യൻ. കണ്ടപ്പോഴേ മുഴുക്കുടിയുടെ ആശാനാണെന്ന് മനസ്സിലായി. ഇടക്കിടെ കട്ടൻചായയുണ്ടാക്കി കുടിക്കുമ്പോൾ അയാൾ പറയും; ഓർമ വരുമ്പോൾ ആ നിറത്തിലുള്ള വെള്ളം കുടിക്കുന്നതാണെന്ന്. പതിനൊന്നു വർഷം മുമ്പ് ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതാണ്. ഇപ്പോൾ വാടക റൂമിൽ ഒറ്റയ്ക്കാണ് വാസം. നെഞ്ചുവേദന വന്ന് ആശുപത്രിയിലെത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കൂട്ടിരിക്കാനാരുമില്ലാത്ത ജോൺസേട്ടന് വർത്തമാനങ്ങൾ കൊണ്ട് ഞങ്ങൾ കൂട്ടായതാണ്. ആശുപത്രി ജീവനക്കാരുടെ അലസതക്കും അശ്രദ്ധക്കുമെതിരെ നിരന്തരം വഴക്കുണ്ടാക്കിക്കൊണ്ടിരുന്നു അയാൾ. മറ്റു രോഗികൾക്കു വേണ്ടിയും സംസാരിച്ചുകൊണ്ടിരുന്നു. ഏഴോ എട്ടോ ദിവസത്തെ സഹവാസത്തിനിടയിൽ നിർമിക്കപ്പെട്ട സ്‌നേഹമാണ് ജോൺസേട്ടന്റെ ഓരോ ദിവസത്തെയും വിളികൾ.
സുമലതയെയും ഭർത്താവിനെയും ചൂണ്ടിക്കാട്ടിത്തന്നത് ജോൺസേട്ടനാണ്. വൃക്കകൾക്ക് ദീനം പിടിച്ച് ആഴ്ചയിൽ രണ്ട് ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന കൊടകര സ്വദേശി. അസുഖത്തിന്റെ വേദനയും മനസ്സിന്റെ ആകുലതയും അനുഭവിച്ച് മെലിഞ്ഞുണങ്ങിയിട്ടുണ്ട് ആ സ്ത്രീ. അലസമായ വസ്ത്രത്തിനുള്ളിൽ അവർ ഈ ലോകത്തോടും മനുഷ്യരോടും ഒന്നും പറയാനില്ലെന്ന മട്ടിൽ അലക്ഷ്യമായി വേച്ചുവേച്ചു നടക്കും. ആശുപത്രിക്കിടക്കയിൽ നിന്ന് കഷ്ടി 75 മീറ്റർ ദൂരെയുള്ള വാഷ് റൂമിലേക്കും തിരിച്ചുമുള്ളതാണ് നടത്തം. അല്ലാത്തപ്പോഴെല്ലാം അവർ കട്ടിലിൽ കിടക്കും.
സുമലതയോടൊപ്പം എപ്പോഴും ഭർത്താവ് മോഹനുണ്ടാകും. കട്ടിലിൽ ഇരുത്തി പല്ല് തേപ്പിച്ചു കൊടുക്കും. കഞ്ഞി കോരിക്കൊടുക്കും. വസ്ത്രങ്ങൾ മാറ്റിക്കൊടുക്കും. അടുത്ത കട്ടിലിലെ രോഗികളും കൂട്ടിരിപ്പുകാരും ഉച്ചത്തിൽ സംസാരിക്കുന്നതു വിലക്കും. പ്രത്യേകിച്ച്, അസുഖ കാര്യങ്ങളും കോവിഡ് ഭീതിയും മരണ വർത്തമാനങ്ങളും പറയുന്നത് നിർത്താനാണ് മോഹൻ ആംഗ്യം കാട്ടുക. ശേഷം അടുത്തുവന്ന് പതുക്കെ പറയും; ഭാര്യക്ക് ടെൻഷനാകും, സഹകരിക്കണം പ്ലീസ്. കേൾക്കുന്നവരുടെ ഹൃദയം അപ്പോൾ അലിഞ്ഞ് നിശ്ശബ്ദമാകും. എന്തൊരു സ്‌നേഹമാണ് അയാൾക്ക് ആ സ്ത്രീയോട് എന്നു പറഞ്ഞാണ് ജോൺസൺ അവരെ കാണിച്ചുതന്നത്. ഭാര്യയും മക്കളും കൂടെയില്ലാത്ത ഒരു കുടിയന്റെ ആത്മഗതത്തിനുള്ളിലും സ്‌നേഹം വലിയ സ്വാധീനമുണ്ടാക്കുന്നു. നഷ്ടബോധം അയാളുടെ ഉള്ളുലക്കുന്നുണ്ടാകണം.
മോഹൻ കൂലിപ്പണിക്കാരനാണ്. ബിരുദമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസമുണ്ട്. സർട്ടിഫിക്കറ്റുകൾ പ്രായോഗിക ജീവിതത്തിനു മുന്നിൽ നിസ്സഹായത കാട്ടിയപ്പോൾ മൺവെട്ടിയെടുത്ത് ഇറങ്ങിയതാണ്. ആഴ്ചയിലെ രണ്ടു ഡയാലിസിസും അനുബന്ധ ചികിത്സയും മക്കളുടെ പഠിപ്പുമെല്ലാമായി കഷ്ടപ്പെടുന്ന ഒരു മനുഷ്യൻ. അപ്പോഴും സ്‌നേഹംകൊണ്ട് തന്റെ ഇണയെ താലോലിക്കുന്നു എന്നാണ് ജോൺസേട്ടൻ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നത്.
യഥാർത്ഥ മനുഷ്യരെ കാണുന്നത് ആശുപത്രി വാർഡുകളിലാണ് എന്നു പറഞ്ഞു ജോൺസേട്ടൻ തന്റെ കറപിടിച്ച പല്ലുകൾ വിടർത്തിച്ചിരിച്ച്, ദേ നോക്കൂ എന്ന് ചൂണ്ടിയത് കുറച്ചപ്പുറത്തെ ബെഡിൽ തണ്ടെല്ലിനു ക്ഷതമേറ്റ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത ഒരു ചെറുപ്പക്കാരനിലേക്കാണ്. മലവിസർജനം നടത്തിക്കാൻ ശ്രമിക്കുന്ന ഭാര്യക്ക് സഹായവുമായെത്തിയ ശിഹാബിനെയാണ് ജോൺസേട്ടൻ കാണിച്ചുതരുന്നത്. കട്ടിലിനടുത്തുവെച്ച കമോഡ് ചെയറിലേക്ക് ഇരുത്താനായിരുന്നു അവരുടെ ശ്രമം. പിന്നെ പുതപ്പുകൊണ്ട് ചുറ്റും മറച്ചുപിടിച്ച് ശിഹാബ് കാവൽനിന്നു. വിസർജനം കഴിഞ്ഞു വൃത്തിയാക്കി തിരികെ ബെഡിലേക്കു കിടത്തിയ ശേഷമാണ് ശിഹാബിന്റെ മടക്കം. ഹൃദ്‌രോഗിയായ ഉപ്പയുമായാണ് ശിഹാബ് കോവിഡ് വാർഡിലെത്തിയത്. തുടരെത്തുടരെ ബാപ്പയെ വീൽ ചെയറിലിരുത്തി മൂത്രമൊഴിക്കാൻ കൊണ്ടുപോകേണ്ടിവരുന്ന ശിഹാബ് അതിനിടയിലും പത്തെഴുപതിലധികം രോഗികൾ കിടക്കുന്ന പത്താം വാർഡിൽ നിറഞ്ഞ സാന്നിധ്യമായി. രോഗികളെ എണീപ്പിച്ചിരുത്താനും വീൽചെയറിൽ വാഷ്‌റൂമിൽ കൊണ്ടുപോകാനും ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ ആവശ്യങ്ങൾ അറിയിക്കാനും ശിഹാബിനെ കണ്ടു. വാർഡിലേക്കു വേണ്ട ശുദ്ധജലം വലിയ പാത്രത്തിൽ ചുമന്നു കൊണ്ടുവന്നു. ബാപ്പ ഡിസ്ചാർജ് ചെയ്തുപോകുന്ന ദിവസം വാഷ്‌റൂമിൽ ബ്ലാങ്കറ്റ് തിരിക്കിട്ട് അലക്കിയെടുക്കുന്നതു കണ്ടു. അടുത്ത ബെഡിലെ ചേച്ചിക്ക് പുതപ്പില്ല, വാങ്ങാൻ കാശുമില്ല. ഞാനിത് കൊടുത്തുപോകാമെന്നുവെച്ചു എന്നാണവൻ പറഞ്ഞത്. ശിഹാബാകാൻ സാധിക്കുന്നില്ലല്ലോ എന്നോർത്തു വേദനിച്ചു.
ശ്വാസംമുട്ടും ചുമയും പനിയുമുൾപ്പെടെ കോവിഡിന്റെ ശക്തമായ പ്രയാസത്തേക്കാൾ ഭാസ്‌കരേട്ടനെ അസ്വസ്ഥപ്പെടുത്തുന്നത് മറ്റെന്തൊക്കെയോ ആണെന്ന് വേഗം മനസ്സിലായി. ഓക്‌സിജൻ മാസ്‌ക് മാറ്റിയും കട്ടിലിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചും ആർക്കൊക്കെയോ വിളിക്കാൻ ശ്രമിക്കുന്ന ഭാസ്‌കരേട്ടനോട് ഒതുങ്ങിക്കിടക്കാൻ പറഞ്ഞ് അടുത്തുചെന്നപ്പോഴാണ് അദ്ദേഹം കണ്ണീരൊഴുക്കി മുറിഞ്ഞുവീഴുന്ന ശ്വാസത്തിൽ പറഞ്ഞുതീർത്തത്, മകന് മാനസികരോഗമാണ്. ഭാര്യക്ക് തനിയെ അവനെ നോക്കാൻ പറ്റില്ല. എനിക്കിവിടെ കിടക്കാൻ സമാധാനമില്ല. പിന്നീട് ഭാസ്‌കരേട്ടൻ തനിച്ചായില്ല. മൂത്രമൊഴിക്കാനും കഞ്ഞി കുടിക്കാനും മരുന്നു കഴിക്കാനുമെല്ലാം വാർഡിലെ കൂട്ടിരിപ്പുകാർ മാറിമാറിയെത്തി. ഭാസ്‌കരേട്ടൻ പതിയെ സുഖം പ്രാപിച്ചുവന്നു.
അറുപതു പിന്നിട്ട ലക്ഷ്മി എന്ന സ്ത്രീയോടൊപ്പം കൂട്ടുനിന്നത് മരുമകളാണ്. അമ്മയും മകളും പോലെ അവർ വർത്തമാനം പറഞ്ഞു. ലക്ഷ്മിയെ മരുമകൾ നന്നായി പരിചരിച്ചു. ഓക്‌സിജൻ മാസ്‌കിന് അവധികിട്ടുന്ന വൈകുന്നേരങ്ങളിൽ ലക്ഷ്മി മരുമകളുടെ മുടിചീകിക്കൊടുത്തു. അമ്മയുടെ അസുഖത്തിൽ ആ മരുമകൾ ആധിപൂണ്ടു. അമ്മ ആശ്വാസമായിരിക്കുമ്പോൾ അയൽബെഡുകളിലെ രോഗികളുടെ സുഖവിവരങ്ങളന്വേഷിച്ചെത്തി. ഞങ്ങൾ ആശുപത്രിയിൽനിന്നു വിടുന്നതിനു ദിവസങ്ങൾക്കു മുമ്പ് ഡിസ്ചാർജ് ചെയ്തുപോയ ആ അമ്മയും മരുമകളും നിത്യവും വിളിച്ച് ഉപ്പയുടെ സുഖവിവരങ്ങൾ ചോദിച്ചു. പിന്നെയൊരിക്കൽ ഇടവേളക്കു ശേഷമായിരുന്നു വിളി. ഉപ്പ പോയി എന്നു പറഞ്ഞതും ലക്ഷ്മിയമ്മ അയ്യോ അയ്യോ എന്നു കരഞ്ഞു.
ചാവക്കാട്ടുള്ള ഉമ്മയെയും മകളെയും വാർഡിലുള്ളവർ ശ്രദ്ധിക്കും. ആൺതുണയില്ലാത്തവരാണിവർ. ഉമ്മക്കു വേണ്ടി പ്രാപ്തിയോടെ കൂട്ടിരിക്കുന്ന ഇരുപതുകാരി മകൾ. കോവിഡിൽ ശ്വാസംമുട്ടി അപ്പുറത്തും ഇപ്പുറത്തും ആളുകൾ മരിക്കുമ്പോഴും കരുത്തോടെ ഉമ്മക്കു കൂട്ടിരുന്ന പെൺകുട്ടി. ആഴ്ചയിൽ രണ്ടു ഡയാലിസിസിനു വിധേയയാകുന്ന വൃക്കരോഗിയാണ് ഉമ്മ. ഗൾഫിൽ ടീഷോപ്പിൽ ജോലി ചെയ്യുന്ന ഉപ്പ നാട്ടിലെത്തിയിട്ടുണ്ട്. കോവിഡ് വാർഡിലായതിനാൽ ഭാര്യയെയും മകളെയും കണ്ടിട്ടില്ല. പക്ഷേ ആൺതുണകളില്ലെങ്കിലും ഉമ്മയെ പൊന്നുപോലെ നോക്കുന്നതിനൊപ്പം ഭാസ്‌കരേട്ടനുൾപ്പെടെ തൊട്ട ബെഡുകളിലെ രോഗികൾക്കു കൂടി സഹായമേകാൻ താത്പര്യം കാട്ടി അവൾ. രാഖി കെട്ടിയ പ്രമോദ് അച്ഛനൊപ്പമാണ് വാർഡിലെത്തിയത്. മറ്റു രോഗികൾക്കു വേണ്ടി അവനെപ്പോഴും ജാഗ്രതപൂണ്ടു. ആശുപത്രിയിലെ ദേശീയത, മതേതരമാണെന്ന് പ്രമോദ് ആവോളം തിരിച്ചറിഞ്ഞു. ഒരിക്കൽ അച്ഛനെ വീൽചെയറിലേക്കിരുത്താൻ ഓടിയെത്തിയ ശിഹാബിനെ പ്രമോദ് പിന്നൊരിക്കൽ കെട്ടിപ്പിടിക്കുന്നതു കണ്ടു.
ഇങ്ങനെ ഒരുപാട് മനുഷ്യരാണ് കോവിഡ് വാർഡിൽ. കൂട്ടിരിപ്പുകാർ ബെഡിനു ചാരെയും ചിലപ്പോൾ ബെഡിൽ തന്നെയും വിശ്രമിച്ചു. ചാവക്കാട്ടെ ഉമ്മയും മകളും ലക്ഷ്മിയമ്മയും മരുമകളുമുൾപ്പെടെ ഒരു ബെഡിൽ തന്നെ തൊട്ടുരുമ്മി കിടന്നു. സാമൂഹിക അകലവും സ്പർശമില്ലായ്മയുമൊക്കെ ആശുപത്രിക്കു പുറത്തുള്ള ലോകത്തെ മാത്രം കാര്യങ്ങളാണെന്ന പോലെ. ഒരു മീറ്റർ അകലത്തിലുള്ള ബെഡുകൾക്കു നടുവിൽ, അഥവാ രണ്ടു കോവിഡ് രോഗികൾക്കു നടുവിലാണ് കൂട്ടിരിപ്പുകാരുടെ ജീവിതം. അതുകൊണ്ടുതന്നെ ആദ്യദിവസത്തെ ആശങ്ക മാറുന്ന ബൈസ്റ്റാൻഡേഴ്‌സെല്ലാം കോവിഡ് മനുഷ്യരെ ചേർത്തുപിടിച്ചു ജീവിച്ചു. ആശുപത്രി വാർഡിൽ മാനവികത ഓരോ നിമിഷവും വിടർന്നുനിന്നു. മനുഷ്യരെ കണ്ട മനുഷ്യർ ദീർഘനിശ്വാസമയച്ചു. മനുഷ്യരോടൊപ്പമായിരിക്കണേ എന്നു പ്രാർഥിച്ചു.
കോവിഡ് വാർഡിൽനിന്നും സ്വകാര്യ ആശുപത്രിയിലെ മുറിയിലെത്തിയപ്പോൾ അവിടെ വീട്ടുകാരുടെ മാത്രം ലോകമാണ്, മൂകമാണ്, ശോകമാണ്. അവിടെ മനസ്സ് പൂക്കുന്ന കാഴ്ചകളൊന്നുമില്ല. രോഗിയുടെ വേദനകൾ കണ്ടു നെടുവീർപ്പിട്ടുറക്കം തൂക്കാം. ഇടക്കിടെ കിട്ടുന്ന മരുന്നു കുറിപ്പുകൾ നോക്കി കണ്ണുവിടർത്താം. റൗണ്ട്‌സിനു വരുന്ന ഡോക്ടർമാരും നഴ്‌സുമാരും മനുഷ്യർ തന്നെയെന്നു സമാധാനിക്കാൻ ശ്രമിക്കാം. എന്നാലും അവിടെ മനുഷ്യരുടെ ഗന്ധം പോലും ഡെറ്റോളൊഴിച്ച് ആശുപത്രി മണമാക്കിയിരുന്നതു പോലെ വീർപ്പുമുട്ടും.
അലി അക്ബർ