ഖുർആന്റെ അമാനുഷികത

വിശുദ്ധ ഖുർആൻ അവസാനത്തെ വേദഗ്രന്ഥമാണ്. അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ)ക്ക് 23 വർഷം കൊണ്ട് ഘട്ടം ഘട്ടമായാണ് ഈ ഗ്രന്ഥത്തിന്റെ അവതരണമുണ്ടായത്. ഖുർആന്റെ ആശയത്തെ പ്രയോഗവത്കരിച്ചു കാണിക്കുകയെന്നതും മന:പാഠമാക്കുന്നതിന് സൗകര്യമൊരുക്കുകയെന്നതും ഈ അവതരണ രീതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്.
ഖുർആൻ ദൈവിക ഗ്രന്ഥമാണെന്നത് അനിഷേധ്യമായ വസ്തുതയാണ്. നിരക്ഷരനായ, ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത, പഠനാവശ്യാർത്ഥം മക്കവിട്ട് യാത്ര ചെയ്തിട്ടില്ലാത്ത മുഹമ്മദ്(സ്വ) സാഹിത്യത്തിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ, ദൈവശാസ്ത്രം, ജീവശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി ചരിത്രം, കുടുംബം, സംസ്‌കരണം, രാഷ്ട്ര മീമാംസ ഉൾപ്പെടെ നാനാതരം വിജ്ഞാനങ്ങളുമടങ്ങിയ ഒരു മഹത്തായ ഗ്രന്ഥം എങ്ങനെ സ്വന്തമായി രചിച്ചു എന്ന അന്വേഷണം മാത്രം മതി ഇതിനു തെളിവ്. ആയിരത്തി അഞ്ഞൂറോളം വർഷങ്ങളായി ഒരു ശാസ്ത്രസത്യത്തിനും എതിരില്ലാതെ, ഒരു വൈരുധ്യം പോലും തെളിയിക്കാനാവാതെ, കാലികമായ എന്തെങ്കിലും തിരുത്താനോ എഡിറ്റിംഗിനോ വിധേയമാകാതെ കാലാതിവർത്തിയായി മുന്നേറുക തന്നെയാണ് വിശുദ്ധ ഖുർആൻ. അന്ത്യനാൾ വരെ നിലനിൽക്കുന്ന നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് കൂടിയാണ് ഈ ഗ്രന്ഥം.

എന്താണ് മുഅ്ജിസത്ത്?

തന്റെ പ്രവാചകത്വം തെളിയിക്കാൻ അല്ലാഹു നബിമാർക്ക് നൽകുന്ന അമാനുഷിക കാര്യങ്ങൾക്കാണ് മുഅ്ജിസത്ത് എന്നു പറയുന്നത്. ഒരു കാര്യം മുഅ്ജിസത്തായി പരിഗണിക്കാൻ അഞ്ചു നിബന്ധനകൾ പണ്ഡിതർ പറയുന്നുണ്ട്.
1) ആ കാര്യം അല്ലാഹുവിനു മാത്രം ചെയ്യാൻ സാധിക്കുന്നതായിരിക്കണം. സാധാരണ എല്ലാവരും ചെയ്യുന്ന ഒരു കാര്യത്തെ മുഅ്ജിസത്തായി അവതരിപ്പിക്കാൻ പറ്റില്ല. ഉദാഹരണത്തിന്, ഒരാൾ ചലിക്കുകയും നിശ്ചലനാവുകയും ചെയ്തുകൊണ്ട് ഇതാണ് തന്റെ പ്രവാചകത്വത്തിന് തെളിവെന്നു വാദിച്ചാൽ അംഗീകരിക്കപ്പെടില്ല.
2) പതിവിനു വിപരീതമായ കാര്യവുമായിരിക്കണം. സൂര്യനെ നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. അവനു മാത്രമേ അതു സാധിക്കൂ. എന്നാൽ സൂര്യൻ കിഴക്കു നിന്ന് ഉദിക്കുന്നതും പടിഞ്ഞാറ് അസ്തമിക്കുന്നതുമാണ് എന്റെ അമാനുഷിക പ്രവർത്തനം എന്നൊരാൾ വാദിച്ചാൽ അതും സ്വീകരിക്കപ്പെടില്ല. കാരണം അതിവിടെ പതിവായി നടക്കുന്ന കാര്യമാണ്. ഇയാൾ ജനിക്കുന്നതിനും മുമ്പേ സൂര്യൻ ഇപ്രകാരം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ട്.
3) പതിവിനു വിരുദ്ധമായ ഈ അമാനുഷിക സംഭവം പ്രകടിപ്പിച്ചുകൊണ്ട് നബിയാണെന്നു വാദിക്കുന്നയാൾ ഇത് അല്ലാഹുവിന്റെ സമ്മതവും ഇംഗിതവും പ്രകാരമാണ് സംഭവിക്കുന്നതെന്നും വാദിക്കണം.
4) ആ സംഗതി അദ്ദേഹം വാദിച്ചതു പോലെ തന്നെ സംഭവിക്കുകയും വേണം. മുഹമ്മദ് നബി(സ്വ) ഒരിക്കൽ കിണറിൽ തന്റെ ഉമിനീർ ചേർത്തപ്പോൾ വരണ്ട കിണർ നിറയെ ശുദ്ധജലം ഉണ്ടായി. ഇതറിഞ്ഞ കള്ളപ്രവാചകനായ മുസൈലിമ വെള്ളമുള്ള ഒരു കിണറിൽ തുപ്പി ഞാനും കിണർ നിറക്കുമെന്നു വാദിച്ചു. എന്നാൽ സംഭവിച്ചതു മറിച്ചാണ്. അയാൾ തുപ്പിയതോടെ ഉള്ള വെള്ളം കൂടി വറ്റിപ്പോയി. ഉടൻ ഇത് തന്റെ അമാനുഷികതയാണെന്നു വരുത്താൻ അയാൾ വൃഥാ ശ്രമിച്ചു നോക്കി. പക്ഷേ സമൂഹം അംഗീകരിച്ചില്ല.
5) പ്രവാചകരല്ലാത്ത മറ്റാർക്കും അതു പോലെ കൊണ്ടുവരാൻ സാധിക്കാത്ത കാര്യവുമായിരിക്കണം. എന്നാൽ പ്രവാചകന്മാരുടെ ചില മുഅ്ജിസത്തുകൾ അവരുടെ അനുയായികളായ ഔലിയാക്കളിലൂടെ പ്രകടമായേക്കാം. ഇതിന് കറാമത്ത് എന്നു പറയും. ഇത് തത്ത്വത്തിൽ ആ പ്രവാചകന്റെ മുഅ്ജിസത്തിന്റെ ഭാഗമാണെന്നു പറയാവുന്നതാണ് (തഫ്‌സീർ ഖുർതുബിയുടെ ആമുഖം കാണുക).

തെളിവുകൾ

ഖുർആൻ അമാനുഷികമായ അത്ഭുത ഗ്രന്ഥമാണെന്നതിന് നിരവധി തെളിവുകൾ നമുക്ക് സമർത്ഥിക്കാനാവും. ചിലതു മാത്രം ഇവിടെ സൂചിപ്പിക്കാം.

1. പാരായണ രീതി
ഹൃദ്യവും മധുരതരവുമായ പ്രത്യേക പാരായണ രീതി ഖുർആനെ മറ്റു മാനുഷിക ഗ്രന്ഥങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നു. ഗദ്യ രൂപമോ പദ്യ രൂപമോ അല്ല. ഖുർആനിനു മുമ്പോ ശേഷമോ ഈ ശൈലിയിലുള്ള ഒരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടില്ല. ഓരോ അക്ഷരവും സുവ്യക്തമാകും വിധം ആശയങ്ങൾ സ്പഷ്ടമാക്കി, ഹൃദയം തുളച്ച്, കാതുകളെ കുളിരണിയിച്ച്, രോമകൂപങ്ങളെ കോൾമയിർ കൊള്ളിച്ച് ഖുർആൻ വചനങ്ങൾ ഒഴുകിപ്പരക്കുമ്പോൾ എതിരാളികൾ പോലും അതിന്റെ മാസ്മരികതയിൽ അലിഞ്ഞു ചേർന്നതാണ് ഖുർആന്റെ ചരിത്രം.
നബി(സ്വ)യുടെ കഠിന ശത്രുവായിരുന്ന, ഒരുവേള ഊരിപ്പിടിച്ച വാളുമേന്തി നബിശിരസ്സെടുക്കാൻ ആക്രോശിച്ചിറങ്ങിയ ഉമർ(റ) തന്നെ സൂറത്തു ത്വാഹയുടെ ഏതാനും വരികൾ യാദൃച്ഛികമായി കേട്ടപ്പോൾ ഹൃദയത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു തീർത്ത സംഭവം സുപ്രസിദ്ധമാണ്.
ദൗസ് ഗോത്രത്തലവനായ തുഫൈലുബ്‌നു അംറ് മക്കയിലെത്തി. ഖുർആൻ കേട്ടവരൊക്കെ അതിൽ ആകൃഷ്ടരാവുന്ന അനുഭവമുള്ളതിനാൽ ഖുറൈശി പ്രമുഖർ അദ്ദേഹത്തെ സമീപിച്ച് മുന്നറിയിപ്പു നൽകി: താങ്കൾ മുഹമ്മദിന്റെ ഖുർആൻ കേൾക്കരുത്. നിങ്ങൾ വഴിതെറ്റും. അതിനാൽ ചെവിയിൽ ഈ തുണി തിരുകിവെച്ച് കഅ്ബലയം പ്രദക്ഷിണം ചെയ്യുക. തുഫൈൽ ഏതാനും ചുറ്റുകൾ അപ്രകാരം നടന്നു. പിന്നീടദ്ദേഹം ചിന്തിച്ചു: ഞാനെന്തിന് ചെവി പൊത്തണം? കേൾക്കുന്നതിന്റെ നേരും നെറിയും തിരിച്ചറിയാൻ എനിക്ക് വിവേചനശക്തിയില്ലേ!
ആ ശീല എടുത്തുകളഞ്ഞ് അദ്ദേഹം പ്രദക്ഷിണം പൂർത്തീകരിക്കാനാരംഭിച്ചു. ഉടനെ തന്റെ കാതുകളെ കുളിരണിയിച്ചുകൊണ്ട് തിരുനബി(സ്വ)യുടെ വശ്യസുന്ദരമായ ഖുർആൻ പാരായണം അദ്ദേഹം കേൾക്കാനിടയായി. പിന്നീടൊരു പ്രഖ്യാപനമായിരുന്നു: അല്ലാഹുവാണ് സത്യം, ഇത്ര മനോഹരവും നീതിയുക്തവുമായ ഒരു സംസാരവും ഞാൻ കേട്ടിട്ടില്ല. അവിടെ വെച്ചു തന്നെ തുഫൈൽ(റ) തന്റെ ഇസ്‌ലാം ആശ്ലേഷം പ്രഖ്യാപിച്ചു. തുടർന്ന് ഖുറൈശികളെടുത്ത നിലപാടിനെ ഖുർആൻ ഉദ്ധരിച്ചു: സത്യനിഷേധികൾ പറഞ്ഞു: നിങ്ങളീ ഖുർആൻ കേൾക്കരുത്. (അത് ഓതപ്പെടുമ്പോൾ) നിങ്ങൾ ബഹളമുണ്ടാക്കുക. നിങ്ങൾ വിജയിച്ചേക്കും (ഫുസ്സിലത് 26).

2. പദവിന്യാസം

ഖുർആനിൽ ഒരക്ഷരവും വെറുതെ വിന്യസിച്ചതായി കാണാൻ കഴിയില്ല. കൃത്യമായ ലക്ഷ്യവും സൂക്ഷ്മമായ ആശയവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അക്ഷരവിന്യാസം അത്ഭുതകരമാണ്. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കാം. സൂറത് മുഅ്മിനൂനയിൽ മഴ വെള്ളം വർഷിപ്പിച്ച് തോട്ടങ്ങളിൽ വിവിധ പഴവർഗങ്ങൾ വളരുന്നതിനെ പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ومنها تأكلون (നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുകയും ചെയ്യും). വാവ് എന്ന അക്ഷരമാണ് ഭക്ഷിക്കുകയും ചെയ്യും എന്ന അർത്ഥം നൽകുന്നത്. ഇതിന്റെ സാരം ഭൗതിക ലോകത്തെ പഴങ്ങൾ ഭക്ഷിക്കാൻ മാത്രമുള്ളതല്ല, വിൽപനയ്ക്കും വിത്തിനും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനുമെല്ലാം ഉപയോഗിക്കുമെന്നാണ്.
എന്നാൽ സൂറത് സുഖ്‌റുഫിൽ സ്വർഗത്തിലെ പഴങ്ങളെ കുറിച്ച് ഇതേ ശൈലിയിൽ പരാമർശിച്ചപ്പോൾ ഈ വാവ് ചേർക്കാതെ منها تأكلون എന്നാണ് കാണുന്നത്. അതിൽ നിന്നും നിങ്ങൾ ഭക്ഷിക്കും എന്നേ ഇതിനർത്ഥമുള്ളൂ. അഥവാ സ്വർഗീയ പഴങ്ങൾ വിൽക്കാനോ വിത്തിനോ മൂല്യവർധിത ഉൽപന്നങ്ങൾക്കോ ഉപയോഗിക്കില്ല. ഓരോ അക്ഷരത്തിനിടയിലും ഇത്ര വലിയ ആശയങ്ങൾ ഉൾച്ചേർത്ത് ഒരു ഗ്രന്ഥം രചിക്കാൻ നിരക്ഷരനായ മുഹമ്മദ് നബി(സ്വ)ക്ക് എങ്ങനെ സാധിച്ചു? അതിനാൽ ഇത് ദൈവിക ബോധനം തന്നെ.
സൂറത് ഫുസ്സിലത്തിൽ മരണാസന്നരായ മനുഷ്യരുടെ ചാരത്തേക്ക് മാലാഖമാർ ഇറങ്ങിവരുന്നതിനെ പറ്റി പരാമർശിച്ചുകൊണ്ട് تتنزل  എന്നു പ്രയോഗിച്ചു കാണാം. എന്നാൽ ഖദ്‌റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നത് പരാമർശിച്ച സൂറതുൽ ഖദ്‌റിൽ تنزل  എന്ന ഒരു താ മാത്രമാണുപയോഗിച്ചത്. ഇതിനു പിന്നിലും ചില താൽപര്യങ്ങളുണ്ട്. ആദ്യം പറഞ്ഞ ഇറങ്ങൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നതാണ്. കാരണം ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് മരണം നടന്നുകൊണ്ടിരിക്കുമല്ലോ. അപ്പോഴൊക്കെ മലക്കുകൾ ഇറങ്ങുന്നുണ്ടാവും. ഈ ആശയം പ്രകാശിപ്പിക്കാൻ തതനസ്സലു എന്നു തന്നെ പ്രയോഗിക്കണം. എന്നാൽ രണ്ടാമതു പറഞ്ഞത് വർഷത്തിൽ ഒരു തവണ മാത്രം ഖദ്‌റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നതിനെ സംബന്ധിച്ചാണ്. ആ ആശയം ലഭിക്കാൻ തനസ്സലു എന്നു മാത്രം പ്രയോഗിച്ചാൽ മതി. നിരക്ഷരനായൊരു വ്യക്തി ഇത്ര സൂക്ഷ്മമായി എങ്ങനെ ഇത്തരം സംഗതികൾ പാലിച്ചു കൊണ്ട് ഗ്രന്ഥ രചന നടത്തി? സാധ്യമല്ലതന്നെ. അതിനാൽ ഇത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു: ഇതിനു മുമ്പ് അങ്ങ് വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ അവിടത്തെ കരംകൊണ്ട് വല്ലതും എഴുതുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ പ്രശ്‌നകാരികൾക്ക് സംശയിക്കാൻ പഴുതുണ്ടാകുമായിരുന്നു (അൻകബൂത്ത് 48).

എഴുത്തിലുമുണ്ട് മഹാത്ഭുതം

അറബിയിൽ സാധാരണ نعمة  എന്ന് എഴുതുമ്പോൾ ഇവിടെ കാണിച്ചതു പോലെ മർബൂത്വതായ താ ആണ് ഉപയോഗിക്കാറുള്ളത്. ഖുർആനിൽ ചിലയിടങ്ങളിൽ نعمة എന്നും ചില സ്ഥലങ്ങളിൽ نعمت എന്ന് മഫ്തൂഹതായ താ ഉപയോഗിച്ചും എഴുതിയതു കാണാം.
ഖുർആനിൽ ഓരോ അക്ഷരം എഴുതേണ്ടതെങ്ങനെയെന്ന് ജിബ്‌രീൽ(അ) നിർദേശിച്ചത് നബി(സ്വ) വഹ്‌യ് എഴുത്തുകാർക്ക് വിശദീകരിച്ചുകൊടുത്തതനുസരിച്ചാണ് അവർ രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പോൾ ഒരേ അക്ഷരം വ്യത്യസ്ത രീതിയിൽ എഴുതിയതിന്റെ താൽപര്യത്തെ കുറിച്ച് പണ്ഡിതന്മാർ വിശകലനം നടത്തിയപ്പോൾ അതിനു പിന്നിലും വലിയ ആശയതലങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ (ت) ഉപയോഗിച്ച സ്ഥലത്തെല്ലാം പരാമർശിച്ച നിഅ്മത്ത് نعمت (അനുഗ്രഹം) ഏതെങ്കിലും വ്യക്തികൾക്കോ പരിമിതമായ ജനവിഭാഗത്തിനോ ഉള്ളതായിരിക്കും. എന്നാൽ نعمة എന്ന് എഴുതിയ സ്ഥലത്തുള്ള അനുഗ്രഹം പൊതുവിൽ എല്ലാവർക്കും ലഭിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. വീണ്ടും പറയട്ടെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഒരു വ്യക്തിക്ക് ഇങ്ങനെ രചനാ വൈഭവം പ്രകടിപ്പിക്കാനാകില്ല എന്നതു തന്നെ ഈ ഗ്രന്ഥം ദൈവികമാണെന്നു വിളിച്ചോതുന്നു.
പാഠപുസ്തകങ്ങൾ ഇടക്കിടക്ക് പരിഷ്കരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഒന്നുകിൽ അതിൽ പറഞ്ഞ ശാസ്ത്ര കാര്യങ്ങൾ തിരുത്തപ്പെടേണ്ടതായതു കൊണ്ടാവാം. അല്ലെങ്കിൽ പരാമർശിച്ച വിഷയങ്ങൾ വസ്തുതാപരമായി തെറ്റാണെന്നു തെളിഞ്ഞതു കൊണ്ടാവാം. അതുമല്ലെങ്കിൽ ഭാഷാ പ്രയോഗങ്ങൾ കാലികമല്ലാത്തതു കൊണ്ടായിരിക്കാം. കാൽ നൂറ്റാണ്ടു മുമ്പ് രചിക്കപ്പെട്ട ഒരു മലയാള പുസ്തകമെടുത്തു നോക്കൂ. അതിൽ തിരുത്തപ്പെടേണ്ട പ്രയോഗങ്ങൾ, ആശയങ്ങൾ, ശൈലികൾ നിറഞ്ഞു നിൽക്കുന്നതായി കാണാം. എന്നാൽ പരിശുദ്ധ ഖുർആനിൽ അത്തരത്തിലുള്ള ഒരു ന്യൂനതയും കണ്ടെത്താൻ ഒരു അറബി സാഹിത്യകാരനും സാധിക്കുകയില്ല. കാരണം ഇതു മനുഷ്യ നിർമിതമല്ലെന്നതു തന്നെ.

ചില കണ്ടെത്തലുകൾ

ആധുനിക ഗവേഷകന്മാർ കണ്ടെത്തിയ ചില കണക്കുകൾ അന്വേഷണത്തിനു വേണ്ടി ഇവിടെ സൂചിപ്പിക്കാം. ദിവസം എന്നർത്ഥമുള്ള ‘യൗം’ എന്ന പദം ഖുർആനിൽ 365 തവണ പരാമർശിച്ചിട്ടുണ്ടത്രെ. ഇത് ഒരു വർഷത്തിൽ 365 ദിവസങ്ങളാണെന്നതുമായി ഒത്തുവരുന്നു. ശഹ്ർ(മാസം) എന്ന പദം 12 തവണ ആവർത്തിച്ചിട്ടുണ്ട്. മാസങ്ങൾ പന്ത്രണ്ടാണെന്ന് ഇത് കുറിക്കുന്നു. (9) എന്ന് ബഹുവചനത്തിൽ പരാമർശിച്ചത് അഞ്ച് തവണയാണത്രെ. ദിവസം അഞ്ചു നേരമാണ് നിസ്‌കാരമെന്നത് വെറും യാദൃച്ഛികമാണോ!
ഇനി പരസ്പര വിരുദ്ധമായ പല പദങ്ങളും തുല്യ എണ്ണം ആവർത്തിച്ചതായി കാണാം.
(10)
വിശുദ്ധ ഖുർആനിന്റെ ഉള്ളറകളിലേക്കിറങ്ങുംതോറും അത്ഭുതങ്ങളുടെ കലവറകളാണ് നമുക്കു മുമ്പിൽ തുറക്കപ്പെടുന്നത്. മുൻവിധിയില്ലാതെ, സത്യം ഗ്രഹിക്കുകയും കണ്ടെത്തുകയും ചെയ്യണമെന്ന ആഗ്രഹത്തോടെ വിശുദ്ധ വേദത്തെ സമീപിക്കുക. നിങ്ങൾക്കും ഉറക്കെ പ്രഖ്യാപിക്കാനാവും; ഈ വിശുദ്ധ ഗ്രന്ഥം ദൈവികം തന്നെയാണെന്ന്.

റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

Exit mobile version