ഖുർആൻ പാരായണം വിശുദ്ധിയുടെ പരിശീലനത്തിന്

മാനവ സമൂഹത്തിന്റെ മോക്ഷത്തിന് വേണ്ടി അവതരിച്ച അന്ത്യവേദത്തിന്റെ ഏറ്റവും സുപരിചിതമായ നാമമാണ് ഖുർആൻ. പാരായണം എന്നാണ് ഖുർആൻ എന്ന പദത്തി നർഥം. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു വിന്റെ വചനങ്ങളെന്ന നിലയിൽ അത് പാരായണം ചെയ്യേണ്ടതും ആശയതലങ്ങൾ ഗ്രഹിച്ച് അതനുസരിച്ച് പ്രവർത്തിക്കേണ്ടതും ഓരോ ദാസനും അനിവാര്യമാണ്. അതാണ് മോക്ഷത്തിന്റെ വഴി. അതിലൂടെ മാത്രമാണ് ശാശ്വത വിജയം കൈവരിക്കാനാവുക. ‘നമ്മുടെ പക്കൽ നിന്ന് ഗ്രന്ഥം ലഭിക്കുകയും യഥാവിധി അതിന്റെ പാരായണം നിർവഹിക്കുകയും ചെയ്യുന്നവർ, അവരാണ് അതിൽ വിശ്വസിച്ചവർ. ആര് അതിൽ അവിശ്വസിച്ചുവോ അവർ തന്നെയാണ് നഷ്ടം സംഭവിച്ചവർ’ (ഖുർആൻ 2 / 121).
തിരുനബി(സ്വ)യുടെ നിയോഗവും വിശുദ്ധ ഖുർആനിന്റെ അവതരണവുമാണ് മാനവസമൂഹത്തിന് ലഭിച്ച വലിയ അനുഗ്രഹങ്ങൾ. ഖുർആൻ ഓതിക്കേൾപ്പിച്ചുകൊണ്ട് സമൂഹത്തെ സംസ്‌കരിക്കുക എന്നതായിരുന്നു തിരുനബി(സ്വ)യുടെ നിയോഗലക്ഷ്യങ്ങളിൽ പ്രധാനം. അല്ലാഹുവിന്റെ വചനം ഓതിക്കേൾപ്പിച്ചുകൊണ്ട് മാനവ സമൂഹത്തെ സംസ്‌കരിക്കുന്ന ഒരു ദൂതന്റെ നിയോഗത്തിനായി ഇബ്‌റാഹീം നബി(അ) നടത്തിയ പ്രാർഥനയുടെ ഫലം കൂടിയായിരുന്നു റസൂൽ(സ്വ)യുടെ ആഗമം. കഅ്ബയുടെ പുനർനിർമാണം പൂർത്തിയാക്കിയ ശേഷം ഇബ്‌റാഹീം നബി(അ)യും പുത്രൻ ഇസ്മാഈൽ നബി(അ)യും ചേർന്ന് നടത്തിയ പ്രാർഥനയിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘ഞങ്ങളുടെ നാഥാ, നിന്റെ വചനങ്ങൾ ഓതിക്കേൾപ്പിക്കുകയും വിശുദ്ധ ഗ്രന്ഥവും ജ്ഞാനവും പകർന്ന് നൽകി അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന അവരിൽ നിന്നു തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക് നീ നിയോഗിക്കേണമേ (ഖുർആൻ 2/129). തിരുനബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് ഖുർആൻ പറയുന്നതിപ്രകാരമാണ്: ‘അല്ലാഹു വിന്റെ വചനങ്ങൾ ഓതിക്കേൾപ്പിക്കുകയും സംസ്‌കരിക്കുകയും വിശുദ്ധ ഗ്രന്ഥവും ജ്ഞാനവും പകർന്നുനൽകുകയും ചെയ്യുന്ന ഒരു ദൂതനെ അവരിൽ നിയോഗിക്കുക വഴി സത്യവിശ്വാസികൾക്ക് മഹത്തായ അനുഗ്രഹമാണ് അല്ലാഹു ചെയ്തിരിക്കുന്നത്’ (3/164). ഖുർആൻ പാരായണവും പാഠനവും അത് മുഖേനയുള്ള സംസ്‌കരണവുമായിരുന്നു തിരുനബി(സ്വ)യുടെ നിയോഗത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഈ വചനം പഠിപ്പിക്കുന്നു. അങ്ങയുടെ രക്ഷിതാവിന്റെ ഗ്രന്ഥത്തിൽ നിന്ന് തങ്ങൾക്ക് സന്ദേശം നൽകപ്പെടുന്നത് പാരായണം ചെയ്യുക (18/27), ഈ ദേശത്തെ പവിത്രമാക്കിയ അതിന്റെ നാഥനെ ആരാധിക്കാനും മുസ്‌ലിമായി ജീവിക്കാനും ഖുർആൻ പാരായണം ചെയ്യാനും എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു (ഖുർആൻ 27/91,92) തുടങ്ങിയ വചനങ്ങളിലും ഇക്കാര്യം വിവരിച്ചിട്ടുണ്ട്.
നിയമങ്ങൾ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂർവം വായിക്കുന്നതാണ് പാരായണം. ആശയതലങ്ങൾ അറിയാത്തവരെ പോലും ആകർഷിക്കുന്ന അമാനുഷിക സിദ്ധി ഖുർആനിനുണ്ട്. ഖുർആൻ പാരായണവും ശ്രവണവും ഏതൊരു കഠിനഹൃദയനെയും മാറിച്ചിന്തിപ്പിക്കും. മനസ്സുകളെ അത് വിമലീകരിക്കും, ലോലമാക്കും. സംസ്‌കാരിക ഔന്നത്യത്തിലേക്ക് നയിക്കും.
അർഥതലങ്ങൾ മനസ്സിലാക്കിയും ആശയം ഗ്രഹിച്ചും പാരായണം ചെയ്യുമ്പോഴാണ് നേട്ടങ്ങൾ പൂർണമായും കൈവരിക്കാനാവുക. അർഥം അറിയാതെയും ആശയതലങ്ങൾ മനസ്സിലാക്കാതെയുമുള്ള കേവല പാരായണവും പുണ്യകരവും പ്രതിഫലാർഹവുമാണ്. അതുപോലും ആത്മസംസ്‌കരത്തിനുത കുന്നതാണ്. റസൂൽ(സ്വ) പറഞ്ഞു: തീർച്ച, ഖുർആൻ പാരായണം ചെയ്യുന്ന ഭവനങ്ങളിൽ ഐശ്വര്യമുണ്ടാകും. മലക്കുകളുടെ സാന്നിധ്യമുണ്ടാകും. പിശാചുക്കൾ അവിടം ഉപേക്ഷിച്ചുപോകും. നന്മനിറഞ്ഞ വീടായി അത് മാറും. ഖുർആൻ ഓതാത്ത വീടുകളിൽ പ്രയാസമുണ്ടാകും. മലക്കുകൾ കയ്യൊഴിയും. പിശാചുക്കൾ താവളമാക്കും. നന്മകുറഞ്ഞ ഭവനങ്ങളായിരിക്കുമവ’ (ദാരിമി). ബറാഅ് ബ്‌നു ആസിബ്(റ) പറഞ്ഞു: സ്വഹാബികളിലൊരാൾ അൽകഹ്ഫ് പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോൾ സമീപത്ത് കെട്ടിയിരുന്ന കുതിര തുള്ളാൻ തുടങ്ങി. ഖുർആൻ പാരായണം നിർത്തി പുറത്തിറങ്ങി നോക്കിയപ്പോൾ ഒന്നും കാണാൻ കഴിഞ്ഞില്ല. വീണ്ടും പാരായണം ആരംഭിച്ചപ്പോൾ അത് പഴയ പോലെ ആവർത്തിച്ചു. നേരം പുലർന്നപ്പോൾ തിരുനബി(സ്വ)യോട് അദ്ദേഹം സംഭവം വിവരിച്ചു. ഖുർആൻ പാരായണം ചെയ്യുന്നത് കേട്ട് സമാധാനവും കാരുണ്യവുമായി ഇറങ്ങിവന്ന മലക്കുകളെ കണ്ടതാണ് അതിനു കാരണമെന്നായിരുന്നു പ്രവാചകർ(സ്വ)യുടെ പ്രതികരണം (ബുഖാരി, മുസ്‌ലിം). ഖുർആൻ പാരായണം ചെയ്യുന്നിടങ്ങളിൽ മലക്കുകളുടെ സാന്നിധ്യമുണ്ടാകുമെന്നറിയിക്കുന്ന വേറെയും ഹദീസുകൾ കാണാം. ഖുർആനിന്റെ ആശയങ്ങൾ ഗ്രഹിച്ചുകൊണ്ടുള്ള പാരായണങ്ങളിലും കേവല പാരായണങ്ങളിലും മലക്കുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്നതാണ്. സജ്ജനങ്ങളുടെ സാമീപ്യം പോലും മനുഷ്യനെ സംസ്‌കരിക്കാൻ പര്യാപ്തമാണെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പാപസുരക്ഷിതരായ മലക്കുകളുടെ സാമീപ്യം മനുഷ്യനെ സംസ്‌കരിക്കാൻ എന്തുകൊണ്ടും പര്യാപ്തമാണല്ലോ.
രാത്രിയും പകലും യാത്രയിലും അല്ലാത്തപ്പോഴും നിർവഹിക്കേണ്ട ഒരു പുണ്യകർമമാണ് ഖുർആൻ പാരായണം. അതിലൂടെ മനസ്സിന് ശാന്തി ലഭിക്കുന്നു. മലക്കുകളുടെ പ്രാർഥനയും അനുഗ്രഹവും ലഭിക്കുന്നു. പൈശാചികോപദ്രവങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു. ഈമാൻ വർധിക്കുന്നു. ഖബ്ർ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കുന്നു. സർവോപരി പരലോകത്ത് വിശുദ്ധ ഗ്രന്ഥത്തിന്റെ ശിപാർശ ലഭിക്കുന്നു. അത് കൊണ്ടാണ് ഒരിക്കലും നഷ്ടമാവാത്ത വ്യാപാരമെന്ന് ഖുർആൻ അതിന്റെ പാരായണത്തെക്കുറിച്ച് പരാമർശിക്കുന്നത്.
‘അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നിസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവർ തീർച്ചയായും ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു വ്യാപാരമാണ് പ്രത്യാശിക്കുന്നത്’ (35/29).
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിന്റെ മഹത്ത്വത്തെക്കുറിച്ചും അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചും നബിവചനങ്ങളിൽ ധാരാളം പരാമർശമുണ്ട്. മനസ്സിന് ശാന്തി ലഭിക്കുന്നുവെന്നതാണ് ഭൗതികമായ പ്രധാന നേട്ടങ്ങളിലൊന്ന്. അല്ലാഹുവിന്റെ ദിക്‌റിലൂടെയാണ് വ്യാകുലമായ മനസ്സുകൾക്ക് ശാന്തി ലഭിക്കുന്നതെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്. റബ്ബിനെ സ്മരിക്കാൻ ഏറ്റവും ഉപയുക്തമായത് അവന്റെ വചനങ്ങളാണ്. അതിലൂടെ മനസ്സിന് ശാന്തി ലഭിക്കുന്നു. മനസ്സിന്റെ അസ്വാസ്ഥ്യങ്ങൾ നീങ്ങുന്നു. സമാധാനവും സന്തോഷവും ലഭിക്കുന്നു. ഒട്ടേറെ തിരുവചനങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ തിരുദൂതർ(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നിൽ ഒരു സംഘമാളുകൾ സംഗമിക്കുകയും അവന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും പഠന-പാഠന ത്തിലേർപെടുകയും ചെയ്താൽ അവരുടെ മേൽ സമാധാനം (സകീനത്ത്) ഇറങ്ങും. അല്ലാഹു വിന്റെ കാരുണ്യം അവരെ ആവരണം ചെയ്യും. മലക്കുകൾ അവർക്ക് ചുറ്റിലും കൂടും. അവരെക്കുറിച്ചു സമീപസ്ഥരായ മലക്കുകളോട് അല്ലാഹു പറയുകയും ചെയ്യും (മുസ്‌ലിം).
പിശാചിൽ നിന്നുള്ള സംരക്ഷണമാണ് ഖുർആൻ പാരായണത്തിലൂടെ ലഭ്യമാകുന്ന മറ്റൊരു നേട്ടം. അബൂഹുറൈറ(റ) നിവേദനം. നബി(സ്വ) അരുളി: നിങ്ങളുടെ ഭവനങ്ങളെ നിങ്ങൾ ശ്മശാനങ്ങളാക്കരുത്. തീർച്ച, സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന ഭവനങ്ങളിൽ നിന്ന് പിശാച് ഓടിപ്പോകുന്നതാണ് (മുസ്‌ലിം). ‘സൂറത്തുൽ ബഖറയുടെ അവസാന രണ്ട് വചനങ്ങൾ പാരായണം ചെയ്താൽ പ്രസ്തുത ഭവനത്തെ പിശാച് സമീപിക്കുകയില്ല (തുർമുദി). ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ പിശാചിൽ നിന്ന് രക്ഷ ലഭിക്കുമെന്നും അൽകഹ്ഫിലെ ആദ്യ / അവസാന വചനങ്ങൾ ദജ്ജാലുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷയാകുമെന്നും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
പാരത്രിക വിജയവും പുനരുത്ഥാന നാളിൽ ഖുർആൻ നടത്തുന്ന ശിപാർശയുമാണ് പാരായണത്തിലൂടെ ലഭിക്കുന്ന അതിപ്രധാന നേട്ടം. ഖുർആൻ പാരായണം പാരത്രിക ലോകത്തെ ഉന്നത വിജയത്തിനും സ്ഥാനമാനങ്ങൾക്കും ഹേതുകമാണ്. നബി(സ്വ) പറഞ്ഞു: പരലോകത്ത് വെച്ച് ഖുർആനിന്റെ ആളുകളോട് പറയും; ‘പാരായണം ചെയ്യൂ, ഉന്നതങ്ങളിലേക്ക് കയറൂ. ഐഹിക ലോകത്ത് വെച്ച് എപ്രകാരം നീ നിയമങ്ങൾ പാലിച്ച് സാവകാശം പരായണം ചെയ്തുവോ അപ്രകാരം സാവകാശം പരായണം ചെയ്ത് കൊള്ളുക. നീ പാരായണം അവസാനിപ്പിക്കുന്നയിടത്താണ് നിന്റെ സ്ഥാനം (അബൂദാവൂദ്, തുർമുദി).
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആ സ്വ്(റ) നിവേദനം. നബി(സ്വ) പറയുകയുണ്ടായി: തീർച്ച, വ്രതവും ഖുർആനും പുനരുത്ഥാന നാളിൽ അല്ലാഹുവിന്റെ ദാസന് ശിപാർശകരായി വരും. നോമ്പ് പറയും; നാഥാ, പകൽ മുഴുവനും അവന്റെ ഭക്ഷണപാനീയങ്ങൾ ഞാൻ നിഷേധിച്ചു. അതിനാൽ അവന്റെ കാര്യത്തിലുള്ള എന്റെ ശിപാർശ സ്വീകരിച്ചാലും. വിശുദ്ധ ഖുർആൻ പറയും; നാഥാ, രാത്രി ഞാന വനെ നിദ്രാവിഹീനനാക്കി. അതിനാൽ അവന്റെ കാര്യത്തിലുള്ള എന്റെ ശിപാർശ സ്വീകരിച്ചാലും. അങ്ങനെ അവയുടെ ശിപാർശ സ്വീകരിക്കപ്പെടും (അഹ്‌മദ്, ബൈഹഖി).
അദബുകൾ പാലിച്ച് നിയമാനുസൃതം പാരായണം ചെയ്യുമ്പോഴാണ് ഖുർആനോത്ത് കൊണ്ടുള്ള നേട്ടങ്ങളും പുണ്യങ്ങളും ലഭിക്കുക. പൂർണ ശുദ്ധിയോടെയാവണം ഖുർആൻ പാരായണത്തിനായി ഇരിക്കുന്നത്. വൃത്തിയുള്ള സ്ഥലം തിരഞ്ഞെടുക്കണം. പള്ളിയാണ് ഏറ്റവും ഉത്തമം. ഖിബ്‌ലക്ക് അഭിമുഖമായി ഭക്തിയാദരപൂർവം തല താഴ്ത്തി ഇരുന്നാണ് പാരായണം ചെയ്യേണ്ടത്. ഓതാൻ ആരംഭിക്കുന്നതിന് മുമ്പ് വായ വൃത്തിയാക്കണം. ദന്തശുദ്ധി വരുത്തണം. അഭിശപ്തനായ പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടണം. ബിസ്മികൊണ്ടാണ് തൗബ അല്ലാത്ത സൂറത്തുകളുടെ പാരായണം ആരംഭിക്കേണ്ടത്. നിയമങ്ങൾ പാലിച്ച് സാവകാശമായിരിക്കണം. അർഥം ചിന്തിച്ചും സാരം ഗ്രഹിച്ചും പാരായണം ചെയ്യണം. അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് പരാമർശിക്കുന്ന വചനങ്ങൾ ഓതുമ്പോൾ സന്തോഷപൂർവം അവന്റെ കാരുണ്യത്തിനായി യാചിക്കണം. ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്ന വചനങ്ങൾ പാരായണം ചെയ്യുമ്പോൾ ഭീതിയോടെ അതിൽ നിന്ന് രക്ഷ ചോദിക്കണം. താക്കീതുകളെക്കുറിച്ച് പരാമർശിക്കുന്ന വചനങ്ങളിലൂടെ കടന്നു പോകുമ്പോൾ അതേക്കുറിച്ച് ചിന്തിച്ചും തന്റെ വീഴ്ചകളോർത്തും കണ്ണീർവാർക്കണം. സജദയുടെ ആയത്തുകൾ പാരായണം ചെയ്താൽ സുജൂദ് നിർവഹിക്കണം. ഇടക്ക് സംസാരിക്കുകയോ കളിചിരികളിൽ ഏർപ്പെടുകയോ ചെയ്തുകൂടാ.
ഉന്മേഷമുള്ള സമയത്താണ് പാരായണം ചെയ്യേണ്ടത്. ഉന്മേഷം നഷ്ടമായാൽ തിരിച്ചുകിട്ടുന്നത് വരെ പാരായണം നിർത്തിവെക്കുകയാണ് വേണ്ടത്. ‘ഉന്മേഷവും മനസ്സാന്നിധ്യവുമുള്ള സമയം ഖുർആൻ പാരായണം ചെയ്യുകയും മുഷിപ്പ് തോന്നിയാൽ പാരായണം നിർത്തിവെക്കുകയും ചെയ്യണമെന്ന് തിരുനബി(സ്വ) ഓർമപ്പെടുത്തിയിട്ടുണ്ട് ( ബുഖാരി). മധുരമായ ശബ്ദത്തിലാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. എന്നാൽ സംഗീതമായി ആലപിക്കരുത്. മിതമായ ശബ്ദത്തിൽ പാരായണം ചെയ്യണം. നിസ്‌കരിക്കുന്നവർക്കോ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകും വിധം ഉച്ചത്തിൽ പാരായണം ചെയ്യരുത്. നബി(സ്വ) അരുളി: നിങ്ങളെല്ലാവരും അല്ലാഹുവിനെ സംബോധന ചെയ്യുന്നവരാണ്. അതിനാൽ നിങ്ങളിൽ ചിലർ മറ്റു ചിലർക്ക് പ്രയാസം സൃഷ്ടിക്കരുത്. ചിലർ മറ്റു ചിലരെക്കാൾ ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുകയുമരുത് (അബൂദാവൂദ്).
ഖുർആൻ ആദ്യാവസാനം പാരായണം ചെയ്തുകഴിഞ്ഞാൽ പ്രാർഥിക്കുകയും അടുത്തത് ആരംഭിക്കുകയും വേണം. നൈപുണ്യത്തോടെ ഖുർആൻ പാരായണം നടത്തുന്നവർ സന്ദേശവാഹകരും ( സഫറത്) മാന്യന്മാരും പുണ്യാത്മാക്കളുമായ (കിറാമുൻ ബററ) മലക്കുകളുടെ കൂടെയായിരിക്കുമെന്നും വൈഷമ്യങ്ങൾ സഹിച്ച് വിക്കിവിക്കി പാരായണം ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലമുണ്ടെന്നും റസൂൽ(സ്വ) അരുളിയിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). വിശുദ്ധ ഖുർആനിന്റെ പാരായണം മനുഷ്യനെ മലക്കുകളുടെ വിതാനത്തിലേക്കുയർത്തുമെന്ന് ഈ വചനം വ്യക്തമാക്കുന്നു. അതിനാൽ ഖുർആൻ പാരായണക്കാർ ഉത്തമ സ്വഭാവത്തിനുടമകളായിരിക്കേണ്ടതുണ്ട്.
ഈസബ്‌നു യൂനുസ്(റ) പറഞ്ഞു: ‘ഒരു ദാസൻ ഖുർആൻ ആദ്യാവസാനം പാരായണം ചെയ്താൽ അവന്റെ ഇരുനയനങ്ങൾക്കുമിടയിൽ മലക്കുകൾ ചുംബനമർപ്പിക്കും. അതിനാൽ ഖുർആനായിരിക്കണം പിന്നീടവന്റെ മനസ്സിന്റെ വസന്തം.’ അധാർമിക പ്രവണതകൾകൊണ്ട് നാശോന്മുഖമായ മനസ്സിനെ നന്മകൾ കൊണ്ട് സജീവമാക്കണം. ഖുർആൻ പരിചയപ്പെടുത്തുന്ന സംസ്‌കാരവും മര്യാദകളും സ്വീകരിക്കണം. ഖുർആൻ പാരായണം ചെയ്യാത്തവരിൽ നിന്ന് തന്നെ വ്യതിരിക്തനാക്കുന്ന ഉത്തമ സ്വഭാവ ഗുണങ്ങൾ അവനിലുണ്ടാവണം. രഹസ്യമായും പരസ്യമായും അല്ലാഹുവിന് തഖ്‌വയുള്ളവനാവുക, അവന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കുക എന്നതാണ് അതിൽ പ്രധാനം.
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിലെല്ലാം ആത്മനിയന്ത്രണം വേണം. അനുവദനീയവും നിയമാനുസൃതമായതുമല്ലാതെ സ്വീകരിക്കരുത്. ജീവിക്കുന്ന കാലത്തെക്കുറിച്ചും അക്കാലത്തെ ജനങ്ങളുണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. മതപരമായ വിഷയങ്ങളിൽ അവരുണ്ടാക്കിയേക്കാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ജാഗ്രത്തായിരിക്കണം. എപ്പോഴും ജീവിത വിജയത്തിന് ആവശ്യമായ കാര്യങ്ങളിൽ വ്യാപൃതനാകാൻ ശ്രമിക്കണം. നഷ്ടമായ പുണ്യങ്ങൾ വീണ്ടെടുക്കു ന്നതിലായിരിക്കണം മുഴു ശ്രദ്ധയും.
നാവിനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വിവേചന പൂർവം മാത്രമേ സംസാരിക്കാവൂ. ഹിതകരമെങ്കിൽ യാഥാർഥ്യബോധത്തോടെ സംസാരിക്കണം. ഹിതകരമല്ലങ്കിൽ യാഥാർഥ്യബോധത്തോടെ തന്നെ മൗനം പാലിക്കണം. അനിവാര്യമല്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്. ശത്രുവിനെ ഭയക്കുന്നതിലേറെ സ്വന്തം നാക്കിനെ ഭയക്കണം. ശത്രുവിനെ തടഞ്ഞുവെക്കുന്നത് പോലെ തന്റെ നാവിന് വിലക്കേർപ്പെടുത്തണം. എങ്കിലേ അതുണ്ടാക്കുന്ന വിപത്തുകളിൽ നിന്നും അതിന്റെ അനന്തരഫലമായുണ്ടാകുന്ന കുഴപ്പങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കൂ.
അൽപം മാത്രമേ ചിരിക്കാവൂ. ചിരിയുടെ പര്യാവസാനം ഒട്ടും ഗുണകരമായതല്ലെന്ന തിരിച്ചറിവ് വേണം. യാഥാർഥ്യത്തോട് യോജിക്കുന്ന വല്ല കാര്യവും അവനെ സന്തോഷിപ്പിക്കുന്നുവെങ്കിൽ പുഞ്ചിരിക്കുക മാത്രം ചെയ്യുക. തമാശ പറയുന്നതിനോട് കൂടുതൽ താൽപര്യം കാണിക്കരുത്. അതൊരു പാഴ്‌വേലയാകുമോ എന്ന ഭീതി വേണം. പറയുന്നപക്ഷം ഉള്ളത് മാത്രമേ പറയാവൂ. പ്രസന്നമായ മുഖത്തോടെയായിരിക്കണം എപ്പോഴും ആളുകളോട് ഇടപഴകുന്നത്. ഹൃദ്യമായി സംസാരിക്കണം. സ്വന്തം വൈശിഷ്ട്യങ്ങൾ പറഞ്ഞുകൊണ്ട് ആത്മപ്രശംസ നടത്തരുത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആളാകാൻ ശ്രമിക്കുകയുമരുത്.
ദേഹേച്ഛക്ക് അടിമപ്പെട്ട് യജമാനനായ അല്ലാഹുവിന്റെ കോപത്തിന് വിധേയനാകുന്നതിൽ നിന്ന് ജാഗ്രത്തായിരിക്കണം. റബ്ബിന്റെ സൃഷ്ടികളിൽ ഒന്നിനെയും നിസ്സാരമായി കാണരുത്. കുറ്റപ്പെടുത്തരുത്. ആക്ഷേപിക്കുകയുമരുത്. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ സന്തോഷം കാണിക്കരുത്. ആരെയും ഉപദ്രവിക്കരുത്. ആരോടും അസൂയവെക്കരുത്. ഒരാളെക്കുറിച്ചും ചീത്തവിചാരം പാടില്ല. അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്ന് തന്റെ മുഴുവൻ അവയവങ്ങളെയും സംരക്ഷിക്കണം. തന്റെ നാക്കിൽ നിന്നും കരങ്ങളിൽ നിന്നും ജനം രക്ഷപ്പെടാൻ പരമാവധി പരിശ്രമം വേണം. ജനങ്ങളോട് അവിവേകമായും സംസ്‌കാര ശൂന്യമായും പെരുമാറരുത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് വിവേകരഹിതമായ വല്ലതും സംഭവിച്ചാൽ സഹനം കൈകൊള്ളണം. അക്രമിക്കരുത്. അക്രമിച്ചവന് മാപ്പ് നൽകണം. ഉപദ്രവിച്ചവനോട് ക്ഷമിക്കണം. അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ദേഷ്യം അടക്കിവെക്കണം.
സ്വയം താഴ്മ കാണിക്കണം. തന്നെക്കാൾ ചെറിയവരോ വലിയവരോ എന്ന് നോക്കാതെ സത്യം ആര് പറഞ്ഞാലും സ്വീകരിക്കണം. അല്ലാഹുവിൽ നിന്നുള്ള ഔന്നത്യം തേടണം. സൃഷ്ടികളിൽ നിന്ന് ഔന്നത്യം ആവശ്യപ്പെടരുത്. അസൂയവെക്കുന്നതിനോട് കഠിന വെറുപ്പായിരിക്കണം. തന്നിൽനിന്ന് അസൂയ വന്നുപോകുമോ എന്ന ഭീതിയുണ്ടായിരിക്കണം. ഖുർആനെ ഉപജീവന മാർഗമായി കാണരുത്. കാര്യസാധ്യത്തിനുള്ള ഉപാധിയായി തിരഞ്ഞെടുക്കുകയുമരുത്. ജനങ്ങളെല്ലാം നേരും നെറിയും നോക്കാതെ ധാരാളമായി സമ്പാദിച്ചു കൂട്ടുമ്പോൾ അനുവദനീയ മാർഗത്തിലൂടെ നിയമാനുസൃതം അൽപം മാത്രം സമ്പാദിക്കുക എന്നതായിരിക്കണം ഖുർആൻ പാരായണക്കാരുടെ രീതിശാസ്ത്രം.
ജനങ്ങൾ ധൂർത്തായ വസ്ത്രങ്ങൾ ധരിക്കുമ്പോൾ അനുവദനീയ മാർഗത്തിലൂടെ ലഭിച്ച നഗ്നത മറക്കുന്ന വസ്ത്രം ധരിക്കുക എന്നതായിരിക്കണം ഖുർആൻ പാരായണം ചെയ്യുന്നവരുടെ ലക്ഷ്യം. സാമ്പത്തിക അഭിവൃദ്ധിയുണ്ടായാൽ ഉള്ളതിനനുസരിച്ചും ദാരിദ്ര്യം അനുഭവപ്പെട്ടാൽ അരിഷ്ടിച്ചും ജീവിക്കാൻ കഴിയണം. ഉള്ളത് എത്ര കുറച്ചാണങ്കിലും അതിൽ സംതൃപ്തനാകണം. ഖുർആനിലും തിരുസുന്നത്തിലും നിർദേശിച്ചിട്ടുള്ള കടമകളും ബാധ്യതകളും നിറവേറ്റണം. ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വസ്ത്രം ധരിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും ഇണയുമായി സന്ധിക്കുന്നതും കൂട്ടുകാരോട് പെരുമാറുന്നതും അവരെ സന്ദർശിക്കുന്നതും സലാം പറയുന്നും അയൽക്കാരോട് ഇടപഴകുന്നതുമെല്ലാം വസ്തുനിഷ്ഠമായ അറിവിന്റെ അടിസ്ഥാനത്തിലായിരിക്കണം.
മാതാപിതാക്കളോട് എപ്പോഴും നല്ലനിലയിൽ വർത്തിക്കണം. അവർക്ക് മുന്നിൽ വിനയാന്വിതനാവണം. ശബ്ദം താഴ്ത്തി സൗമ്യമായി മാത്രമേ അവരോട് സംസാരിക്കാവൂ. അവരുടെ ആവശ്യങ്ങൾ വേഗത്തിൽ നിവർത്തിച്ചുകൊടുക്കണം. ബഹുമാനാദരവുകളോടെയും കാരുണ്യത്തോടെയുമായിരിക്കണം അവരെ അഭിമുഖീകരിക്കുന്നത്. അവരുടെ ആയുരാരോഗ്യത്തിനായി പ്രാർഥിക്കണം. വാർധക്യസമയത്ത് കൃതജ്ഞയോടെ അവരെ പരിപാലിക്കണം. അവരുടെ കാര്യത്തിൽ മുഷിപ്പ് തോന്നരുത്. അവഹേളിക്കയുമരുത്. നല്ല കാര്യത്തിന് സഹായം തേടിയാൽ സാധ്യമായ സഹായം ചെയ്തുകൊടുക്കണം. തെറ്റായ കാര്യത്തിന് അവരെ സഹായിക്കരുത്. അവരിൽ നിന്ന് തെറ്റായ വല്ല കാര്യവുമുണ്ടാകുന്നപക്ഷം സൗമ്യമായും ബഹുമാനാദരവുകൾ പാലിച്ചുകൊണ്ടും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണം.
കുടുംബബന്ധം നിലനിർത്തണം. ബന്ധം തകർക്കുന്നത് അംഗീകരിച്ചു കൊടുത്തുകൂടാ. അപരൻ ബന്ധം വിച്ഛേദിച്ചാൽ പോലും നാം അതിന് തുനിയരുത്. സത്യവിശ്വാസികളോട് സമ്പർക്കം പുലർത്തണം. അവരുടെ കൂടെയിരിക്കാൻ സമയം കണ്ടെത്തണം. തെറ്റു ചെയ്തവനെ വിശുദ്ധനാക്കുകയോ നാണം കെടുത്തുകയോ അരുത്. എല്ലാ കാര്യങ്ങളിലും സത്യവിശ്വാസികൾക്ക് കൂട്ടായിരിക്കണം. ക്ഷമാപൂർവം അവരെ നന്മ അഭ്യസിപ്പിക്കണം. കൂടെയുള്ളവർക്ക് സന്തോഷം പകരുന്ന സൗമ്യമായ പെരുമാറ്റമായിരിക്കണം. കൂടെയുള്ളവരോട് ഖുർആനും സുന്നത്തും നിർദേശിക്കുന്ന മര്യാദകൾ പാലിച്ചായിരിക്കണം പെരുമാറ്റം. വല്ല ആപത്തും സംഭവിച്ചാൽ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും മാർഗനിർദേശം സ്വീകരിക്കണം. ദുഃഖം, കരച്ചിൽ, ക്ഷമ, ശുചീകരണം, നിസ്‌കാരം, സകാത്ത്, ദാനധർമങ്ങൾ, വ്രതം, ഹജ്ജ്, സമ്പാദനം, ധനവിനിയോഗം തുടങ്ങി ഏതുകാര്യം ചെയ്യുമ്പോഴും അവയുടെ മര്യാദകൾ മനസ്സിലാക്കിയിരിക്കണം. ഖുർആൻ പാരായണം ചെയ്യുന്ന വിവേകശാലിയായ സത്യവിശ്വാസി വിശുദ്ധ ഖുർആനിൽ നിന്ന് കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തുകയാണ് ചെയ്യുക. അതിന് കഴിയാത്തവർ ജ്ഞാനികളുടെ സഹായം തേടണം. ഖുർആൻ അവർക്ക് മുന്നിൽ ഒരു കണ്ണാടി പോലെയാണ്. തന്റെ പ്രവർത്തനങ്ങളിൽ നല്ലതും ചീത്തയുമെല്ലാം അതിലവൻ കാണും. അതിൽ തന്റെ യജമാനൻ താക്കീത് ചെയ്ത കാര്യങ്ങൾ വരാതെ സൂക്ഷിക്കും. ഭയപ്പെടുത്തിയ കാര്യങ്ങൾ വന്നുപോകുമോ എന്ന ഭീതിയുണ്ടാകും. പ്രേരണ നൽകിയ കാര്യങ്ങളിൽ തൽപരനാകണം. ഇപ്രകാരമോ ഇതിനോട് എതാണ്ട് സാമ്യമായതോ ആണ് ഒരാളുടെ സ്വഭാവ വിശേഷണങ്ങളെങ്കിൽ അവന്റെ പാരായണം യാഥാർഥ്യബോധത്തോടെയുള്ളതാണ്. ഖുർആനിന് അർഹിക്കുന്ന പരിഗണന നൽകിയവനാണവൻ. ഖുർആൻ അവന് സാക്ഷിയായി വർത്തിക്കും. അവന് വേണ്ടി ശിപാർശ ചെയ്യും. രക്ഷാകവചമൊരുക്കും. സ്വന്തത്തിനും കുടുബത്തിനും ഉപകാരപ്പെടും. മാതാപിതാക്കൾക്കളുടെയും സന്താനങ്ങളുടെയും ഐഹികവും പാരത്രികവുമായ സകല നന്മകൾക്കും അത് കാരണമാകും (അഖ്‌ലാഖു അഹ്‌ലിൽ ഖുർആൻ 77, 80).
വിശുദ്ധ ഖുർആനിൽ ആവർത്തിച്ചു പ്രതിപാദിക്കുന്ന വിഷയങ്ങളിലൊന്ന് അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളാണ്. ഖുർആൻ പാരായണം ചെയ്യുന്നവർക്കുണ്ടായിരിക്കേണ്ട മര്യാദകളിൽ ഏറ്റവും സവിശേഷമായിട്ടുള്ളത് പ്രസ്തുത വിശേഷങ്ങൾ സ്വാംശീകരിക്കുക എന്നതത്രെ. അതിലൂടെയാണ് മനുഷ്യന് ഔന്നത്യം ലഭിക്കുക. പ്രവാചകർ(സ്വ)യുടെ സമ്പൂർണ വ്യക്തിത്വത്തിനും മഹത്ത്വത്തിനും നിദാനം അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളുടെ സ്വാംശീകരണമായിരുന്നു. അവിടത്തെ സ്വഭാവ വിശേഷണങ്ങളെക്കുറിച്ച് പത്‌നി ആഇശ(റ) പറഞ്ഞത് തിരുനബി(സ്വ)യുടെ സ്വഭാവം വിശുദ്ധ ഖുർആനായിരുന്നുവെന്നാണല്ലോ. വിശുദ്ധ വേദം സാധിക്കുന്ന സ്വഭാവ രൂപീകണം കൂടിയാണിത് കുറിക്കുന്നത്.

ഇസ്ഹാഖ് അഹ്‌സനി

Exit mobile version