രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത് ‘ഹിന്ദു രാഷ്ട്ര’മാണെന്നാണ് അവര്‍ ആണയിട്ടുവരുന്നത്. നരേന്ദ്രമോദി എന്ന ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും രാജ്നാഥ് സിങ് എന്ന ആഭ്യന്തര മന്ത്രിയും ആര്‍എസ്എസ്സിന്‍റെ മാതൃകാ സ്വയംസേവകരാണെന്ന കാര്യത്തില്‍ ഒരു ആര്‍എസ്എസുകാരനും സംശയമില്ല. ഈ സ്വയം സേവകര്‍ ഭരണം കയ്യാളുന്ന ഇന്ത്യന്‍ സര്‍ക്കാറിനോട് ബുദ്ധിമാനായ ഒരിന്ത്യന്‍ പൗരന്‍ വിവരാവകാശ നിയമ പ്രകാരം ഒരു ചോദ്യമുന്നയിച്ചു: എന്താണ് ‘ഹിന്ദു’ എന്ന പദത്തിന്‍റെ അര്‍ത്ഥം? അതിന് കേന്ദ്ര ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടി ‘അറിയില്ല’ എന്നതായിരുന്നു.
ഹിന്ദുരാഷ്ട്രവാദികളായ സ്വയംസേവകര്‍ നാടുവാഴുമ്പോള്‍ ഹിന്ദു എന്ന വാക്കിന് അര്‍ത്ഥം അറിയില്ലെന്ന മറുപടിയുണ്ടായത് വളരെ ചിന്തനീയമാണ്. ഈ പ്രശ്നത്തിന്‍റെ വിവിധ വശങ്ങളിലേക്ക് ഇവിടെ വിസ്താരഭയം കൊണ്ട് പ്രവേശിക്കുന്നില്ല. തല്‍ക്കാലം നമുക്ക് കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടി മുഖവിലക്കെടുക്കാം.
‘ഹിന്ദു’ എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ല എന്ന നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ മറുപടി മുഖവിലക്കെടുത്താല്‍ ആര്‍എസ്എസിനോട് മറുചോദ്യം ചോദിക്കേണ്ടി വരുന്നു; അര്‍ത്ഥമെന്തെന്ന് പോലും നിങ്ങള്‍ക്കറിയാത്ത ഒരു പദത്തിന്‍റെ പേരില്‍ ‘രാഷ്ട്രം’ സ്ഥാപിക്കുക എന്ന വങ്കത്തമാണോ വമ്പന്‍ പ്രത്യയശാസ്ത്രമായി നിങ്ങള്‍ ഉദ്ഘോഷിക്കുന്നത്? ഇതിനുള്ള മറുപടി അങ്ങേയറ്റത്തുള്ള മോഹന്‍ ഭാഗവതും നരേന്ദ്ര മോദിയും വരെ ഉള്‍പ്പെടുന്നതും ഇങ്ങേയറ്റത്തു ശശികല ടീച്ചറും കുമ്മനം രാജശേഖരനും വരെ ഉള്‍പ്പെട്ടിരിക്കുന്നതുമായ ‘സംഘി’ നേതാക്കള്‍ അവരുടെ സൗകര്യം പോലെ സത്യദ്രഷ്ടാക്കളും സത്യാന്വേഷകരുമായ മഹര്‍ഷിമാരുടെ ജീവിതം പൊതു പാരമ്പര്യമായുള്ള ഇന്ത്യക്കാരോട് പറയട്ടെ.
പക്ഷേ, ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ‘ഹിന്ദുരാഷ്ട്രം’ ഏതു തരത്തിലുള്ളതായിരിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടപ്പോഴേക്കും തലയ്ക്കകത്ത് ആള്‍പ്പാര്‍പ്പുള്ള എല്ലാ ഭാരതീയര്‍ക്കും ബോധ്യമായി കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊന്ന ഗോദ്സെ എന്ന സസ്യാഹാര ശീലനായ ബ്രാഹ്മണനെ രാഷ്ട്ര ഭക്തനും നാല്‍ക്കാലിയായ പശുവിനെ ഇരുകാലികളായ മനുഷ്യരുടെ അമ്മയായി കരുതുന്നതുമായ ഒന്നായിരിക്കും ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം എന്നു യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, സാധ്വി നിരഞ്ജന്‍ ജ്യോതി, സാധ്വി പ്രാചി, പ്രവീണ്‍ ഭായ് തൊഗാഡിയ എന്നിവര്‍ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. കാരണം സാക്ഷി മഹാരാജ് എന്ന ബിജെപി എംപി ഇന്ത്യന്‍ പാര്‍ലിമെന്‍റില്‍ പറഞ്ഞു; ‘ഗാന്ധി ഘാതകനെങ്കിലും ഗോദ്സെ ദേശഭക്തനാണെന്ന്.’ ഗാന്ധി ഘാതകനെ ദേശഭക്തനായി കാണുന്നവര്‍ വിഭാവനം ചെയ്യുന്ന ‘ഹിന്ദു രാഷ്ട്രം’ ഗാന്ധിജിയെ പോലുള്ള വിശ്വാദരണീയരായ ഹിന്ദുക്കള്‍ക്കു പോലും ജീവിക്കാന്‍ അനുവാദമില്ലാത്തതും ഗോദ്സെയെ പോലുള്ളവര്‍ക്ക് യഥേഷ്ട വിഹാരത്തിനനുവാദമുള്ളതും ആയിരിക്കും എന്നു തീര്‍ച്ച.
ഗോദ്സെയെ പോലുള്ള ഹിന്ദുരാഷ്ട്ര വാദികള്‍ സ്വച്ഛന്ദവിഹാരം ചെയ്യുന്ന രാഷ്ട്രമായി ഇന്ത്യാ മഹാരാജ്യം മാറിയാല്‍ അവിടെ എന്തൊക്കെ സംഭവിക്കാം എന്നതിന്‍റെ ദുരന്തസാക്ഷ്യമാണ് മുഹമ്മദ് അഖ്ലാഖ് എന്ന വൃദ്ധനു ഉത്തര്‍പ്രദേശിലെ ദാദ്രി എന്ന ഗ്രാമത്തില്‍ വെച്ച് നിഷ്ഠൂരമായി കൊലയ്ക്കിരയാകേണ്ടി വന്ന സംഭവം. അഖ്ലാഖ് പശു ഇറച്ചി ഭക്ഷിച്ചു എന്ന് ചില സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് തോന്നി. പശു അവരുടെ അമ്മയായതിനാല്‍ അമ്മയെ തിന്നുന്നവനെ തല്ലിക്കൊല്ലാന്‍ മക്കള്‍ തീരുമാനിച്ചു. തീരുമാനം നടപ്പാക്കി! പശുവിറച്ചി തിന്നുന്നവരെ തല്ലിക്കൊല്ലുക തന്നെ വേണമെന്നാണ് ഈ മനുഷ്യത്വ രഹിതമായ വിവാദ നടപടിയോട് പ്രതികരിച്ചുകൊണ്ട് യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ്, സാധ്വി പ്രാചി തുടങ്ങി ബിജെപി എംപിമാര്‍ പ്രതികരിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ അഖ്ലാഖ് സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്നും പശു ഇറച്ചിയല്ലെന്നും തെളിഞ്ഞു. ഒപ്പം സംഗീത് സോം എന്ന ബിജെപി എംഎല്‍എ തന്നെ ഒരു മാംസ സംസ്കരണ ഫാക്ടറിയുടെ ഉടമസ്ഥനാണെന്ന വിവരവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ദൗര്‍ഭാഗ്യകരം എന്ന പരാമര്‍ശത്തിനപ്പുറം നരേന്ദ്രമോദി ദാദ്രി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷക്ക് ഉത്തരവിട്ടിട്ടില്ലെന്നതു ശ്രദ്ധേയം.
മാട്ടിറച്ചി തിന്നവനെ തല്ലിക്കൊല്ലണം എന്നാക്രോശിച്ച എംപിമാര്‍ക്കു നേരെയോ മാട്ടിറച്ചി കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്ന എംഎല്‍മാര്‍ക്കു നേരെയോ ‘കമാ’ എന്നൊരക്ഷരം ഉരിയാടുവാന്‍ അമിത്ഷാ എന്ന ബിജെപി നേതാവും തയ്യാറായില്ല.
ഇതെല്ലാം തെളിയിക്കുന്നത് ഗോവിനെ മാതാവായി കരുതുന്ന ഗോദ്സെമാരെപ്പോലുള്ള രാഷ്ട്ര ഭക്തരുടെ രാഷ്ട്രമാണ് സംഘപരിവാരം വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം എന്നാണ്. ഗോദ്സെ പൂജയും ഗോപൂജയും പ്രധാനമായി കരുതുന്ന ഹിന്ദുരാഷ്ട്രമായി സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ മാറ്റിയെടുക്കുവാനുള്ള ആസൂത്രിതമായ നടപടികളെ വ്യാസവിശാല ഭാരതീയതയെ മാനിക്കുന്ന മുഴുവന്‍ മനുഷ്യരും വിവേകഭരിതവും വിജ്ഞാന ഭദ്രവുമായ ജനാധിപത്യ വികാരത്തോടെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കേണ്ടതുണ്ട്. അതിനു ഉബോദ്ബലകമായ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാം.
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ് ഭാരതീയ പാരമ്പര്യം. ഋക്ക്, യജ്ജുര്‍, സാമ, അഥര്‍വ്വ വേദങ്ങള്‍ ബൃഹദാരണ്യകം, ഛന്ദോഗ്യം, കേനം, കഠം, ഈശം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, പ്രശ്നം, ഐതരേയം, ശ്വേതാശ്വേതരം തുടങ്ങിയ ഉപനിഷത്തുക്കള്‍, രാമായണം, മഹാഭാരതം, മഹാഭാഗവതം, ദേവീ ഭാഗവതം തുടങ്ങിയ ഇതിഹാസ പുരാണങ്ങള്‍, മനുസ്മൃതി, യാജ്ഞവല്‍ക്യ സ്മൃതി തുടങ്ങിയ ധര്‍മ വ്യവസ്ഥാനു ശാസ്ത്ര ഗ്രന്ഥങ്ങള്‍, യോഗവാസിഷ്ഠം പോലുള്ള ദര്‍ശന ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ അളവറ്റ വാങ്മയങ്ങളാല്‍ സമ്പന്നവും വിശാലവുമാണ് ഭാരതീയ പാരമ്പര്യം. ഇപ്പറഞ്ഞ പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഗോദ്സെ പൂജയുടെയും ഗോമാതാ പൂജയുടെയും ഹിന്ദുരാഷ്ട്ര വാദത്തിനു നമ്മുടെ സാംസ്കാരിക പാരമ്പര്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു പറയാനാകുമോ? ഇക്കാര്യമാണ് ഇവിടെ പരിചിന്തിക്കുന്നത്.
മനുഷ്യന്‍ ധാന്യങ്ങള്‍ കൃഷി ചെയ്തിരുന്നതും കൃഷിയിടങ്ങളെ സ്നേഹാദരവോടെ പരിപാലിച്ചിരുന്നതും ധാന്യങ്ങള്‍ വിളഞ്ഞാല്‍ കൊയ്തെടുത്ത് ഭക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. അല്ലാതെ വെറുതെ ഭൂമി പൂജ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല. ഇതുപോലെ കര്‍ഷകരായ ഋഷിമാര്‍ ഗോക്കളെ വളര്‍ത്തിയിരുന്നതും സ്നേഹലാളനകളോടെ പെരുമാറിയിരുന്നതും പാല്‍ മുതല്‍ തോലുവരെയുള്ളവ എടുത്ത് ജീവിതത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ വേണ്ടി തന്നെയാണ്. ഇതിന് ഉപോദ്ബലകമായ നിരവധി തെളിവുകള്‍ വൈദിക സാഹിത്യത്തിലുടനീളം കാണാം.
ഋഗ്വേദത്തിലെ 10-ാം മണ്ഡലത്തിലെ ഒരു സൂക്തത്തില്‍ ഇന്ദ്രന്‍ പ്രസ്താവിക്കുന്നു: ‘അവര്‍ (ഋഷിമാര്‍) എനിക്കുവേണ്ടി മുന്നൂറു പശുക്കളെ അറുത്തു ഹോമിച്ചിരിക്കുന്നു.’ ഇതേ പത്താം മണ്ഡലത്തിലെ മറ്റൊരു സൂക്തത്തില്‍ ‘വാളു കൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കുടം കൊണ്ട് ഇടിച്ചോ വേണം പശുവിനെ കൊല്ലാനെന്നും’ പറഞ്ഞുകാണുന്നുണ്ട്.
ഋഗ്വേദത്തിലെ ഗോ ശബ്ദ പ്രയോഗത്തിനു ‘പ്രകാശം’ എന്നാണ് അര്‍ത്ഥം എന്ന വാദം ഋഗ്വേദാദികളില്‍ പറയുന്ന ‘ഗോമേധം’ പശുഹത്യയല്ല എന്നൊക്കെ വാദിക്കുവാന്‍ ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയും അനുയായികളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗോ ശബ്ദത്തിനു പ്രകാശം എന്നര്‍ത്ഥമുണ്ടെങ്കിലും വാളുകൊണ്ട് അറുത്തും മഴുകൊണ്ടു വെട്ടിയും കുടം കൊണ്ട് ഇടിച്ചും കൊലപ്പെടുത്താവുന്ന ഗോ എന്നതു പ്രകാശമല്ലെന്നും പശുക്കള്‍ തന്നെയാണെന്നും ഋഗ്വേദം വെച്ചുതന്നെ സമര്‍ത്ഥിക്കപ്പെട്ടിട്ടുമുണ്ട്.
ഗംഗാജലം വിശുദ്ധമായതിനാല്‍ നാം അതിനെ പൂജിച്ചാല്‍ പോര കുടിക്കുകയും അതില്‍ കുളിക്കുകയും ചെയ്യണം എന്നു പറയുന്നതു പോലെ, പശുവും കാളയും വിശുദ്ധമായതിനാല്‍ നാം അതിന്‍റെ ഇറച്ചി ഭക്ഷിക്കണമെന്നു കൂടി യാജ്ഞവല്‍ക്യ മഹര്‍ഷി തൈത്തരീയാരണ്യകത്തിലെ ഒരു സംവാദത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ചുരുക്കത്തില്‍ ‘ജീവോ ജീവസ്യ ജീവനം’ – ജീവന്‍ ജീവനുള്ളവയുടെ ജീവനോപാധിയാണ്- എന്ന ഉപനിഷത് ദര്‍ശനം പ്രായോഗികമതികളായ ഋഷിമാര്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ മനുസ്മൃതിയിലോ യാജ്ഞവാല്‍ക്യ സ്മൃതിയിലോ പിതൃശ്രാദ്ധത്തിനു പോലും വിവിധ മത്സ്യ-മാംസാദികള്‍ ഉപയോഗിക്കുന്നതിനെ ഋഷി വിലക്കിക്കാണുന്നില്ല. വൈദിക വാങ്മയങ്ങളില്‍ അതിഥിയെ വിശേഷിപ്പിക്കാന്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുന്നത് ‘ഗോഘ്നന്‍’ എന്നതാണ്. പശുഘാതകന്‍ എന്നര്‍ത്ഥം. കാരണം, അതിഥി വീട്ടിലെത്തിയാല്‍ അയാള്‍ക്കു നല്ല ഭക്ഷണം നല്‍കാന്‍ പശുക്കിടാങ്ങളെ അറുത്തു നല്ല മാംസ ഭക്ഷണം തയ്യാറാക്കുക പതിവായിരുന്നു.
രാമായണത്തില്‍ ഭരധ്യാജ മഹര്‍ഷി ശ്രീരാമ സോദരനായ ഭരതനും സൈന്യത്തിനും പസിഫു-പാമദേവാദ് ഋഷിമാര്‍ക്കും ഒരു സത്കാരം നല്‍കുന്നത് വിവരിച്ചിട്ടുണ്ട്. സത്കാരത്തില്‍ എല്ലാവിധത്തിലുള്ള മത്സ്യ-മാംസ ഭക്ഷണവും വിളമ്പുന്നുണ്ട്. ശ്രീരാമന്‍ വിവിധയിനം മൃഗങ്ങളെ വേട്ടയാടിക്കൊന്ന് അവയുടെ മാംസം ഉപ്പിട്ട് ഉണക്കി സൂക്ഷിച്ചിരുന്നതായും രാമായണത്തില്‍ വായിക്കാം. മാത്രമല്ല, പുത്രന്മാര്‍ ഉണ്ടാകുന്നതിനായി ദശരഥ മഹാരാജാവ് നടത്തിയ അശ്വമേധ യാഗത്തിലും പുത്രകാമേഷ്ടി യജ്ഞത്തിലും മുന്നൂറിലേറെ പശുക്കളെ ബലിയായി അറുത്തു ഹോമിച്ചു എന്ന കാര്യവും വാല്മീകി രാമായണത്തിലെ ബാലകാണ്ഡത്തില്‍ വായിക്കാം.
മഹാഭാരതത്തില്‍ ഭഗവദ്ഗീത കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധേയമായ ഗീത വ്യാധഗീതയാണ്. ബ്രഹ്മചാരിയായ ബ്രാഹ്മണ യുവാവിന് ബ്രഹ്മജ്ഞാനം ഉപദേശിക്കുവാന്‍ വ്യാധന്‍ എന്ന ഇറച്ചിവെട്ടുകാരനായ ഗൃഹസ്ഥന്‍ നല്‍കുന്ന വിജ്ഞാനരുടെ സമാഹാരമാണ് വ്യാധഗീത. ഇതില്‍ നിന്നു പാലും വെണ്ണയും കഴിച്ചു ജീവിക്കുന്നവര്‍ക്കു മാത്രമല്ല ഇറച്ചിവെട്ടി ജീവിക്കുന്നവര്‍ക്കും ബ്രഹ്മജ്ഞാനം ഉപദേശിക്കുവാന്‍ അധികാരം ഉണ്ടെന്നാണു വ്യാസനാല്‍ സമാഹരിക്കപ്പെട്ട മഹാഭാരതേതിഹാസത്തിന്‍റെ മതം എന്നു വ്യക്തമാണല്ലോ. വ്യാസവിരചിതമായി കരുതപ്പെടുന്ന ദേവീ മഹാഭാഗവതത്തില്‍ നവരാത്രി പൂജാ വിധാനങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് ‘പശു പോത്തു പന്നിയാടിവകളാല്‍ ബലിയും നല്‍കീടേണം’ എന്നു കൃത്യമായി പറയുന്നുണ്ട്. ടിഎസ് തിരുമുമ്പിന്‍റെ ‘ദേവീഭാഗവത’ തര്‍ജമ വായിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. മത്സ്യ-മാംസാദികള്‍ നിവേദ്യമാക്കി കൊണ്ടുള്ള പൂജാവിധാനങ്ങള്‍ ഭാരതീയ പാരമ്പര്യത്തിലെ ശാക്തേയ സമ്പ്രദായത്തില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതാണെന്ന വസ്തുത ആചാര്യ ത്രൈപുരത്തെ പോലുള്ള സാധകന്മാര്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ കാണാം.
ഇതില്‍ നിന്നെല്ലാം തെളിയുന്നത് മാട്ടിറച്ചി കഴിക്കുന്നവരെ തല്ലിക്കൊല്ലുന്ന പാരമ്പര്യം ഋഗ്വേദത്തിനോ രാമായണ-മഹാഭാരതങ്ങള്‍ക്കോ ഒന്നും നിരക്കുന്നതല്ലെന്നാണ്. സംഘപരിവാര യുക്തിയില്‍ ചിന്തിച്ചാല്‍ മത്സ്യം കഴിക്കുന്നവരെ പോലും തല്ലിക്കൊല്ലണം എന്നു വാദിക്കുന്നവര്‍ ഉണ്ടാവും. കാരണം മത്സ്യം വിഷ്ണുവിന്‍റെ അവതാരമാണെന്നു പുരാണങ്ങളിലുണ്ട്. എലിയെ കൊല്ലുന്നതും ഭാരതീയ വിരുദ്ധമാകും. കാരണം എലി ഗണപതിയുടെ വാഹനമാണ്. പാമ്പിനെ കൊല്ലുന്നതും സാധ്യമല്ലാതാകും. എന്തെന്നാല്‍ പാമ്പ് പരമശിവന്‍റെ കണ്ഠാഭരണമാണ്. കോഴിയെ കൊല്ലുന്നതും കുറ്റകരമാകും, കാരണം, ശ്രീമുരുകന്‍റെ കൊടിയടയാളമാണ് കോഴി. പന്നിയെ കൊല്ലുന്നതും തിന്നുന്നതും അഭാരതീയമാകും. കാരണം പന്നി അഥവാ വിരാഹം വിഷ്ണുവിന്‍റെ അവതാരമാണെന്നതു തന്നെ നിദാനം. ഇത്തരത്തിലുള്ള വങ്കന്‍ വൈകാരികാക്രോശങ്ങളാണ് ഭാരതീയത എങ്കില്‍ അത്തരം ഭാരതീയത ഇല്ലാതാകുന്നതാണ് നാടിന്‍റെയും നാട്ടുകാരുടെയും ജീവിതത്തിനു നല്ലതെന്നു പറയേണ്ടിവരും.
ഭാരതീയതയുടെ ജീവിത സമീപനം എന്താണെന്നു ഉപനിഷത്തുക്കളിലെ ശാന്തിപാഠം വ്യക്തമാക്കുന്നുണ്ട്. ‘മാ വിദ്വിഫാവൈ’ എന്നാണത്. വിദ്വേഷം ഉണ്ടാവരുതെന്നര്‍ത്ഥം. അതിനാല്‍ മുസ്ലിംകള്‍, ക്രൈസ്തവര്‍, കമ്മ്യൂണിസ്റ്റുകള്‍ എന്നിവരോടുള്ള വിദ്വേഷം വളര്‍ത്തുന്നതും മുസ്ലിമായ മനുഷ്യനെ കൊല്ലാം, പശുവിനെ കൊല്ലാന്‍ പാടില്ല എന്ന മട്ടില്‍ ആക്രോശങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ‘ഹിന്ദു രാഷ്ട്രവാദം’ ഉപനിഷത്തുക്കള്‍ക്കു തന്നെ എതിരാണ്. ഉപനിഷത്തുക്കള്‍ക്ക് കടകവിരുദ്ധമായ ജീവിത സമീപനം പുലര്‍ത്തുന്ന ഹിന്ദു രാഷ്ട്ര വാദികള്‍ ഭാരതീയതയുടെ അനുചരന്മാരല്ല, മറിച്ച് അന്തകരാണ്. ഇവരില്‍ നിന്നു നാട് സ്വാതന്ത്ര്യം നേടിയേ പറ്റൂ.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി