ഗോവിന്ദ ചാമി ഓര്‍മപ്പെടുത്തുന്നത്

ഗോവിന്ദചാമിയുടെ വധശിക്ഷ ഹൈക്കോടതി ശതിവച്ചതോടെ മറന്നു തുടങ്ങിയ സൗമ്യ വധക്കേസ് വീണ്ടും മലയാളി മനസ്സിനെ നൊമ്പരപ്പെടുത്തുകയുണ്ടായി. അബലയായൊരു പെണ്‍കുട്ടി കാമാതുരനായ രാക്ഷസന്റെ മുന്നില്‍ പിടഞ്ഞില്ലാതായതിന്റെ ഓര്‍മപ്പെടുത്തല്‍ നമ്മെ നാണിപ്പിക്കുന്നു. ആ ദുഃഖം ഇന്നും ഓരോ മനുഷ്യസ്നേഹിയുടെയും ഹൃദയത്തെ മുറിവേല്‍പിച്ചുകൊണ്ടിരിക്കുന്നു.
പ്രതിയുടെ മാനസികാവസ്ഥതന്നെയാണ് സൗമ്യയുടെ അട്ടഹാസം കേട്ടിട്ടും പ്രതികരിക്കാതിരുന്ന സഹയാത്രികരുടേതെന്ന കോടതി നിരീക്ഷണം ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. നാം മലയാളികള്‍ എത്രമേല്‍ സ്വാര്‍ത്ഥരായിരിക്കുന്നുവെന്നതിന്റെ സാക്ഷ്യ പത്രമാണിത്. ഒരു പെണ്‍കുട്ടി പ്രാണഭയത്താല്‍ നിലവിളിക്കുമ്പോഴും മനുക്ക് ഏറെ താല്‍പര്യം തോന്നിയത് മൊബൈല്‍ ഫോണില്‍ നിന്ന് കര്‍ണപുടത്തെ പ്രകമ്പനപ്പെടുത്തുന്ന ഗാനങ്ങളുടെ ഒഴുക്ക് നിലക്കാതിരിക്കാനാണ്. അല്ലെങ്കില്‍ എന്തെങ്കിലുമാവട്ടെ; എനിക്കതില്‍ കാര്യമില്ലെന്ന അലസ മനോഭാവം. അവസാനം അവര്‍ എന്നെതേടി വന്നപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാനാരുമുണ്ടായില്ലെന്ന പ്രസിദ്ധവാക്യം പുലരുകതന്നെ വേണ്ടിവരുമോനമ്മുടെ ആഢ്യത്വത്തിന്റെ കണ്ണുതുറക്കാന്‍.
അല്ലെങ്കിലും വിവാദങ്ങളുടെ പെരുമ്പറകൊട്ടോടെയായിരുന്നല്ലോ ഈ കേസിന്റെ തുടര്‍ച്ചയത്രയും. ജ. ആളൂരിന്റെ പ്രതിസേവ ഏറെ ചര്‍ച്ചയായി. പ്രതിക്കനുകൂലമായി സാക്ഷിനിന്ന് ഡോ.ഉന്മേഷ് കേരളമനസ്സാക്ഷിയെ ബോധം കെടുത്തുകയും ചെയ്തു. ഏതു തരംവൃത്തികേടിനും ഇവിടെ മാര്‍ക്കറ്റു കിട്ടുമെന്നതിന്റെ പ്രത്യക്ഷ അടയാളങ്ങളായി ഇവ മാറി.
ഗോവിന്ദ ചാമിയുടെ പൈശാചിക ചെയ്തികള്‍ ഒരര്‍ത്ഥത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ലെങ്കില്‍ തന്നെയും ആരും ശ്രദ്ധിക്കാതിരുന്ന മറ്റു ചിലതു കൂടിയുണ്ട്. പ്രതിയുടെ സാഹചര്യം, മദ്യം, മയക്കുമരുന്ന് പോലുള്ളവയുടെ ലഭ്യത, അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഒരു പരിധിയുമില്ലാതെ ഒഴുകിയെത്തുന്ന ക്രിമിനലുകളുണ്ടാക്കുന്ന പ്രശ്നങ്ങള്‍, ഒപ്പം സ്ത്രീകള്‍ക്ക് പൊതുസമൂഹത്തില്‍ ഉള്ള ഇടംഇതൊക്കെയും പരിഗണിക്കേണ്ടതു തന്നെയാണ്.
ഗോവിന്ദചാമിപോലുള്ള തെരുവു റൗഡിയില്‍ നിന്നുമാത്രമല്ല, ഉന്നത വിദ്യാഭ്യാസവും സ്ഥാനമാനങ്ങളുമുള്ളവരില്‍നിന്നുപോലും ശിഷ്യയും സഹപ്രവര്‍ത്തകയും രക്ഷപ്രാപിക്കാത്തതിന് എണ്ണിയാലൊടുങ്ങാത്ത തെളിവുകളുണ്ട്. ജ. ഗാംഗുലി, തരുണ്‍ തേജ്പാല്‍ മുതല്‍ ശ്വേതത്തെ വീതമാക്കിയവര്‍ വരെയും ഈ ഗണത്തിലെ പുതിയ പ്രതികള്‍. വനിതാ കലക്ടറെയും ഡോക്ടറെയും പീഡിപ്പിച്ച വാര്‍ത്തകളുമുണ്ട്. സ്വകാര്യ ബസ്സില്‍വെച്ച് പച്ചപ്പകലാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ ജീവനക്കാരി പി ഇ ഉഷ മുന്പ് പീഡിതയായത്. ഞാന്‍ സിനിമാരംഗത്തുള്ള വനിതകളെയാരെയും കല്യാണം കഴിക്കില്ലെന്ന് യുവനടന്‍ പറയുന്നതിലും ചില ചീഞ്ഞുനാറ്റങ്ങളുണ്ട്! കോച്ചുമാര്‍ക്കുവേണ്ടി വസ്ത്രമുരിയേണ്ടിവരുന്ന സ്പോര്‍ട്സ് താരങ്ങളുമുണ്ട്. ഇങ്ങനെയൊക്കെ കണ്ടുവരുമ്പോള്‍ സ്ത്രീയുടെ പൊതു ഇടത്തെകുറിച്ചും അത് എത്രത്തോളമെന്നതിനെ കുറിച്ചും ആലോചിക്കാതിരിക്കാനാവുമോ?

Exit mobile version