ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ എഴുതിയ ഗുരു എന്ന നോവലിൽ നിന്നുള്ള ഒരു ഭാഗം ഇങ്ങനെ വായിക്കാം. കേരളത്തിലെ ഹിന്ദുമത(സാമൂഹിക)പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ പിറവിക്ക് മതപരിവർത്തനം എങ്ങനെയാണ് ഹേതുവായിത്തീർന്നതെന്നും മതപരിവർത്തനം ആ പ്രസ്ഥാനങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചതെന്നും ഈ സംഭാഷണ ശകലം അനാവരണം ചെയ്യുന്നു: മതപരിവർത്തനവാദം ജനിക്കുന്നു; ശക്തിപ്പെടുന്നു. അന്തരീക്ഷം ശബ്ദ മുഖരിതമാകുന്നു. വാദഗതികൾ പ്രധാനമായും മൂന്ന് വഴിക്കാണ്. സഹോദരൻ അയ്യപ്പനും സി കൃഷ്ണനും മറ്റും ബുദ്ധമതത്തിന് വേണ്ടി നിൽക്കുന്നു……… എന്നാൽ വളരെ പ്രേരണാ ശക്തിയോട് കൂടി എഴുതാൻ കഴിവുള്ള സി വി കുഞ്ഞുരാമന്റെ കക്ഷി ക്രിസ്തുമതമാണ്. അത് മൂലം ക്രിസ്ത്യൻ മിഷണറിമാരും കൂട്ടത്തിൽ കൂടിയിരിക്കുന്നു……വിപ്ലവകാരിയും ക്ഷേത്ര പ്രവേശന വാദത്തിന്റെ പ്രധാന വക്താവുമായ ടി കെ മാധവനാകട്ടെ ഹിന്ദുവായിത്തന്നെ ഹിന്ദു മതത്തെ പരിഷ്‌കരിച്ച് വിധേയമാക്കിയാൽ മതിയെന്ന പക്ഷക്കാരനാണ്.
ടി കെ മാധവൻ നാരായണ ഗുരുവിനെ കണ്ട് ആവലാതി പറഞ്ഞു. ‘സ്വാമി ഉണർത്തിവിട്ട സമുദായ ബോധം വഴി തെറ്റി അപ്പാടെ പാഴിലാകുന്ന മട്ടാണ് കാണുന്നത്….. സ്വാമിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ’
അങ്ങനെ സ്വാമി ആലുവക്ക് തിരിച്ചു. കുമാരനാശാൻ പരിവർത്തന വാദികളെ വിളിച്ച് കൂട്ടി. സി കൃഷ്ണൻ, സഹോദരൻ അയ്യപ്പൻ, സി വി കുഞ്ഞിരാമൻ. അയ്യപ്പനെയാണ് ആദ്യം സ്വാമി നേരിട്ടത്. ‘അയ്യപ്പൻ, എന്താണ് ഈ മതം മാറ്റ ബഹളം?’
‘നമുക്ക് വഴി നടന്നു കൂടാ. സ്‌കൂളിൽ ചേർന്നു കൂടാ. ഹിന്ദു മതം ചുമക്കുന്ന നമുക്ക് ആ ഒറ്റ കാരണം കൊണ്ട് ശിക്ഷ. പോയി തൊപ്പിയിട്ട് കാസിമോ മാമോദിസാ മുക്കി മത്തായിയോ ആയാൽ വഴിയും നടക്കാം സ്‌കൂളിലും കേറാം. പിന്നെന്തിന് സ്വാമീ ഈ നശിച്ച മതം’……
‘നമ്മുടെ അഭിപ്രായം കുമാരന് അറിയാമല്ലോ. ഇല്ലേ, അയ്യപ്പന് അറിയാമോ നമ്മുടെ അഭിപ്രായം?’
‘അറിയാം തൃപ്പാദങ്ങൾക്ക് ഒരു മതത്തോടും എതിർപ്പില്ല’..
‘അതുതന്നെയാണ് നമ്മുടെ അഭിപ്രായം. വീട് മാറുന്നത് കൊണ്ട് ആളു നന്നാവില്ല. മതമേതായാലും മനുഷ്യൻ നന്നാകണം’
കേരളത്തിൽ നടമാടിയ കൊടിയ ജാതി വിവേചനമാണ് ഇവിടെ മതപരിവർത്തനങ്ങൾക്ക് പ്രധാന ഹേതുവായതെന്ന് ഈ സംഭാഷണം തെളിയിക്കുന്നുണ്ട്. ഹിന്ദു മതത്തിലുള്ള അധഃകൃതരുടെ ജീവിതം പരിതാപകരമായിരുന്നു. അവന് വഴി നടക്കാനാകില്ല. ചെരിപ്പിടാൻ പാടില്ല. ക്ഷേത്രത്തിൽ പ്രവേശനമില്ല. ഭാഷ പ്രയോഗിക്കാനാകില്ല. അധഃകൃതൻ ‘ഉപ്പ്’ എന്ന് പറഞ്ഞു കൂടാ. ‘പുളിക്കുന്നത്’ എന്ന് പറയണം. തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ. ഓരോ ജാതി വിഭാഗവും നടക്കുമ്പോൾ പാലിക്കേണ്ട അകലം നിർണയിക്കപ്പെട്ടിരുന്നു. ബ്രാഹ്മണനിൽ നിന്ന് ക്ഷത്രിയൻ- രണ്ട് അടിയും നായർ- 16 അടിയും ഈഴവൻ- 34 അടിയും പുലയൻ/പറയൻ- 64 അടിയും അകലം പാലിക്കണം. ജാതിയിൽ താഴ്ന്നവന് സാമ്പത്തിക സ്വാതന്ത്ര്യമില്ല. ഭൂമിയില്ല. താൻ നട്ടു വളർത്തിയ വാഴക്കുല വെട്ടിക്കൂടാ. അത് ജൻമിക്കുള്ളതാണ്. തന്റെ സ്ത്രീയുടെ മാനം കാക്കാൻ വയ്യ. അതും മേലാളൻമാർക്കുള്ളതാണ്. അധഃകൃതന്റെ കുട്ടികൾ പഠിക്കാൻ പാടില്ല. വേദം കേട്ടാൽ ചെവിൽ ഈയമുരുക്കി ഒഴിക്കണം. ‘അത്’ എന്നേ അവനെക്കുറിച്ച് പറയൂ. നടുവളഞ്ഞു പോയ ജീവികളായിരുന്നു അവർ. മനുഷ്യരേ അല്ലായിരുന്നു. ഒരു കൂട്ടർ മേലനങ്ങാതെ തിന്നു കൊഴുത്തു. മറ്റൊരു കൂട്ടർ പണിയെടുത്ത് മരിച്ചു. അങ്ങനെ, എല്ലു മുറിയെ പണിതാൽ പല്ല് മുറിയെ തിന്നാമെന്ന് പഴമൊഴിയുണ്ടായി. ഒരു കൂട്ടർ മിനുത്ത് വെളുത്ത് രമിച്ചു. മറ്റൊരു കൂട്ടർ വെയിൽ കൊണ്ട് കറുത്ത് വിണ്ടു കീറി. അങ്ങനെ, കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന പഴമൊഴിയുണ്ടായി. വീടിന് ഇല്ലമെന്നും മനയെന്നും നാലുകെട്ടെന്നും പുരയെന്നും ചാളയെന്നും ചെറ്റയെന്നും വ്യത്യസ്ത കാറ്റഗറിയിലുള്ള പേരുകളുണ്ടായി.
അവർക്ക് മനുഷ്യനായി നിവർന്ന് നിൽക്കണമായിരുന്നു. സ്വന്തം തല കൊണ്ട് ചിന്തിക്കണമായിരുന്നു. ഒന്നുറക്കെ വർത്തമാനം പറയണമായിരുന്നു. അത്‌കൊണ്ട് മാത്രം അവർ ചുറ്റുപാടും നോക്കി. പലവട്ടം ആലോചിച്ചു. ഓരോ തവണ ആലോചിക്കുമ്പോഴും മനുഷ്യനായി മരിക്കണമെന്ന ആഗ്രഹം ഉറച്ചുറച്ച് വന്നു. ജൻമം കൊണ്ട് ഉറച്ച് പോയ മത, വിശ്വാസ സംഹിതകളെ ഇളക്കി മാറ്റാതെ തരമില്ലെന്ന് അവർ തിരിച്ചറിഞ്ഞു. അവർ കൺ തുറന്ന് നോക്കിയപ്പോൾ കണ്ടു; ഒരു കൂട്ടർ. അവരിൽ ഉച്ച നീചത്വമില്ല. മഹാപിള്ളമാരാണ് അവർ. അവരുടെ നടപ്പിലും നിൽപ്പിലും പ്രാർഥനയിലും സംഘബോധത്തിലുമെല്ലാം സമഭാവന കളിയാടുന്നു. കൂട്ടത്തിൽ വിജ്ഞൻ മുന്നിൽ നിൽക്കുന്ന പ്രാർഥനയിൽ പിന്നിലെല്ലാവരും തുല്യർ. ആർക്കുമില്ല പ്രത്യേക അവകാശങ്ങൾ, പദവികൾ. അവർ ഹസ്തദാനം ചെയ്യുന്നു. അഭിവാദ്യങ്ങൾ കൈമാറുന്നു. ഏത് കുലമെന്ന് ചോദ്യമില്ല. ഏത് വീട്ടിൽ നിന്നെന്ന് നോട്ടമില്ല. യുക്തി ഭദ്രമായിരുന്നു ആ തത്ത്വശാസ്ത്രം. അദൃശ്യനും ഏകനും അരൂപിയും പരിപൂർണനുമായ സ്രഷ്ടാവിനോടുള്ള വണക്കം. അവർക്കറിയില്ലായിരുന്നു അവർ മതപരിവർത്തരാകുകയാണെന്ന്. അത്രമേൽ സ്വാഭാവികവും സ്വമേധയായും ആയിരുന്നു അത്. പണമോ സ്വാധീനമോ അധികാരമോ ഇടയിൽ പ്രവർത്തിച്ചില്ല. മുസ്‌ലിംകളുടെ ജീവിതം തന്നെയായിരുന്നു സന്ദേശം. മതം ആഘോഷമാക്കുന്ന ക്രിസ്തുമതത്തിലേക്കും കുറേ പേർ ചെന്നു. മിഷണറി പ്രവർത്തനത്തിന് സംഘടിതവും ലക്ഷ്യാധിഷ്ഠിതവുമായ ഒരു ചട്ടക്കൂട് ഉണ്ടായിരുന്നു. അവ ആകർഷകമായിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയ അധികാരത്തിന്റെ ആശീർവാദവും ആത്മവിശ്വാസവും അതിനുണ്ടായിരുന്നു.
ശ്രീനാരായണ ഗുരുവടക്കമുള്ള പരിഷ്‌കർത്താക്കൾ അറിഞ്ഞോ അറിയാതെയോ ഹിന്ദു മതസംരക്ഷണ പ്രവർത്തനത്തിലാണ് ഏർപ്പെട്ടത്. വീട് മാറുന്നത് കൊണ്ട് ആളുമാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നുവെച്ചാൽ വീട് മാറേണ്ടതില്ല എന്ന് തന്നെ. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് പറയുന്ന ഗുരു, മത പരിത്യാഗങ്ങളെ പ്രോത്സാഹിപ്പിച്ചില്ല എന്നോർക്കണം. കേരളീയ നവോത്ഥാനമെന്ന് വിശേഷിപ്പിച്ച് വഷളാക്കിയ പല തലങ്ങളുള്ള പ്രവർത്തനങ്ങളെല്ലാം മാനവികമാകുന്നതോടൊപ്പം തന്നെ നിലവിലുള്ള വിശ്വാസ ചട്ടക്കൂടുകളെ പരുക്കില്ലാതെ നിലനിർത്താൻ കൂടി ശ്രദ്ധിച്ചു. മനുഷ്യത്വത്തെ ഉദ്‌ഘോഷിക്കുന്നവയായിരുന്നു ആ ശ്രമങ്ങളെല്ലാം. നമ്പൂതിരിയെ മനുഷ്യനാക്കുകയാണല്ലോ ചെയ്തത്. പന്തി ഭോജനവും മിശ്രവിവാഹവുമെല്ലാം ചെയ്തത് അത് തന്നെയാണ്. അയ്യങ്കാളിയെപ്പോലുള്ളവർ നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെയും അന്തസ്സത്ത മാനവികമായിരുന്നു. പക്ഷേ ആത്യന്തികമായി ഈ മാനവികമായ ഉണർവുകൾ ജാതിയെയും അതുൾക്കൊള്ളുന്ന ദൈവ, വിശ്വാസ സംഹിതകളെയും അപ്പടി നിലനിർത്തുകയാണ് ചെയ്തത്. ജാതിരഹിതമായ മറ്റ് വിശ്വാസക്രമങ്ങളിലേക്കുള്ള ഒഴുക്ക് അത് തടഞ്ഞു. വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളും ക്ഷേത്ര ബഹിഷ്‌കരണ സമരവും ക്ഷേത്ര പ്രവേശന വിളംബരവുമെല്ലാം ഈ ദൗത്യത്തിൽ നിർണായക പങ്കു വഹിച്ചു. മനുഷ്യൻ എന്ന നിലക്ക് കീഴാളർ അംഗീകരിക്കപ്പെടുന്നുവെന്ന് വന്നു.
തന്റെ ജാത്യാചാരങ്ങളിൽ നിന്നു കൊണ്ട് തന്നെ സാമൂഹിക ജീവിതം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് ചുറ്റും നടക്കുന്നത് എന്നത് അധഃകൃതന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. അതോടൊപ്പം ജൻമിത്വത്തിന്റെ തകർച്ച കൂടി സാധ്യമായപ്പോൾ ഈ ആത്മവിശ്വാസം ഇരട്ടിച്ചു. കേരളത്തിൽ ജാതിവിവേചന പ്രതിരോധങ്ങൾ നടത്തിയ സംഘടനകളെല്ലാം ജാതിയിൽ അധിഷ്ഠിതമാണെന്നോർക്കണം. ഈഴവർക്കിടയിൽ പ്രവർത്തിച്ചും അവരെ സംഘടിപ്പിച്ചും തന്നെയാണ് ഗുരു മനുഷ്യത്വത്തെ കുറിച്ചും മതസൗഹാർദത്തെക്കുറിച്ചും സംസാരിച്ചത്. അയ്യങ്കാളിയുടെ സാധുജന പരിപാലന സഭ എല്ലാ കീഴാളരെയും സംഘടിപ്പിക്കാനാണ് തുനിഞ്ഞതെങ്കിലും ആത്യന്തികമായി അത് പുലയരിൽ ഒതുങ്ങി. വി ടി ഭട്ടതിരിപ്പാടിന്റെ യോഗക്ഷേമ സഭ നമ്പൂതിരി സമുദായത്തിന്റെ പരിഷ്‌കരണമാണ് ലക്ഷ്യമിട്ടത്. ഇവയെല്ലാം ജാത്യാഭിമാനങ്ങൾ ഊട്ടിയുറപ്പിക്കുകയും അതോടൊപ്പം പൊതു മണ്ഡലത്തിലെ വിവേചനങ്ങളെ പ്രതിരോധിക്കുകയുമാണ് ചെയ്തത്. സംഘടന കൊണ്ട് ശക്തരായും വിദ്യകൊണ്ട് പ്രബുദ്ധരായും കീഴാളർ മേലാളരെ വെല്ലുവിളിച്ചപ്പോൾ ക്രൂരമായ വിവേചനങ്ങൾ തുടരാൻ സാധിക്കാതെ വന്നു. അങ്ങനെ ജാതികളുടെ സഹകരണ സമൂഹം സാധ്യമായി.
കേരളത്തിന് പുറത്തേക്ക് പോയാൽ അതിഭീകരമാണ് കാര്യങ്ങൾ. അവിടെ നടന്ന പരിഷ്‌കരണ ശ്രമങ്ങൾ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ളതും വിദ്യാസമ്പന്നർക്കിടയിലും മാത്രമായിരുന്നു. വിപണിയധിഷ്ഠിത സാമ്പത്തിക ക്രമത്തിന് അനിവാര്യമായ കൂടിച്ചേരലുകൾക്ക് കളമൊരുക്കുക മാത്രമാണുണ്ടായത്. ഗ്രാമീണ ജീവിതം ഇപ്പോഴും ജാതി വിവേചനത്തിന്റെ തടവറയിൽ തന്നെയാണ്. തമിഴ്‌നാട്ടിലെ ഉത്തപുരത്തെ ജാതി മതിൽ ഇന്നും അവിടെ തന്നെയുണ്ട്. ബീഹാറിൽ ചണ്ഡാലർ പോലുള്ള ജാതി വിഭാഗങ്ങൾ ഇന്നും ഗ്രാമത്തിന് പുറത്ത് തന്നെയാണ്. ആദിവാസികളുടെ കാര്യം പറയുകയേ വേണ്ട. അവരെ പൊതു മണ്ഡലത്തിലേക്ക് അടുപ്പിക്കുകയേ ഇല്ല. തുകൽ പണിക്കാർ, കുശവൻമാർ, ക്ഷൗരക്കാർ തുടങ്ങിയ ജോലിക്കനുസരിച്ചും വിവേചനവും അപ്പടി നിൽക്കുന്നു. തൊട്ടു കൂടായ്മയും ഏറിയും കുറഞ്ഞും തുടരുന്നു. ഗ്രാമാതിർത്തികൾ മുറിച്ച് ജാതിയിൽ താഴ്ന്നവർക്ക് സഞ്ചരിക്കാനാകില്ല. ദളിത് വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പലയിടത്തും മത്സരിക്കാനാളെ കിട്ടില്ല. മത്സരിച്ചാൽ തന്നെ സ്ഥാനമേറ്റെടുക്കാൻ സവർണർ സമ്മതിക്കില്ല. ദുരഭിമാന കൊലകൾ മിക്കവയും ജാതി സ്പർധയെ സൂചിപ്പിക്കുന്നു. ഈ ദുരവസ്ഥകളിൽ നിന്ന് മോചനം നേടി ഇന്നും മനുഷ്യർ മതത്തിന്റെ അതിർവരമ്പുകൾ അതിലംഘിക്കാൻ ധൈര്യം കാണിക്കുന്നു. വിദൂരസ്ഥ ഗ്രാമങ്ങളിൽ മിഷണറി പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സംഘങ്ങളാണ് പ്രധാനമായും ദളിത് വിഭാഗങ്ങളെ ആകർഷിക്കുന്നത്.
ദളിത് ബുദ്ധിജീവിയായ പ്രൊഫസർ കാഞ്ച ഇളയ്യ പറയുന്നു: ‘സംഘ്പരിവാർ ദിവസവും ഞങ്ങളെ ഹിന്ദുക്കളെന്നു വിളിച്ച് അപമാനിക്കും. വാസ്തവം പറഞ്ഞാൽ അവരുടെ ആ കാവിക്കുറി സംസ്‌കാരം കാണുന്നതു തന്നെ ഞങ്ങൾക്കു അപമാനകരമാണ്. ഞങ്ങൾ താഴ്ന്ന ശൂദ്രർ അഥവാ ആദിശൂദ്രർക്ക് ഹിന്ദുയിസം അല്ലെങ്കിൽ ഹിന്ദുത്വവുമായി എന്തു ബന്ധം? ഞങ്ങൾ ഹിന്ദു എന്നത് ഒരു വാക്കായോ സംസ്‌കാരമായോ മതമായോ ഞങ്ങളുടെ കുട്ടിക്കാലത്തൊന്നും കേട്ടിട്ടുകൂടിയില്ല’ (ഞാനെന്തു കൊണ്ട് ഒരു ഹിന്ദുവല്ല) ഹിന്ദു വിശാല ഐക്യത്തിന്റെ അടിത്തറയിൽ പടുത്തുയർത്തേണ്ട രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘപരിവാര സംഘടനകൾക്ക് ഈ സ്ഥിതി വിശേഷം കീഴടക്കാനാകാത്ത കൊടുമുടിയാണ്. ഇങ്ങനെ പല തട്ടിൽ കിടന്നാൽ ഈ വോട്ടൊക്കെ എങ്ങനെ ഏകീകരിക്കും? വോട്ടിന് ജാതിയില്ലല്ലോ. എന്നു വെച്ച് സവർണനായ സ്ഥാനാർഥിക്ക് കീഴാളന്റെ ചാളയിൽ പോയി വോട്ട് ചോദിക്കാനാകുമോ? ഛായ് മാനക്കേട്! പിന്നെങ്ങനെ ഈ വോട്ടെല്ലാം ചാലു കീറി താമരയിൽ എത്തിക്കും? ഗാന്ധി വധം തൊട്ട് ഘർവാപസിവരെയുള്ള കുതന്ത്രങ്ങളെല്ലാം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. അങ്ങനെയാണ് പാർലിമെന്റിൽ കുടുംബാസൂത്രണ സംഖ്യയിൽ നിന്ന് കേവല ഭൂരിപക്ഷത്തിന്റെ അഹങ്കാരത്തിലേക്ക് ബി ജെ പി വളർന്നത്.
ദൂരദർശനിൽ രാമായണം സീരിയൽ തുടങ്ങിയ കാലത്ത് ഭക്ത ജനങ്ങൾ ടെലിവിഷൻ സെറ്റ് പൂജിച്ചാണ് ഓൺ ചെയ്തിരുന്നത്. മീൻമുള്ള് ആന്റിന ഫിറ്റ് ചെയ്തിരുന്നത് മതപരമായ അനുഷ്ഠാനത്തിന്റെ എല്ലാ ചിട്ട വട്ടങ്ങളോടെയുമായിരുന്നു. പേർത്തും പേർത്തും രാമനാമം ജപിച്ചു കൊണ്ടാണ് അന്ന് ടി വി സ്‌ക്രീനിലെ രാമാവതാരത്തെ കണ്ടത്. രാമായണം സീരിയൽ വെറുമൊരു സീരിയലായിരുന്നില്ല. ഒരു ഏകശിലാത്മക ദേവസങ്കൽപ്പ ബ്രാൻഡിന്റെ അങ്ങേയറ്റം ഫലപ്രദമായ പരസ്യ ചിത്രമായിരുന്നു അത്. ഹൈന്ദവതയെന്ന ആകെത്തുകയിൽ മുപ്പത്തി മുക്കോടി ദേവ സങ്കൽപ്പങ്ങളുണ്ട്. അമ്മ ദൈവങ്ങളും അച്ഛൻ ദൈവങ്ങളുമുണ്ട്. ഓരോ ജാതിക്കും ഗോത്രത്തിനും പ്രദേശത്തിനും കുടുംബത്തിനും വ്യക്തിക്കും വരെ വ്യത്യസ്ത ദൈവസങ്കൽപ്പങ്ങൾ ഉണ്ട്. രാമൻ പോലും പലവിധമാണ്. ഇങ്ങനെ നാനാവിധമായ സങ്കൽപ്പങ്ങളെ ഏകീകരിക്കുകയെന്നത് ഹിന്ദു വോട്ട് ബേങ്ക് രാഷ്ട്രീയത്തിന് അത്യന്താപേിക്ഷിതമായി വന്നപ്പോഴാണ് ‘രാമൻ പുനർ ജനിക്കു’ന്നത്. അങ്ങനെയാണ് അയോധ്യാ വിഷയം ആയുധമായി വരുന്നത്. സത്യത്തിൽ ബാബരി മസ്ജിദ് പൊളിച്ചെറിഞ്ഞത് ആയുധം നഷ്ടപ്പെടുത്തുകയാണ് അവർ ചെയ്തത്. കാരണം അയോധ്യാ വിഷയം കത്തി നിന്നപ്പോൾ ബി ജെ പിക്കും മറ്റ് സംഘപരിവാര സംഘടനകൾക്കും വിഷയദാരിദ്ര്യം അനുഭവിക്കേണ്ടി വന്നിട്ടില്ല. ജനസാമാന്യത്തിന്റെ ജീവത്തായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കേണ്ട കാര്യം അവർക്കുണ്ടായിരുന്നില്ല. ചുമ്മാ രാമൻ, രാമ ജൻമ ഭൂമി എന്നൊക്കെ പറഞ്ഞിരുന്നാൽ മതിയായിരുന്നു. ബാബരി ധ്വംസനത്തോടെ പക്ഷേ അനേകായിരം ദേവസങ്കൽപ്പങ്ങളെ നിഷ്‌കാസനം ചെയ്ത് രാമൻ അശ്വമേധം ജയിച്ചു. രാമഭക്തിയിൽ ജാതിയിൽ ഉയർന്നവനെയും താഴ്ന്നവനെയും ഒരു പോലെ അണിയൊപ്പിച്ച് നിർത്താമെന്നായി. ദലിതന്റെ വീട്ടിൽ മരണം നടന്നാൽ ഉച്ചത്തിൽ കരയുമായിരുന്നു. പരേതന്റെ സ്വഭാവവും മഹിമയും ആ കരച്ചിലിൽ സ്ത്രീകൾ ഉച്ചത്തിൽ ആവർത്തിക്കുമായിരുന്നു. രാമൻ പുനഃരവതരിച്ചതോടെ അവർ അച്ചടക്കത്തോടെ രാമനാമം ജപിക്കാൻ തുടങ്ങി.
ഗുജറാത്ത് വംശഹത്യയിൽ എന്താണ് സംഭവിച്ചത്. പേടിച്ചുവിറച്ച് ബി ജെ പിക്ക് വോട്ട് ചെയ്യുന്ന മുസ്‌ലിം സമ്പന്നരെ സൃഷ്ടിക്കാൻ വേണ്ടി മാത്രമായിരുന്നോ അത്? മോദി സാഹേബ് ഭരിച്ചിട്ടും ഗുജറാത്തിലെ ദളിതന്റെ ജീവിതം നരകതുല്യം തന്നെയായിരുന്നു. അവന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുകയെന്നത് ബി ജെ പിയുടെയോ പ്രതിപക്ഷമായ കോൺഗ്രസിന്റെയോ അജൻഡയിലേ ഇല്ലായിരുന്നു. ദളിതർ അങ്ങേയറ്റത്തെ അന്യവത്കരണത്തിലായിരുന്നു. ഇവിടെയാണ് വർഗീയ പ്രചാരണം വിജയം കണ്ടത്. നിങ്ങൾ മുസ്‌ലിംകളെ നോക്കൂ, അവർ സമ്പന്നരാണ്. അവർ നല്ല വസ്ത്രം ധരിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. ഹജ്ജിന് പോകുന്നു. നിങ്ങൾക്ക് ലഭിക്കേണ്ടത് തട്ടിയെടുക്കുന്നത് അവരാണ്. അതിനാൽ അവരെ ഉൻമൂലനം ചെയ്യുക. നരേന്ദ്ര മോദി പിന്നാക്ക ജാതിയിൽ നിന്നുള്ളയാളായത് കൊണ്ട് ഈ പ്രചാരണം എളുപ്പമായി. മുഖ്യമന്ത്രിക്ക് ഈ നില കൈവന്നത് സംഘ് രാഷ്ട്രീയത്തിലൂടെയാണെന്ന് ആണയിട്ടുറപ്പിക്കാൻ സാധിച്ചു. വംശഹത്യ ആസൂത്രണം ചെയ്തത് സവർണരായിരുന്നുവെങ്കിൽ അത് നടപ്പാക്കിയത് ദളിതരായിരുന്നു. കലാപത്തിലെ വിറകും ചാവേറുകളമായിരുന്നു അവർ. ആ ചോരയിൽ നിന്നാണ് മോദിയെന്ന ‘ശക്തനായ’ മുഖ്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും പിറവിയെടുത്തത്.
ഉത്തർ പ്രദേശ് പിടിച്ചാൽ ഇന്ത്യ പിടിക്കാമെന്നാണല്ലോ കീഴ്‌വഴക്കം. മുസഫർ നഗറിൽ നടന്ന വർഗീയ സംഘർഷങ്ങൾ തികച്ചും ആസൂത്രിതമായിരുന്നു. ദളിത് വോട്ടുകൾ കൃത്യമായി ഏകീകരിക്കാൻ അത്‌കൊണ്ട് സാധിച്ചു. ബീഹാറിൽ ജിതിൻ റാം മാഞ്ജിയെ മുന്നിൽ നിർത്തുന്നത് അദ്ദേഹം ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായത് കൊണ്ടാണ്. ദളിത്, പിന്നാക്ക ഹിന്ദുക്കളെ സംഘികളാക്കി മാറ്റാതെ അധികാരം പിടിക്കാനും നിലനിർത്താനും സാധിക്കില്ലെന്ന് ബി ജെ പിയും ആർ എസ് എസും മനസ്സിലാക്കിയിരുന്നു. കൃത്യമായി സവർണ പാർട്ടിയായ ബി ജെ പിക്ക് ആ പ്രതിച്ഛായയിൽ നിന്ന് പുറത്ത് കടന്നേ തീരൂ. അതിന് ഒറ്റ വഴിയേയുള്ളൂ. വർഗീയ വികാരം ആളിക്കത്തിക്കുക. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടന്ന ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും പരിപാടികളും എടുത്തു പരിശോധിച്ചാൽ അത് മനസ്സിലാകും. ക്രിസ്മസ് ദിനം വാജ്‌പേയിയുടെയും മദൻ മോഹൻ മാളവ്യയുടെയും ജന്മദിനമെന്ന നിലക്ക് ‘നല്ല ഭരണ’ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത് തൊട്ട് ഏറ്റവും ഒടുവിൽ നടക്കുന്ന ശിരോവസ്ത്ര വിവാദം വരെ ഇതിന് നിദർശനമാണ്.
വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ മുൻനിർത്തി അപകടകരമായ സന്ദേശം നൽകുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ആർ എസ് എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കളുടെ ഉപദേശം പച്ചമലയാളത്തിൽ ഇങ്ങനെ സംഗ്രഹിക്കാം: ഇതാ ഹിന്ദുക്കൾ ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മറ്റുള്ളവർ അടങ്ങിയൊതുങ്ങി കഴിയുകയേ നിവൃത്തിയുള്ളൂ. ഇക്കാലം വരെ അയിത്തത്തിന്റെയും ജാതിയുടെയും പേരിൽ അകന്ന് നിന്നവർക്ക് ഈ ‘അച്ഛാ ദിനങ്ങളിൽ’ ഒന്നിക്കാം. ഇനി ഹിന്ദു ജനസാമാന്യത്തിനാകെ ഗുണകരമായ കാലമാണ് വരാൻ പോകുന്നത്. അത്‌കൊണ്ട് ആരെങ്കിലും മുമ്പ് ബുദ്ധിമോശം കൊണ്ട് മറ്റെവിടെയെങ്കിലും അകപ്പെട്ട് പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ തിരിച്ചു വരണം. ഹിന്ദു എന്ന നിലയിൽ വൻ ആനുകൂല്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മറ്റിടങ്ങളിൽ നിന്നാലോ, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ക്രൂരമായ ഇകഴ്ത്തലുകൾക്കും ആക്രമണങ്ങൾക്കും നിങ്ങൾ വിധേയരാകും. ഹിന്ദു മതം ഇപ്പോൾ എല്ലാവരെയും സ്വീകരിക്കാൻ പാകത്തിൽ പരുവപ്പെട്ടിരിക്കുന്നു. അവർണ- സവർണ ബോധങ്ങൾ അസ്തമിച്ചിരിക്കുന്നു. അത്‌കൊണ്ട് വീട്ടിലേക്ക് മടങ്ങണം. അതാണ് ഘർവാപസി.
ഘർവാപസി അഥവാ പുനർ മതപരിവർത്തനം മതപരമായ ഒരു പ്രവൃത്തിയല്ല. മറിച്ച് രാഷ്ട്രീയമായ പ്രവൃത്തിയാണ്. നിർബന്ധിത മതപരിവർത്തനത്തെ എതിർത്തു പോന്ന സംഘ്പരിവാർ ഇപ്പോൾ നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പരിവർത്തനം നടത്തിക്കുകയാണ്. ഇങ്ങനെ ആനയിക്കപ്പെടുന്നത് മിക്കവാറും ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഈ ജനവിഭാഗത്തെ രാഷ്ട്രീയമായി തങ്ങൾക്കനുകൂലമാക്കാനുള്ള തന്ത്രം മാത്രമാണ് ഘർവാപസിയെന്ന് ചുരുക്കം. രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്താൻ പതിറ്റാണ്ടുകളായി നടത്തുന്ന കുതന്ത്രങ്ങളിൽ അവസാനത്തെ ഇനം. സത്യത്തിൽ ഈ ഘർ വാപസി സംഘടിപ്പിക്കുന്നത് ആളെക്കൂട്ടാൻ വേണ്ടി മാത്രമല്ല. വൻ തുക പ്രതിഫലം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും പല മതം മാറ്റ ഹോമകുണ്ഡത്തിനരികിലും കാര്യമായ തോതിൽ ആളൊന്നും വന്നില്ല. ആകെ എത്തിയവരെ വിരലിലെണ്ണിയെടുക്കാം. അതിൽ പക്ഷേ സംഘ്പരിവാരങ്ങൾക്ക് വിഷമമില്ല. കാരണം അവർ ഈ ഏർപ്പാട് നടത്തുന്നത് സംഘർഷം സൃഷ്ടിക്കാനാണ്. ആരെങ്കിലും ഈ ചടങ്ങ് ആക്രമിച്ചു കിട്ടണം. എന്നാൽ പിന്നെ കലാപം ആളിക്കത്തിക്കാം. ഫാസിസത്തിന് ചോരയില്ലാതെ നിലനിൽക്കാനാകില്ലല്ലോ.
കാതലായ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാതെയാണ് ഈ പരിവർത്തിപ്പിക്കലുകൾ. മതം മാറുന്നവർ ഏത് ജാതിയിൽ ചേരും? കേരളത്തിൽ പോലും അതിശക്തമായ യാഥാർഥ്യമായി ജാതി നിൽക്കുമ്പോൾ ഈ ചോദ്യത്തിന് ഉത്തരം നൽകാതെ മുന്നോട്ട് പോകാനാകുമോ? പരിവർത്തന മേളയിൽ മതം മാറുന്നവർക്ക് അവർക്കിഷ്ടമുള്ള ജാതിയിൽ ചേരാമത്രേ. അതെങ്ങനെ സാധ്യമാകും? ജനനത്തിന്റെ അടിയാധാരം നോക്കാതെ ബ്രാഹ്മണരോ നായൻമാരോ നമ്പ്യാർമാരോ ഇവരെ അവരുടെ കൂട്ടത്തിൽ ചേർക്കുമോ? ഈഴവർ പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഈ പാവങ്ങളുടെ ജീവിതത്തിലോ സാമൂഹിക മാന്യതയിലോ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഒരു വിശ്വഹിന്ദു പരിഷത്തുകാരനും ഇവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയുമില്ല. ആർ എസ് എസിന്റെ സവർണ നേതാക്കളെ ഒന്നു തൊടാൻ പോലും ഇവർക്ക് സാധിച്ചെന്ന് വരില്ല.
കേരളത്തിലേക്ക്, കൃത്യമായി പറഞ്ഞാൽ അരുവിക്കരയിലേക്ക് വന്ന് ഈ കുറിപ്പ് അവസാനിപ്പിക്കാം. അരുവിക്കരയിൽ ആദിവാസി ഊരുകളിൽ നിന്നും ദളിത് കുടുംബങ്ങളിൽ നിന്നും വന്നവർ താമരയിൽ ബട്ടണമർത്തി. സി പി എം തോറ്റു. ബി ജെ പി നേടിയത് ഒട്ടും അപ്രതീക്ഷിത വിജയമല്ല. മറിച്ച് ഘർവാപസിയടക്കമുള്ള തന്ത്രങ്ങളുടെ സ്വാഭാവിക വിജയമാണ്. സി പി എം അടിസ്ഥാനപരമായി ഹിന്ദു പാർട്ടിയാണ്. ഈഴവരും പിന്നാക്ക ജനവിഭാഗവുമാണ് അതിന്റെ വോട്ട് ബേങ്ക്. സി പി എമ്മിനെ തകർക്കാതെ ബി ജെ പിക്ക് ജയിച്ചു കയറുക സാധ്യമല്ല. അതിനുവേണ്ടി പത്രമാധ്യമങ്ങളെ വിലയ്‌ക്കെടുത്തും വൻശ്രമങ്ങൾ നടക്കുന്നു. ഈ ദിശയിൽ അരുവിക്കര ബി ജെ പിക്ക് നൽകുന്ന ആത്മവിശ്വാസം മാരകമാണ്. അക്രമാസക്ത ഹിന്ദുത്വത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കേരളത്തിലെ ബി ജെ പി പ്രവേശിച്ചു കഴിഞ്ഞു. അതിന്റെ തെളിവാണ് ന്യൂനപക്ഷം ഭൂരിപക്ഷമാകാൻ പോകുന്നുവെന്ന പ്രസ്താവന. മുസ്‌ലിം ജനസംഖ്യ അസന്തുലിതമായി വളരുന്നുവെന്ന് ബി ജെ പി ആക്രോശിക്കുമ്പോൾ എത്ര ഭീകരമായ അർഥമാണ് അത് ഉത്പാദിപ്പിക്കുന്നത്. സി പി എം അന്തം വിട്ട് നിൽക്കുകയാണ്. നിൽക്കക്കള്ളിയില്ലാതെ ‘ലീഗ് മുസ്‌ലിം വാർഡുകളുണ്ടാക്കുന്നു’ പോലുള്ള വിലകുറഞ്ഞ ആരോപണങ്ങൾ പടച്ചു വിടുകയാണ് അവർ. വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയേണ്ടൂ. കോൺഗ്രസിനാണെങ്കിൽ ബി ജെ പിയുടെ വളർച്ച തത്കാലം പ്രശ്‌നമില്ല. ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കകൾ അഭിസംബോധന ചെയ്യാൻ മുഖ്യധാരക്കാർ തയ്യാറായില്ലെങ്കിൽ തീവ്രവാദ ഗ്രൂപ്പുകളാകും മുതലെടുക്കാൻ പോകുന്നത്.
മുസ്‌ലിംകൾക്കിടയിലെ സമാധാന പ്രേമികളും പരമ്പരാഗത വിശ്വാസികളും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയും ചരിത്ര ബോധത്തോടെയും പ്രതികരിക്കേണ്ട കാലമാണിത്.
മുസ്തഫ പി എറയ്ക്കൽ