ചരിത്രരചനയെ ഫാഷിസം ബാധിക്കുമ്പോൾ

പുരാതന ഇന്ത്യയിലെ ജനങ്ങൾ ചരിത്ര പഠനത്തിലും ചരിത്ര രചനയിലും തൽപരരായിരുന്നില്ല എന്ന വീക്ഷണം കൊളോണിയലിസ്റ്റുകൾക്കുണ്ടായിരുന്നു. ഈ കൊളോണിയൽ വീക്ഷണത്തെ വി.എസ് പതക്, റോമില ഥാപ്പർ എന്നിവരെ പോലുള്ള ശ്രദ്ധേയരായ പണ്ഡിതർ വിമർശിക്കുകയും അത്തരം വാദങ്ങളെ പൂർണമായും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. അതിവിശാലമായ സ്രോതസ്സുകളിൽ നിന്ന്  പുരാതന ഇന്ത്യ നഷ്ടപ്പെട്ടു എന്ന് വിചാരിക്കുന്ന കഴിഞ്ഞ കാല വിവരങ്ങളെ തിരിച്ചുപിടിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭൂത കാലം മനസ്സിലാക്കേണ്ടത് പടിഞ്ഞാറിന്റെ തലതിരിഞ്ഞ നിലപാടുകളിലൂടെയല്ലെന്നും അവർ സ്പഷ്ടമാക്കി. പടിഞ്ഞാറിന്റെ ചരിത്ര വീക്ഷണങ്ങളിൽ നിന്ന് ഏറെ വിഭിന്നമായിട്ടാണ് ഇന്ത്യൻ ചരിത്രമെന്ന് വിവിധ സംഭവങ്ങൾ ഉദ്ധരിച്ച് അവർ സമർത്ഥിക്കുന്നുണ്ട്. സംഭവങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്താനും പാശ്ചാത്യരിൽ നിന്ന് ലഭിച്ച വിവരങ്ങളെ വെല്ലുവിളിക്കുന്ന സംഗ്രഹത്തിലേക്കെത്താനും റോമിലാ താപ്പർ ശ്രമിക്കുന്നുണ്ട്. വേദ ഗ്രന്ഥ സമൂഹത്തെയും രാമായണ, മഹാഭാരതാ ഇതിഹാസങ്ങളെയും ഇതിഹാസ പുരാണ പാരമ്പര്യങ്ങളെയും ബുദ്ധ, ജൈന മത ഗ്രന്ഥങ്ങളെയും മഹത്തുകളുടെ ചരിത്രങ്ങളെയും ജീവചരിത്രങ്ങളെയും ലേഖനങ്ങളെയും ഇതിഹാസ ചരിത്രങ്ങളെയും നാടക രചനകളെയുമതിൽ  സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

നവ ചരിത്ര ശാഖ നിലവിൽ വന്ന മധ്യകാല ഇന്ത്യയെ കുറിച്ച് ഒരു അലോചന നല്ലതാണ്. ആ കാല ഘട്ടത്തിൽ ഇന്ത്യയിലേക്ക് കടന്നു വന്ന താരീഖ് എന്ന ചരിത്ര രചനാ ശൈലി വർഷവും ചരിത്രവും രേഖപ്പെടുത്തുന്ന പുതിയ സമ്പ്രദായത്തിന് നാന്ദി കുറിക്കുകയായിരുന്നു. കാലാനുക്രമമായി സംഭവ വികാസങ്ങളെ രേഖപ്പെടുത്തുന്നതിൽ താരീഖ് കണിശ നിയമാവലിയെ പിന്തുടർന്നിരുന്നു. ഏത് സംഭവ വിവരണത്തിനും സ്വാഭാവികമായും സഹജമായ ഒരു പ്രത്യേക വീക്ഷണ കോൺ ഉണ്ടായിരിക്കുമെങ്കിലും താരീഖിൽ വിഷയങ്ങൾ രേഖപ്പെടുത്തുന്നത് മനോവിശകലനത്തേക്കാൾ കൂടുതൽ സംഭവ വിവരണത്തിന് മുൻഗണന നൽകിയായിരുന്നു. തവാരീഖിനെ ചുറ്റിപറ്റിയുള്ള ഘടകങ്ങളിലധികവും ഇസ്‌ലാമിൽ നിന്നുത്ഭൂതമായതാണ്. ഇസ്‌ലാം ലോകത്തിന് ഒരു മതം മാത്രമായിരുന്നില്ല അതു വഴി സമർപ്പിച്ചത്. ചരിത്രത്തിന് പുതിയ കാഴ്ച്ചപാട് നൽകാനും ഇസ്‌ലാമിന് സാധിച്ചു എന്ന് ചരിത്രകാരന്മാർ തന്നെ വിലയിരുത്തി.

അക്ബറിന്റെ രാജസഭാംഗമായ ചരിത്രകാരൻ അബുൽ ഫസലിന്റെ വീക്ഷണം മാറ്റിനിറുത്തിയാൽ, പിൻതുടർന്ന് പോന്നിരുന്ന മിക്ക ചരിത്രപരമായ ഘടകങ്ങളും ഇസ്‌ലാമിക ഹിജ്‌റ കാലത്തുള്ളതാണ്. അബുൽ ഫസൽ, അക്ബറിന്റെ സിംഹാസരോഹണം നടന്ന സ്മരണക്കായി നിർമിച്ച ദീൻ ഇലാഹി എന്ന പുതിയ മതത്തിൽ തൽപരനായി ഇസ്‌ലാമിക ചരിത്ര വീക്ഷണങ്ങളെ എതിർക്കുകയും ഇസ്‌ലാമിന്റെ അച്ചുതണ്ടിൽ നിന്ന് വിരചിതമായ ചരിത്രത്തെ ഉപേക്ഷിക്കുകയും ചെയ്തു. എങ്ങനെയായലും അബുൽ ഫസലിന് ഹിജ്‌റ കാലത്തെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായം ബാലിശമായിരുന്നു.

ഈ ചരിത്ര ഘടകങ്ങൾ കൊണ്ട് ചരിത്രകാരന്മാർ, ഒരോ ഭരണാധികാരിയുടെയും ഭരണ കാലത്തുള്ള ഒരോ സംഭവത്തെയും രേഖപ്പെടുത്തുന്നതിൽ  ശ്രദ്ധേയരായി. അവരുടെ ചരിത്ര രചനയുടെ അടിസ്ഥാന സ്രോതസ്സ് ഭരണാധികാരികളുടെ സംഭവ വികാസങ്ങളെ ചുറ്റിപറ്റിയായിരുന്നു. മാത്രമല്ല, ചരിത്ര രചനക്കാർ യുറോപ്യൻ ചരിത്രകാരന്മാരെ പോലെ ഇസ്‌ലാമിക ദൈവശാസ്ത്രത്തിലെ ശാഖ എന്ന നിലയിൽ ചരിത്രത്തെ കണ്ടില്ലായിരുന്നു. മധ്യകാലഘട്ടത്തിൽ യുറോപ്യൻ ചരിത്ര രചനക്കാർ ചരിത്ര സംഭവങ്ങൾ ദൈവേച്ഛയുടെ പ്രകടനത്തിൽപ്പെട്ടതായിട്ടാണ് കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ ചരിത്രം വിരചിതമായത് വിദ്യാ സമ്പന്ന വർഗത്തിൽപ്പെട്ട പള്ളീലച്ചന്മാരുടെ കരങ്ങൾകൊണ്ടായിരുന്നു. അവർക്ക്, ഭാവിയും ഭൂതവും വർത്തമാനവുമെല്ലാം ദൈവത്തിന്റെ ഉൽകൃഷ്ട പദ്ധതിയുടെ രൂപീകരണമായിരുന്നു. അതിൽ യാദൃച്ഛികതക്ക് ഇടമുണ്ടായിരുന്നില്ല. പക്ഷേ, അവർ വിശ്വസിക്കുന്ന ദൈവത്തിനും ആദർശങ്ങൾക്കും ഒപ്പിച്ചു മാത്രം ചരിത്ര രചന നടത്തിയപ്പോൾ അന്ധകാരം ശക്തി പ്രാപിക്കുകയാണുണ്ടായത്. അതുകൊണ്ട് അവരുടെ ചരിത്ര സംഭവങ്ങൾ പ്രത്യക്ഷപ്പെട്ടത് സത്യവും അസത്യവും ഇഴുകിച്ചേർന്നായിരുന്നു.

എന്നാൽ, മദ്ധ്യകാല ഇന്ത്യയിൽ, വ്യക്തിപരമായും സ്വതന്ത്രപരമായുമുള്ള സംഭവങ്ങളായിട്ടാണ് ചരിത്ര സംഭവങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഒരു ഉൽകൃഷ്ട മാതൃകയുടെ ഭാഗമായിട്ടൊന്നുമായിരുന്നില്ല ചരിത്രപരമായ കാര്യകാരണ ബന്ധങ്ങൾ ഇന്ത്യക്കാരുടെ അടുക്കൽ സ്ഥാപിതമായത്, പ്രത്യുത മാനുഷിക സങ്കൽപ്പത്തിലും ഉത്തമ മാനുഷിക പ്രകൃതത്തിലുമായിട്ടാണ്. ചരിത്രകാരന്മാർ, സംഭവങ്ങളുടെ സത്യാവസ്ഥ വ്യക്തമാവാതിരിക്കുമ്പോൾ മാത്രമേ ദൈവത്തെ കാരണക്കാരനാക്കാറുള്ളൂ. ‘ദൈവത്തിനറിയാം’ എന്ന പദം നമ്മുടെ നിത്യേനയുള്ള കർമങ്ങളിൽ ദൈവത്തെ ബന്ധപ്പെടുത്തി പറയുന്നത്  കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തപ്പോഴാണല്ലോ.

എങ്കിലും ഇത്തരം ചരിത്ര രചനയിലും ചില പരിമിതികൾ വെളിവാകാറുണ്ട്. ഇന്ത്യൻ ചരിത്രകാരന്മാർ ഔറംഗസീബ്, ഷാജഹാൻ, അക്ബറിനെ പോലുള്ള ചില രാജക്കന്മാരെ ശക്തർ, ദുർബലർ, സ്വതന്ത്ര ചിന്തകർ, യാഥാസ്ഥിതികർ എന്നിങ്ങനെ വിലയിരുത്തിയിട്ടുണ്ട്. മുഹമ്മദ് ബ്‌നു ദുഖ്‌ലഖ് (ഇരട്ടത്താപ്പുമായി നടക്കുന്ന പ്രകൃതം), അക്ബർ (സ്വതന്ത്ര്യ വീക്ഷകൻ, Liberal), ഔറംഗസീബ് (മതാധിഷ്ഠിത വാദക്കാരൻ orthodox) എന്നിവരെ പോലുള്ളവരുടെ ജീവത രേഖകളിൽ ഇത്തരം വീക്ഷണങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ നടന്നിട്ടുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. ഒരേ പ്രകൃതമുള്ള രണ്ടു വ്യക്തിയെ കണ്ടെത്താൻ കഴിയാത്തിടത്തോളം സ്വഭാവ പ്രകടനത്തിലും വിവര ശേഖരണങ്ങളിലും വിലയിരുത്തലുകളിലും വ്യത്യസ്തത സ്വാഭാവികവുമാണ്.

ഇന്ത്യൻ ചരിത്രത്തിലെ കൊളോണിയൽ സ്വാധീനം

ഭൂത കാലം മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന മാർഗം ഭരണാധികാരികളുടെ പ്രകൃതം വിവരിച്ച് ചരിത്രം നിരീക്ഷിക്കലാണ്. ഒരു നല്ല ചരിത്രകാരൻ അബദ്ധം പിണയാൻ സാധ്യതയുള്ള മേഖല ചരിത്ര രചനക്ക് തിരഞ്ഞെടുക്കില്ല. എന്നാൽ, വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളാക്കി ആയുധമാക്കുന്ന തന്റേടിത്തമില്ലാത്ത പകപോക്കലുകളാണ് മധ്യകാലഘട്ടത്തെ കൊളോണിയൽ ചരിത്രക്കാരന്മാർ ചെയ്തത്. അവർ പുരാതന മധ്യകാല ഇന്ത്യയുടെ മഹാ ചരിത്ര സംഭവങ്ങളെ മുഴുവനായും മാറ്റിത്തിരുത്തി എഴുതി. ജൈംസ് മില്ലാണ് ഇത്തരമൊരു കൊടും പാതകം ചെയ്തവരിൽ പ്രമുഖൻ. ഹിന്ദുവോ, മുസ്‌ലിമോ ആയ ഭരണാധികാരികളുടെ മത സ്വത്വം അടിസ്ഥാനമാക്കി അവർ ചരിത്രമെഴുതാൻ തുനിഞ്ഞു. വൈവിദ്ധ്യമാർന്ന വിവര ശേഖരണങ്ങൾ നമുക്ക് ഇതുമൂലം നഷ്ടപ്പെട്ടുപോയി. 1818ൽ പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ History of British Rule എന്ന പുസ്തകം ഇന്ത്യൻ ചരിത്രത്തെ ഹിന്ദു, മുസ്‌ലിം, ബ്രിട്ടീഷ് കാലം എന്നിങ്ങനെ  മൂന്നായി വിഭജിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ക്രൂരതകളിലൂടെ കിട്ടുന്ന നേട്ടകോട്ടങ്ങളുടെ പ്രയോക്താവും ഏറ്റവും മികച്ച കൊളോണിയലിസ്റ്റുമായ അദ്ദേഹത്തിന് ഹിന്ദുയിസത്തോടും ഇസ്‌ലാമിനോടും പൂർണമായും അവജ്ഞയുണ്ടായിരുന്നു. ജൈംസ് മില്ലിത് ഊന്നിപ്പറയുന്നതിങ്ങനെ: ‘ബ്രിട്ടീഷ് ഭരണത്തിന് മുമ്പുള്ള ഇന്ത്യ സുപ്രധാന നേട്ടമൊന്നുമില്ലാതെ മതപരമായി പരിഷ്‌ക്കാരവിരോധത്തിൽ കലുഷിതമായിരുന്നു. ഉന്നതിയുടെ പാതയിലേക്ക് അവരെ ആനയിച്ചതിന് കൊളോണിയലിസ്റ്റുകാരോട് നന്ദി പറയാൻ ഇന്ത്യക്കാർ കടമപ്പെടിരിക്കുന്നു.’

എലിയറ്റും 1854ൽ പുറത്തിറങ്ങിയ ഡൗസൺ(Dowson)ന്റെ എട്ടാം വാള്യമായ History of India as told by its own Historian  ഇതിനേക്കാൾ ശക്തമായ സ്വരത്തിലാണ് ശബ്ദിച്ചത്. അതിന്റെ ആമുഖത്തിൽ അന്ധമായി പ്രസ്താവിക്കുന്നത് ‘ഈ ചരിത്രം ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ, ബ്രിട്ടീഷ് ഭരണംകൊണ്ട് അവർക്കു കിട്ടിയ വലിയ പ്രയോജനങ്ങളെന്തെല്ലാമാണ് എന്ന് പഠിപ്പിക്കും’. അപകീർത്തികൾ ഒരുപാട് വാരികൂട്ടിയ ‘വിഭജിച്ച് ഭരിക്കുക’ എന്ന യുദ്ധ തന്ത്രം സ്ഥാപിച്ച് നടപ്പിൽ വരുത്തിയ ഇവരുടെ വായാടി വാദത്തിനാണ് പക്ഷേ, ഇന്ന് പലരും പ്രാമുഖ്യം നൽകുന്നത്.

പിന്നീട് ഇന്ത്യയിലെ ചരിത്രം രചിക്കുന്നതിന് മുന്നായി വിഭജിച്ചുകൊണ്ടുള്ള രീതിയാണ് പലരും അവലംബിച്ചു പോന്നത്. 1903ൽ, ആദ്യമായി സ്റ്റാൻലി ലനെ പോൾ (Stanley Lane Pole)

ചരിത്രത്തെ പുരാതന, മദ്ധ്യ, ആധുനികതയിലേക്ക് മാറ്റി എഴുതിയപ്പോഴും 1960വരെ അതേ മാതൃക തന്നെ നിലനിന്നു. മതപരമായ സ്വത്വവും മതസംഘർഷങ്ങളും ഈ ചരിത്രത്തിൽ അപഗ്രഥനത്തിനുള്ള പ്രധാന ഇനമായി മാറി. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ പ്രദേശങ്ങളിലേതു പോലെ ഇന്ത്യക്ക് ‘ആധുനികത’യെ കുറിച്ച് മുൻസൂചന നൽകിയത് കൊളോണിയലിസമാണ് എന്ന അനുമാനത്തിലേക്ക് ചരിത്രക്കാരന്മാരെ എത്തിച്ചത് ഇത്തരമൊരു ചരിത്ര രചനയെ അടിസ്ഥാനമാക്കിയതു കൊണ്ടായിരുന്നു. പതിനെട്ട് പത്തൊൻപത് നുറ്റാണ്ടുകൾക്കിടയിലെ, മോണ്ടസ്‌ക്യൂ മുതൽ കാറൽ മാർക്‌സ് വരെയുള്ള മുഴുവൻ യുറോപ്യൻ ചിന്തകന്മാരും ഈ വീക്ഷണത്തെ പങ്കുവെക്കുന്നുണ്ട്. അവരുടെ ചിന്താധാരകൾക്ക് പരസ്പരം വൈജാത്യമുണ്ടെങ്കിലും.

ഇന്ത്യൻ ചരിത്രകാരന്മാർ, 1950,60 കൾക്കു തൊട്ടു മുമ്പ് വരെ കൊളോണിയലിസം അവർക്ക് കൈമാറിയ എല്ലാ അനുമാനങ്ങളിലും  ഹിസ്‌റ്റോരിയോഗ്രഫിയുടെ (ചരിത്ര രചനക്കുവേണ്ട പഠനം) വിവിധ ഇനങ്ങളിലും ഇതിനിടയിൽ പുനരന്വേഷണം നടത്താൻ തുടങ്ങിയിരുന്നു. കൊളോണിയൽ ചരിത്ര രചനയെ അടിസ്ഥാനപരമായി ഭേദഗതി വരുത്തിയ ചരിത്രകാരന്മാരിലെ വളരെ കുറച്ചുപേർ മാത്രമേ മാർക്‌സിസ്റ്റുകാരോട് ഈ വിഷയത്തിൽ കടമപ്പെട്ടിട്ടുള്ളൂ. അധിക പേരും മാർക്‌സിസ്റ്റു വിക്ഷണഗതിയെ മുറുകെ പിടിച്ചിരുന്നില്ല. മാർക്‌സിന്റെ Asiatic Mode of Production എന്ന സങ്കൽപ്പമുൾപ്പെടെയുള്ള ഇന്ത്യയുടെ ഭൂതകാലത്തെ വിലയിരുത്തുന്ന അദ്ദേഹത്തിന്റെ നിഗമനങ്ങളെ പോലും ചോദ്യം ചെയ്തവരാണ് മാർക്‌സിസ്റ്റുകാർ. ഇതിന് ബദലായിട്ടുള്ള ഒന്ന് ‘ഇന്ത്യൻ ഫ്യൂഡലിസ’മെന്ന വീക്ഷണമായിരുന്നു. എന്നാൻ, ഇത് ഒളിഞ്ഞു കിടന്ന ഒരു പാട് വസ്തുതകൾക്ക് വെളിച്ചം കാട്ടിയ, അന്താരാഷ്ട്ര ചർച്ചകളിലെ മുഖ്യ വിഷയമായി മാറിയ, ഒരു ലേഖനത്തിന്റെ തലകെട്ടായിരുന്നു. ഇത്തരം നിരീക്ഷണങ്ങൾ ‘ഇന്ത്യൻ ചരിത്രത്തിൽ ഫ്യൂഡലിസമുണ്ടോ’ എന്ന ചോദ്യത്തിന് അവസരം നൽകി. ആധുനികതയുടെ കൊളോണിയൽ എൻജിൻ ചലിക്കുന്നതിന് മുമ്പ് ഏതെങ്കിലുമൊരു സാമൂഹി സാമ്പത്തിക മാറ്റൊലി ഇന്ത്യക്ക് അപരിചിതമായിരുന്നു എന്ന ദീർഘ കാലം മനസ്സിൽ താലോലിച്ചു കൊണ്ടിരുന്ന കൊളോണിയൽ സങ്കൽപ്പം ഇതുമൂലം തകർന്നില്ലാതായി.

ഇന്ത്യൻ ചരിത്രകാരന്മാരുടെ ചരിത്ര വിവരണത്തിൽ  മതപരമായ സ്വത്വങ്ങൾ അവസരോചിതമായി മുൻഗണനൽകി ചർച്ചചെയ്തു. പക്ഷേ, അത് മാത്രമായിരുന്നില്ല ചരിത്രത്തെ വിലയിരുത്തുന്നതിനുള്ള പ്രധാന ഘടകമായി വർത്തിച്ചിരുന്നത്. ഒരേയൊരു കോണിലൂടെ മാത്രം ചരിത്രത്തെ നിർണയിക്കുന്ന ശൈലി ഇനി ഉണ്ടാവില്ല. പിന്നെ, വിവിധ വീക്ഷണങ്ങളുടെ ഭാവുകങ്ങളുണ്ടായിരിക്കും. ഭരണാധികാരികളുടെ വ്യക്തിപരമായ സ്വഭാവങ്ങൾ വീക്ഷിക്കുന്നതിൽ മാത്രമായി ഒതുങ്ങാതെ സാഹചര്യങ്ങളും സന്ദർഭങ്ങളും വിലയിരുത്തി ചരിത്രം കൈകാര്യം ചെയ്യാൻ ഒരു പറ്റം ചരിത്ര ഗവേഷകർ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.

ചരിത്രം വീക്ഷിക്കുന്നതിലുള്ള പുതു രൂപമായ, നിലവിലുള്ള നവപ്രതിസന്ധികളും തീമുകളും  വികാസം പ്രാപിച്ചപ്പോൾ 1980, 90കളിൽ മറ്റൊരു പ്രവേശന കവാടവും മറികടന്നു. ഇക്കോളജി(ജീവജാലങ്ങളിൽ പരിസ്ഥിതികളുടെ സ്വാധീന ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം), വ്യക്തി പരമായ ബന്ധങ്ങളുടെ ചരിത്രം, സെക്‌സോലിറ്റിയുടെ ചരിത്രം, നാട്ടുഭാഷയിലുള്ള വൈജാത്യങ്ങളുടെ നിരീക്ഷണങ്ങൾ, ദേശാചാരങ്ങളെക്കുറിച്ചുള്ള പഠനം എന്നിവ വ്യക്തി പരമായ സംഭവങ്ങളായോ അല്ലെങ്കിൽ ഒരു വിശാലമായ വിവരണമായോ ക്രോഡീകരിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇത്തരം ചരിത്ര രചനാ ശൈലി നമ്മെ കൊളോണിയലിസ്റ്റ് ചരിത്ര രചനയിൽ നിന്നും മാർക്‌സിസ്റ്റ് ചരിത്ര രചനയിൽ നിന്നും കൂടുതൽ അകറ്റി നിർത്തി.

പക്ഷേ, ഈ ബൃഹത്തായ വൈജാത്യവും അതിന്റെ അനിവാര്യമായ തർക്കങ്ങളും ഹിന്ദുത്വ വർഗീയ സേന വളരെ മോശമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. കാരണം, ഹൈന്ദവതക്ക് പ്രാധാന്യം ലഭിക്കുന്ന ഒരേയൊരു വീക്ഷണ കോണിലൂടെ മാത്രമേ ചരിത്രം രചിക്കാവൂ എന്ന ശാഠ്യക്കാരാണവർ. അതിനു വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്നുമുണ്ട്. എന്നാൽ അത്തരമൊരു വീക്ഷണകോണിലൂടെ ഇനി ചരിത്രത്തെ തിരുത്തി എഴുതുക സാധ്യമല്ല.

ആർസി മജുംദർ (Majumder)നെ പോലുള്ള ചില ശ്രദ്ധേയരായ പ്രൊഫഷണൽ ചരിത്രകാരന്മാർ 1960ൽ നമുക്കുണ്ടായിരുന്നപ്പോൾ ഹിന്ദുത്ത്വ വർഗീയ സേനക്ക് ശ്രദ്ധേയനായ ഒരു പ്രൊഫഷണൽ ചരിത്രകാരനെപ്പോലും നൽകുവാൻ അക്കാലത്ത് സാധിക്കാതെ പോയത് ഒരു നിലക്ക് നോക്കുകയാണെങ്കിൽ വളരെ നന്നായി എന്നു പറയാവുന്നതാണ്.

ഇന്ത്യൻ ചരിത്രകാരന്മാരോടുള്ള ഇടപെടൽമൂലം ബ്രിട്ടീഷ് പണ്ഡിതന്മാർ പോലും കൊളോണിയലിസം നിർമിച്ച വേർതിരിവുകളെ ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, ആർ. എസ്. എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വർത്തമാന ഭരണ കൂടം  ഇതുവരെയില്ലാതിരുന്ന തീക്ഷ്ണ വികാരങ്ങൾകൊണ്ട്  അത്തരം ചരിത്ര രചനകൾക്ക് വിഘ്‌നം സൃഷ്ടിക്കുകയാണ്. ഹൈന്ദവ വർഗീയ സേന, മുസ്‌ലിംകൾ വസിച്ച മേഖലകളിലെ ചരിത്ര ശേഷിപ്പുകളെ ഉന്മൂലനം ചെയ്യാനും അതുവഴി പുതിയ ചരിത്രം സൃഷ്ടിക്കാനുമുള്ള കഠിന ശ്രമത്തിലാണ്.

ദി ഹിന്ദു ദിനപത്രത്തിൽ harbans mukhia എഴുതിയ Indian historiography under threat എന്ന ലേഖനത്തോട് കടപ്പാട്  ((Harbans Mukhia is National fellow, Indian Council of Historical Research).

 

Exit mobile version