ചിത്താരി ഉസ്താദ്: ഏഴാം മൈലിലെ അവധൂതന്റെ വ്രതകാലം

റമളാൻ മാസപ്പിറ കാണാൻ മാലോകർ കാത്തിരിക്കുന്ന രാവുകളിൽ തളിപ്പറമ്പ് ഏഴാം മൈലിൽ ശൈഖുന കൻസുൽ ഉലമ ഉസ്താദിന്റെ വസതിയിൽ ഫോണുകളിൽ നിന്നും മാറിമാറി മുഴങ്ങുന്ന ബെല്ലടി ശബ്ദം കേൾക്കാം. മഗ്‌രിബ് നിസ്‌കരിച്ച ഉടൻ കണ്ണൂർ ജില്ല സംയുക്ത ജമാഅത്തിനു കീഴിലെ നിരവധി മഹല്ലുകളുടെ ഖാളിയായ ആ പണ്ഡിതൻ ഓരോ ഫോൺകോളിനും മറുപടി കൊടുക്കാനായി വീടിന്റെ നടുമുറിയിൽ ഇരിക്കുന്നുണ്ടാവും. മാസപ്പിറ കണ്ടെന്ന് കേട്ടാൽ ഉറപ്പിക്കാനായി പല ഭാഗത്തേക്കും വിളിച്ച് അതിന്റെ ആധികാരികത അന്വേഷിക്കും. അറിയിക്കേണ്ട ഭാഗങ്ങളിലേക്കെല്ലാം വിവരങ്ങളെത്തിച്ച് മാത്രമേ ഇരിപ്പിടത്തിൽ നിന്നും ഉസ്താദ് എഴുന്നേൽക്കൂ. റജബിൽ തുടങ്ങിയ ഉസ്താദിന്റെ റമളാൻ മുന്നൊരുക്കങ്ങളുടെ അന്തിമഘട്ടം ഇവിടെയാണ് അവസാനിക്കുക.
ബറാഅത്ത് ദിനത്തിന്റെ അന്ന് റമളാൻ മുന്നൊരുക്കങ്ങളിൽ ഉസ്താദ് ഏറെ ശ്രദ്ധ കൊടുക്കുമായിരുന്നു. ബറാഅത്തിന്റെയന്ന് ധാരാളം പഴവർഗങ്ങളും മറ്റു വിഭവങ്ങളും ജന്മനാടായ പട്ടുവത്തെ കുടുംബ വീടുകളിലും ഭാര്യയുടെ നാടായ കയ്യത്തെ ബന്ധുവീടുകളിലും മക്കളുടെ വീടുകളിലും എത്തിച്ചുകൊടുക്കും. ഏത് തിരക്കുകൾക്കിടയിലും ഈ പതിവ് തെറ്റാറുണ്ടായിരുന്നില്ല.

ഖുർആനിൽ ലയിച്ച്, ദിക്‌റിലലിഞ്ഞ്…

സമസ്തയുടെയും അൽമഖറിന്റെയും സാരഥ്യത്തിലേക്ക് വന്നതിന് ശേഷമുള്ള അധിക റമളാനിലെയും ആദ്യ പകുതി ശൈഖുന കൂടുതലും വിദേശത്തായിരുന്നു. അനാരോഗ്യം കാരണം വീൽചെയറിൽ സഞ്ചരിക്കേണ്ടി വന്നപ്പോഴും നൂറ് കണക്കിന് അനാഥകളുടെയും അഗതികളുടെയും തണലായിരുന്ന ആ പണ്ഡിതൻ നോമ്പിന്റെ ക്ഷീണം വകവെക്കാതെ, സ്വന്തം ആരോഗ്യം പരിഗണിക്കാതെ വിദേശത്ത് പോയി സ്ഥാപനത്തിന്റെ, അവിടെ പഠിക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കുകയായിരുന്നു. അപ്പോഴും ഖുർആൻ പാരായണത്തിനും റവാതിബ് സുന്നത്തുകൾക്കും വിത്‌റിനും തഹജ്ജുദിനും ഒരു കുറവും സംഭവിച്ചില്ല.
യാത്രകൾ എത്ര ചെറുതായാലും വലുതായാലും കൈയിൽ എപ്പോഴും ഒരു ഖുർആൻ നിർബന്ധമായും ഉണ്ടാവും. ഖുർആൻ ഓതാത്ത ദിവസവും മണിക്കൂറുകളും ആ ജീവിതത്തിൽ വിരളം. അത്രമാത്രം ഖുർആനിനെ നാവിൻ തുമ്പിലും ഹൃദയത്തിലും കൊണ്ടുനടന്നു. നാട്ടിലെ ബസ് യാത്രയിൽ പോലും ഖുർആൻ കൈയിലെടുത്ത് ഓതുന്നത് കണ്ടവരേറെ. സഹായികളായി കൂടെ വന്നവർ ഖുർആനെടുക്കാൻ മറന്നാൽ യാത്ര എത്ര ദൂരം പിന്നിട്ടാലും വേണ്ടില്ല, തിരികെ പോയി എടുത്ത് വരാൻ നിർബന്ധിക്കും. കാരണം ഖുർആൻ കൂടെയില്ലാത്ത യാത്ര അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഊഹിക്കാൻ പോലും സാധ്യമല്ല.
വാക്കുകൾ മുഴുവനാക്കി പറയാൻ പ്രയാസപ്പെടുന്ന നാളുകളിലും ദിവസവും നിരവധി ജുസ്ഉകൾ ഓതിത്തീർത്തിരുന്നു. റമളാനിൽ മൂന്നു ദിവസം കൊണ്ട് ഒരു ഖത്മ് തീർക്കും. അതായത് ദിവസവും പത്ത് ജുസ്അ് വീതം ഓതും. റമളാനല്ലാത്തപ്പോൾ പത്ത് ദിവസം കൊണ്ടാണ് ഒരു ഖത്മ് തീർക്കുക. സുബ്ഹിക്ക് മുമ്പും ശേഷവുമുള്ള പാരായണം ദീർഘനേരം തുടരും. ഈ പതിവ് പാരായണത്തിന് പുറമെ എല്ലാ ദിവസവും സൂറതുൽ വാഖിഅയും മുൽകും സജദയും ദുഖാനും അൽകഹ്ഫിലെ ചില ഭാഗങ്ങളും മുടങ്ങാതെ ഓതിത്തീർത്ത ശേഷമേ ഉറക്കിലേക്ക് പ്രവേശിക്കൂ. വെള്ളിയാഴ്ച ദിവസം അൽകഹ്ഫ് മൂന്ന് തവണ പൂർണമായി പാരായണം ചെയ്യും.
സാധാരണ മട്ടത്തിലുള്ളൊരു ഓത്തായിരുന്നില്ല അത്. അർഥമറിഞ്ഞുള്ള, ഗാംഭീര്യത നിറഞ്ഞ പാരായണമായിരുന്നു. ഓതിക്കൊണ്ടിരിക്കെ ചിലയിടങ്ങളിലെത്തിയാൽ പൊട്ടിക്കരയുന്നുണ്ടാവും. ചിലപ്പോൾ മന്ദസ്മിതം തൂകുന്നതു കാണാം. ആപത്തുകളെ പരാമർശിക്കുന്ന ഭാഗം വന്നാൽ മേൽപ്പോട്ട് കണ്ണും കരവുമുയർത്തി കാവൽ ചോദിക്കും. കണ്ഠമിടറി പാരായണം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസപ്പെടുന്നത് കാണാം, ഇടക്ക്. കൂടെ ആരെങ്കിലുമുണ്ടെങ്കിൽ ആയത്തുകളുടെ ആശയം സബബുന്നുസൂലടക്കം (അവതരണ പശ്ചാത്തലം) വിശദീകരിച്ച് കൊടുക്കുകയും ചെയ്യും.
ഏഴാം മൈലിൽ സ്വന്തം വീടിന് സമീപത്ത് ഉസ്താദ് പണിതുയർത്തിയ ജുമുഅത്ത് പള്ളിയിൽ റമളാനിലും അല്ലാത്തപ്പോഴും വെള്ളിയാഴ്ച സുബ്ഹി നിസ്‌കാരത്തിന് പ്രായത്തിന്റെ അവശത അവഗണിച്ച് ഉസ്താദ് തന്നെയാണ് ഇമാമത്ത് നിന്നിരുന്നത്. ഒന്നാം റക്അത്തിൽ സജദ സൂറത്തും രണ്ടാമത്തേതിൽ സൂറത്തുൽ ഇൻസാനും മുഴുവനായി ഓതും. സൂറത്തുൽ ഇൻസാനിൽ റഹ്‌മത്തിനെ(ഇലാഹീ കാരുണ്യം) പരാമർശിക്കുന്ന ഭാഗമെത്തിയാൽ ശബ്ദമുയർത്തി റഹ്‌മത്ത് തേടും. അവസാന നാളുകളിൽ മിമ്പറിന്റെ കൈവരി പിടിച്ചാണ് ഇമാം നിൽക്കുമ്പോൾ പ്രസ്തുത സൂറത്തുകൾ ഓതിയിരുന്നത്.
ശൈഖുനയുടെ അദ്കാറുകളുടെ ലോകം വിശാലമാണ്. കൈകളിൽ തസ്ബീഹ് മണികൾ ചലിക്കാത്ത നേരമില്ല. വിർദുല്ലത്വീഫും ദലാഇലുൽ ഖൈറാത്തും നിരവധി ബൈത്തുകളും സ്വീകരിച്ച ത്വരീഖത്തുകളിൽ പതിവായി ചൊല്ലേണ്ട വിർദുകളുമെല്ലാം പൂർത്തീകരിക്കാനായി ദിവസവും ഏറെ സമയം ചെലവിടും.
ഖാദിമീങ്ങളായി കൂടെയുണ്ടാകാറുള്ള ശിഷ്യന്മാർ പറയുന്നത് രാത്രി രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ഉസ്താദ് ഉറങ്ങിയിരുന്നുള്ളൂവെന്നാണ്. കണ്ണടച്ച് ഉറങ്ങുന്നത് നോക്കിനിൽക്കുമ്പോൾ പലപ്പോഴും ആ അധരങ്ങളും തസ്ബീഹ് മാല പിടിച്ച കൈവിരലുകളും ഇടക്കിടെ ചലിക്കുന്നത് കാണാം.
റമളാനിൽ ഗൾഫ് യാത്ര ചെയ്യുമ്പോൾ തസ്ബീഹ് മാലയും ദലാഇലുൽ ഖൈറാത്തും ദിക്‌റുകളുടെ ഏടും പതിവായി കൂടെയുണ്ടാകും. ദീർഘനേരം ഔറാദിലായി സമയം ചെലവഴിക്കുന്നതുകൊണ്ടുതന്നെ അവിടത്തെ ആതിഥേയർ ഉസ്താദിനായി പ്രത്യേക റൂം തന്നെ മാറ്റിവെക്കും.
ഒരിക്കൽ അബൂദാബിയിലുള്ള സംഘടനാ നേതാക്കളെയൊക്കെ കണ്ട് തിരിച്ച് റൂമിലേക്ക് ചെന്നു. അപ്പോഴാണ് കണ്ണട എടുക്കാൻ മറന്നതറിയുന്നത്. തിരക്കുകൾ കഴിഞ്ഞ ആശ്വാസത്തിൽ രാത്രി ഒരു മണിക്ക് റൂമിലെത്തി വിർദുകൾക്കിരിക്കുമ്പോഴാണ് കണ്ണടയില്ലാത്തത് തിരിച്ചറിഞ്ഞത്. ദിക്ർ പൂർത്തിയാക്കി ചൊല്ലാതെ ഉറങ്ങുകയെന്നത് ഉസ്താദിനെ സംബന്ധിച്ചിടത്തോളം അചിന്തനീയം. കിതാബിൽ നോക്കി ചൊല്ലുന്നത് കൊണ്ട് കണ്ണട നിർബന്ധവും. രാവിലെ ഉണർന്ന ഉടനെയും ഏറെ ചൊല്ലിത്തീർക്കാനുണ്ട്. ഉസ്താദിന്റെ ഈ അവസ്ഥ മനസ്സിലാക്കിയ ശിഷ്യനും മരുമകനുമായ അബ്ദുസ്സ്വമദ് അമാനി വീണ്ടും മുസഫ്ഫയിലേക്ക് തിരിച്ചു കണ്ണടയെടുത്ത് ശൈഖുനയെ ഏൽപിക്കുമ്പോൾ സമയം രാത്രി രണ്ടു മണിയാണ്. പിന്നെയും ചൊല്ലാനിരിക്കുന്നു ആ ഗുരുവര്യൻ!
ഒരു റമളാനിൽ ഗൾഫിലെ വിശാലമായ പള്ളിയിൽ സ്വുബ്ഹ് നിസ്‌കാര ശേഷം ഉസ്താദ് നടന്ന് ദിക്ർ ചൊല്ലുന്നത് കണ്ട് ഉസ്താദിന്റെ പരിചയക്കാരൻ കൂടിയായ ഇമാം പള്ളി എത്ര തവണ ചുറ്റുന്നുവെന്ന് കൗതുകത്തിന് എണ്ണം പിടിച്ചു. ആ പ്രായത്തിൽ, ഇരുപത് തവണയാണ് ദിക്ർ പൂർത്തിയാക്കാനായി വിശാലമായ പള്ളി ഉസ്താദ് ചുറ്റിയടിച്ചത്. താൻ എണ്ണം പിടിച്ച കാര്യം അറിയിച്ചപ്പോൾ സരസമായി ഉസ്താദ് പറഞ്ഞു: ഞാനൊരു രണ്ട് കിലോമീറ്റർ നടന്നു കഴിഞ്ഞു അല്ലേ?
സദാസമയവും ഖുർആനിലും ദിക്‌റിലുമായതിനാൽ വുളൂഅ് ഇല്ലാത്ത ഘട്ടങ്ങൾ ഉസ്താദിന്റെ ജീവിതത്തിൽ കുറവായിരുന്നു. ഏത് പാതിരാ നേരത്ത് ഉണർന്നാലും എഴുന്നേറ്റ് വുളൂഅ് പുതുക്കി മാത്രമേ കിടക്കാറുള്ളൂ. സ്വന്തമായി സാധിക്കാത്തതിനാൽ അനാരോഗ്യ നാളുകളിൽ ഖാദിമീങ്ങളായിരുന്നു ഈ നേരത്ത് വുളൂഅ് ചെയ്തു കൊടുത്തിരുന്നത്. ചിലപ്പോൾ ഉറങ്ങിക്കൊണ്ടിരിക്കുന്ന അവരെ വിളിച്ചുണർത്തേണ്ടെന്ന് കരുതി പതിയെ നടന്ന് വയോധികനായ ആ പണ്ഡിത ശ്രേഷ്ഠൻ വുളൂഅ് ചെയ്യാൻ പോകും.
യാത്രക്കിടെ വുളൂഅ് നഷ്ടപ്പെട്ടാൽ ഉടൻ അടുത്തുള്ള പള്ളിക്കരികിൽ വണ്ടി നിർത്തിച്ച് പോയി വുളൂഅ് പുതുക്കും. വിമാനത്തിൽ വെച്ച് വുളൂഅ് നഷ്ടപ്പെട്ടാലും പോയി വുളൂഅ് ചെയ്യുന്ന പതിവുണ്ടായിരുന്നുവെന്ന് സഹയാത്രികർ ഓർക്കുന്നു.

സദാ പള്ളിയിൽ

റമളാൻ അവസാന പത്തായാൽ ഉസ്താദ് മുഴുസമയവും വീടിന് തൊട്ടുമുമ്പിലുള്ള പള്ളിയിൽ ഇഅ്തികാഫിലായിരിക്കും. ഇരുന്ന് നിസ്‌കരിക്കേണ്ട സാഹചര്യം വന്നപ്പോൾ ഇരിക്കാനും കിടക്കാനും പറ്റുന്ന മടക്കുകട്ടിൽ ഒന്നാം സ്വഫിന്റെ വലത് ഭാഗത്ത് സ്ഥാപിച്ചു.
വയ്യാത്ത കാലത്തും പരമാവധി നിന്ന് നിസ്‌കരിക്കാനായിരുന്നു ആഗ്രഹം. അതിനായി ഇരുത്തത്തിൽ നിന്ന് ഖിയാമിലേക്ക് വരാനും പിടിച്ച് നിൽക്കാനുമായി സ്റ്റീലിന്റെ പിടി അവിടെ ഫിറ്റ് ചെയ്യിച്ചു. അവസാന കാലം വരെയും നിന്ന് നിസ്‌കരിക്കാൻ ഉസ്താദ് കണ്ട ഉപായമായിരുന്നു ഇത്. ആ പിടി ഇന്നും ഏഴാം മൈൽ പള്ളിയിലുണ്ട്; നഷ്ടപ്പെട്ട കരസ്പർശത്തിന്റെ നോവുണർത്തി..!
ഒന്നുരണ്ട് പെട്ടികളും കൂടെക്കരുതിയാണ് ഇഅ്തികാഫിന് വരിക. ഒരു പെട്ടിയിൽ ഖുർആൻ, ദിക്‌റുകളുടെ ഏട്, തസ്ബീഹ് മാല എല്ലാം ഒതുക്കിവെക്കും. മറ്റേതിൽ പാവങ്ങൾ വരുമ്പോൾ സ്വദഖ നൽകാനുള്ള പണമായിരിക്കും. ഒന്നാം സ്വഫിലെ വലത് ഭാഗത്ത് ഇരിക്കുന്നത് കൊണ്ട് വേറെയും ഗുണമുണ്ട്. സഹായം ചോദിച്ച് വീട്ടിലെത്തുന്ന പാവങ്ങളെ ഉസ്താദിന് നേരിൽ കാണാം. അവരെ തന്റെ അരികിലേക്ക് വിളിച്ച് സ്വദഖ നൽകി സന്തോഷത്തോടെ യാത്രയാക്കും.
ശിഷ്യന്മാർ ആവശ്യപ്പെടുമ്പോഴൊക്കെ ആ പള്ളിക്കകം ദർസ് ഹാളാകും. കിതാബുകൾ ‘ഹല്ലഴിച്ച്’ ഓതിക്കൊടുക്കും.
ഉസ്താദിന്റെ ചിട്ടകൾ മുടങ്ങാറില്ല. എട്ട് റക്അത്ത് ളുഹാ നിസ്‌കാരം, റവാതിബുകൾ, പതിനൊന്ന് റക്അത്ത് വിത്ർ, ഇരുപത് റക്അത്ത് തറാവീഹ്… ഒട്ടും കുറവ് വരുത്താതെ അവശതയിൽ പോലും നിർവഹിച്ചു. വീൽചെയറിൽ വിദേശ യാത്ര നടത്തിയ സമയത്തും തറാവീഹ് ഇരുപതിൽ കുറഞ്ഞ് നിർവഹിച്ചില്ല. ഒരിക്കൽ വീൽചെയറിലിരുന്ന് തറാവീഹ് നിസ്‌ക്കരിക്കെ 16 റക്അത്ത് കഴിഞ്ഞപ്പോൾ വല്ലാതെ തളർന്നു. ഒന്നുറങ്ങണമെന്നായി. അവിടെയുണ്ടായിരുന്ന സഹപ്രവർത്തകൻ മുസ്ഥഫ ദാരിമിയോട് പറഞ്ഞു: ‘എന്നെ കുറച്ച് കഴിഞ്ഞ് വിളിക്കണേ… നാല് റക്അത്ത് കൂടി ബാക്കിയുണ്ട്.’

വാരിക്കോരി സഹായങ്ങൾ

റമളാനായാൽ പാവങ്ങൾക്ക് വാരിക്കോരി സഹായങ്ങൾ ചെയ്യുന്ന പ്രകൃതമായിരുന്നു. ഇഅ്തികാഫിരിക്കുമ്പോൾ പള്ളിയിലേക്ക് ഉറുദിക്ക് വരുന്ന മുതഅല്ലിമുകൾക്കും കാണാൻ വന്ന ശിഷ്യന്മാർക്കുമെല്ലാം നന്നായി സ്വദഖ നൽകും. പുതിയ നോട്ടുകൾ സംഘടിപ്പിച്ച് എല്ലാ മക്കൾക്കും പേരമക്കൾക്കും പെരുന്നാളിന് സ്വദഖ നൽകുന്നതും കാലങ്ങളായുള്ള ശീലമായിരുന്നു.
റമളാനിലും വിശ്രമമില്ലാത്ത സേവന പ്രവർത്തനങ്ങളിൽ മുഴുകുമായിരുന്നു. വലിയ ലക്ഷ്യങ്ങളായിരുന്നു ഓരോ വിദേശ യാത്രക്കു പിന്നിലും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സമയത്തും ആ പതിവ് തെറ്റിയില്ല. എന്റെയൊരു യാത്ര മുടങ്ങിയാൽ അനാഥകളും അഗതികളും പട്ടിണിയായാലോ എന്ന ആധിയായിരുന്നു.
യുഎഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായും യാത്ര പോയത്. അവിടെയുള്ള അറബ് പണ്ഡിതന്മാരെയും പൗരപ്രമുഖരെയും കണ്ട് സ്ഥാപനത്തിനായി സംഭാവനകൾ സ്വീകരിക്കും. കൃത്യമായി എഴുതിവെക്കും. ചില്ലറ പൈസ പോലും കണക്കിൽ പെടാതെ പോവുന്നത് ശൈഖുനക്ക് ഒട്ടും ഇഷ്ടമില്ലാത്ത സംഗതിയായിരുന്നു. മകൻ അബ്ദുല്ലയെ വിളിച്ച് ഓരോ കണക്കും കമ്പ്യൂട്ടറിൽ തയ്യാറാക്കി നാട്ടിൽ എത്തിയ ഉടൻ എക്‌സൽ ഫയലാക്കി അയക്കാൻ പറയും. കണക്കിലുള്ള ആ സൂക്ഷ്മത വല്ലാത്തൊരു മാതൃകയായിരുന്നു. ഗൾഫിൽ നിന്ന് ആരെങ്കിലും കൊടുത്തയച്ച സ്വദഖകളുണ്ടെങ്കിൽ വന്ന ഉടൻ അർഹരായ നിർധനരുടെ ലിസ്റ്റ് തയ്യാറാക്കിച്ച് കൊടുത്ത് തീർക്കും. റമളാനിലെ ഈ ഇടവേളകളിൽ വിദേശത്തും സ്വദേശത്തുമുള്ള നിരവധി വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയും ചെയ്യും. നാട്ടിലെത്തിയ ഉടൻ സ്ഥാപനത്തിന്റെ സെക്രട്ടറിമാരിലൊരാളായ ജബ്ബാർ ഹാജിയെ വിളിച്ച് വിവിധ മഹല്ലുകളിൽ ജോലി ചെയ്യുന്ന ശിഷ്യന്മാരായ അമാനിമാരുടെ ലിസ്റ്റ് തയ്യാറാക്കാൻ പറയും. അവരെ ഓരോരുത്തരെയും ഉസ്താദ് തന്നെ നേരിട്ട് വിളിക്കും. ഈ റമളാനിൽ നിങ്ങളുടെ മഹല്ലിൽ നിന്ന് അൽമഖറിലേക്ക് ഒരു ചാക്ക് അരിയെങ്കിലും സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടും.
ഇങ്ങനെ, ഉടയോൻ നൽകിയ ഓരോ സമയവും ഏറ്റവും സൂക്ഷ്മമായും ജാഗ്രതയോടെയും ഉപയോഗപ്പെടുത്തിയ അനുപമ മാതൃകയായിരുന്നു ശൈഖുനയുടെ റമളാൻകാല ജീവിതം.

ശുഐബ് അമാനി കയരളം

 

Exit mobile version