ചെറിയ എപി ഉസ്താദിന്റെ വിശകലന വഴികൾ

കർമശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും ഒരുപോലെ വൈദഗ്ധ്യമുണ്ടായിരുന്നെങ്കിലും ഉസ്താദ് കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാരുടെ പ്രധാന വിഷയം അഖീദയായിരുന്നു. അശ്അരിയ്യത്തിനെ ഇത്രയും സൂക്ഷ്മമായും സമഗ്രമായും പഠിക്കുകയും വിശകലനം നടത്തി അവതരിപ്പിക്കുകയും ചെയ്തവർ ഇക്കാലത്ത് അപൂർവം. ആ വായനയിൽ നിന്നാണ് സമകാലത്ത് വിശ്വാസശാസ്ത്രം നേരിട്ട വെല്ലുവിളികൾ അദ്ദേഹം മനസ്സിലാക്കിയതും അതിനെ മുറിച്ചുകടക്കാൻ ഈ സമുദായത്തെ സജ്ജമാക്കിയതും. അതുകൊണ്ടുതന്നെ പുറമേക്ക് പലതെന്നും പുതിയതെന്നും തോന്നിപ്പിക്കുന്ന ഇസ്‌ലാമിനകത്തെ നവീന വാദങ്ങളുടെ അടിസ്ഥാന ഘടനയെ എളുപ്പത്തിൽ മനസ്സിലാക്കാനും അവയ്ക്കിടയിലെ അന്തർധാരയെ വെളിച്ചത്തുകൊണ്ടുവരാനും സവിശേഷമായൊരു കഴിവ് ചെറിയ എപി ഉസ്താദിന് ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഏതൊരു നവീനവാദത്തിന്റെയും വംശാവലി ഉസ്താദ് പെട്ടെന്നു ചികഞ്ഞെടുക്കും. ഈ ചികഞ്ഞെടുപ്പ് നവീനവാദികളുടെ ആത്മവിശ്വാസത്തിന്റെ മർമത്തിലാണ് പ്രഹരമേൽപ്പിക്കുക. ഒരർത്ഥത്തിൽ, അശ്അരീ ഇമാമിന്റെ കാലഘട്ടവും അക്കാലത്ത് ഉയർന്നുവന്ന ചിന്താസരണികളോട് അശ്അരിയ്യത്ത് പ്രതികരിച്ച രീതികളും പരിശോധിക്കുന്നത് ചെറിയ എപി ഉസ്താദിന്റെ ആശയ വിശകനത്തിന്റെയും അവതരണത്തിന്റെയും രീതിശാസ്ത്രത്തിന്റെ സമഗ്രത ബോധ്യപ്പെടാൻ ഉപകരിക്കും. അശ്അരിയ്യത്തിന്റെ സംസ്ഥാപനത്തിന് വേണ്ടി സമീപകാലത്ത് വലിയ തോതിൽ അധ്വാനിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. നമ്മളൊക്കെ അശ്അരികളാണെന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരാൾ. അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണത്തിലും ആ ഓർമപ്പെടുത്തലിന്റെ അനുരണങ്ങൾ കാണാം.
മുഅ്തസിലത്ത്, ഖവാരിജ്, ജഹ്‌മിയ്യത്ത് തുടങ്ങിയ അവാന്തരാശയങ്ങളെ ഇമാം അശ്അരി(റ) ബൗദ്ധിക സംവാദങ്ങളിലൂടെ തുടച്ചുനീക്കുകയുണ്ടായി. എന്നാൽ, അവരുടെ ആദർശ പിന്തുടർച്ചക്കാരായി ഒരു കൂട്ടരിപ്പോഴും രംഗത്തുണ്ട്. അല്ലാഹു അല്ലാതെ ഹാകിം (വിധികർത്താവ്) ആകാൻ പാടില്ലെന്ന ഖവാരിജുകളുടെ വാദം സ്വാംശീകരിച്ച മൗദൂദികൾ. വിധി പറയാനുള്ള അധികാരം അല്ലാഹുവിനാണ് എന്ന ഖുർആനികാധ്യാപനത്തെ തെറ്റായി വായിച്ചാണ് ഖവാരിജുകൾ ഈ ആശയം മുന്നോട്ടുവെച്ചത്. അല്ലാഹു അല്ലാത്ത ഒരാളുടെ കൽപ്പന അനുസരിച്ചാൽ, അതൊരു തെറ്റായ കാര്യത്തിലാണെങ്കിൽ പോലും ഹറാം ആകുമെന്നല്ലാതെ കുഫ്‌രിയ്യത്താകില്ല എന്ന് ഇമാം അശ്അരി(റ) വ്യക്തമാക്കുകയുണ്ടായി.
ഖവാരിജുകളുടെ ‘ഹാകിം’ എന്നതിന് പകരം ‘നാസ്വിരിയ്യത്ത്’ എന്നതിലാണ് വഹാബികളുടെ കണ്ണുടക്കിയത്. അല്ലാഹുവിന്റേതല്ലാത്ത ഭരണകൂടത്തെ അനുസരിച്ചാൽ അത് അവർക്ക് ചെയ്യുന്ന ഇബാദത്താണ് എന്ന് മൗദൂദികൾ പറയുന്ന പോലെ; അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കാൻ പാടില്ല, വേറൊരാളെ ‘നാസ്വിറാ’യി കാണാൻ പാടില്ല എന്നും അങ്ങനെ ചെയ്താൽ അതവർക്കുള്ള ഇബാദത്തായി എന്ന് വഹാബികളും വാദിക്കുന്നു. ഖവാരിജുകളുടെയത്ര ആഴമൊന്നുമില്ലെങ്കിലും അവരുടെ രണ്ട് കൈവഴികളാണ് കേരളത്തിലെ വഹാബിസവും മൗദൂദിസവും. ഒരു നിലക്ക് ഇവ രണ്ടും ഒന്നുതന്നെയാണ്. മൗദൂദിസത്തെ കുറിച്ച് രാഷ്ട്രീയ സലഫിസം എന്നും പറയാറുണ്ടല്ലോ.
ഈ രണ്ട് കൂട്ടരുടെയും ആശയ പരാധീനതകളെ അടിസ്ഥാന പ്രമാണങ്ങളുടെയും മൂർച്ചയേറിയ ബുദ്ധിയുടെയും പിൻബലത്തിൽ പ്രതിരോധിച്ച മഹാഗുരുവായിരുന്നു എപി മുഹമ്മദ് മുസ്‌ലിയാർ. ഈ പ്രതിരോധത്തിലൂടെ നമ്മളൊക്കെ അശ്അരികളാണെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു അദ്ദേഹം. വിശ്വാസി സമൂഹമെന്ന നിലയിൽ മുസ്‌ലിം സമുദായത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിലുണ്ടായ അഭിപ്രായാന്തരങ്ങളും അതിന്റെ അനുരണനങ്ങളും ആളുകളിൽ വലിയ തോതിൽ ചിന്താപരിഭ്രാന്തിയുണ്ടാക്കിയ കാലത്താണ് എപി മുഹമ്മദ് മുസ്‌ലിയാർ കേരളമൊട്ടുക്കും പ്രഭാഷണങ്ങൾ നടത്തിയത്. ഇസ്‌ലാം ആന്റ് മോഡേൺ ഏയ്ജ് സൊസൈറ്റി, ചേകന്നൂർ മൗലവി, സിഎൻ അഹ്‌മദ് മൗലവി, വഹാബികൾ, ജമാഅത്തെ ഇസ്‌ലാമി, തബ്‌ലീഗ് പ്രസ്ഥാനം, നൂരിശ ത്വരീഖത്ത്, മുസ്‌ലിം ലീഗിന്റെ പിളർപ്പ്, ത്വരീഖത്തിന്റെ പേരിലുള്ള ചെറുഗ്രൂപ്പുകൾ, സമസ്തയിൽ പ്രശ്‌നങ്ങൾ തുടങ്ങി സങ്കീർണമായ ഒരു കാലഘട്ടം. ഇവ നേരിട്ടും പരോക്ഷമായും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസത്തിലുണ്ടാക്കിയ അനുരണനങ്ങളെ പണ്ഡിതന്മാർക്ക് അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. ആ ഇടർച്ചകളെയും ഉണർവുകളെയും അവസരമായാണ് ഉസ്താദ് സമീപിച്ചത്. ഇത്തരം പരീക്ഷണ ഘട്ടത്തിലൊന്നും അദ്ദേഹം ചകിതനായില്ല. ആശയപരമായി അപാരമായ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. വിഷയങ്ങളെ അതിന്റെ സൂക്ഷ്മ തലങ്ങളിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാൾ എന്തിന് പരിഭ്രാന്തനാകണം?
പറയുക എന്നതാണല്ലോ മുസ്‌ലിം പാരമ്പര്യം. കേട്ടുകൊണ്ടാണ് ഇസ്‌ലാമിക സമൂഹം രൂപവത്കരിക്കപ്പെടുന്നതും. ചുണ്ടിൽ നിന്ന് കാതിലേക്ക് പടർന്നാണ് ഇസ്‌ലാമിക ആശയങ്ങൾ ലോകത്ത് പ്രചരിക്കുന്നത്. ആ പൈതൃകത്തിലൂന്നിയ പ്രഭാഷണമാണ് ചെറിയ എപി ഉസ്താദ് ആശയ പ്രകാശനത്തിന് കണ്ടെത്തിയ വഴി. വളരെ കുറച്ച് മാത്രമേ എഴുതിയിട്ടുണ്ടാകൂ. എന്നാൽ, പ്രസംഗിച്ചത് എത്രയെന്ന് കണക്കാക്കാൻ പ്രയാസം. തനിക്ക് ബോധിക്കാത്തത് പറയില്ല, തെളിവായി ഉദ്ധരിക്കുന്നത് പൂർണമായും ആധികാരികമായിരിക്കും. സൂക്ഷ്മമായി മാത്രം പരാർമശിക്കും. ഉദ്ധരണത്തിൽ വരുന്ന അക്ഷരപ്പിശക് പോലും തെളിവുകളെ ദുർബലമാക്കുമെന്ന ജാഗ്രത നന്നായി ഓർത്തിരുന്നു. ഉഭയകക്ഷിയുടെ ഉദ്ധരണങ്ങൾ വായിക്കുമ്പോഴാകട്ടെ, ആധികാരിക ഗ്രന്ഥങ്ങൾ തെളിവുദ്ധരിക്കുമ്പോഴാകട്ടെ, സൂക്ഷ്മമായി മാത്രം പരാർശിച്ചു. ഇടക്കാലാശ്വാസത്തിന് വേണ്ടി നടത്തുന്ന അടവുകൾ ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്നും വിപരീത ഫലം ചെയ്യുമെന്നും നിരന്തരം പ്രവർത്തിയിലൂടെ ബോധവൽകരിച്ചു അദ്ദേഹം. മറുപടി പറയുന്ന ആൾക്ക് ഉസ്താദിന്റെ ഒരു വാക്ക് പോലും തിരിച്ചു തൊടുത്തെയ്യാൻ കഴിഞ്ഞില്ല.
സമഗ്രമായിരിക്കുമ്പോൾ തന്നെ ഹ്രസ്വമായിരുന്നു അദ്ദേഹത്തിന്റെ വിഷയാവതരണം. ആവശ്യമില്ലാതെ ഒരു വാക്കുപോലും കയറിവരില്ല. വ്യക്തികളല്ല, ആശയങ്ങളായിരുന്നു ഉസ്താദിന്റെ പ്രതിയോഗി. ആളുകളെ അത്യപൂർമായി മാത്രം പരാമർശിച്ചു. അപ്പോഴും അപവദിക്കുന്ന ഒരു വാക്കുപോലും പറഞ്ഞില്ല. വ്യക്തിഹത്യയല്ല, ആശയപരമായ സംവാദമാണ് ശരിയെന്ന് ഉറച്ച് വിശ്വസിച്ചു. അതുകൊണ്ട് തന്നെ കുലീനത ആ ആവിഷ്‌കാരത്തിന്റെ മൗലിക സവിശേഷതയായിരുന്നു. പ്രഭാഷണങ്ങളിൽ തീരെ പ്രകോപിതനാകില്ല. കേട്ടുകേൾവിയുള്ള സംഭവങ്ങളോ പ്രമാണികമല്ലാത്ത അഭിപ്രായങ്ങളോ പറയുകയേ ഇല്ല. ഖുർആൻ, നബിവചനം, ഹദീസ് വിശദീകരണ ഗ്രന്ഥങ്ങൾ, ഖുർആൻ വ്യാഖ്യാനങ്ങൾ, കർമശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിവയാണ് പ്രധാനമായും മുന്നോട്ട് വെച്ചത്. അതിൽ തന്നെ, പ്രാമാണികതയിൽ മുന്തിനിൽക്കുന്നതിന് പ്രാമുഖ്യം നൽകും.
1983 ഫെബ്രുവരി 1,2,3 തീയതികളിൽ കൊട്ടപ്പുറത്ത് നടന്ന സുന്നി-മുജാഹിദ് സംവാദത്തിൽ രണ്ടാം ദിവസം വിഷയമവതരിപ്പിച്ചത് ഉസ്താദായിരുന്നു. ‘യാ സയ്യിദീ സനദീ…’ എന്ന ബൈത്ത് ആലപിച്ചു തുടങ്ങിയ പ്രഭാഷണം എങ്ങനെയാണ് ഒരു വിഷയം സന്തുലിതമായി അവതരിപ്പിക്കുക എന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ്. ആ സംവാദത്തിൽ വഹാബികൾ സുല്ല് പറഞ്ഞുപോയതിനെപ്പറ്റി അബ്ദുസ്സലാം സുല്ലമി തന്നെ പിൽക്കാലത്ത് തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.
സംവാദത്തിലും ആശയ വിശദീകണത്തിലും ഇകെ ഹസൻ മുസ്‌ലിയാരും കാന്തപുരം ഉസ്താദുമായിരുന്നു ചെറിയ എപി ഉസ്താദിന്റെ മാതൃകാ പുരുഷന്മാർ. ഇരുവരോടും വൈകാരിക അടുപ്പവുമുണ്ടായിരുന്നു അദ്ദേഹത്തിന്. ചോദിക്കാതെ തന്നെ ചെറിയ എപി ഉസ്താദിന്റെ പരിപാടികൾക്ക് ഹസൻ മുസ്‌ലിയാർ ഡേറ്റ് കൊടുക്കുമായിരുന്നു. ഹസൻ മുസ്‌ലിയാർ തിരിച്ചും വളരെ അരുമയായിട്ടായിരുന്നു ഉസ്താദിനെ കണ്ടിരുന്നത്. ഹസൻ മുസ്‌ലിയാരുടെ തെളിഞ്ഞ ബുദ്ധിയും അസാമാന്യ ചടുലതയും ആ സഹവാസം കൊണ്ട് സ്വായത്തമാക്കാനും ഉസ്താദിന് കഴിഞ്ഞു. പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരും ചെറിയ എപി ഉസ്താദിനെ സ്വാധീനച്ച പണ്ഡിതനാണ്.
കോടതികളിൽ നിരവധി കേസുകളിൽ സാക്ഷിയായും ഉസ്താദ് എത്തുകയുണ്ടായി. ഖുതുബ പരിഭാഷയുമായി ബന്ധപ്പെട്ട് പൊന്നാനിയിലും ആലപ്പുഴയിലും എറണാകുളത്തുമൊക്കെ കോടതികളിൽ ഹാജരായി. ഖാദിയാനികൾ മുസ്‌ലിംകളല്ലെന്ന് സമർത്ഥിക്കാനും കോടതിയിൽ ചെന്നു. ദർസിലെന്ന പോലെ സന്ദർഭോചിതമായ തമാശകൾ കോടതികളിലും പ്രയോഗിച്ചു. കായലരികത്ത് വലയെറിഞ്ഞ പാട്ടു പാടിയ കഥ പ്രസിദ്ധം.
ത്വരീഖത്തിന്റെ ലേബലിൽ വന്ന പ്രസ്ഥാനങ്ങൾക്കെതിരെയായിരുന്നു ഉസ്താദിന്റെ മറ്റൊരു പ്രധാന ഇടപെടൽ. ആലുവ, കളൻതോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കപട ത്വരീഖത്തുകൾ രംഗപ്രവേശം ഘട്ടത്തിൽ ശക്തമായാണ് രംഗത്തെത്തിയത്. ശീഈ ആശയങ്ങൾ ഉൾച്ചേർന്ന ആലുവ പ്രസ്ഥാനത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അവരുടെ ‘ദാലികൽ കിതാബ്’ വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുകയും വ്യാജന്മാരിൽ ഇന്നേറ്റവും മാരകമായത് ആലുവയാണെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. ഖുർആനെ യഥോചിതം അംഗീകരിക്കാത്ത അവരുടെ സമീപമാണ് ഇതിന് തെളിവായി ഉസ്താദ് മുന്നോട്ടുവെച്ചത്. നേരത്തെ ഇസ്‌ലാമികമായി നടന്നിരുന്നയാൾ പിന്നീട് ‘കളൻതോട് ത്വരീഖത്ത്’ എന്ന പേരിൽ വ്യതിയാനത്തിലേക്ക് വഴിമാറിയപ്പോൾ അവിടെയും തിരുത്തായി ഉസ്താദ്. പണ്ഡിതന്മാർക്ക് ദീനിന്റെ ബാഹ്യം മാത്രമേ അറിയൂ, ആന്തരികം ഞങ്ങൾക്കാണറിവ് എന്നതിന് പുറമെ, ശരീഅത്തിന് എതിരായ പല വാദങ്ങളും അവരുന്നയിച്ചപ്പോളാണ് സമസ്തയുടെ കീഴിൽ ചെറിയ എപി ഉസ്താദ് ആദർശ പ്രഭാഷകനായി അവരെ നേർവഴി നയിക്കാൻ ഉദ്യമിച്ചത്.
ചേകന്നൂർ ഇന്നുണ്ടായിരുന്നെങ്കിൽ സലഫീ സംഘങ്ങളെല്ലാം അദ്ദേഹത്തിൽ വിലയം പ്രാപിക്കുമായിരുന്നുവെന്ന് ഉസ്താദ് പറയുമായിരുന്നു. ചേകന്നൂരിനെ സ്വാംശീകരിച്ച സലഫീ ഗ്രൂപ്പുകളെയും അവ തമ്മിലുള്ള അന്തർധാരയെയും കുറിച്ചുള്ള അവഗാഹമായിരുന്നു ഈ നിരീക്ഷണത്തിന് പിന്നിൽ. ചേകന്നൂർ മൗലവി വലിയ പ്രഭാവത്തോടെ വിലസിയ കാലത്ത് ഉസ്താദ് രംഗത്തുണ്ടല്ലോ. ചേകന്നൂരും സലഫികളും തമ്മിൽ അകലം കുറഞ്ഞുവരുന്നത് ഉസ്താദ് കണ്ടതും ഇത്തരമൊരു വിലയിരുത്തലിന് പ്രേരകമായി. മതത്തെ അതിന്റെ മൗലിക സ്രോതസ്സിൽ നിന്ന് പഠിച്ചതുകൊണ്ട് ആരും നിനക്കാത്തിടങ്ങളിൽ നിന്നായിരിക്കും ഉസ്താദ് തെളിവുകൾ കടഞ്ഞെടുക്കുക.
ഏതായാലും, കഴിഞ്ഞ അമ്പത് വർഷം കേരള മുസ്‌ലിംകൾക്കിടയിൽ നിന്നുയർന്നുവന്ന അവാന്തര ചിന്താസരണികളെ അതിന്റെ സമഗ്രതയിൽ പ്രതിരോധിച്ച വലിയ പണ്ഡിതനാണ് ഓർമയായിരിക്കുന്നത്. ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്ര പരിസരത്തെ ദുഃശാഠ്യങ്ങൾക്ക് വിട്ടുകൊടുത്ത് രാജിയാകാൻ തയ്യാറാകാത്ത ഗുരുവിന്റെ അതേ മാതൃക പിൻപറ്റിയ ശിഷ്യനായി കേരള മുസ്‌ലിം ചരിത്രം എപി മുഹമ്മദ് മുസ്‌ലിയാരെ രേഖപ്പെടുത്തുമെന്നുറപ്പാണ്. ലോകത്താകമാനം നടക്കുന്ന അശ്അരീ സരണിയുടെ ഉയർത്തെഴുന്നേൽപ്പ് കൂടി കണ്ടുകൊണ്ടാണ് ഉസ്താദ് വിടപറഞ്ഞത്.

 

പികെഎം അബ്ദുർറഹ്‌മാൻ

Exit mobile version