ചോദ്യങ്ങളുടെ വകഭേദങ്ങൾ

ചോദിച്ചു നശിക്കരുത്,
ചോദിക്കാം,
ചോദിക്കണം,
ചോദിക്കരുത്…
ഇതെല്ലാം നിലപാടുകളാണ്. അവസരോചിതമായി പാലിക്കാനുള്ളതുമാണ്. ചില കാര്യങ്ങൾ ചോദിക്കരുത്. ചിലതാവട്ടെ എല്ലാവരോടും ചോദിക്കരുത്. ചോദ്യങ്ങളുടെ കാര്യത്തിൽ വിവേചനബുദ്ധി വേണം. വിവേക മികവും ഉണ്ടായിരിക്കണം. അനുചിതമായ ചോദ്യം അപകടമാണ്. അനവസരത്തിലെ ചോദ്യം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ജനങ്ങളുടെ ഒട്ടേറെ ചോദ്യങ്ങളെ വിശുദ്ധ ഖുർആൻ മുഖവിലയ്‌ക്കെടുത്ത് നല്ല മറുപടി നൽകിയിട്ടുണ്ട്. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, ദാനധർമങ്ങൾ, പാവന മാസങ്ങൾ, അനുവദിക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉദാഹരണം. എന്നാൽ ചില ചോദ്യങ്ങളെ ഖുർആൻ വിലക്കുന്നുണ്ട്.
മനുഷ്യരെ പടിപടിയായി സത്യനിഷേധത്തിലേക്ക് തള്ളിവിടുന്ന അത്തരം ചോദ്യങ്ങൾ വിശ്വാസിയിൽ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാ. വിശുദ്ധ ഖുർആൻ പറഞ്ഞു: ‘വിശ്വാസികളേ, ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾ ചോദിക്കരുത്. അതേ കുറിച്ചുള്ള വിവരണം നൽകപ്പെട്ടാൽ നിങ്ങൾക്കത് മന:പ്രയാസമുണ്ടാക്കിത്തീർക്കും. ഖുർആൻ അവതരണ വേളയിൽ അതിനെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ നിങ്ങൾക്കതിന് സമാധാനം ലഭിക്കുന്നതാണ്. അല്ലാഹു വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. ഏറെ സഹനമുള്ളവനാണ്. നിങ്ങളുടെ മുൻഗാമികൾ ചിലർ അത്തരം ചോദ്യങ്ങൾ ഉന്നയിക്കുകയും അതേ തുടർന്ന് അവർ നിഷേധികളായിത്തീരുകയും ചെയ്തിട്ടുള്ളതുമാണ് (അൽമാഇദ 101, 102).
വിവേചന ബോധമില്ലാതെ ചോദ്യമുന്നയിച്ച് ദുരന്തങ്ങളെ വിലകൊടുത്ത് വാങ്ങിച്ചവരെയും ചരിത്രത്തിൽ കാണാം. ബനൂ ഇസ്‌റാഈലികളുടെ ചരിത്രത്തിലേക്ക് ഖുർആൻ വെളിച്ചം വീശുന്നു. വാന ലോകത്ത് നിന്നുള്ള ഒരു ഗ്രന്ഥം താങ്കൾ അവരിലേക്ക് ഇറക്കിക്കൊടുക്കണമെന്ന് വേദക്കാർ ആവശ്യപ്പെടുന്നു. അതിലും വലുത് അവർ മൂസാ നബിയോട് ചോദിച്ചിട്ടുണ്ട്. അതായത്, താങ്കൾ ഞങ്ങൾക്ക് അല്ലാഹുവിനെ നേരിട്ട് കാണിച്ചു തരണമെന്ന്. അപ്പോഴവരെ ഘോരനാദം പിടികൂടി (അന്നിസാഅ് 153).

മൂസാ നബി(അ) മഹാത്മാവായ ഖള്വിർ(അ)നെ ചെന്നുകണ്ട് പഠനാവശ്യാർഥം കൂടെ ചെല്ലാൻ സമ്മതം ചോദിച്ചപ്പോൾ ഖള്വിർ(അ) നിർദേശിച്ചു: ‘താങ്കൾ എന്റെ കൂടെ വരികയാണെങ്കിൽ ഞാൻ താങ്കൾക്ക് വിവരിച്ചുതരുന്നത് വരെ എന്നോട് ഒരു കാര്യത്തെക്കുറിച്ചും ചോദിക്കരുത് (സൂറത്തുൽ കഹ്ഫ് 70). സാധാരണക്കാരായ മുസ്‌ലിംകളെ വട്ടംകറക്കുന്ന ചോദ്യങ്ങളുന്നയിച്ചുകൊണ്ട് അവരുടെ വിശ്വാസത്തിന്റെ തറയിളക്കാൻ എക്കാലവും കപടന്മാർ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ട്. നബി(സ്വ) മദീനലേക്ക് ഹിജ്‌റ വന്ന ശേഷം രണ്ടു വർഷത്തോളം ഖിബ്‌ല മാറ്റി നിശ്ചയിക്കപ്പെട്ടിരുന്നു. മദീനയുടെ തെക്ക് ദിശയിലുള്ള കഅ്ബയിൽ നിന്ന് വടക്ക് ഭാഗത്തുള്ള ബൈത്തുൽ മുഖദ്ദസിലേക്കാണ് ഖിബ്‌ല മാറിയത്. ഇത്രയും കാലം കഅ്ബയിലേക്ക് തിരിഞ്ഞ് നിസ്‌കാരം നിർവഹിച്ച വിശ്വാസികൾ ഇപ്പോൾ ബൈത്തുൽ മുഖദ്ദസിലേക്കാണ് തിരിഞ്ഞ് നിസ്‌കരിക്കുന്നത്. ഇതു കണ്ട് കപടന്മാർ ചോദ്യങ്ങൾ ഉന്നയിച്ചതിങ്ങനെ: അവർ ഇത്രയും കാലം നിലകൊണ്ട ഖിബ്‌ലയിൽ നിന്നവർ മാറിയത് എന്തിനാണ്? (അൽബഖറ 142).
മുഹമ്മദ്(സ്വ) ഇത്രയും കാലം തിരിഞ്ഞു നിന്നതാണ് ശരിയെങ്കിൽ ഇപ്പോൾ ആ ശരി ഒഴിവാക്കിയില്ലേ. അല്ല, ആ തിരിഞ്ഞത് തെറ്റായിരുന്നെങ്കിൽ മുഹമ്മദ്(സ്വ) ഇത്രയും കാലം തെറ്റല്ലേ അനുവർത്തിച്ചത്?! സാധാരണക്കാരെ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്ന ഈ ചോദ്യത്തിന് ഖുർആനിന്റെ മറുപടി വളരെ ലളിതമായിരുന്നു: താങ്കൾ പറഞ്ഞോളൂ, കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അവൻ ഉദ്ദേശിക്കുന്നവരെ അവൻ സത്യപാതയിലേക്ക് നയിക്കുന്നു (2/142). സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത വരികളും വാക്കുകളും ഉപയോഗിച്ച് സത്യാദർശങ്ങൾക്കെതിരെ ചോദ്യങ്ങൾ വലിച്ചിടുന്നവർ കപടന്മാരുടെ പാദമുദ്രകളിലൂടെയാണ് സഞ്ചരിക്കുന്നത്.
നൂഹ് നബി(അ)യുടെ പ്രാർഥനയാണ് സത്യവിശ്വാസികൾക്ക് പറയാനും പാലിക്കാനുമുള്ളത്: എന്റെ നാഥാ, എനിക്ക് അറിയാത്ത കാര്യം നിന്നോട് ചോദിക്കുന്നതിൽ നിന്ന് ഞാൻ കാവൽ തേടുന്നു. നീ എന്നോട് പൊറുത്ത് കരുണ ചെയ്തില്ലെങ്കിൽ ഞാൻ പരാജിതരിൽ കുടുങ്ങിപ്പോകുന്നതാണ് (അൽഹൂദ് 47).

സുലൈമാൻ മദനി ചുണ്ടേൽ

 

Exit mobile version