ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം: കാന്തപുരം

കോഴിക്കോട്: കേരളത്തിലെ സാമൂഹ്യ ജീവിതത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്ന ചില മുസ്ലിം സംഘടനകള്‍ ഇസ്‌ലാമിനെ സമൂഹമധ്യേ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും അഖില്യോ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. “യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ്മിഷന്‍ 2014 ന്റെ സംസ്ഥാന തല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മലബാറില്‍ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവരിലേറെയും സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണ് എന്ന കാര്യം ആശങ്കാജനകമാണ്. ഈ സംഘര്‍ഷങ്ങളിലെ പ്രതികളെ രക്ഷിക്കാനും രാഷ്ട്രീയ അഭയം കൊടുക്കാനും മുസ്ലിംലീഗ് കാണിക്കുന്ന താല്‍പര്യം ഇവിടുത്തെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ. കുറ്റവാളികളെ രക്ഷിക്കാനുള്ള മുസ്ലിം ലീഗിന്റെ ശ്രമങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണ്. ഇത്തരം നീക്കങ്ങള്‍ തുടരുന്നത് ലീഗിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ മുരടിപ്പിക്കും.
സ്വന്തം മതത്തിനകത്തെ ആശയ വൈവിധ്യങ്ങളോടുപോലും സഹിഷ്ണുത പുലര്‍ത്താന്‍ കഴിയാത്തവര്‍ എങ്ങനെയാണ് മറ്റു മതസ്തരോടും ആശയത്തോടും സഹിഷ്ണുത പുലര്‍ത്തുക എന്ന ചോദ്യത്തിനുത്തരം പറയാന്‍ ഈ അതിക്രമങ്ങള്‍ക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നല്‍കിയ സംഘടനകള്‍ക്ക് ബാധ്യതയുണ്ട്.
പാരമ്പര്യ സുന്നികള്‍ക്കിടയിലെ അഭിപ്രായ വ്ത്യാസങ്ങളെ ഊതിവീര്‍പ്പിച്ച് അതിക്രമങ്ങളിലേക്ക് നീക്കുന്നതില്‍ വഹാബിമൗദൂദികള്‍ വഹിക്കുന്ന പങ്ക് അന്വേഷണവിധേയമാക്കണം. വിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലും മതസ്ഥാപനങ്ങള്‍ സംരക്ഷിക്കലും സമസ്തയുടെ പ്രഖ്യാപിത നയമാണ്. ആ നയം കാറ്റില്‍ പറത്തുന്നവര്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുത്. യുവാക്കളുടെ കര്‍മശേഷിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും സങ്കുചിത താല്‍പര്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്നവര്‍ മതമൂല്യങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹിക ജീവിതം ദുരിതപൂര്‍ണമാക്കുന്ന ഈ ഛിദ്രശക്തികള്‍ക്കെതിരെ സുന്നികള്‍ നടത്തുന്ന ആശയനിയമപോരാട്ടങ്ങളില്‍ സര്‍ക്കാറിന്റെയും പൊതുജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും കാന്തപുരം അഭ്യര്‍ത്ഥിച്ചു.
സമസ്ത വൈസ് പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ പദ്ധതി പ്രഖ്യാപനം നടത്തി. ആരോഗ്യപരമായ കുടുംബ ജീവിതത്തിനും അതുവഴി ക്രിയാത്മകമായ സാമൂഹിക ജീവിതത്തിനും മുസ്ലിം പെണ്‍കുട്ടികളെ സജ്ജരാക്കുന്ന പദ്ധതികള്‍ക്കാണ് മിഷന്‍ 2014 ഊന്നല്‍ നല്‍കുന്നത്. ആതുര സേവന രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സാന്ത്വനം രണ്ടാംഘട്ട പദ്ധതികളും ഇതിന്റെ ഭാഗമായി നടക്കും.
സമസ്ത ട്രഷറര്‍ സയ്യിദ് അലിബാഫഖി പ്രാര്‍ത്ഥന നടത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പ്രൊഫ. എകെ അബ്ദുല്‍ ഹമീദ്, വിപിഎം ഫൈസി വില്യാപള്ളി, അബ്ദുല്‍കലാം മാവൂര്‍ പ്രസംഗിച്ചു. സിപി സൈതലവി മാസ്റ്റര്‍ സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

Exit mobile version