മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറിക്ക് ബി ജെ പി നടത്തിയ കുതന്ത്രങ്ങള്‍ വിഫലമാകുകയും ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സേന – എന്‍ സി പി – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരമേറ്റ് നിയമസഭയില്‍ വിശ്വാസ വോട്ട് നേടുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രിയും ബി ജെ പി അധ്യക്ഷനുമായ അമിത് ഷാ, മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ നിതിന്‍ ഗഡ്കരി, ജെ പി നദ്ദ, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരൊക്കെ ശ്രമിച്ചിട്ടും എതിര്‍ ചേരിയില്‍ നിന്ന് അജിത് പവാറൊഴികെ ഒരു എം എല്‍ എയെയും അടര്‍ത്തിയെടുക്കാനായില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സര്‍ക്കാറുണ്ടാക്കിക്കഴിഞ്ഞാല്‍ എതിര്‍ ചേരിയില്‍ നിന്നുള്ളവരെ അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ബി ജെ പിക്കുണ്ടായിരുന്നു. അജിത് പവാറിനൊപ്പം എന്‍ സി പിയിലെ വലിയൊരു വിഭാഗമുണ്ടാകുമെന്നും അവര്‍ക്കൊപ്പം സ്വതന്ത്രരോ ചെറു പാര്‍ട്ടികളുടെ പ്രതിനിധികളോ ആയ എം എല്‍ എമാരെക്കൂടി ചേര്‍ത്താല്‍ സഭയില്‍ വിശ്വാസം തെളിയിക്കാനാകുമെന്നും കണക്കുകൂട്ടി. അതാണ് ശരദ് പവാറിന്‍റെയും ഉദ്ധവ് താക്കറെയുടെയും നിശ്ചയദാര്‍ഢ്യം തകര്‍ത്തുകളഞ്ഞത്.
എത്ര മാനംകെട്ടും അധികാരം പിടിച്ചാല്‍ മാനക്കേട് അധികാരം നീക്കിക്കൊള്ളുമെന്നതാണ് ബി ജെ പി പിന്തുടരുന്ന നയം. ഒരു പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്ത സംസ്ഥാനങ്ങളില്‍ എതിര്‍ ചേരിക്കാരെ സ്വന്തം പാളയത്തിലെത്തിച്ച് അധികാരമുറപ്പിച്ച സംഭവങ്ങള്‍ പലതുണ്ട്. ഗോവയിലും കര്‍ണാടകയിലുമൊക്ക നടന്നത് അതാണ്. അംഗബലം ഒരിക്കലും അധികാരത്തിലേക്കുള്ള വഴി തുറക്കില്ലെന്ന ഉറപ്പുള്ള സാഹചര്യത്തില്‍ എതിര്‍ ചേരിക്കാരെ കൂട്ടത്തോടെ കൂറുമാറ്റി അധികാരം പിടിച്ച കഥ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടു. ബിഹാറിലെ ജെ ഡി യു – ആര്‍ ജെ ഡി സഖ്യം പൊളിച്ച് അധികാരത്തിന്‍റെ ഭാഗമായതും അധികം പഴക്കമുള്ള സംഗതിയല്ല. നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശിലും രാജസ്ഥാനിലും അട്ടിമറിക്കുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ദശകങ്ങളായി തുടരുന്ന രാഷ്ട്രീയ സംവിധാനത്തോട്, ചെറിയ മനസ്സാക്ഷിക്കുത്തുപോലുമില്ലാതെ വിട പറഞ്ഞ് പുതിയ അധികാര കേന്ദ്രത്തില്‍ സ്വാധീനമുറപ്പിക്കാന്‍ മടിക്കാത്ത നേതാക്കള്‍ വിവിധ പാര്‍ട്ടികളില്‍ ധാരാളമുണ്ടെന്നത് കൂടിയാണ് ബി ജെ പിയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. വര്‍ഗീയ ശക്തികളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിറങ്ങുന്നവര്‍, പ്രത്യേകിച്ചൊരു കാരണവുമില്ലാതെ സ്വന്തം പാര്‍ട്ടിയെ ബി ജെ പിയുടെ പാളയത്തില്‍ കൊണ്ടുപോയി വീണ്ടും കെട്ടുന്നതും (ജെ ഡി (യു) നേതാവ് നിതീഷ് കുമാറിനെപ്പോലുള്ളവര്‍) അവര്‍ക്ക് സഹായമായുണ്ട്.
ആസൂത്രിതമായ ചേരി മാറ്റങ്ങള്‍ക്ക് കേന്ദ്രത്തിലെ അധികാരം ദുരുപയോഗം ചെയ്യാന്‍ യാതൊരു മടിയും ബി ജെ പി കാണിക്കുന്നില്ല. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി ബി ഐ തുടങ്ങിയ ഏജന്‍സികളെയാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുന്നത്. എതിര്‍ ചേരിയിലെ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വിവിധ ഏജന്‍സികള്‍ നടത്തുന്ന പരിശോധന, അതിന്‍റെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസുകള്‍ ഒക്കെ ചേരി മാറ്റത്തിനുള്ള ആയുധമാണ്. ഇത്തരം പ്രതികാര നടപടികള്‍ക്ക് വിധേയരാകാതിരിക്കാന്‍ ബി ജെ പിക്കൊപ്പം നില്‍ക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. പല നേതാക്കളുടെയും പൂര്‍വകാല ഇടപാടുകള്‍, അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണികള്‍ക്ക് അവസരം നല്‍കുന്നുമുണ്ട്. മറ്റൊന്ന് പണമാണ്. എം എല്‍ എമാരെ ചേരി മാറ്റി ബി ജെ പി അധികാരം പിടിച്ച സംസ്ഥാനങ്ങളിലെല്ലാം ഭീമമായ പണക്കിഴിയുടെ കിലുക്കമുണ്ടായിരുന്നു. കര്‍ണാടകയില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്ന ബി എസ് യെദിയൂരപ്പ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്‍റെ ശബ്ദ രേഖ പുറത്തുവരികയും ചെയ്തു. പദവികള്‍ വാഗ്ദാനം ചെയ്യുന്നതാണ് മറ്റൊരു രീതി. അതുപിന്നെ പണ്ടെയുള്ള പതിവാണ്.
ഇപ്പറഞ്ഞതൊക്കെ മഹാരാഷ്ട്രയിലുമുണ്ടായിട്ടുണ്ട്. ചേരിമാറാന്‍ സന്നദ്ധനായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നു. അജിതിനെതിരായ അഴിമതിക്കേസുകളില്‍ ചിലത് പൊടുന്നനെ പിന്‍വലിക്കപ്പെടുകയും ചെയ്തു. ബി ജെ പിക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള അവസരം തുറന്നിട്ടയുടന്‍ അഴിമതിക്കേസുകളില്‍ അജിത് പവാറിനെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് മഹാരാഷ്ട്രയിലെ അഴിമതി വിരുദ്ധ വിഭാഗത്തിന് തോന്നിയത് യാദൃച്ഛികമാണെന്ന് ആരും കരുതുമെന്ന് തോന്നുന്നില്ല. ഇതൊക്കെ നടന്നിട്ടും എന്‍ സി പിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ശിവ സേനയില്‍ നിന്നോ കൂടുതലാളുകള്‍ ബി ജെ പിയ്ക്കൊപ്പം പോയില്ല എന്നതാണ് മഹാരാഷ്ട്രയിലെ അത്ഭുതം. അജിത് പവാറിനെ വിശ്വസിച്ച് ചേരിമാറാന്‍ സന്നദ്ധരായ എന്‍ സി പി അംഗങ്ങളെല്ലാം വൈകാതെ മടങ്ങിയെത്തുകയും ചെയ്തു.
ശിവസേന – എന്‍ സി പി- കോണ്‍ഗ്രസ് സഖ്യം നിലവില്‍ വരികയും അവര്‍ സര്‍ക്കാറുണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിന് ശേഷമുള്ള രാത്രിയിലാണ് നാടകീയമായ സംഭവവികാസങ്ങളുണ്ടായത്. അജിത് പവാര്‍ നല്‍കിയ കത്തുമായി ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിക്കുന്നു. അത് ബോധ്യപ്പെട്ട ഗവര്‍ണര്‍, ഉടന്‍ തന്നെ രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. കാബിനറ്റിന്‍റെ അധികാരം ഒറ്റയ്ക്ക് പ്രയോഗിക്കാനുള്ള സവിശേഷ അവകാശം പ്രയോജനപ്പെടുത്തി, ഗവര്‍ണറുടെ ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കുന്നു. ആ സന്ദേശം സ്വീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുന്നു. ഇരുട്ടിന്‍റെ മറവില്‍ ഇത്രയും അരങ്ങേറിയപ്പോള്‍ രാവിലെ ദേവേന്ദ്ര ഫഡ്നാവിസിന്‍റെ സത്യപ്രതിജ്ഞ.
ഭരണഘടനാ സ്ഥാപനങ്ങളെ ആജ്ഞാനുവര്‍ത്തിയാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാറനോളം ‘വിജയിച്ച’ മറ്റൊരു ഭരണകൂടമില്ല. ഗവര്‍ണര്‍മാരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിച്ച ചരിത്രം മുന്നേയുണ്ട്. അതില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകളും ബി ജെ പി സര്‍ക്കാറുകളും ഒരുപോലെയാണെന്ന് പറയാം. ആദ്യത്തെ ഉപയോഗത്തിന്‍റെ ഇരകള്‍ കേരളീയര്‍ തന്നെയായിരുന്നു. വിമോചന സമരത്തോടെ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് ആധാരമാക്കിയാണ് കേരളത്തിലെ ആദ്യത്തെ സര്‍ക്കാറിനെ അന്നത്തെ കേന്ദ്ര ഭരണകൂടം പിരിച്ചുവിട്ടത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിടുന്നതിനെ എതിര്‍ത്ത് പ്രധാനമന്ത്രി സ്ഥാനത്ത് ജവഹര്‍ലാല്‍ നെഹ്റു ഉണ്ടായിരിക്കെയായായിരുന്നു ഈ നടപടി. ജനാധിപത്യ മര്യാദ തൊട്ടുതീണ്ടാത്ത കൂട്ടര്‍ കേന്ദ്ര ഭരണം നിയന്ത്രിക്കുമ്പോള്‍ ഗവര്‍ണറുടെ ഓഫീസ് മാത്രമല്ല, രാഷ്ട്രപതി ഭവന്‍ വരെ ആജ്ഞാനുവര്‍ത്തിയായി മാറുകയാണ്. പരമാധികാരി നിര്‍ദേശിക്കുന്നിടത്ത് ഒപ്പിട്ടു നല്‍കുക എന്നതിലേക്ക് രാഷ്ട്രപതി താഴ്ന്നുപോയിരിക്കുന്നു. റബ്ബര്‍ സ്റ്റാമ്പെന്ന ആരോപണം തികഞ്ഞ വസ്തുതയായി മുന്നില്‍ നില്‍ക്കുകയാണ്. സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശിപാര്‍ശ മടക്കി അയച്ച ചരിത്രമുണ്ട് ഇന്ത്യന്‍ യൂണിയന്‍റെ രാഷ്ട്രപതി ഭവന്. പൗരന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ബില്‍ പാസ്സാക്കി അംഗീകാരത്തിന് അയച്ചപ്പോള്‍ അത് മടക്കിയ ചരിത്രവുമുണ്ട്. അത്തരമൊരു ഓഫീസിനെ ഏത് ജനാധിപത്യ വിരുദ്ധ നടപടിക്കും കരുവാക്കുന്ന വിധത്തിലേക്ക് മാറ്റുകയും ലോകത്തിന് മുന്നില്‍ രാഷ്ട്രപതി ഭവന്‍റെ അന്തസ്സ് ഇടിച്ചു താഴ്ത്തുകയുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. അതിന് കൂട്ടുനിന്നപ്പോള്‍, തികഞ്ഞ ബഹുമാനത്തോടെ പറയട്ടെ രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്ന രാംനാഥ് കോവിന്ദ് സ്വന്തം അഭിമാനം അടിയറവെക്കുകയായിരുന്നു; ഒപ്പം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയും.
ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത് ചോദ്യം ചെയ്തും വിശ്വാസവോട്ട് വേഗത്തില്‍ നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടും ശിവസേനയും എന്‍ സി പിയും കോണ്‍ഗ്രസും കോടതിയെ സമീപിച്ചപ്പോഴും ഭരണ നേതൃത്വത്തിന്‍റെയും ബി ജെ പിയുടെയും ഇംഗിതം സാധിച്ചുകൊടുക്കാന്‍ പാകത്തിലുള്ള സമീപനമുണ്ടായോ എന്ന സംശയവും ശക്തമാണ്. മുന്‍കാലങ്ങളില്‍ സമാനമായ ആവശ്യം കോടതിക്ക് മുന്നിലെത്തിയപ്പോള്‍ പാതിരാക്ക് കോടതി ചേര്‍ന്ന് അത് പരിഗണിച്ചത് സമകാലിക ചരിത്രമാണ്. കര്‍ണാടകത്തില്‍ ബി എസ് യെദിയുരപ്പ ആദ്യം സര്‍ക്കാറുണ്ടാക്കിയപ്പോഴാണ് വിശ്വാസവോട്ടിന് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി വെട്ടിക്കുറച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. കുതിരക്കച്ചവടത്തിനുള്ള അവസരം നല്‍കാന്‍ പറ്റില്ലെന്ന് അന്ന് കോടതി വ്യക്തമായി പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ സ്ഥിതി ഭിന്നമായിരുന്നില്ല. ഞായറാഴ്ച കോടതി ചേര്‍ന്ന് ഹരജി പരിഗണിച്ചുവെങ്കിലും ഉടന്‍ വിശ്വാസ വോട്ട് എന്ന ആവശ്യത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ രണ്ട് ദിവസം പിന്നെയുമെടുത്തു. മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്കുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് നിയമസഭയിലാണ്. അത് എത്രയും വേഗം നടത്താന്‍ മുന്‍ ഉത്തരവ് കീഴ്വഴക്കമായി സ്വീകരിക്കുന്നതിന് സുപ്രീം കോടതിയ്ക്ക് മുന്നില്‍ തടസ്സങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടും രണ്ട് ദിവസം കൂടി സമയമെടുത്തത് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടാക്കാന്‍ സമയം നല്‍കാനല്ലാതെ മറ്റെന്തിനാണ്? ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിക്കാനും സംഘപരിവാറിന്‍റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടനാ സ്ഥാപനങ്ങളൊക്കെ ഒരേ മനസ്സായി നില്‍ക്കുകയാണോ എന്ന സംശയം ഇവിടെ ബലപ്പെടുകയാണ്. ബാബ്രി ഭൂമി കേസിലുള്‍പ്പെടെ അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ഈ സംശയം ഒട്ടും അസ്ഥാനത്തല്ല തന്നെ.
ഒരു ശ്രമം പാളിയെന്ന് മാത്രമേ തത്കാലം പറയാനാകൂ. കേന്ദ്രഭരണവും പണവുമുപയോഗിച്ച് മഹാരാഷ്ട്രയില്‍ അധികാരം തിരികെപ്പിടിക്കാന്‍ ബി ജെ പി തുടര്‍ന്നും ശ്രമിക്കും. അല്ലെങ്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി തെരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ ശ്രമിക്കും. അതിനൊക്കെ ഏത് വഴിയാകും സ്വീകരിക്കുക എന്നത് കണ്ടറിയണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ല. അതിന്‍റെ മറവില്‍ സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള സാധ്യതയും. അജിത് പവാറിനെ മാത്രമേ എന്‍ സി പിയില്‍ നിന്ന് തത്കാലം ലഭിച്ചുള്ളൂ. അജിത് തന്നെ എന്‍ സി പിയിലേക്ക് മടങ്ങുകയും ചെയ്തു. എങ്കിലും അതിലൂടെ ഒരു സന്ദേശം വിവിധ പാര്‍ട്ടികളിലെ എം എല്‍ എമാര്‍ക്കും മഹാരാഷ്ട്ര ജനതയ്ക്കും സംഘ പരിവാരം നല്‍കുന്നുണ്ട്. തങ്ങളെ അധികാരത്തിന് പുറത്തിരുത്താന്‍ യോജിച്ച ഈ സംഖ്യത്തില്‍ നിന്ന് ഏതു സമയത്തും എം എല്‍ എമാര്‍ കൊഴിഞ്ഞുപോകാമെന്ന സന്ദേശം.
കര്‍ണാടകയില്‍ കൂറുമാറിയതിന് അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത് സുപ്രീം കോടതി റദ്ദാക്കുകയും അവരില്‍ ഭൂരിപക്ഷവും ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളാകുകയും ചെയ്തിട്ടുണ്ട്. ആ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഒരുപക്ഷേ മഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിന്‍റെ ഭാവിയെ നിര്‍ണയിക്കുന്നതായി മാറിയേക്കാം. അയോഗ്യരാക്കപ്പെട്ട് വീണ്ടും മത്സരിക്കുന്നവരില്‍ ഭൂരിപക്ഷവും വിജയിച്ചാല്‍, കര്‍ണാടക മാതൃക മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ തയ്യാറായേക്കും. ഫഡ്നാവിസ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി അധികാരത്തിലിരുന്ന മൂന്ന് ദിവസത്തിനിടെ അജിത് പവാറിന്‍റെ പേരിലുള്ള അഴിമതിക്കേസുകളില്‍ ചിലത് പിന്‍വലിച്ചതൊരു സൂചനയാണ്. അജിത് പവാറിന് മാത്രമല്ല, കേസുകള്‍ നേരിടുയോ കേസുകളില്‍ പെടാന്‍ സാധ്യത നിലനില്‍ക്കുന്നതോ ആയ എം എല്‍ എമാര്‍ക്കുള്ള വ്യക്തമായ സൂചന. ചേരിമാറി വന്നാല്‍ കേസുകള്‍ ഉണ്ടാകില്ലെന്നതാണ്. ചേരിമാറ്റത്തിന്‍റെ പേരില്‍ അയോഗ്യരാക്കപ്പെട്ടാല്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരവുമുണ്ടാകും. മഹാരാഷ്ട്രയിലെ ചേരി മാറ്റത്തിന്‍റെ മുന്‍കാലത്തെയും സമീപകാലത്തെയും കണക്കെടുത്താല്‍ ഇതൊന്നും നടക്കില്ല എന്ന് പറയാനാകില്ല.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ശിവസേന – എന്‍ സി പി – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഭരിക്കാന്‍ പോകുന്നത്. അതുണ്ടായിരിക്കെ തന്നെ എത്രത്തോളം യോജിച്ച് പോകാന്‍ ഈ കക്ഷികള്‍ക്ക് സാധിക്കുമെന്നത് കണ്ടറിയണം. മണ്ണിന്‍റെ മക്കള്‍ വാദമുയര്‍ത്തി, വെറുപ്പിന്‍റെ രാഷ്ട്രീയം പ്രചരിപ്പിച്ച് വളര്‍ന്നതാണ് ശിവസേന. ആ നിലപാടില്‍ എന്തെങ്കിലും മാറ്റം അവര്‍ വരുത്തിയതായി അറിവില്ല. മഹാരാഷ്ട്രയിലെ ജോലികളില്‍ 80 ശതമാനം മറാത്തക്കാര്‍ക്ക് സംവരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇതര സംസ്ഥാനക്കാരെ പുറത്താക്കുമെന്ന് തന്നെയാണ് അവര്‍ പറഞ്ഞുവെക്കുന്നത്. മുമ്പ് കായികമായി അതിന് ശ്രമിച്ചവര്‍ ഇപ്പോള്‍ നിയമപരമായ നടപടികളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഇതിനോടൊക്കെ എത്രകാലം യോജിച്ച് പോകാനാകും ദേശീയ പാര്‍ട്ടിയെന്ന് ഇപ്പോഴും അവകാശപ്പെടുന്ന കോണ്‍ഗ്രസിന്?
മഹാരാഷ്ട്രയില്‍ എന്‍ സി പി 54ഉം കോണ്‍ഗ്രസ് 44ഉം സീറ്റുകള്‍ നേടിയത് ബി ജെ പി – ശിവസന സഖ്യത്തോട് മത്സരിച്ചാണ്. തെരഞ്ഞെടുപ്പില്‍ എന്‍ സി പി – കോണ്‍ഗ്രസ് സഖ്യത്തെ ഏതാണ്ട് ഒറ്റയ്ക്ക് നയിക്കുകയായിരുന്നു ശരദ് പവാര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലുമൊക്കെ തികഞ്ഞ അലംഭാവം കാട്ടിയിരുന്നു കോണ്‍ഗ്രസ്. പരാജയം അംഗീകരിച്ച ആള്‍ക്കൂട്ടത്തെപ്പോലെ. എന്നിട്ടും ഇത്രയും സീറ്റില്‍ വിജയിക്കാന്‍ ആ സഖ്യത്തിന് സാധിച്ചുവെങ്കില്‍, ഭരണവിരുദ്ധ വികാരം അത്രത്തോളം ശക്തമായിരുന്നുവെന്നാണ് അര്‍ത്ഥം. അതിനെ മുതലെടുക്കാന്‍ പാകത്തിലുള്ള പ്രതിപക്ഷമായി എന്‍ സി പി – കോണ്‍ഗ്രസ് സഖ്യം മാറുന്നതായിരുന്നില്ലേ കൂടുതല്‍ ഉചിതം എന്ന ചോദ്യം പ്രസക്തമാണ്. വര്‍ഗീയതയുടെ കാര്യത്തില്‍ സംഘപരിവാരത്തില്‍ നിന്ന് ഏറെയൊന്നും ഭിന്നമല്ലാത്ത ശിവസേനയുമായുണ്ടാക്കിയ സഖ്യം അവര്‍ക്ക് നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യവും. അതിനുമപ്പുറത്ത് സ്വേച്ഛാധിപത്യ സ്വഭാവം പുലര്‍ത്തുന്ന അധികാരത്തെ വെല്ലുവിളിച്ച്, അവരുടെ പണക്കൊഴുപ്പിനെ അപ്രസക്തമാക്കി പ്രതിരോധ നിര തീര്‍ക്കാന്‍ സാധിക്കുമെന്ന് രാജ്യത്തോട് വിളിച്ചു പറഞ്ഞുവെന്നത് മഹാരാഷ്ട്രയിലെ പുതിയ സഖ്യത്തെ കൂടുതല്‍ സംഗതമാക്കുന്നുണ്ടോ?