ജമാഅത്തിന്റെ സുന്നീവിരോധം

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ അതിശക്തമായും സൂക്ഷ്മതയോടെയും പ്രതിരോധിച്ചവരാണ് സുന്നീ ഉലമാക്കൾ. മൗലികമായി തന്നെ മുസ്‌ലിംകളുടെ പാരമ്പര്യത്തെ നിരാകരിക്കുന്നതായതിനാൽ, അവരുടെ വിശ്വാസ തലങ്ങളിലേക്ക് ഒരു സത്യവിശ്വാസിയും പോകരുതെന്ന് ഉലമാക്കൾ നിഷ്‌കർഷ പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ ബന്ധിതമായി ഇസ്‌ലാമിന്റെ കർമങ്ങളെയും വ്യവഹാരങ്ങളെയും ക്രമീകരിച്ച ഈ സംഘടന, പിന്നീട് രാഷ്ട്രീയമായ അവസരങ്ങൾക്കായി മതത്തിന്റെ ഓരോരോ മൂല്യങ്ങളെയും കയ്യൊഴിയുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കൊണ്ടുവരാൻ ശ്രമിച്ച രാഷ്ട്രീയത്തെ, തെറ്റായ മതവായനകളെ തീവ്രമായി എതിർത്തത് സുന്നികളാണെന്നതിനാലും, അതു മൂലം അവർക്ക് മുഖ്യധാരാ ഇസ്‌ലാമിക സമൂഹത്തിൽ കാര്യമായൊരു ഇടവും ലഭിച്ചില്ലെന്നതിനാലും സുന്നി മുസ്‌ലിംകളെ, അവരുടെ സ്ഥാപനങ്ങളെ, നേതാക്കളെയൊക്കെ വിരൂപമാക്കി അവതരിപ്പിക്കാൻ ഇവർ ശ്രമിച്ചുപോന്നു.

ജമാഅത്തെ ഇസ്‌ലാമി ഒരു ഘട്ടം കഴിഞ്ഞപ്പോൾ, സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ മതേതര മുഖംമൂടി അണിഞ്ഞു പ്രത്യക്ഷപ്പെടുന്നുണ്ട്. മാധ്യമം പത്രത്തിന്റെ ആദ്യ പത്രാധിപരായി പി.കെ ബാലകൃഷ്ണനെ നിയമിക്കുന്നത് അങ്ങനെയാണ്. മുസ്‌ലിംകൾക്കിടയിലെ ജമാഅത്തെ ഇസ്‌ലാമി എന്താണെന്നോ, അവരുടെ ദൗത്യമെന്താണെന്നോ അറിയുന്നവരായിരുന്നില്ല ഇത്തരക്കാർ. അതുകൊണ്ടു തന്നെ, അത്തരം ചുമതലകൾ അവരെല്ലാം നിർവഹിച്ചുപോന്നു. കേരളത്തിലെ എഴുത്തുകാർ, നാടക സാഹിത്യ കലാ പ്രവർത്തകർ തുടങ്ങി വിവിധ തുറകളിലുള്ളവരെ അടുപ്പിച്ചു ഒരു മതേതരത്വ ആവിഷ്‌കാരമാണ് തങ്ങളെന്ന് ഒളിച്ചുകളിക്കാൻ ശ്രമിച്ചത് അധികം താമസിയാതെ വീണുടയുകയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അപകടകരവും സമൂഹത്തിന്റെ ചലനാത്മകമായ പുരോഗതിക്ക് തടസ്സവുമാണെന്ന സുന്നി ഉലമാഇന്റെ നിലപാട് പിന്നീട് പലരും മനസ്സിലാക്കുകയുണ്ടായി. അതോടെ മൗദൂദി സാഹിത്യങ്ങൾ ഇഴകീറി പരിശോധിക്കപ്പെട്ടു. അതിനകത്ത് അന്തർലീനമായ ജനാധിപത്യ വിരുദ്ധതയെ പുറത്തു കാണിക്കപ്പെട്ടു. പുറമേക്ക് പ്രദർശിപ്പിക്കുന്ന ചിരിച്ച മുഖമല്ല ജമാഅത്തെ ഇസ്‌ലാമിയുടെ യാഥാർത്ഥ രൂപം. മറിച്ച്, അകമേ വന്യമായി കിടക്കുന്ന തീവ്രമായ പലതുമാണ് അവരെന്ന് സമൂഹം മനസ്സിലാക്കി. അത്തരം വായനകൾ പൊതുസമൂഹത്തിൽ കൂടുതലായി നടന്നതോടെ, പല പേരുകളിലും രംഗമുറപ്പാക്കാൻ നോക്കിയെങ്കിലും ഇവർ തോറ്റുപോയി എന്നല്ലാതെ മറ്റൊരു ഫലവുമുണ്ടായില്ല.

ജമാഅത്തെ ഇസ്‌ലാമിയെ ഏറ്റവും കൂടുതൽ എതിർത്തത് സുന്നി ഉലമാക്കളായിരുന്നു, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന പണ്ഡിത സംഘടന വിശേഷിച്ചും. ജമാത്തെ ഇസ്‌ലാമിയുടെ ഈറ്റില്ലം എന്നൊക്കെ അവർ പ്രചരിപ്പിച്ചിരുന്ന കുറ്റ്യാടിയും പരിസരവും പിന്നീട് സുന്നികളുടെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുന്നുമുണ്ട്. മാത്രമല്ല, പലതരത്തിൽ അവരുടെ പൊളിറ്റിക്‌സ് സമൂഹത്തെകൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമം നടത്തിയപ്പോഴൊക്കെയും അതിനെ പൊളിച്ചത് സുന്നികളായിരുന്നു. അതിനാൽ തന്നെ, കാന്തപുരം ഉസ്താദിനെ കുറിച്ചും അദ്ദേഹത്തിന്റെ സംഘടനയെ കുറിച്ചും മോശമായ പ്രതിച്ഛായ സൃഷ്ടിക്കാൻ ഇവർ നിരന്തരം ശ്രമിച്ചു പോന്നിട്ടുണ്ട്.

കഴിഞ്ഞ പത്തു വർഷങ്ങളിലായി ജമാഅത്തെ ഇസ്‌ലാമിയെ നിരീക്ഷിച്ചതിൽ നിന്ന് മനസ്സിലായ ഒരു കാര്യം, അവർ അതിവേഗം മൗദൂദി പണ്ട് സ്വപ്നം കണ്ട രാഷ്ട്രീയ പ്രവേശനത്തിനായി യത്‌നിക്കുകയാണ് എന്നതാണ്. എന്നാൽ, അത് വിജയിക്കാവുന്ന അവസ്ഥയായിരുന്നില്ല കേരളത്തിൽ. അണികൾ തുലോം കുറവായതിനാൽ അവർക്ക് സ്വന്തമായൊരു രാഷ്ട്രീയ അസ്തിത്വം നേടുക എളുപ്പമായിരുന്നില്ല. അതിനാൽ, ഏതെങ്കിലും മുന്നണിയുടെ ഭാഗമായി നിന്ന് അവരുടെ വിജയത്തിന്റെ പങ്കുപറ്റി, അതിന്റെ അവകാശികൾ തങ്ങളാണെന്ന് കാണിക്കാനായിരുന്നു ജമാഅത്തിന്റെ വ്യഗ്രത.

ജമാഅത്തെ ഇസ്‌ലാമിയുടെ മുസ്‌ലിംകളിലേക്കുള്ള കടന്നുവരവിനെ ശക്തമായി എതിർത്തതിനാലും അവർ പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്രവാദത്തെ പൊതുസമൂഹത്തിൽ തുറന്നുകാണിച്ചതിനാലും സുന്നികളെ കുറിച്ച് നിരന്തരമായി ഇവർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ചില ഉദാഹരണങ്ങൾ പറയാം; 2013-ലാണ്. ഗുജറാത്ത് കലാപത്തിന്റെ ഇരയായി ലോകമറിയുന്ന കുതുബുദ്ദീൻ അൻസാരി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയായി ‘മാധ്യമ’ത്തിൽ ഒരു വാർത്ത വന്നിരുന്നു. ഗുജറാത്തിലെ മർകസ് സ്‌കൂളുകളിൽ പഠിക്കുന്നത് ശിയാ വിദ്യാർത്ഥികളാണെന്നും അവർ നരേന്ദ്ര മോഡിയെ പിന്തുണക്കുന്നതിനാലാണ് മർകസിന്റെ സ്‌കൂളുകൾക്ക് അവിടെ പ്രവർത്തന സ്വാതന്ത്ര്യം മോഡി അനുവദിക്കുന്നതെന്നും അൻസാരി മാധ്യമത്തോട് പറഞ്ഞുവെന്നാണ് വാർത്ത. വാർത്തയുടെ വിശ്വാസ്യതയിൽ സംശയം തോന്നിയപ്പോൾ, അന്നേരം കോഴിക്കോട്ട് മുഖ്യധാര മാസികയുടെ പ്രകാശന പരിപാടിയിൽ സംബന്ധിക്കാനെത്തിയ ഡോ. ഹുസൈൻ രണ്ടത്താണി മുഖേന അൻസാരിയുമായി ബന്ധപ്പെട്ടു. അങ്ങനെ ഒരു അഭിമുഖം താൻ നൽകിയിട്ടില്ലെന്നും ഗുജറാത്തിലെ മർകസ് സ്‌കൂളുകളെപ്പറ്റി തനിക്ക് അറിയുക പോലുമില്ലെന്നും അൻസാരി പറയുകയുണ്ടായി. ഇതാണ് ‘മാധ്യമം’ പത്രത്തിന്റെ സമുദായത്തിനുള്ള പിന്തുണയും സംഭാവനയും. മർകസിനോടോ കാന്തപുരത്തിനോടോ മൗദൂദികൾക്കുള്ള ശത്രുതയുടെ കാരണം ഊഹിക്കാം. പക്ഷേ, വ്യാജവാർത്തയുടെ സൃഷ്ടിക്കായി അൻസാരിയുടെ പേരുതന്നെ ഉപയോഗിക്കണമായിരുന്നോ അവർക്ക് എന്നതാണ് മനസ്സിലാകാത്തത്. മുസ്‌ലിം വംശഹത്യയുടെ ഭീകരത ഏറ്റുവാങ്ങിയ ആ പാവം മനുഷ്യനോട് വേണമായിരുന്നോ ഈ ക്രൂരത!

ഇതേ മാധ്യമത്തിൽ തന്നെ, ഗുജറാത്ത് കലാപം അറിയില്ല എന്ന് കാന്തപുരം പറഞ്ഞു എന്ന വ്യാജ വാർത്തയും മറ്റൊരിക്കൽ ഇവർ പ്രചരിപ്പിച്ചു. ഗൾഫിൽ പത്രസമ്മേളനം നടത്തുമ്പോഴായിരുന്നു ഇത്. ഒരുപാട് മാധ്യമ സ്ഥാപനങ്ങളുള്ള വേദിയായിരുന്നു. എന്നാൽ മറ്റൊരു സ്ഥാപനവും അറിയാത്ത, അവർക്കൊന്നും ലഭിക്കാത്ത ഇത്തരമൊരു വാർത്ത മാധ്യമം ലേഖകന്റെ മനോവ്യാപാരത്തിൽ നിന്നുടലെടുക്കുകയായിരുന്നു. ഗുജറാത്ത് കലാപാനന്തരം അവിടെ കുമിഞ്ഞു കൂടിയ അവിശ്വാസത്തെ ദുർബലപ്പെടുത്താൻ, ഇരു സമുദായങ്ങൾക്കുമിടയിൽ സ്‌നേഹ ബന്ധങ്ങളുണ്ടാക്കാൻ, പാവപ്പെട്ട മുസ്‌ലിംകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനൊക്കെ വളരെ നന്നായി ശ്രമിക്കുന്ന കാന്തപുരം ഉസ്താദിനെ കുറിച്ച് തെറ്റായ ഇമേജുകൾ രൂപപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, അത്തരം പ്രചാരണങ്ങളൊന്നും വിലപ്പോയില്ല.

ഏറ്റവും അവസാനം ജമാഅത്ത് ചാനലായ മീഡിയ വണ്ണിൽ കാന്തപുരം ഉസ്താദിന്റെ പേരിൽ വ്യാജ വാർത്ത നൽകി. സംസ്ഥാന സർക്കാറിനെതിരായ ജമാഅത്ത് അജണ്ടകൾ ഉസ്താദിന്റെ പേരിൽ പ്രസ്താവിക്കുകയായിരുന്നു ചാനൽ. എന്നാൽ, വളരെ വേഗം തന്നെ പൊതുസമൂഹം അത് തിരിച്ചറിഞ്ഞു. കാരണം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കാന്തപുരം ഉസ്താദിനെയും അദ്ദേഹത്തിന്റ നിലപാടുകളെയും അതിന്റെ സംയമന സ്വഭാവവും ജനാധിപത്യ ഭാവവും അറിയുന്നവരാണ് ഇവിടത്തെ മറ്റു പത്രമാധ്യമങ്ങളും സാമാന്യം ജനങ്ങളും. മുഖ്യമന്ത്രിയെയും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെയും കുറിച്ചുള്ള മീഡിയ വണിന്റെ വാർത്ത വ്യാജമാണെന്ന ഫേസ്ബുക്ക് അംഗീകൃത വെരിഫിക്കേഷൻ സംഘത്തിന്റെ ലേബൽ പതിഞ്ഞിട്ടും, വ്യാജവാർത്ത മാറ്റാൻ ജമാഅത്തെ ഇസ്‌ലാമിയുടെ ചാനൽ തയ്യാറായിട്ടില്ല. വസ്തുതയോടുള്ള അവരുടെ പ്രതിബദ്ധത കൂടി ഇതു കാണിക്കുന്നു. തങ്ങളൊരു കള്ളം കൊണ്ടുവന്നിട്ടു, പൊതു ഇടത്തിൽ മാന്യതയുടെ തുണിയഴിഞ്ഞു വീണാലും ആ കള്ളത്തെ ഏറ്റുപിടിക്കുമെന്ന ധാർഷ്ട്യം എത്രമാത്രം നീചമല്ല! അങ്ങനെയെങ്കിലും മൗദൂദി വിഭാവനം ചെയ്ത ജനാധിപത്യ വിരുദ്ധവും മനുഷ്യർക്കിടയിൽ ഹിംസയെ ഉദ്ദീഭവിപ്പിക്കുന്നതുമായ പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കാനുള്ള പെടാപ്പാടിലാണ് ജമാഅത്ത് പ്രഭൃതികൾ. വാസ്തവത്തിൽ മുസ്‌ലിം കമ്മ്യൂണിറ്റിയാണ് ജമാഅത്തെ ഇസ്‌ലാമിയെ എക്കാലവും നിശിതമായി എതിർത്തത്. ആ പ്രസ്ഥാനം ജനിതകമായി തന്നെ വികലവും മുസ്‌ലിംകളുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധവുമാണ് എന്ന ദൈവശാസ്ത്രപരമായ അടിത്തറയിൽ നിന്നുള്ള ഉറച്ച ബോധ്യത്താലാണ് അത്.

ഈയൊരു വിഷയം ഫേസ്ബുക്കിലെ പല സുഹൃത്തുക്കളോടും ചർച്ച ചെയ്യുകയുണ്ടായി. വളരെ സെക്കുലറായ, ആഴത്തിൽ മതേതര ബോധമുള്ള പലരും മാധ്യമം, മീഡിയ വൺ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകളെ കുറിച്ചുള്ള തെറ്റായ ചിത്രനിർമാണങ്ങളെപ്പറ്റി അവർ പങ്കുവെച്ചത് കൗതുകരമായ സംഗതികളായിരുന്നു. കേരളീയ മുസ്‌ലിംകളെ കുറിച്ച് ഇസ്‌ലാമോഫോബിക്കായ ഒരു ഇമേജ് രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് മൗദൂദികൾ. അതുകൊണ്ടു തന്നെ, ഇസ്‌ലാമോ ഫോബിയയെ കേന്ദ്രമാക്കി ഇവർ പടച്ചുവിടുന്ന പ്രചാരണങ്ങൾ പോലും, മുസ്‌ലിംകളും ഇതര മതവിഭാഗങ്ങളും തമ്മിൽ വിള്ളലുകൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതും, അതിലൂടെ രൂപപ്പെടുന്ന അകലങ്ങളെ വീർപ്പിച്ചു അതിനിടയിൽ തങ്ങളുടെ വൈകല്യങ്ങളെ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഭൂരിഭാഗം പേരും സമർത്ഥിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെ മന്ത്രിമാരെയും കുറിച്ച് ഇസ്‌ലാമോഫോബിക്കാണ് അവരെന്ന പ്രചാരണം മൗദൂദികൾ അഴിച്ചുവിടാൻ തുടങ്ങിയിട്ട് കുറച്ചായി. എന്നാൽ, അത്തരം അപരവത്കരണങ്ങളെ ആഴത്തിലും സമഗ്രതയിലും സൂക്ഷ്മതയിലും പ്രതിരോധിച്ചത്, ജാതി മത ഭേദമന്യേ ഓരോ കേരളീയനുമാണ്. ഓരോരുത്തരുടെയും പിറന്ന മതം നോക്കി വർഗീയ ചാപ്പ കുത്തി, സമൂഹത്തിൽ വെറുപ്പ് പടർത്തുന്ന ജമാഅത്തെ ഇസ്‌ലാമിയാണ് ഇവിടെ ഇസ്‌ലാമോഫോബിയ പടർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത്. ഇസ്‌ലാമോഫോബിയ ഇവർക്ക് മൗദൂദി കാണിച്ച തെറ്റായ രാഷ്ട്രീയത്തെ പർവതീകരിച്ചു കാണിക്കാനുള്ള ഒരുപാധിയാണ്.

നാം ഒരു സമൂഹം എന്ന നിലയിൽ കെട്ടുറപ്പോടെ നിലനിൽക്കാൻ എപ്പോഴും ജാഗ്രത കാണിക്കണം. വംശീയതയുടെ വ്യത്യസ്ത ഭാവങ്ങളുമായി വരുന്നവരെ അരികിലേക്ക് മാറ്റിനിറുത്തണം. അവരുൽപാദിപ്പിക്കുന്ന വ്യാജവാർത്തകളെ നിരന്തരം അവിശ്വസിക്കണം. ഭിന്നതകളെ സർഗാത്മകവും ആരോഗ്യകരവുമായ സംവാദങ്ങളിലൂടെ പരിഹരിക്കാൻ പറ്റണം. അങ്ങനെ, ഒരു ജൈവികതയും പ്രസരിപ്പുമുള്ള സമൂഹമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്തരായി മലയാളികൾ നിൽക്കുന്ന ഈയവസ്ഥയെ കൂടുതൽ കൂടുതൽ പോഷിപ്പിച്ചു കൊണ്ടിരിക്കണം. നിങ്ങളെ ഏകദാനമായ കള്ളികളിൽ തളക്കാനും, മറ്റുള്ള കള്ളികളിൽ നിൽക്കുന്നവരോട് അവജ്ഞ രൂപപ്പെടുത്താനും വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെ, അവരുടെ മാധ്യമങ്ങളെ, അവയുടെ പ്രാഥമിക ദൗത്യം വെറുപ്പുൽപാദനമാണ് എന്ന തിരിച്ചറിവോടെ തന്നെ, അലിവൊട്ടുമില്ലാതെ തിരിച്ചറിയാൻ കഴിയണം. പുറമേ പൂശിയ വർണഛായയുടെ പകിട്ടിനെ വിശ്വസിക്കുകയേ അരുത്. ഒരൽപം സൂക്ഷിച്ചു നോക്കിയാൽ അകമേ കാണുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിവർണവും സങ്കുചിതവും പരുഷവുമായ ഭിന്നമുഖങ്ങളെ ഒരു നിമിഷവും നമ്മൾ/കേരള ജനത മനസ്സിലാക്കാതെ പോകരുത്.
ഹം എന്ന നിലയിൽ കെട്ടുറപ്പോടെ നിലനിൽക്കാൻ എപ്പോഴും ജാഗ്രത കാണിക്കണം. വംശീയതയുടെ വ്യത്യസ്ത ഭാവങ്ങളുമായി വരുന്നവരെ അരികിലേക്ക് മാറ്റിനിറുത്തണം. അവരുൽപാദിപ്പിക്കുന്ന വ്യാജവാർത്തകളെ നിരന്തരം അവിശ്വസിക്കണം. ഭിന്നതകളെ സർഗാത്മകവും ആരോഗ്യകരവുമായ സംവാദങ്ങളിലൂടെ പരിഹരിക്കാൻ പറ്റണം. അങ്ങനെ, ഒരു ജൈവികതയും പ്രസരിപ്പുമുള്ള സമൂഹമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്തരായി മലയാളികൾ നിൽക്കുന്ന ഈയവസ്ഥയെ കൂടുതൽ കൂടുതൽ പോഷിപ്പിച്ചു കൊണ്ടിരിക്കണം. നിങ്ങളെ ഏകദാനമായ കള്ളികളിൽ തളക്കാനും, മറ്റുള്ള കള്ളികളിൽ നിൽക്കുന്നവരോട് അവജ്ഞ രൂപപ്പെടുത്താനും വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെ, അവരുടെ മാധ്യമങ്ങളെ, അവയുടെ പ്രാഥമിക ദൗത്യം വെറുപ്പുൽപാദനമാണ് എന്ന തിരിച്ചറിവോടെ തന്നെ, അലിവൊട്ടുമില്ലാതെ തിരിച്ചറിയാൻ കഴിയണം. പുറമേ പൂശിയ വർണഛായയുടെ പകിട്ടിനെ വിശ്വസിക്കുകയേ അരുത്. ഒരൽപം സൂക്ഷിച്ചു നോക്കിയാൽ അകമേ കാണുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വിവർണവും സങ്കുചിതവും പരുഷവുമായ ഭിന്നമുഖങ്ങളെ ഒരു നിമിഷവും നമ്മൾ/കേരള ജനത മനസ്സിലാക്കാതെ പോകരുത്.

എം ലുഖ്മാൻ

 

Exit mobile version