ജീവനും ജലവും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഈ സൂക്തം വ്യക്തമാക്കുന്നു. ജീവനുള്ളതിന്റെ അടിസ്ഥാനവും നിലനില്‍പും വെള്ളത്തെ ആശ്രയിച്ചാണ്. ജലാംശം കുറയുന്നതിനനുസരിച്ച് ജീവികള്‍ നാശത്തെ അഭിമുഖീകരിക്കുന്നു.
മനുഷ്യന്‍ തന്നെ ഇതിനുദാഹരണമാണ്. നവജാതശിശുവിന്റെ ശരീരത്തില്‍ 77 ശതമാനത്തോളം ജലമായിരിക്കും. എന്നാല്‍ അത് പ്രായപൂര്‍ത്തിയായ ഒരാളില്‍ ഏതാണ്ട് 65 ശതമാനമാവുന്നു. വൃദ്ധനില്‍ ഇത് 50 ശതമാനത്തോളവും. ജലനഷ്ടം ശരീരത്തിന് വലിയ ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കുന്നുവെന്നത് നമുക്കനുഭവമാണ്. അതിസാരം മുഖേനയുണ്ടാകുന്ന ജലനഷ്ടം ശരീരത്തെ തളര്‍ത്തുന്നു. അത്രയും ജലാംശം തിരിച്ച് ശരീരത്തിലെത്തിച്ചേരുമ്പോഴാണ് പൂര്‍ണമായ ആരോഗ്യനില വീണ്ടെടുക്കാനാവുന്നത്. ശരീരത്തിന്റെ ഒരു പ്രത്യക്ഷാവയവം മുറിച്ചുമാറ്റിയാല്‍ ശരീരം ജൈവികമായ ബാലന്‍സ് വീണ്ടെടുക്കണമെങ്കില്‍ അതിന് സമാനമായ ഒരവയവം അവിടെവെച്ച് പിടിപ്പിക്കണമെന്നില്ല. അല്ലാഹു അവന്റെ അപാരമായ അനുഗ്രഹത്താല്‍ ജീവല്‍പ്രധാനമായ ജലത്തെ പുതിയതായി പകരം സ്വീകരിക്കാന്‍ പറ്റും വിധം ശരീരത്തെ സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നു.
ജലത്തിന്റെ ധര്‍മം
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജനും പോഷക ഘടകങ്ങളും എത്തിക്കുന്നതിനോടൊപ്പം ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്ന ജോലിയും വെള്ളമാണ് നിര്‍വഹിക്കുന്നത്. ശരീരോഷ്മാവ് ക്രമീകരിക്കുന്നതും ആന്തരികമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ജലം തന്നെയാണ്. ജലത്തിന്റെ അസാന്നിധ്യത്തില്‍ ദഹനവിസര്‍ജന പ്രക്രിയകള്‍ സുഖമമായിരിക്കില്ല. ഒരു ശരാശരി മനുഷ്യന്റെ ശാരീരിക സുസ്ഥിതിക്ക് 35 ലിറ്ററെങ്കിലും വെള്ളം ശരീരത്തില്‍ വേണമെന്നാണ് കണക്ക് ജലത്തിന്റെ ലായകാവസ്ഥ വിധേയപ്പെടുന്ന ഏതിനെയും സ്വീകരിച്ച് വഹിക്കാന്‍ പറ്റിയതാണ്. എരിവും പുളിയും മധുരവും കൈപുമെല്ലാം വെള്ളത്തിന് സ്വീകാര്യമാണ്. അവയില്‍ സ്വാധീനമുറപ്പിക്കാനും പൊതുവെ ജലത്തിനാവും. ഇത് ജലത്തിന്റെ പ്രത്യേകതകളില്‍ പെടുന്നു. നമ്മുടെ രക്തത്തിലെ പ്രധാനാംശം ജലമാണ്.
അല്ലാഹുവിന്റെ ക്രമീകരണം
ജലത്തിന്റെ ധര്‍മങ്ങള്‍ അവസരം ലഭിക്കുന്നതിനനുസരിച്ച് നിര്‍വഹിക്കണമെന്ന് പ്രപഞ്ചനാഥന്‍ നിശ്ചയിച്ചതാണ്. മനുഷ്യന്റെ പ്രധാന ആന്തരാവയവങ്ങളില്‍ സിംഹഭാഗവും ജലാംശമാണ്. മസ്തിഷ്കത്തില്‍ 90 ശതമാനവും ശ്വാസകോശത്തില്‍ 86 ശതമാനവും വൃക്കകളില്‍ 83 ശതമാനവും വ്യത്യസ്ത ഞരമ്പുകളില്‍ 75 ശതമാനത്തോളവും ജലമാണ്. ജലസാന്നിധ്യം കാരണമാണ് അവയുടെ പ്രവര്‍ത്തനക്ഷമത തന്നെ. അതിനാല്‍ ശുദ്ധജലം നല്‍കി ശരീരത്തിലെ വ്യത്യസ്ത ഘടകങ്ങള്‍ക്ക് സജീവത നിലനിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം ഒരു ശരീരത്തിന് ദിവസവും ആവശ്യമാണ്. ജലാംശം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുകയും ദ്രാവക രൂപത്തിലുള്ളവ പാനം ചെയ്യുകയും ചെയ്താല്‍ പരിഹാരമാവുന്നതാണ്. കലര്‍പ്പില്ലാത്ത ശുദ്ധജലം തന്നെ വേണമെന്നില്ല.
വെള്ളത്തിന്റെ സ്വഭാവം
വെള്ളം ദ്രവ്യമാണെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ നാശമാവാനും ബാഷ്പമാവാനും ഉപയോഗിക്കാനും മറ്റും എളുപ്പമാണ്. ജീവനോ ആരോഗ്യത്തിനോ ഹാനികരമാവുന്ന വിധത്തില്‍ അത് പരിവര്‍ത്തനപ്പെടാതിരിക്കേണ്ടതുണ്ട്. ഉപയോഗിക്കാതെ നാശവും ദുരുപയോഗം മൂലം കമ്മിയും അമിതോപയോഗംമൂലം ധൂര്‍ത്തും പേടിക്കണം. ശുദ്ധജലത്തിന്റെ ആവശ്യകതക്ക് പരിഹാരമായി ജലവും ജലസ്രോതസ്സുകളും സംരക്ഷിക്കപ്പെടണം. നിര്‍ദിഷ്ടവും നിര്‍ബന്ധവുമായ ജല സ്നാനപാനാദികള്‍ തന്നെ അമിതമാകരുത്. വിശുദ്ധ ഇസ്ലാം ഈ വിഷയങ്ങളിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. വെള്ളത്തിന്റെ സംരക്ഷണവും സംഭരണവും അതിന്റെ പ്രാധാന്യത്തിന്റെ സ്ഥിതിയനുസരിച്ച് മനുഷ്യകഴിവിനും പരിധിക്കുമതീതമാണ്. അതിനുള്ള പരിഹാരവും പ്രപഞ്ചനാഥന്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. ജലചംക്രമണവും ഭൂഗര്‍ഭ ജലനിക്ഷേപവും അതിന്റെ ഭാഗമാണ്.
വെള്ളത്തിന്റെ സംരക്ഷണം
അങ്ങനെ നാം ആകാശത്തില്‍ നിന്നും വെള്ളത്തെ ഇറക്കി, അത് നിങ്ങള്‍ക്ക് കുടിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ അതിനെ സംഭരിച്ചുവെക്കുന്നവരല്ല’ (അല്‍ഹിജ്ര്‍22). നമുക്ക് കുടിക്കാനുള്ള വെള്ളത്തെ അല്ലാഹു ആകാശത്തുനിന്ന് ഇറക്കുകയാണ്. ജലത്തിന്റെ സ്വഭാവമാണ് വറ്റിത്തീരല്‍. വെറുതെ ഇരുന്നാല്‍തന്നെ അതിന്റെ അളവ് കുറയും. അന്തരീക്ഷ ഊഷ്മാവിനെ പ്രതിരോധിക്കാന്‍ സ്വന്തത്തെ തന്നെ ദാനം ചെയ്യുന്ന പ്രകൃതമാണിതിനുള്ളത്. സ്വയം തീര്‍ന്നു പോവുന്ന ഒരു ദ്രവ്യം എന്നതിനാല്‍ അതിന്റെ സംരക്ഷണത്തിന് ഈ സ്വാഭാവികതയെ അതിജയിക്കുന്ന സംവിധാനം വേണം. മനുഷ്യന് അങ്ങനെ സാധ്യമാവണമെങ്കില്‍ ഏറെ ബാധ്യത ഏറ്റെടുക്കേണ്ടിവരും. അതുകൊണ്ട് തന്നെ സംഭരണം ഒരു സന്പൂര്‍ണ പരിഹാര മാര്‍ഗമായി വരുന്നില്ല.
ഭൂഗര്‍ഭജലം
ഭൂഗര്‍ഭജലത്തെ കുറിച്ചുണ്ടായിരുന്ന ധാരണകള്‍ തിരുത്തിക്കൊണ്ട് ജലസംഭരണത്തില്‍ അല്ലാഹു സ്വീകരിച്ച മാര്‍ഗത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു ആകാശത്തുനിന്നും ജലം വര്‍ഷിപ്പിച്ചു. എന്നിട്ടതിനെ നീരുറവകളും അരുവികളുമായി ഭൂമിയിലൊഴുക്കി. എന്നിട്ടതു കൊണ്ട് വ്യത്യസ്ത വിളവുകള്‍ പുറത്തു കൊണ്ടുവരുന്നു (അസ്സുമര്‍21).
വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത വെളിപ്പെടുത്തുന്ന ഒരു സൂക്തം കൂടിയാണിത്. കാരണം, ഖുര്‍ആന്‍ അവതരണ കാലത്ത് നിലവിലുണ്ടായിരുന്ന ധാരണകള്‍ ഇങ്ങനെയായിരുന്നില്ല. ഖുര്‍ആനിലാകട്ടെ അന്നത്തെ ധാരണകളുടെ സ്വാധീനം നിഴലാട്ടമായി പോലും ഇല്ലതാനും. സമുദ്രജലം കാറ്റിന്റെ ശക്തിയാല്‍ വന്‍കരകളുടെ ഉള്ളിലേക്ക് തള്ളപ്പെടുകയും അത് ഭൂമിക്കുമേല്‍ പതിച്ചു മണ്ണിനുള്ളിലേക്ക് തുളച്ചുകയറിയാണ് ഭൂഗര്‍ഭജലം ഉണ്ടായത് എന്നാണ് പ്ലേറ്റോയും നെയില്‍സും സിദ്ധാന്തിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ ഈ ധാരണയെ പിന്തുണക്കുന്നവര്‍ ധാരാളമായിരുന്നു. എന്നാല്‍ അരിസ്റ്റോട്ടിലിന്റെ വീക്ഷണം മറ്റൊന്നായിരുന്നു. മണ്ണില്‍ നിന്നുള്ള ജലബാഷ്പം തണുത്ത പര്‍വത ഗുഹകളില്‍ വെച്ച് സാന്ദ്രത കൈവരിക്കുകയും അരുവികളെ നിറക്കുന്ന ഭൂഗര്‍ഭ തടാകങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യുന്നുവെന്നായിരുന്നു. അരിസ്റ്റോട്ടിലിനെ പിന്തുണക്കുന്നവരും പത്തൊമ്പതാം നൂറ്റാണ്ടു വരെയുണ്ടായി. 1850ല്‍ ബര്‍ണാഡ് പാലിസി ജലപരിണാമത്തെക്കുറിച്ചും അതിന്റെ ചാക്രികതയെക്കുറിച്ചും ശ്രദ്ധേയമായ കണ്ടെത്തലുകള്‍ നടത്തി.
ഡോക്ടര്‍ മോറിസ് ബുക്കായ് എന്‍സൈക്ലോപീഡിയ യൂണിവേഴ്സില്‍ നിന്നും ഉദ്ധരിക്കുന്നു: നവോത്ഥാന കാലഘട്ടത്തില്‍ ഏകദേശം 14001600 കാലത്ത് മാത്രമാണ് തത്ത്വചിന്താപരമായ സങ്കല്‍പങ്ങള്‍ക്ക് പകരം വസ്തുനിഷ്ഠ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങള്‍ ജലശാസ്ത്രത്തില്‍ ആരംഭിച്ചത്. ലിയോനാര്‍ഡ് ഡാവിഞ്ചി (14521819) അരിസ്റ്റോട്ടിലിന്റെ വീക്ഷണങ്ങളെ എതിര്‍ക്കുകയുണ്ടായി. ബര്‍ണാഡ് പാലിസി ജലത്തിന്റെയും പ്രകൃതിജന്യവും കൃത്രിമവുമായ ജലധാരകളുടെയും പ്രകൃതിയെക്കുറിച്ച് കൗതുകരമായ തന്റെ ചര്‍ച്ച’യില്‍ ജലത്തിന്റെ ചംക്രമണത്തെ സംബന്ധിച്ചും മഴവെള്ളം നീരുറവകളെ നിറക്കുന്നതിനെക്കുറിച്ചും വ്യക്തമായ വിശദീകരണം നല്‍കുന്നുണ്ട് (അല്‍ ഇഞ്ചീല്‍ വല്‍ ഇല്‍മു വല്‍ ഖുര്‍ആന്‍, പേ 214).
സംഭരണം
ജലസംഭരണത്തിലും ചംക്രണത്തിന് അവസരമൊരുക്കുന്നതിലും മാത്രം ഭൂമിയുടെ പങ്കാളിത്തം അവസാനിക്കുന്നില്ല. അല്ലാഹു ഏര്‍പ്പെടുത്തിയ സംഭരണ സംവിധാനം വെള്ളത്തിന് സന്പൂര്‍ണമായ സുരക്ഷിതത്വം നല്‍കിക്കൊണ്ടാണ് ഭൂഗര്‍ഭ ജലത്തിന്റെ തോതും അതിന്റെ ഗുണവും ഗവേഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അല്ലാഹു പറയുന്നു: നാം ആകാശത്തില്‍ നിന്നും നിശ്ചിത അളവില്‍ വെള്ളമിറക്കുകയും അതിനെ ഭൂമിയില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു’ (അല്‍മുഅ്മിനൂന്‍18). ഭൂമിയില്‍ സംഭരിക്കപ്പെടുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ് ദീര്‍ഘകാലം വെറുതെയിരുന്നാലുണ്ടാവുന്ന ജലനാശവും മലിനപ്പെടലും ഇല്ലാതാവുന്നു. മാലിന്യം കലര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെ ശുദ്ധീകരിക്കപ്പെടുന്നു. ഭൂഗര്‍ഭ ജലത്തിന്റെ തോത് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത് 23.4 മില്യണ്‍ ചതുരശ്ര കിലോമീറ്റര്‍ എന്നാണ്. മലിനജലം ശുദ്ധീകരിക്കുന്നതിനായി വെള്ളത്തെ ഭൂഗര്‍ഭത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുമോ എന്ന ആലോചനയും ജലശാസ്ത്രജ്ഞന്മാര്‍ നടത്തിയിട്ടുണ്ട്. അല്‍പകാലം മണ്ണില്‍ കിടന്നാല്‍ വെള്ളത്തിലെ വൈറസുകളെയും കീടങ്ങളെയും നിഗ്രഹിക്കാനാവുമെന്ന് പഠനത്തില്‍ കണ്ടെത്തുകയുണ്ടായി.
സൈമണ്‍ ടോസ് പറയുന്നു: ഗുരുതരമായി മലിനമായ ജലം നിശ്ചിതകാലം മണ്ണിനടിയില്‍ സൂക്ഷിച്ചാല്‍ ശുദ്ധീകരിക്കാനാവുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെള്ളത്തെ ഭൂമിയില്‍ നിക്ഷേപിക്കുന്നതിന്റെ പ്രാധാന്യം ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രമാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ഴലീ ുൗൃശളശരമശേീി വഴി വെള്ളത്തില്‍ കലര്‍ന്നിട്ടുള്ള മാലിന്യങ്ങളും എണ്ണയും വാതകങ്ങളും കെമിക്കലുകളും അനേകം ബാക്ടീരിയകളെയും മറ്റു ഉപദ്രവകാരികളായ വസ്തുക്കളെയും നീക്കാനാവും എന്നദ്ദേഹം വ്യക്തമാക്കുന്നു.
ജലത്തിന്റെ ചംക്രമണവും ഭൂഗര്‍ഭത്തിലെ നിക്ഷേപാവസ്ഥയുമില്ലായിരുന്നെങ്കില്‍ വെള്ളം ദുഷിക്കുമായിരുന്നു. എണ്ണയും കീടങ്ങളും അന്തരീക്ഷ മാലിന്യങ്ങളും വെള്ളത്തിലടിയും. അതിനാല്‍ തന്നെ നമുക്ക് സാധിക്കാത്ത സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
നിങ്ങളതിനെ (ജലത്തെ) സൂക്ഷിച്ചുവെക്കുന്നവരല്ല എന്നതില്‍ ഇതുകൂടി ഉള്‍പ്പെടുന്നുണ്ട്. ജലത്തിന്റെ ആവശ്യക്കാരാണ് ജീവികളും വൃക്ഷലതാദികളുമെല്ലാം. അതിനാല്‍ തന്നെ അവയ്ക്കെല്ലാം വെള്ളം ലഭിക്കുന്നതിന് ഉപകരിക്കും വിധമാണ് ജലചംക്രമണം പ്രപഞ്ചനാഥന്‍ നിശ്ചയിച്ചിരിക്കുന്നത്. നിങ്ങളുടെ സ്വാര്‍ത്ഥമായ സംഭരണ ദുരാഗ്രഹങ്ങള്‍ക്ക് വെള്ളം വഴങ്ങില്ല. ബാഷ്പീകരണം വഴി വീണ്ടുമത് മഴയായി വര്‍ഷിച്ച് ഭൂമിയില്‍ ലഭ്യമാവും. മനുഷ്യന്‍ സൂക്ഷിപ്പിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ സ്വഭാവികമല്ലാത്തതിനാല്‍ സാര്‍വത്രികമായ സംഭരിച്ചുവെക്കല്‍ നടക്കുകയില്ല. അപ്പോള്‍ വെള്ളം ഭൂമിയിലേക്കിറക്കിയ പ്രപഞ്ചനാഥന്‍ അതിനു നിശ്ചയിച്ച് നല്‍കിയ സഞ്ചാരപഥത്തെ അത് അനുധാവനം ചെയ്യുകയാണ്. അതില്‍ കൈകടത്താന്‍ മനുഷ്യനകാശമില്ല.
മടക്കമുള്ള ആകാശം
വിശുദ്ധ ഖുര്‍ആനില്‍ ആകാശത്തിന് നല്‍കിയ ഒരു വിശേഷണം ഇങ്ങനെയാണ്: മടക്കം ഉടയ ആകാശം’ (അത്വാരിഖ്11). ഭൂമിക്കും ആകാശത്തിനുമിടയില്‍ ചില ആവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അവയെല്ലാം മനുഷ്യ ഗുണത്തിനും പ്രപഞ്ചത്തിന്റെ സുസ്ഥിതിക്കും വേണ്ടിയുള്ളതാണ്. അതിനാല്‍ തന്നെ ഈ സൂക്തത്തിലെ റജ്അ്’ എന്ന പദം മഴയെക്കുറിച്ചുള്ള അലങ്കാര പ്രയോഗമാണെന്ന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പരാമര്‍ശം കൂടുതല്‍ വ്യക്തമാകുന്നു. ഭൗമാന്തരീക്ഷത്തിലെ ആവരണങ്ങള്‍ ശൂന്യാകാശത്തില്‍ നിന്നു പുറപ്പെടുന്ന അപകടകരമായ വാതകങ്ങളെയും പദാര്‍ത്ഥങ്ങളെയും തിരിച്ചയക്കുന്ന ധര്‍മം നിര്‍വഹിക്കുന്നു.
ഭൂമിയില്‍ നിന്നു നീരാവിയായി ഉയരുന്ന ജലാംശത്തെ മേഘം വഴി മഴയാക്കി തിരിച്ചയക്കുന്ന ദൗത്യം നിര്‍വഹിക്കുന്ന ട്രോസ്ഫിയര്‍ ഭൂമിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഓസോണോസ്ഫിയര്‍ ശൂന്യാകാശത്തില്‍ നിന്നുള്ള ഹാനികരമായ രശ്മികളെയും വികിരണങ്ങളെയും തടഞ്ഞ് തിരിച്ചയക്കുന്നു. ഇത്തരത്തിലുള്ള തിരിച്ചയക്കല്‍ പ്രക്രിയ ഭൗമോപരിതലത്തില്‍ നടക്കുന്നതിനാലാണ് മടക്കമുടയ ആകാശം എന്ന് വിശേഷിപ്പിക്കപ്പെട്ടത്. ജലസംരക്ഷണ പ്രധാനമായി വരുന്ന മടക്കങ്ങളാണിവയെല്ലാം. സൂര്യനില്‍ നിന്നു അനുനിമിഷം താഴേക്ക് വരുന്ന അതികഠിനമായ താപത്തില്‍ 53 ശതമാനത്തോളം ഭൗമാന്തരീക്ഷത്തിലെ വാതക പാളികള്‍ തടയുന്നു. അങ്ങനെ അവ ഭൂമിയില്‍ പതിക്കാതെ പോവുന്നു. ബാക്കി 47 ശതമാനവും ഭൂമിയിലെ ഘടകങ്ങള്‍ വലിച്ചെടുക്കുന്നു. സൂര്യാസ്തമനത്തോടെ ഭൂമി വലിച്ചെടുത്ത് സൂക്ഷിച്ച താപം അന്തരീക്ഷത്തിലേക്ക് വ്യാപിപ്പിക്കപ്പെടുന്നു. ഇവിടെ ഭൂമിയുടെ വലിച്ചെടുക്കലും അന്തരീക്ഷ പാളികളുടെ സംവിധാനവും ഭൂമിയിലെ ജല സംരക്ഷണത്തിന് സഹായകമാവുന്നു. മുഴുവന്‍ താപവും ഭൂമിയിലെത്തുകയാണെങ്കില്‍ വെള്ളം മുഴുവന്‍ വറ്റിത്തീരും. സസ്യലതാദികള്‍ കരിഞ്ഞുണങ്ങും. അതേ സമയം ഭൂമി സംഭരിക്കുന്ന താപത്തെ രാത്രികാലത്ത് പുറത്ത് വിന്യസിച്ചില്ലെങ്കില്‍ തണുത്തുറയുകയും ചെയ്യും. എല്ലാം അല്ലാഹുവിന്റെ നിശ്ചയം, ക്രമീകരണം.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
വെള്ളം നമുക്ക് വേണ്ടിയാണ്. നമ്മുടെ അടിസ്ഥാനാവശ്യവുമാണത്. വെള്ളമില്ലെങ്കില്‍ പിന്നെ നമ്മളില്ല. എങ്കില്‍ അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത തന്നെയാണ്. അല്ലാഹു കനിഞ്ഞേകിയ ജലസൗഭാഗ്യത്തെ മൂല്യം ചോരാതെ ഏറ്റെടുത്ത് ഗുണപരമായി ഉപയോഗപ്പെടുത്താന്‍ നാം പരിശീലിക്കുകയും പാകപ്പെടുകയും ചെയ്തേ മതിയാകൂ. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട അച്ചടക്കവും പരാമര്‍ശിച്ചിട്ടുണ്ട്. ശുചീകരണത്തിനും ശുദ്ധീകരണത്തിനും കുടിക്കാനും കൃഷി നനക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമെല്ലാം വെള്ളം ഉപയോഗിക്കുന്നു നാം. എന്തിനുപയോഗിക്കുമ്പോഴും വെള്ളത്തിന്റെ അമൂല്യാവസ്ഥ അറിഞ്ഞും പരിഗണിച്ചും വേണം. ജലനയം പ്രപഞ്ചനാഥന്‍ നിശ്ചയിച്ചിരിക്കുന്നത് അതിന്റെ പ്രധാന്യവും ആവശ്യകതയും പരിഗണിച്ചാണ്.
ജലാവകാശം എത്രത്തോളം
നബി(സ്വ) പറയുന്നു: മനുഷ്യര്‍ മൂന്നു വസ്തുക്കളില്‍ പങ്കുകാരാണ്; വെള്ളം, തീ, സസ്യങ്ങള്‍’ (ഇബ്നുമാജ). ഒരാളുടെ സ്വന്തം ഉടമസ്ഥതയില്‍ പെടാത്ത അവസ്ഥയില്‍ ഇവ ഏതെങ്കിലും ഒന്ന് തടയാന്‍ ആര്‍ക്കും അവകാശമില്ല.പൊതു ജലാശയത്തില്‍ നിന്നു വെള്ളമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മര്യാദകള്‍ കര്‍മശാസ്ത്രം വിവരിച്ചിട്ടുണ്ട്. കുടിക്കുന്നതിന്റെയും കുടിപ്പിക്കുന്നതിന്റെയും നനയ്ക്കുന്നതിന്റെയും ക്രമവും രീതിയും ഏതു നിയമ ഗ്രന്ഥത്തെക്കാളും വിശദമായി കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. മനുഷ്യനും ജീവികള്‍ക്കും കൃഷിക്കും ഉപകാരപ്പെടുകയും എന്നാല്‍ സ്വയം ഉപദ്രവം ഏറ്റെടുക്കേണ്ടിവരാത്തതുമായ വിധത്തിലാണ് നിര്‍ദേശങ്ങളുള്ളത്. അധ്വാനിക്കുകയും ധനം വിനിയോഗിക്കുകയും ചെയ്തവന്‍ അത് വെറുതെ നല്‍കണമെന്ന് നിരുപാധികം നിയമമാക്കുന്നത് ന്യായമാവില്ലല്ലോ.
ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥമായ മുഗ്നില്‍ മുഹ്താജില്‍ നിന്നും ഒരുദാഹരണം ശ്രദ്ധിക്കുക: കിണറിലെ വെള്ളത്തില്‍ നിന്ന് തനിക്ക് കുടിക്കാനാവശ്യമായത് കഴിഞ്ഞ് ഇതരമനുഷ്യര്‍ക്ക് കുടിക്കാനായി നല്‍കല്‍ നിര്‍ബന്ധമാണ്. തന്റെ മൃഗങ്ങള്‍ക്ക് നല്‍കി ശേഷിക്കുന്നുവെങ്കില്‍ അപരന്റെ മൃഗങ്ങള്‍ക്ക് നല്‍കേണ്ടതാണ്’.
സ്വന്തം ആവശ്യം കഴിഞ്ഞാല്‍ പിന്നെ ജീവികള്‍ക്ക് വെള്ളം നല്‍കണം. അങ്ങനെ നല്‍കുമ്പോള്‍ ശുദ്ധീകരണത്തിന് ഇല്ലാതാവുന്നുവെങ്കില്‍ തയമ്മും ചെയ്യുകയാണ് വേണ്ടത്. വെള്ളം ജീവിക്ക് നല്‍കണമെന്നര്‍ത്ഥം.
പാഴാക്കരുത്
ഒന്നും പാഴാക്കരുതെന്നാണ് ഇസ്ലാമിക പാഠം. അമൂല്യമായ ജലം പാഴാക്കാന്‍ തീരെ പാടില്ല. തിന്നുകയും കുടിക്കുകയും ചെയ്യുന്നതില്‍ പോലും അമിതത്വം പാടില്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്: നിങ്ങള്‍ ഭക്ഷിക്കുക, പാനം ചെയ്യുക. അമിതമാക്കരുത്. നിശ്ചയം അല്ലാഹു അമിതമായി വിനിയോഗിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല’ (അല്‍ അഅ്റാഫ്31).
ഭക്ഷണവും പാനീയവും തയ്യാറാക്കുന്നതിലും അതിന്റെ മുന്നൊരുക്കങ്ങളിലും അത് കഴിക്കുന്നതുമായി ബന്ധപ്പെട്ടും വെള്ളം അനാവശ്യമായി വിനിയോഗിക്കാനുള്ള സാധ്യത ഏറെയാണ്. കുടിക്കാനും കഴിക്കാനുമുള്ള പദാര്‍ത്ഥത്തിലും പാചക, ഭോജന, പാനസംബന്ധിയായും വെള്ളത്തിന്റെ ദുരുപയോഗം വരാതെ സൂക്ഷിക്കേണ്ടതുണ്ട്.
അലവിക്കുട്ടി ഫൈസി എടക്കര