ജീലാനി(റ)യുടെ രചനാലോകം

ചരിത്രത്തെ ചൈതന്യവത്താക്കിയ നിരവധി ആത്മീയ സൂര്യന്മാര്‍ പ്രോജ്ജ്വലിച്ച് നിന്ന കാലമായിരുന്നു പതിനൊന്നാം നൂറ്റാണ്ട്. വിജ്ഞാന രംഗത്തുണ്ടായ മഹാവിപ്ലവങ്ങള്‍ കൊണ്ട് മുസ്‌ലിം ലോകം കുളിര്‍മകൊണ്ട കാലം. ഇമാമുല്‍ ഹറമൈനി(റ)യും ഇമാം ഗസ്സാലി(റ)യുമെല്ലാം പ്രകാശ ഗോപുരങ്ങളായി അന്ന് നിറഞ്ഞുനിന്നു. പ്രസ്തുത നൂറ്റാണ്ട് തന്നെയായിരുന്നു ആത്മീയ ചക്രവാളത്തിലെ സുവര്‍ണ ജ്യോതിസ്സ് ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെയും കര്‍മകാലം.
വാക്കും വരയുമാണല്ലോ എന്നും മുഖ്യ പ്രബോധന മാധ്യമങ്ങള്‍. ജീലാനി തങ്ങളുടെ അസാമാന്യമായ വാഗ്വൈഭവത്തെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങള്‍ വാചാലമാണ്. സാഹിത്യസാമ്രാട്ടുകള്‍ പോലും അസൂയ കൊള്ളുന്ന വാഗ്വിലാസവും ഹൃദയം കീഴടക്കുന്ന സാരോപദേശങ്ങളുമായിരുന്നു ശൈഖിന്റെ ഭാഷണങ്ങള്‍. പക്ഷേ, പ്രഭാഷണ കല എത്ര പ്രൗഢവും പ്രോജ്വലവുമായാലും അതിനൊരു കുറവുണ്ട്. പ്രഭാഷകന്റെ വിയോഗത്തോടെ ആ ജ്ഞാന നൗകകളും മറഞ്ഞുപോകും (റെക്കോഡിംഗും സി.ഡികളുമില്ലാത്ത കാലത്തെക്കുറിച്ചാണ് പറയുന്നത്). എന്നാല്‍ രചനകള്‍ അങ്ങനെയല്ല. രചയിതാവിന്റെ വിയോഗശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അമൂല്യങ്ങളാണെങ്കില്‍ ജ്ഞാനചക്രവാളങ്ങളില്‍ പ്രകാശവിസ്മയം തീര്‍ത്ത് അവ നിലനില്‍ക്കുക തന്നെ ചെയ്യും.
അന്വേഷിയുടെ ജ്ഞാനതൃഷ്ണ ശമിപ്പിക്കുന്ന, ആത്മീയ സായൂജ്യത്തിന്റെ നെറുകയിലെത്തിക്കുന്ന ഒട്ടനവധി മഹദ്ഗ്രന്ഥങ്ങള്‍ ശൈഖ് ജീലാനി(റ)യുടേതായി നിലവിലുണ്ട്. അച്ചടിമഷി പുരണ്ടതും ഇപ്പോഴും കയ്യെഴുത്ത് പ്രതികളായി സൂക്ഷിക്കപ്പെടുന്നവയും. തസ്വവ്വുഫിലും (അധ്യാത്മിക ശാസ്ത്രം) അഖീദയിലും (വിശ്വാസ ശാസ്ത്രം) ഫിഖ്ഹിലുമെല്ലാം (കര്‍മശാസ്ത്രം) രചന നിര്‍വഹിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ചില ഗ്രന്ഥങ്ങള്‍ പരിചയപ്പെടാം.
അല്‍ഫത്ഹുറബ്ബാനി വല്‍ ഫൈളുറഹ്മാനി
ശൈഖിന്റെ ഏറ്റവും പ്രശസ്തമായ രചനയാണിത്. അധ്യാത്മിക പണ്ഡിതരും വിദഗ്ധരുമെല്ലാം ഏറ്റവും കൂടുതല്‍ അവലംബിക്കുന്ന ഗ്രന്ഥം. സാരോപദേശങ്ങളുടെയും അധ്യാത്മിക പ്രഭാഷണങ്ങളുടേയും സമാഹാരമാണിത്. ഇഹലോകത്തിന്റെ നെട്ടോട്ടങ്ങളില്‍ പെട്ട് പരലോകചിന്ത വെടിഞ്ഞവര്‍ക്കും ശാരീരികാസ്വാദനങ്ങള്‍ക്കു വേണ്ടി ആത്മീയാസ്വാദനത്തെ പണയം വെച്ചവര്‍ക്കുമുള്ള താക്കീതുകളും പരിഹാര നിര്‍ദേശങ്ങളുമാണ് മുഖ്യ പ്രമേയം.
വിവിധ ജ്ഞാന സദസ്സുകളില്‍ നടത്തിയ പ്രഭാഷണങ്ങളെ ഏഴ് അധ്യായങ്ങളിലായി ഉള്‍ക്കൊള്ളിച്ചാണ് ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നത്. കുറ്റകൃത്യം, തൗബ, ശരിയായ വിശ്വാസം, അവിശ്വാസം, ഇസ്‌ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിങ്ങനെയാണ് അധ്യായക്രമം. ഭൗതിക പരിത്യാഗത്തിന്റെയും ശാരീരിക നിയന്ത്രണത്തിന്റെയും നാനോന്മുഖ വശങ്ങള്‍ സ്പര്‍ശിക്കുന്ന പ്രസ്തുത അധ്യാപനങ്ങള്‍ അല്ലാഹുവിന്റെ ലിഖാഇനെക്കുറിച്ചും വിശദീകരണം നല്‍കുന്നുണ്ട്. അമൂല്യമായ തത്ത്വചിന്താ ദര്‍ശനങ്ങള്‍ ഗ്രന്ഥത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
അല്‍ ഗുന്‍യ ലിത്വാലിബി ത്വരീഖില്‍ ഹഖ്
രണ്ട് ഭാഗങ്ങളിലായി ക്രോഡീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ മൂന്ന് അടിസ്ഥാന വിജ്ഞാന ശാഖകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആരാധനാ കാര്യങ്ങളുടെ വിശകലനമടങ്ങിയ കര്‍മശാസ്ത്ര പാഠങ്ങള്‍ കൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത്. അഖീദയും തസ്വവ്വുഫും തുടര്‍ന്നുവരുന്നു. അഖീദ ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്‌ലാമിക വിശ്വാസ രംഗത്ത് സംഭവിച്ച വ്യതിചലനങ്ങളെ ഇഴകീറി പരിശോധിച്ച് നേര്‍വഴി കടഞ്ഞെടുക്കുന്നുണ്ട് ശൈഖവര്‍കള്‍.
ഇമാം ഗസ്സാലി(റ)യുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം ഇഹ്യാ ഉലൂമുദ്ദീന്റെ മാതൃകയിലാണ് ഗുന്‍യ രചിക്കപ്പെട്ടിരിക്കുന്നത്. ഗസ്സാലി(റ)ന്റെ ചിന്തകളിലും പഠനങ്ങളിലും ജീലാനി തങ്ങള്‍ അത്യധികം തല്‍പരനും സംപ്രീതനുമായിരുന്നു. ഇതാവാം ഇങ്ങനെയൊരു സാമ്യതക്ക് ഹേതുവായതെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഫുതൂഹുല്‍ ഗൈബ്
വിശ്വാസകാര്യങ്ങളിലും സാരോപദേശങ്ങളിലുമായുള്ള 78 ചെറു പ്രബന്ധങ്ങളുടെ (മഖാല) സമാഹാരമാണിത്. ഹൃദയ സംസ്കരണവും അധ്യാത്മിക പരിപോഷണവും ലക്ഷ്യംവെച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ അമൂല്യനിധികളാണ് ഇവയില്‍ ഓരോന്നും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പറ്റാത്ത മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ഒന്നാം മഖാല. അനുസരണം, നിരോധനങ്ങള്‍, തൃപ്തനാവാനുള്ള ദൈവികവിധി എന്നീ കാര്യങ്ങളെക്കുറിച്ചുള്ള പര്യാലോചനകളായിരിക്കണം സദാസമയവും ഒരു മുസ്ലിമിന്റെ ഹൃദയമെന്ന് മഹാന്‍ പറയുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍ തേടിപ്പറക്കുന്നവരുടെ നവലോകത്ത് തീര്‍ത്തും അനിവാര്യമാണ് ഇത്തരം കൃതികള്‍.
പരസ്പരമുള്ള ഗുണകാംക്ഷ, ആത്മീയമായ മരണം, ഭൗതികതയില്‍ വിരക്തി തുടങ്ങി അധ്യാത്മിക ദര്‍ശനങ്ങളുടെ സൗന്ദര്യവ്യാപ്തി വിളിച്ചറിയിക്കുന്ന അധ്യായങ്ങള്‍ നിരവധിയുണ്ട് ഗ്രന്ഥത്തില്‍. സരളമായ എന്നാല്‍ അല്‍പം സങ്കീര്‍ണതയുള്ള അവതരണവും കാണാം.
സിര്‍റുല്‍ അസ്റാര്‍ വ മള്ഹറുല്‍ അന്‍വാര്‍
ഇബാദത്ത് (ആരാധന), മഅ്രിഫത്ത് (പരമജ്ഞാനം) എന്നീ രണ്ടു സംജ്ഞകളെ ഗഹനമായ വിശകലനത്തിന് വിധേയമാക്കുന്ന ഗ്രന്ഥം. ആരാധനയുടെ യുക്തിവാദങ്ങളും ഇതര സൃഷ്ടി ജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനും ഇബാദത്തും തമ്മിലുള്ള ഉത്കൃഷ്ടമായ ചേര്‍ച്ചകളും വിശദമായിത്തന്നെ ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നു.
ജ്ഞാനത്തെ ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടായി തിരിക്കുന്നുണ്ട്. ബാഹ്യം ശരീഅത്തിന്റെ വിധിവിലക്കുകളാണെങ്കില്‍ ആന്തരികം അര്‍ത്ഥമാക്കുന്നത് മഅ്രിഫത്തിനെയാണ്. ഒരു മുസ്ലിമിന് ഈ രണ്ടു ജ്ഞാനവും നിര്‍ബന്ധമാണെന്ന് മഹാന്‍ പറയുന്നു. കാരണം അല്ലാഹു എന്ന ലക്ഷ്യമണയണമെങ്കില്‍ ഈ രണ്ടു ജ്ഞാനവും ഒഴിച്ചുകൂടാനാവാത്തതാണ്. അദ്ദേഹം തുടരുന്നു: ‘അല്ലാഹു ഒരു ഖുദ്സിയ്യായ ഹദീസിലൂടെ പറഞ്ഞിട്ടുണ്ട്. ഞാന്‍ മറഞ്ഞുകിടക്കുന്നൊരു നിധിയായിരുന്നു. അങ്ങനെ ഞാന്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി സൃഷ്ടികളെ പടക്കുകയും ചെയ്തു. സൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനെ അറിയല്‍ (മഅ്രിഫത്) ആയിരിക്കെ സൃഷ്ടികളുടെ മേല്‍ ആ മഅ്രിഫത്ത് നിര്‍ബന്ധമാവാതെ തരമില്ലല്ലോ.
മഅ്രിഫത്ത് കരസ്ഥമാക്കാനുള്ള മാര്‍ഗം ശൈഖ് ആലങ്കാരികമായി വിശദീകരിക്കുന്നതിങ്ങനെ: ‘ശുദ്ധീകരണം വഴി ശരീരമാകുന്ന മറയെ ഹൃദയമാകുന്ന കണ്ണാടിയില്‍ നിന്ന് ഉരച്ചുനീക്കുക. എങ്കില്‍ മാത്രമേ മറഞ്ഞുകിടക്കുന്ന നിധിയാകുന്ന റബ്ബിന്റെ പ്രദീപ്ത സൗന്ദര്യം ആ സ്ഫടികത്തില്‍ തെളിഞ്ഞുവന്നു.’
അധ്യാത്മ സംജ്ഞകളായ ജിസ്മാനിയ്യത്തും റൂഹാനിയ്യത്തും ജബറൂത്തുമെല്ലാം വിശദമായ പ്രതിപാദത്തിന് വിധേയമാകുന്ന ഈ ഗ്രന്ഥം അനന്തമായ ആത്മജ്ഞാനത്തിന്റെ അക്ഷയ ഖനിയാണെന്നു പറയാം.
തഫ്സീറുല്‍ ജീലാനി
തഫ്സീറുകളെ പ്രധാനമായും മൂന്നു വിധമായാണ് പണ്ഡിതര്‍ വേര്‍തിരിച്ചിട്ടുള്ളത്. ഒന്ന്, ആയത്തുകളും ഹദീസുകളുമടങ്ങിയ പ്രമാണങ്ങള്‍ കൊണ്ടുള്ള വ്യാഖ്യാനം. രണ്ട്, വ്യാഖ്യാതാവിന്റെ ചിന്തകളും കണ്ടെത്തലുകളും അടിസ്ഥാനമാക്കിയുള്ള തഫ്സീര്‍. മൂന്ന്, അധ്യാത്മിക വശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള സ്വൂഫീ തഫ്സീറുകള്‍. ഇവയില്‍ മൂന്നാം ഗണത്തിലാണ് ജീലാനി(റ)യുടെ തഫ്സീര്‍. സ്വൂഫീ പണ്ഡിതര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ള ഇത് വിജ്ഞാനപ്രദവും സുദീര്‍ഘവുമായ ഒരു ആമുഖം കൊണ്ട് ധന്യമാണ്. ഖുര്‍ആന്‍ വ്യാഖ്യാനവുമായി ബന്ധപ്പെട്ട നിരവധി മൗലിക കാര്യങ്ങള്‍ വിശദമായിതന്നെ ആമുഖത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഒരു ആയത്ത് പറഞ്ഞാല്‍ ആദ്യം മറ്റു ആയത്തുകള്‍ കൊണ്ടു തന്നെയാണ് അതിന് വ്യാഖ്യാനം നല്‍കുക. പിന്നീട് ഹദീസുകള്‍, സ്വഹാബികളുടെയും താബിഉകളുടെയും ഉദ്ധരണങ്ങള്‍ എന്നിവയും ഉപയോഗിക്കും. ഇപ്രകാരമാണ് വ്യാഖ്യാനരീതി. ശറഇയ്യായ വിധികളുമായി ബന്ധപ്പെട്ട ആയത്തുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിലടങ്ങിയ ഗഹനമായ ചര്‍ച്ചകള്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ ഉദ്ധരിച്ച തെളിവുകള്‍ സഹിതം വിശദമായി പരാമര്‍ശിക്കും. എന്നാല്‍ അമിതമാവുകയുമില്ല. ഖുര്‍ആനിന്റെയോ സുന്നത്തിന്‍റേയൊ പിന്തുണയില്ലാത്ത ഇസ്റാഈലിയ്യാത്തുകള്‍ തഫ്സീറില്‍ അടുപ്പിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.
ജലാഉല്‍ ഖാത്വിര്‍ ഫിള്ളാഹിരി
വല്‍ ബാത്വിന്‍
ആത്മശുദ്ധീകരണം തന്നെയാണ് മുഖ്യ പ്രമേയമെങ്കിലും സാഹിത്യഅവതരണ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായ ഗ്രന്ഥമാണിത്. അറബ് സാഹിത്യത്തിലെ അത്യധികം മികവുറ്റ രചനകളെ അടിസ്ഥാനമാക്കി ജര്‍മന്‍ ഓറിയന്റലിസ്റ്റ് ബ്രോക്ലമാന്‍ എഴുതിയ history of arab literature എന്ന പുസ്തകത്തില്‍ ജലാഉല്‍ ഖാത്വിറും പഠനവിധേയമാക്കിയിട്ടുണ്ട്.
ബഹ്ജതുല്‍ അസ്റാര്‍
മുഹ്യിദ്ദീന്‍ മാലയിലൂടെയും മറ്റും നമുക്ക് ഏറെ സുപരിചിതമായ ഗ്രന്ഥമാണിത്. ജീലാനി(റ)യുടെ സാരോപദേശങ്ങള്‍ തന്നെയാണ് ഉള്ളടക്കം. ശൈഖ് നൂറുദ്ദീന്‍ അബുല്‍ ഹസനില്ല(റ)യാണ് ഇവയുടെ സമാഹരണം നടത്തിയത്.
അല്‍ഫുയൂളാതിറബ്ബാനിയ്യ
ശൈഖ് ജീലാനി തങ്ങളുടെ പ്രത്യേകമായ ദിക്റുകള്‍, ദുആകള്‍, ഔറാദുകള്‍, ഹിസ്ബുകള്‍ എന്നിവയുടെ വിപുലമായ സമാഹാരമാണിത്.
അല്‍ഖസാഇദുല്‍ ഗൗസിയ്യ
ശൈഖ് ജീലാനി(റ)യുടെ പ്രാര്‍ത്ഥനാ ഗീതങ്ങളുടെ സമാഹാരം.
അര്‍റദ്ദു അല റാഫിള
ആദ്യകാലത്ത് ഇസ്‌ലാമികാദര്‍ശങ്ങളെ വളച്ചൊടിച്ച് രംഗപ്രവേശം ചെയ്ത റാഫിളിയ്യാക്കള്‍ക്കെതിരെയുള്ള ഖണ്ഡനം. ഇതില്‍ ഇസ്‌ലാമിന്റെ ഋജുവായ വിശ്വാസ സരണി സൂക്ഷ്മമായി സമര്‍ത്ഥിക്കുന്നുണ്ട്.
ഇനിയും നിരവധി ഗ്രന്ഥങ്ങള്‍ മഹാന്റെതായുണ്ട്. അധ്യാത്മിക മാര്‍ഗ നിര്‍ദേശങ്ങള്‍ തന്നെ വിഷയീഭവിച്ചിട്ടുള്ള ഇആസത്തുല്‍ ആരിഫീന്‍ വ ഗായതു മിനല്‍ വാസ്വിലീന്‍, ആദാബുസ്സുലൂകി വത്തവസ്സുല്‍ ഇലാ മനാസിലിസ്സുലൂക്, രിസാലതുന്‍ ഫില്‍ അസ്മാഇല്‍ അളീമ ലിത്വരീഖി ഇലല്ലാഹ്, ഹിസ്ബുറജാഇ വല്‍ ഇന്‍തിഫാഅ്, പേര്‍ഷ്യന്‍ കവിതകളുടെ സമാഹാരമായ ദീവാനു അബ്ദില്‍ ഖാദിരില്‍ ജീലാനി തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.
ആത്മാന്വേഷികള്‍ക്കും വിജ്ഞാനകുതുകികള്‍ക്കും അവരുടെ ദാഹം ശമിപ്പിക്കാനുള്ള മഹദ്ഗ്രന്ഥങ്ങള്‍ ബാക്കിവെച്ചാണ് മുഹ്യിദ്ദീന്‍ ശൈഖ്(റ) ലോകത്തോട് വിടപറഞ്ഞത്.
അഭിനവ ശൈഖ് നാട്യക്കാര്‍ക്ക് അജ്ഞതയാണ് അലങ്കാരമെങ്കില്‍, പൂര്‍വിക സ്വൂഫിഗുരുക്കള്‍ മഹാജ്ഞാനികളായിരുന്നു. എന്നല്ല, വിജ്ഞാനമുള്ളവര്‍ മാത്രമാണ് ആത്മീയ നായകര്‍. ജീലാനി(റ)ന്റെ ഗ്രന്ഥങ്ങള്‍ ഈ യാഥാര്‍ത്ഥ്യം ഒന്നുകൂടി സ്ഥിരീകരിക്കുന്നു. പല മഹദ്ഗ്രന്ഥങ്ങള്‍ക്കും സംഭവിച്ചതുപോലെ ചില പില്‍ക്കാല പ്രക്ഷിപ്തങ്ങള്‍ (ദസ്സ്) ശൈഖ് തങ്ങളുടെ കൃതികളിലും കടന്നുകൂടിയിട്ടുണ്ട്. അവയെ സമീപിക്കുമ്പോള്‍ ഇതുകൂടി ഓര്‍മയുണ്ടാവേണ്ടതാണ്.

സ്വലാഹുദ്ദീന്‍ വല്ലപ്പുഴ

Exit mobile version