ദഅ്‌വതിന്റെ ശൈലി ഭേദങ്ങൾ മുമ്പേ ചർച്ചയാവാറുണ്ട്. ഏറ്റവും പ്രായോഗികവും ഉപകാരപ്രദവും വാചികമായ മത വിശദീകരണങ്ങൾ തന്നെയാണ്. അത് പ്രഭാഷണമോ സദുപദേശമോ സൗഹൃദ സംഭാഷണമോ ചർച്ചകളോ ആവാം. തൊട്ടടുത്തു നിൽക്കുന്നു ലിഖിത രീതികൾ. ലേഖനം, കഥ, ഗ്രന്ഥം, കവിത പോലുള്ളവയെല്ലാം ഈയർത്ഥത്തിൽ ഉപയോഗിക്കാം. പൂർവിക പ്രബോധകർ ഈ രംഗത്തൊക്കെയും തിളങ്ങി നിൽക്കുകയും പ്രഭാഷണ-പ്രബന്ധ മാധ്യമങ്ങളിലൂടെ മതത്തിന്റെ പൂനിലാവ് ലോകത്ത് പ്രസരിപ്പിക്കുകയും ചെയ്തിരുന്നു.
ഇത് രണ്ടും നല്ലവിജ്ഞാനം ആവശ്യമായ മേഖലകളാണ്. എന്തെങ്കിലും പറഞ്ഞ് സമയം കൊല്ലുന്നവരും കാമ്പില്ലാതെ കുത്തിക്കുറിക്കുന്നവരും ധാരാളമുള്ള കാലമാണിത്. എന്തെഴുതിയാലും അതിന്റെ ലക്ഷ്യം എതിർ ചേരിയിലെ അംഗങ്ങളെ പരിഹസിക്കലാക്കിയവരെയും കാണാം. ചിലർക്ക് ജ്ഞാനവും പ്രഭാഷണവും വ്യവസായമാണ്. സ്വന്തം സൗണ്ട് സിസ്റ്റവും സ്റ്റുഡിയോയും വാഹന കമ്പനിയും ഇവന്റ്മാനേജ്‌മെന്റ് ടീമും സംയുക്തമായി നടത്തുന്ന പ്രഭാഷണങ്ങൾ വരെയും തകൃതിയായി അരങ്ങേറുന്നു. സംഘാടകർക്കും പ്രഭാഷകർക്കുമല്ലാതെ ഇവകൊണ്ട് എന്തെങ്കിലും ഗുണം ലഭിക്കുന്നുവെങ്കിൽ നന്നായിരുന്നു!
വിശുദ്ധ മതത്തിന്റെ പ്രചാരണത്തിന് മറ്റൊരു രീതി കൂടിയുണ്ട്. തീരെ ചെലവില്ലാത്തതും കൂടുതൽ അറിവും വാക്ക്, വിരൽ സാമർത്ഥ്യം തീരെതന്നെയും ആവശ്യമില്ലാത്ത ലളിത ശൈലിയാണിത്. പൂർവികരിൽ പലരും ഇത് അനുവർത്തിച്ചാണ് മത സേവനം ചെയ്തത്. അഥവാ, മതം തത്ത്വങ്ങളിൽ നിന്ന് അടർത്തിയെടുത്ത് ജീവിതം കൊണ്ട് പ്രദർശിപ്പിക്കുക. അജ്മീർ ശൈഖിന്റെ വിശുദ്ധ ജീവിതം കണ്ട് ലക്ഷങ്ങൾ ഇസ്‌ലാം പുൽകിയത് ഉദാഹരണം മാത്രം. പൂർവികർ ഈ രീതിയിൽ മതത്തിന്റെ ജീവൽ മാതൃകകളായപ്പോൾ അവർക്കു കീഴിൽ വൻ സംഘം ഇസ്‌ലാം മതക്കൊടിയേന്തുകയുണ്ടായി.
ഇന്ന് പക്ഷേ, ഈ ദഅ്‌വതിന് ആളുകൾ അധികമില്ല. ആധുനിക മുസ്‌ലിമിനോട് സഹവസിക്കുന്ന പലർക്കും അവരേക്കാൾ അധമനായ ഒരു മനുഷ്യനെയാണ് കാണുന്നത്. കള്ളിലും പെണ്ണിലും തട്ടിപ്പ് വെട്ടിപ്പുകളിലും മാതാ പിതാക്കളെ വധിക്കുന്നതിലും എല്ലാവരും ഒരേ മതക്കാർ! എല്ലാ തോന്നിവാസവും ചെയ്യുന്ന തന്നെപോലെ ഒരാൾക്ക് മുഹമ്മദ്, ഇദ്‌രീസ് തുടങ്ങിയ പേര് വെക്കുമ്പോൾ അവിടെ ഇസ്‌ലാം ജനിക്കുന്നുവെന്ന് പൊതു സമൂഹം തെറ്റിദ്ധരിച്ചു തുടങ്ങിയിരിക്കുന്നു. ഓരോരുത്തരും ദാഇയാണെന്നും തന്റെ മതത്തിന്റെ പ്രകടിതാടയാളമായി മാറേണ്ടതുണ്ടെന്നും ഉൾക്കൊണ്ടവർ വളരെ ദുർലഭമാകുന്നിടത്ത് സംവാദവേദികളിലെ ജ്ഞാന സർക്കസുകൾ ഓട്ടം തുള്ളലിന്റെ പിന്നണിപാട്ടായി തരം താഴുകതന്നെ ചെയ്യും.
കായംകുളത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി-സൂപ്പർ ഫാസ്റ്റ് ബസിൽ ഉച്ച ഉറക്കത്തിൽ നിന്ന് യാത്രക്കാർ ഞെട്ടി ഉണർന്നത് വൻശബ്ദത്തിലുള്ള ആക്രോശം കേട്ടാണ്. വെന്നിയൂർ കഴിഞ്ഞുള്ള ഒരു ‘അവനവൻപടി’ സ്റ്റോപ്പിൽ നിർത്തിക്കൊടുക്കാൻ ഒരു യാത്രികൻ കണ്ടക്ടറുമായി തർക്കം നടത്തുകയാണ്. തനി മലപ്പുറം ശൈലിയിൽ എനിക്കിവിടെ ഇറങ്ങണം, ജനങ്ങളെ സേവിക്കാനാണ് ബസ് സർവീസ്, നീ ഇതിലൂടെ ഓടാതിരിക്കുന്നത് കാണണോ തുടങ്ങിയ ഭീഷണികൾക്കു ശേഷം മുട്ടൻ തെറിയും! മാന്യനായ കണ്ടക്ടർ എല്ലാം യുക്തമായി കൈകാര്യം ചെയ്തുവെങ്കിലും കക്കാട് ബസിറങ്ങിയപ്പോൾ ക്ഷുഭിതയാത്രികൻ വല്ലാത്തൊരു പ്രയോഗം പുറത്തെടുത്താണ് രംഗം വിട്ടത്. അദ്ദേഹത്തിനു തോന്നുന്നുണ്ടാവും ഈ അങ്കത്തിൽ താൻ വൻവിജയം നേടിയെന്ന്. പക്ഷേ, ഓരോ യാത്രികനും പിന്നെ നടത്തിയ ചർച്ച മൊത്തം ഇതു സംബന്ധിച്ചായിരുന്നു.
കേവലം ഒരു വ്യക്തിയുടെ സ്വഭാവദൂഷ്യം വളഞ്ഞു തിരിഞ്ഞ് ‘നല്ലതു പറയുക; അല്ലെങ്കിൽ മിണ്ടാതിരിക്കുക’ എന്നു സിദ്ധാന്തിച്ച ഒരു മതത്തിനു നേരെയാകുന്നത് ഇത്തരം ക്ഷിപ്രകോപികൾ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. നമ്മുടെ ജീവിതം തന്നെ ദഅ്‌വത്താകുന്ന കാലത്തിനായി നമുക്ക് ശ്രമിക്കാം. അപ്പോഴായിരിക്കും ഇസ്‌ലാം നഷ്ട പ്രതാപം തിരിച്ചെടുക്കുന്നത്.