ജീവിതത്തിന്റെ തുടക്കത്തില്‍ ഒരുപാട് കയ്പനുഭവങ്ങള്‍ നേരിട്ട് കാലങ്ങള്‍ കൊണ്ട് എ്വെര്യം കൈവന്ന് നൈരാശ്യത്തില്‍ നിന്ന് സമൃദ്ധിയിലേക്കു കരയറിയ ഒരാളുടെ ചിത്രമാണിത്.
അതേ സമയം, ജീവിതത്തില്‍ സകല സൗഭാഗ്യങ്ങളും വന്നണഞ്ഞ ശേഷം അപ്രതീക്ഷിതമായ ഒരു ഘട്ടത്തില്‍ എല്ലാം നഷ്ടപ്പെട്ട ഹതഭാഗ്യരും നമ്മുടെ കൂട്ടത്തില്‍ എത്രയെങ്കിലുമുണ്ട്. വെള്ളിക്കരണ്ടിയുമായി പിറന്ന് വലിയ ബിസിനസ്മാനായി മുന്നേറിയ അയാളുടെ ജീവിതം എല്ലാവര്‍ക്കും വിസ്മയമായിരുന്നു. പലര്‍ക്കും അസൂയയായിരുന്നു. എല്ലാ നന്മയുടെയും വാതായനങ്ങള്‍ പണം കൊണ്ട് തുറക്കാമെന്നയാള്‍ പല തവണ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്കിടയില്‍ അയാള്‍ വലിയ സ്വാധീന വലയം സൃഷ്ടിച്ചു. അങ്ങനെയിരിക്കെയാണത് സംഭവിച്ചത്. ആര്‍ക്കും അറിയാത്ത കാരണങ്ങളാല്‍ അയാളുടെ ബിസിനസ്സ് സാമ്രാജ്യം തകര്‍ന്ന് തരിപ്പണമായി. സമൂഹത്തില്‍ അയാള്‍ വെറും പിണമായി മാറി.
തഹജ്ജുദ് നിസ്കാരമടക്കം എല്ലാ സുന്നത്ത് നിസ്കാരങ്ങളും കൃത്യമായി നിര്‍വഹിക്കാറുള്ള ആരോഗ്യ ദൃഢഗാത്രനായ അയാള്‍ക്ക് പക്ഷാഘാതമുണ്ടായപ്പോള്‍ സുഹൃത്തുക്കളൊക്കെ തരിച്ചുപോയി. ഇത്രയും ആരോഗ്യവാനായ അയാള്‍ക്കീ രോഗം വന്നത് അവര്‍ക്കാര്‍ക്കും വിശ്വസിക്കാനായില്ല. എന്തു ചെയ്യാന്‍, കണ്‍മുമ്പിലുള്ള സത്യം അംഗീകരിച്ചല്ലേ പറ്റൂ. അയാളുടെ സംസാരത്തില്‍ അസഹ്യതയുടെ ധ്വനി നിറഞ്ഞുനിന്നു. കണ്ണീരിന്റെ അകമ്പടിയോടെ കാണുന്നവരോടൊക്കെ തന്റെ ഗതികേട് പറഞ്ഞു അയാള്‍ തേങ്ങി.
ജീവിതവഴിയില്‍ പലപ്പോഴും നാം കണ്ടുമുട്ടാറുള്ള കഥാപാത്രങ്ങളാണിതെല്ലാം. ഓരോരുത്തരുടെയും ജീവിതാനുഭവത്തില്‍ ഇങ്ങനെയുള്ള എത്രയോപേര്‍ കടന്നുപോയിരിക്കും. സുഖത്തിന്റെയും ദുഃഖത്തിന്റെയും ഇത്തരം അനുഭവങ്ങള്‍ നേരിടുമ്പോള്‍ ഒരു സത്യവിശ്വാസി എങ്ങനെ അതു കൈകാര്യം ചെയ്യണം? സുഖസന്തോഷ വേളയില്‍ എല്ലാം മറന്ന് ആനന്ദനൃത്തം ചവിട്ടാന്‍ ഒരു വിശ്വാസിക്ക് കഴിയില്ല.
സുഖദുഃഖങ്ങളെല്ലാം ജഗന്നിയന്താവായ അല്ലാഹു നല്‍കുന്നതാണെന്നും അവന്റെ വിധിയെ തടുക്കാന്‍ ആരാലുമാകില്ലെന്നുമുള്ള തിരിച്ചറിവിലേക്കാണ് വിശ്വസിയെത്തിച്ചേരേണ്ടത്. അതിലൂടെ താന്‍ അനുഭവിക്കുന്ന സര്‍വനന്മക്കും റബ്ബിനോട് നന്ദി കാണിക്കുകയും നേരിടുന്ന മുഴുവന്‍ വിഷമങ്ങളിലും ക്ഷമിക്കുകയും ചെയ്യാനവന്‍ തയ്യാറാവും.
അങ്ങനെ വരുമ്പോള്‍ സത്യവിശ്വാസിക്ക് ടെന്‍ഷനില്ല, ദുഃഖമില്ല, വിഷമമില്ല. എപ്പോഴും സന്തോഷം മാത്രം. ആ ആശയമാണ് പ്രവാചകന്‍(സ്വ) പഠിപ്പിച്ചത്. സത്യവിശ്വാസിയുടെ കാര്യം വലിയ അല്‍ഭുതം തന്നെ! സന്തോഷവും ഗുണവും അവനുണ്ടാകുമ്പോള്‍ അവന്‍ റബ്ബിന് നന്ദിചെയ്യും. വല്ല വിധേനയും പ്രയാസവും ബുദ്ധിമുട്ടും അനുഭവപ്പെട്ടാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ അവന്റെ സന്തോഷവേളയും സന്താപവേളയും അവന് പ്രതിഫലാര്‍ഹമാവുന്നു.
ബശീര്‍ അബ്ദുല്‍കരീം സഖാഫി