ബഹുമാന്യരായ മലക്കുകളുടെ ഹല്‍ഖ കാണിച്ച് അല്ലാഹു ആദമി(അ)നോട് കല്‍പിച്ചു: ആ കാണുന്ന സംഘത്തിനു സലാം പറയുക. അവര്‍ താങ്കള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യുന്ന രീതി മനസ്സിലാക്കുക. താങ്കളുടെയും പുത്രപരമ്പരകളുടെയും അഭിവാദനപ്രത്യഭിവാദന വാക്കുകള്‍ അതായിരിക്കട്ടെ. (ബുഖാരി, മുസ്ലിം) അകലെയായിരുന്ന മലക്കുകളുടെ അരികിലേക്ക് ആദ്യപ്രവാചകനെ പറഞ്ഞുവിട്ട് ജ്ഞാനയാത്രയുടെ ബൃഹത്തായ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സര്‍വശക്തന്‍. “യാത്ര ചെയ്യൂ. ആരോഗ്യം നേടൂ”(അഹ്മദ്)എന്ന് തിരുദൂതര്‍ പ്രോത്സാഹിപ്പിച്ചു. അറിവു തേടി പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന ദശക്കണക്കിന് ആപ്തവാക്യങ്ങളുണ്ട് അറബിയില്‍. ആധ്യത്മിക യാത്രികരുടെ ഒരു ഘട്ടം തന്നെയും ഊരുചുറ്റലിനാണ് ഉപയോഗിക്കാറ്. ഗ്രന്ഥപ്പുരകളോ ജ്ഞാനകേന്ദ്രങ്ങളോ അല്ല അവര്‍ക്ക് മുഖ്യം; യാത്രയിലെ ക്ലേശമേറ്റെടുത്ത് ആത്മത്തെ മെരുക്കുകയാണവര്‍ ലക്ഷ്യമാക്കുന്നത്. മനുഷ്യസ്വഭാവവൈജാത്യങ്ങളെ അനുഭവിച്ചറിയുകയാണ് അവരുടെ മറ്റൊരു ഉന്നം. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ശുദ്ധാത്മാക്കളുമായുള്ള സമ്പര്‍ക്കവും അവര്‍ക്ക് ലക്ഷ്യമായുണ്ട്. ഇമാം അഹ്മദ്(റ)നോട് ചോദ്യം: ഒരു ജ്ഞാനാര്‍ത്ഥിയുണ്ട്. ഓരേയൊരു ഗുരുവില്‍ നിന്നുതന്നെയാണദ്ദേഹം ജ്ഞാനം നുകരുന്നത്. ആ ഗുരു ജ്ഞാന സമ്പന്നനാണ്. അതാണോ ഉത്തമം. അതല്ല, യാത്രചെയ്തു വിവിധ അനുഭവങ്ങളുണ്ടാക്കുകയാണോ?”ഇമാം പ്രതിവചിച്ചു: യാത്രചെയ്യുന്നതാണഭികാമ്യം. വിവിധ നഗരങ്ങളിലെ ജ്ഞാനികളെ അദ്ദേഹം ഉദ്ധരിക്കട്ടെ, വിവിധ ജനങ്ങളെ അടുത്തറിയാം. അവരില്‍ നിന്നും പഠിക്കാം. യാത്രയുടെ മഹത്ത്വവും നേട്ടവും തിരിച്ചറിയാത്ത ഏതു ജ്ഞാനിയാണ് കഴിഞ്ഞുപോയിട്ടുള്ളത്.
ഇമാം അബൂയഅ്ഖൂബ് അല്‍മര്‍വസി (മരണം ഹിജ്റ 251) ഇമാം അഹ്മദ്(റ)ന്റെ ശിഷ്യനാണ്. അല്‍മസാഇല്‍ പഠിക്കാന്‍ മര്‍വയില്‍ നിന്നും ബഗ്ദാദിലെത്തി. പിന്നെ ഖുറാസാനിലേക്കുമടങ്ങി. നൈസാബൂരില്‍ താമസമാക്കി. ഇതിനിടയിലാണറിയുന്നത്, മസാഇലിലെ ഒന്നു രണ്ടു മസ്അലകളില്‍ ഇമാം പുതിയ അഭിപ്രായം രൂപപ്പെടുത്തിയിരിക്കുന്നുവെന്ന്. ഉടനെ തിരിച്ചു കാല്‍നടയായി, നൈസാബൂരില്‍ നിന്നും ബഗ്ദാദിലേക്ക്. പുതിയ അഭിപ്രായങ്ങളുടെ നിജസ്ഥിതിയറിയാന്‍. അല്‍മസാഇല്‍ പകര്‍ത്തിഎഴുതിയ തോല്‍ക്കെട്ട് തോളിലേറ്റിയായിരുന്നു യാത്ര. അതില്‍ ഓരോ മസ്അലകളിലും ഇമാം പ്രകടിപ്പിച്ച വീക്ഷണം രേഖപ്പെടുത്തുകയും ഇമാമിന്റെ ഒപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ടായിരുന്നു. ബാഗ്ദാദിലെത്തി പുതിയ അഭിപ്രായങ്ങള്‍ എഴുതിയെടുത്തു സമ്മതം വാങ്ങിയ ശേഷം മസാഇലകളുടെ വന്‍ ശേഖരവുമായി അദ്ദേഹം നൈസാബൂരിലേക്ക് തിരികെ യാത്ര ചെയ്തു.
പ്രസിദ്ധമായ അല്‍ മുസ്തദ്റകിന്റെ കര്‍ത്താവ് ഹാകിമുനൈസാബൂരി, തന്റെ ഗുരു ശൈഖുല്‍ ഇസ്‌ലാം ഇബ്നു മിഹ്റാനെ തെരഞ്ഞുപിടിച്ച ഉജ്ജ്വല സംഭവം അദ്ദേഹം തന്നെ പറയട്ടെ: ഗുരുവെ തിരഞ്ഞു ഞാന്‍ മര്‍വിലെത്തി. പിന്നെ പുഴക്കരയില്‍ (മാവറാഅന്നഹ്ര്‍ഇന്നത്തെ ഉസ്ബെകിസ്താന്‍) പോയി, പക്ഷേ കണ്ടില്ല. അദ്ദേഹം ഹിജ്റ 365ല്‍ ഹജ്ജിനു പുറപ്പെട്ടു. ഞാന്‍ യാത്രാസംഘത്തിലെല്ലാം തിരഞ്ഞു. അദ്ദേഹം ഒളിച്ചു. ഹദീസ് പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹം വല്ലാതെ മടിച്ചിരുന്നു. മക്കയിലുണ്ടെന്നറിഞ്ഞതിന്റെയടിസ്ഥാനത്തില്‍ 367ല്‍ ഞാന്‍ ഹജ്ജിനു പുറപ്പെട്ടു. മക്കയിലെത്തിയപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു, അദ്ദേഹം ഇപ്പോള്‍ ബാഗ്ദാദിലാണെന്ന്. പക്ഷേ എനിക്കതു ബോധ്യമായില്ല. മക്കയില്‍ എല്ലായിടത്തും തിരഞ്ഞു. കണ്ടെത്താനായില്ല. ബാഗ്ദാദുകാരന്‍ അബൂനസ്്വര്‍ മലാഹിമി എന്നോട് പറഞ്ഞു. അബ്ദാലുകളില്‍പ്പെട്ട ഒരു ശൈഖ് അവിടെ എത്തിയിട്ടുണ്ട്. അദ്ദേഹത്തെയാണോ താങ്കള്‍ തിരയുന്നത്? “അതേ”. അദ്ദേഹവുമായി ഞാന്‍ ബാഗ്ദാദിലെത്തി, അദ്ദേഹം അടുത്തെവിടെയോ പോയിരിക്കുകയാണ്. നാട്ടുകാര്‍ പറഞ്ഞു: താങ്കളീ മസ്ജിദിലിരിക്കുക, അദ്ദേഹം വരും. അബൂനസ്വര്‍ നിര്‍ദേശിച്ചപ്രകാരം ഞങ്ങള്‍ ഇരുന്നു. അല്‍പം കഴിഞ്ഞ് അബൂനസ്വര്‍ വന്നു. മെലിഞ്ഞു ദുര്‍ബലനായ ഒരു ശൈഖ് കൂടെയുണ്ട്. എനിക്കു സലാം ചൊല്ലി. ഞാന്‍ തിരയുന്ന അബൂ മുസ്ലിം എന്ന ഇബ്നു മിഹ്റാനാണതെന്ന് മനസ്സിലായി. സംസാര മധ്യേ ഞാന്‍ ആരാഞ്ഞു. അങ്ങയുടെ രക്ത ബന്ധുക്കളില്‍ ആരെങ്കിലും ഇവിടെ ഉണ്ടോ? കാണാമെന്നു കരുതിയവരെല്ലാം കാലഗതിയടഞ്ഞു പോയി”ശൈഖ് പ്രതികരിച്ചു. ഇബ്റാഹീമിനു മക്കളുണ്ടോ? ഗുരുവിന്റെ സഹോദരന്‍ ഹാനിഅ് ഇബ്റാഹീമിനെ ഉദേശിച്ചായിരുന്നു എന്റെ ചോദ്യം. താങ്കള്‍ക്ക് എന്റെ സഹോദരനെ അറിയാമോ? ഞാന്‍ പ്രതികരിച്ചില്ല. ശൈഖ് അബൂനസ്്വറിനോട് ചോദിച്ചു: ഈ മധ്യവയസ്കന്‍ ആരാണ്? അദേഹമെന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ഗുരുവര്യര്‍ എഴുന്നേറ്റ് വന്നു. ഞാനും എഴുന്നേറ്റു. പരസ്പരം കാണാന്‍ കഴിയാത്തതില്‍ ഇരുവരും ഖേദം പ്രകടിപ്പിച്ചു സ്നേഹം പങ്കുവെച്ചു. പിന്നെ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ഞാന്‍ ഗുരുവിന്റെ അരികില്‍ പലവട്ടം ഇരുന്നു പഠിച്ചു, പകര്‍ത്തി. ഞാന്‍ യാത്ര പറഞ്ഞ് പോരുമ്പോള്‍ അവിടുന്നു പറഞ്ഞു: നമുക്കിനി ഹജ്ജ് കാലത്ത് മക്കത്തു വെച്ചുകാണാം. ഞാന്‍ മക്കയില്‍ പാര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.”അങ്ങനെ ഹിജ്റ 375ല്‍ മരണപ്പെടുന്നതുവരെയും ഹാഫിള് ഇബ്നുമിഹ്റാന്‍ മക്കയില്‍ കഴിഞ്ഞുകൂടി (ദഹബി/തദ്കിറത്തുല്‍ഹുഫ്ഫാള്).
അറിവുതേടിയുള്ള അബൂഹാതിമുര്‍റാസിയുടെ ദീര്‍ഘയാത്ര ദുരിതപൂര്‍ണമായിരുന്നു: അദ്ദേഹം തന്റെ അതുല്യമായ ത്യാഗാനുഭവങ്ങള്‍ അനുസ്മരിക്കുന്നു. മദീനയില്‍ ദാവൂദ് അല്‍ജഅ്ഫരിയുടെ അരികില്‍നിന്നും ഞങ്ങള്‍ കടലിനക്കരെ തീരത്തോടു ചേര്‍ന്ന ജാറ് പ്രദേശം ലക്ഷ്യമാക്കി കപ്പല്‍ കയറി. ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു. സഹയാത്രികന്‍ അബൂസുഹൈര്‍ അല്‍മര്‍വസി പ്രസിദ്ധനാണ്. മറ്റൊരാള്‍ നൈസാപൂര്‍ ദേശക്കാരനായിരുന്നു. യാത്രക്കിടയില്‍ ശക്തമായ കാറ്റില്‍പെട്ടു. മൂന്നു മാസം കടലില്‍ കുടുങ്ങി. രക്ഷപ്പെടാന്‍ യാതൊരുവഴിയുമില്ലെന്നു വ്യക്തമായപ്പോള്‍ ഞങ്ങള്‍ മൂവരും നിരാശരായി. കരുതിയ ഭക്ഷണമെല്ലാം തീര്‍ന്നു. അവശിഷ്ടങ്ങള്‍ മാത്രം ബാക്കിയായി. ഒടുവില്‍ ഏതോ കരയിലെത്തിപ്പെട്ടു. തിട്ടമില്ലാതെ ഞങ്ങള്‍ ദിവസങ്ങളോളം നടന്നു. ഇനി ഞങ്ങളുടെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. വെള്ളമില്ല. അന്നം ഒട്ടുമില്ല. ഞങ്ങള്‍ പിന്നെയും ഒരു പകലും രാത്രിയും കൂടി നടന്നുനീങ്ങി. ഒന്നും കുടിച്ചില്ല, തിന്നില്ല. രണ്ടാം ദിവസവും ഇതു തുടര്‍ന്നു. മൂന്നാം ദിവസവും അതേനിലയില്‍ തന്നെ. സന്ധ്യമയങ്ങി. ഞങ്ങള്‍ മഗ്രിബ് നിസ്കരിച്ചു. ദാഹം, വിശപ്പ്, കഠിനയാത്ര തളര്‍ത്തിക്കളഞ്ഞിരുന്നു. ഞങ്ങള്‍ തളര്‍ന്നുകിടന്നു. നേരം പുലരുംവരെ. സാധ്യമാകും വിധം ഉള്ള ആവതുവെച്ച് പിന്നെയും മുന്നോട്ടു നീങ്ങി. അല്‍പ ദൂരം പിന്നിട്ടപ്പോള്‍ വന്ദ്യവയോധികന്‍ ബോധമില്ലാതെ വീണുപോയി. (അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നില്‍ക്കുകയെന്നത് മരുഭൂയാത്രയില്‍ അവിവേകമാണ്. ബാക്കിയുള്ളവരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ വെള്ളം തേടി മുന്നോട്ട് പോവുകയാണ് സുരക്ഷിതം) അദ്ദേഹത്തെ തട്ടിയുണര്‍ത്തിനോക്കി. അദ്ദേഹം നിശ്ശേഷം ബോധരഹിതനായിരുന്നു. ഞാനും നൈസാബൂര്‍ക്കാരനും പിന്നെയും മുന്നോട്ടു നീങ്ങി. രണ്ട് ഫര്‍സഖ് (ഏകദേശം എട്ടുമൈല്‍ വരും ഒരു ഫര്‍സഖ്) കൂടി വേച്ചു വേച്ചു നീങ്ങിയപ്പോള്‍ പാടെ തളര്‍ന്നു ഞാന്‍ ബോധരഹിതനായി നിലം പതിച്ചു. എന്നെ ഉപേക്ഷിച്ച് സഹയാത്രികന്‍ മുന്നോട്ടു പോയി. അദ്ദേഹം വഴിയില്‍ ഒരു തീരത്തോടടുത്തു. അങ്ങകലെ ഒരു നൗക ശ്രദ്ധയില്‍ പെട്ടപ്പോള്‍ വസ്ത്രമൂരി വീശിക്കാണിച്ചു. അവര്‍ കരക്കടുത്തു. മൂസാനബി(അ)മുമായി ബന്ധപ്പെട്ട കിണര്‍ നില്‍ക്കുന്ന സ്ഥലമായിരുന്നുവത്. അവര്‍ തുകല്‍കുടത്തില്‍ വെള്ളവുമായെത്തി തളര്‍ന്നുപോയ നൈസാബൂരിയെ മതിവരുവോളം കുടിപ്പിച്ചു. കൈ പിടിച്ചുയര്‍ത്തി. രണ്ട് സഹയാത്രികര്‍ വഴിയില്‍ കുഴഞ്ഞു വീണ കാര്യമദ്ദേഹം അവരെ അറിയിച്ചു. മുഖത്ത് വെള്ളം തളിച്ച് അവര്‍ ഉണര്‍ത്തിയപ്പോഴാണ് എന്റെ കണ്ണുകളില്‍ ഒരല്‍പം വെളിച്ചം കടന്നത്. കണ്ണുതുറന്നയുടന്‍ വെള്ളം വെള്ളം എന്നു ഞാന്‍ ചോദിക്കുന്നുണ്ടായിരുന്നു. ചെറിയൊരു ഗ്ലാസില്‍ അവര്‍ എനിക്ക ്അല്‍പം വെള്ളം തന്നു. എന്നെ കൈ പിടിച്ചു യര്‍ത്തി. വന്ദ്യ വയോധികന്‍ അകലെ വീണുകിടക്കുന്ന കാര്യം ഞാനറിയിച്ചു. ഒരു സംഘം അങ്ങോട്ടു തിരിച്ചു. തളര്‍ന്നവശനായ എന്റെ കൈ പിടിച്ചു കപ്പലിലേക്ക് നടത്തിച്ചുകൊണ്ടുപോയി. വെള്ളം പിന്നെയും അല്‍പാല്‍പമായി കുടിച്ചു. ആര്‍ത്തിയോടെ ഒന്നിച്ചു മോന്തിയാല്‍ കൂടുതല്‍ ക്ഷീണമാണുണ്ടാവുക. ഒടുവില്‍ ഞങ്ങള്‍ കപ്പലിലെത്തി കുറച്ചുകഴിഞ്ഞപ്പോള്‍ ആ സംഘം വയോധികനുമായി വന്നു. കപ്പല്‍ യാത്രികര്‍ ഞങ്ങളെ നന്നായി പരിചരിച്ചു, ഞങ്ങള്‍ ആരോഗ്യം വീണ്ടെടുക്കുവോളം. അവിടെ വെച്ച് റായ പട്ടണത്തിലെ ഗവര്‍ണര്‍ക്ക് അവര്‍ ഒരു എഴുത്ത് തന്നു. ഞങ്ങള്‍ക്ക് കുറച്ച് മാവും വെള്ളവും സമ്മാനിച്ചു അവര്‍ പിരിഞ്ഞു. അവര്‍ നിര്‍ദേശിച്ച വഴിയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. വൈകാതെ കയ്യിലുള്ള കേക്കും പൊടിയും വെള്ളവും തീര്‍ന്നു. വിശന്നു ദാഹിച്ചു തളര്‍ന്ന ഞങ്ങള്‍ കടല്‍ക്കരയിലെത്തി. വലിയ ഒരു ആമ മുന്നില്‍ വന്നുപ്പെട്ടു. തിരമാല തള്ളികൊണ്ടുവന്നതാണതിനെ. വലിയൊരു കല്ലെടുത്ത് ഒറ്റയേറ്. ആമ നടു പിളര്‍ന്നു. അതിനകത്ത് കോഴിമുട്ടയിലെ മഞ്ഞക്കുരു മാതിരി കുറെ. തൊണ്ടു പൊളിച്ചു നീക്കി കടലിലെറിഞ്ഞു. മഞ്ഞക്കുരു വാരിതിന്നാന്‍ തുടങ്ങി. വിശപ്പിന് ഒരല്‍പം ആശ്വാസമായി. വീണ്ടും യാത്ര തുടര്‍ന്നു. ഒടുവില്‍ ഞങ്ങള്‍ റായ പട്ടണത്തില്‍ കടന്നു. എഴുത്ത് ഉദ്യോഗസ്ഥനെ കാണിച്ചു. അദ്ദേഹം ഞങ്ങളെ മാന്യമായി സ്വീകരിച്ചു, പരിചരിച്ചു. എല്ലാ ദിവസവും അദ്ദേഹം ഞങ്ങളെ ചുരക്ക ഭക്ഷിപ്പിച്ചു. അദ്ദേഹം തന്റെ പരിചാരകനോടു പറയുമായിരുന്നു. അതിഥികള്‍ക്ക് അനുഗ്രഹീതമായ യഖ്ഥ്വീന്‍ (വെള്ളരി/ മത്തങ്ങ) നല്‍കുക. അദ്ദേഹം ദിവസങ്ങളോളം ഖുബ്സും യഖ്ഥ്വീനും സല്‍കരിച്ചു. ഞങ്ങളിലൊരാള്‍ പേര്‍ഷ്യന്‍ ഭാഷയില്‍, അനുഗ്രഹീതമല്ലാത്ത മാംസവും കൊണ്ടുവന്നുതരാന്‍ പറയൂ എന്നു തമാശ പറഞ്ഞു. പക്ഷേ ആതിഥേയന് പേര്‍ഷ്യര്‍ ഭാഷ അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് നന്നായി പേര്‍ഷ്യന്‍ ഭാഷ അറിയാം കെട്ടോ. എന്റെ വല്ല്യുമ്മ ഹറവി ദേശക്കാരിയായിരുന്നു.”പിന്നീടദ്ദേഹം ഞങ്ങള്‍ക്ക് മാംസവും കൊണ്ടുതന്നു. അങ്ങനെ ഞങ്ങളവിടം വിട്ടു. ഈജിപ്തിലേക്ക് എത്താനുള്ള യാത്രാ സജ്ജീകരണങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു (ദഹബി/തദ്കിറ).
അറിവുതേടിയുള്ള അനന്തമായ യാത്ര! എത്ര ത്യാഗനിര്‍ഭരമാണ് ജ്ഞാനാനേ്വഷണത്തിന്റെ പാത.
(തുടരും)
വിജ്ഞാനയാത്ര3/സ്വാലിഹ് പുതുപൊന്നാനി