ഞാൻ ഒ.കെ; മറ്റവന്റെ കാര്യം..!

‘നാം കാലത്തെ പഴിക്കുന്നു. എന്നാൽ പ്രശ്‌നം നമുക്കു തന്നെയാണ്. നാമൊക്കെയാണു ജീവിക്കുന്നത് എന്നതു മാത്രമാണിപ്പോൾ കാലത്തിന്റെ കുഴപ്പം’- ഇമാം ശാഫിഈ(റ)ന്റെ ഒരു കവിതയുടെ സാരാംശമാണിത്. ഓരോരുത്തരും നന്നാവുകയും അവനവന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുകയും ചെയ്താൽ തീരുന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങളൊക്കെയും. മന്ത്രിയും എം.എൽ.എയും ഉദ്യോഗസ്ഥരും അവരവർക്ക് നിശ്ചയിക്കപ്പെട്ട കർമങ്ങളനുഷ്ഠിച്ചാൽ തീർച്ചയായും നാടു നന്നാവും. അല്ലെങ്കിൽ, നന്നായി നാറും. ഇത് നാം കണ്ടുവരുന്നതാണല്ലോ. ഗവൺമെന്റ് ആശുപത്രികളിൽ അത്യാവശ്യത്തിന് വേണ്ട സൗകര്യങ്ങളുണ്ട്. അത് പക്ഷേ, വേണ്ട വിധം ഉപയോഗപ്പെടുത്തുന്ന ജീവനക്കാർ കാണില്ല. എക്‌സ്‌റേക്ക് ചെന്നാൽ സ്റ്റാഫ് ലീവ്. ഡോക്ടർമാർ 4 വേണ്ടിടത്ത് ഒന്നു മാത്രം. മറ്റുള്ളവർ നീണ്ട ലീവെടുത്ത് പ്രൈവറ്റ് ആശുപത്രികളിലോ വിദേശത്തോ ‘ഉദരസേവനം’ ചെയ്യുന്നുണ്ടാവും. മെഡിക്കൽ കോളേജുകളിൽ മികച്ച സ്വകാര്യ ആശുപത്രികളിലുള്ളതിനെക്കാൾ നല്ല യന്ത്രസാമഗ്രികളും അതിമിടുക്കരായ ഡോക്ടർമാരുമുണ്ട്. പക്ഷേ, ഇന്നു കിട്ടേണ്ട ചികിത്സ ലഭിക്കുമ്പോഴേക്ക് അടുത്ത ആഴ്ച ആയിരിക്കും. അതു വരെ രോഗിയും ആധിപെരുത്ത് ബന്ധുക്കളും മരിക്കാതെ നോക്കണമെന്നു മാത്രം!

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യത്യസ്തമല്ല സ്ഥിതികൾ. അവിടെയുള്ള പലരും സ്വന്തമായി പേരു മാറ്റി ഒപ്പിട്ടും അല്ലാതെയും ട്യൂഷൻ സെന്ററുകൾ നടത്തുന്നുണ്ട്. പഠനം അവിടെ. ഇവിടെ വരുന്നു, ബെല്ലുകൾ സമയത്തിനു മുഴങ്ങുന്നു, ഭക്ഷണം കഴിക്കുന്നു, സ്‌കൂൾ വിടുന്നു- ഇതാണ് ദിനചര്യ. കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ സന്തോഷം.

ട്യൂഷൻ സെന്ററുകളെക്കുറിച്ച് വേറെയും ചിലത് പറയാനുണ്ട്. ഔദ്യോഗിക സ്‌കൂളുകളിൽ നിന്ന് പഠിക്കുന്നത് പരിശീലിപ്പിക്കാനുള്ള കേന്ദ്രമായി അതു മാറുമെങ്കിൽ, ഹോം വർക്ക് ചെയ്യിപ്പിക്കാനറിയാത്തവർക്കും അറിയുമെങ്കിലും സമയം ലഭിക്കാത്തവർക്കുമൊക്കെ ഇത് ഉപകാരപ്പെടും. എന്നാൽ ഇപ്പോൾ നടക്കുന്നത് അവർ അവരുടേതായ രീതിയിൽ ക്ലാസെടുത്ത് തീർക്കുന്നതാണ്. അവിടെ ഇരുന്ന് പഠിക്കാനും പഠിപ്പിക്കാനുമൊന്നും സൗകര്യങ്ങളില്ല. ഫലമോ, സ്‌കൂളിൽ നിന്നും ട്യൂഷൻ സെന്ററിൽ നിന്നും രണ്ടു പ്രാവശ്യം പാഠഭാഗങ്ങൾ കേൾക്കുക എന്നതിലൊതുങ്ങുന്നു വിദ്യാർത്ഥികൾ. രണ്ടിടത്തും ഹാജർ, എഴുത്ത്, പരീക്ഷ പോലുള്ള വിദ്യാർത്ഥികളുടെ സമ്മർദ വർധനവുപാദികൾ സമാന്തരമായി നടപ്പിലാവുകയും ചെയ്യുന്നു.

രക്ഷിതാവ്, അധ്യാപകൻ, വിദ്യാർത്ഥി തുടങ്ങി സമൂഹത്തിലെ ഓരോരുത്തരും അവരവരുടെ ബാധ്യതകൾ നിർവഹിക്കുമ്പോഴാണ് സമൂഹം നന്നാവുക. തനിക്ക് അർഹിച്ചതിലും താഴെ സ്ഥാനമേ സ്വമനസ്സിൽ തോന്നാൻ പാടുള്ളൂ. ഞാൻ ഒരു നേതാവ് അല്ലെങ്കിൽ കമ്മറ്റി സെക്രട്ടറി. എന്നോടു കൽപിക്കാൻ അവനാരാണ്? പോലുള്ള ദുഷ്ട ചിന്തകൾ നമ്മെ പിടികൂടിയാൽ, അങ്ങനെ ഓരോരുത്തരും ‘താൻ ഒരു മഹാസംഭവം’ എന്ന് തന്നത്താൻ കണക്കാക്കിയാൽ അവിടെ ദീൻപ്രവർത്തനം തന്നെ താളം തെറ്റും. ഈ ചുളിവിൽ മതവിരുദ്ധരും മറ്റും നുഴഞ്ഞുകയറും. റബ്ബിന്റെ മുന്നിലേക്കാണ് മടക്കം എന്നത് ആരും വിസ്മരിക്കരുത്.

Exit mobile version