തബ്‌ലീഗ് ജമാഅത്ത് മുബതദിഉകൾ തന്നെ

ഉസ്താദിന്റെ ഉപരി പഠനം ബാഖിയാത്തിലായിരുന്നല്ലോ. എന്നാണ് അവിടെ ചേരുന്നത്. അന്നത്തെ പ്രധാന ഉസ്താദുമാർ ആരായിരുന്നു?

ദർസിന് ശേഷം ഉപരി പഠനത്തിനായി 1964-ലാണ് ഞാൻ വേലൂരിലെ ബാഖിയാത്തിലേക്ക് പോകുന്നത്. ബാഖിയാത്തിലേക്കാണ് അക്കാലത്ത് കൂടുതൽ പേരും ബിരുദത്തിന് പോയിരുന്നത്. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസ്, ശൈഖ് ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസ്, മുസ്തഫ ആലിം സാഹിബിന്റെ തസ്വവ്വുഫ് ക്ലാസ് എന്നിവ വളരെ ശ്രദ്ധേയമായിരുന്നു. ഇവരെല്ലാമാണ് അന്നത്തെ പ്രമുഖ ഉസ്താദുമാർ.

അവരുടെ ദർസ് രീതിയെ കുറിച്ച് പറയാമോ?

നാലു മദ്ഹബിലും ആഴമേറിയ ജ്ഞാനമുള്ള മഹാപണ്ഡിതരായിരുന്നു പലരും. ശൈഖ് അബൂബക്കർ ഹസ്രത്തിന്റെ ബൈളാവീ ദർസും ഹസൻ ഹസ്രത്തിന്റെ ഹദീസ് ദർസും ലഭിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മുത്വവ്വലിലേക്ക് സെലക്ഷൻ കിട്ടിയിട്ടും മുഖ്തസർ ബാച്ചാണ് ഞാൻ തിരഞ്ഞെടുത്തത്. ആയത്തും ഹദീസുകളും ഇഴകീറിയുള്ള ചർച്ചകൾ തന്നെയായിരുന്നു ക്ലാസുകളിൽ.

ശൈഖ് ഹസൻ ഹസ്രത്തിനെ കുറിച്ച് പരാമർശിക്കുമ്പോൾ ഉസ്താദ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും. അദ്ദേഹവുമായി അത്രയേറെ അടുപ്പമായിരുന്നോ?

എനിക്കേറ്റവും പ്രിയപ്പെട്ട ഗുരുനാഥരിൽ ഒരാളാണ് ഹസൻ ഹസ്രത്ത്. അതോടൊപ്പം മൂന്ന് വർഷക്കാലം അദ്ദേഹത്തിന്റെ ഖാദിമാകാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഒരിക്കൽ ഒരു ഹദീസ് വിശദീകരിച്ച് ഹനഫീ മദ്ഹബിനെ തർജീഹാക്കി ഹസ്രത്ത് ക്ലാസെടുത്തു. അപ്പോൾ ഒരു വിദ്യാർത്ഥി പറഞ്ഞു: ഈ ക്ലാസെങ്ങാനും ശാഫിഈ ഇമാം കേട്ടിരുന്നെങ്കിൽ തന്റെ അഭിപ്രായം പിൻവലിക്കുമായിരുന്നു. ഇതറിഞ്ഞ് ഹസ്രത്ത് പറഞ്ഞു: ‘ഇമാം ശാഫിഈ(റ) ഭൂമിയിലുണ്ടായിരുന്നെങ്കിൽ എന്റെ നാവ് അനങ്ങുമായിരുന്നില്ല’. അത്രക്കു ബഹുമാനമായിരുന്നു ഇമാമുമാരോട് അദ്ദേഹത്തിന്. മാത്രമല്ല, വിദ്യാർത്ഥിക്ക് പ്രധാനമായി വേണ്ടത് അദബാണെന്നും നിന്റെ പരാമർശം ആദരവില്ലാത്തതായെന്നും പറഞ്ഞ് അയാളെ പുറത്താക്കി. ആ മുതഅല്ലിമിന്റെ വിഷമാവസ്ഥ മനസ്സിലാക്കി ഹസ്രത്തുമായി ഞാൻ സംസാരിക്കുകയും അവന് മാപ്പ് നൽകി തിരിച്ചെടുക്കുകയും ചെയ്തു. ഹസ്രത്തുമായി വളരെ അടുത്ത ബന്ധം മരണം വരെയും കാത്ത് സൂക്ഷിച്ചിട്ടുണ്ട്.

ഹസൻ ഹസ്രത്ത് അടക്കമുള്ള ഗുരുവര്യരുടെ ആദർശം എന്തായിരുന്നു. സുന്നി നിലപാടല്ലായിരുന്നു എന്ന് ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്.

അത് ശരിയല്ല. ശൈഖ് ഹസൻ ഹസ്രത്തും മുസ്തഫാ ആലിം സാഹിബും മറ്റു ഉസ്താദുമാരും സുന്നി ആദർശമുള്ളവരായിരുന്നു. സലഫീ ആദർശങ്ങളോട് കടുത്ത വെറുപ്പു പുലർത്തുന്നവരും ക്ലാസുകളിൽ അത് പഠിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സുന്നികളല്ലാത്ത ഒരാളെയും അവിടെ മുദരിസായി നിശ്ചയിച്ചിരുന്നുമില്ല. ബാംഗ്ലൂരിലുള്ള സബീലുർറശാദ് എന്ന ദേവ്ബന്ദീ സ്ഥാപനം ഉണ്ടാക്കിയത്, സലഫി ബാധയേറ്റ കാരണത്താൽ ശൈഖ് ആദം ഹസ്രത്ത് ബാഖിയാത്തിൽ നിന്നു പുറത്താക്കിയ വ്യക്തിയാണ്. ഉസ്താദുമാരുടെ ക്ലാസുകളിൽ സുന്നി ആദർശങ്ങൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ബാഖിയാത്തിന്റെ സ്ഥാപകനായ ശൈഖ് അബ്ദുൽ വഹാബ് വേലൂരി(ന.മ) കറകളഞ്ഞ സുന്നിയായിരുന്നു. മൗലിദാഘോഷം പോലെയുള്ള സുന്നീ ആചാരങ്ങളെല്ലാം നടന്നിരുന്നു. പക്ഷേ, ഇപ്പോൾ അവിടെ ദേവ്ബന്ദികളുടെ സ്വാധീനം മൂലം സുന്നത്ത് ജമാഅത്തിന്റെ പല ആചാരങ്ങളും അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്.

ദേവ്ബന്ദികളുടെ ആദർശത്തെ പറ്റി വിശദമാക്കിയാലും. എവിടെയാണ് അവർക്ക് പിഴവു പറ്റിയത്?

അഹ്‌ലുസ്സുന്നയുടെ ശരിയായ വഴിയിൽ നിന്നും വളരെ അകന്നവരാണ് ദേവ്ബന്ദികൾ. അശ്അരിയ്യത്തും മാതുരീദിയ്യത്തും സ്ഥാപിച്ച നേരായ വഴിയിൽ നിന്നും മാറി ദീനിൽ ഇല്ലാത്ത പിഴച്ച പല വിശ്വാസങ്ങളും അവർ പ്രചരിപ്പിച്ചു. ഇന്ത്യയിൽ സലഫി പ്രസ്ഥാനത്തിന്റെ തെറ്റായ വിശ്വാസങ്ങൾ ആദ്യമായി പ്രചരിപ്പിച്ചത് ഇസ്മാഈൽ ദഹ്‌ലവിയാണ്. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം വളരെ അപകടം നിറഞ്ഞതാണെന്നും പിഴച്ച വിശ്വാസമാണ് അതിലുള്ളതെന്നും അക്കാലത്തെ പണ്ഡിതർ ഒറ്റക്കെട്ടായി തീർപ്പ് പറഞ്ഞിട്ടുണ്ട്. അബുസ്സആദാത്ത് അഹ്‌മദ് കോയശ്ശാലിയാത്തി(ന.മ) തന്റെ കുതുബ്ഖാനയിലുള്ള തഖ്‌വിയത്തുൽ ഈമാനിന്റെ പുറംചട്ടയിൽ തന്നെ ഇക്കാര്യം രേഖപ്പെടുത്തിയതായി കാണാം.

ശാഹ് വലിയ്യുല്ലാഹി ദഹ്‌ലവിയുടെ പേരക്കുട്ടിയാണ് ഇദ്ദേഹമെന്നും പിതാമഹന്റെ ആദർശം തന്നെയാണ് ഇദ്ദേഹത്തിനുള്ളതെന്നും ചിലർ പ്രചരിപ്പിക്കാറുണ്ട്. എന്താണ് ഉസ്താദിന്റെ അഭിപ്രായം?

പേരക്കുട്ടിയാണെന്നത് ശരിയാണെങ്കിലും മഹാനവർകളുടെ അതേ ആദർശമാണെന്നത് തെറ്റായ പ്രചാരണമാണ്. തഖ്‌വിയത്തുൽ ഈമാൻ എന്നല്ല, തക്വിയത്തുൽ ഈമാൻ (ഈമാനിനെ കരിച്ചുകളയൽ) എന്നാണ് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തെ വിശേഷിപ്പിച്ചത്. ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(റ)യുടെ കിതാബുകളിൽ തിരിമറി നടത്തിയ വ്യക്തി കൂടിയാണ് ഈ ഇസ്മാഈൽ ദഹ്‌ലവി. ദഫ്ഉ ശർറിൽ അസീർ എന്ന ഗ്രന്ഥത്തിൽ അല്ലാമ ശാലിയാത്തി(റ) ഇക്കാര്യം വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

ഹിജ്‌റ 1240-കളിലാണല്ലോ തഖ്‌വിയത്തുൽ ഈമാൻ വിവാദമാകുന്നത്. ആ കാലഘട്ടത്തിൽ ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) ജീവിച്ചിരിപ്പുണ്ടായിരുന്നു. അദ്ദേഹം ഇതിനെ വിമർശിക്കാത്തത് ഇത് ശരിയാണെന്നത് കൊണ്ടാണെന്നാണ് അവരുടെ അവകാശവാദം?

അത് തീർത്തും കളവാണ്. ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവി(റ) രോഗബാധിതനായിരുന്നു. എന്നിട്ടും തഖ്‌വിയത്തുൽ ഈമാൻ സമൂഹത്തിലുണ്ടാക്കിയ കോലാഹലങ്ങളെ കുറിച്ച് അറിഞ്ഞ സമയത്ത് മഹാൻ പറഞ്ഞു: ബോംബെയിൽ നിന്നു വന്ന ഇസ്മാഈൽ സാഹിബിന്റെ ഗ്രന്ഥം (തഖ്‌വിയത്തുൽ ഈമാൻ) ഞാൻ വായിച്ചിട്ടുണ്ട്. അതിലുള്ള അഖീദ ശരിയല്ല. അനാദരവുകൾ കൊണ്ട് നിറക്കപ്പെട്ടതാണത്. ഞാനിപ്പോൾ രോഗിയാണ്. സുഖം പ്രാപിക്കുകയാണെങ്കിൽ അതിന് മറുപടി എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ഇക്കാര്യം അൻവാറേ ആഫ്താബേ സ്വദാഖത് 1/603-ൽ നമുക്ക് കാണാനാകും. മാത്രമല്ല, തന്റെ ശിഷ്യന്മാരെ അദ്ദേഹം ഇസ്മാഈൽ ദഹ്‌ലവിക്കെതിരെ സംവാദത്തിനയക്കുകയും ചെയ്തു.

പ്രസ്തുത സംവാദത്തെ കുറിച്ച് അൽപം വിവരിച്ചാലും.

തഖ്‌വിയത്തുൽ ഈമാൻ ഉയർത്തിവിട്ട ഫിത്‌ന വളരെ വലുതായിരുന്നു. അതിനെ എല്ലാ രീതിയിലും പ്രതിരോധിക്കാൻ ദഹ്‌ലവി കുടുംബത്തിലെ പണ്ഡിതരും ശൈഖ് അബ്ദുൽ അസീസ് ദഹ്‌ലവിയുടെ ശിഷ്യന്മാരും രംഗത്തെത്തി. ആദ്യമായി സംവാദത്തിനാണ് അവർ കളമൊരുക്കിയത്. ശൈഖ് മഖ്‌സൂസുല്ല, സഹോദരൻ ശൈഖ് മുഹമ്മദ് മൂസാ, റശീദുദ്ദീൻ ദഹ്‌ലവി, ഫള്‌ലെ ഹഖ് ഖൈറാബാദി(റ) തുടങ്ങിയവർ ഹി. 1240 റബീഉൽ ആഖിർ 19-ന് രാവിലെ ഡൽഹി പള്ളിയിലെത്തുകയും ഇസ്മാഈൽ ദഹ്‌ലവിയോടും അദ്ദേഹത്തിന്റെ സഹായിയായ അബ്ദുൽ ഹയ്യിൽ ബഠാനവിയോടും സംവാദം നടത്തി അവരെ പരാജയപ്പെടുത്തുകയുമുണ്ടായി. സത്യം തിരിച്ചറിഞ്ഞപ്പോൾ അതിൽ അകപ്പെട്ട പലരും പശ്ചാത്തപിച്ച് മടങ്ങി. ഫള്‌ലേ റസൂൽ ബദായൂനീ സൈഫുൽ ജബ്ബാർ എന്ന ഗ്രന്ഥത്തിൽ അന്നത്തെ സംഭവമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

അശ്അരിയ്യത്തിനും മാതുരീദിയ്യത്തിനും എതിരായ ഒന്നും അതിലില്ലെന്ന് ഇപ്പോൾ ഓൺലൈനിലൂടെ അവർ പ്രചരിപ്പിക്കുന്നുണ്ട്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആ കാലഘട്ടത്തിലുള്ള അഹ്‌ലുസ്സുന്നയുടെ പണ്ഡിതർ തന്നെ അതിനെതിരെ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്. അശ്അരിയ്യത്തിനോടും മാതുരീദിയ്യത്തിനോടും എതിരായ ഒന്നും അതിലില്ലെന്ന് പറയുന്നവർ ഈ രണ്ട് വിശ്വാസ സരണികളെ കുറിച്ച് കൃത്യമായ വിവരമില്ലാത്തവരാണ്. അഖീദയുടെ ഇമാമുകൾ പഠിപ്പിക്കാത്ത തൗഹീദും ശിർക്കുമാണ് തഖ്‌വിയത്തുൽ ഈമാനിൽ അവതരിപ്പിക്കുന്നത്. മുസ്‌ലിം ലോകം നിരാക്ഷേപം ചെയ്തുപോരുന്ന ഇസ്തിഗാസയുൾപ്പടെയുള്ള പുണ്യകർമങ്ങൾ അതിൽ ശിർക്കായി എണ്ണിയിരിക്കുന്നു. അവ ചെയ്യുന്നവർ അബൂജഹലിന് തുല്യരാണെന്നും പ്രഖ്യാപിക്കുന്നു. അങ്ങനെ ഖവാരിജുകൾ മുതൽ നടപ്പുള്ള മുസ്‌ലിംകളെ കാഫിറാക്കൽ വിനോദം ഇസ്മാഈൽ ദഹ്‌ലവിയുടെ ഗ്രന്ഥങ്ങളിൽ ധാരാളം കാണാനാവും.

സത്യത്തിൽ ഇസ്മാഈൽ ദഹ്‌ലവി ആരായിരുന്നു?

ലോകം മുഴുവൻ നാശം വിതച്ച സലഫിസത്തെ ഇന്ത്യയിൽ നട്ടുവളർത്തിയത് ഇസ്മാഈൽ ദഹ്‌ലവിയാണ്. പഴയ മുൻജിദിലും സലഫി പ്രസ്ഥാനത്തിന്റെ മുഴുവൻ ചരിത്ര ഗ്രന്ഥങ്ങളിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്മാഈൽ ദഹ്‌ലവിക്ക് ശേഷമല്ലേ ദേവ്ബന്ദ് അകാബിറുകൾ എന്ന് അവർ വിശേഷിപ്പിക്കാറുള്ള ഖാസിം നാനൂതവി, റശീദ് അഹ്‌മദ് ഗംഗോഹി, ഖലീൽ അഹ്‌മദ് സഹാറൻപൂരി, അശ്‌റഫ് അലി ഥാനവി തുടങ്ങിയവരൊക്കെ വരുന്നത്. ഇസ്മാഈൽ ദഹ്‌ലവിയുടെ പിഴച്ച വാദങ്ങൾ ഇവർക്കുമുണ്ടായിരുന്നോ?

അതേ, ഇവരെല്ലാം ഇസ്മാഈൽ ദഹ്‌ലവിയുടെ ആദർശങ്ങൾ മുറുകെ പിടിച്ച് ജീവിക്കുകയും ജനങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഉദാഹരണത്തിന്, ഖുതുബുൽ ഇർശാദ് എന്ന് അവർ വിശേഷിപ്പിക്കാറുള്ള റശീദ് അഹ്‌മദ് ഗംഗോഹി ഫതാവാ റശീദിയ്യയിൽ രേഖപ്പെടുത്തയത് ഇപ്രകാരമാണ്: ഇസ്മാഈൽ ദഹ്‌ലവി ആലിമും മുത്തഖിയും ബിദ്അത്തുകളെ പിഴുതെറിഞ്ഞവരും സുന്നത്തിനെ നടപ്പിലാക്കിയവരും ഖുർആനും സുന്നത്തുമനുസരിച്ച് ജീവിച്ചവരും അല്ലാഹുവിന്റെ സൃഷ്ടികൾക്ക് ഹിദായത്ത് നൽകിയവരുമായിരുന്നു. അദ്ദേഹത്തിന്റെ തഖ്‌വിയത്തുൽ ഈമാൻ എന്ന ഗ്രന്ഥം അങ്ങേയറ്റം അവലംബമാണ്. ശിർക്ക്-ബിദ്അത്തുകൾക്കെതിരെ മറുപടിയില്ലാത്ത വിധം ഖണ്ഡനമാണ്. അതിനെ സൂക്ഷിക്കലും പഠിക്കലും അതനുസരിച്ച് ജീവിക്കലുമാണ് ഇസ്‌ലാം. അതിന് പ്രതിഫലം നിർബന്ധമാണ്. ഇതിനെ കുറിച്ച് മോശം പറയുന്നവൻ തെമ്മാടിയും പുത്തൻവാദിയുമാണ്. വലിയ വലിയ പണ്ഡിതർ ഇതിനെ ഇഷ്ടപ്പെടുകയും ഇതിനെ കുറ്റം പറയുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് പറഞ്ഞിട്ടുമുണ്ട് (ഫതാവാ റശീദിയ്യ പേ. 219,220). ദേവ്ബന്ദികളുടെ നേതാവിന്റെ വരികളാണിത്. ഇന്നുവരെ ദേവ്ബന്ദികളാരെങ്കിലും തഖ്‌വിയത്തുൽ ഈമാൻ തെറ്റാണെന്ന് പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ?

ദേവ്ബന്ദികളുടെ വികല വാദങ്ങളിൽ അതീവ ഗൗരവമുള്ളതായി ഉസ്താദ് നിരീക്ഷിക്കുന്നത് ഏതെല്ലാം കാര്യങ്ങളാണ്?

മുഅ്മിനുകളെ വളരെ വേദനിപ്പിക്കുന്ന പല കാര്യങ്ങളും അവർ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അവമതിക്കുന്ന പ്രയോഗങ്ങൾ അവർ നടത്തി. അതിനെതിരെ പണ്ഡിത ശബ്ദങ്ങളുയർന്നപ്പോൾ അവ പിൻവലിക്കുന്നതിന് പകരം ദുർവ്യാഖ്യാനിക്കുകയാണ് അവർ ചെയ്തത്.

അൽപം വിശദീകരിച്ചാൽ…

അല്ലാഹുവുമായി ബന്ധപ്പെട്ട് അവർ നടത്തിയ തരംതാണ ചർച്ച ഫതാവാ റശീദിയ്യയിൽ നമുക്ക് കാണാം. അല്ലാഹുവിന് കളവ് പറയൽ സാധ്യമാണോ എന്ന ചോദ്യത്തിന് സാധ്യമാണെന്നായിരുന്നു ഗംഗോഹിയുടെ മറുപടി. വിമർശനമുയർന്നപ്പോൾ അതിന് ദുർവ്യാഖ്യാനത്തിലൂടെ ‘തെളിവ്’ നിരത്തുകയും ചെയ്യുന്നു. ലോകത്ത് പ്രാമാണികരായ ഒരു ഇമാമും പറയാത്തതാണിത്. ഈ ചർച്ചയിലൂടെ പൊതുസമൂഹത്തിന് എന്ത് ഉപകാരമാണ് ലഭിക്കുന്നത്? ഇന്ന് ചില മതവിരോധികൾ ഇതെടുത്തുകാട്ടി അല്ലാഹുവിനെ പരിഹസിക്കുന്നത് കാണുമ്പോൾ വലിയ വേദന തോന്നുന്നു.

തിരുനബി(സ്വ)യുടെ മഹത്ത്വത്തിനെതിരായ പല സംഭവങ്ങളും ദേവ്ബന്ദ് നേതാക്കളുടെ ഗ്രന്ഥങ്ങളിലുള്ളതായി കേട്ടിട്ടുണ്ട്. എന്നാൽ തങ്ങളൊക്കെ വലിയ ആശിഖുകളാണെന്നാണ് അവരുടെ വാദം?

അല്ലാഹുവിനെ ആക്ഷേപിച്ചവർക്ക് തിരുനബി(സ്വ)യെ അവഹേളിക്കുന്നതിൽ പ്രത്യേകിച്ച് സങ്കോചമൊന്നും വേണ്ടതില്ലല്ലോ. മാത്രമല്ല, ഒരു സൂചിപ്പഴുത് കിട്ടിയാൽ അത് പോലും റസൂൽ(സ്വ)യെ നിസ്സാരവത്കരിക്കാൻ ഉപയോഗപ്പെടുത്തിയിട്ടേയുള്ളൂ ദയൂബന്ദികൾ. കിട്ടുന്ന സമയത്തൊക്കെ നബി(സ്വ)യുടെ ജലാലിയ്യത്തിനും മഹത്ത്വത്തിനുമെതിരെ സംസാരിക്കുന്നവർക്കാണോ ആശിഖുകൾ എന്ന് പറയുക.
ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബറാഹീനേ ഖാതിഅ എന്ന ഗ്രന്ഥത്തിൽ തിരുനബി(സ്വ)ക്ക് വിശാലമായ ജ്ഞാനമുണ്ടോ എന്ന ചർച്ചയിൽ പറയുന്നത് നോക്കൂ: ‘പിശാചിനും മലക്കുൽ മൗത്തിനും വിശാലമായ ജ്ഞാനമുണ്ടെന്നത് ഖണ്ഡിതമായ രേഖകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്. എന്നാൽ നബി(സ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതിന് അപ്രകാരം രേഖയില്ല. അതിനാൽ അങ്ങനെ വിശ്വസിക്കൽ ശിർക്കായിത്തീരും.’ എന്ത് മാത്രം വിവരക്കേടാണ് ഈ പറയുന്നത്? പിശാചിന് വിശാലമായ ജ്ഞാനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്കല്ല. നബി(സ്വ)ക്ക് അതുണ്ടെന്ന് വിശ്വസിക്കൽ ശിർക്കും! ഇങ്ങനെ പ്രവാചകരുടെ ജലാലിയ്യത്തിനും ജമാലിയ്യത്തിനുമെതിരായി സംസാരിക്കൽ ഇവരുടെ വിനോദമാണ്.

റശീദ് അഹ്‌മദ് ഗംഗോഹിയും തിരുനബി(സ്വ)യെ നിന്ദിക്കുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ?

അതേ. അല്ലാഹു നബി(സ്വ)ക്ക് നൽകിയിട്ടുള്ള പ്രത്യേകതയാണ് റഹ്‌മത്തുൻ ലിൽ ആലമീൻ എന്നത്. അത് പ്രവാചകർ(സ്വ)ക്ക് മാത്രമല്ല എന്ന വാദവുമായാണ് ഗംഗോഹി ഒരിക്കൽ രംഗത്തു വന്നത്. ഞങ്ങൾക്ക് വേറെയും റഹ്‌മത്തുൻ ലിൽ ആലമീൻ ഉണ്ടെന്നാണ് ദേവ്ബന്ദി നേതാവിന്റെ നിലപാട്. തീർത്തും പ്രമാണവിരുദ്ധവും ഖുർആനിന്റെ പ്രഖ്യാപനത്തിന് എതിരുമാണിത്.

അവർ മറ്റാരെയെങ്കിലും റഹ്‌മത്തുൻ ലിൽ ആലമീൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടോ?

ഉണ്ട്. തങ്ങളുടെ ശൈഖായി അവർ പരിചയപ്പെടുത്താറുള്ള ഇംദാദുല്ലാഹ് മുഹാജിർ മക്കീ(റ)ക്ക് അത്തരം പേര് ചാർത്തിയിട്ടുണ്ട്. ശൈഖ് സുന്നി അഖീദയിലായി ജീവിച്ചയാളാണ്. എന്നാൽ ഗംഗോഹി അടക്കമുള്ള ഒരു വിഭാഗം പുത്തൻവാദികളായി മാറി. അതിന് ശേഷമാണ് ഇത്തരം നീച പരാമർശങ്ങൾ വരുന്നത്. ശൈഖ് അതിന് ഉത്തരവാദിയല്ല. ധാരാളം സ്ഥലങ്ങളിൽ ഇതു പോലെ നബി(സ്വ)യെ അവഹേളിച്ചത് നമുക്ക് കാണാനാവും.
അശ്‌റഫലി ഥാനവിക്ക് ഹിഫ്‌ളുൽ ഈമാൻ എന്നൊരു കൃതിയുണ്ട്. തിരുനബി(സ്വ)യുടെ അദൃശ്യ ജ്ഞാനത്തെ ചോദ്യം ചെയ്ത് അദ്ദേഹം എഴുതുന്നു: ‘നബി(സ്വ)ക്ക് എല്ലാ ജ്ഞാനവും നൽകപ്പെട്ടു എന്നാണെങ്കിൽ അത് അല്ലാഹുവിനോട് തുല്യമാക്കലാണ്. അതല്ല, കുറച്ചു നൽകപ്പെട്ടു എന്നാണെങ്കിൽ അത് സൈദിനും അംറിനും ഭ്രാന്തനും കുട്ടിക്കും മൃഗങ്ങൾക്കും എല്ലാം ഇല്ലേ. അതിൽ നബി(സ്വ)ക്ക് മാത്രമായിട്ടെന്താണ് പ്രത്യേകത.’ എത്ര ഗുരുതരമാണ് ഈ വരികൾ. ഇതിനെ കുറിച്ച് അദ്ദേഹത്തോട് വിശദീകരണം ചോദിച്ചപ്പോൾ ബസ്തുൽ ബനാൻ എന്നൊരു കൃതി തയ്യാറാക്കുകയാണ് ചെയ്തത്. താൻ പറഞ്ഞത് അബദ്ധമാണെന്ന് സമ്മതിക്കുന്നതിന് പകരം അതിനെ ന്യായീകരിക്കാനായിരുന്നു ശ്രമം. ഇന്നും ദേവ്ബന്ദികൾക്ക് തലവേദനയാണ് പ്രസ്തുത വരികൾ. അതുകൊണ്ട് തന്നെ വിശദീകരണവുമായി പിൽകാലക്കാരും രംഗത്തു വന്നു. പരസ്പരം കാഫിറാക്കലിലാണ് അത് കലാശിച്ചത്.

അതെങ്ങനെ?

ഥാനവിയുടെ പ്രയോഗത്തിൽ ഐസാ എന്നൊരു പദമുണ്ട്. അതിന് സാദ്യശ്യപ്പെടുത്തിക്കൊണ്ടുള്ള അർത്ഥ കൽപ്പന നൽകരുത്. അപ്പോൾ കുട്ടികളോടും ഭ്രാന്തന്മാരോടുമൊക്കെ തുലനപ്പെടുത്തുന്നതിനാൽ കാഫിറായിത്തീരും. അതുകൊണ്ട് ഇത്ര എന്ന അർത്ഥമേ നൽകാവൂ എന്നാണ് മൻസൂർ നുഅ്മാനിയുടെ വിശദീകരണം. ഹുസൈൻ അഹ്‌മദ് മദനീ പറയുന്നത് ഇത്ര എന്ന അർത്ഥം നൽകിയാലാണ് കാഫിറാവുക. അതുകൊണ്ട് ഇവിടെ സാദൃശ്യപ്പെടുത്താനുള്ള ‘പോലെ’ എന്ന അർത്ഥം മാത്രമേ വെക്കാവൂ. അല്ലെങ്കിൽ കാഫിറായിപ്പോകും. ചുരുക്കത്തിൽ ഏത് അർത്ഥം വെച്ചാലും കാഫിറാകുമെന്ന് അവർതന്നെ സമ്മതിക്കുന്നേടത്തേക്ക് കാര്യങ്ങളെത്തി.

റസൂൽ(സ്വ)ക്ക് വിശാലമായ ജ്ഞാനം ഉണ്ടെന്നതാണോ അഹ്‌ലുസ്സുന്നയുടെ വിശ്വാസം? അല്ലാഹുവിന് വിശാലമായ ജ്ഞാനം ഉണ്ടല്ലോ. അപ്പോൾ അങ്ങനെ വിശ്വസിക്കുന്നത് ശിർക്കാകില്ലേ?

ഈ രണ്ട് വിശ്വാസങ്ങളും ഒരേ അനുപാതത്തിലല്ല. വലിയ വ്യത്യാസമുണ്ട്. അല്ലാഹുവിന്റെ അറിവ് സ്വന്തമാണ്. നബി(സ്വ)യുടേത് നൽകപ്പെട്ടതാണ്. അല്ലാഹുവിന്റെ ഇൽമ് ഗൈറു മുതനാഹിൻ ബിൽ ഫിഅ്ൽ, അസലിയ്യ്, ഖദീം തുടങ്ങി ധാരാളം വിശേഷണങ്ങളുള്ളതാണ്. ഇതൊന്നും സൃഷ്ടികളുടെ അറിവുകൾക്കില്ല. അതിനാൽ ശിർക്ക് വരുന്നില്ല. അല്ലെങ്കിലും കാര്യങ്ങളുടെ മർമം മനസ്സിലാക്കാതെ എടുത്തു ചാടുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളെ ശരിയെന്ന് ധരിച്ച് മറ്റുള്ളവരുടെ മേൽ ശിർക്കാരോപണം നടത്തുന്നത്. ദേവ്ബന്ദികളുടെ അടിസ്ഥാന പ്രശ്‌നം അവർ അല്ലാഹുവിനെയും തിരുനബി(സ്വ)യെയും നിസ്സാരവത്കരിക്കുന്നു എന്നതാണ്. ഇത് പൗരാണികരിൽ മാത്രമല്ല, ആധുനികരിലുമുണ്ട്. എനിക്ക് നേരിട്ട് തന്നെ അതനുഭവപ്പെട്ടിട്ടുണ്ട്.

അതെന്തായിരുന്നു?
ഒരിക്കൽ അന്താരാഷ്ട്ര മീലാദ് കോൺ ഫ്രൻസിന് ഇന്ത്യൻ പ്രതിനിധിയായി ഈജിപ്തിലേക്ക് ക്ഷണിക്കപ്പെടുകയും അതിൽ സംബന്ധിക്കുകയും ചെയ്തു. മൗലിദ് വിരോധികളായ ദേവ്ബന്ദികൾ വലിയ പണ്ഡിതനായി പരിചയപ്പെടുത്താറുള്ള അൻളർ കശ്മീരിയും അതിൽ സംബന്ധിച്ചിരുന്നു. വഹ്‌യ് നിലച്ച സമയത്ത് മനോവേദനയാൽ നബി(സ്വ) ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തോന്നിപ്പിക്കുന്ന ഹദീസിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തിന്റെ മറുപടി ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അതിനൊരു നല്ല വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, അങ്ങനെ സംഭവിച്ചത് നബി(സ്വ)ക്ക് വിവരമില്ലാത്തത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുമാത്രം വിവരക്കേടാണിത്?

ഈ ഹദീസിനെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഇത് ആലങ്കാരിക പ്രയോഗമാണ്. ബാഹ്യാർത്ഥത്തിലല്ല ഇതിനെ മനസ്സിലാക്കേണ്ടത്. വഹ്‌യ് ഇടക്ക് നിന്നുപോയപ്പോൾ അത് ലഭിക്കാൻ വേണ്ടി അവിടന്ന് എത്രമാത്രം കൊതിച്ചു എന്നത് അടയാളപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ് ഈ ഹദീസിലുള്ളത്. ഇക്കാര്യം ഇമാമീങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നിട്ടും അതിനെയെല്ലാം മറികടന്ന് നബി(സ്വ)യെ അവമതിക്കുന്ന ദുർവ്യാഖ്യാനമാണ് അൻളർ ശാഹ് കാശ്മീരി നടത്തിയത്. ഇത് തന്നെയാകുമല്ലോ അവർ അനുയായികളെ പഠിപ്പിക്കുന്നതും.

ദേവ്ബന്ദികളെ കുറിച്ച് നമ്മുടെ നിലപാട് ഒറ്റവാക്കിൽ പറഞ്ഞാൽ…

അവർ പുത്തൻവാദികളാണ്. അതിലാർക്കും സംശയമില്ല.

പക്ഷേ, അവർ കാഫിറാണെന്നാണ് അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ) അടക്കമുള്ള പല പണ്ഡിതരും ഫത്‌വ നൽകിയിട്ടുള്ളത്?

അല്ലാമ അഹ്‌മദ് രിളാഖാൻ ബറേലവി(റ) ഇന്ത്യയിൽ തുല്യതയില്ലാത്ത മഹാപണ്ഡിതനാണ്. ആയിരക്കണക്കിന് രചനകളുള്ളവരാണ്. ഇന്ത്യയിൽ അഹ്‌ലുസ്സുന്നക്ക് അദ്ദേഹം സമർപ്പിച്ച സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹത്തിന് മുമ്പോ ശേഷമോ അദ്ദേഹത്തെ പോലെ ഒരാളെ ഇന്ത്യൻ ചരിത്രത്തിൽ കാണാനാകില്ല. ഖാദിയാനിസം, ശീഇസം, സലഫിസം ഉൾപ്പടെ മുഴുവൻ ബിദ്അത്തുകാർക്കെതിരെയും അദ്ദേഹം ഖണ്ഡനം നടത്തിയിട്ടുണ്ട്. അതിൽ ദേവ്ബന്ദീ അകാബിറുകൾ എന്ന് അവർ വിശേഷണം ചാർത്തിയവർ കുഫ്‌രിയ്യത്താകുന്ന പല പ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതർ അത്തരക്കാരെ പറ്റി കുഫ്‌റ് കൊണ്ട് ഫത്‌വ നൽകിയത്. ഖാസിം നാനൂതവിയുടെ തഹ്ദീറുന്നാസിൽ റസൂൽ(സ്വ)ക്ക് ശേഷം മറ്റൊരു നബി വരാനുള്ള സാധ്യത സമ്മതിച്ചാൽ പോലും തിരുനബി(സ്വ)യുടെ ഖാതമിയ്യത്തിന് ഒരു പോറലു മേൽക്കില്ലെന്ന് എഴുതിയിട്ടുണ്ട്. ഖാദിയാനികൾ ഈ ഗ്രന്ഥം അവർക്ക് അനുകൂല തെളിവായി ഉദ്ധരിക്കുന്നുമുണ്ട്. എത്ര അപകടം പിടിച്ച വാക്കുകളാണിത്!

ഖാദിയാനികൾ കാഫിറാണെന്ന് സമർത്ഥിച്ചുകൊണ്ട് ഉസ്താദ് അൽബറാഹീനുൽ ഖത്ഇയ്യ ഫിർറദ്ദി അലൽ ഖാദിയാനിയ്യ എന്ന കിതാബ് രചിച്ചിട്ടുണ്ടല്ലോ. അതേ വാദമുള്ള ദേവ്ബന്ദികളെ എന്തുകൊണ്ടാണ് കുഫ്‌റ് കൊണ്ട് വിധിക്കാത്തത്?

ഇമാം ഇബ്‌നു ഹജരിൽ ഹൈതമി(റ) തുഹ്ഫയിൽ പറഞ്ഞതായി കാണാം: നബി(സ്വ)യുടെ നുബുവ്വത്തിന് ശേഷം ഒരു നബിയുണ്ടാകാമെന്ന് ആരെങ്കിലും സമ്മതിച്ച് കൊടുത്താൽ അവൻ മുർതദ്ദായി പോകും. ഇതനുസരിച്ച്, ദേവ്ബന്ദികൾ അപ്രകാരമാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അവരെ പറ്റി രിദ്ദത്ത് കൊണ്ടും കുഫ്‌റ് കൊണ്ടും വിധിക്കേണ്ടതാണ്. അപ്രകാരം ഉദ്ദേശ്യമില്ലെന്നും മറ്റൊരു പ്രവാചകന്റെ സാധ്യത പോലും ഇല്ലെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുന്നപക്ഷം കുഫ്‌റ് കൊണ്ട് വിധിക്കാവുന്നതുമല്ല. തഹ്ദീറുന്നാസിലെ വരികൾ വളരെ അപകടം പിടിച്ചതാണ്. അത് തള്ളിക്കളയേണ്ടതാണ്. ദുർവ്യാഖ്യാനിച്ച് ഒപ്പിക്കേണ്ടതല്ല. അതേസമയം മറ്റൊരു പ്രവാചകന്റെ സാധ്യതയെപോലും അംഗീകരിക്കുന്നില്ലെങ്കിൽ ഇക്കാരണത്താൽ അവർക്കെതിരെ കുഫ്‌റിന്റെ ഫത്‌വ പുറപ്പെടുവിക്കേണ്ടതുമില്ല. എന്നാൽ ഖാദിയാനികൾ മറ്റൊരു നബി വരുമെന്ന കാര്യം സമ്മതിക്കുന്നുവെന്ന് മാത്രമല്ല, അങ്ങനെയൊരു നബി വന്നിട്ടുണ്ടെന്ന് വാദിക്കുന്നവരുമാണ്. അതിനാൽ അവർ കുഫ്‌റ് കൊണ്ട് വിധിക്കപ്പെടേണ്ടവർ തന്നെയാണ്.

ദേവ്ബന്ദികളെ വെള്ളപൂശാനുള്ള സംഘമായി പ്രവർത്തിക്കുന്നത് തബ്‌ലീഗ് ജമാഅത്തുകാരാണ്. തബ്‌ലീഗുകാർ എന്ന പേരിലാണല്ലോ ഇവിടെ അവരറിയപ്പെടുന്നത്. കേരളത്തിൽ തബ്‌ലീഗ് തലപൊക്കിയപ്പോൾ സമസ്തയുടെ നിലപാട് എന്തായിരുന്നു?

തബ്‌ലീഗ് ജമാഅത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത് 1960-കളിലാണ്. തുടക്കത്തിൽ തന്നെ അതിൽ ചില ദുരൂഹതകളുണ്ടായിരുന്നു. കേരളത്തിലെ അവരുടെ പ്രഥമ അമീറായിരുന്ന കാഞ്ഞാർ മൂസ മൗലവിയോട് ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ(ന.മ) പറഞ്ഞ കാര്യങ്ങൾ സമസ്തയുടെ അറുപതാം വാർഷിക സുവനീറിൽ വ്യക്തമായി കാണാം: അഹമ്മദ് ഹാജിയും കോയട്ടി ഹാജിയും ഖുതുബിയുടെ പരിചയക്കാരാണ്. മറ്റൊരാൾ ആരാണെന്ന് അവിടുന്ന് ചോദിച്ചതിന് തബ്‌ലീഗ് നേതാവ് കാഞ്ഞാർ മൂസ മൗലവിയാണെന്ന് കോയട്ടി ഹാജി പരിചയപ്പെടുത്തി. ഉടനെ ഗൗരവമാർന്ന മുഖഭാവത്തോടെ മൂസ മൗലവിയോടായി, തബ്‌ലീഗോ? നീ എന്തെല്ലാം കിതാബുകൾ ഓതിയിട്ടുണ്ട് എന്ന് മൗലാന ചോദിച്ചു. ഞാൻ കിതാബുകളൊന്നും ഓതിയിട്ടില്ല എന്ന പതിഞ്ഞ സ്വരത്തിൽ മൂസ മൗലവിയുടെ മറുപടി ഖുതുബിയെ രോഷാകുലനാക്കി. കിതാബുകളൊന്നും ഓതാത്ത നീയാണോ ദീനിന്റെ തബ്‌ലീഗ് നടത്തുന്നത്? അതിനെന്താ നിനക്കധികാരം? തബ്‌ലീഗ് അമ്പിയാക്കളുടെ സ്വിഫത്താണ്. ജാഹിലായ നീയാണോ തബ്‌ലീഗുമായി നടക്കുന്നത്? ഇത് ദീനിന്റെ തബ്‌ലീഗല്ല, ശൈത്വാന്റെ തബ്‌ലീഗാണ്. ഇവനോടൊപ്പമാണോ നിങ്ങൾ രണ്ടുപേരും നടക്കുന്നത് എന്ന് ഹാജിമാരോടായി മൂപ്പർ ചോദിച്ചു. ഉടനെ ഞാൻ ഇവരോടൊപ്പം പോകാറില്ല, കോയട്ടി ഹാജി ചിലപ്പോൾ പോകാറുണ്ട്. എന്നെ ഇന്ന് ക്ഷണിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് കൂട്ടി വന്നതാണ് എന്ന് അഹമ്മദ് ഹാജി ഒരുവിധം പറഞ്ഞൊപ്പിച്ചു. അതിനെ സൂക്ഷിക്കണം. എന്തെങ്കിലും പേരുപറഞ്ഞ് പല ശൈത്വാന്മാരും വരും. വിവരമുള്ള ആലിമീങ്ങളോട് ചോദിക്കാതെ അതിലൊന്നും ചെന്ന് പെടരുത് എന്ന അർത്ഥ ഗർഭമായ ഒരു ഉപദേശത്തോടെ അവരെ തിരിച്ചയച്ചു. അതോടെ കോയട്ടി ഹാജി തബ്‌ലീഗ് കൈവെടിയുകയും ചെയ്തു (സമസ്ത: 60-ാം വാർഷിക സ്മരണിക പേ. 102,103).
തബ്‌ലീഗ് ജമാഅത്തിനെ അകക്കണ്ണ് കൊണ്ട് കാണുകയായിരുന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാർ. പിന്നീട് ഖുത്ബി അവർകൾ സമസ്തയിലേക്ക് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സമസ്ത ഇവരുടെ ആശയങ്ങൾ പഠിക്കാൻ ഒരു ഉപസമിതിയെ തിരഞ്ഞെടുത്തതും അവർ സമർപ്പിച്ച വിശദമായ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി തബ്‌ലീഗുകാർ ബിദ്അത്തുകാരാണെന്ന വിധി പുറപ്പെടുവിച്ചതും.

തബ്‌ലീഗുകാരുടെ പുസ്തകങ്ങൾ ഉർദുവിലാണെന്നും എന്നാൽ ഉർദു അറിയാത്തവരാണ് ആ സമിതിയിലുണ്ടായിരുന്നവരെന്നുമാണ് ഇപ്പോൾ അവർ കാര്യമായി പ്രചരിപ്പിക്കുന്നത്. ഭാഷയറിയാതെ, തങ്ങളുടെ ഗ്രന്ഥങ്ങൾ പഠിക്കാതെ തെറ്റായ റിപ്പോർട്ടാണ് സമസ്തക്ക് അവർ കൊടുത്തതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഫത്‌വ പുറപ്പെടുവിച്ചതെന്നുമാണ് വാദം. അത് ശരിയാണോ?

സമസ്ത നിയോഗിച്ച സമിതിയിലെ ഒരാൾക്കും ഉർദു അറിയില്ലായിരുന്നുവെന്നാണ് ഇത് കേട്ടാൽ തോന്നിപ്പോവുക. അതൊരിക്കലും ശരിയല്ല. അവരുടെ പുസ്തകങ്ങളിലെ പിഴച്ച ആശയങ്ങൾ കണ്ടെത്തിത്തന്നെയാണ് ആ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. തെറ്റായ വിശ്വാസങ്ങൾ തള്ളിക്കളയുന്നതിന് പകരം ദുർവ്യാഖ്യാനിച്ച് നന്നാക്കാനാണ് തബ്‌ലീഗുകാർ ശ്രമിച്ചത്. അതൊരിക്കലും ശരിയല്ല. മറ്റൊരു കാര്യം കൂടി ഇതിനോട് ചേർത്തു പറയാം. ഇന്ന് ഉർദു അറിയുന്നവർ ധാരാളമില്ലേ. സമസ്ത അന്ന് പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അവരുടെ ഗ്രന്ഥങ്ങളിൽ ഇല്ലെന്ന് ആർക്കെങ്കിലും തെളിയിക്കാനായോ? ഇല്ല. പ്രസ്തുത സമിതി പറഞ്ഞതെല്ലാം അവരിലുണ്ട്. അതിനപ്പുറവും ഉണ്ട്.

സമസ്ത തബ്‌ലീഗിനെതിരെ തീരുമാനമെടുത്തപ്പോൾ ഉസ്താദിന്റെ പ്രിയ ഗുരു നാഥൻ ശൈഖ് ഹസൻ ഹസ്രത്ത് അതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സമസ്തക്ക് പകരം മറ്റൊരു സംഘടനയുണ്ടാക്കിയെന്നും അതിന്റെ പ്രവർത്തകനായി താങ്കളും ഉണ്ടായിരുന്നുവെന്നും ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്താണ് വസ്തവം?

ശൈഖ് ഹസൻ ഹസ്രത്ത് ദീർഘകാലം പഠനം നടത്തിയത് ദേവ്ബന്ദിലായിരുന്നു. ഹുസൈൻ അഹ്‌മദ് മദീനി അടക്കമുള്ളവർ അദ്ദേഹത്തിന്റെ ഉസ്താദുമാരാണ്. പക്ഷേ, ഉസ്താദുമാരിൽ നിന്നും ഉണ്ടാകുന്ന തെറ്റിദ്ധാരണാപരമായ വാക്കുകളെ ന്യായീകരിക്കുന്ന രീതിയാണ് അവർ സ്വീകരിച്ചത്. അതിനാൽ സമസ്തയുടെ മേൽ പറഞ്ഞ സുപ്രധാന തീരുമാനത്തിൽ ബഹുമാനപ്പെട്ടവർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. ‘അഖില’യുടെ രൂപീകരണത്തിന് എന്നെയും ക്ഷണിച്ചിരുന്നു. രൂപീകരണ മീറ്റിംഗിൽ പങ്കെടുത്തതിലപ്പുറം അതിന്റെ പ്രവർത്തകനായോ മറ്റോ ഞാനുണ്ടായിരുന്നില്ല. മാത്രമല്ല, സമസ്തയുണ്ടായിരിക്കേ ഇത്തരമൊരു സംഘനയുടെ ആവശ്യമില്ലെന്നും അത് വിജയിക്കുകയില്ലെന്നുമുള്ള എന്റെ അഭിപ്രായം ഹസ്രത്തിനോട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റു പ്രചാരണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. അതിനെല്ലാം അക്കാലത്തേ മറുപടി നൽകിയതുമാണ്.

ശൈഖ് ഹസൻ ഹസ്രത്തിനെ അങ്ങേയറ്റം ഇപ്പോഴും ശൈഖുന ഇഷ്ടം വെക്കുന്നുണ്ടല്ലോ. അദ്ദേഹത്തോട് ദേവ്ബന്ദികളെ കുറിച്ച് എന്തെങ്കിലും സംസാരിച്ചിരുന്നോ?

തീർച്ചയായും. അവർ ഉന്നയിച്ചിട്ടുള്ള പല കാര്യങ്ങളും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. തബ്‌ലീഗിനോട് ഒരിക്കലും അദ്ദേഹത്തിന് യോജിപ്പില്ല. തന്റെ ഉസ്താദുമാരുടെ കാര്യത്തിൽ മാത്രമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. സലഫിസത്തോട് അതിശക്തമായ വിയോജിപ്പുള്ള ഹസ്രത്ത് അവർകളെ തന്റെ ഉസ്താദുമാരിൽ പലരെയും സലഫിസം സ്വാധീനിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഞാനും മർഹൂം എംഎ ഉസ്താദും മറ്റും ശ്രമിച്ചിരുന്നു. കുറഞ്ഞ കാലം കൂടി ഹസ്രത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം ആ നിലപാടുകളിൽ നിന്ന് പരസ്യമായി തന്നെ പിന്മാറുന്നത് നമുക്ക് കാണാനും കഴിയുമായിരുന്നു.

ശൈഖ് ഹസൻ ഹസ്രത്തിന്റെ അതേ നിലപാട് സ്വീകരിച്ച് ദേവ്ബന്ദി നേതാക്കളുടെ വാക്കുകൾ നമുക്കും വ്യാഖ്യാനിച്ചു കൂടേ?

പറ്റില്ല. ഒരു ന്യായീകരത്തിനും പഴുതില്ലാത്ത വിധം അവരിലെ ബിദ്അത്ത് വെളിവായിട്ടുണ്ട്. അത് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്നതാണ് പണ്ഡിത ദൗത്യം. അതു ചെയ്യാതിരുന്നാൽ അതിന്റെ മറവിലൂടെ പുത്തൻവാദം സമൂഹത്തിൽ കയറിപ്പറ്റുന്നത് നിയന്ത്രിക്കാൻ കഴിയാതെവരും.

ശൈഖ് ഹസൻ ഹസ്രത്തടക്കം കേരളത്തിലുള്ള പല പണ്ഡിതരുടെയും ഹദീസ് നിവേദക പരമ്പര നേരത്തെ നാം പറഞ്ഞ ദേവ്ബന്ദികളിലൂടെ കടന്നുപോകുന്നതാണല്ലോ? ഇത്തരം ബിദ്അത്തുകാരിൽ നിന്ന് ഹദീസ് സ്വീകരിക്കാമോ?

മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കെല്ലാം നമ്മുടെ ഗുരുപരമ്പര രേഖപ്പെടുത്തിയ ഫൈളാനുൽ മുസൽസല എന്ന കിതാബ് നൽകാറുണ്ട്. അതിൽ ഇത്തരക്കാരായ ഒരു മുബ്തദിഇനെയും ഞാൻ ഉദ്ധരിച്ചിട്ടില്ല. ഉദ്ധരിക്കേണ്ടതുമില്ല. കാരണം അവർ പുത്തനാശയത്തെ ശക്തിപ്പെടുത്തുന്നവരാണ്. ബിദ്അത്തുകാരിൽ നിന്നും ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ പണ്ഡിതർ ധാരാളം ചർച്ച നടത്തിയിട്ടുണ്ട്. ബിദ്അത്ത് കടത്തിക്കൂട്ടുന്നവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്നാണ് പണ്ഡിത നിലപാട്. അതിൽ നാം ഉറച്ച് നിൽക്കുന്നു.

പക്ഷേ, കഴിഞ്ഞുപോയ ചില കേരളീയ പണ്ഡിതർ അവരുടെ ഗുരുപരമ്പര വിശദീകരിക്കുമ്പോൾ അതിൽ ദേവ്ബന്ദികളെ പരാമർശിക്കുന്നുണ്ടല്ലോ?

ശരിയാണ്. കേരളത്തിലെ സമുന്നതരായ ചില പണ്ഡിതന്മാർ അവരുടെ ഗുരുപരമ്പരകൾ പറയുമ്പോൾ അതിൽ ദേവ്ബന്ദികളെയും പരാമർശിക്കാറുണ്ട്. അതോടൊപ്പം ഈ പണ്ഡിതന്മാരെല്ലാം തബ്‌ലീഗിനെതിരെയുള്ള സമസ്തയുടെ തീരുമാനം നൂറു ശതമാനവും അംഗീകരിക്കുന്നവരുമായിരുന്നു. അപ്പോൾ അവരിൽ നിന്നും ഇത് സംഭവിച്ചതിന് രണ്ട് സാധ്യതകളുണ്ട്. ഒന്ന്, അവർ ഉദ്ധരിച്ചിട്ടുള്ള ഗുരുനാഥർക്ക് ബിദ്അത്തിന്റെ ആശയമുണ്ടെന്ന് ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. രണ്ട്, ഒരു ചരിത്രം എന്ന നിലക്ക് മാത്രം പരമ്പര രേഖപ്പെടുത്തി. ഉദാഹരണത്തിന് സകരിയ്യാ കന്ഥലവിയെ എടുക്കാം. അദ്ദേഹത്തിന് സലഫിസം ബാധിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. എന്നാൽ പലരും അതിപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതല്ലേ വാസ്തവം. അതുകൊണ്ട് അക്കാര്യം ശ്രദ്ധയിൽപെടാത്തവർ ഉസ്താദെന്ന നിലയിൽ പരമ്പരയിൽ അത്തരക്കാരെ ഉൾപ്പെടുത്തി പറഞ്ഞിട്ടുണ്ടാകും. ഇത്തരം കാര്യങ്ങളൊന്നും ചൂണ്ടിക്കാണിച്ച് ദേവ്ബന്ദികൾ നല്ല വിശ്വാസക്കാരായിരുന്നു എന്ന് തെളിയിക്കാനാവില്ല. ഏതായാലും ഇത്തരം മുബ്തദിഉകളെ ആരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു പുണ്യകർമമായോ പ്രോത്സാഹിപ്പിക്കേണ്ടതായോ മനസ്സിലാക്കേണ്ടതില്ല.

ശൈഖുന ഞങ്ങൾക്ക് കൈമാറിയ ഫൈളാനുൽ മുസൽസലയിൽ അബുൽഫൈള് മുഹമ്മദ് യാസീൻ അൽഫാദാനീ മക്ക വഴിയുള്ള ഹദീസിന്റെയും മറ്റും സനദുകളാണല്ലോ കൂടുതലും രേഖപ്പെടുത്തിയിട്ടുള്ളത്? എന്താണ് അതിന് കാരണം?

1974-ൽ സയ്യിദ് അവേലത്ത് തങ്ങളോടൊപ്പം കപ്പലിൽ ഹജ്ജിന് പോകാൻ എനിക്ക് അവസരമുണ്ടായി. ആ യാത്രയിൽ ഒരു മാസത്തിലധികം മക്കയിൽ തന്നെയായിരുന്നു താമസം. മസ്ജിദുൽ ഹറാമിൽ ബാബുൽ ഉംറയുടെ സമീപത്ത് വെച്ച് അന്ന് ഇമാം നവവി(റ)യുടെ ഈളാഹ് എന്ന കിതാബ് ഞാൻ ദർസ് നടത്തിയിരുന്നു. പ്രസ്തുത കാലയളവിലാണ് പ്രമുഖ പണ്ഡിതനും മുസ്‌നിദുദ്ദുൻയാ എന്ന് ബഹുമാനപൂർവം ലോകപണ്ഡിതർ വിളിച്ചാദരിക്കുന്നയാളുമായ ശൈഖ് അബുൽ ഫൈള് മുഹമ്മദ് യാസീൻ അൽഫാദാനി മക്കയുടെ ശിഷ്യത്വം സ്വീകരിച്ചത്. അദ്ദേഹത്തിൽ നിന്നും അഹ്‌ലുസ്സുന്നയുടെ തനതായ ആദർശങ്ങൾ ഉൾകൊണ്ടു കൊണ്ട് ജീവിച്ച മഹാപണ്ഡിതർ മാത്രമുള്ള ഗുരുപരമ്പര ലഭിച്ചു. അൽഹംദുലില്ലാഹ്! ആ സനദാണ് നിങ്ങൾക്ക് മർകസിൽ നിന്നു ഞാൻ നൽകുന്നത്.

അല്ലാമ ഖുത്ബി മൗലിദ് വിരോധിയായിരുന്നെന്നും കേരളത്തിൽ മൗലിദ്, ഉറൂസ്, ഖബർ കെട്ടിപ്പൊക്കൽ തുടങ്ങിയ ശിയാഇസമാണ് സമസ്തക്കാർ പഠിപ്പിക്കുന്നതെന്നും യഥാർത്ഥ മഖ്ദൂമീ സരണിയിൽ ഞങ്ങളാണുള്ളതെന്നും ദേവ്ബന്ദികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് പ്രതികരണം?

ആർക്കും എന്തും എഴുതാം, പറയാം. പക്ഷേ, തെളിവുകൾ വേണം. അല്ലാമ ഖുത്ബി(റ) മൗലിദ് നടത്തിയതിന് അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളാണ്. കേരളത്തിൽ അഹ്‌ലുസ്സുന്നയുടെ തനതായ രൂപമാണ് സമസ്ത പ്രചരിപ്പിക്കുന്നത്. അത് നമുക്ക് പകർന്നുതന്നതിൽ മഖ്ദൂമുമാരുടെ പങ്ക് വളരെ വലുതാണ്. മഖ്ദൂമുമാരിൽ നിന്ന് നമുക്ക് കിട്ടിയ അമൂല്യ നിധികളാണ് മൻഖൂസ് മൗലിദും ഫത്ഹുൽ മുഈനുമെല്ലാം. മഹാൻമാരുടെ പേരിൽ നേർച്ചയാക്കാനും അവരുടെ ഖബർ കെട്ടിപ്പൊക്കാനും മറ്റും പഠിപ്പിച്ചതും അവയെല്ലാം പുണ്യകർമമാണെന്ന് നമുക്ക് മനസ്സിലാക്കിത്തന്നതും ഫത്ഹുൽ മുഈനാണ്. മൗലിദും ഇത്തരം കാര്യങ്ങളുമാണ് ശിയാഇസമെങ്കിൽ അത് മഖ്ദൂമുമാർ പഠിപ്പിച്ചതാണ്. ശിയാഇസം എന്നത് മറ്റൊന്നാണ്. അതിനെ സുന്നികൾ ചെയ്യുന്ന പുണ്യകരമായ ആചാരങ്ങളുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഉള്ളിലൊളിപ്പിച്ച ബിദ്അത്തിനെ മഖ്ദൂമുമാരുടെ പേര് പറഞ്ഞ് മിനുക്കിയെടുക്കാനുള്ള ശ്രമം ഇവിടെ നടക്കാൻ പോകുന്നില്ല.

സമസ്ത 1964-ൽ തബ്‌ലീഗിനെതിരെ തീരുമാനമെടുത്ത ശേഷവും പ്രമുഖരായ പലരും ഉപരി പഠനത്തിനായി ദേവ്ബന്ദിലേക്ക് പോയിട്ടുണ്ടല്ലോ. ആ പണ്ഡിതർ സമസ്തയുടെ തീരുമാനം അംഗീകരിച്ചില്ലെന്നല്ലേ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്?

അല്ല. നമ്മൾ ഇന്നീ കാര്യം ചർച്ച ചെയ്യുമ്പോൾ ആ കാലഘട്ടത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഇന്നത്തെപ്പോലെ സെക്കന്റുകൾ കൊണ്ട് വിവരങ്ങൾ പ്രചരിക്കുന്ന കാലമായിരുന്നില്ല അത്. അതിനാൽ ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ലാത്തതിനാലോ എംഎ ബിരുദം വലിയൊരു സംഗതിയാണെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനാലോ അവരെ കുറിച്ച് കൃത്യമായി പഠിക്കണമെന്ന താൽപര്യത്താലോ ഒക്കെയായിരുന്നു അവിടെ ഉപരി പഠനത്തിനായി പലരും പോയിരുന്നത്. അവിടെ എത്തിയ ശേഷം ദേവ്ബന്ദിലെ ബിദഇസം അവർക്കെല്ലാം നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മർഹൂം ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരും മർഹൂം ചിത്താരി ഹംസ മുസ്‌ലിയാരും മറ്റും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ ശിഷ്യന്മാർക്ക് പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ടുതന്നെ അവരാരും അവരുടെ ശിഷ്യന്മാരെ പിന്നീട് അങ്ങോട്ടേക്ക് അയച്ചതുമില്ല.

ദേവ്ബന്ദികൾ ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ടൊരു കാര്യം മർകസിന് ശില പാകിയ സയ്യിദ് മുഹമ്മദ് അലവി മാലികി ദേവ്ബന്ദീ അകാബിറുകളുടെ ശിഷ്യത്വം സീകരിച്ചിരുന്നെന്നും മഹാനവർകളുടെ ഗ്രന്ഥങ്ങളിൽ അവരെ വാനോളം പുകഴ്ത്തിയിട്ടുണ്ടെന്നുമാണ്. ഇതിനെ കുറിച്ച്?

സയ്യിദ് മുഹമ്മദ് മാലികി അവർകൾ അവിടെയുള്ളവർ വലിയ മുഹദ്ദിസുകളാണെന്ന് തെറ്റിദ്ധരിച്ച് ദേവ്ബന്ദിലെത്തുകയും തന്റെ ഗ്രന്ഥങ്ങളിൽ അവരെ പ്രശംസിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബഹുമാനപ്പെട്ടവരുടെ ഗ്രന്ഥങ്ങൾ മുഴുവനും അഹ്‌ലുസ്സുന്നക്ക് ശക്തി പകരുന്നതും ദേവ്ബന്ദികളുടെ വിശ്വാസങ്ങൾക്ക് കടക വിരുദ്ധവുമാണ്. അദ്ദേഹത്തിന്റെ ലോകപ്രസിദ്ധ ഗ്രന്ഥമായ മഫാഹീം യജിബു അൻ തുസഹ്ഹ എന്നതിന് ദേവ്ബന്ദികൾക്ക് ഖണ്ഡനം എഴുതേണ്ടി വന്നതും വസ്തുതയാണ്. അതിനാൽ തന്നെ അഖീദപരമായി ദേവ്ബന്ദിസം ഒരിക്കലും ബഹുമാനപ്പെട്ടവരെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. ദേവ്ബന്ദികൾ മറച്ചുവെക്കുന്ന ഒരു ഭാഗം കൂടിയുണ്ട്. ബഹുമാനപ്പെട്ടവർ അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മകനും മഹാ പണ്ഡിതനുമായിരുന്ന………..യിൽ നിന്നും ഹദീസ് സ്വീകരിക്കുകയും തന്റെ ഗുരുപരമ്പരകളിൽ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മഹാനുമായി ബന്ധം സ്ഥാപിച്ച ശേഷം ഇക്കാര്യങ്ങളെല്ലാം ഞാൻ ഉണർത്തിയിരുന്നു. ദേവ്ബന്ദികളുടെ സലഫീ ബാധയെ കുറിച്ചും തെര്യപ്പെടുത്തി. തിരുനബി(സ്വ)യിൽ നിന്നു സ്വപ്ന ദർശനത്തിലൂടെ സമ്മതം ലഭിച്ച് എസ്‌വൈഎസിന്റെ ഗോൾഡൻ ജൂബിലിയിൽ പങ്കെടുക്കാനാണല്ലോ മാലികി അവസാനമായി കേരളത്തിൽ വരുന്നത്. അന്ന് മടങ്ങുമ്പോൾ ബറേൽവി ശരീഫിലേക്ക് പോവുകയും അല്ലാമ അഹ്‌മദ് രിളാഖാൻ ബറേൽവി(റ)യുടെ മഖാമിന് പുറത്ത് വളരെ ബഹുമാനദരവുകളോടെ ഏറെ നേരം സിയാറത്ത് നടത്തുകയും ചെയ്തു. ഞാൻ ഇവിടെയുള്ള കാര്യം ദേവ്ബന്ദികളെ അറിയിക്കരുതെന്ന് ഖാദിമുകൾക്ക് നിർദേശവും നൽകി. മുംബൈയിലുള്ള റസാ അക്കാദമി സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിലും സംബന്ധിച്ച ശേഷമാണ് മഹാൻ മടങ്ങിയത്. ശൈഖവർകളുടെ അവസാന കാലമായപ്പോഴേക്കും ദേവ്ബന്ദികളുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കിയിരുന്നു. അദ്ദേഹത്തെ മറയാക്കി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനായിരിക്കും തബ്‌ലീഗുകാർ ഇതെല്ലാം മറച്ചു പിടിക്കുന്നത്.

ദേവ്ബന്ദികൾ മുബ്തദിഉകളാണെന്ന് നാം ശക്തമായി പറയുമ്പോഴും അൻവർ ശാഹ് കശ്മീരിയുടെ ഫൈളുൽബാരിയും അൽഅർഫുശ്ശദീയും ഖലീൽ അഹ്‌മദ് അമ്പേട്ടവി (സഹാറൻപൂരി)യുടെ ബദ്‌ലുൽ മജ്ഹൂദും സകരിയ്യാ കാന്ദലവിയുടെ ഔജസുൽ മസാലികും അഹ്‌ലേ ഹദീസുകാരുടെ തുഹ്ഫതുൽ അഹ്‌വദീ, ഔനുൽ മഅ്ബൂദ്, മിർആതുൽ മഫാതീഹ്, അർറഹീഖുൽ മഖ്തൂം തുടങ്ങിയ ഗ്രന്ഥങ്ങളെല്ലാം പല വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തുന്നതായി കാണുന്നുണ്ടല്ലോ.

അങ്ങനെയുണ്ടെങ്കിൽ ഉസ്താദുമാരാണ് അവരെ ഉണർത്തേണ്ടത്. നിരൂപണ പഠനങ്ങൾക്ക് വേണ്ടി അവ ഉപയോഗപ്പെടുത്താമെന്നല്ലാതെ ആശയ പഠനത്തിന് വേണ്ടി അവയെ ആശ്രയിക്കാവതല്ല. അഹ്‌ലുസ്സുന്നയുടെ നിലപാടുകൾക്ക് വിരുദ്ധമായ പലതും അവയിൽ കുത്തിക്കുറിച്ചിട്ടുണ്ട്. സകരിയ്യാ കാന്ദലവിയടക്കം ഈ പറഞ്ഞവരെല്ലാം സലഫിസത്തിന്റെ പ്രചാരകരായിരുന്നു. അതിനാൽ തന്നെ പരസ്യമായോ വരികൾക്കിടയിലൂടെയോ സലഫിസം കടത്തിക്കൂട്ടിയവരാണിവർ. ഇത്തരം സംഗതികളെ കുറിച്ചൊന്നും ധാരണയില്ലാതെ അവ സ്വീകരിക്കുന്നത് വലിയ അപകടത്തിൽ കൊണ്ടെത്തിക്കും. സുസമ്മതരായ അഹ്‌ലുസ്സുന്നയുടെ പണ്ഡിതരുടെ രചനകൾ ഇന്ന് സുലഭമാണ്. അധിക വായനക്കും പഠനത്തിനും അവ മാത്രമായിരിക്കണം വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തേണ്ടത്.

അവസാനമായി ശൈഖുനക്ക് എന്താണ് പറയാനുള്ളത്?
ദീർഘ നേരം നമ്മൾ സംസാരിച്ചതിന്റെ ആകെത്തുക ഇതാണ്; അഹ്‌ലുസ്സുന്നയുടെ വഴി സുതാര്യമാണ്. അതാണ് നമ്മുടെ ഗുരുനാഥന്മാർ കാണിച്ചു തന്നിട്ടുള്ളത്. അതാണ് വിജയത്തിന്റെ വഴി എന്ന് ഉറച്ച് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. ഊഹങ്ങളും തെറ്റിദ്ധാരണകളും പരത്തി നമ്മിലേക്ക് ദേവ്ബന്ദിസം കുത്തിവെക്കാനുള്ള കുതന്ത്രങ്ങൾ ഓൺലൈനിലൂടെയും മറ്റും ആസൂത്രിതമായി നടക്കുന്നുണ്ട്. അതിനാൽ കരുതലോടെ മാത്രമായിരിക്കണം നാം മുന്നോട്ടു പോകേണ്ടത്. മറ്റു ബിദഈ കക്ഷികൾക്കും വ്യാജ ത്വരീഖത്തുകാർക്കുമെതിരെയും ഇതേ ജാഗ്രത അനിവാര്യമാണ്. പൂർവികർക്ക് മനസ്സിലാകാത്ത പലതും നമുക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നിത്തുടങ്ങുന്നത് തന്നെ നമ്മുടെ വഴിപിഴക്കലിന്റെ ലക്ഷണമാണെന്ന് മനസ്സിലാക്കണം. ബിദ്അത്തുകൾക്കെതിരെ ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഈമാൻ തന്നെ നഷ്ടപ്പെടും. അല്ലാഹു നമ്മെ സംരക്ഷിക്കട്ടെ.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ/
അബ്ദുറശീദ് സഖാഫി മേലാറ്റൂർ,
ഇസ്മാഈൽ അംജദി മഹാരാഷ്ട്ര

Exit mobile version