തലപ്പാറ തങ്ങൾ: ആലംബമേകിയ നന്മമരം

ഈ കോളത്തിൽ ആദ്യമായാണൊരു മുഴുനീളൻ അനുസ്മരണം പങ്കുവെക്കുന്നത്. പ്രധാനികൾ മരിച്ചാൽ പൊതുവെ നടത്തുന്ന പ്രയോഗമാണ് ആ വിടവ് നികത്താനാവാത്തതാണെന്ന്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പകരമാക്കാൻ പറ്റുന്ന ഒരാളില്ലാതെയുള്ള വിരഹമാണ് സയ്യിദ് പികെഎസ് തങ്ങളുടേത്.
35 വർഷങ്ങൾക്ക് മുമ്പ് മലപ്പുറം മേൽമുറിയിലെ മസ്ജിദുന്നൂറിൽ ദർസ് തുടങ്ങിയ കാലം. ആ സമയത്ത് നടന്നൊരു ദുആ സമ്മേളനത്തിൽ വെച്ച് തലപ്പാറ തങ്ങളെ സന്ധിക്കാനും ഒന്നിച്ച് സമയം ചെലവഴിക്കാനും സാധിച്ചു. അടുത്ത ദിവസം തന്റെ മൂത്തമകനും ഇപ്പോൾ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ മുദരിസുമായ സയ്യിദ് ഹബീബ് തുറാബ് തങ്ങളെയും കൂട്ടി അദ്ദേഹം എന്നെ കാണാൻ വന്നു. ഹബീബ് തങ്ങൾ എസ്എസ്എൽസി കഴിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ.
അന്ന് തലപ്പാറ തങ്ങൾ പറഞ്ഞത് ഇപ്പോഴും മറന്നിട്ടില്ല: നിങ്ങളുടെ ദുആയിൽ എന്നെ ഏറ്റവും ആകർഷിച്ചൊരു കാര്യം ശിഷ്യന്മാരെ കാര്യമായി ഉൾപ്പെടുത്തുന്നുണ്ട് എന്നതാണ്. എന്റെ മകനെയും നിങ്ങളുടെ ശിഷ്യനാക്കിയാൽ ആ ദുആകളിലെല്ലാം ഉൾപ്പെടാൻ കുട്ടിക്കും സാധിക്കുമല്ലോ.’ അന്നു തുടങ്ങിയതാണ് സയ്യിദവർകളുമായുള്ള അടുപ്പം. പിന്നീടങ്ങോട്ട് അദ്ദേഹം താങ്ങും തണലുമായി പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടെയുണ്ടായിരുന്നു. ഒരുറ്റ മിത്രത്തെ പോലെ എനിക്ക് സമീപിക്കാൻ സാധിച്ചിരുന്ന വിനയാന്വിത വ്യക്തിത്വത്തിനുടമയായിരുന്നു മഹാൻ.
അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. അല്ലാഹുവിന്റെ സ്മരണയിലായി സമയത്തെ ചിട്ടപ്പെടുത്തിയത് കൊണ്ടുതന്നെ ആ ജീവിതം മാതൃകാപരമായിരുന്നു. മഹാനവർകളെ ആശ്രയിച്ചും അവലംബമായി കണ്ടും കഴിയുന്ന ആയിരക്കണക്കിന് പേരുണ്ട്. അവരുടെയെല്ലാം മനസ്സുകളിൽ ഈ വിയോഗമുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണ്. മാതൃകയാക്കാനും പഠിക്കാനുമുതകുന്ന ഒരു ജീവിതക്രമം നമുക്ക് മുമ്പിലേക്ക് പകർന്നാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. പ്രതിഭകളുടെ വിടവുകളോർത്ത് ഖേദിക്കുന്നതിന് പകരം അവരുടെ ജീവിതത്തിൽ നിന്ന് വെളിച്ചം കണ്ടെത്തൂ എന്ന സന്ദേശമാണ് ഓരോ മരണവും നൽകുന്നതെന്ന് പറയാറുണ്ട്. തങ്ങളവർകളെ ചേർത്തു വായിക്കുമ്പോൾ വളരെ അർത്ഥവത്താണത്.
അദ്ദേഹത്തിന്റെ വിനയം എടുത്ത് പറയേണ്ടതാണ്. മുമ്പിലെത്തുന്ന ആർക്കും താനൊരപരിചിതനായി തോന്നരുതെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ആരെയും അകറ്റി നിർത്തുന്ന സ്വഭാവമില്ല. അതുകൊണ്ട് തന്നെ ഇഷ്ടജനങ്ങളുടെ ആധിക്യമുണ്ടാകുമായിരുന്നു അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്. ഇൽമിനോടും വിജ്ഞാനത്തിന്റെ അഹ്‌ലുകാരോടും വല്ലാത്ത ആദരവ് പുലർത്തിയിരുന്നു. നാലുമക്കളെയും ആലിമുകളും മുദരിസുമാരുമാക്കി. ഒരു രക്ഷിതാവിന് മക്കളിൽ നിന്ന് ലഭിക്കാവുന്ന ഏറ്റവും മഹത്തായ സൗഭാഗ്യം അവർ ഇൽമിന്റെ അഹ്‌ലുകാരാവുന്നതാണല്ലോ. ഒരു മകൻ മുതഅല്ലിമായിരിക്കെയാണ് മരണപ്പെട്ടത്. തങ്ങൾ ഏറെ വേദനിച്ച നിമിഷമായിരുന്നു അത്. മുതഅല്ലിമായി വിയോഗം പ്രാപിക്കുന്നതിന്റെ മഹത്ത്വമറിയുന്നതിനാൽ ദു:ഖം കടിച്ചമർത്തി ആശ്വസിക്കുകയും ചെയ്തു.
കുടുംബ ജീവിതം എങ്ങനെയാണ് നയിക്കേണ്ടതെന്നതിനും സയ്യിദവർകൾ ഉദാത്ത മാതൃകയാണ്. വളരെ ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടതിനാൽ മഹാനവർകളുടെ മാതാവിനെ പിന്നീട് എളാപ്പ വിവാഹം കഴിച്ചു. തുടർന്ന് എളാപ്പയുടെ സംരക്ഷണത്തിലാണ് വളർന്നത്. ഇൽമിനെ അത്യധികം സ്‌നേഹിച്ചിരുന്ന എളാപ്പയെ സയ്യിദവർകൾ ഇടക്കിടക്ക് സ്മരിക്കാറുണ്ട്.
പൂർവകാല മഹാന്മാരെ സന്ദർശിക്കലും അവരുടെ സ്മരണകൾ പുതുക്കലും തങ്ങൾ ജീവിതവ്രതം പോലെ കൊണ്ടുനടന്നിരുന്ന കാര്യമാണ്. തലപ്പാറയിലേക്ക് താമസം മാറാനുണ്ടായ പ്രധാന കാരണവും മഹാന്മാരോടുള്ള വിധേയത്വമത്രെ. ചെറുപ്പത്തിലേ മുട്ടിച്ചിറ ശുഹാദക്കളുടെ ചാരത്ത് വന്ന് അദ്ദേഹം എന്നെ ഇവിടത്തെ മഹല്ലുകാരനാക്കണേയെന്ന് ദുആ ചെയ്യുമായിരുന്നു. ആ പ്രാർത്ഥനയുടെ ഫലമായാണ് ഞാനീ നാട്ടുകാരനായതെന്ന് തങ്ങൾ അനുസ്മരിക്കാറുണ്ട്.
മഅ്ദിൻ നോളേജ് ഹണ്ടിന്റെ ഭാഗമായി മഹാത്മാക്കളുടെ മസാറുകൾ സിയാറത്ത് ചെയ്യാനായി ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ അദ്ദേഹവും ഭാര്യയും അതിൽ സംബന്ധിക്കുകയുണ്ടായി. ആ യാത്ര നന്നായി ആസ്വദിക്കുകയും ആത്മീയമായി ഫലവത്താക്കുകയും ചെയ്തു. സ്വലാത്ത് നഗറിലെ മിക്ക വേദികളിലും അദ്ദേഹം ഉണ്ടാകാറുണ്ട്. സ്വന്തം പരിപാടികളും തിരക്കുകളുമെല്ലാം മാറ്റിവെച്ചായിരുന്നു തങ്ങൾ എത്തിയിരുന്നത്. ആ സാന്നിധ്യം ഇനിയില്ലെന്ന് ഉൾക്കൊള്ളാൻ നിർബന്ധിതനാവുകയാണ്.
ആത്മീയ ജീവിതം കൃത്യമായി ചിട്ടപ്പെടുത്തുന്നതിൽ സയ്യിദവർകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ലോക്ഡൗൺ സമയത്ത് പല തവണ എഴുപതിനായിരം തഹ്‌ലീൽ ചൊല്ലിത്തീർത്തിരുന്നുവെന്ന് അടുത്ത ബന്ധുക്കൾ പറയുകയുണ്ടായി.
മരണം സത്യമാണ്. യുക്തിചിന്തകർക്കും പൂർണ ഉത്തരം കണ്ടെത്താനാകാത്ത ഒരുപാട് നിഗൂഢതകൾ ലോകത്തുണ്ട്. അതിലൊന്നാണ് മരണം. ജീവിതം സമ്പന്നമാക്കിയവർ മരിക്കുമ്പോൾ നമ്മൾ പറയും, അവരിനിയും ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്ന്. പക്ഷേ, ചെയ്ത നന്മകളുടെ ആസ്വാദനങ്ങൾ മതി അവർക്ക് സന്തോഷത്തോടെ ഇഹലോകവാസം വെടിയാൻ. താനീ ഭൂമിയിൽ വെറുതെ ജീവിക്കുകയായിരുന്നില്ല എന്ന ബോധ്യം അവർക്കുണ്ട്. മഹാകവി ഇടശ്ശേരി പറഞ്ഞു:
‘വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറങ്ങലിപ്പെന്തെന്നു ഞാനറിഞ്ഞിട്ടില്ല
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാൻ
കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി’. അഥവാ, ഇത്തരക്കാർക്ക് താനൊന്ന് കുനിഞ്ഞത് പോലും വെറുതയായിരുന്നില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. പികെഎസ് തങ്ങൾ ചെലവഴിച്ച ഓരോ നിമിഷവും ദീനിനു വേണ്ടിയായിരുന്നു. ആ സേവനങ്ങളെല്ലാം അദ്ദേഹത്തിന് പാരത്രിക ലോകത്ത് ഉപകാരപ്പെടട്ടെ. നമുക്കിനി ചെയ്യാനുള്ളത് അദ്ദേഹത്തിന്റെ സ്മരണ പുതുക്കലാണ്. മരണപ്പെട്ടവരുടെ നന്മകൾ നിങ്ങളെടുത്തു പറയണം എന്നാണല്ലോ ഇസ്‌ലാമിന്റെ അധ്യാപനം. അല്ലാഹു മഹാനവർകളുടെ ദറജ ഉയർത്തുകയും സ്വർഗത്തിൽ വേണ്ടപ്പെട്ട എല്ലാവരോടുമൊപ്പം നമ്മെ ഒരുമിപ്പിക്കുകയും ചെയ്യട്ടെ-ആമീൻ.

സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി

Exit mobile version