തലമുടിയും താടിയും വളർത്തലും വടിക്കലും

തിരുനബി(സ്വ) തലമുടി വളർത്തിയിരുന്നതായി ഹദീസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഘട്ടങ്ങളിൽ തോളിലേക്കിറങ്ങുവോളം തലമുടി വളർന്നതായും വന്നിട്ടുണ്ട്. മദീനയിൽ നിന്നും മക്കയിലേക്കു വന്ന വേളയിൽ തിരുമുടി മെടഞ്ഞു നാലു കെട്ടുകളുണ്ടായിരുന്നതായി ഉമ്മുഹാനി(റ)യിൽ നിന്നു അബൂദാവൂദ് (ഹദീസ് നമ്പർ 4191), തുർമുദി (ഹ.നമ്പർ 1781) എന്നിവർ ആധികാരിക നിവേദക ശ്രേണിയിലൂടെ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ദീർഘയാത്രയിലും മറ്റുമായി തിരക്കിൽ പെടുന്ന സാഹചര്യങ്ങളിലാണ് ഇത്രക്ക് നീണ്ടതെന്നും അല്ലാത്തപ്പോൾ മിതമായ വളർച്ചയേ ഉണ്ടായിരുന്നുള്ളൂ എന്നും ഹാഫിള് ഇബ്‌നുഹജർ (ഫത്ഹുൽബാരി 6/662) രേഖപ്പെടുത്തിയത് കാണാം. എപ്പോഴും ചീകി ഒതുക്കിയ മിതമായ തലമുടി അവിടന്ന് വളർത്തിയിരുന്നുവെന്ന് ചുരുക്കം.
അതിനാൽ തന്നെ തലമുടി ചീകിയും എണ്ണ തേച്ചും വൃത്തിയായി സംരക്ഷിച്ചു നിർത്തുന്നതാണ് കഴിയുന്നവർക്ക് നല്ലത് (ഹാശിയതു തർമസി 1/422).
തലമുണ്ഡനം ചെയ്യുന്നതിന്റെ സാമാന്യവിധി പുരുഷന് മുബാഹും സ്ത്രീകൾക്ക് കറാഹത്തുമാണ്. ഹജ്ജ് ഉംറകളുടെ ഒടുവിൽ പുരുഷന്മാർക്കും നവജാത ശിശുവിന്റെ ഏഴാം നാളിലും ഇസ്‌ലാം മതത്തിലേക്ക് കടന്നുവന്നയുടനെ പുതു മുസ്‌ലിമിനും തലമുടി വടിച്ചുകളയുന്നത് പ്രത്യേക സുന്നത്താണ് (അൽമവാഹിബുൽ മദനിയ്യ 1/178).
മുടി തലയിലുള്ളതുകൊണ്ട് ശല്യം തോന്നുകയോ മുടി സംരക്ഷണം പ്രയാസമാവുകയോ ചെയ്താലും വടിച്ചുകളയൽ സുന്നത്തുണ്ട് (തുഹ്ഫ 2/476). തന്നെപ്പോലെയുള്ളവരുടെ ശീലം തലമുടി വടിച്ചുകളയുന്നതാവുകയും മുടി വളർത്തുന്നത് തന്റെ അന്തസ്സിനോട് ചേരാതിരിക്കുകയും ചെയ്യുക, മുടി വടിക്കൽ തന്റെ പതിവായി മാറുക എന്നിങ്ങനെ രണ്ടു സാഹചര്യങ്ങൾ കൂടി മുണ്ഡനം സുന്നത്താകുന്ന വേളകളിൽ ചില പണ്ഡിതന്മാർ (ഉദാ.ഹാശിയതു ശബ്‌റാമല്ലിസി 2/341) ഉൾപ്പെടുത്തിയിട്ടുണ്ട്.

പെർമിംഗ് പാടുണ്ടോ?

കോലൻ മുടിയേക്കാളും അഴകാണ് ചുരുളൻ മുടിക്കെന്ന് യുവതലമുറ ധരിച്ചിരിക്കുന്നു. അതിനാൽ മുടി ചുരുളനാക്കാൻ (ഒമശൃ ജലൃാശിഴ) മത്സരിക്കുകയാണ് യുവതലമുറ. മുടി ചുരുളാക്കുന്നതിന്റെ വിധി കർമശാസ്ത്ര ഗ്രന്ഥങ്ങൾ രേഖപ്പെടുത്തിയതിങ്ങനെ: അവിവാഹിതരോ ഭർത്താവിന്റെ സമ്മതം ലഭിക്കാത്തവരോ ആയ സ്ത്രീകൾക്ക് ഹറാം. ഭർത്താവിന്റെ അനുമതിയോടെയോ ഇംഗിതം പ്രതീക്ഷിച്ചോ ചെയ്യുന്നത് അനുവദനീയവുമാണ് (റൗളതുത്വാലിബീൻ 1/276, നിഹായ 2/25).
എന്നാൽ മുടി പെർമിംഗ് ചെയ്താൽ 24 മണിക്കൂർ നേരത്തേക്ക് തലയിലിട്ട ക്ലിപ്പുകൾ മാറ്റാൻ പാടില്ലെന്നാണ് വൈദ്യോപദേശം. കുളി നിർബന്ധമാകുന്ന വേളയിൽ ഇങ്ങനെ ക്ലിപ്പ് വെക്കുന്നത് കുളി അസാധുവാകാൻ ഇടയാക്കുന്നതിനാൽ അഴിച്ചുമാറ്റി കുളിക്കേണ്ടി വരും.

ക്രോപ്പും ഹെയർസ്റ്റൈലുകളും

തലമുടി ക്രോപ്പു ചെയ്യുന്നത് നാലു മദ്ഹബുകളിലും കറാഹത്താണ് (ഇബ്‌നു ആബിദീൻ 5/261, അൽഫവാകിഹുദ്ദവ്വാനീ 2/306, തുഹ്ഫ 4/119, ഉംദതു ത്വാലിബ് 1/49).
ക്രോപ്പുകൊണ്ടുദ്ദേശ്യം തലമുടി ഭാഗികമായി മാത്രം വടിച്ചൊഴിവാക്കുന്നതാണ്. ഒരേ സ്ഥലത്തായാലും വ്യത്യസ്ത സ്ഥലങ്ങളിലായാലും വർജ്യം തന്നെ. ചില ഭാഗങ്ങളിൽ മാത്രം കൂടുതൽ വെട്ടുന്നതും ട്രിം ചെയ്യുന്നതും കറാഹത്തായ ക്രോപ്പിന്റെ പരിധിയിൽ പെടില്ല. അതുപോലെ പറയത്തക്ക രീതിയിൽ കളഞ്ഞാൽ മാത്രമേ ‘ക്രോപ്പ് ആകുന്നുള്ളൂ. അപ്പോൾ മുടി വെട്ടിയതിനു ശേഷം തലയുടെ അരികുകൾ കുറഞ്ഞ രീതിയിൽ വടിക്കുന്നത് കറാഹത്താകുന്നില്ലെന്ന് ഇമാം ജർഹസി(റ) സൂചിപ്പിക്കുന്നുണ്ട്.
ചിലരെങ്കിലും ക്രോപ്പ് ഗുരുതരമായ തെറ്റാണെന്ന് ധരിച്ചുവശായി കറാഹത്ത് തഹ്‌രീമിന്റേതാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാലത് തൻസീഹിന്റേതാണെന്ന് ഇമാം നവവി(റ) ശർഹു മുസ്‌ലിമിലും (14/101) ഇബ്‌നു റസ്‌ലാൻ സുബദി (പേ. 72)ലും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
കറാഹത്തും നിരുത്സാഹപ്പെടുത്തേണ്ടതും ആണെങ്കിലും ഹറാമാണെന്ന് വിധി പറയാൻ പാടില്ലാത്തതാണ്. എന്നാൽ സിനിമാ താരങ്ങളെയും കായിക താരങ്ങളെയും മറ്റും അനുകരിച്ച് ഹെയർ കട്ടിങ്ങുകൾ തിരഞ്ഞെടുക്കുന്നത് നിഷിദ്ധവും കുറ്റകരവും തന്നെ.
വീണ പോലുള്ള ചില പ്രത്യേക സംഗീതോപകരണങ്ങളോടു കൂടെയുള്ള സംഗീതം നിഷിദ്ധമായതിനു കാരണം വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജർ(റ) പറയുന്നത് കാണുക: അത് ദുർനടപ്പുകാരുടെ അടയാളമാണ്. അവരെ അനുകരിക്കൽ കുറ്റകരമാണ് (തുഹ്ഫ 10/219).
കൗമാരക്കാരിൽ പലരുടെയും ഹെയർ സ്‌റ്റൈലുകളിൽ പലതും ദുർനടപ്പുകാരായ ലോകോത്തര താരങ്ങളുടെ അനുകരണമാണെന്നതിൽ അശേഷം സംശയമില്ല.

താടി വടിക്കലും മിനുക്കലും

താടിയെല്ലുകൾ സംഗമിക്കുന്ന, മുഖത്തിന്റെ താഴ്ഭാഗത്തു മുളക്കുന്ന രോമം മുഴുവൻ നീളാൻ വിടുന്നതാണ് സുന്നത്ത്.
താടി വടിക്കുന്നത് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണമനുസരിച്ച് കറാഹത്താണ്. ഇബ്‌നു ഹജർ (തുഹ്ഫ 9/378), ശംസുദ്ദീനു റംലീ (നിഹായ 8/21,8/149) എന്നിവർക്കു പുറമെ ശൈഖുൽ ഇസ്‌ലാം, ഇമാം ഗസ്സാലി(റ) തുടങ്ങിയവരെല്ലാം കറാഹത്താണെന്നു രേഖപ്പെടുത്തിയവരാണ് (തർശീഹ് പേ. 207 കാണുക).
എന്നാൽ മറ്റു മൂന്നു മദ്ഹബുകളും പുറമെ നമ്മുടെ മദ്ഹബിലുള്ള ഇമാം ഇബ്‌നുരിഫ്അ, അബൂശാമ, അദ്‌റഈ ഇബ്‌നു സിയാദ്, സർകശീ(റ) തുടങ്ങിയ വലിയൊരു വിഭാഗവും ഹറാമാണെന്ന് ശഠിച്ചിട്ടുണ്ട്. അതിനാൽ താടി വടിക്കൽ ഒഴിവാക്കുന്നതാണ് അഭികാമ്യം.
വെട്ടിയും കുറുക്കിയും അരികൊപ്പിച്ചും മീശയേതര മുഖരോമങ്ങളിൽ കാണിക്കുന്ന സൗന്ദര്യ പ്രകടനങ്ങൾ കറാഹത്താണെന്നാണ് ശാഫിഈ മദ്ഹബിൽ പ്രബലം (ശർഹുൽ മുഹദ്ദബ് 1/290, തുഹ്ഫ 9/ 375 376 കാണുക). എന്നാൽ ദുർബലമെങ്കിലും ഒരു പിടിക്കപ്പുറത്തേക്ക് നീണ്ട താടിരോമങ്ങൾ വെട്ടുന്നതും അരികുകളൊപ്പിക്കുന്നതും തീരെ കുഴപ്പമില്ലെന്നൊരഭിപ്രായം ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമിദ്ദീനിൽ (1/277) പ്രബലപ്പെടുത്തുന്നുണ്ട്.
താടിരോമങ്ങൾ തീരെ വെട്ടാതിരിക്കുന്നത് വികൃതരൂപമുണ്ടാക്കാനിടയില്ലേ എന്ന ന്യായം പറഞ്ഞവർക്ക് തുഹ്ഫ(9/376)യുടെ മറുപടി, കൃത്യമായ ഇടവേളകളിൽ എണ്ണതേച്ചും ചീകിയും സംരക്ഷിച്ചു നിർത്തുന്ന സുന്നത്തു കൂടി പാലിച്ചാൽ ആ ആശങ്ക അകറ്റാമെന്നാണ്.
താടിരോമം ഒരു പിടിക്കപ്പുറത്തേക്കു നീണ്ടത് വെട്ടിക്കളയുന്നത് സുന്നത്താണെന്നാണ് ഹനഫീ മദ്ഹബ് (ഹാശിയതു ഇബ്‌നി ആബിദീൻ 2/113). മുബാഹാണെന്ന് ഹമ്പലികളുടെ (ശർഹുൽ മുൻതഹാ 1/40) പക്ഷം. ഇത്രയും നീട്ടിപ്പറഞ്ഞത് താടി ‘നന്നാക്കുന്ന’ ശീലം നമ്മുടെ നാടുകളിലടക്കം സാർവത്രികമായതിനാലാണ്.

ഇസ്മാഈൽ അഹ്‌സനി പുളിഞ്ഞാൽ

Exit mobile version