തസ്വവ്വുഫ് ശരീഅത്തിന്റെ പൂര്ണതയാണ്

അല്ലാഹു പറയുന്നു: ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (അല്‍ബയ്യിന/5).
അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമകള്‍ക്ക് അവന്‍ സംവിധാനിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ആത്മാര്‍ത്ഥതയോടെയും തികഞ്ഞ മനഃസാന്നിധ്യത്തോടെയുമാകണം ശരീഅത്തിനു വിധേയപ്പെടുന്നത്. അപ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നത്.
ശൈഖ് സര്‍ഹിന്ദി(റ) എഴുതുന്നു: ‘ശരീഅത്തിന് മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന്: അറിവ്, രണ്ട്: കര്‍മങ്ങള്‍, മൂന്ന്: ആത്മാര്‍ത്ഥത. ഇവയില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ ശരീഅത്തിന് പൂര്‍ണത നഷ്ടമാകും. ശരീഅത്ത് പൂര്‍ണമാകുമ്പോഴാണ് അല്ലാഹുവിന്റെ തൃപ്തി ലഭിക്കുക. ഇതാണ് പരമമായ വിജയം. അതുകൊണ്ടുതന്നെ ഐഹികവും പാരത്രികവുമായ എല്ലാ വിജയങ്ങളും ശരീഅത്തില്‍ നിക്ഷിപ്തമാണ്. ശരീഅത്തൊഴിവാക്കിയുള്ള ത്വരീഖത്തോ ഹഖീഖത്തോ അസ്വീകാര്യമാണെന്ന് ചുരുക്കം. ത്വരീഖത്ത്, ഹഖീഖത്ത് എന്നിവകൊണ്ട് ആത്മാര്‍ത്ഥത കരസ്ഥമാക്കി ശരീഅത്തിന്റെ സമ്പൂര്‍ണത നേടലാണ് തസ്വവ്വുഫ് കൊണ്ട് ഒരു സ്വൂഫി ലക്ഷ്യമാക്കുന്നത്. അല്ലാതെ ശരീഅത്തില്ലാതെയുള്ള ഒന്നല്ല’ (അല്‍ മുന്‍തഖബു മിനല്‍ മക്തൂബാത്ത്/7).
തസ്വവ്വുഫ്
‘പരിപൂര്‍ണത ലക്ഷ്യമാക്കുന്ന മനുഷ്യന്‍ വിജയത്തിന്റെ സോപാനങ്ങള്‍ എങ്ങനെ കയറിപ്പോവണമെന്നും ഈ പ്രയാണത്തില്‍ നേരിട്ടേക്കാവുന്ന കാര്യങ്ങളും ഗ്രഹിക്കാനാവുന്ന വിജ്ഞാനശാഖയാണ് തസ്വവ്വുഫ്’ (ഹാജി ഖലീഫ്(റ)യുടെ കശ്ഫുന്നൂന്‍ 1/413).
ഇബ്നു ഖല്‍ദൂന്‍(റ)ന്റെ വരികള്‍ ഇങ്ങനെ: തസ്വവ്വുഫ് എന്ന വിജ്ഞാന ശാഖയുടെ ക്രോഡീകരണം പില്‍ക്കാലത്തുണ്ടായതാണെങ്കിലും ശര്‍ഇല്‍ അംഗീകരിക്കപ്പെട്ടതു തന്നെയാണത്. സ്വഹാബത്ത്, താബിഉകള്‍ തുടങ്ങിയവരിലെ പ്രമുഖരുടെയും മറ്റു സലഫുസ്വാലിഹുകളുടെയും സമക്ഷത്തില്‍ തസ്വവ്വുഫ് എന്നാല്‍ അല്ലാഹുവിന് ഇബാദത്തെടുക്കുന്നതില്‍ മുഴുകലും ഐഹികാഡംബരങ്ങളും മറ്റും വര്‍ജിച്ച് സമ്പൂര്‍ണമായി ഇലാഹിന് സമര്‍പ്പിച്ച് സുഖലോലുപതകളില്‍ നിന്ന് മാറി ഏകാന്തത കൈവരിക്കലുമാണ്. രണ്ടാം നൂറ്റാണ്ടിലും ശേഷവും ഐഹികാഡംബരത്തോടുള്ള പ്രമത്തത വ്യാപകമായപ്പോള്‍ ആരാധനാ നിമഗ്നരായി കഴിഞ്ഞുകൂടിയവര്‍ക്ക് സ്വൂഫിയത്ത്, മുതസ്വവ്വിഫത് എന്നീ നാമങ്ങള്‍ പ്രത്യേകം നല്‍കപ്പെട്ടു’ (മുഖദ്ദിമതു ഇബ്നിഖല്‍ദൂന്‍/449).
ഇമാം ഖുശൈരി(റ)യുടെ വാക്കുകള്‍ കാണുക: ‘മുസ്‌ലിംകളിലെ ഉത്തമ വിഭാഗത്തിന് സ്വഹാബത്ത് എന്നാണല്ലോ പേര്. നബി(സ്വ)യുടെ സഹവാസത്തേക്കാള്‍ വലിയ ഒന്നില്ലെന്നാണ് അതിന് കാരണം. സ്വഹാബത്തുമായി സഹവാസം പുലര്‍ത്തിയ രണ്ടാം തലമുറക്ക് താബിഉകള്‍ എന്നു പറയപ്പെട്ടു. ശേഷ കാലക്കാര്‍ വിവിധ പദവികളിലായി വേറിട്ട് നിന്നപ്പോള്‍ മതകാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയും കണിശത പുലര്‍ത്തിയും ജീവിച്ചവര്‍ക്ക് സുഹ്ഹാദ് (ലൗകിക പരിത്യാഗികള്‍), ഉബ്ബാദ് (ആരാധനയില്‍ ലയിച്ചവര്‍) എന്നീ നാമങ്ങള്‍ നല്‍കപ്പെട്ടു.
ക്രമേണ, നവീനാശയങ്ങള്‍ ഉയര്‍ന്നുവന്ന്, ഓരോ വിഭാഗവും തങ്ങളാണ് ലൗകിക പരിത്യാഗികളും സ്വൂഫികളുമെന്ന് അവകാശപ്പെട്ട് കൊണ്ടിരുന്നപ്പോള്‍, സ്വന്തത്തെ അല്ലാഹുവിന്റെ കൂടെയാണെന്ന് പരിഗണിച്ചുപോരുകയും ഹൃദയങ്ങളെ അല്ലാഹു എന്ന ചിന്തയില്‍ നിന്ന് അശ്രദ്ധമാവാതെ സൂക്ഷിച്ചുപോരുകയും ചെയ്യുന്ന അഹ്ലുസ്സുന്നയിലെ വിശിഷ്ടര്‍ക്ക് സ്വൂഫികള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഹി. 200നു മുമ്പ് തന്നെ ഈ നാമങ്ങള്‍ പ്രസിദ്ധമായിട്ടുണ്ട്.
ഹി. 150ല്‍ വഫാത്തായ അബൂഹാശിം(റ) എന്ന മഹാനാണ് ആദ്യമായി സ്വൂഫി എന്ന പേരില്‍ അറിയപ്പെട്ടത് (കശ്ഫുള്ളുനൂന്‍ 1/414).
സ്വൂഫി എന്ന പദോല്‍പത്തിയെക്കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ വ്യത്യാസ്താഭിപ്രായങ്ങളുണ്ട്. ഇതൊരു മഹത്തായ പദവിയെ അടയാളപ്പെടുത്തുന്ന നാമം മാത്രമാണെന്നും അല്ലാതെ ഏതെങ്കിലും ഒരു അറബി ധാതുവില്‍ നിന്ന് ഉടലെടുത്തതാണെന്നതിന് ഭാഷാപരമോ മറ്റോ ആയ ഒരു രേഖയുമില്ലെന്നുമാണ് ഇമാം ഖുശൈരി(റ)യുടെ പക്ഷം. അദ്ദേഹം തുടരുന്നു: സ്വഫാഅ് (തെളിമ) സ്വിഫത്ത് (ഗുണം) എന്നീ ധാതുക്കളില്‍ നിന്നും ഉണ്ടായതാണെന്ന് പറയുന്നത് ഭാഷാ നിയമത്തില്‍ വിദൂരസാധ്യതയാണ്. സ്വുഫ് (രോമം) എന്നതില്‍ നിന്നാണെന്ന നിരീക്ഷണവും തഥൈവ. കാരണം രോമവസ്ത്രം ഇവരുടെ സവിശേഷതയല്ല (മുഖദ്ദിമതു ഇബ്നി ഖല്‍ദൂന്‍/50).
ഹാഫിള് അബൂനുഐമി(റ)ന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ആശയത്തിലേക്ക് സൂചന നല്‍കി മതിയാക്കുകയും ആ ആശയത്തെ വാചികമായി വിശദീകരിക്കുകയും ചെയ്യുന്നവരുടെ പക്ഷം സ്വഫാഅ് (തെളിമ) എന്ന ധാതുവില്‍ നിന്നാണ് തസ്വവ്വുഫ് പരിണമിച്ചത് (ഹില്‍യതുല്‍ ഔലിയാഅ് 1/17).
അല്ലാഹുവുമായുള്ള ആരാധന തെളിച്ചമുള്ളതാക്കലാണ് തസ്വവ്വുഫെന്നും ലൗകികതയോടുള്ള വിരക്തിയാണിതിന്റെ അടിസ്ഥാനമെന്നും വിശദീകരിച്ചവര്‍ ഹാഫിള് അബൂനുഐം(റ)ന്റെ പക്ഷം അവലംബിച്ചവരാണ് (ജുര്‍ജാനി(റ)യുടെ തഅ്രീഫാത്ത്/41).
ഇഹ്സാന്‍
കര്‍മങ്ങളില്‍ ആത്മാര്‍ത്ഥത ആവാഹിച്ചെടുക്കുമ്പോഴാണ് ശരീഅത്ത് പൂര്‍ണമാകുന്നതെന്നും അതാണ് പരമമായ വിജയമെന്നും പറഞ്ഞുവല്ലോ. ഇത് കൈവരിക്കുന്നതിനാണ് ഇഹ്സാന്‍ എന്നു പറയുന്നത്.
അബൂഹുറൈറ(റ)യില്‍ നിന്നും ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘ഒരു ദിവസം നബി(സ്വ) സ്വഹാബത്തിന്റെ കൂടെയിരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ഈമാന്‍, ഇസ്‌ലാം എന്നതിനെക്കുറിച്ച് ചോദിച്ച ശേഷം ഇഹ്സാന്‍ എന്നാല്‍ എന്ത് എന്ന് നബി(സ്വ)യോടു ചോദിച്ചു. അവിടുന്ന് പറഞ്ഞു: നീ അല്ലാഹുവിനെ ദര്‍ശിക്കുന്നതുപോലെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. പ്രസ്തുത വ്യക്തി പോയ ശേഷം നബി(സ്വ) പറഞ്ഞു. ആഗതന്‍ ജിബ്രീല്‍(അ) ആയിരുന്നു. നിങ്ങളെ ദീന്‍ പഠിപ്പിക്കാന്‍ വന്നതാണ്. ഇത് നിവേദനം ചെയ്ത ശേഷം ഇമാം ബുഖാരി(റ) ഇങ്ങനെ പറയുന്നു: ഈ കാര്യങ്ങളെയെല്ലാം നബി(സ്വ) ദീന്‍ (മതം) ആക്കി.
അപ്പോള്‍ ദീന്‍ എന്നാല്‍ ഈമാന്‍, ഇസ്‌ലാം, ഇഹ്സാന്‍ എന്നിവ ഉള്‍പ്പെടുന്നതാണെന്നും ഇഹ്സാന്‍ ശരീഅത്തിന്റെ പുറത്താണെന്ന വാദം നിരര്‍ത്ഥകമാണെന്നും സ്പഷ്ടമാകുന്നു. അതുകൊണ്ടാണ് ഇഹ്സാനിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയില്‍ നബി(സ്വ) നേരത്തെ പറയാത്ത പുതിയ കാര്യങ്ങളൊന്നും പറയാതെ, മേല്‍ കാര്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കലാണെന്ന് പറഞ്ഞത്.
ഇമാം ഇബ്നു അബ്ദിസ്സലാം അന്നാശിരി(റ) എഴുതുന്നു: ജംഉല്‍ ജവാമിഇന്റെ വ്യാഖ്യാനത്തില്‍ ഇമാം സര്‍ക്കശി(റ) ഇങ്ങനെ പ്രസ്താവിച്ചു. ഈമാന്‍ പ്രഥമവും ഇസ്‌ലാം മധ്യവും ഇഹ്സാന്‍ പരിപൂര്‍ണതയുമാകുന്നു. കളങ്കരഹിതമായ ദീന്‍ ഇവ മൂന്നും ഉള്‍പ്പെടുന്നതാണ് (മൂജിബുദാരിസ്സലാം/36,37).
ഹാഫിള് ഇബ്നുഹജരില്‍ അസ്ഖലാനി(റ) എഴുതുന്നു: ‘ഇഹ്സാന്‍ എന്ന അറബി ശബ്ദത്തിന് ദൃഢമാക്കുക, ഗുണം ചെയ്യുക എന്നെല്ലാം ഭാഷാപരമായി അര്‍ത്ഥങ്ങളുണ്ട്. മേല്‍ ഹദീസില്‍ ലക്ഷ്യമാക്കുന്നത് ഒന്നാമത്തേതാണ്. കാരണം (ഹദീസിന്റെ ആദ്യഭാഗത്ത് പറഞ്ഞ) ആരാധനകളെ ദൃഢപ്പെടുത്തലാണ് ഇഹ്സാന്‍ കൊണ്ട് വിവക്ഷിക്കുന്നത്. തന്നെ ആരാധ്യനായ അല്ലാഹു വീക്ഷിക്കുന്നുണ്ടെന്ന വണ്ണം പൂര്‍ണ മനഃസാന്നിധ്യത്തോടെയും ഭക്തിനിര്‍ഭരമായും ആത്മാര്‍ത്ഥമായും ആരാധന നിര്‍വഹിക്കുകയാണ് ദൃഢമാക്കല്‍ കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഇഹ്സാന്‍ എന്താണെന്ന ചോദ്യത്തിന് അല്ലാഹുവിനെ കാണും പ്രകാരം നീ അവന് ആരാധന നിര്‍വഹിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ എന്ന നബി(സ്വ)യുടെ വിശദീകരണത്തില്‍ രണ്ടവസ്ഥയിലേക്ക് സൂചനയുണ്ട്.
ഒന്ന്: അല്ലാഹുവിനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്നതിന് തുല്യം അവനെന്റെ ദൃഷ്ടിയിലുണ്ടെന്ന ഭാവം ആരാധന ചെയ്യുന്നവന്റെ മനസ്സില്‍ വര്‍ധിക്കുക. ഇതാണ് ഇഹ്സാനിന്റെ പാരമ്യം.
രണ്ട്: ഞാന്‍ ചെയ്യുന്നതെല്ലാം അല്ലാഹു കാണുന്നുണ്ടെന്നും അവന്‍ എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി അറിയുന്നുണ്ടെന്നുമുള്ള വിചാരം. നീ അവനെ കാണുംപ്രകാരം ആരാധിക്കുക എന്നത് ഒന്നാമത്തേതിലേക്കും അവന്‍ നിന്നെ കാണുന്നുവെന്നത് രണ്ടാമത്തേതിലേക്കും സൂചിപ്പിച്ചാണ് നബി(സ്വ) പറഞ്ഞത്.
ഈ രണ്ടവസ്ഥകളുടെയും പ്രഭവകേന്ദ്രം അല്ലാഹുവിനെ കുറിച്ചുള്ള അറിവും ഭയവുമാണ്. ഈ ആശയം ഇമാം നവവി(റ) ഇങ്ങനെ വിശദീകരിക്കുന്നു. മേല്‍ പറയപ്പെട്ട മര്യാദകള്‍ പാലിച്ച് ആരാധന നിര്‍വഹിക്കാന്‍ നിനക്ക് സാധ്യമാകുന്നത് നീ അല്ലാഹുവിനെയും അവന്‍ നിന്നെയും ദര്‍ശിക്കുമ്പോഴാണ്. അല്ലാഹു നിന്നെ കാണുന്നത് കൊണ്ടാണിപ്പറഞ്ഞത്. നീ അല്ലാഹുവിനെ കാണുന്നതിനാലല്ല. അവന്‍ നിന്നെ എപ്പോഴും വീക്ഷിച്ച് കൊണ്ടിരിക്കയാണ്. അതിനാല്‍ തന്നെ നീ അവനെ കാണുന്നില്ലെങ്കിലും അവന് വേണ്ടി ചെയ്യുന്ന ആരാധനകള്‍ അവനെ കാണുന്ന വിധം ആത്മാര്‍ത്ഥമായിരിക്കണം. ഹദീസില്‍ വിവരിച്ച ഈ ഭാഗം ഇസ്‌ലാമിക അടിസ്ഥാന പ്രമാണങ്ങളില്‍ മഹത്ത്വമേറിയ ഒന്നാണ്. മുഖ്യമായൊരു പൊതുനിയമവുമാണ്. സച്ചരിതര്‍ ചര്യയാക്കിയതും ആരിഫുകള്‍ നിധിയായി സൂക്ഷിച്ചതും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ച സാലിക്കുകള്‍ ഉദ്ദേശ്യലക്ഷ്യമാക്കിയതും പരമസത്യവാന്മാരായ സ്വിദ്ദീഖുകള്‍ അത്യന്താപേക്ഷിതമായി കണ്ടതുമായ കാര്യമാണിത്. സാരസമ്പൂര്‍ണതയേറിയ പ്രത്യേക പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നബിവചനങ്ങളില്‍ ഒന്നുമാണിത്.
ഇഹ്സാനിന്റെ ഈ മഹത്തായ അവസ്ഥ കൈവരിക്കുന്നതിന് സജ്ജനങ്ങളുമായി സഹവര്‍ത്തിത്വം പുലര്‍ത്താനാണ് ആത്മജ്ഞാനികളായ പണ്ഡിതന്മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ന്യൂനതയുണ്ടാകുന്ന വല്ലതിനോടും ബന്ധപ്പെടുന്നതിന് പ്രസ്തുത സഹവാസം തടസ്സമാകുമെന്നതാണിതിന് കാരണം. അവരോടുള്ള ആദരവും അവരെ സംബന്ധിച്ചുള്ള ലജ്ജയും ഇതിന് നിമിത്തമാകുന്നുണ്ടെങ്കില്‍ പ്രത്യക്ഷവും പരോക്ഷവുമായി അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് പറയേണ്ടതില്ലല്ലോ (ഫത്ഹുല്‍ബാരി 1/239).
ഇഹ്സാനിന്റെ അവസ്ഥ കൈവരിച്ചവര്‍ അല്ലാഹുവിന്റെ പ്രീതി ലഭിച്ചവരാണ്. അല്ലാഹു പറയുന്നു: ‘മുഹാജിറുകളും അന്‍സ്വാറുകളുമായ മുന്‍ഗാമികളും അവരെ ഇഹ്സാനോടുകൂടി അനുകരിച്ചവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടവരും അവര്‍ അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ചവരുമാകുന്നു’ (തൗബ/100).
‘അവര്‍ അല്ലാഹുവിനെയും അല്ലാഹു അവരെയും തൃപ്തിപ്പെട്ടു എന്നു വിശേഷിപ്പിക്കപ്പെട്ട വിഭാഗം അല്ലാഹുവിന്റെ പാര്‍ട്ടിയാണ്. അറിയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ പാര്‍ട്ടിയാണ് വിജയിച്ചവര്‍’ (സൂറതുമുജാദല/22).
ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ഇബാദത്ത് ചെയ്ത അടിമകളാണ് ഇപ്പറഞ്ഞവര്‍. ഇത്തരക്കാരെ വഴിതെറ്റിക്കാന്‍ ഇബ്ലീസിന് സാധ്യമല്ല. ഇത് ഇബ്ലീസ് തന്നെ പറയുന്നതായി ഖുര്‍ആനില്‍ കാണാം: ‘നേര്‍മാര്‍ഗത്തില്‍ നിന്നവരെ ഞാന്‍ വഴിതെറ്റിക്കും. അവരില്‍ നിന്ന് ആത്മാര്‍ത്ഥതയുള്ള നിന്റെ അടിമകളെ ഒഴിച്ച്’ (സൂറതുസ്വാദ്/82,83).
അല്ലാഹുവിന് ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ ആത്മാര്‍ത്ഥത കൈവരിക്കലാണ് ഇഹ്സാനില്‍ ലക്ഷ്യമാക്കുന്നതെന്നും ഇങ്ങനെ ഇബാദത്തെടുത്ത് അല്ലാഹുവിന്റെ സാമീപ്യം നേടിയ സജ്ജനങ്ങളുമായുള്ള സഹവാസം അതിലേക്ക് ചേര്‍ക്കുന്ന വഴിയാണെന്നും ഇതു വ്യക്തമാക്കുന്നു.
സഹവസിക്കപ്പെടുന്ന വ്യക്തിയുടെ ആത്മശുദ്ധിയുടെ തോതനുസരിച്ച് സഹവസിച്ചവന്റെ ഇഹ്സാനിലും വ്യത്യാസം സംഭവിക്കുന്നു. അതുകൊണ്ടു തന്നെ സൃഷ്ടികളില്‍ അത്യുല്‍കൃഷ്ടരും പരമോന്നത പരിശുദ്ധിയുടെ ഉടമയുമായ നബി(സ്വ)യുമായി സഹവസിച്ച സ്വഹാബത്തിന്റെ ഇഹ്സാനാണ് ഏറ്റവും ശ്രേഷ്ഠമായത്. ഉഹ്ദ് മലയോളം സ്വര്‍ണം ദീനിന് വേണ്ടി ചെലവഴിച്ചാലും ഒരു സ്വഹാബിയുടെ പദവിയോ അതിന്റെ പകുതിയോ കൈവരിക്കുക സാധ്യമല്ലെന്ന നബിവചനം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അപ്രകാരം തന്നെ സ്വഹാബത്തുമായി സഹവസിച്ച താബിഉകളാണ് ഈ സമൂഹത്തില്‍ പിന്നെ ശ്രേഷ്ഠരായവര്‍. ശേഷം അവരോട് സഹവസിച്ചവരും. അതുകൊണ്ടാണ് ഏറ്റവും ഉത്തമ കാലഘട്ടം എന്റെ കാലഘട്ടവും പിന്നെ അതിനോടടുത്തതും പിന്നെ അതിനോടടുത്തതുമാണെന്ന് നബി(സ്വ) പറഞ്ഞത്.
ഇവിടെയാണ് നാം ജാഗ്രത കാണിക്കേണ്ടത്. ആത്മീയത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്തവര്‍ ആത്മീയവാദികളായി രംഗത്ത് വരുന്ന ഇക്കാലത്ത് നന്മ ലക്ഷ്യമാക്കി നാമവരെ പിമ്പറ്റുന്നതും സഹവസിക്കുന്നതും ആത്മീയത നേടിത്തരുന്നതിന് പകരം നമ്മുടെ ഈമാന്‍ നഷ്ടപ്പെടുന്നതിലാണ് അവസാനിക്കുക. അനുകരിക്കേണ്ടവരുടെ ഗുണങ്ങള്‍ മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഇവ പൂര്‍ണമായും മേളിച്ചവരോട് സഹവസിക്കുന്നതിലാണ് പ്രയുക്ത ഗുണങ്ങളുള്ളത്. ഇത് മേളിച്ചിട്ടുണ്ടോ എന്ന പഠനം അതിപ്രധാനമാണ്. എന്തെങ്കിലും അദ്ഭുതങ്ങള്‍ കാണിച്ചുവരുന്ന, വല്ല അദൃശ്യങ്ങളും പറയുന്നവരുടെ പിന്നില്‍ പോകാതെ മഹാന്മാര്‍ക്കുണ്ടായിരിക്കേണ്ട വിശേഷണങ്ങള്‍ എന്തെല്ലാമാണെന്നറിയുന്ന പണ്ഡിതന്മാരെ സമീപിച്ച് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പക്ഷേ, ഇന്നത്തെ അവസ്ഥ വൈരുധ്യാധിഷ്ഠിതമാണ്. വിവരമില്ലാത്തവര്‍ എന്തെങ്കിലും മഹത്ത്വമുണ്ടെന്ന് പ്രചരിപ്പിച്ച് ഇത്തരക്കാരുടെ പിന്നില്‍ കൂടുന്നു. പിന്നീട് അബദ്ധത്തില്‍ ചാടുമ്പോഴാണിവര്‍ കൈമലര്‍ത്തുന്നത്. ചിലരെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടും പൈശാചിക ദുര്‍ബോധനത്തിനടിമപ്പെട്ടത് കൊണ്ട് എല്ലാറ്റിനെയും ന്യായീകരിച്ച് ഇത്തരക്കാരുടെ അനിസ്ലാമിക പ്രവണതകളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
noഇബാദത്തുകള്‍ കളങ്കമുക്തമാവുകയെന്നതാണ് തസ്വവ്വുഫ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും കാംക്ഷിച്ച് ആത്മാര്‍ത്ഥമായി നടത്തുന്ന ആരാധനകള്‍ കലര്‍പ്പില്ലാത്തതും പരിശുദ്ധവുമായിരിക്കും. ഈ അവസ്ഥ കൈവരിക്കുന്നവനില്‍ പത്ത് ഗുണങ്ങള്‍ മേളിച്ചിരിക്കണം. സ്വൂഫികളുടെ നേതാവ് എന്ന പേരില്‍ വിശ്രുതനായ ജുനൈദുല്‍ ബഗ്ദാദി(റ)യില്‍ നിന്ന് ഹാഫിള് നുഐം(റ) ഉദ്ധരിക്കുന്നു: ‘തസ്വവ്വുഫിനെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി ജുനൈദ്(റ) പറഞ്ഞു: പത്ത് വിശേഷണങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെ നാമമാണ് തസ്വവ്വുഫ്.
1. ലൗകികമായ മുഴുവന്‍ കാര്യങ്ങളിലും മിതത്വം സ്വീകരിക്കുക. ധാരാളിത്തം തീരെ പാടില്ല.
2. കാര്യങ്ങള്‍ നേടുന്നതില്‍ നിമിത്തങ്ങളുമായി ഒതുങ്ങിക്കൂടാതെ സര്‍വാത്മനാ അല്ലാഹുവിനെ അവലംബിക്കുക.
3. അല്ലാഹുവിനെ വഴിപ്പെടുന്നതില്‍ നിരന്തരം ആഗ്രഹിച്ചു കൊണ്ടിരിക്കുക.
4. ഇല്ലായ്മയാലുണ്ടാവുന്ന പരിഭവവും പരാതിയും വെടിഞ്ഞ് പൂര്‍ണ ക്ഷമാശീലനാവുക.
5. വല്ലതും സ്വീകരിക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുക. അഥവാ ഹറാമുകള്‍ക്കും ഹലാലുകള്‍ക്കുമിടയില്‍ പൂര്‍ണമായ വിവേചനം വരുത്തുക.
6. മറ്റെല്ലാ ജോലിയും മാറ്റിവെച്ച് അല്ലാഹുവുമായി വ്യാപൃതനാവുക.
7. ഇതര ദിക്റുകള്‍ വെടിഞ്ഞ് രഹസ്യമായ ദിക്റുകളില്‍ മുഴുകുക.
8. മനസ്സ് പതറുമ്പോള്‍ ആത്മാര്‍ത്ഥത ഉറപ്പുവരുത്തുക.
9. സംശയങ്ങളില്‍ അകപ്പെടുമ്പോള്‍ ഉറപ്പ് കൈവരിക്കുക.
10. മനഃസംഘര്‍ഷവും അസ്വസ്ഥതയും ഇല്ലാതെ പരിപൂര്‍ണമായി അല്ലാഹുവിനെ പ്രാപിക്കുക. പ്രയുക്ത പത്ത് കാര്യങ്ങള്‍ ഒരാളില്‍ മേളിച്ചാല്‍ അവന്‍ സ്വൂഫിയാകുന്നു. അല്ലെങ്കില്‍ അവന്‍ വ്യാജനാണ്’ (ഹില്‍യതുല്‍ ഔലിയാഅ് 1/22).
ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ) എഴുതുന്നു: അറിയുക, നിശ്ചയം തസ്വവ്വുഫ് കൊണ്ട് സുദൃഢമായവര്‍ ഹൃദയങ്ങള്‍ തെളിഞ്ഞവരും (ബാഹ്യ) അടയാളങ്ങള്‍ നന്നായവരുമാകുന്നു. നാഥന്‍ മാത്രമാണ് അവരുടെ ചിന്തയിലുള്ളത്. അവരുടെ സ്വഭാവങ്ങള്‍ നബി(സ്വ)യുടെ സുന്നത്തുകളാണ്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ചലനങ്ങളിലും ദേഹേച്ഛ, മറ്റു സൃഷ്ടികള്‍, ഐഹികം തുടങ്ങിയ മാലിന്യങ്ങളില്‍ നിന്നെല്ലാം തെളിഞ്ഞവനായിരിക്കണം സ്വൂഫി. മാത്രമല്ല അല്ലാഹുവില്‍ നിന്ന് പിന്തിരിപ്പിക്കുന്ന മ്ലേഛതകളില്‍ നിന്ന് അവന്റെ ചിന്ത സംശുദ്ധമായിരിക്കുകയും വേണം (ഹാലതു അഹ്ലില്‍ ഹഖീഖ/132).
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: അല്ലാഹുവില്‍ ലയിച്ച് അവന്റെ പ്രീതി നേടിയ ഔലിയാഇന്റെ മാര്‍ഗത്തില്‍ പ്രവേശിക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ പ്രധാനമായും ഒമ്പത് കാര്യങ്ങള്‍ സൂക്ഷിച്ചിരിക്കണം.
1. തൗബ (പശ്ചാതാപം) അവന്റെയും അല്ലാഹുവിന്റെയും തന്റെയും മറ്റു സൃഷ്ടികളുടെയും ഇടയില്‍ സംഭവിച്ച ചെറുതും വലുതുമായ മുഴുവന്‍ പാപങ്ങളില്‍ നിന്നും നിഷ്കളങ്കമായ പശ്ചാതാപം നടത്തിയിരിക്കണം. ദോഷം സംഭവിച്ചാല്‍ പെട്ടെന്ന് അതില്‍ നിന്ന് തൗബ ചെയ്ത് മുക്തനാവല്‍ നിര്‍ബന്ധമാണ്.
2. ഖനാഅത്ത് (കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടല്‍). ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലോത്തതില്‍ ആഡംബരം വെടിഞ്ഞ് ലഭ്യമായതില്‍ തൃപ്തിപ്പെടുകയെന്നതാണിത് കൊണ്ട് ലക്ഷ്യമാക്കുന്നത്.
3. സുഹ്ദ് (ലൗകികതകളെ ത്യജിക്കല്‍). സമ്പത്തിനോടും മറ്റുമുള്ള ഹൃദയബന്ധം വിഛേദിക്കുക. പ്രസ്തുത ബന്ധം പരമമായ ലക്ഷ്യത്തിന് വിഘാതമാകുമെന്നതില്‍ തര്‍ക്കമില്ലല്ലോ.
4. മതപരമായ കാര്യങ്ങള്‍ പഠിക്കല്‍. അല്ലാഹുവിലേക്ക് അടുക്കാന്‍ അവന്‍ സംവിധാനിച്ച ദീനിന്റെ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതും വര്‍ജിക്കേണ്ടതുമായ കാര്യങ്ങള്‍ വ്യക്തമായി പഠിക്കുക. അല്ലെങ്കില്‍ വലിയ അബദ്ധത്തില്‍ അകപ്പെട്ടവനും താന്‍ സത്യത്തിലും ഔന്നത്യത്തിലും അല്ലാഹുവിന്റെ തൃപ്തിയിലുമാണെന്ന് ധരിക്കും.
5. നബിചര്യകള്‍ സൂക്ഷിക്കല്‍. സംശുദ്ധമായ മനുഷ്യജീവിതത്തിന്റെ സര്‍വമേഖലകളും പ്രതിപാദിക്കുന്നതാണ് നബിചര്യ. അവ സാധിക്കും വിധം പൂര്‍ണമായി ജീവിതത്തില്‍ കൊണ്ടുവരികയെന്നതാണ് ഇതിന്റെ താല്‍പര്യം.
6. തവക്കുല്‍ (മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിലേക്കര്‍പ്പിക്കല്‍). കാര്യങ്ങള്‍ നേടുന്നതില്‍ കാരണങ്ങളില്‍ അവലംബിക്കാതെ ആ കാരണങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവില്‍ അവലംബിക്കുക.
7. ഇഖ്ലാസ് (ആത്മാര്‍ത്ഥത). ഓരോ പ്രവൃത്തിയിലും അല്ലാഹു എന്ന ഏകലക്ഷ്യം മാത്രമായിരിക്കുക. ലോകമാന്യം, അഹങ്കാരം, അഹംഭാവം പോലോത്ത രോഗങ്ങളില്‍ നിന്ന് മുക്തനായി അല്ലാഹുവിന്റെ പ്രീതിക്കായി മാത്രം പ്രവര്‍ത്തിക്കല്‍.
8. ഉസ്ലത്ത് (സൃഷ്ടികളില്‍ നിന്നുള്ള ഏകാന്തത). കാലം ദുശിച്ച് ജനങ്ങള്‍ക്കിടയില്‍ മതചിട്ടകളുമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് കാണുമ്പോള്‍ ജനങ്ങളുമായുള്ള സഹവാസം വെടിഞ്ഞ് ഏകാന്തവാസം സ്വീകരിക്കുക.
9. ആവശ്യമില്ലാത്തതില്‍ സമയം ചെലവഴിക്കാതിരിക്കല്‍. സമയം വളരെ വിലപ്പെട്ടതാണ്. ഓരോ നിമിഷവും അല്ലാഹുവിന്റെ ഇബാദത്തിലായി കഴിയാന്‍ ഇത് അനിവാര്യമാണ് (അദ്കിയാഅ്).
ആരായിരിക്കണം സ്വൂഫിയെന്നും തസ്വവ്വുഫിന്റെ മാര്‍ഗം ആഗ്രഹിക്കുന്നവര്‍ ശീലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ഈ കല്‍പനകള്‍ വ്യക്തമാക്കുന്നുണ്ട്. ഇവയില്‍ ഒന്നുപോലും നേരാം വണ്ണം മേളിക്കാത്തവരാണ് തസ്വവ്വുഫിന്റെ ഉന്നതങ്ങളായ ത്വരീഖത്ത്, ഹഖീഖത്ത് പോലോത്ത പദവികള്‍ അവകാശപ്പെട്ട് രംഗത്തുവരുന്നവരെന്ന് നാം തിരിച്ചറിയണം. ഇത്തരം വിശേഷണങ്ങള്‍ ഉള്ളവരാണോ എന്ന് പഠനം നടത്തി പണ്ഡിതര്‍ സാക്ഷ്യപ്പെടുത്താത്തവര്‍ക്ക് പിന്നില്‍ കൂടുന്നതും അവരോട് സഹവസിക്കുന്നതും അപകടകരവും വിശ്വാസം നഷ്ടപ്പെടുത്തുന്ന മഹാവിപത്തുമാണ്.
(തുടരും)

പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍

Exit mobile version