തായ്‌വേര് നേടാത്ത സെല്‍ഫിസം

salafism-malayalm article

ലഫ് എന്ന പദത്തിന് നല്‍കാവുന്ന അര്‍ത്ഥം മുന്‍ഗാമികള്‍ എന്നാണ്. ഏതൊരാളുടെയും പൂര്‍വികര്‍ അവന് സലഫായിരിക്കും. എന്നാല്‍ സലഫ് എന്ന പദം സാങ്കേതികമായി ഒരു മാതൃകാസമൂഹത്തെയാണര്‍ത്ഥമാക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിനുണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളും സ്വഭാവങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവര്‍ത്തിച്ച് ഉത്തമരായി ജീവിച്ചവരാണവര്‍. സലഫ് എന്നോ സ്വലഫുസ്സാലിഹ് എന്നോ വിശേഷിപ്പിക്കപ്പെടുന്നവരെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമാണ് വര്‍ത്തമാന കാലത്തുള്ളത്. അഥവാ ചിലര്‍ സ്വയം സലഫി ചമഞ്ഞ് അതിനാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

സ്വന്തം കാലഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും തങ്ങള്‍ക്കു മുമ്പില്‍ രൂപപ്പെട്ട സമസ്യകളെയും അവരുടെ വൈജ്ഞാനികവും പരമ്പരാഗതവുമായ സവിശേഷ വ്യക്തിത്വം കൊണ്ടാണവര്‍ സമീപിച്ചത്. ഉത്തമരാണെന്ന തിരുനബി(സ്വ)യുടെ വിശേഷണത്തെ അവരന്വര്‍ത്ഥമാക്കി. അത് കൊണ്ടാണ് മുന്‍ഗാമികള്‍ എന്ന അര്‍ത്ഥമുള്ള പദം മാതൃകായോഗ്യരായ മുന്‍ഗാമികള്‍ എന്ന അര്‍ത്ഥതലത്തിലേക്കുയര്‍ന്നത്.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സലഫ് ഉത്തമരും മാതൃകായോഗ്യരും ആദരണീയരും നന്മയും ഗുണവും പടര്‍ത്തിയവരും പകര്‍ന്നവരുമാണ്. അതിനാല്‍ തന്നെ ആ പദം കേള്‍ക്കുമ്പോള്‍ സ്‌നേഹാദരത്തിന്റെ ഒരു സ്പന്ദനമെങ്കിലും സത്യവിശ്വാസിയില്‍ നിന്ന് ഉണ്ടാകാതിരിക്കില്ല. സത്യവിശ്വാസത്തിലും കര്‍മാനുഷ്ഠാനങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവര്‍ അവലംബമായിത്തീര്‍ന്നിട്ടുണ്ട്. അവരുടെ സാന്നിധ്യവും സേവനവും സത്യദീനിനെ കൃത്യമായി നമുക്ക് ലഭിക്കുന്നതിന് നിമിത്തമായി.

സലഫ് എന്ന പദത്തിന് പ്രയോഗ സുഖത്തെക്കാള്‍ സത്യത്തിന്റെ മധുരവും മണവുമുണ്ട്. സത്യവിശ്വാസികളുടെ മാതൃകകളായ പൂര്‍വികരാണവരെന്ന വിചാരം വിശ്വാസി മനസ്സില്‍ മാത്രമല്ല, പൊതുസമൂഹത്തിലും സലഫുകളെക്കുറിച്ചു നിലനിന്നിരുന്നതാണ്. എന്നാല്‍ സ്വാര്‍ത്ഥരായ ചിലരും ചില പ്രസ്ഥാനങ്ങളും ആ പദത്തിന്റെ ആശയത്തിന് പരുക്കേല്‍പിക്കുക മാത്രമല്ല ഭീകരതയുടെ ഭീതിവിചാരം വളര്‍ത്തുന്ന വിധത്തിലാക്കിയിരിക്കുകയാണിന്ന്. സലഫിന്റെ ആശയാദര്‍ശങ്ങള്‍ ഏറ്റെടുത്ത് ജീവിച്ച തൊട്ടടുത്ത കാലക്കാരാരും തന്നെ അവരുടെ ജീവിതത്തിന് അപ്രമാദിത്വം സ്ഥാപിക്കുന്നതിനായി സലഫ് എന്ന പദത്തെ ദുരുപയോഗിച്ചിരുന്നില്ല. അഥവാ തങ്ങള്‍ സലഫികളാണെന്ന് പറഞ്ഞിരുന്നില്ല. സലഫിയിലുണ്ടായിരുന്ന ഇമാമുകളിലേക്ക് ചേര്‍ത്തി അറിയപ്പെടുകയായിരുന്നു അവരെല്ലാം. സത്യപാതയില്‍ നിന്ന് വ്യതിചലിച്ചവരും സ്വന്തം നേതാവിലേക്കോ പ്രധാന വാദങ്ങളിലേക്കോ ചേര്‍ത്തിയാണറിയപ്പെട്ടത്.

എന്നാല്‍ പില്‍ക്കാലത്ത് പ്രത്യക്ഷപ്പെട്ട ചിലര്‍ തങ്ങള്‍ എങ്ങനെ വാഴ്ത്തപ്പെടണമെന്ന് സ്വയം ആലോചിച്ച് തീരുമാനിച്ച് പല പേരുകളും സ്വീകരിക്കുകയുണ്ടായി. ഉത്തമ സമൂഹത്തിന് ഹദീസിലോ മഹദ്വചനങ്ങളിലോ വന്ന വിശേഷണങ്ങളും പേരുകളും ഉപയോഗിക്കുന്ന രീതിയും അവരില്‍ കാണാം. അഹ്‌ലുല്‍ ഹദീസ്, അഹ്‌ലുല്‍ ഹഖ്, അല്‍ ഫിര്‍ഖതുന്നാജിയ, അത്ത്വാഇഫതുല്‍ മന്‍സ്വൂറ, സബീലു സലഫി സ്വാലിഹ്, അസ്വ്ഹാബുത്വരീഖിസ്സവീ വല്‍ മന്‍ഹജി സ്വഹീഹ് എന്നിങ്ങനെ പല പേരുകളും സ്വന്തമായി ഉപയോഗിക്കപ്പെടുന്നു. (നോക്കുക, ഇഅ്തിഖാദു അഇമ്മതിസ്സലഫ്, ഉസസു മന്‍ഹജിസ്സലഫി ഫിദ്ദഅ്‌വ).

സലഫികള്‍ എന്ന പേര് ‘സലഫ്’ എന്നറിയപ്പെടുന്ന ഉത്തമ വിഭാഗത്തോട് ചേര്‍ത്തി സ്വയം നിര്‍മിച്ചതാണ്. സലഫില്‍ നിന്ന് ആരും സലഫിസം എന്ന ഒരു ഇസം സ്ഥാപിച്ചിട്ടില്ല. അതിന്റെയടിസ്ഥാനത്തില്‍ സലഫി എന്ന് അവരാരും അറിയപ്പെട്ടിട്ടുമില്ല. അതിനാല്‍ സലഫിസവും സലഫികളും എന്ന പ്രയോഗമോ വിഭാഗമോ മുന്‍ഗാമികളില്‍ ഉണ്ടായിരുന്നില്ല. മറിച്ച് സലഫുകളും അവരെ പിന്തുടരുന്നവരുമാണുണ്ടായിരുന്നത്. ഒരു നല്ല പേരും വിശേഷണവുമൊക്കെ തങ്ങള്‍ക്കുണ്ടാവുക എന്നത് ആരുടെയും മോഹമായിരിക്കാം. പക്ഷേ, ഇവിടെ ഒരു സമൂഹവും അവരുടെ ആദര്‍ശവും ഒരു പോലെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുവെന്നതാണ് പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ അറബിയില്‍ എഴുതുമ്പോള്‍ സലഫിയോട് സാമ്യം തോന്നുന്ന സെല്‍ഫി എന്നും അതിന്റെ പദഭേദമായ സെല്‍ഫിസം എന്നുമായിരിക്കും അവര്‍ക്കു ചേരുക.

ഇപ്പേരില്‍ അറിയപ്പെടുന്നുവെന്നതിനെക്കാള്‍ ഗുരുതരമായ പ്രശ്‌നമുള്ളത് സലഫും ഇവരും തമ്മിലുള്ള ബന്ധം വൈരുദ്ധ്യാധിഷ്ഠിതമാണെന്നതാണ്. കാരണം സലഫിന്റെ സംസ്‌കാരമല്ല ഇവര്‍ വെച്ചു പുലര്‍ത്തുന്നത്. സലഫ് നിര്‍വഹിച്ചത് പ്രധാനമായും ദഅ്‌വത്തും വിജ്ഞാന വിതരണവുമാണ്. അത് അംഗീകരിക്കുന്നതില്‍ സലഫികളും മുന്നില്‍ തന്നെയാണ്. അതിനു കാരണം തങ്ങളും ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇതെളുപ്പമാണെന്നതാണ്. പക്ഷേ, സലഫിന്റെ പേരില്‍ ‘കുമ്മനടിച്ചവര്‍’ കലാപരവും അക്രമവും മറ്റു ധുര്‍നടപ്പുകളുമാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

സലഫി പേരു സ്വീകരിച്ചതിനെതിരെ സമൂഹത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വ്യാഖ്യാനക്കസര്‍ത്ത് നടത്തുന്നത് അവരുടെ സാഹിത്യങ്ങളിലും വെബ്‌സൈറ്റുകളിലും കാണാം. സുല്‍ത്വാനുല്‍ ഉലമാ ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം(റ) മുശബ്ബിഹത്തിനെ പരിചയപ്പെടുത്തുന്ന ഭാഗത്ത്, സലഫും ഇവരും തമ്മിലുള്ള ബന്ധം കൃത്യമായി വിവരിക്കുന്നുണ്ട്: ‘അല്ലാഹുവിനെ അവന്റെ സൃഷ്ടികളോട് തുല്യപ്പെടുത്തുന്ന മുശബ്ബിഹത്തുകളായ ഹശവിയ്യത്ത് രണ്ടു വിഭാഗമുണ്ട്. ഒന്ന്, പ്രത്യക്ഷമായും വ്യക്തമായും അങ്ങനെ പറയാന്‍ ധൃഷ്ടരായവര്‍. രണ്ട്, സലഫിന്റെ മദ്ഹബിനെ മറപിടിക്കുന്നവര്‍. എന്നാല്‍ സലഫിന്റെ നിലപാട് തശ്ബീഹും(തുല്യപ്പെടുത്തല്‍) തജ്‌സീമും(ജഡമുണ്ടെന്നു വാദിക്കല്‍) ഇല്ലാത്ത, തൗഹീദും(ഏകത്വം) തന്‍സീഹും(പരിശുദ്ധിപ്പെടുത്തല്‍) ആണ്. എല്ലാ പുത്തന്‍ വാദികളുടെയും രീതിയാണ് തങ്ങള്‍ സലഫിന്റെ മാര്‍ഗം പിന്തുടരുന്നവരാണ് എന്നു വാദിക്കല്‍ (അതാണിവരിലും കാണുന്നത്.) (റസാഇലുന്‍ ഫിത്തൗഹീദ്, പേ 17).

ഇതു കുറിക്കുകൊണ്ട സലഫി(?)കള്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ആളെ വ്യക്തമാക്കാതെ ‘ഒരാള്‍’ എന്നു പറഞ്ഞാണ് മറുപടി നിരത്തിയിട്ടുള്ളത്. ഈ ‘ഒരാള്‍’ സുല്‍ത്വാനുല്‍ ഉലമ ഇസ്സുദ്ദീനു ബ്‌നു അബ്ദുസ്സലാമാണെന്നത് പരസ്യപ്പെടുത്തിയാല്‍ തന്റെ മറുപടിയുടെയും വിശദീകരണത്തിന്റെയും മൂല്യം ഇടിയുമെന്നതായിരിക്കണമിതിനു കാരണം. എന്നിട്ടും തങ്ങളുടെ വിശ്വാസത്തിന് ന്യായീകരണം നടത്തുകയല്ല, മറിച്ച് സലഫ്‌ന്റെ മഹത്ത്വം പറയുകയാണ് ഇവര്‍. സലഫ്‌ന്റെ മഹത്ത്വമാകട്ടെ ആര്‍ക്കും തര്‍ക്കമില്ലാത്തതുമാണ്. എന്നു വെച്ച് ഇവരാരും യഥാര്‍ത്ഥ സലഫ്‌ന്റെ ശ്രേണിയിലെത്തുകയില്ല. വാദിക്കും പ്രതിവാദിക്കും തര്‍ക്കമില്ലാത്ത ഒരു കാര്യം കട്ടായമായി പറഞ്ഞ് മികവ് നടിക്കുന്ന പാഴ്‌വേല എന്നേ അതിനെക്കുറിച്ച് പറയാനാവൂ. തന്റെ പ്രബന്ധസമാഹാരത്തിന്റെ നാലാം ഭാഗത്തില്‍ പത്ത് പേജിലധികം ഉപരി അഭിപ്രായങ്ങളെ സലഫിനേതാവ് ഖണ്ഡിക്കുന്നുണ്ട്. എന്നിട്ട് അവസാനം പറയുന്നു:’ഇപ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം ഗ്രാഹ്യമായി. എല്ലാ പുത്തന്‍ വാദികളുടെയും അടയാളം സലഫ്‌നെ പിന്തുടരുന്നതിന്റെ ഭാഗമായ അവരുടെ മാര്‍ഗത്തെ സ്വീകരിക്കുന്നതിനെ ഒഴിവാക്കലാണ് (മജ്മൂഉല്‍ ഫതാവാ 4/155).

തശ്ബീഹും തജ്‌സീമും ഇല്ലാത്ത തൗഹീദിന്റെ വക്താക്കളായ സലഫിന്റെ മാര്‍ഗത്തിലാണ് തങ്ങളെ ന്നവകാശപ്പെടുന്നവരെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന്, അവര്‍ സലഫ്‌നെതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിഫല ശ്രമമാണിവിടെ നടത്തിയിരിക്കുന്നത്. സലഫ് മുജസ്സിമത്തും മുശബ്ബിഹത്തുമാണെന്ന് വരുത്തി തങ്ങളുടെ മദ്ഹബായിരുന്നു സലഫ്‌നും ഉണ്ടായിരുന്നതെന്നു സ്ഥാപിക്കല്‍ അതിലടങ്ങിയിട്ടുണ്ട്. ഏതായാലും സലഫിന്റെ ആളുകളാണ് തങ്ങളെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങളുടെ മന്ത് അവര്‍ക്കുണ്ടായിരുന്നുവെന്ന് പറയേണ്ട ഗതികേടിലാണവര്‍ അകപ്പെട്ടിരിക്കുന്നത്. അതിനാലാണ് സലഫി എന്ന് സലഫ്‌ലേക്ക് ചേര്‍ത്തു പ്രയോഗിച്ചത്.

സലഫി എന്ന പദത്തെ ന്യായീകരിക്കുന്നതിനായി ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും ചില പേരുകള്‍ ബിദ്അത്തുകാര്‍ ഉദ്ധരിക്കാറുണ്ട്. ഹറകത്തുകള്‍ നല്‍കപ്പെടാത്ത അറബി പദത്തെ സലഫി എന്നു തെറ്റിദ്ധരിച്ചതാണ് പ്രധാനമായും ഇതിലൊന്ന്. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ വഫാത്തായ അബൂത്വാഹിറു സ്സിലഫി എന്ന പണ്ഡിതന്‍ സലഫിയായിരുന്നുവെന്നതാണത്. യഥാര്‍ത്ഥത്തില്‍ സിലഫത്ത് എന്നതിലേക്ക് ചേര്‍ത്തിയാണത് പറയപ്പെടുന്നത്. മേലെ ചുണ്ട് കീറിയവന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. അത് അദ്ദേഹത്തിന്റെ പിതാമഹന്മാരിലൊരാള്‍ക്ക് വന്ന പേരാണ്. ചുണ്ട് കീറിയത് തന്നെയാണതിനു കാരണം. അറബിയില്‍ സിലഫി എന്നെഴുതിയാലും സലഫി എന്നെഴുതിയാലും സുലഫി എന്നെഴുതിയാലും ഹറകത്തില്ലാത്തതിനാല്‍ ഒരു പോലെയാണ് കാണപ്പെടുക. സുലഫി എന്നു പേരിനൊപ്പം ചേര്‍ത്തു പറയുന്നവരും ചരിത്രത്തിലുണ്ട്. അല്ലാമാ സ്വന്‍ആനിയുടെ അല്‍ അന്‍സാബ് നോക്കിയാല്‍ ഇത്തരത്തില്‍ കുറെ സുലഫികളെ കാണാം.

അബൂത്വാഹിറുസ്സിലഫീ(റ)യുടെ ജീവിത ചരിത്രം രേഖപ്പെടുത്തിയവര്‍ അദ്ദേഹത്തിന് സിലഫി എന്ന വിശേഷണം വന്നതെങ്ങനെയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസ് വിജ്ഞാനീയത്തിലും ചരിത്രത്തിലും പ്രസിദ്ധനായ വൈജ്ഞാനിക സേവനകനായിരുന്നു അദ്ദേഹം. ശാഫിഈ കര്‍മശാസ്ത്ര വിശാരദനും കവിയുമായിരുന്നു. അല്‍ ബിദായത്തു വന്നിഹായ, അല്‍ വാഫീബില്‍ വഫയാത്ത്, ത്വബഖാതുസ്സുബ്കി, അസ്സുലൂക് ഫിത്വബഖാതില്‍ ഉലമാഇ വല്‍ മുലൂക്, വഫയാതുല്‍ അഅ്‌യാന്‍ തുടങ്ങിയവയിലൊക്കെ സിലഫി എന്നു നിര്‍ണയിച്ചിട്ടുണ്ട്. ദഹബിയുടെ സിയറില്‍ അത് സലഫിലേക്ക് നിസ്ബയാണെന്ന് തോന്നിക്കുന്ന പരാമര്‍ശമുണ്ട്. അതു തന്നെ സിലഫ് എന്ന് പ്രപിതാവിന് അപരനാമമുണ്ടായിരുന്നു എന്ന് പറഞ്ഞ ശേഷമാണ്. അദ്ദേഹം പറയുന്നതിങ്ങനെ: സലഫി എന്നതിനോടൊപ്പം സിലഫിയും ആണെന്ന് പറയാം. ആശയപ്രധാനമാണ്. സലഫി എന്നാല്‍ സലഫിന്റെ നിലപാടംഗീകരിക്കുന്നവരാണ് (സിയറു അഅ്‌ലാമിന്നുബുവ്വ 21/6).

സലഫിസം സ്ഥാപിച്ച് കിട്ടല്‍ അനിവാര്യമായ സ്വന്തം ഗുരുനാഥനായ ഇബ്‌നു തൈമിയ്യയെ സഹായിക്കാനായിരിക്കാം ദഹബി അങ്ങനെ ഒരു പരാമര്‍ശം നടത്തിയത്. മറ്റു പല പണ്ഡിതരെക്കുറിച്ച് വിവരിക്കുമ്പോഴും തന്റെ വകയായി അദ്ദേഹം സലഫിയായിരുന്നു എന്നു പ്രയോഗിക്കുന്നതും കാണാം. എന്നാല്‍ അദ്ദേഹം അങ്ങനെ പ്രയോഗിച്ചുവെന്നല്ലാതെ അത്തരമൊരു പ്രയോഗം നേരത്തെ ഉണ്ട് എന്നോ പ്രസ്തുത പണ്ഡിതന്‍ അങ്ങനെ അറിയപ്പെട്ടു എന്നോ അതുകൊണ്ട് വരുന്നില്ല. കാരണം, അദ്ദേഹം അങ്ങനെ പ്രയോഗിച്ചത് ഗുരുനാഥനെ സഹായിക്കാനായിരിക്കാമെന്നനുമാനിക്കാവുന്നതാണ്. കൃത്യമായും സലഫ്‌നെ അംഗീകരിക്കുകയും അനുധാവനം നടത്തുകയും ചെയ്യുന്നയാളെ കുറിച്ച് സലഫിയെന്നു പറയാമെന്ന് കരുതുന്ന ഒരാള്‍, അത്തരത്തില്‍ പെട്ടവരെ സലഫികള്‍ എന്നു വിളിക്കുന്നത് കൊണ്ട് അവര്‍ പുത്തന്‍ സലഫികളാകുന്നതുമല്ല.

Exit mobile version