തിരിച്ചറിവ്

thiricharivമുജാഹിദുകള്‍ക്കിടയില്‍ അവര്‍ തന്നെയുണ്ടാക്കിയ പിളര്‍പ്പിലൂടെ സര്‍വ ജിന്നുകളും ശ്വൈാന്മാരും അധര്‍മികളും കുതിച്ചുയര്‍ന്ന് തൗഹീദിനെത്തന്നെ റാഞ്ചിക്കൊണ്ടു പോയിരിക്കുന്നു. ഇപ്പോള്‍ തൗഹീദിന്റെ കറകളഞ്ഞ ആദര്‍ശത്തെ, ബഹുഭൂരിപക്ഷം വരുന്ന ബഹുദൈവ വിശ്വാസികളോട് അന്തസ്സോടെ ഊറ്റത്തോടെ പറയാന്‍ കഴിയാതെ യഥാര്‍ത്ഥ മുവഹ്ഹിദുകള്‍ പോലും കണ്ണുതള്ളി തുറിച്ചുനോക്കി നില്‍ക്കേണ്ടി വന്നിരിക്കുന്നു.
(കോയക്കുട്ടി ഫാറൂഖി, അല്‍ഫനാര്‍ 2012 നവം.)
പതിനൊന്ന് ലക്കം സുന്നിവോയ്സ് മുജാഹിദ് പ്രസ്ഥാനത്തിന്റെ കരള്‍മാന്തിയിട്ടും ആര്‍ക്കും മറുപടി നല്‍കാനായില്ലെന്ന് വിലപിച്ച മൗലവിയുടെ പുതിയ രോദനം! മുസ്ലിംസമൂഹത്തെ ശിര്‍ക്കുവല്‍ക്കരിച്ചതിന്റെ ശമ്പളം അനുഭവിച്ചുതീരുക തന്നെ.

കേരള മുസ്ലിം നവോത്ഥാന സംരംഭം ആദ്യമായി ആരംഭിക്കുന്നത് എഡി 1922 വര്‍ഷത്തിലാണ്.
(ഇസ്ലാഹീ പ്രസ്ഥാനം, കെഎന്‍എം, പേ 8).
പിന്നെങ്ങനെയാണാവോ 2012ല്‍ നൂറ്റാണ്ടു തികയുന്നത്?

നമുക്ക് സമ്പദ്ലബ്ധി, സന്താന ലബ്ധി തുടങ്ങിയ നേട്ടങ്ങളുണ്ടാകുമ്പോള്‍ അതില്‍ അല്ലാഹുവിനോട് ശുക്റും സന്തോഷവും പ്രകടിപ്പിക്കുക എന്നതും സുന്നത്താണ്. ശുക്ര്‍ ചെയ്യുന്നത് നോമ്പ്, നമസ്കാരം തുടങ്ങിയ ഇബാദത്തുകളിലൂടെയാവാം. ദാനധര്‍മങ്ങളിലൂടെയും ആവാം. സന്തോഷിക്കുന്നത് നേട്ടങ്ങള്‍ സ്വജനങ്ങളെ അറിയിച്ചും അവര്‍ക്ക് മധുര പലഹാരങ്ങളോ സദ്യകളോ നല്‍കിയും ആവാം. അതിനെയൊന്നും ആരും വിമര്‍ശിക്കേണ്ടതില്ല. ഈ രീതിയില്‍ പ്രവാചകനെ ആദരിക്കുന്നതിനും അവിടുത്തെ സന്ദേശങ്ങള്‍ അനുസ്മരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള ഒരവസരമായി പ്രവാചകന്റെ ജന്മദിനത്തെ ഉപയോഗപ്പെടുത്തുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
(പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍, ടികെ ഉബൈദ്, ഐപിഎച്ച്, പേ 423).
പിന്നെ നബി(സ്വ) ചില മൗലവിമാരെക്കാള്‍ ഉയര്‍ന്നുപോകുന്നതും അസാധാരണത്വം ലോകം തിരിച്ചറിയുന്നതുമാണ് പ്രശ്നം. അതുകൊണ്ടു ആരും അവിടുത്തെക്കുറിച്ച് മിണ്ടരുത്; നബിദിനമാഘോഷിക്കരുത് എന്ന്!

അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും.
(തൗഹീദ് ഒരു പഠനം, സിപി ഉമര്‍സുല്ലമി, പേ 44).
ഇത് മുസ്ലിം പണ്ഡിതര്‍ മുന്പേ പറഞ്ഞതാണ്. അന്നത് പൗരോഹിത്യമായി. പിന്നെ ഓരോ മൗലവിയും സ്വിഫതുകള്‍ വ്യാഖ്യാനിച്ച് അല്ലാഹു കൈയും കാലുമുള്ള ഒരു വികൃത സങ്കല്‍പമായിത്തീര്‍ന്നു ഇപ്പോള്‍ നേര്‍വഴിയിലേക്കടുക്കുന്നു. നല്ലതുതന്നെ!

കൂട്ടിമുട്ടല്‍

അവനവന്‍ സ്വമേധയാ തെറ്റ് ഏറ്റുപറഞ്ഞ് പടച്ചവനോട് ചെയ്യേണ്ട തൗബ സുന്നി പൗരോഹിത്യം കാശ് കിട്ടാനുള്ള മാര്‍ഗത്തിനായി ചൊല്ലിക്കൊടുക്കല്‍ ചടങ്ങാക്കി മാറ്റി. പൗരോഹിത്യത്തിന്റെ തലതിരിഞ്ഞ നവോത്ഥാന സംരംഭങ്ങളിലേക്ക് ഈ ദുരാചാരവും ചേര്‍ക്കാം.

നമ്മുടെ രാജ്യങ്ങളിലെ തൗബ ചൊല്ലിക്കൊടുക്കുന്ന ഈ ഏര്‍പ്പാട് മേല്‍പറഞ്ഞവിധം പരിഷ്കരിക്കേണ്ടതാണ്. അങ്ങനെ പരിഷ്കരിക്കുന്നപക്ഷം അത് ഫര്‍ളായ ഒരു അമലായി ഭവിക്കുന്നതും ആ ചൊല്ലിക്കൊടുക്കുന്ന ഉലമാക്കളെ ധനം കൊണ്ട് സഹായിക്കുന്നത് അല്ലാഹുവിന്റെ സബീലില്‍ ധനം ചെലവ് ചെയ്യലായി വരുന്നതുമാകുന്നു.
(കെഎം മൗലവിയുടെ ഫത്വകള്‍, പേ 126)

Exit mobile version