തെളിവുകളോടെ മാത്രം സംസാരിക്കുന്ന പണ്ഡിതൻ

2007ലാണ് ചെറിയ എപി ഉസ്താദിനെ ആദ്യമായി കാണുന്നത്. എസ്എസ്എൽസിക്ക് പഠിക്കുന്ന കാലം. വ്യാജ ശൈഖിന്റെ മുരീദന്മാരായി ചിലർ നാട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോൾ ‘ശൈഖ്, ത്വരീഖത്ത്, കറാമത്ത്’ വിഷയത്തിൽ മഹല്ല് കമ്മിറ്റി നടത്തിയ വിശദീകരണ യോഗത്തിൽ അവതാരകനായി ഉസ്താദാണ് വന്നത്. പ്രസംഗം കഴിഞ്ഞ് ഇശാ നിസ്‌കാരത്തിന് വുളൂ ചെയ്യാൻ വേണ്ടി ഹൗളിനടുത്തേക്ക് വന്ന സമയത്ത് വ്യാജ ശൈഖിന്റെ മുരീദന്മാർ വരികയും ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുകയുമുണ്ടായി. അതിനെല്ലാം ഉസ്താദ് പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഹൗളിനടുത്ത് നിന്ന നിൽപിൽ അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്ന ഉസ്താദിന്റെ രൂപമാണ് മനസ്സിൽ വരച്ചിട്ട ആദ്യ ചിത്രം.

പ്രസംഗങ്ങൾ

തിരൂരങ്ങാടിയിൽ നടന്ന റമളാൻ പ്രഭാഷണം. നിസ്‌കാരത്തിലെ ഭയഭക്തിയാണ് വിഷയം. വളരെ ലളിതമായ രൂപത്തിൽ നിസ്‌കാരത്തിൽ എങ്ങനെ ഹൃദയ സാന്നിധ്യം നേടിയെടുക്കാമെന്ന് ഉസ്താദ് വിശദീകരിക്കുകയാണ്. സ്വാഭാവികമായും ഏതൊരു ശ്രോതാവിന്റെയും മനസ്സിൽ കടന്നുവരുന്ന പ്രശ്‌നമായിരിക്കും നിസ്‌കാരത്തിനിടയിലെ പലതരം ചിന്തകൾ. അതിനും മറുപടിയുണ്ടായിരുന്നു. നിസ്‌കാരത്തിൽ മറ്റു ചിന്തകൾ കടന്നുവരുമ്പോൾ ഉടനെതന്നെ അതിൽ നിന്ന് ഒഴിവായാൽ ഖുശൂഇന് പ്രശ്‌നമില്ലെന്നും ആരമ്പ റസൂലുല്ലാഹി(സ്വ)ക്ക് വരെ ഒരു ദിവസം നിസ്‌കരിക്കുമ്പോൾ മനസ്സിലേക്ക് തന്റെ പക്കൽ വന്നുചേർന്ന പണത്തെ കുറിച്ച് ചിന്ത വരികയും നിസ്‌കാരം അവസാനിച്ച ഉടനെ ആ പണം അർഹർക്ക് വീതിച്ച് നൽകാൻ ഭാര്യമാരെ ഏൽപ്പിക്കുകയും ചെയ്ത ബുഖാരിയുടെ ഹദീസ് ഉദ്ധരിച്ചായിരുന്നു മറുപടി. തുടർന്ന് അദ്ദേഹം പറഞ്ഞു: നിസ്‌കാരത്തിലെ ഹൃദയ സാന്നിധ്യം ഒരു കിട്ടാക്കനിയല്ല.
പ്രസംഗം കേട്ടിരിക്കുന്ന ഏതൊരാൾക്കും പ്രാക്ടിക്കലായി ചെയ്യാൻ കഴിയുന്ന കാര്യം! നിസ്‌കാരത്തിലെ മനഃസാന്നിധ്യം സാധ്യമാകുമെന്ന ചിന്ത ചെറിയ കുട്ടിയുടെ മനസ്സിൽ പോലും മുളപ്പിക്കാൻ ആ സംസാരത്തിന് കഴിയുന്നുവെന്നതാണ് ഉസ്താദിന്റെ പ്രസംഗത്തിന്റെ എഫക്ട്! പിന്നീട് മതവിദ്യാർത്ഥിയായതിന് ശേഷം അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും മനം നിറഞ്ഞു കേൾക്കാനായി.
വ്യത്യസ്തമായ അവതരണങ്ങൾ, ലളിതമായ ഭാഷ, മനം കുളിർപ്പിക്കുന്ന പോയിന്റുകൾ, കേട്ടുപരിചയമുള്ള ഹദീസുകളിൽ നിന്ന് തന്നെ ചികഞ്ഞെടുക്കുന്ന അമൂല്യ ജ്ഞാനങ്ങൾ, പറയുന്ന കാര്യങ്ങൾക്ക് എല്ലാം ഇമാമുകളുടെ ഉദ്ധരണങ്ങളുടെ പിൻബലം… ഇതെല്ലാം ആ ക്ലാസുകളുടെയും പ്രഭാഷണങ്ങളുടെയും ആകർഷണമായിരുന്നു.
സദസ്സിനെ കൈയിലെടുത്ത് സംസാരിക്കുന്ന ഉസ്താദിനെയാണ് എപ്പോഴും കാണാറുള്ളത്. പെട്ടെന്നൊന്നും നിർത്തരുതെന്ന മനോവ്യാപാരത്തോടെ അത് സാകൂതം ശ്രവിക്കുന്ന സദസ്സിനെയും മുമ്പിൽ കാണാം. പരിചയക്കാരുള്ള സദസ്സാണെങ്കിൽ ഏതൊക്കെ തരം ആളുകളുണ്ട്, അവർക്കെല്ലാവർക്കും വേണ്ട വിഷയങ്ങൾ പ്രസംഗത്തിൽ കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ടെന്ന് ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരി പരാമർശിക്കാത്ത പ്രസംഗങ്ങൾ കേട്ടിട്ടേയില്ല. സ്വഹീഹായ ഹദീസുകളും ചരിത്രങ്ങളുമാണ് ജനങ്ങൾക്ക് പഠിപ്പിക്കേണ്ടതെന്ന നിലപാടായിരുന്നു. അടിസ്ഥാനമില്ലാത്ത കഥകളും ഹദീസുകളും ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ ഭാഷയിൽ വിദ്യാർത്ഥികളെ താക്കീത് ചെയ്യാറുണ്ട്.
എത്ര വട്ടം പ്രസംഗിച്ച കാര്യമാണെങ്കിലും പിന്നീട് പ്രസംഗിക്കേണ്ടി വരുമ്പോൾ ആ ഭാഗങ്ങൾ ഒരാവർത്തി കൂടി നോക്കി ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രസംഗിക്കുക. തിരുകേശം സംബന്ധിയായി ഒരുപാട് തവണ ഇബ്‌നു ഹജർ(റ)വിന്റെ ഫതാവയിൽ നിന്നുള്ള ഭാഗങ്ങൾ ഉസ്താദ് ഉദ്ധരിച്ചു കേട്ടിട്ടുണ്ട്. പിന്നീട് ഒരു മർകസ് സമ്മേളനത്തിൽ ആ ഭാഗം പ്രസംഗിക്കുന്നതിന് മുമ്പ് എന്നെ വിളിച്ച് ഫതാവാ വായിപ്പിക്കുകയും അതൊരു പേപ്പറിലേക്ക് എഴുതാനാവശ്യപ്പെടുകയുമുണ്ടായി. ആ നോട്ടുമായാണ് ഉസ്താദ് സമ്മേളനത്തിൽ പ്രസംഗിച്ചത്. പറയുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും വീണ്ടും ഉറപ്പുവരുത്തണമെന്നും പഠിപ്പിക്കുകയായിരുന്നു ഗുരുവര്യർ.

ഉസ്താദുമാരോടുള്ള കടപ്പാട്

ഉസ്താദിൽ ഏറ്റവും കൂടുതൽ പ്രകടമാവുന്ന സ്വഭാവ വിശേഷണമാണ് അദബ്. ശൈഖുന എപി ഉസ്താദിനോട് പെരുമാറുന്ന രീതി ഒരു ഉസ്താദും ശിഷ്യനും തമ്മിലുള്ള അദബിന്റെ ഉചിത ഉദാഹരണമായി കാണാവുന്നതാണ്. കാന്തപുരം ഉസ്താദിന്റെ വിദേശയാത്രാ വേളകളിൽ ബുഖാരി ക്ലാസുകൾ സമ്പന്നമാക്കിയിരുന്നത് ചെറിയ എപി ഉസ്താദായിരുന്നു.
ഒരിക്കൽ യാത്ര കഴിഞ്ഞ് കാന്തപുരം ഉസ്താദ് വരുന്നത് ചെറിയ എപി ഉസ്താദ് ബുഖാരി ക്ലാസ് എടുക്കുന്നതിന്റെ ഇടയിലേക്കായിരുന്നു. ശൈഖുന വരുന്നതറിഞ്ഞയുടനെ കിതാബ് അടച്ച് സറ്റേജിൽ നിന്ന് ഇറങ്ങി ഒരു സൈഡിലേക്ക് നീങ്ങി നിന്നു ചെറിയ എപി ഉസ്താദ്. ശൈഖുനയോടുള്ള അദബ് നേരിൽ കണ്ട പല ദൃശ്യങ്ങളിലൊന്നു മാത്രമായിരുന്നു അത്.
ബുഖാരിയിലെ അവസാന ഭാഗം ചെറിയ എപി ഉസ്താദ് എടുത്ത സന്ദർഭം ഓർക്കുന്നു. ‘കലിമതാനി ഖഫീഫതാനി’ എന്ന ഹദീസെത്തിയപ്പോൾ അത് ശൈഖുന വിശദീകരിക്കും, ഞാനത് എടുക്കുന്നില്ല എന്ന് വളരെ അദബോടെ പറയുകയുണ്ടായി. വേണമെങ്കിൽ ഉസ്താദിന് അതും വിശദീകരിക്കാമായിരുന്നു. എന്നാൽ ആ ഹദീസ് വിദ്യാർത്ഥികൾ കേൾക്കേണ്ടത് കാന്തപുരം ഉസ്താദിൽ നിന്നാണെന്നും ഞാനത് ചെയ്യുന്നത് അദബ് കേടാണെന്നുമായിരുന്നു ഉസ്താദിന്റെ പക്ഷം.

ഹദീസധ്യാപന രീതി

എപി ഉസ്താദിന്റെ പകരക്കാരനായാണ് മുഹമ്മദ് ഉസ്താദ് ബുഖാരി എടുക്കുകയെന്ന് പറഞ്ഞല്ലോ. വിദ്യാർത്ഥികളിൽ ഒരാൾ ഹദീസ് വായിച്ച് കൊടുക്കും, ചിലപ്പോൾ വിദ്യാർത്ഥിയുടെ വായനയോടൊപ്പം തന്നെ പദങ്ങളുടെ അർത്ഥങ്ങളും വിശദീകരണങ്ങളും നൽകും. ചില സമയങ്ങളിൽ, ആ ഹദീസ് ഉസ്താദ് ഒരു പ്രാവശ്യം കൂടി പാരായണം ചെയ്താണ് അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നൽകുക.
റാവി(ഉദ്ധാരകർ)മാരുടെ പേരുകൾ വായിച്ചതിന് ശേഷം തർളിയത്ത് (റളിയല്ലാഹു…) ചൊല്ലുന്നതടക്കം സ്വലാത്തും സലാമും ചൊല്ലുകയും വായന നടത്തുന്ന സമയത്ത് വേണ്ട അദബുകളെല്ലാം കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. ബുഖാരി വായിച്ചുകൊടുക്കുന്ന വിദ്യാർത്ഥി ഇവ മറന്നുപോയൽ തർളിയത്ത് ചൊല്ലേണ്ടതിന്റെ പ്രാധാന്യം ഗൗരവത്തോടെ ഓർമപ്പെടുത്തുകയും ചെയ്യും. തർളിയത്ത് ഉപേക്ഷിച്ചാൽ ധാരാളം നന്മകൾ നഷ്ടപ്പെടുമെന്ന ഇമാം നവവി(റ)യുടെ വാചകവും ഓർമപ്പെടുത്തും.
റാവിമാരുടെ പേരുകൾ വായിക്കേണ്ട രൂപം, ആവശ്യമെങ്കിൽ അവരുടെ ചരിത്രങ്ങൾ, നിരൂപണങ്ങൾ, റാവിമാർക്കെതിരെ പുത്തൻവാദികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ, അതിന്റെ മറുപടികൾ, ബുഖാരിയിലെ കിതാബ്-ബാബ് തമ്മിലുള്ള ബന്ധം, ബാബുകൾക്ക് താഴെ വരുന്ന ആയത്തുകളും സ്വഹാബത്ത്, താബിഉകൾ തുടങ്ങിയവരുടെ വാക്കുകളും ബാബും തമ്മിലുള്ള ബന്ധം, ബുഖാരിയിൽ എത്ര സ്ഥലത്ത് ഈ ഹദീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഹദീസിന്റെ വാചകാർത്ഥങ്ങൾ, വ്യത്യസ്ത വ്യാഖ്യാനങ്ങൾ എന്നിവയെല്ലാം ചർച്ചാ വിഷയമാകും. ബുഖാരിയുടെ വ്യാഖ്യാനങ്ങളായ ഫത്ഹുൽ ബാരിയും ഖസ്തല്ലാനിയും ഉംദതുൽഖാരിയും സംസാരത്തിൽ കടന്നുവരും. കർമശാസ്ത്രവുമായി ബന്ധപ്പെട്ട ഹദീസാവുമ്പോൾ നാല് മദ്ഹബുകൾ, ശാഫിഈ മദ്ഹബിന്റെ തർജീഹ്(പ്രാമാണികത), മറ്റു മദ്ഹബുകൾക്കുള്ള റദ്ദുകൾ, ആ ഹദീസിൽ മുഅ്തസിലത്ത് മുതൽ ഇന്നുവരെ വന്ന പുത്തൻവാദികളുടെ ജൽപനങ്ങൾ, അവക്കുള്ള മറുപടികൾ, വ്യാജത്വരീഖത്തും അവരുടെ വാദങ്ങളും, ഹദീസിൽ നിന്ന് സുന്നി ആദർശത്തിനനുകൂലമായ തെളിവുകൾ തുടങ്ങി അനവധി കാര്യങ്ങൾ ഒരു ഹദീസിന്റെ ചർച്ചയിൽ തന്നെ സന്ദർഭോചിതം കടന്നുവരാറുണ്ട്. കഅ്ബയിലേക്ക് ആളുകൾ സ്വർണവും വെള്ളിയും സമ്മാനമായി നൽകുന്നതിനെ കുറിച്ചുള്ള ബുഖാരിയിലെ ഹദീസ് വിശദീകരിച്ച് പണ്ടുണ്ടായിരുന്ന ‘പെട്ടി വരവ്’ ആണ് അതെന്ന് നർമം പങ്കിട്ടതോർക്കുന്നു.
ബാഖിയാത്തിലെ ചരിത്രസംഭവങ്ങൾ, ഹസൻ ഹസ്‌റത്ത്, കുട്ടി മുസ്‌ലിയാർ തുടങ്ങിയ ഉസ്താദുമാരുടെ ഓർമകൾ, അനുഭവങ്ങൾ, അവരുടെ തഹ്ഖീഖുകൾ, കാന്തപുരം ഉസ്താദുമൊത്തുള്ള അനുഭവങ്ങൾ, അദ്ദേഹത്തോടുള്ള കടപ്പാടുകൾ തുടങ്ങി പലവിധ അറിവനുഭവങ്ങളും മൊഴിമുത്തുകളും ഉപദേശങ്ങളുമെല്ലാമായി ഉസ്താദിന്റെ ക്ലാസുകൾ മനസ്സിനെ കുളിരണിയിക്കുമായിരുന്നു.
അമാനി മൗലവിയുടെ പരിഭാഷ, മൗദൂദിയുടെയും സയ്യിദ് ഖുത്ബിന്റെയും രചനകൾ, അവയിലെ വികല വാദങ്ങൾ, അവയ്ക്കുള്ള ഖണ്ഡനങ്ങൾ, പുത്തൻവാദി നേതാക്കളുടെ ചരിത്രങ്ങളിൽ സുന്നത്ത് ജമാഅത്തിന് സഹായകമാവുന്ന സന്ദർഭങ്ങൾ തുടങ്ങിയവയും ക്ലാസിൽ പങ്കിടും.
ഖുർആൻ ആയത്ത് ഓതി മറുപടി പറയുന്ന ശൈലി കൂടുതലായി കാണാം. ഉസ്താദ് പറയുന്ന ആശയം സൂചിപ്പിക്കുന്ന ആയത്തുകൾ ഉടനെ ഓതിക്കൊടുക്കുന്ന ഹാഫിളുകളോട് പ്രത്യേക താൽപര്യമായിരുന്നു. അവരെ ക്ലാസുകളിൽ മുമ്പിൽ ഇരുത്തുകയും കുട്ടികൾ സംശയങ്ങൾ ചോദിക്കുമ്പോൾ ഹാഫിളുമാരോട് ഇന്നാലിന്ന ആശയമുള്ള ആയത്ത് ഓതാൻ അവശ്യപ്പെടുകയും ചെയ്യും. അവർ ഓതാതെ വന്നാൽ ഉസ്താദ് തന്നെ ഓതും.
കാന്തപുരത്ത് ദർസ് നടത്തുമ്പോൾ തഫ്‌സീർ ജലാലൈനി നിരവധി തവണ ഓതിക്കൊടുത്തിരുന്നു. ഒരോ തവണയും ജലാലൈനിയോടു കൂടെ ഒരു തഫ്‌സീർ പൂർണമായി നോക്കിത്തീർക്കുന്ന ശൈലിയായിരുന്നു ഉസ്താദ് സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരോ തവണ ജലാലൈനി തീരുമ്പോഴും അതിനൊപ്പം റാസി പോലുള്ള പ്രമുഖ തഫ്‌സീർ പാരായണവും പൂർത്തിയാവുമായിരുന്നു.
പകരക്കാരനായി വരുന്നതിനാൽ ഉസ്താദിന്റെ ബുഖാരി ക്ലാസ്സുകൾക്കിടയിൽ ആഴ്ചകളുടെയോ ചിലപ്പോൾ മാസങ്ങളുടെയോ ഇടവേളയുണ്ടാകുമെങ്കിലും അവസാനം ക്ലാസെടുത്ത ഭാഗം ഉസ്താദ് കൃത്യമായി ഓർക്കുന്നുണ്ടാകും.

തുഹ്ഫ ദർസ്

2015-2018 കാലത്തായിരുന്നു എന്റെ മർകസ് ജീവിതം. രണ്ടാം വർഷ മുത്വവ്വൽ, തഖസ്സ്വുസ് ക്ലാസുകളിൽ തുഹ്ഫയായിരുന്നു ഉസ്താദിന്റെ വിഷയം. ചർച്ചകളിൽ ആവശ്യാനുസാരം ധാരാളം കിതാബുകളുടെ റഫറൻസ് പറയുകയും അവയെല്ലാം പരതി നോട്ട് തയ്യാറാക്കി വരുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹം ഉദ്ദേശിക്കുന്ന ഉദ്ധരണങ്ങൾ മറ്റു കിതാബുകളിൽ നിന്ന് വായിച്ച് കൊടുത്താൽ മുഖത്ത് വലിയ സന്തോഷം പ്രകടമാവും. തുഹ്ഫ വാള്യം രണ്ടിൽ ബാബു സ്വിഫത്തു സ്വലാത്തിന് എന്തിനാണ് വ്യാഖ്യാനമായി ‘കൈഫിയ്യത്തു സ്വലാത്ത്’ എന്നു കൊടുത്തതെന്നതായിരുന്നു ഉസ്താദിൽ നിന്ന് പ്രഥമമായി കേട്ട തുഹ്ഫ ക്ലാസ്. അതിൽ വരാവുന്ന മറുപടികളും മറുപടികളിലെ സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമയി ഒരു മണിക്കൂർ പോയതറിഞ്ഞില്ല. പ്രബല വീക്ഷണങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അവയുടെ അവലബങ്ങളും തുഹ്ഫയുടെ തീർപ്പും നിഹായയുടെ എതിർപ്പും മറ്റു ഹാശിയകളിലെ ശ്രദ്ധേയ മസ്അലകളുമെല്ലാം കടന്നുവരുന്നതായിരുന്നു തുഹ്ഫ ക്ലാസ്.
ശിഷ്യരിലെ സമർത്ഥരെ തിരിച്ചറിയാൻ തുഹ്ഫയുടെ ഇബാറത്ത്(വാചകം) ഉസ്താദ് തന്നെ വായിച്ച് വിദ്യാർത്ഥികളോട് ചോദ്യം ചോദിക്കുന്നതും കാണാം. കഠിനമായ വിഷയങ്ങൾ ചർച്ച ചെയ്താൽ അതിന്റെ സംഗ്രഹം അടുത്ത ക്ലാസിൽ ഉന്നയിച്ച് ഇന്നലെ പഠിപ്പിച്ചത് അത് പോലെ ശിഷ്യർ പഠിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ശേഷമാണ് മിക്കപ്പോഴും പുതിയ പാഠഭാഗത്തേക്ക് കടക്കുക.
ആവശ്യമുള്ള സ്ഥലങ്ങളിൽ നൽകുന്ന ഇസ്തിലാഹാത്തു (പ്രയോഗങ്ങൾ) തുഹ്ഫയുടെ വിവരണങ്ങളും ക്ലാസിന് മാറ്റ് കൂട്ടും. ഇബ്‌നു ഹജർ(റ)ന്റെ നിലപാടുകൾ വരികളിൽ നിന്ന് ഇഴപിരിച്ചെടുത്ത് പറയുന്നത് വൈജ്ഞാനികമായ വലിയ ആനന്ദമാണ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചിരുന്നത്.
ശൈഖുനയാണ് തുഹ്ഫ 10 ഭാഗങ്ങൾ എനിക്ക് സമ്മാനമായി തന്നതെന്നും അത് പത്തും ഞാൻ പൂർണമായി നോക്കിത്തീർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശർവാനിയടക്കം 10 ഭാഗങ്ങളിലുമുള്ള വിഷയങ്ങളുടെ വിശദമായ സൂചികയും ഉസ്താദ് തയ്യാറാക്കിയിട്ടുണ്ട്.

വായനാലോകം

റൂമിൽ ഒറ്റക്കാണെങ്കിൽ എന്തെങ്കിലും വായിച്ചിരിക്കുന്ന ഉസ്താദിനെയാണ് ഏഴു വർഷത്തിനിടെ കണ്ടത്. സമയം വെറുതെ കളയില്ല. വായന മുഴുസമയ ഹോബിയായിരുന്നു. വായിക്കുക മാത്രമല്ല, ലഭ്യമായ പോയിന്റുകൾ എഴുതിവെക്കുകയും ചെയ്യും. അത്തരം നോട്ട് ബുക്കുകളും ഡയറികളും ഉസ്താദിന്റെ പക്കൽ ഏറെയുണ്ട്. അവ മറിച്ചുനോക്കാൻ പലപ്പോഴും അവസരമുണ്ടായി. ഒരു ദിവസം ക്ലാസിൽ ഉസ്താദ് തിരക്കി: ‘നല്ല അറബി കൈ അക്ഷരമുള്ളതാർക്കാണ്. കുറച്ച് പകർത്തി എഴുതാനുണ്ടായിരുന്നു.’
കേട്ട പാടെ ഞാൻ തയ്യാറാവുകയും ഉസ്താദിന്റെ റൂമിൽ ചെന്ന് കാണിച്ചുതന്ന ഭാഗങ്ങൾ ഡയറിയിൽ നിന്ന് പേപ്പറുകളിലേക്ക് പകർത്തുകയും ചെയ്തു. 2017ൽ തൃശൂരിൽ നടന്ന സമസ്ത ഉലമാ സമ്മേളനത്തിലെ വിഷയാവതരണത്തിന് വേണ്ടിയാണ് തയ്യാറാക്കുന്നതെന്നും പറഞ്ഞു. അനവധി കിതാബുകളിൽ നിന്നുള്ള ഒട്ടേറെ ഉദ്ധരണങ്ങൾ ആ പഴയ കൊച്ചു ഡയറിൽ കുറിച്ചിട്ടിട്ടുണ്ടായിരുന്നു.
സഖാഫി ബിരുദം നേടി ദർസ് തുടങ്ങുന്നതിന് മുമ്പ് ഉസ്താദിനെ സന്ദർശിച്ചപ്പോൾ ഉപദേശിച്ചു: ‘നന്നായി മുത്വാലഅ(ഗ്രന്ഥ പാരായണം) ചെയ്യണം, എന്നാലേ ദർസ് നന്നാവൂ, കുട്ടികൾക്ക് ഉപകാരപ്പെടൂ.’ സ്വജീവിതത്തിൽ ഉസ്താദ് നിലനിർത്തിപ്പോന്ന കാര്യമായിരുന്നു ആ ഉപദേശം. ബുഖാരിയുടെ വ്യത്യസ്ത വ്യാഖ്യാനങ്ങളിലായി ചിതറിക്കിടന്ന വിശദീകരണങ്ങളെല്ലാം റഫർ ചെയ്തത ശേഷമായിരുന്നു അദ്ദേഹം ക്ലാസിലേക്ക് വരുക.
നന്നായി പഠിക്കുന്ന കുട്ടികൾ വല്ല സംശയവും ചോദിച്ചാൽ മറുപടി ലഭിക്കുന്ന ഗ്രന്ഥങ്ങൾ നിർദേശിക്കുകയാണ് ഉസ്താദ് ചെയ്യുക. അതിൽ കണ്ടില്ലെങ്കിൽ മാത്രം എന്നോട് ചോദിച്ചാൽ മതിയെന്ന് പറയും. ഉത്തരങ്ങൾ സ്വന്തമായി കണ്ടെത്താനുള്ള പരിശീലനം കൂടിയാണ് ഇതുവഴി അദ്ദേഹം നൽകിയത്. ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് ധാരാളം റഫറൻസ് നടത്താനും പല കിതാബുകളിലായി ചിതറിക്കിടക്കുന്ന മുത്തുകൾ എഴുതി സൂക്ഷിക്കാനും ഉപദേശിക്കും. വായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.
വിജ്ഞാന സമ്പാദനത്തിന് ദൂരം പ്രശ്‌നമാക്കിയിരുന്നില്ല. ഒരിക്കൽ തനിക്ക് വേണ്ട ഉദ്ധരണം ശർഹുൽ ഉബാബിൽ ഉണ്ടെന്നും ഈജിപ്തിൽ അതിന്റെ കൈഎഴുത്ത് പ്രതി ലഭ്യമാണെന്നും അറിഞ്ഞപ്പോൾ അവിടെയുള്ള ഒരു സഖാഫിയെ ബന്ധപ്പെട്ട് ആ ഭാഗം പകർത്തിയെഴുതാൻ ഏൽപ്പിച്ചു. പിന്നീട് അത് കൈപ്പറ്റിയത് വളരെ സന്തോഷത്തോടെ അനുസ്മരിക്കുമായിരുന്നു. മിസ്‌റിൽ സിയാറത്തിന് പോയപ്പോൾ അവിടെയുള്ള വിശാലമായ ലൈബ്രറിയിൽ ചെന്നതും ചില അപൂർവ കിതാബുകൾ വായിച്ചതും ആവേശത്തോടെ പറയും. കിട്ടിയ അവസരങ്ങളിലെല്ലാം ജ്ഞാന ശേഖരണത്തിൽ മുഴുകാൻ ഇഷ്ടപ്പെട്ടു അദ്ദേഹം.
പഠന കാലത്ത് മിക്ക കിതാബുകളും പൂർണമായിതന്നെ ഉസ്താദുമാരിൽ നിന്ന് പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘മിൻ അവ്വലിഹി ഇലാ ആഖിരിഹി’ ഓതിയിട്ടുണ്ട്. ബുഖാരിയും ഇഹ്‌യയും പൂർണമായി ഓതിയെന്ന് മനസ്സിലാക്കുമ്പോഴാണ് വൈജ്ഞാനിക മേഖലയിൽ മുതഅല്ലിമായ കാലത്ത് തന്നെ എത്രയേറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്ന് ബോധ്യമാവുക. ‘ഖാരിജ് സബ്ഖ്’ (സിലബസുകൾക്ക് പുറമെയുള്ള) ഓത്തായിരുന്നുവെന്ന് പല കിതാബുകളെ കുറിച്ചും ഉസ്താദ് പറഞ്ഞിരുന്നു.

സ്വഭാവശീലങ്ങൾ

പഠിച്ചതുകൊണ്ട് അമൽ ചെയ്യുക എന്ന വിശിഷ്ട സ്വഭാവമായിരുന്നു ഉസ്താദിന്റേത്. ഇബാദത്തിന്റെ കാര്യത്തിൽ നന്നായി ശ്രദ്ധിച്ചു. എല്ലാ സുന്നത്ത് നിസ്‌കാരങ്ങളും നിർവഹിക്കും. കറാഹത്ത് വരാതിരിക്കാൻ വജ്ജഹ്ത്തുവും അഊദുവും സൂറത്തുമെല്ലാം പാലിച്ച് സാവധാനത്തിലുള്ളതായിരുന്നു ഉസ്താദിന്റെ സുന്നത്ത് നിസ്‌കാരങ്ങൾ. തഹജ്ജുദ് തീരെ മുടക്കാറില്ല.
ലളിത ജീവിതമാണ് നയിച്ചത്. പുഞ്ചിരി തൂകുന്ന സൗമ്യമായ വദനം. ചെറിയവരോട് പോലും സലാം പറയുന്ന പ്രകൃതം. ആരോടും ഒന്നിലും പരാതിയില്ല. ആരെയും വെറുപ്പിക്കാത്ത സാത്വിക നിഷ്ഠ.

ഫത്‌വകൾ

കെണിഞ്ഞ ചോദ്യങ്ങൾക്ക് ലളിതമായ രൂപത്തിൽ സലക്ഷ്യം ഫത്‌വകൾ നൽകുന്നതാണ് ഉസ്താദിന്റെ രീതി. ചോദ്യകർത്താവിന് വ്യക്തമാവും എളുപ്പവുമാവുന്ന രൂപത്തിൽ (ഇർശാദിന്റെ ഫത്‌വകൾ) ആയിരിക്കും ഉസ്താദ് പറയുക. ഫതാവാ അസീസിയ്യ എന്ന പേരിൽ ഫതാവാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവാദമാവാൻ സാധ്യതയുള്ള ചോദ്യങ്ങൾക്ക് മറുപടി എഴുതുമ്പോൾ ഫത്‌വക്കൊപ്പം കിതാബിന്റെ പേജിന്റെ ഫോട്ടോകോപ്പി കൂടി വെക്കും. സംശയം തോന്നുന്ന ഭാഗങ്ങൾ സ്വന്തമായി നോക്കും, സമയം കിട്ടാതെ വന്നാൽ സമർത്ഥരായ വിദ്യാർത്ഥികളോട് കണ്ടെത്താൻ നിർദേശിക്കും. പ്രസംഗിക്കുന്നതും എഴുതുന്നതും കിതാബിൽ കണ്ട് ഉറപ്പുവരുത്തിയ കാര്യങ്ങളായിരിക്കും. അത്രക്കു സൂക്ഷ്മത പുലർത്തി. നേരിൽ കണ്ട് ഉറപ്പുവരുത്തേണ്ട കാര്യങ്ങൾക്ക് നേരിട്ട് പോവാൻ മടിക്കാറില്ല. ഒരു വ്യാജ ശൈഖിന്റെ ഖബറിടത്തിൽ അനിസ്‌ലാമിക ആചാരങ്ങൾ നടക്കുന്നുവെന്നറിയിച്ച് ചിലർ മതവിധി ചോദിച്ചപ്പോൾ അവിടെ പോയി തന്നെ കാര്യങ്ങൾ മനസ്സിലാക്കി ഉത്തരം നൽകി.
ചെറിയ എപി ഉസ്താദിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സന്ദർഭം കാന്തപുരം ഉസ്താദ് അസുഖമായി ഹോസ്പിറ്റലിൽ കഴിഞ്ഞ കാലം തന്നെയായിരുന്നു. ആ പ്രിയ ശിഷ്യനെ അത് ഏറെ സങ്കടപ്പെടുത്തി. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഗുരുവര്യർക്കു വേണ്ടി മനമുരുകി തേടി. അത്ര ഗാഢമായിരുന്നല്ലോ ആ ഗുരുശിഷ്യ ബന്ധം. പക്ഷേ, ഉസ്താദ് ആശ്വാസം പ്രാപിച്ച് ആശുപത്രി വിടുന്നത് കാണാൻ ഇഷ്ടശിഷ്യന് വിധിയുണ്ടായില്ല.
ചെറിയ എപി ഉസ്താദിന് രോഗം ബാധിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് മർകസിലെ ഉസ്താദുമാരോടൊന്നിച്ച് മടവൂർ സിയാറത്ത് ചെയ്തപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്. ശൈഖുനക്ക് വേണ്ടി കലങ്ങിയ കണ്ണുകളോടെ ഹൃദയം പൊട്ടി ദീർഘനേരം ദുആ ചെയ്തു ഉസ്താദ്. കാന്തപുരം ഉസ്താദിന് അസുഖമായ ശേഷം ചെറിയ എപി ഉസ്താദിന്റെ പ്രാർത്ഥനയിൽ മുഴങ്ങിക്കേട്ടത് ‘റബ്ബേ ഞങ്ങളെ നീ അനാഥരാക്കല്ലേ’ എന്നായിരുന്നു. ശരിയാണ്, റബ്ബ് ഉസ്താദിനെ അനാഥനാക്കിയില്ല. അവന്റെ റഹ്‌മത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നല്ലോ. ആ ഖബറിടം നാഥൻ പ്രകാശിപ്പിക്കട്ടെ.

 

റാസി നൂറാനി അസ്സഖാഫി

Exit mobile version