തേങ്ങലടങ്ങാതെ ബഗ്ദാദ്

ഇടിമുഴക്കം പോലെയാണ് ശൈഖ് ശിബിലി(റ)യും സംഘവും ആ വാക്കുകൾ കേട്ടത്. ആത്മീയവഴിയിൽ അത്യുന്നതി പ്രാപിച്ചുവെന്ന് ഞങ്ങൾ കരുതിയ ഗുരു പേരിനൊരു സത്യവിശ്വാസി പോലുമില്ലാത്തൊരു നാട്ടിലെ പെൺകുട്ടിയെ കണ്ടമാത്രയിൽ അവളിൽ അനുരക്തനായിരിക്കുന്നു. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ!?
കദനഭാരം വഹിക്കാനാവാതെ ശിബിലി(റ) പറഞ്ഞു: സയ്യിദീ, അങ്ങ് ഇറാഖിന്റെ ആത്മീയ നായകനാണ്. ഐഹിക വിരക്തികൊണ്ട് ഭുവന പ്രസിദ്ധനാണ്. പന്ത്രണ്ടായിരം വരുന്ന മുരീദുമാരുടെ ശ്രേഷ്ഠഗുരുവാണ്. വിശുദ്ധ ഖുർആനിന്റെ പവിത്രത മുൻനിർത്തി ഞങ്ങൾ ആവശ്യപ്പെടുന്നു. അങ്ങ് ഞങ്ങളെയും അവരെയും വഷളാക്കരുത്.
ശൈഖ് പറഞ്ഞു: ‘എന്റെ ജനങ്ങളേ, നാഥന്റെ വിധി സ്ഥിരപ്പെട്ടുകഴിഞ്ഞു. ഞാൻ ശൂന്യതയുടെ കടലിൽ വീണുപോയിരിക്കുന്നു. എന്നിൽ നിന്നു വിലായത്തിന്റെ കൈപ്പിടി അഴിഞ്ഞിരിക്കുന്നു. സന്മാർഗ ദ്വജങ്ങളെല്ലാം ചുരുട്ടിമാറ്റപ്പെട്ടിരിക്കുന്നു.’ വാവിട്ടു കരഞ്ഞുകൊണ്ട് മഹാൻ തുടർന്നു: ‘നിങ്ങൾ പോവുക. നാഥന്റെ അചഞ്ചലമായ വിധി നടന്നുകഴിഞ്ഞു’.
അവർ മനമുരുകി പ്രാർത്ഥിച്ചു. പിന്നെയതു കരച്ചിലായി. അവർക്ക് കണ്ണീർ വാർക്കാനേ കഴിഞ്ഞുള്ളൂ. ഭൂമി നനയുന്നത്ര അവർ കരഞ്ഞു. മുറിവേറ്റ മനസ്സുമായാണ് അവർ ബഗ്ദാദിലേക്ക് മടങ്ങിയത്.
സംഘത്തിന്റെ തിരിച്ചുവരവറിഞ്ഞ് മുരീദുമാരടക്കം വൻജനാവലി ബഗ്ദാദിൽ തടിച്ചുകൂടി. പക്ഷേ, അവർക്ക് തങ്ങളുടെ ശൈഖിനെ കാണാനായില്ല. ഗുരുവിനെ അന്വേഷിച്ചവരോട് യാത്രാസംഘം ഉൾക്കിടിലത്തോടെ സംഗതി വിവരിച്ചു. അതോടെ ദുഃഖസാഗരം ആർത്തലച്ചു. കണ്ണീർ മേഘങ്ങൾ തോരാ മഴയായി വർഷിച്ചു. അത് വിതുമ്പലായി, വിങ്ങിപ്പൊട്ടലായി, അട്ടഹാസമായി. നോവു സഹിക്കാനാവാതെ ധാരാളം മുരീദുമാർ ജീവനറ്റു വീണു.
തങ്ങളുടെ ആത്മീയ നായകനെ തിരിച്ചുകിട്ടാൻ തേങ്ങലോടെ ബഗ്ദാദുകാർ നാഥനിലേക്ക് കരങ്ങളുയർത്തി. മാസങ്ങളോളം നീണ്ട മരവിപ്പായിരുന്നു പിന്നീട്. ഒരു വർഷക്കാലം സൂഫീ പർണശാലകളായ ഖാൻഖാഹുകളുടെയും രിബാത്വുകളുടെയും സാവിയകളുടെയും കവാടങ്ങൾ അടഞ്ഞു കിടന്നു.
വർഷമൊന്നു കഴിഞ്ഞപ്പോൾ ശൈഖ് ശിബിലി(റ)യും ഏതാനും അനുയായികളും വിവരമറിയാൻ ആ ഗ്രാമത്തിലേക്കു പുറപ്പെട്ടു. ഗുരുവിനെ അന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു: ‘ആ വെളിമ്പ്രദേശത്ത് പന്നികളെ മേച്ച് നടക്കുന്നുണ്ട്.’
അവർ സംഗതിയന്വേഷിച്ചു. അതിദയനീയമായിരുന്നു ലഭിച്ച വിവരം. ‘ആ പെൺകുട്ടിയുടെ പിതാവിനോട് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി. പക്ഷേ പിതാവ് നിരസിച്ചു. തന്റെ മകളെ വിവാഹം ചെയ്യുന്നവർക്കുള്ള നിബന്ധനകൾ അയാൾ എണ്ണിപ്പറഞ്ഞു. അവളുടെ ഭർത്താവ് ക്രിസ്ത്യാനിയായിരിക്കണം, പുരോഹിത വസ്ത്രം ധരിക്കണം, കച്ചയും തൊപ്പിയുമണിയണം, ചർച്ചുകൾ പരിപാലിക്കണം. പന്നികളെ മേക്കണം.’ അയാളുടെ മകൾ ഹൃദയത്തിലും ജീവശ്വാസത്തിലും അലിഞ്ഞു ചേർന്നിരുന്നതിനാൽ അതെല്ലാം ചെയ്യാൻ അദ്ദേഹം തയ്യാറായി.
ശൈഖ് ശിബിലി(റ)യുടെ വിവരണം: ‘ഞങ്ങളുടെ ഹൃദയം നുറുങ്ങി. കൺതടങ്ങൾ കവിഞ്ഞൊഴുകി. ഞങ്ങൾ ചെന്നുനോക്കി. ഹൃദയഭേദകമായിരുന്നു കണ്ട രംഗം.’
അതേ, അതദ്ദേഹം തന്നെയാണ്. ശിഷ്യരെ കണ്ടയുടൻ അദ്ദേഹം തലതാഴ്ത്തി. പുരോഹിത വേഷമാണ്. അരയിൽ കച്ചയും തലയിൽ തൊപ്പിയുമണിഞ്ഞിട്ടുണ്ട്. ബഗ്ദാദിലെ മിഹ്‌റാബിൽ ഊന്നിനിന്നിരുന്ന തന്റെ വടി കുത്തി കുറ്റബോധം നിറഞ്ഞ മനസ്സുമായി തലയും താഴ്ത്തി നിൽക്കുന്ന പ്രിയ ശൈഖിന്റെ ചാരത്തുചെന്ന് വിറയാർന്ന ചുണ്ടുകളോടെ മൊഴിഞ്ഞു: അസ്സലാമു അലൈക്കും.
പതർച്ചയോടെ അദ്ദേഹം സലാം മടക്കി.
അവർ പരിതപിച്ചു: ബഗ്ദാദിനെ ജ്ഞാനപ്രഭയാൽ ജ്വലിപ്പിച്ച, തിരുപാഠങ്ങളുടെ വസന്തം തീർത്ത ആ നല്ല നാളുകൾ പൊഴിഞ്ഞല്ലോ… അഭിവന്ദ്യരേ, ഇതെന്തൊരു സങ്കടക്കാഴ്ചയാണ്!
അദ്ദേഹം പറഞ്ഞു: ‘എന്റെ ഇഷ്ട സഹോദരങ്ങളേ, എനിക്കൊന്നിനും കഴിയില്ല. എന്റെ നാഥൻ അവന്റെ ഇംഗിതം പോലെ എന്നെ ചലിപ്പിക്കുന്നു. ഞാനവന്റെ ഇഷ്ടക്കാരിൽ പെട്ടവനായിരുന്ന ശേഷവും അവന്റെ ഉദ്ദേശ്യമനുസരിച്ച് എന്നെ അകറ്റുന്നു. ഹാ കഷ്ടം! നാഥന്റെ സ്‌നേഹപാത്രങ്ങളേ, സ്‌നേഹവഴിയിൽ തടയപ്പെടുന്നതും അകറ്റിനിർത്തപ്പെടുന്നതും സൂക്ഷിക്കുക. തെളിമയുടെ, അനുരാഗത്തിന്റെ ഉപാസകരേ, പ്രേമച്ചങ്ങല കണ്ണിയറ്റ് അകന്നുപോകുന്നത് സൂക്ഷിക്കുക.’
ചുറ്റും കൂടിയ പന്നിക്കൂട്ടത്തിനു മധ്യേ മലീമസമായ മണ്ണിൽ നിൽക്കുമ്പോഴും മനസ്സിന്റെ പ്രഭാമണ്ഡലത്തിൽ നിന്ന് നിർഗളിച്ച ഈ ആധ്യാത്മിക വചനങ്ങൾ ഉരുവിട്ട ശേഷം ആകാശത്തേക്ക് കണ്ണുകളുയർത്തി ഇങ്ങനെ പറഞ്ഞു: ‘യജമാനനായ നാഥാ, ഇങ്ങനെയായിരുന്നില്ലല്ലോ നിന്നെക്കുറിച്ച് ഞാൻ വിചാരിച്ചിരുന്നത്.’ പിന്നെ അദ്ദേഹം പൊട്ടിക്കരഞ്ഞു. അനുരാഗിയുടെ ആത്മനൊമ്പരം തുടിക്കുന്ന വചനങ്ങൾ ആ നാവിൽ നിന്നു പിന്നെയും ഒഴുകിക്കൊണ്ടിരുന്നു.
കരച്ചിലിനിടയിൽ പ്രിയ ശിഷ്യനെ വിളിച്ചു: ‘ശിബിലീ, മറ്റുള്ളവരെക്കൊണ്ട് നീ പാഠമുൾക്കൊള്ളുക.’
അന്നേരം ശിബിലി(റ) അത്യുച്ചത്തിൽ പറഞ്ഞു: നാഥാ, സഹായാർത്ഥനകൾ മുഴുവൻ നിന്നോട്. സകല യാചനകളും നിന്നിലേക്ക്. ഭരമർപണങ്ങളെല്ലാം നിന്നിൽ മാത്രം. നിന്റെ സഹനത്താൽ ഈ സങ്കടമൊന്ന് നീക്കിത്തരൂ. ഈ മൂടുപടം തുറന്നുതരാൻ നീയല്ലാതെ മറ്റാരുമില്ല.
അവരുടെ വിങ്ങിപ്പൊട്ടലും ആർത്തനാദങ്ങളും കേട്ട് പന്നിക്കൂട്ടം സംഘത്തിന്റെ മുന്നിൽ വന്ന് മുഖം ചെളിയിലുരസി പർവതങ്ങൾ നടുങ്ങുമാറുച്ചത്തിൽ അട്ടഹസിച്ചു. ഒരുവേള അവർ ചിന്തിച്ചു; ഖിയാമത്ത് നാൾ വന്നുകഴിഞ്ഞോയെന്ന്!
അപ്പോൾ ഗുരുവിന്റെ കരച്ചിൽ ശക്തമായി. ശൈഖ് ശിബിലി(റ) ചോദിച്ചു: അങ്ങേക്ക് ഞങ്ങളോടൊപ്പം ബഗ്ദാദിലേക്ക് വന്നുകൂടേ?
അദ്ദേഹം: ‘എങ്ങനെ ഞാൻ വരും? മനുഷ്യ ഹൃദങ്ങളെ മേച്ചിരുന്ന ഞാനിന്ന് പന്നിക്കൂട്ടങ്ങളെ തെളിക്കുന്നവനാണ്.’
ശിബിലി(റ) വീണ്ടും: അഭിവന്ദ്യരേ, അങ്ങേക്ക് ഖുർആൻ മനപ്പാഠമുണ്ടായിരുന്നല്ലോ. ഇന്ന് അതിൽ നിന്ന് വല്ലതും ഓർമയുണ്ടോ?
‘ഇല്ല. ഞാൻ അതെല്ലാം മറന്നിരിക്കുന്നു. രണ്ട് ആയത്തുകൾ മാത്രം ഇന്നും ഓർമയിലുണ്ട്.’
ശിബിലി(റ) ആകാംക്ഷയോടെ ചോദിച്ചു: അവ ഏതാണ്?
ഓർമയിൽ ബാക്കിനിന്ന രണ്ട് ആയത്തുകൾ അദ്ദേഹം ചൊല്ലിക്കേൾപ്പിച്ചു: ‘വല്ലവനെയും അല്ലാഹു തരംതാഴ്ത്തിയാൽ അവനെ മഹത്ത്വപ്പെടുത്തുന്നവൻ ആരുമില്ല. അല്ലാഹു ഉദ്ദേശിക്കുന്നതെന്തും ചെയ്യുന്നു’ എന്നർത്ഥം വരുന്ന സൂറത്തുൽ ഹജ്ജിലെ പതിനെട്ടാം വചനത്തിന്റെ അവസാന ഭാഗമായിരുന്നു ആദ്യത്തേത്. ‘ഈമാൻ നൽകി കുഫ്‌റ് പകരം വാങ്ങുന്നവൻ നേർവഴിയിൽ നിന്നും പിഴച്ചുപോയിരിക്കുന്നു’ എന്നർത്ഥം വരുന്ന സൂറത്തുൽ ബഖറയിലെ നൂറ്റിയെട്ടാം വചനത്തിന്റെ അവസാനഭാഗമായിരുന്നു രണ്ടാമത്തേത്.
ശിബിലി(റ) വീണ്ടും തിരക്കി: ‘അങ്ങേക്ക് മുപ്പതിനായിരം ഹദീസുകൾ മനപ്പാഠമുണ്ടായിരുന്നല്ലോ. അതിൽ നിന്ന് വല്ലതും ഓർക്കുന്നുണ്ടോ?
അദ്ദേഹത്തിന്റെ മറുപടി: ഒരേയൊരു ഹദീസ് മാത്രം എനിക്കോർമയുണ്ട്. ‘ഒരാൾ തന്റെ മതം മാറ്റിയാൽ അവനെ കൊന്നുകളയുക’ എന്ന തിരുവചനമാണത്.
ശിബിലി(റ)വിനും അനുയായികൾക്കും പിന്നെയൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. വിവരണങ്ങൾക്ക് വഴങ്ങാത്ത എരിതീയിൽ വേവുകയായിരുന്നു അവരുടെ ഹൃത്തടങ്ങൾ. അവിടെ നിൽക്കുന്നത് പന്തിയല്ലെന്നു കണ്ട് അവർ ബഗ്ദാദിലേക്ക് മടങ്ങി. മൂകമായ മൂന്ന് രാപ്പകലുകൾക്കൊടുവിൽ അവർ ടൈഗ്രീസിന്റെ തീരത്തെത്തി. അന്നേരം അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. കണ്ണുകളെ വിശ്വസിക്കാനാവാതെ അവർ മിഴിച്ചു നിന്നു.
(തുടരും)

 

താജുദ്ദീൻ അഹ്‌സനി പാണ്ടിക്കാട്

Exit mobile version