പ്രവാചകവൈദ്യം അഥവാ ത്വിബ്ബുന്നബി എന്നത് സവിശേഷ ചികിത്സാ ശാഖ തന്നെയാണ്. ആത്മീയ ചികിത്സക്കു പുറമെ ഭൗതികമായ മരുന്നു നിർദേശങ്ങളും അവിടുന്ന് നൽകിക്കാണാം. അതാണ് പിൽക്കാലത്ത് പ്രവാചകവൈദ്യമെന്ന ആതുരസേവന ശാഖ തന്നെയായി വികാസം നേടിയത്. രോഗവും ആരോഗ്യവുമെല്ലാം ഇലാഹീ ഹിതമാണ്. രോഗം വന്നാൽ ക്ഷമിക്കണം. ചികിത്സിക്കലും സുന്നത്താണ്. എന്നാൽ ആരോഗ്യത്തിന് അല്ലാഹുവിന് നന്ദി ചെയ്യുകയും വേണം. ത്വിബ്ബുന്നബിയുടെ ചില വശങ്ങൾ ഹ്രസ്വമായി പരാമർശിക്കാം.
പ്രവാചക വൈദ്യത്തിന്റെ അടിസ്ഥാനം മനശ്ശുദ്ധിയും വൃത്തിയുമാണ്. എല്ലാ കർമങ്ങൾക്കും ഉദ്ദേശ്യശുദ്ധി പ്രധാനമാണല്ലോ. രോഗം പൂർണമായും സുഖപ്പെടാനും ഉദ്ദേശ്യശുദ്ധി വേണം. യഥാർത്ഥത്തിൽ മനസ്സാന്നിധ്യമാണ് രോഗമുക്തിക്ക് നിദാനം. പ്രവാചകർ(സ്വ) പറഞ്ഞത് ശ്രദ്ധേയം; ‘ശുദ്ധി ഈമാനിന്റെ പകുതിയാണ്.’ രോഗാവസ്ഥയിൽ വൃത്തി ഏറെ അനിവാര്യമാണെന്നു പറയേണ്ടതില്ല. ആരാധനാ കർമങ്ങളിലൂടെ മനസ്സും ശരീരവും ആത്മാവും ശുദ്ധിയാകുന്നു. നോമ്പ് ഇതിനെല്ലാമുപരി പരാമർശമർഹിക്കുന്നു. വിശ്വാസിയുടെ ആയുധമാണല്ലോ പ്രാർത്ഥന. വിശ്വാസിക്ക് പ്രാർത്ഥനയിലൂടെയാണ് സമാധാനം കിട്ടുക. ചികിത്സയോടൊപ്പം തന്നെ ദിക്‌റും ദുആയും അത്യന്താപേക്ഷിതം തന്നെ. മാനസികമായ ദൃഢതയും അനിവാര്യം. ഞാൻ രോഗിയാണ് എന്ന അപകർഷത്തോടെ ജീവിതം നയിക്കുകയും ശയ്യാവലംബിയാവുകയും ചെയ്യുന്നവർ ജീവിതത്തിൽ തോറ്റുപോവുകയാണ്.
രോഗമുക്തിയുടെ മറ്റൊരു പ്രധാന ഘടകം വിസർജ്ജനമാണ്. മലമൂത്ര വിസർജനം പ്രാധാന്യത്തോടെ കാണുന്നു ഇസ്‌ലാം. വിസർജന സ്ഥലത്തും അവിടേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും എന്തെല്ലാം മര്യാദകൾ പാലിക്കണമെന്നു പ്രവാചകർ കണിശമായി പഠിപ്പിച്ചത് ആരോഗ്യപരമായി അത് പ്രാധാന്യമുള്ളതുകൊണ്ടുകൂടിയാണ്. സംസാരിക്കരുത്, ഇടത്തോട്ട് ഊന്നി ഇരുന്നുകൊണ്ടാവുക, വൃത്തിയാക്കുക ഇതെല്ലാം പ്രവാചകചര്യയാണ്. ഇതുപോലെ തുമ്മലും ഒരു ശാരീരിക വിസർജന പ്രക്രിയയാണ്. തുമ്മിക്കഴിഞ്ഞാൽ നാഥനെ സ്തുതിക്കണമെന്ന് റസൂൽ(സ്വ).
പനി, ഛർദി, വയറിളക്കം എന്നിവയും ശരീരത്തിന്റെ വിസർജന പ്രക്രിയയാണെന്നോർക്കണം. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നിർമാർജനം ചെയ്യാനായി കത്തിച്ചുകളയുന്നതാണ് പനിയായി നമുക്കനുഭവപ്പെടുന്നത്. അനാവശ്യമായി ശരീരത്തിലടിഞ്ഞ ഘടകത്തെയാണ് ഛർദിയിലൂടെയും വയറിളക്കത്തിലൂടെയും പുറന്തള്ളുന്നത്. പനിയെ തടഞ്ഞുനിർത്തുന്നതിനു പകരം വിശ്രമമാണാവശ്യം. മരുന്ന് കഴിച്ചാലുമില്ലെങ്കിലും പനിമാറും. ‘പനി നരകത്തിലെ ചൂടാണ്, അത് പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക’ എന്ന് പ്രവാചകർ(സ്വ). അതുപോലെ തന്നെ രോഗീപരിചരണവും രോഗസന്ദർശനവും ഇബാദത്തായി നിശ്ചയിക്കുകയും ചെയ്തു. എന്തുമാത്രം മഹത്തായ ആശയങ്ങൾ.
പ്രവാചകൻ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കാൻ പറഞ്ഞതും പ്രകൃതിയിൽ നിന്നുള്ള വിഭവങ്ങളാണെന്നു കാണാം. നമ്മുടെ ചുറ്റുപാടിൽ നിന്നും സുലഭമായി കിട്ടുന്നവയാണ് നമ്മൾ ഉപയോഗിക്കേണ്ടത്. അല്ലാതെ പാക്കറ്റ് മരുന്നുകൾക്ക് പുറകേ പായുകയല്ല. ഈത്തപ്പഴം, അത്തിപ്പഴം, റുമ്മാൻപഴം, അറാക്ക് ഇവയൊക്കെയായിരുന്നു തിരുനബി(സ്വ) ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ. രോഗശമനത്തിനും ആരോഗ്യ പരിപാലനത്തിനും കരിംജീരകവും ഉപയോഗിച്ചിരുന്നു. ‘കരിംജീരകം മരണമൊഴികെ സകല രോഗങ്ങൾക്കും പ്രയോജനകരമാണ്’ എന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ ചുറ്റുപാടും ലഭ്യമാകുന്ന ചക്ക, മാങ്ങ, പപ്പായ, വേപ്പിൻ പട്ട തുടങ്ങിയ ധാരാളം വിഭവങ്ങളുണ്ട്. പ്രകൃതിയിൽ നിന്നും നേരിട്ട് കിട്ടുന്ന എല്ലാ ഭക്ഷ്യവിഭവങ്ങളും ഗുണമേന്മയേറിയ ഔഷധമാണ്. എന്നാൽ, ഈ വിഭവങ്ങളെല്ലാം വികൃതമാക്കുകയും വിഷമയമാക്കുകയും ചെയ്യുന്നു മനുഷ്യർ.
പ്രവാചക ചികിത്സയിൽ വ്യായാമവും സുപ്രധാനം. കുതിര മത്സരവും അമ്പെയ്ത്തും ഗുസ്തിയും ഓട്ടവും അവിടുന്ന് പ്രോത്സാഹിപ്പിച്ചിരുന്നതായി ചരിത്രത്തിൽ കാണാം. ഈ കാലഘട്ടത്തിൽ വ്യായാമം പോലും കച്ചവടവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ലാഭവും പണവുമാണ് മനുഷ്യന് പ്രധാനം. അതുകൊണ്ട് തന്നെ ഏതിലും വിഷം ചേർക്കാൻ മടിയില്ല. എത്ര വീര്യമുള്ള മരുന്നും ജീവനുള്ള ശരീരത്തിൽ പരീക്ഷിക്കാൻ തയ്യാറുമാണ്. കൃത്രിമ മരുന്നുകൾക്ക് അടിയറവ് പറയാതെ ജീവിതം അർത്ഥപൂർണമാക്കാൻ പ്രവാചകാധ്യാപനത്തിലൂടെയും ത്വിബ്ബുന്നബിയിലൂടെയുമാണ് സാധിക്കുക. അങ്ങനെ ശാരീരികവും മാനസികവും ആത്മീയവുമായ സുകൃതം കൈവരിക്കാം.
ഡോ. കരകുളം നിസാമുദ്ദീൻ