ദഅ്‌വ കോളേജ് അടിമുടി മാറേണ്ടതിന്റെ ന്യായങ്ങൾ

ലോകത്ത് ഒരു പണ്ഡിത സമൂഹത്തിനും സാധിക്കാത്ത വിപ്ലവമാണ് നമ്മുടെ കൊച്ചുകേരളത്തിലെ പണ്ഡിത വൃന്ദത്തിനായത്,പ്രത്യേകിച്ചും സമകാല സംഘടിത മത-ഭൗതിക സമന്വയത്തിൽ. സമന്വയ വിദ്യാഭ്യാസം ലോകത്തിന് ആവശ്യമാണെന്ന് ദീർഘദർശനം ചെയ്ത നമ്മുടെ പണ്ഡിതന്മാർ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഇതിനായി സ്ഥാപനങ്ങൾ നിർമിച്ചു. വിദ്യാർഥി സമൂഹം ഓരോ വർഷവും ഗണ്യമായ വർധനവ് രേഖപ്പെടുത്തി സ്ഥാപനങ്ങളിലേക്ക് ഒഴുകി. സൗകര്യാർഥവും ലക്ഷ്യം വ്യക്തമായതുകൊണ്ടും ഈ സ്ഥാപനങ്ങൾക്ക് നാം പൊതുവെ ദഅ്‌വ കോളേജുകളെന്ന് പേരുവിളിക്കുകയും ചെയ്തു. 1992 മുതലാണ് ഈ സംഘടിത ശ്രമം ആരംഭിച്ചതെന്ന് പറയുമ്പോൾ ആർക്കും ഊഹിക്കാൻ പോലും സാധിക്കാത്ത വളർച്ചയാണ് കേവലം മുപ്പതു വർഷങ്ങൾ കൊണ്ട് കൈവരിച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ തട്ടിൽ നിന്നുമുള്ള വിദ്യാർഥികൾ, ഉന്നത മാർക്ക് ലഭിച്ചവരും അതീവ സമ്പന്ന കുടുംബത്തിൽ നിന്നു വരുന്നവരുമടക്കം, ഉന്നത സ്വപ്‌നങ്ങൾ കാണുന്നവർ വരെ ഈ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക മാത്രമല്ല, പുതിയ തലമുറയെ റിക്രൂട്ട് ചെയ്യാൻ മത്സരിക്കുകയുണ്ടായി. ഒരുപക്ഷേ മതരംഗത്ത് മറ്റൊരു മേഖലയിലും കാണാത്ത വിപ്ലവമാണ് ഈ വിഷയത്തിലുണ്ടായിരിക്കുന്നത്. നേതൃ രംഗത്തും ദഅ്‌വ-അക്കാദമിക് രംഗത്തുമെല്ലാം ഈ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങിയ വിദ്യാർഥികൾ നൽകുന്ന സംഭാവനകൾ അതീവ മഹത്തരമാണെന്നതിൽ ഒരാൾക്കും സംശയമുണ്ടാകില്ല. ഓരോ സ്ഥാപനത്തിന്റെയും ശിൽപികൾക്ക് സന്തോഷം നൽകുന്ന നേട്ടങ്ങൾ മിക്ക സ്ഥാപനങ്ങളും കൈവരിക്കുന്നുമുണ്ട്.
നേട്ടങ്ങളുടെ നിരവധി ഗാഥകൾ നമുക്ക് എണ്ണാനുണ്ടെങ്കിലും ഉയർച്ചകളിൽ അഭിരമിക്കുന്ന ഒരു സമൂഹത്തിനും വളർച്ച സാധ്യമല്ലെന്ന് ചരിത്രം എക്കാലവും പഠിപ്പിച്ചതാണ്. ഒരായിരം പ്രതീക്ഷകളുമായി നാം ആരംഭിച്ച ഒരു സംവിധാനത്തെ, അതിന്റെ മുപ്പതാം വാർഷികത്തിലെങ്കിലും ആഴത്തിൽ വിചിന്തനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നുവെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മുപ്പതുവർഷങ്ങൾക്ക് മുമ്പ് അഥവാ നമ്മുടെ പല ഗ്രാമങ്ങളിലും ഒരു ലാന്റ് ഫോൺ പോലുമില്ലാത്ത ഒരു യുഗത്തിൽ, ലോകം ഡിജിറ്റിലൈസ് ചെയ്യുമെന്ന് ആർക്കും ചിന്തിക്കാൻ പോലും അവകാശമില്ലാത്ത കാലത്ത്, കമ്പ്യൂട്ടറും ഇന്റർനെറ്റും വലിയ നഗരങ്ങളിൽ മാത്രം അത്യപൂർവമായി കാണുന്ന സമയത്ത്, പത്താം ക്ലാസ് പരീക്ഷയിൽ പകുതി പേർ മാത്രം നമ്മുടെ സംസ്ഥാനത്ത് ജയിക്കുന്ന യുഗത്തിൽ, ഡിഗ്രി പാസായവരെപ്പോലും കാണുന്നത് വളരെ അത്യപൂർവമായിരുന്ന നമ്മുടെ നാടുകളിൽ, മതപഠനത്തിൽ ബിരുദവും ഭൗതിക പഠനത്തിൽ ബിരുദാനന്തര ബിരുദവും നൽകി ഈ സമൂഹത്തിൽ ധാരാളം സമന്വയ പണ്ഡിതരെ സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ട മനസ്സുകളെ പുകഴ്ത്താതെ വയ്യ. പക്ഷേ, കഴിഞ്ഞ മുപ്പതുവർഷങ്ങൾ കൊണ്ട് ലോകം എത്ര മാറി എന്നു ചിന്തിക്കാതെ ഇപ്പോഴും നാം പഴയ സ്വപ്നത്തിൽ തന്നെയാണുള്ളതെന്ന വിഷമം രേഖപ്പെടുത്തി വേണം ഇവ്വിഷയത്തിലെ ഏതു ചർച്ചയും ആരംഭിക്കാൻ.
അന്ന്, ദഅ്‌വ കോളേജുകൾ തുടങ്ങുന്ന സമയത്ത് ഭൗതിക വിദ്യാഭ്യാസത്തിൽ പിജി ലഭിക്കുന്നത് അവ്വിഷയത്തിലെ ഏറ്റവും ആധികാരികമായിരുന്നു; ഒരുപക്ഷേ മഹാ ഭൂരിപക്ഷത്തിനും അപ്രാപ്യവുമായിരുന്നു. എന്നാൽ ആയിരക്കണക്കിന് കോഴ്‌സുകളും അതിലേറെ യൂണിവേഴ്‌സിറ്റികളും സംവിധാനങ്ങളും വളർന്നുവന്ന ഇക്കാലഘട്ടത്തിലും നമുക്ക് മാറാനായിട്ടില്ലെന്നത് വിദ്യാർഥികളുടെ കഴിവിനെയും ഗുണനിലവാരത്തെയും ബാധിച്ചിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. വിദൂര പഠനവും പ്രൈവറ്റ് പഠനവും നൂറുശതമാനം പ്രോത്സാഹിക്കപ്പെട്ടിരുന്ന ഒരു സന്ദർഭം കൂടിയായിരുന്നു അക്കാലഘട്ടം. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ഉപരിപഠനവും മര്യാദക്കുള്ള ജോലികളും വിദൂര പഠന വിദ്യാർഥികൾക്ക് ലോകത്തുള്ള പ്രധാന രാഷ്ട്രങ്ങളൊക്കെ നിഷേധിച്ചിരിക്കുമ്പോൾ, നല്ല മാർക്കുള്ള വിദ്യാർഥികൾക്ക് പോലും ഇപ്പോഴും വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കേണ്ടിവരുന്നത് വിദ്യാർഥികളുടെ ആത്മവിശ്വാസത്തെ മാത്രമല്ല ബാധിച്ചിരിക്കുന്നത്, വലിയയൊരു സമൂഹത്തിലേക്കുള്ള പ്രവേശനം കൂടിയാണ്. ഒരു ദാഇക്ക് തന്റെ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം കയറിച്ചെല്ലാൻ കഴിയുന്ന അനേകായിരം ഇടങ്ങളുണ്ട് എന്നുകൂടി ഇവിടെ കൂട്ടിവായിക്കണം. അതിലുപരി നമ്മുടെ പണ്ഡിതന്മാർ സ്വപ്നം കണ്ട യഥാർഥ സമന്വയം നടക്കണമെങ്കിൽ ഇരു വിദ്യാഭ്യാസവും ആഴത്തിൽ നേടേണ്ടതുമുണ്ട്.
ഇത് ഭൗതിക വിദ്യാഭ്യസത്തിന്റെ കാര്യത്തിൽ മാത്രമല്ല, മതവിദ്യാഭ്യസം നൽകുന്നിടത്തും കാണാനാകും. ആധുനിക പ്രശ്‌നങ്ങൾ എന്താണെന്നു മനസ്സിലാക്കി കുട്ടികൾക്ക് അതിനനുസരിച്ച് വിദ്യ നൽകുന്നതിൽ നാം ഇപ്പോഴും പിറകിലാണെന്ന് തോന്നുന്നു. ഓരോ വിദ്യാർഥിയുടെയും കഴിവും കഴിവുകേടും മനസ്സിലാക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു. ദഅ്‌വ കോളേജ് എന്ന സംവിധാനത്തിലേക്ക് കയറിയാൽ തന്നെ മുത്വവ്വൽ ബിരുദമെടുത്തേ പുറത്തിറങ്ങാവൂ എന്ന തീരുമാനം മുക്കാൽ ഭാഗം കുട്ടികളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നത് യാഥാർഥ്യമാണ്. അതിലപ്പുറം മുത്വവ്വലിന്റെ മഹത്ത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. കിതാബ് പഠിക്കാൻ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിയാതെ മറ്റു പല വിഷയങ്ങളിലും താൽപര്യം കാണിച്ച കുട്ടിക്ക് ഏഴു വർഷത്തിനു ശേഷം വീണ്ടും മുത്വവ്വൽ നൽകാൻ മത്സരിക്കുന്നത് കുട്ടിയുടെ ഭാവിയെയും സമയത്തെയും കഴിവിനെയും പലരും മുഖവിലക്കെടുത്തിട്ടില്ലെന്നതിന്റെ തെളിവായി മാത്രമേ കാണാനാവൂ. സമൂഹത്തിൽ എല്ലാ തട്ടിലുമുള്ള ദാഇകളെ ആവശ്യമുണ്ട്. അതിന് എല്ലാവർക്കും മുത്വവ്വൽ ആവശ്യമില്ലെന്ന് മാത്രമല്ല, മുത്വവ്വലിൽ ചേരുന്നവർ മത ഗ്രന്ഥങ്ങളിൽ ആഴത്തിലുള്ള അറിവും താൽപര്യവുമുള്ളവരായിരിക്കുകയും വേണം. ഇതായിരുന്നുവല്ലോ കഴിഞ്ഞകാല പണ്ഡിത രീതിയും. ഇതിനപവാദം സൃഷ്ടിക്കുന്നത് സമൂഹത്തിന് വരുത്തിവെച്ച മുറിവ് ചില്ലറയല്ല. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ നല്ല കഴിവുള്ള, എന്നാൽ കിതാബുകളിൽ വേണ്ടത്ര ശ്രദ്ധിക്കാനാവാത്ത കുട്ടിയെ ഇംഗ്ലീഷ് മേഖലയിലേക്ക് ഉപരിപഠനത്തിനയച്ചിരുന്നെങ്കിൽ അവന് നൂറുകണക്കിന് ദഅ്‌വ അവസരങ്ങളുണ്ടാകുമായിരുന്നു. ഏഴുവർഷം ഈ വിദ്യാർഥി പഠിച്ച കിതാബുകൾ തന്നെ മതിയാകും അവനെയും അവന്റെ ഇംഗ്ലീഷ് കഴിവ് വെച്ച് സമൂഹത്തെയും വഴിനടത്താൻ. ലോകത്തുള്ള പതിനായിരക്കണക്കിന് യൂണിവേഴ്‌സിറ്റികൾ ഈ കുട്ടികളുടെ മുന്നിൽ തുറന്നിട്ടിരിക്കെ അവയൊന്നും ഉപയോഗപ്പെടുത്താനുള്ള സമ്മതം നമ്മൾ നൽകുന്നില്ല. മുത്വവ്വൽ കഴിഞ്ഞുള്ള സമ്മതം ഫലപ്രാപ്തവുമല്ല. പ്രായം തന്നെയായിരിക്കും അപ്പോഴുള്ള പ്രധാന പ്രശ്‌നം. വേഷം മാറുന്നതും സംസ്‌കാരത്തിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളുമാണ് പലപ്പോഴും ഈ വിമുഖതക്ക് കാരണമായി പറയാറുള്ളതെങ്കിലും, നാടുവിട്ടുപോയി ജോലി ചെയ്യുന്നവർക്ക് വസ്ത്രധാരണത്തിൽ നാം കൊടുത്ത ഇളവ് നാടുവിട്ട് പഠിക്കുന്നവർക്ക് എന്തുകൊണ്ട് നൽകുന്നില്ല എന്ന ചോദ്യം പ്രസക്തമായി മാറുകയാണ്. ഏഴു വർഷം നമുക്ക് കീഴിൽ പഠിച്ചിട്ടും ബാഹ്യസമ്മർദങ്ങളിൽപെട്ടു സംസ്‌കാരം മാറ്റാൻ വിദ്യാർഥികൾ തയ്യാറാകുന്നുവെങ്കിൽ നമ്മുടെ അധ്യാപനസംസ്‌കരണ രീതി മാറേണ്ടതുണ്ടെന്നുതന്നെയല്ലേ അതിനർഥം.
തീർച്ചയായും, നമ്മെ കുഴക്കുന്ന ഇത്തരം നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ട്;എല്ലാത്തിനും പരിഹാരവുമുണ്ട്. പരിഹാര ക്രിയകൾ ആർജവത്തോടെയും ഊർജസ്വലതയോടെയും ഓരോരുത്തരും ഏറ്റെടുത്ത് ചെയ്യുകയാണ് വേണ്ടത്. അതിൽ പ്രധാനപ്പെട്ടത് സിലബസും സിലബസിനനുസരിച്ച് സംവിധാനവും മാറുകയാണ്. മതപഠന രംഗത്ത് നാം തുടങ്ങുന്ന ഏതു സംവിധാനത്തിനും 1400 വർഷത്തെ പഴക്കമുണ്ടല്ലോ. കഴിഞ്ഞ ഇത്രയും വർഷങ്ങൾക്കിടയിൽ എന്തെല്ലാം മാറ്റങ്ങളെയാണ് ഈ ഉമ്മത്ത് ഉൾക്കൊണ്ടതും നേതൃത്വം നൽകിയതും! എന്നാൽ ഇന്ന് അതിശീഘ്രം ലോകം വികസിക്കുമ്പോൾ വമ്പിച്ച മാറ്റങ്ങൾക്കാണ് നാം നേതൃത്വം നൽകേണ്ടത്. ഇത് പഴയതിനെ തിരസ്‌കരിച്ചുകൊണ്ടാവരുത്; പുതിയതിനെ ഉൾക്കൊണ്ടായിരിക്കണമെന്നു മാത്രം.
ദർസിൽ നിന്നു ശരീഅത്ത് കോളേജുകളിലേക്കും അറബിക്കോളേജുകളിലേക്കും ദഅ്‌വ കോളേജുകളിലേക്കും മാറാൻ നാം കാണിച്ച ത്രാണി ഇനിയും പുതിയ സംവിധാനങ്ങളിലേക്ക് മാറുന്നതിൽ നമുക്ക് ആവേശം തരുന്നതാണ്. ഇതിനർഥം ദർസ് നിന്നുപോയി എന്നല്ലല്ലോ. സംവിധാനങ്ങൾ മാറി എന്നു മാത്രം. ലോകത്തെ ഉൾക്കൊള്ളുന്ന, പുതിയ തലമുറക്കാവശ്യമായ സംവിധാനങ്ങൾ വളർത്തിയെടുക്കാൻ ഇനിയും ധാരാളം ആഴത്തിലുള്ള ചിന്തകൾ ആവശ്യമാണെന്ന് ചുരുക്കം.
ഇത് കേരളത്തിലെ എല്ലാ ദഅ്‌വ കോളേജുകളും ഞൊടിയിടയിൽ ചെയ്യേണ്ടതാണെന്നും പറയുന്നില്ല. ഓരോ കോളേജും ലോകത്തിന്റെ ആവശ്യങ്ങൾ വ്യത്യസ്ത കോണുകളിലൂടെയായിരിക്കും നിരീക്ഷിക്കുക. നിരീക്ഷണത്തിലുണ്ടാകുന്ന ഈ സ്വാഭാവിക വൈവിധ്യം സംവിധാനത്തിലും ഉണ്ടാകണം. അപ്പോൾ മാത്രമാണ് വൈവിധ്യമാർന്ന ഒരു സമൂഹം ഉരുത്തിരിഞ്ഞ് വരിക. എല്ലാവർക്കും ഒരു സിലബസ്, എല്ലാവർക്കും ഒരു വിഷൻ, എല്ലാവർക്കും ഒരു സംവിധാനം- ഇതെല്ലം മാറേണ്ട കാലം അതിക്രമിച്ചു. ചില അടിസ്ഥാന സിലബസും സംവിധാനവും രീതിശാസ്ത്രവുമാകാം. പക്ഷേ, ബുദ്ധിയുള്ള കുട്ടിക്കും വേണ്ടത്ര മിടുക്കില്ലാത്തവനും ഒരേ കോഴ്‌സും സിലബസും നൽകുന്നത് വലിയ വിഡ്ഢിത്തമാണെന്ന് പറയേണ്ടതില്ലല്ലോ. ഓരോ സ്ഥാപനത്തിലും വ്യത്യസ്ത കോഴ്‌സുകൾ വളർന്നുവരുന്നതോടൊപ്പം ഓരോ സ്ഥാപനത്തിനും വ്യത്യസ്ത വീക്ഷണങ്ങളും കോഴ്‌സുകളും സിലബസുകളും വേണം. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ യൂണിവേഴ്‌സിറ്റിയായിരിക്കണം നമ്മുടെ കൂട്ടായ്മ- ഇന്ന് കാണുന്ന യൂണിവേഴ്‌സിറ്റികളെപ്പോലെ.
പണവും സാമ്പത്തിക സ്ഥിതിയും എന്നും നമുക്കൊരു പ്രതിസന്ധിയാണ്. പക്ഷേ പണമുണ്ടാക്കാനുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ച് ആഴമേറിയ ചിന്തകൾ നടക്കാറില്ലെന്നതും യാഥാർഥ്യമാണ്. ജനങ്ങളുടെ സഹായവും വാടകയിനങ്ങളും ചിലപ്പോഴൊക്കെ ചെറിയ ഫീസുകളും ഒഴിച്ചുനിർത്തിയാൽ കാലങ്ങൾ പിന്നിട്ടിട്ടും നാം മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ഇതിലേറെ ഇവ്വിഷയത്തിൽ ചിന്തിക്കേണ്ടതാണ് രമ്യഹർമങ്ങളായി നാം പണിയുന്ന മസ്ജിദുകൾ നിസ്‌കാര സമയമല്ലാത്ത നേരങ്ങളിൽ അനാഥമായിപ്പോകുന്നുവെന്നത്. ഓരോ നാടുകളിലെയും മസ്ജിദുകളാണ് ആ നാട്ടിലെ ഏറ്റവും പ്രൗഢമായ പൊതുകെട്ടിടങ്ങൾ. പഴയ കാലത്തുള്ള പോലെ ഈ മസ്ജിദുകൾ കുട്ടികൾക്ക് പഠിക്കാൻ ഉപയോഗപ്പെടുത്തുന്ന മനോഗതിയിലേക്ക് മാറേണ്ടതുണ്ട്. നാട്ടുകാർ ഭക്ഷണം നൽകുന്ന രീതിയിലേക്കും. ഇനി ഒരു സ്ഥാപനത്തിനും കെട്ടിടം ആവശ്യമില്ലാത്ത വിധം മസ്ജിദുകൾ നമ്മുടെ നാട്ടിലുണ്ടല്ലോ. അവകൾ എല്ലാ സൗകര്യങ്ങളുമുള്ളവ കൂടിയാണ്. ഒന്നോ രണ്ടോ കിലോമീറ്റർ വ്യത്യാസത്തിലാണ് പള്ളികളൊക്കെ. ഓരോ പള്ളിയും ഒന്നോ രണ്ടോ ബാച്ചുകളുടെ പഠനകേന്ദ്രമാക്കിയാൽ നിലവിലെ കെട്ടിടങ്ങളെക്കാൾ സൗകര്യത്തോടുകൂടി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി പണം ചെലവഴിക്കുന്നതിനു പകരം അക്കാദമിക് മികവിനു വേണ്ടി പണം ചെലവഴിക്കാനാവുകയും ചെയ്യും. മാനുഷിക വിഭവങ്ങളിൽ മറ്റെന്തിനേക്കാളും പണം ചെലവഴിക്കുന്ന സംവിധാനവും നമുക്കിടയിൽ വളർത്തിക്കൊണ്ടുവരാനാകും. ഏതു സംരംഭത്തിന്റെയും വിജയം മാനുഷിക വിഭവങ്ങളിൽ കൂടുതൽ പണമിറക്കുമ്പോഴാണെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. നമ്മുടെ ഗുണനിലവാരവും ഇതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
പഴയ കാലത്തിൽ നിന്നും വിഭിന്നമായി ലോകത്തു നടക്കുന്ന മുഴുവൻ കാര്യങ്ങളും നമ്മുടെ വിദ്യാർഥികൾ അറിയുന്നുണ്ട്. സ്വാഭാവികമായും അതെല്ലാം വേണമെന്ന് പല കുട്ടികളും ചിന്തിക്കുന്നുമുണ്ട്. ഈ ചിന്തകളാണ് ഓരോ കുട്ടിയെയും വളർത്തുന്നതും. നിർഭാഗ്യവശാൽ കുട്ടികളുടെ വിധാനത്തിലേക്ക് പലപ്പോഴും അധ്യാപകർക്കും നടത്തിപ്പുകാർക്കും ഉയരാൻ സാധിക്കാറില്ല. ഇത് തലമുറ മാറ്റത്തിന്റെ ഒരു പ്രശ്‌നം കൂടിയാണ്. അതിലപ്പുറം നീണ്ട ദീർഘദൃഷ്ടിയും വിശാലമായ കാഴ്ചപ്പാടുമുള്ള നേതൃത്വം തന്നെ ഓരോ സ്ഥാപനത്തിനും ആവശ്യമാണ്. കുട്ടികളുടെ അധ്വാനം മാത്രമല്ല ഓരോ കുട്ടിയെയും വളർത്തുന്നത്; എല്ലാത്തിനുമുപരി കാഴ്ചപ്പാടുള്ള നേതൃത്വമാണ്, അധ്യാപകരും. ഇന്ന് ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നവും ഇതുതന്നെയാണ്. വായനയും ഗവേഷണവും ആഴത്തിലുള്ള ചിന്തയും ഓരോ അധ്യാപകനും ഏറെ വേണം. മുന്നിലിരിക്കുന്ന ഗ്രന്ഥം മനസ്സിലാക്കാൻ കുട്ടികൾക്ക് ഇന്ന് ധാരാളം വഴികളുണ്ട്. അതിന്റെയപ്പുറത്തേക്ക് അവരെ കൊണ്ടുപോകാനാണ് അവർക്കൊരു അധ്യാപകന്റെ ആവശ്യം. ഇത്തരം അധ്യാപകരെ കണ്ടെത്തി അവരെ മാത്രം നിയമിക്കുന്ന അവസ്ഥയിലേക്ക് ഓരോ സ്ഥാപനവും നീങ്ങിയാൽ ലഭിക്കുന്ന റിസൾട്ട് പ്രവചനാതീതമായിരിക്കും.
അതോടൊപ്പം സ്ഥാപന നടത്തിപ്പുകാരുടെ വിഷൻ വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ഇതിനു പ്രധാനമായും വേണ്ടത് എല്ലാ സ്ഥാപനവും ഒരു സിസ്റ്റം നിർമിച്ചെടുക്കുക എന്നതാണ്. ദീർഘ വീക്ഷണമുള്ള പണ്ഡിതന്മാർ തുടങ്ങിയതാണ് നമ്മുടെ പല സ്ഥാപനങ്ങളും. പക്ഷേ അടുത്ത തലമുറയിൽ അത്തരം വിഷനുള്ളവരെ ഏൽപ്പിക്കാനുള്ള സംവിധാനമില്ലാതെയാണ് സ്ഥാപനങ്ങൾ മുന്നോട്ടുപോയത്. പലപ്പോഴും കുടുംബത്തിലുള്ളവരോ ശിഷ്യന്മാരോ ഏറ്റെടുക്കേണ്ടിവന്നു. ഇങ്ങനെ അധിക കാലം ഒരു സ്ഥാപനത്തിനും അതിജയിക്കാൻ സാധിക്കില്ല. ആഗോളാടിസ്ഥാനത്തിൽ തന്നെ പഠനം നടത്തിയാൽ നൂറ്റാണ്ടുകൾ ഭേദിച്ച് ചില സ്ഥാപനങ്ങൾ മാത്രം അതിജീവിക്കാനുള്ള കാരണം നമുക്ക് മനസ്സിലാകും. ഒരു തലമുറ കഴിഞ്ഞാൽ അടുത്ത തലമുറയിൽ നിന്നും ആരെ ഏൽപ്പിക്കണമെന്നതിന് വ്യക്തമായ കാഴ്ചപ്പാടും സംവിധാനവും ഈ സ്ഥാപനങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് അവ എക്കാലവും നിലനിൽക്കുകയും ചെയ്തു. ഇക്കാര്യം നാം ഗൗരവമായി ചിന്തിച്ചില്ലെങ്കിൽ ഇപ്പോഴുള്ള പ്രതാപം പോലും വറ്റിപ്പോകാനിടയുണ്ട്.
കൂട്ടത്തിൽ നമുക്ക് പൂർണമായും നഷ്ടപ്പെട്ടത് നല്ല കുട്ടികളെ പ്രത്യേകം വളർത്തിയെടുക്കുക എന്ന രീതി തന്നെയാണ്. ലോകത്തുള്ള ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളും നല്ല കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. നമ്മുടെ സ്ഥാപനങ്ങളിൽ നല്ലവണ്ണം പഠിക്കുന്നവരും അല്ലാത്തവരും ഒരേ പോലെ വളരുന്നുവെന്നത് ഒരർഥത്തിൽ ചില ഫലങ്ങൾ നൽകിയേക്കും. പക്ഷേ മികച്ചവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുന്ന സ്‌കോളർഷിപ്പുകളെല്ലാം വിദ്യാർഥികളിൽ വലിയ സ്വാധീനമുണ്ടാക്കും. ഇതിനു യുജിസി പോലെയുള്ള സംവിധാനങ്ങൾ നടത്തുന്നതു പോലെ നമുക്കിടയിൽ കൂട്ടമായ പരിശ്രമങ്ങളും വേണം. അവയെല്ലാം പഠനം മാത്രം ശ്രദ്ധിക്കുന്ന വലിയൊരു സമൂഹത്തെ വളർത്തിയെടുക്കുമെന്ന് ഉറപ്പാണ്.
രണ്ടു വർഷം കൊറോണ നിലനിന്നപ്പോൾ നാമനുഭവിച്ച ഒരു പ്രശ്‌നമുണ്ട്; ഇരു വിദ്യാഭ്യസവുമുള്ള, പല ഭാഷകളുമറിയുന്ന വിദ്യാർഥികളായിരുന്നിട്ട് പോലും നമ്മുടെ വിദ്യാർഥികൾക്ക് ജോലിയോ മറ്റു ദഅ്‌വത്ത് മാർഗമോ സ്വീകരിക്കാൻ സാധിച്ചില്ല. കുട്ടികൾ ഇപ്പോഴും വളരെ കുടുസ്സായ പ്രദേശത്താണ് ജീവിക്കുന്നതെന്നതിന് ഇതിലപ്പുറം തെളിവുകൾ വേണ്ടതില്ല. ലോകം വിശാലമാണ്, ഞങ്ങളെ ലോകത്തിനാവശ്യമുണ്ട് എന്നൊന്നും മഹാഭൂരിപക്ഷം കുട്ടികൾക്കും ഇപ്പോഴും ബോധിച്ചിട്ടില്ല. ഇത്തിരിപ്പോന്ന കേരളത്തിൽ തന്നെ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള ഒടുക്കത്തെ ശ്രമം വേദനിപ്പിക്കുന്നതാണ്. അതിലപ്പുറം ആയിരക്കണക്കിന് സ്ഥാപനങ്ങൾ പതിനായിരക്കണക്കിന് സ്‌കോളർഷിപ്പുകളുമായി ഉപരിപഠനത്തിനായി ലോകത്തുണ്ടെന്നും വീട്ടിലിരിക്കുന്നതിനു പകരം അത്തരം പഠനങ്ങൾ നടത്താമെന്നതും കുട്ടികൾക്ക് അറിയാതെയായിപ്പോയി. ലോകത്ത് നാമനുഭവിക്കുന്ന വിടവുകൾ ഇപ്പോഴും കുട്ടികളും അധ്യാപകരും മനസ്സിലാക്കിയിട്ടില്ലെന്നും കൊറോണ നമ്മെ ബോധ്യപ്പെടുത്തുന്നു. ദഅ്‌വത്തിന്റെ വിശാലമായ എല്ലാ ഇടങ്ങളിലേക്കും ഓരോ പ്രാപ്തനായ കുട്ടിയും വരട്ടെ എന്ന് ചിന്തിക്കുന്നതിനു പകരം എക്കാലവും നാമനുഷ്ഠിച്ച ജോലി മാത്രം തിരഞ്ഞു നടക്കുന്നത് അവസാനിപ്പിക്കാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാത്തിനും വേണ്ടത് കൂട്ടമായ മുന്നേറ്റങ്ങളാണ്. നാം എക്കാലവും ചെയ്തതു പോലെ തന്നെ. സമയം അതിക്രമിച്ചുവെന്ന് നാം വിചാരിക്കുന്നുവെങ്കിൽ പോലും നാളെ ഇക്കാര്യം ചിന്തിക്കുന്നതിനേക്കാൾ നല്ലത് ഇന്നുതന്നെ ആലോചിക്കുന്നതാണല്ലോ. സമൂഹത്തിലെ ഓരോ മസ്തിഷ്‌കവും ആഴത്തിൽ പുകഞ്ഞ് പുതിയ പുതിയ പരിഹാരങ്ങൾ വരട്ടെ. എല്ലാം ഈ ഉമ്മത്തിന് നേടിത്തരുന്ന ശക്തമായ ഒരു നേതൃത്വമുണ്ട് നമുക്ക്.

ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല

Exit mobile version