ദഅ്‌വത്തിന്റെ രീതിയും നിർവഹണവും

‘ഞാൻ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ബാക്കി കാര്യങ്ങൾ പൂർത്തിയാക്കാൻ സഹായിക്കണം. വളരെ പാടുപെട്ടാണീ നമ്പർ സംഘടിപ്പിച്ചത്.’

ആ സ്വരത്തിൽ തളർച്ച തിരിച്ചറിഞ്ഞു. കൂട്ടുകാരുമായി ബന്ധപ്പെട്ട ശേഷം നാളെത്തന്നെ കോഴിക്കോട്ടെത്താൻ വിളിച്ചറിയിച്ചു.

സുന്ദരനായ ചെറുപ്പക്കാരൻ. വർകുഷോപ്പിൽ ജോലി. അതിനടുത്ത ക്വാർട്ടേഴ്‌സിൽ താമസം. കണ്ടാൽ രണ്ടു മക്കളുടെ പിതാവാണെന്ന് തോന്നുകയില്ല. വശ്യമായ പെരുമാറ്റം. അളന്നുമുറിച്ച സംസാരം.

എന്നാണ് കലിമ ചൊല്ലിയത്?

‘മൂന്നു ദിവസം മുമ്പ്’

ആരാണത് ചെയ്തു തന്നത്?

‘അടുത്ത പള്ളിയിലെ ഉസ്താദ്’

മതം മാറാൻ കാരണം?

‘ഏഴു വർഷം മുമ്പ് ജോലി സ്ഥലത്തിനടുത്തുള്ള ഒരു മുസ്‌ലിം പെൺകുട്ടിയുമായി കടന്നുകളഞ്ഞു. അവളെ മതവും പേരും മാറ്റി എന്റെ മതാചാര പ്രകാരം മിന്നുകെട്ടി. രണ്ടു കുട്ടികളുമായി. വീട്ടുകാർ ആ ബന്ധം ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ കുടുംബത്തിൽ നിന്നും പുറത്തായി. ജോലിയുള്ളതു കൊണ്ട് അല്ലലറിഞ്ഞില്ല. അതിനിടെ എനിക്ക് ഒരു രോഗം വന്നു. ആത്മസംഘർഷത്തിന്റെ നാളുകളായിരുന്നു പിന്നെ. കുറ്റബോധങ്ങൾ മനസ്സിനെ ഞെരിച്ചു. മദ്യപാനം ശീലിക്കാത്തതു കൊണ്ട് എല്ലാം സുബോധത്തോടെ തരണം ചെയ്തു. ഒരു രാത്രി മുസ്‌ലിംകളുടെ സൗഹൃദം പ്രജ്ഞയിൽ വന്നു. അതിന്റെ അടിവേര് പള്ളിയിലെ നിസ്‌കാരമാണെന്ന് എനിക്ക് തോന്നി. പിന്നെ ജോലി കഴിഞ്ഞാൽ പള്ളിക്കടുത്തു പോയി നിസ്‌കാരം നോക്കി നിൽക്കുക പതിവായി. പള്ളിമുറ്റത്തെ ചുറ്റിത്തിരിയൽ കണ്ട് ഒരു ദിവസം ഒരാൾ ചോദിച്ചു:

നീ മുസ്‌ലിമാണോ?

ആ സമയത്തെ വെപ്രാളത്തിൽ അതേയെന്നായിരുന്നു ഞാൻ പറഞ്ഞത്. അതോടെ പള്ളിയിൽ പോക്ക് നിന്നു. പക്ഷേ, എന്റെ ആത്മസംഘർഷം പുതിയ വഴിയിലായി. എന്തുകൊണ്ട് മുസ്‌ലിമായിക്കൂടാ. സ്വാഭാവികമായുള്ള എന്റെ ധൃതിയിൽ ഞാൻ പള്ളിയിലെത്തി ഉസ്താദിനോട് കലിമ ഏറ്റുചൊല്ലി.’

ഇസ്‌ലാം പ്രവേശനം എളുപ്പമാണ്. പിന്നെയാണ് പ്രശ്‌നം. തുടർനടപടികൾ ചെയ്യാൻ സഹായിക്കാൻ ആരുമില്ല. എല്ലാവർക്കും തിരക്കും ജോലിയുമാണ്. ഞാനാകെ വലഞ്ഞു.

അദ്ദേഹത്തെ തുടർ പഠനത്തിന് ചേർത്തു. ക്വാർട്ടേഴ്‌സിന്റെ അഡ്രസ് വാങ്ങി ഭാര്യക്കും മക്കൾക്കും രണ്ടു മാസത്തെ ചെലവുകളും വാടകയും നൽകാമെന്നേറ്റു.

ദാരിദ്ര്യവും അരക്ഷിതത്വവും വഴിതെറ്റിച്ച ഒരു നാടൻ പെൺകുട്ടിയെയാണ് ഞങ്ങളവിടെ കണ്ടത്. ഇസ്‌ലാമിന്റെ ഒരടയാളവും കാണാനില്ല. എന്നാൽ പുതിയ മതത്തിന്റെ ചിഹ്നങ്ങൾ പുറത്തുകാണാം. മദ്‌റസ രണ്ടാം ക്ലാസ് മാത്രം പഠിച്ച ഇവൾക്ക് ഖുർആൻ തീരെ അറിയില്ല. നിസ്‌കാരം ഓർമയുമില്ല. പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടു. മൂന്ന് സഹോദരിമാരും രണ്ട് ആങ്ങളമാരുമുണ്ട്. ഒരാൾ കൊലക്കേസിൽ പ്രതിയായി വീടുവിട്ടു പോയി. രണ്ടാമൻ മദ്യപാനിയും. ജ്യേഷ്ഠത്തിമാരിൽ ഒരാളെ അന്യസംസ്ഥാനക്കാരൻ വിവാഹം ചെയ്തിരുന്നു. ഒരു കുട്ടിയെ സമ്മാനിച്ച് മുങ്ങി.

മൂത്ത ജ്യേഷ്ഠത്തിയുടെ വീട്ടിൽ താമസിക്കുമ്പോഴാണ് സുമുഖിയായ ഈ പതിനെട്ടുകാരി സുന്ദരനും സുശീലനുമായ യുവാവുമായി പരിചയപ്പെടുന്നത്. വീട്ടിൽ പുഞ്ചിരിയുടെ മുഖം ഒരിക്കലും കാണാത്ത ഇവൾ ആ യുവാവിന്റെ വശ്യമായ പെരുമാറ്റത്തിൽ ആകൃഷ്ടയായി. ഒരു രാത്രി അയാൾക്കൊപ്പം വീടുവിട്ടു. അതൊരു വാർത്തയായില്ല. ഒരു രക്ഷപ്പെടലായി അറിഞ്ഞവരൊക്കെ അടക്കം പറഞ്ഞു.

അവളിൽ നിന്നും അഡ്രസ് വാങ്ങി ഞങ്ങൾ അവളുടെ വീട്ടിലെത്തി. നല്ല വൃത്തിയുള്ള വീടുകൾക്കിടയിൽ ഒടിഞ്ഞുതൂങ്ങിയ ഓടിട്ട ഒരു ഇരട്ടമുറി വീട്. ഉമ്മരക്കല്ല് എന്നോ പൊളിഞ്ഞു പോയതുകൊണ്ട് പരസഹായമില്ലാതെ വീട്ടിലേക്ക് കയറാനാകില്ല. വൃദ്ധയായ മാതാവും മകളും കുട്ടിയും മകനും ഭാര്യയും രണ്ടു കുട്ടികളും താമസിക്കുന്ന ആ വീടിന്റെ ഓരോ ഭാഗവും ദൈന്യത വിളിച്ചു പറയുന്നു. ആരും രക്ഷപ്പെടാൻ കൊതിച്ചുപോകുന്ന സാഹചര്യം.

അടുത്ത ദിവസം ഞങ്ങൾ വീണ്ടും ക്വാർട്ടേഴ്‌സിലെത്തി. ഭർത്താവിന്റെ മതം മാറ്റവും രണ്ടു മാസത്തെ പഠനവും അറിയിച്ചു. വീട് വാടകയും ചെലവിനുള്ള പൈസയും നൽകി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അവിടെയെത്തി. മാറ്റമൊന്നും കാണാത്തതിനാൽ അവളുമായി മതകാര്യങ്ങൾ സംസാരിച്ചു. മഹല്ല് കാരണവരും ഒപ്പമുണ്ടായിരുന്നു. ഭർത്താവിനോടൊപ്പം കഴിയാനുള്ള ഒരാവരണം എന്നതിൽ കവിഞ്ഞ് അവൾക്ക് ഒരു മതത്തിനെക്കുറിച്ചും ഒന്നും അറിയില്ല. ഇസ്‌ലാമിന്റെ നിയമങ്ങളും മോക്ഷമാർഗവും സ്വർഗവും നരകവും ഏറെ നേരം പറഞ്ഞു ബോധ്യപ്പെടുത്തി. ശേഷം ശഹാദത്ത് ചൊല്ലിക്കൊടുത്തു. ബോധം വരാതെ ശഹാദത്ത് ചൊല്ലിയാൽ മുസ്‌ലിമാവുകയില്ലല്ലോ.

പഠനം കഴിഞ്ഞ് തിരിച്ചുപോരുമ്പോഴാണ് പുതിയ നികാഹ് വേണമെന്ന് അറിയുന്നത്. ഇതര മതക്കാരായ ദമ്പതികൾ ഒന്നിച്ചോ ഇദ്ദകാലത്തോ ഇസ്‌ലാം സ്വീകരിച്ചാൽ പുനർവിവാഹം ആവശ്യമില്ല. പക്ഷേ, മുർതദ്ദ് ആയാൽ ഈ വിധി ബാധകമല്ല. ഉടനെ പള്ളിയിലെ ഉസ്താദിനെ വിളിച്ചു കാര്യം പറഞ്ഞു. കമ്മിറ്റി യോഗം നടക്കുകയാണ് ഞാൻ വിവരം പറയാം-അയഞ്ഞ മറുപടി.

‘അവനെ മഹല്ലിൽ ചേർക്കേണ്ടതില്ല. അവളുടെ വീട് മഹല്ലിൽ പെട്ടതാണെങ്കിലും പേരുദോഷം വരുത്തിയവളായതുകൊണ്ട് നികാഹ് ഔദ്യോഗികമായി ചെയ്തു കൊടുക്കേണ്ടതുമില്ല.’

കമ്മിറ്റിയുടെ ഏകകണ്ഠ തീരുമാനം ഞങ്ങളെ അറിയിച്ചു. ഇസ്‌ലാമിന്റെ സംരക്ഷണ ബാധ്യതയുള്ള ഘടകങ്ങളെല്ലാം കൈയൊഴിയുന്ന ദുരന്തമാണീ സംഭവത്തിൽ മുഴുവൻ കാണുന്നത്. ദഅ്‌വാ രംഗത്തെ കണ്ണുതുറപ്പിക്കാനാണിത് നീട്ടിപ്പറഞ്ഞത്. ഇവിടെ പ്രതിസ്ഥാനത്തുള്ള അഞ്ച് ഘടകങ്ങളെക്കുറിച്ച് പറയാം. സമൂഹത്തിൽ സംഭവിക്കുന്ന പല വഴിതെറ്റലുകൾക്കും ഈ അഞ്ച് ഘടകങ്ങൾ തന്നെയാണ് പ്രധാന ഉത്തരവാദി.

ഒന്ന്: മഹല്ല് ജമാഅത്ത്.

ഇസ്‌ലാമിന്റെ സാമൂഹ്യ ബാധ്യതയായി കർമശാസ്ത്രം വിവരിച്ച, മുസ്‌ലിം ഉമ്മത്തിന്റെ അസ്തിത്വം തുറന്നു കാണിക്കുന്ന സംരംഭങ്ങളുടെ പ്രാദേശിക സംരക്ഷണ കേന്ദ്രമാണ് മഹല്ല് കമ്മിറ്റി. പ്രഥമ ബാധ്യതയായ ഇഖാമത്തുൽ ഹുജ്ജത്ത്-പ്രതിരോധം- തീർക്കേണ്ട ദൗത്യമുള്ളവർ സേവനം മതിയാക്കിയാൽ എന്തു ചെയ്യും. ഒരു പെൺകുട്ടി ഒളിച്ചോടാതിരിക്കാൻ ചെയ്യേണ്ട മുൻകരുതലുകൾ എടുക്കാത്തവർ തങ്ങളുടെ കുറ്റം ഇറക്കിവെക്കാനുള്ള ഇരകളുമായി എത്തിയപ്പോൾ പുറംകാലു കൊണ്ട് ചവിട്ടുകയായിരുന്നു. വിജ്ഞാന ദാരിദ്ര്യം, സാമ്പത്തിക ദാരിദ്ര്യം, സാംസ്‌കാരിക അധഃപതനം, സമൂഹത്തിന്റെ പര്യാപ്തി തുടങ്ങിയവ പ്രാദേശികമായി പരിഹരിക്കാൻ കടപ്പെട്ട മഹല്ല് ജമാഅത്ത് അതിലൊന്നും തലയിടാതെ ഭരണം(?) നടത്തുകയാണിന്ന്. സ്ഥാപനം ഭരിക്കുന്നതിന് പുറമെ സമൂഹത്തെയും ഭരിക്കാൻ കടപ്പെട്ടവരാണ് മഹല്ല് ജമാഅത്ത്. കർമശാസ്ത്ര കൃതികളിലത് കാണാം.

രണ്ട്: ഖാളി, ഖതീബുമാർ.

ഇസ്‌ലാമിനെതിരെയുള്ള സംശയങ്ങൾ തീർക്കുക, മഹല്ല് ജമാഅത്തിന് ദിശാബോധം നൽകുക തുടങ്ങിയ അധികാരങ്ങളുള്ള ഇവർ കടലാസ് പുലികളായി തരംതാഴുന്നു. സംശയ നിവാരണത്തിന്റെ അപര്യാപ്തത മൂലം സുന്നത്ത് ജമാഅത്തിൽ നിന്നും ഇസ്‌ലാമിൽ നിന്നു പോലും അകന്നുപോയ നിരവധി പേരെ പരിചയമുണ്ട്. വസ്തുനിഷ്ഠമായി കാര്യകാരണ സഹിതം സംശയാലുക്കളുടെ മനം പരിവർത്തിപ്പിക്കാനുള്ള തന്റേടവും പരിശീലനവും നേടിയ പണ്ഡിതർ വേണം മഹല്ലുകളിൽ. അപ്രകാരം മഹല്ല് ജമാഅത്തിന്റെ ഉത്തരവാദിത്തങ്ങൾക്ക് ദിശാബോധം നൽകാനും ഖാളി, ഖതീബുമാർ സജ്ജരാവേണ്ടതുണ്ട്. മഹല്ലിന്റെ അവസാന വാക്കായി മാറാൻ ഇവർക്ക് കഴിയണം. അത്തരം മഹല്ലുകൾ ചുരുങ്ങിവരുന്നു.

മൂന്ന്: മദ്‌റസാധ്യാപകർ

പ്രദേശത്തെ വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും മനസ്സറിയുന്നവരാണിവർ. വീടുകളും കുടുംബങ്ങളുമായും അടുത്തിടപഴകാനവസരവും ഇവർക്കുണ്ട്. ഈ സൗകര്യങ്ങൾ തിന്മകൾ ഉച്ഛാടനം ചെയ്യാനും തെറ്റുകൾ കണ്ടുപിടിക്കാനും ഉപയോഗിക്കണം. സ്വന്തമായി തിരുത്താനാവാത്തത് ഉത്തരവാദപ്പെട്ടവരെ യഥാസമയം അറിയിക്കാനും തയ്യാറാവണം. ഇത്തരം ജനകീയ ഉസ്താദുമാർ പല പ്രദേശങ്ങളെയും മാറ്റിയെടുത്തതായി കാണാം.

നാല്: രക്ഷിതാക്കൾ

ഈ വാക്ക് തന്നെ ഉത്തരവാദിത്തങ്ങളെ ദ്യോതിപ്പിക്കുന്നു. വീട്ടിലെ അച്ചടക്കവും കുടുംബ ഭദ്രതയും നിലനിർത്താനും കുടുംബാംഗങ്ങളെ നിരന്തരം വീക്ഷിക്കാനും ചോദ്യം ചെയ്യാനും കഴിയുമ്പോഴാണ് ഒരാൾ രക്ഷിതാവാകുന്നത്. മറിയം ബീവിയുടെ രക്ഷിതാവ് സകരിയ്യ നബി(അ) താൻ നൽകാത്ത ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ‘ഇത് നിനക്കെവിടുന്ന് കിട്ടി’ എന്ന് ചോദിച്ചത് രക്ഷിതാക്കൾ മാതൃകയാക്കണം. കുടുംബനാഥർ കുടുംബത്തിലെ അവിഹിത ബന്ധങ്ങളും വസ്തുക്കളും കണ്ടെത്തി നടപടി സ്വീകരിക്കണം. പക്ഷേ, വേലിതന്നെ വിള തിന്നുന്ന കാലമാണിത്.

അഞ്ച്: അയൽക്കാർ, പൊതുപ്രവർത്തകർ

സമൂഹത്തിലെ സ്‌നേഹം നഷ്ടപ്പെട്ടവരും പരിഗണന നിഷേധിക്കപ്പെട്ടവരുമായ അസംതൃപ്തരാണ് അപഥസഞ്ചാരികളാവുന്നവരിലധികവും. ഒളിച്ചോടാനും മതമോ ജീവനോ ജീവിതമോ അതെല്ലാമോ നഷ്ടപ്പെടുത്തുന്നവരും ഇത്തരക്കാരാണ്. ഇവരെ കണ്ടെത്താനും തിരുത്താനും പെട്ടെന്ന് സാധിക്കുന്നവരാണ് അയൽക്കാരും നാട്ടിലെ പൊതുപ്രവർത്തകരും.

മത സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ ക്രിയാത്മകമായി പ്രവർത്തിക്കുകയും അയൽക്കാർ തങ്ങളുടെ ബാധ്യത നിറവേറ്റുകയും ചെയ്താൽ ഇത്തരം കേസുകൾ ഒരളവുവരെ നിർമാർജനം ചെയ്യാൻ സാധിക്കും. മേൽസംഭവത്തിൽ അയൽക്കാരെല്ലാം ഒറ്റപ്പെടുത്തി അവഗണിച്ചതാണ് പ്രസ്തുത കുടുംബത്തെ. ആ വീട്ടിലെന്ത് സംഭവിക്കുന്നുവെന്ന് ഞങ്ങൾ ശ്രദ്ധിക്കാറില്ലെന്നാണ് അയൽക്കാർ പറഞ്ഞിരുന്നത്. ഇത്തരം ജീവൽ ഘടകങ്ങൾ ജീർണിച്ചതോടെ നമ്മുടെ ദഅ്‌വാ സംരംഭം നിശ്ചലമായിട്ടുണ്ട്. അത് പുനഃസ്ഥാപിക്കാൻ പുതിയ രീതിശാസ്ത്രം സ്വീകരിച്ചേ പറ്റൂ. സ്റ്റേജുഷോകളും വിജ്ഞാന കസർത്തുകളുമല്ല സമൂഹത്തിന് അടിയന്തിര പ്രധാനം.

പ്രവാചകരിലൂടെ നമ്മിലേക്കെത്തിയ ഈ വിശുദ്ധ ജീവിതപദ്ധതി പൂർണമായി സ്വീകരിക്കുകയും സഹജീവികൾക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യേണ്ട ബാധ്യത മുസ്‌ലിംകൾക്കുണ്ട്. ജീവിതത്തിന്റെ മറുപുറമായ കുറ്റവിചാരണ, പ്രതിഫലദാനം, സ്വർഗം, നരകം തുടങ്ങിയ വസ്തുതകളൊന്നും സാധാരണ നിലക്ക് മനുഷ്യനറിയാനാകാത്തതാണ്. പൈതൃകമായി ലഭിച്ച ആ ജ്ഞാനം സ്വന്തം കൈവശം വെക്കുകയും അറിയാനവകാശപ്പെട്ടവർക്ക് പകർന്നുകൊടുക്കാതിരിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയും അക്രമവുമാണ്. ഈ സാമാന്യ മര്യാദയാണ് മതപ്രബോധനത്തിന്റെ പ്രചോദനം. ആ വികാരത്തോടെ ദഅ്‌വത്ത് നടന്ന കാലം ജനമത് നെഞ്ചേറ്റിയിരുന്നു. പിൽക്കാലത്തത് ആത്മാവ് നശിച്ചു പേക്കോലമായി. അത് മാറ്റിയെടുക്കാനും പ്രബോധന സംരംഭം കാര്യക്ഷമമാക്കാനും താഴെ പറയുന്ന ക്രമീകരണങ്ങൾ വരുത്തേണ്ടതുണ്ട്.

പ്രബോധിത സമൂഹത്തെ വകയിരുത്തുക

ഉമ്മത്തുൽ ഇജാബ, ഉമ്മത്തുദ്ദഅ്‌വ എന്നിങ്ങനെ വ്യത്യസ്തമായ രണ്ടു തരം സമൂഹത്തെയാണ് നമുക്ക് സംസ്‌കരിക്കാനുള്ളത്. മുസ്‌ലിംകളായി ജനിച്ചവരാണ് ഉമ്മത്തുൽ ഇജാബ. ഇവരെ നമുക്ക് ആറു വിഭാഗമായി തിരിക്കാം.

1. ഉറച്ച വിശ്വാസികൾ. അതിൽ അഭിമാനിക്കുന്നവരും. സമ്മേളനങ്ങളിലും മറ്റും നടത്തുന്ന പ്രബോധന പ്രവർത്തനം ഇവരിൽ പ്രതിഫലിക്കുന്നതാണ്.

2. ഇസ്‌ലാം എങ്ങനെയോ ലഭിച്ചുവെങ്കിലും അറിവ് ലഭിക്കായ്കയാൽ ഇസ്‌ലാമിക സംസ്‌കാരത്തിൽ നിന്നും അകന്നുപോയവർ. ഇവരുടെ ചരിത്രപരമായ പതനം തിരിച്ചറിഞ്ഞു ദീർഘകാല ആസൂത്രിത പഠന പദ്ധതികൾ ആവിഷ്‌കരിക്കേണ്ടി വരും.

സുന്നീ സംഘടനകൾക്കു കീഴിൽ വൻ മുന്നേറ്റം ഈ രംഗത്ത് സാധ്യമായെങ്കിലും പ്രബോധിതരുടെ വൈപുല്യം കാരണം അപര്യാപ്തമാണിത്. അതിർത്തി ഗ്രാമങ്ങളിലും കുടിയേറ്റ മേഖലകളിലും തലമുറകളായി അജ്ഞതയിൽ നിറംകെട്ടു പോയവരെ ധാരാളമായി കാണാം. സഹനവും സേവനതൽപരതയുമുള്ള നിസ്വാർത്ഥരായ പ്രബോധകരെ ഇവിടെ ആവശ്യമാണ്. പണിപ്പെട്ടു ഒരു മലയോര ഗ്രാമം മാറ്റിയെടുക്കാൻ ശ്രമിച്ച ദഅ്‌വാ ഗ്രൂപ്പിന് അവിടെ ജോലി ചെയ്യാൻ തയ്യാറുള്ള അധ്യാപകനെ ലഭിക്കാതെ പിൻമാറേണ്ടി വന്നത് അനുഭവം! ശമ്പളത്തിന്റെയും സൗകര്യത്തിന്റെയും പേരിൽ വരുന്നവരെല്ലാം പിരിഞ്ഞുപോവുകയായിരുന്നു. എന്നാൽ ശബരിമല താഴ്‌വരയിലെ ഉൾവന ഗ്രാമത്തിൽ എത്തിയ ദഅ്‌വാ സന്നദ്ധ അധ്യാപകൻ എട്ടു വർഷം അധ്വാനിച്ചതിന്റെ ഫലമായി ആ ഗ്രാമത്തിലെ മത നിരക്ഷരർ ഇന്ന് പൂർണ മത സാക്ഷരരും മതപ്രബോധകരുമായി മാറിയ ചിത്രവും കാണാനിടയായി.

3. വിവരവും വിശ്വാസവുമുള്ള പരമ്പരാഗത മുസ്‌ലിംകൾ. അശ്രദ്ധയും അലസതയും കാരണം അപഥസഞ്ചാരികളായി പോയവർ. ചെറിയ ചില ഓർമപ്പെടുത്തലുകൾ, സാഹചര്യങ്ങളിൽ നിന്ന് മാറ്റിനിർത്തൽ, പ്രഭാഷണം, സിഡി തുടങ്ങിയ ലളിതമായ പ്രവർത്തനം കൊണ്ട് ഇവരെ രക്ഷപ്പെടുത്താം. വ്യക്തിഗത പ്രബോധന രീതിയാണവരിൽ ഫലപ്രദം.

4. മുസ്‌ലിംകളാണെങ്കിലും പുത്തൻ ചിന്തകൾ സ്വാധീനിച്ചവർ. വ്യവസ്ഥാപിതമായി ഇത്തരക്കാരെ തിരുത്താൻ സംഘടനകളുണ്ടെങ്കിലും പലപ്പോഴും ദഅ്‌വയുടെ മൗലിക ഗുണങ്ങളായ ഹിക്മത്ത്-തന്ത്രം- സദുപദേശം, ഉൾക്കാഴ്ച, സ്‌നേഹസംവാദം എന്നിവ നഷ്ടപ്പെട്ട് പ്രകോപനപരമാവുന്നു. ഇതുമാത്രമാണ് തങ്ങളുടെ ദൗത്യമെന്ന നിലയിലേക്കതിനെ ചുരുക്കിക്കെട്ടുകയും ചെയ്യുന്നു. ഇവിടെ തന്ത്രപരമായ മാറ്റങ്ങൾ അനിവാര്യമത്രെ.

5. ഇസ്‌ലാമിക കുടുംബത്തിൽ ജനിച്ചു. ശേഷം വസ്തുനിഷ്ഠമായ അറിവ് ലഭിക്കാതെ നിഷേധികളായി തീർന്നവർ. സംശയങ്ങളും സന്ദേഹങ്ങളും പ്രാമാണികമായും വസ്തുനിഷ്ഠമായും തീർക്കാൻ സാധിക്കുന്നവർ ഓരോ നാട്ടിലുമുണ്ടാകണം. അവർ സ്വീകാര്യമായ ശൈലിയിൽ സന്ദേഹങ്ങൾ മുളയിലേ നുള്ളിക്കളയണം. സംശയം ചോദിച്ച വിദ്യാർത്ഥിയെ ശകാരിച്ച ഒരു ഉസ്താദിന് പിന്നെയവൻ ക്രിസ്ത്യാനിയായതാണ് കാണാനായത്. സഹിഷ്ണുതയും പ്രതിഭാത്വവും ഒത്തുകൂടിയവരെ പ്രബോധന രംഗത്ത് സൃഷ്ടിക്കുകയാണിതിനുള്ള പരിഹാരം. പ്രത്യേക ട്രെയ്‌നിംഗ് നൽകി ഇസങ്ങളും മതങ്ങളും താരതമ്യ പഠനം നടത്തിയും വായിച്ചും പഠിച്ചും വർത്തമാന കാല പ്രശ്‌നങ്ങളെ കുറിച്ചു ബോധവാന്മാരാക്കാനും പദ്ധതികൾ വേണം.

6. ഭൗതിക താൽപര്യത്തിന് മതം കൈവെടിഞ്ഞവർ. പണം, പ്രണയം തുടങ്ങിയ താൽപര്യങ്ങൾ സ്വാധീനിച്ച ഇത്തരക്കാരെ അതിന്റെ നശ്വരതയും ക്ഷണികതയും ബോധ്യപ്പെടുത്തിയും അയുക്തി ചൂണ്ടിക്കാണിച്ചും സത്യത്തിലേക്ക് മടക്കിക്കൊണ്ടു വരണം.

ഉമ്മത്തുദ്ദഅ്‌വ വിഭാഗത്തെ നമുക്ക് നാലു തരമായി തിരിക്കാം.

1. ഇസ്‌ലാമിനെക്കുറിച്ച് ഒന്നും അറിയാത്തവർ. ആദിവാസി ഗിരിവർഗക്കാരും തുല്യരായ അപരിഷ്‌കൃതരും. മനുഷ്യരായി ജീവിക്കാൻ ഇസ്‌ലാം മുന്നോട്ടുവെച്ച വിപ്ലവകരമായ പദ്ധതികളും വിമോചന മാർഗങ്ങളും പഠിപ്പിക്കുകയും അത്തരം ആനുകൂല്യങ്ങൾ അനുഭവിക്കാൻ അവസരം നൽകുകയും ചെയ്യുക. അജ്മീർ ഖാജ, മമ്പുറം തങ്ങൾ തുടങ്ങിയവരെപ്പോലെ അടിമ ജാതിക്കാരുടെ അടിമത്വത്തിനെതിരിൽ ഇസ്‌ലാമിനെ ഉയർത്തിക്കാണിക്കാനും ബോധ്യപ്പെടുത്താനും മുസ്‌ലിം സമൂഹത്തെ സജ്ജമാക്കാൻ ദഅ്‌വാ പ്രവർത്തകർക്കാവണം. പറയലുകൾക്കപ്പുറം കാണിച്ചു കൊടുക്കാനും നയിക്കാനുമുള്ള ആർജവമാണിവിടെ പ്രധാനം.

2. ഇസ്‌ലാമിനെ അടുത്തറിയാത്തവർ. ഭാഗികമായി മാത്രം ഇസ്‌ലാമിനെ കുറിച്ചു അറിയാനായ ഇത്തരക്കാരെ മതത്തിന്റെ ആത്മീയ ഭൗതിക ഋജുമാർഗം പരിചയപ്പെടുത്തുകയും അടുപ്പക്കാരും അയൽവാസികളുമായവരെ ഇസ്‌ലാമിന്റെ പാരസ്പര്യ മര്യാദകളുടെ ഗുണഭോക്താക്കളാക്കുകയും ചെയ്യുക. മതത്തിന്റെ ആത്മീയ-ഭൗതിക അതിജീവന ശക്തി സമയോചിതമായി പഠിപ്പിക്കേണ്ടതാണ്. ഇസ്‌ലാമിക സൗഹാർദത്തിന്റെ ഉൾക്കാഴ്ചയാണല്ലോ നേരത്തേ പറഞ്ഞ യുവാവിനെ ഇസ്‌ലാമിലെത്തിച്ചത്.

അസ്ത്ര വിദ്യയിൽ ഗവേഷണം നടത്തുന്ന ഒരാൾ അസ്ത്രമത്സരത്തിലെ പ്രത്യേക രീതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഹദീസ് കണ്ട് ഇസ്‌ലാം സ്വീകരിച്ചത് നേരിൽ കാണാൻ അവസരമുണ്ടായി. ഇസ്‌ലാമിലെ ഭാര്യാഭർതൃ ബന്ധത്തിന്റെ ഊഷ്മളത നോക്കിക്കണ്ട മറ്റൊരു കുടുംബം ഇസ്‌ലാം പുൽകിയതിനും സാക്ഷിയായി. നാമൊരു വെളിച്ചം കൊളുത്തുക. സമയമാകുമ്പോൾ അത് ജ്വലിക്കും.

3. ഇസ്‌ലാമിനെക്കുറിച്ചു വികലമായി മനസ്സിലാക്കിയവർ. ബോധപൂർവവും അല്ലാതെയും ഇത് സംഭവിക്കാം. സൗഹൃദ സംവാദം, ചർച്ച, സെമിനാർ തുടങ്ങിയ വിജ്ഞാന വേദികളിലൂടെ തിരുത്താനുള്ള പഠിപ്പും വിവരവും ഉള്ളവർ രംഗത്തുവരണം. എഴുത്തും പ്രസംഗവും മറ്റു വാർത്താ മാധ്യമങ്ങളും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു വിഭാഗം ഉയർന്നുവരേണ്ടതുണ്ട്.

ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ട് വൻപട തന്നെ ഇന്ന് രംഗത്തുണ്ട്. ഖുർആൻ, ഹദീസ്, ഇസ്‌ലാമിക നിയമവ്യവസ്ഥകൾ, ആധികാരിക ഗ്രന്ഥങ്ങൾ എല്ലാം ഇവർ ദുരാരോപണ വിധേയമാക്കുന്നു. ചരിത്രവും തത്ത്വശാസ്ത്രവും കൂട്ടുപിടിച്ചുള്ള ആസൂത്രിത വിമർശനമാണിന്ന് നിറഞ്ഞുനിൽക്കുന്നത്. വിമർശനങ്ങളിൽ കഴമ്പില്ലെങ്കിലും ആസൂത്രണത്തിന്റെ മികവ് പലപ്പോഴും വിനയാവുന്നു. വ്യക്തമായ തയ്യാറെടുപ്പോടെ വിമർശകരെ പ്രതിരോധിക്കാൻ ഒരു സംഘത്തെ സൃഷ്ടിക്കുക തന്നെ വേണം.

4. ഇസ്‌ലാമിനെക്കുറിച്ച് പലപ്പോഴും പ്രശംസിക്കുന്നവർ. ഭൗതിക-ആത്മീയ ദർശനങ്ങളെ തിരഞ്ഞുപിടിച്ച് ശ്ലാഘിക്കുകയും ഇസ്‌ലാം സ്വീകാര്യമാവാതിരിക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ചു ചർച്ച ചെയ്യണം. ഏതേത് കോണിൽ സ്വീകാര്യമാവുന്നു, അസ്വീകാര്യമാവുന്നു എന്ന് തിരിച്ചറിയുകയും അംഗീകരിക്കുന്ന പ്രതിവിധികൾ മുന്നോട്ടുവെക്കുകയും വേണം. ഇതിനെല്ലാം ഉൽകൃഷ്ടരായൊരു വിഭാഗം രൂപപ്പെടേണ്ടതാണ്. ഇങ്ങനെ പ്രബോധിതരെ പത്തായി തരംതിരിക്കുക. പ്രബോധനം കാര്യക്ഷമമാക്കുക.

പ്രായോഗിക മാർഗം സ്വീകരിക്കാം

മുകളിൽ പറഞ്ഞപോലെ വർഗീകരണം നടത്തി ഓരോ വിഭാഗത്തിനും ഫലപ്രദമായ രീതിയിൽ പ്രബോധനം ചെയ്യുന്ന ട്രെയ്‌നിംഗ് നേടിയവരെ ഏർപ്പെടുത്തുക. അപ്രകാരം ദഅ്‌വയുടെ തുടർന്ന് പറയുന്ന നാല് സാധ്യതകൾ കണക്കിലെടുത്ത് ഉചിതമായ നിലപാട് സ്വീകരിക്കുകയും ചെയ്യുക. 1, ഉപദേശിക്കപ്പെടുന്ന സംഗതി പൂർണമായും പുലരുക. 2, ഭാഗികമായി സംഭവിക്കുക. 3, പൂർണമായും അകന്നാലും തതുല്യമായ മറ്റൊന്ന് പകരം വരിക. 4, അതിലും അപകടകാരി പകരം വരിക. ഇങ്ങനെ നാലു സാധ്യതകളുണ്ട്. ഇവിടെ ഒന്നിലും രണ്ടിലും പ്രബോധനം നിർബന്ധമാണ്. മൂന്നാമത്തേതിൽ യുക്തമായ തീരുമാനമെടുക്കാം. നാലാമത്തേതിന്റെ പ്രബോധനം തന്നെ നിഷിദ്ധമാണ് (തുഹ്ഫ 9/216). അനവസരത്തിലെയും അനർഹരുടെയും പ്രബോധനം വെളുക്കാൻ തേച്ചത് പാണ്ടായ നിരവധി കഥകൾ നമുക്കറിയാമല്ലോ.

വർത്തമാനകാത്തെ തെറ്റായ സന്ദേശം തിരുത്തുക

ജിഹാദ്, ഭീകരവാദം തുടങ്ങിയ ഇസ്‌ലാമിക സംസ്‌കാരത്തിന് നിരക്കാത്ത രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത് നിരസിക്കുകയും ഇസ്‌ലാമിന്റെ മൗലികത ദഅ്‌വയാണെന്നും മറ്റെല്ലാം സാഹചര്യത്തിന്റെ സൃഷ്ടിയാണെന്നും ബോധ്യപ്പെടുത്തിയ ശേഷം ഇസ്‌ലാമിന്റെ സ്‌നേഹവും മൈത്രിയും പാരസ്പര്യ മര്യാദകളും സമഗ്രമായി പ്രകാശിപ്പിക്കുക. അപ്രകാരം ദഅ്‌വാ പ്രവർത്തനത്തിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്ന നിലപാടുകൾ വർജിക്കുക. ഒരു കൊച്ചു ഗ്രാമത്തിലേക്ക് ചെന്ന പ്രബോധക സംഘത്തോട് പ്രസിഡന്റ് പറഞ്ഞു:

‘ഈ കൊച്ചു പള്ളിയും മദ്‌റസയും വിപുലീകരണത്തിന്റെ ബ്രഹത്തായ പദ്ധതിയുമായി ഇവിടെയെത്തിയ സംഘം എല്ലാം വിശദീകരിച്ച ശേഷം ഈ ഭൂമി അവരുടെ ട്രസ്റ്റിന്റെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുക്കണമെന്ന നിബന്ധന വെച്ചു. അതുകേട്ട ഞങ്ങൾ ആ സംഘത്തെ ഓടിച്ചു.’

നിങ്ങളും അത്തരക്കാരോ എന്ന് ശബ്ദമല്ലാതെ ചോദിക്കുകയായിരുന്നു അയാൾ.

കുടിപ്പക ഒഴിവാക്കുക

നിക്ഷിപ്ത താൽപര്യം ഇടങ്കോലിട്ട് ഒരുപാട് ദഅ്‌വാ സംരംഭം കലങ്ങിയത് വിവരിക്കാനുണ്ട്. സംഘടനാ താൽപര്യമായാലും ഗ്രൂപ്പ് വികസനമായാലും ദഅ്‌വാ രംഗത്ത് ഇവ ഗുണത്തിലേറെ ദോഷം ചെയ്യും. നവോത്ഥാനം വിജയിച്ചാൽ നയിച്ചവരുടെ ചൊൽപടിയിൽ ആ ജനം വരുന്നതുകൊണ്ട് മുൻവിധിയോടെ ധൃതി കൂട്ടേണ്ടതില്ല. സംസ്‌കരണം ലക്ഷ്യം കാണാനടുത്ത ഒരു ഗ്രാമത്തിൽ ഞങ്ങളിലൂടെ മാത്രമേ അത് സാധിക്കാവൂ എന്ന് വാശി കാണിച്ച് മറുഗ്രൂപ്പ് ഇടപെട്ടാൽ അതോടെ ചേരിതിരിവും സംസ്‌കരണ പ്രവർത്തനത്തിന്റെ ഇടമുറിയലും സംഭവിക്കുക തന്നെ ചെയ്യും. അത് സൂക്ഷിക്കണം.

സ്വതന്ത്ര ദഅ്‌വാ വിംഗ് നിലവിൽ വരട്ടെ

ഞാൻ ഒരു കൂലിയും പ്രത്യുപകാരവും ചോദിക്കുന്നില്ല. എന്റെ കൂലി എന്റെ നാഥൻ തരുന്നത് മാത്രമാണ് എന്ന് മുൻകൂറായി പറഞ്ഞാണ് എല്ലാ പ്രവാചകന്മാരും ജനങ്ങളെ സമീപിച്ചത്. എല്ലാ ബന്ധനങ്ങളിൽ നിന്നും മുക്തരായ ബഹുമുഖ പ്രതിഭകൾ വിവിധ തസ്തികകളിൽ സേവനം ചെയ്യാൻ തയ്യാറായി വരണം. നന്മ കൽപിച്ചുകൊണ്ടിരിക്കുകയും തിന്മ വിരോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളിൽ നിന്നും ഉണ്ടായി വരണം എന്നു ഖുർആൻ പറഞ്ഞതിന് വിശാലാർത്ഥമാണ്. ദഅ്‌വത്തിന്റെ ഉപാസകരായി പ്രവർത്തിക്കണമെന്നും അതിന്റെ യോഗ്യത നേടിയിരിക്കണമെന്നും അവരെ ഉൽപാദിപ്പിക്കാൻ സമൂഹം മുന്നോട്ടുവരണമെന്നും അവരെ നിലനിർത്തേണ്ട ബാധ്യതയും പുലർത്തേണ്ട ചുമതലയും സമൂഹത്തിനാണെന്നും സൂചിപ്പിക്കുന്നു.

പ്രഗത്ഭമതികളായ എഴുത്തുകാർ, മധുരഭാഷണത്തിനാവുന്ന പ്രസംഗകർ, ധിഷണാശാലികളായ മാധ്യമ ചർച്ചക്കാർ, സോഷ്യൽ മീഡിയ വിദഗ്ധർ, ആത്മാർത്ഥതയുള്ള ത്യാഗികൾ തുടങ്ങിയ ബഹുമുഖ പ്രതിഭകളെ വാർത്തെടുക്കുന്ന ശിൽപശാലകൾ സംഘടിപ്പിക്കണം. നിലവിലുള്ള ദഅ്‌വാ കോളേജുകളിൽ കുറച്ചുകൂടി ദഅ്‌വാ സാഹചര്യങ്ങൾ സൃഷ്ടിക്കണം. ഇന്ന് ദഅ്‌വാ കോളേജുകൾ നൽകുന്ന ഇരട്ട ഡിഗ്രിക്കുള്ള മികവും ദഅ്‌വാ സ്വാധീനവും നിഷേധിക്കുന്നില്ല. പക്ഷേ, ബന്ധനമുക്ത പ്രബോകരാവാൻ അവർക്കായിട്ടില്ല. അതിനാൽ പ്രഗത്ഭമതികളെ തെരഞ്ഞെടുത്ത് ഓരോ വിഭാഗത്തിനും ആവശ്യമായ ട്രെയ്‌നിംഗ് നൽകി പാകപ്പെടുത്തിയെടുക്കണം. ഇവരുടെ മിനിമം യോഗ്യത ഖുർആൻ പറഞ്ഞപോലെ മോഹമുക്തരാവുകയെന്നതാവണം. എന്നാൽ ജീവിക്കാനാവശ്യമായത് സമൂഹം നൽകുമെന്ന ആത്മവിശ്വാസവും ഉണ്ടാവണം. അതിനായി ശാസ്ത്രീയമായ സിലബസും പരിശീലന കേന്ദ്രവും സൃഷ്ടിക്കുകയും സമ്പന്നരുടെ കൂട്ടായ്മയിൽ പ്രത്യേക സഹായഫണ്ട് സ്വരൂപിക്കുകയും സ്വതന്ത്ര വിംഗ് രൂപപ്പെടുകയും വേണം. സംഘടനകളുടെ മേൽനോട്ടമുണ്ടായാലും ഈ ടീമിന് സ്വതന്ത്ര പദവി നൽകണമെന്നർത്ഥം.

 

Exit mobile version