ദന്ത ശുദ്ധീകരണം

ഡെന്റൽ ക്ലിനിക്കുകൾ നഗരങ്ങളിൽ വർധിച്ചുവരികയാണ്. പല്ല് സംബന്ധമായ രോഗങ്ങൾ കൂടിവരുന്നുവെന്നതിന്റെ സൂചനയാണിത്. മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഇനാമൽ ആവരണത്തെ അമിതമായ/വിരുദ്ധമായ ആഹാരശീലങ്ങൾ കൊണ്ട് നശിപ്പിച്ചു കളയുന്നു. ദന്ത ഡോക്ടർമാരും ഡെന്റൽ ക്ലിനിക്കുകളും  കൂണുപോലെ മുളച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ മനസ്സിലാക്കാം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ആരോഗ്യ വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നാണ് ദന്ത സംരക്ഷണം എന്ന്. പിഞ്ചുകുട്ടികളുടെ സൗന്ദര്യത്തിന്റെ മുഖ്യ ഘടകമായ പാൽപല്ലുകൾ അകാലത്ത് കൊഴിഞ്ഞു പോകുന്നതും പുഴുവരിച്ച് നശിക്കുന്നതും വർധിച്ചുവരുന്നു. കൃത്യമായ ദന്ത സംരക്ഷണത്തിന്റെ അഭാവവും പല്ലിന്റെ ഇനാമൽ ആവരണത്തെ നശിപ്പിക്കുന്ന ബിസ്‌കറ്റ്, ചോക്കലേറ്റ,് കാൻഡി ക്രീമുകൾ എന്നിവയുടെ അമിത ഉപയോഗവുമാണ് ദന്തരോഗികളെ വർധിപ്പിക്കുന്നത്.

ദന്തശുദ്ധീകരണത്തിന് ഇസ്‌ലാമികാധ്യാപനത്തിൽ വളരെ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ കഴിക്കരുതെന്ന വിലക്കും മിസ്‌വാക്ക് ചെയ്യുന്നതിനുള്ള പ്രോത്സാഹനവും ധാരാളം. വുളൂഇലും നിസ്‌കാരത്തിനു മുമ്പും ഉറങ്ങാൻ നേരത്തും ഉറക്കിൽ നിന്ന് ഉണരുമ്പോഴും വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണ ശേഷവും ഖുർആൻ പാരായണത്തിനും മരണമാസന്നമായവനുമെല്ലാം പല്ലു തേക്കൽ സുന്നത്താണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

അബൂഹുറൈറ(റ) പറയുഞ്ഞു: എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നിെല്ലങ്കിൽ ഞാനവരോട് എല്ലാ വുളൂഇലും മിസ്‌വാക്ക് ചെയ്യാൻ കൽപ്പിക്കുമായിരുന്നു(ബുഖാരി 1/213). എല്ലാ നിസ്‌കാരത്തിലും എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. നല്ലൊരു വിശ്വാസി അഞ്ച് പ്രാവശ്യവും പല്ല് തേക്കുന്നവനായിരിക്കും. അവന്റെ പല്ലിന് നല്ല ആരോഗ്യവും ഉണ്ടാവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദും സ്വഹീഹുൽ ബുഖാരി രചിക്കാൻ പ്രേരിപ്പിച്ചവരുമായ ഇസ്ഹാഖ് ബ്‌നു റാഹവൈഹി(റ) പല്ലു തേക്കൽ നിസ്‌കാര സമയത്ത് നിർബന്ധമാണെന്നും മനപ്പൂർവം ഉപേക്ഷിച്ചാൽ നിസ്‌കാരം ബാത്വിലാകുമെന്നും പറഞ്ഞിട്ടുണ്ട്(അൽ ഉമ്മ് 1/20). ആഇശ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: പ്രവാചകൻ(സ്വ) വീട്ടിൽ പ്രവേശിക്കുമ്പോൾ മിസ്‌വാക്ക് ചെയ്യുമായിരുന്നു(മുസ്‌ലിം 1/220). ദുർഗന്ധങ്ങളിൽ നിന്നു വായയെ സംരക്ഷിച്ച് വീട്ടിലുള്ളവർക്ക് സംതൃപ്തി നൽകാൻ ഇത് കാരണമാവും. ഹുദൈഫ(റ) നിവേദനം ചെയ്ത ഹദീസിൽ ഉറക്കമുണർന്ന ശേഷം പല്ലുതേക്കുന്ന തിരുനബിയുടെ ചര്യ വിവരിക്കുന്നുണ്ട്. വൈദ്യശാസ്ത്രപരമായും ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഉറക്കത്തിനിടെ വായിലെ ഉമിനീരിൽ രോഗാണുക്കൾ കലരാൻ സാധ്യതയേറെയാണ്. അവയെ തൊട്ട് പല്ലിനെ സംരക്ഷിക്കാൻ എഴുന്നേറ്റ ശേഷമുള്ള പല്ലു തേപ്പ് സഹായിക്കും.

പ്രവാചകൻ(സ്വ) അന്ത്യസമയത്ത് പോലും മിസ്‌വാക്ക് ചെയ്യൽ ഇഷ്ടപ്പെട്ടിരുന്നു. പ്രിയപത്‌നി ആഇശ(റ) വിവരിക്കുന്നു: എന്റെ ദിവസത്തിൽ, എന്റെ വീട്ടിൽ, എന്റെ അത്താഴ സമയത്തിന്റെയും പകലിന്റെയും ഇടയിൽ റസൂൽ(സ്വ) വഫാത്തായി എന്നത് എന്റെ മേലിലുള്ള അല്ലാഹുവിന്റെ അനുഗ്രഹമാണെന്നത് തീർച്ച. തിരുദൂതരുടെ വഫാത്ത് സമയത്ത് എന്റെ ഉമിനീരും അവിടുത്തെ ഉമിനീരും അല്ലാഹു ഒരുമിപ്പിച്ചു. കൈയിൽ മിസ്‌വാക്കുമായി അബ്ദുറഹ്മാൻ (ആയിശ ബീവിയുടെ സഹോദരൻ അബ്ദുറഹ്മാനുബ്‌നു അബീബക്കർ) വന്നപ്പോൾ റസൂൽ(സ്വ) അതിലേക്ക് നോക്കുന്നതായി കണ്ടു. തിരുനബി മിസ്‌വാക്ക് ചെയ്യാൻ താൽപ്പര്യപ്പെടുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചോദിച്ചു; അങ്ങേക്ക് ഇതുപയോഗിക്കണോ?. അതേഎന്ന അർത്ഥത്തിൽ നബി തലയാട്ടി. ഞാനത് വാങ്ങി കുറച്ച് അമർത്തി മിസ്‌വാക്ക് ചെയ്തുകൊടുത്തു. മൃദുലമാക്കണോ എന്ന് ചോദിച്ചപ്പോൾ അതേയെന്ന് തലയാട്ടി. അപ്പോൾ ഞാൻ മൃദുവായി ചെയ്ത് കൊടുത്തു(ബുഖാരി 5/141).

മരണ സമയത്ത് മിസ്‌വാക്ക് ചെയ്യൽ ആത്മാവിന്റെ സുഗമമായ പുറപ്പാടിന് സഹായകമാവുമെന്ന് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്(ഫത്ഹുൽ മുഈൻ -17). ആഇശ ബീവി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്നതാണ് ദന്തശുചീകരണം എന്നു കാണാം. തിരുനബിക്കും അല്ലാഹുവിനും ഇഷ്ടപ്പെട്ട മിസ്‌വാക്ക് ചെയ്യൽ ഒരു ആരാധനയായി തന്നെ ഇസ്‌ലാം പരിഗണിക്കുന്നു. അനസ്(റ) നിവേദനം ചെയ്ത തിരുവചനം ഇങ്ങനെ: നിങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ മിസ്‌വാക്ക് ചെയ്യുന്നത് ഞാനാണ്(ബുഖാരി 2/223).

ഇത്തരം തിരുവചനങ്ങളുടെ പൊരുൾ ഉൾക്കൊണ്ടവരാണ് മുൻഗാമികളായ പണ്ഡിതന്മാരെന്ന് അവരുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാനാവും. ശിബ്‌ലി(റ) ഒരിക്കൽ വുളൂഇന്റെ സമയത്ത് മിസ്‌വാക്ക് ആവശ്യപ്പെട്ടു. പക്ഷേ, ലഭിച്ചില്ല. ഉടനെ ഒരു ദീനാറു കൊടുത്ത് പുതിയത് വാങ്ങി പല്ലു തേച്ചു. ഇത് കണ്ട് ജനങ്ങൾ ചോദിച്ചു: എന്തിനാ ഒരു ദീനാറു കൊടുത്തൊക്കെ ബ്രഷ് വാങ്ങിയത്. അപ്പോൾ മഹാൻ പറഞ്ഞു: ഒരു കൊതുകിന്റെ ചിറകിന്റെ വിലപോലുമില്ലാത്ത ദുൻയാവിൽ നിന്റെ അടുത്തുള്ളത് കൊണ്ട് ബ്രഷ് വാങ്ങി എന്തു കൊണ്ട് നീ എന്റെ സുന്നത്ത് എടുത്തില്ല എന്ന് തിരുനബി(സ്വ) ചോദിച്ചാൽ ഞാനെന്ത് മറുപടി പറയും?

മിസ്‌വാകിന്റെ രൂപം

മിസ്‌വാക് ചെയ്യാതെ നിസ്‌കരിക്കുന്ന രണ്ട് റക്അത്തിനേക്കാൾ എഴുപത് ഇരട്ടി ശ്രേഷ്ഠത മിസ്‌വാക് ചെയ്തുള്ള രണ്ട് റക്അത്തിനുണ്ടെന്ന് നബി പറഞ്ഞിട്ടുണ്ട്. ബ്രഷ് ചെയ്യുന്നതിന്റെ സുന്നത്തായ രീതി പല്ലിൽ വീതിയിലും നാവിൽ നീളത്തിലുമാണ്. ആദ്യം വലതു ഭാഗത്തിന്റെ മുകൾ വശം അകവും പുറവും ഉരച്ച ശേഷം ഇടതു ഭാഗത്തും ഇങ്ങനെ ചെയ്യുക. പിന്നെ താഴെ ദന്തനിരയും ഇപ്രകാരം ചെയ്യുക. ശേഷം അണ്ണാക്കിലൂടെ മൃദുവായ രീതിയിൽ ബ്രഷ് നടത്തുക, നാവിലും നീളത്തിൽ ഉരക്കുക. ഇതാണ് ഉത്തമ രീതി. ചെറുവിരലും ചൂണ്ടുവിരലും താഴെയാക്കി ബാക്കിയുള്ള വിരലുകൾ മുകളിലാക്കി വലതു കൈയിലാണ് ബ്രഷ് പിടിക്കേണ്ടത്. ഒരു ചാണിനേക്കാൾ നീളം കൂടിയതാകാതിരിക്കലും ഉപയോഗ ശേഷം ബ്രഷ് കഴുകലും സുന്നത്താണ്.

ഉരമുള്ള എന്തു കൊണ്ടും പല്ല് തേക്കാം. പ്രബലാഭിപ്രായപ്രകാരം, കൈവിരൽ കൊണ്ട് തേച്ചാൽ സുന്നത്ത് ലഭിക്കുകയില്ല. ഏറ്റവും നല്ലത് കൊള്ളിക്കഷ്ണമാണ്. കൊള്ളിക്കഷ്ണത്തിൽ ഏറ്റവും നല്ലത് സുഗന്ധമുള്ളതും. അതിൽ ഏറ്റവും നല്ലത് അറാക്കുമാണ്. ഇബ്‌നു സഅദ്(റ)നോട് നബി(സ്വ) അറാക്ക് കൊള്ളികൊണ്ട് പല്ല് തേക്കാൻ പറഞ്ഞിരുന്നു.

അറാക്ക് ഒരു അറേബ്യൻ പാരമ്പര്യം മാത്രമാണെന്ന് പറഞ്ഞ് പലരും തള്ളിക്കളയുമെങ്കിലും വൈദ്യശാസ്ത്രജ്ഞന്മാർ ഒരുപാട് ഗുണങ്ങൾ അതിൽ കണ്ടിട്ടുണ്ട്. ജർമനിയിലെ അണുഗവേഷണ കോളെജ് മാനേജർ റൗദ്ത്ത് പറയുന്നു: ബാക്ടീരിയയുടെ വളർച്ച തടയുന്ന ആന്റിബയോട്ടിക്ക് ഔഷധമായ ബിൻസിലിനോട് സദൃശമായ ഏറെ ഘടകങ്ങൾ അറാക്കിലുണ്ട്. പല്ലിനെ പൊട്ടലിൽ നിന്നും വിള്ളലിൽ നിന്നും സംരക്ഷിക്കുന്നു വെസിൻ എന്ന മരക്കറ. ഇതുപോലെ ബാക്ടീരിയയെ കൊല്ലുകയും ശുദ്ധിയാക്കുകയും ചെയ്യുന്ന വസ്തുവാണ് അറാക്കിലെ സർജറിൻ എന്ന പദാർത്ഥമെന്ന് റിയാള് യൂണിവേഴ്സ്റ്റിയിലെ പ്രവാചക വൈദ്യഗവേഷകൻ കണ്ടെത്തിയിരിക്കുന്നു.

പ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നു താഴെ പറയുന്ന ഫലങ്ങൾ മിസ്‌വാക് ചെയ്യലിനുണ്ടെന്നു കണ്ടെത്താം.

 1. വായ ശുദ്ധിയാവുന്നു.
 2. ഇലാഹീപ്രീതി ലഭ്യമാവുന്നു.
 3. പല്ലുകൾക്ക് നല്ല തിളക്കം ലഭിക്കുന്നു.
 4. വായക്ക് സുഗന്ധമുണ്ടാവുന്നു.
 5. മോണക്ക് ബലം കൂടുന്നു.
 6. സ്വഭാവം സംശുദ്ധമാവുന്നു.
 7. കാഴ്ച ശക്തി വർധിക്കുന്നു.
 8. നരയുടെ വേഗത കുറയുന്നു.
 9. ബുദ്ധി വികസിക്കുന്നു.
 10. ആത്മാവിന്റെ പുറപ്പാട് സുഗമമാവുന്നു.
 11. മരണസമയത്ത് ശഹാദത്ത് ചൊല്ലാൻ സാധിക്കുന്നു.
 12. കഫം കുറയുന്നു.
 13. സംസാരിക്കുമ്പോഴുള്ള നാവിന്റെ കുരുക്കഴിയുന്നു.
 14. രിസ്ഖ് അധികരിക്കുന്നു.

പ്രശസ്ത ഗവേഷകൻ ഡോ.റാഷൽ ഹോൾ പറഞ്ഞ ബ്രഷ് ചെയ്യുന്നതിന്റെ ഗുണങ്ങൾ:

 1. ഹൃദ്രോഗത്തിൽ നിന്നു സുരക്ഷ
 2. വിഷാദ രോഗത്തിൽ നിന്നു സുരക്ഷ
 3. പ്രമേഹ രക്ഷ
 4. ഓർമ വർധിക്കുന്നു.
 5. കരൾ, വൃക്ക രോഗരക്ഷ
 6. വന്ധ്യതയില്ലായ്മ
 7. ഉദ്ധാരണം
 8. ഗിൻഗിവിറ്റി എന്ന അപൂർവ രോഗത്തിൽ നിന്നും സുരക്ഷ.

വായ ശുദ്ധീകരിച്ച് നമുക്ക് ആരോഗ്യം സംരക്ഷിക്കാം.

Exit mobile version