ദാമ്പത്യപ്രശ്‌നം എങ്ങനെ പരിഹരിക്കാം?

ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകളുണ്ടായാൽ പൊട്ടലും ചീറ്റലുമില്ലാതെ രമ്യമായി പരിഹരിക്കാൻ ചില മാർഗങ്ങൾ ഇനി ചർച്ച ചെയ്യാം.

 1. ഹൃദയം തുറന്നുള്ള സംസാരം. പ്രശ്‌നത്തിലേക്കു നീളുന്നുവെന്ന് തോന്നിയാൽ ഈർഷ്യത ഒഴിവാക്കി മനസ്സു തുറന്നു കാര്യങ്ങൾ പറയാൻ രണ്ടുപേരും തയ്യാറാകണം. അതിന് കഴിയാത്ത സാഹചര്യമാണെങ്കിൽ ഇടനിലക്കാരെ വെച്ചു ചർച്ച നടത്തിയെങ്കിലും പരിഹാരം കാണണം. കേവലം തെറ്റിദ്ധാരണകളുടെ പേരിലായിരിക്കും അകൽച്ച വന്നിട്ടുണ്ടാകുക. മൂന്നാമതൊരാൾ ഇതിൽ ഇടപെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കേണ്ടിവരും. തുറന്നുപറയാൻ മടിയാണെങ്കിൽ എഴുതിവെച്ചാലും മതി; നല്ലൊരു കിടിലൻ കത്ത്! അതോടെ എല്ലാം പ്രശ്‌നങ്ങളും തീർന്ന് ഒന്നിക്കണം.
 2. വ്യക്തി വൈജാത്യങ്ങളെ ഉൾക്കൊള്ളുക. എന്നെ പോലെ അവളും ആകണമെന്ന് ശഠിക്കുന്നത് ശരിയല്ല. വിശ്വാസം, അഭിപ്രായം, മൂല്യങ്ങൾ എന്നിങ്ങനെ ഒക്കാവുന്നിടത്തൊക്കെ ഒക്കുന്നതോടൊപ്പം അവരവരുടെ കഴിവുകളെയും വൈജാത്യങ്ങളെയും വകവെച്ചു കൊടുക്കണം. ഭർത്താവിന് പാടാൻ കഴിയുമെന്നുവെച്ച് ഭാര്യക്ക് അതിനായെന്നു വരില്ല; ഇവിടെ രണ്ടാളും ഒരേ പോലെയാവണമെന്ന് ശഠിച്ച്, കലഹിച്ചിട്ട് എന്തു കാര്യം. അവളുടെ സൗന്ദര്യം തനിക്കും തന്റെ കഴിവ് അവൾക്കും ഉണ്ടാകണമെന്ന് വാശിപിടിച്ചിട്ട് യാതൊരു കാര്യവുമില്ല.
 3. തമാശകൾ പറയുക, ചിരിക്കുക, ഉല്ലസിക്കുക. കൂനിക്കൂടി മൂടിയിരിക്കാനുള്ളതല്ല ദാമ്പത്യ ജീവിതം. നല്ല രസമുണ്ടാകണം. തമാശകൾ പറയാനും കേൾക്കാനും രണ്ടാളും മക്കളും തയ്യാറാകണം. അതിരു വിടരുത്. ഇസ്‌ലാം അനുവദിക്കുന്ന രീതിയിൽ ടൂറുകൾ, സിയാറത്തുകൾ, കുടുംബ സന്ദർശനങ്ങൾ എല്ലാമാവാം. അകൽച്ച കുറക്കാൻ അതെല്ലാം സഹായിക്കും. ഭാര്യ കുറുമ്പുകാട്ടിയിരിക്കുന്നത് കാണുമ്പോൾ നല്ലൊരു യാത്ര പോവുക. പിന്നെ കാര്യങ്ങളൊക്കെ റെഡിയായി തിരിച്ചുവരിക.
 4. സമ്മാനങ്ങൾ കൈമാറുക. പ്രത്യേക ദിവസങ്ങളിൽ ഭാര്യക്കും ഭാര്യവീട്ടുകാർക്കും സമ്മാനങ്ങൾ നൽകുന്നത് ബന്ധം ദൃഢമാവാൻ നല്ലതാണ്. ഇന്നലെ ഭാര്യ/ഭർത്താവ് ദേഷ്യപ്പെട്ടെന്നു വെച്ച് ഇന്നു കൂടുതൽ ദേഷ്യത്തോടെ വീട്ടിലേക്ക് പോവേണ്ടതില്ല. മറിച്ച്, നല്ലൊരു സമ്മാനപ്പൊതിയുമായി ചെല്ലുക. പൊതിക്കുള്ളിൽ ഭാര്യയുടെ/ഭർത്താവിന്റെ ഇഷ്ടങ്ങളറിഞ്ഞുള്ള എന്തെങ്കിലുമാവട്ടെ.
 5. പ്രശ്‌നം കൂടുതൽ വഷളാക്കുന്ന ആളുകളെ സമീപിക്കാതിരിക്കുക. ദമ്പതികൾ പിണങ്ങി എന്നറിഞ്ഞാൽ, എരിതീയിൽ എണ്ണയൊഴിക്കുന്ന ഗീബത്ത്-നമീമത്തുകാരുണ്ട്. അവർക്കു ചെവി കൊടുത്താൽ കൂടുതൽ വഷളാവും. കേട്ടപാതി, കേൾക്കാത്ത പാതി അവർ നാട്ടിലാകെ പാട്ടാക്കും. പിന്നെ ദമ്പതികൾ നന്നായാലും, നാട്ടുകാർ നന്നാവാൻ വിടാത്ത അവസ്ഥ വരും. ദമ്പതികൾ എന്തു ഗൗരവപ്പെട്ട കാരണത്താൽ പിണങ്ങിയാലും അതിന്റെ കാരണം പരസ്യമാക്കരുത്. ഭാവിയിൽ രണ്ടുപേർക്കും അത് ഉപകാരം ചെയ്യും; പിരിഞ്ഞാൽ പോലും രഹസ്യങ്ങൾ ചോർന്നുപോവരുത്.

നല്ല മാർഗദർശികളെ സമീപിക്കുക. വഴിപിരിയാനല്ല, ഒരുമിക്കാനുള്ള മാർഗങ്ങൾ തേടി നല്ലവരെ സമീപിച്ചാൽ മാർഗമുണ്ടാകും. ഇനി ഒരിക്കലും ഒത്തുപോകില്ല എന്ന നിലയിലാണെങ്കിലും മാന്യമായ വേർപിരിയലിന് മധ്യസ്ഥത വഹിക്കാൻ പറ്റുന്ന ഉപദേഷ്ടാവിനെ, കാരണവരെയാണ് ലഭിക്കേണ്ടത്.

 1. പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. പ്രകാശ് കോത്താരിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ‘ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നത് പലപ്പോഴും അഹംബോധവും ഇണയെ ചൊൽപ്പടിയിൽ നിർത്താനുള്ള വാശിയുമാണ്. എന്നാൽ, പങ്കാളിയിലെ ഇഷ്മില്ലാത്ത കാര്യത്തെ അല്ലെങ്കിൽ കുറവിനെ പക്വതയോടെ സമീപിച്ചാൽ അസ്വാസ്ഥ്യങ്ങൾ കൂടുതൽ വേദനിപ്പിക്കില്ല. പരസ്പരം മത്സരിച്ച് ജയിക്കാനുള്ള യുദ്ധമാകരുത് ദാമ്പത്യത്തിലെ ലൈംഗികത. പരസ്പരം രസിപ്പിച്ച്, പ്രോത്സാഹിപ്പിച്ച് മുന്നേറുന്ന കലയാണ് വിജയിക്കുന്ന ലൈംഗിക ജീവിതം. മധുവിധു കാലത്ത്, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ തുറന്നുപറയാൻ വീട്ടിൽ നിന്നു മാറിയുള്ള ഒരു സ്വകാര്യ ഇടമാണ് നല്ലത്’ (വനിത, ഒക്‌ടോബർ 15-31, 2012, പേ 98).
 2. അഗാധ സൗഹൃദം, ലൈംഗിക സംതൃപ്തി, സന്താനോൽപാദനം എന്നീ പ്രധാന ലക്ഷ്യങ്ങളെ കുടുംബ ജീവിതത്തിൽ കാണാം. ഇതിന് തടസ്സമാവുന്ന ഏതും, മുളയിൽ തന്നെ നുള്ളിക്കളയാൻ ശ്രമിച്ചാൽ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ തടയാൻ സാധിക്കും.
 3. സന്തോഷപൂർണമായ ദീർഘ ദാമ്പത്യ ജീവിതത്തിന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ജി. ആൽബർട്ട് പറഞ്ഞവ:

മാതാവിനോടും പിതാവിനോടും ബാല്യകാലത്ത് നല്ല ബന്ധം പുലർത്തുക. ഇരുവർക്കും വൈകാരിക പ്രാധാന്യമുള്ള വിഷയങ്ങളിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുക. വിവാഹം ഏതാണ്ട് ഒരേ സാമൂഹിക പശ്ചാത്തലത്തിൽ നിന്നായിരിക്കുക. സ്‌നേഹം തുറന്നു പ്രകടിപ്പിക്കുകയും ഇണയിൽ വിശ്വസിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുക. മനഃശാസ്ത്രപരമായി പൊതുവെ നീക്കുപോക്കുകൾക്ക് കഴിവുണ്ടായിരിക്കുക. സർവോപരി സൗഹൃദത്തിലും പ്രേമത്തിലും അധിഷ്ഠിതമായ ദാമ്പത്യ വിജയത്തെപ്പറ്റി വാസ്തവികമായ ബോധം ഉണ്ടായിരിക്കുക. പൈങ്കിളിക്കഥയിലെയും സിനിമകളിലെയും അതിഭാവുകത്വം നിറഞ്ഞ സ്‌നേഹ സങ്കൽപങ്ങൾ വെച്ചുപുലർത്താതിരിക്കുക (കുടുംബ ജീവിതം: ഒരു ആമുഖം, ഡോ. സിആർ അഗ്നിവേശ്, പേ 196).

 1. തൊട്ടതിനും പിടിച്ചതിനും വഴക്കുണ്ടാക്കി തന്റെ വീട്ടിലേക്ക് ഓടിപ്പോകാൻ തുനിയുന്ന ചില ഭാര്യമാരുണ്ട്. ഇത്തരം ഭാര്യമാരുടെ വീട്ടുകാർ ഒന്ന് ഒരുങ്ങിയാൽ മതി. സ്വന്തം വീട്ടിൽ ഇങ്ങനെ കയറിവരുമ്പോൾ വേണ്ടത്ര സ്വാഗതം കൊടുക്കാതിരുന്നാൽ, ഭർത്താവുമായി ഒത്തുപോകുന്നിടത്തേക്ക് കാര്യങ്ങളെത്തും.
 2. എന്തെങ്കിലും പ്രശ്‌നം പറഞ്ഞ് വീട്ടിലേക്ക് ഫോൺ ചെയ്യുമ്പോഴേക്ക് പെൺവീട്ടുകാർ പാഞ്ഞെത്തി പെട്ടിയും സാമാനങ്ങളുമെടുത്ത് അവളെയും കൊണ്ട് ഭർതൃവീട്ടിൽ നിന്ന് പോകാനൊരുങ്ങരുത്. പെൺവീട്ടുകാരും ആൺവീട്ടുകാരും ഐക്യത്തിൽ കാര്യങ്ങൾ ചർച്ച ചെയ്ത്, പെണ്ണിനെ സമാധാനിപ്പിച്ച് അവിടെത്തന്നെ നിറുത്തണം. അമ്മായുമ്മ പോരും നാത്തൂൻപോരും അവസാനിച്ചിട്ടില്ലാത്ത ഇക്കാലത്ത്, പെൺവീട്ടുകാർ അവളെയും കൊണ്ട് പോയാൽ എല്ലാവർക്കും കുശുമ്പ് കൂടുകയേയുള്ളൂ. ഭാര്യ-ഭർതൃ പ്രശ്‌നത്തിൽ ഇരുവീട്ടിലെയും മറ്റുള്ള അംഗങ്ങളുടെ പൂർണമായ ഇടപെടൽ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഏറെ സഹായകമാണ്.
 3. കുടുംബാംഗങ്ങളുടെ പ്രേരണക്കടിപ്പെട്ട് ഭാര്യയെ ഉപേക്ഷിക്കാനോ അവളുമായി പ്രശ്‌നം ഉണ്ടാക്കാനോ മുതിരുന്നവരുണ്ട്. കാര്യങ്ങൾ യുക്തിപൂർവം കൈകാര്യം ചെയ്യാനാണ് ഭർത്താവ് ശ്രദ്ധിക്കേണ്ടത്. ചില അഡ്ജസ്റ്റ്‌മെന്റുകളിലൂടെ മറ്റുള്ളവരുടെ മുന്നിലിട്ട് ‘ശാസിക്കാൻ’ തയ്യാറായാൽ എല്ലാവർക്കും തൃപ്തിയാകും. കിടപ്പറയിലെത്തിയിട്ട് ഭാര്യയോട് മാപ്പു പറഞ്ഞാൽ മതി. ഇക്കാര്യത്തിൽ ഭാര്യയോട് മുൻകൂർ സമ്മതം വാങ്ങുന്നത് നല്ലതാണ്.

മുൻകരുതലുകൾ

രോഗം വരാതെ നോക്കലാണ്; വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതെന്നു പറയാറുണ്ട്. വഴക്കുകൾ മിക്ക കുടുംബത്തിലും ചെറിയ തോതിലെങ്കിലും ഉണ്ടാകും. താൽക്കാലികമായ ഒരേർപ്പാടല്ലല്ലോ വൈവാഹിക-കുടുംബ ജീവിതം. ശാശ്വതമായ ഒരുമിക്കലാണത്. അതിനാൽ വൈവാഹിക ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ പല രൂപങ്ങളിലാണ് കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യത. സൗകര്യാർത്ഥം കുടുംബ ജീവിത കാലഘട്ടത്തെ മൂന്നാക്കി തിരിക്കാം.

 1. ആദ്യവർഷങ്ങൾ
 2. മധ്യവർഷങ്ങൾ
 3. വാർധക്യ കാലഘട്ടം.

ഈ മൂന്നു കാലഘട്ടങ്ങളിലും കടന്നുവരാവുന്ന പൊതു പ്രശ്‌നങ്ങളെ മുന്നേ അറിഞ്ഞ് കരുതലെടുക്കേണ്ടതാണ്.

ആദ്യവർഷങ്ങളിൽ

ഭാര്യ-ഭർത്താക്കന്മാർ പരസ്പരം തിരിച്ചറിഞ്ഞു തുടങ്ങുന്ന കാലഘട്ടമാണിത്. ഓരോരുത്തരുടെ വീട്ടുകാരുടെയും സ്വഭാവങ്ങൾ അറിഞ്ഞു തുടങ്ങുന്നേയുണ്ടാവൂ. അമ്മായിയുമ്മമാർ, നാത്തൂന്മാർ, ഇണയുടെ പിതാക്കൾ, അളിയന്മാർ എല്ലാവരും ഇടപെട്ടു തുടങ്ങുന്ന കാലം. ഇവരെക്കുറിച്ചുള്ള തെറ്റായ ധാരണകളോ നെഗറ്റീവായ മുൻവിധികളോ നല്ലതല്ലാത്ത പ്രസ്താവനകളോ രണ്ടുപേരിലും വെറുപ്പു ജനിപ്പിക്കാൻ കാരണമാവും. അതിനാൽ, ഭാര്യ ഭർത്താവിനോട് ഭർതൃവീട്ടുകാരെ പറ്റി കുറ്റവും കുറവും പറയരുത്. അങ്ങനെ വന്നാൽ ഭർത്താവിന് ഭാര്യയോട് വെറുപ്പുണ്ടാകുന്നതിനേക്കാൾ ഭർത്താവിന് സ്വന്തം വീട്ടുകാരോട് വെറുപ്പു വരും. അപ്പോൾ സ്വാഭാവികമായും വീട്ടുകാരോടുള്ള അവരുടെ പെരുമാറ്റത്തിൽ മാറ്റം വരും. മാറ്റം വന്നാൽ വീട്ടുകാർ അത് മനസ്സിലാക്കും. അതിനു കാരണക്കാരി എന്ന നിലക്ക് ഭർതൃവീട്ടുകാർക്ക് ഭാര്യയോട് വെറുപ്പാകും. അവളുടെ തലയണ മന്ത്രം കാരണം ഞങ്ങളുടെ മോൻ ‘വെടക്കായി’ എന്നു ചിന്തിക്കും. പോര് ഇവിടെ തുടങ്ങുന്നു. പുതുനാരിക്ക് ഭർതൃവീട്ടിൽ പിന്നെ സുഖമുണ്ടാവില്ല. തുടർന്ന് സ്ത്രീധനക്കണക്കും ‘സൗന്ദര്യ’പ്രശ്‌നങ്ങളും നൂറുനൂറു പരാതികളും രണ്ടുഭാഗത്തുനിന്നും ഉണ്ടാവും.

വൈകാരിക അപക്വതയുള്ള കാലഘട്ടമാണിതെന്നതിനാൽ നിസ്സാര കാര്യങ്ങളിൽ ഭർത്താവ് എടുത്തുചാടിയാൽ പ്രശ്‌നം ഏറെ വഷളാകും. ഭാര്യ ഒറ്റപ്പെടരുതെന്ന വിചാരത്തിലാണിത്. അതിനാൽ ഈ കാലഘട്ടത്തിൽ എടുത്തുചാട്ടങ്ങളുണ്ടാവരുത്. വിശാല ഹൃദയത്തോടെ ഉൾക്കൊണ്ട് മാന്യതയും നല്ല വ്യക്തിത്വവും പക്വതയും കാത്തുസൂക്ഷിക്കണം. ഭർതൃവീട്ടുകാരും ഭാര്യവീട്ടുകാരും ഈ കാലഘട്ടത്തെ നന്നായി ഉൾക്കൊള്ളണം. നല്ല ഉപദേശങ്ങളും വിട്ടുവീഴ്ചകളും തമാശകളും ഏറെയുണ്ടാവണം. പുതുപെണ്ണിന്റെ ജോലികളിൽ വരുന്ന ന്യൂനതകളെ വലുതാക്കി കാണിക്കുന്നതിന് പകരം അനുഭവ സമ്പത്തുള്ള അമ്മായിയുമ്മമാരും നാത്തൂന്മാരും വേദനിപ്പിക്കാതെ സൗഹൃബുദ്ധ്യാ തിരുത്തിക്കൊടുക്കാൻ തയ്യാറാവുക.

വിവാഹത്തിന്റെ ആദ്യഘട്ടങ്ങളിൽ കാണുന്ന മറ്റൊരു പ്രശ്‌നം പ്രസവം, ജോലിത്തിരക്ക്, സന്താന പരിപാലനം എന്നിവമൂലം ഭാര്യയുടെ ശരീരത്തിൽ വരുന്ന വ്യതിയാനങ്ങൾ, പെരുമാറ്റത്തിലെ മാറ്റം എന്നിവമൂലം പ്രതീക്ഷയും ഭാര്യയെക്കുറിച്ചുള്ള മധുരസ്വപ്നങ്ങളും ഭർത്താവിന് കുറഞ്ഞുവരുന്നതാണ്. ഇവിടെ ഭർത്താവ് ചിന്തിക്കേണ്ടത്, ഉദ്ദേശിക്കുന്ന നേരത്ത് അവളെ കിട്ടാത്തതും ശാരീരിക വ്യതിയാനങ്ങളും താൻ കൂടിയുണ്ടാക്കിയ കാരണത്താലാണെന്നാണ്. അതിന്റെ പേരിൽ അകൽച്ചയല്ല, കൂടുതൽ അടുക്കാനും അത്യഗാധമായി സ്‌നേഹിക്കാനും ഭർത്താവ് തയ്യാറാവണം. ആ പാവത്തിനെ ഒറ്റപ്പെടുത്തരുത്. വിവാഹത്തിന്റെ ആദ്യ ഘട്ടങ്ങളിൽ (വിവാഹം കഴിഞ്ഞ് പത്ത്-പതിനഞ്ച് മാസം വരെ നീളുന്ന കാലഘട്ടമാണിത്) വിവാഹ മോചനം അത്ര പെട്ടെന്നുണ്ടാവില്ലെങ്കിലും പ്രശ്‌നങ്ങൾ ഇടക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ നല്ല ശ്രദ്ധ വേണം.

മധ്യവർഷങ്ങളിൽ

വിവാഹം കഴിഞ്ഞ് പത്ത്-പതിനഞ്ച് വർഷങ്ങൾ കഴിയുമ്പോൾ, ആവർത്തന വിരസമായ ജീവിതശൈലിയും ദാമ്പത്യത്തിലുണ്ടാകുന്ന മടുപ്പും പരസ്പരമുള്ള വെറുപ്പിനും ദാമ്പത്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇവിടെ പുരുഷൻ നിലവിലുള്ള ഭാര്യയെ ഒഴിവാക്കാതെ രണ്ടാം കെട്ടിനു വേണ്ടി കൊതിച്ചുനടക്കും. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെട്ടുകൊണ്ടിരിക്കും. ലൈംഗിക പ്രശ്‌നങ്ങളും പ്രമേഹം, പ്രഷർ, സന്ധിരോഗങ്ങളും രണ്ടുപേർക്കും വരാവുന്ന കാലഘട്ടമാണിത്. അടിക്കടി ഹോസ്പിറ്റലുകൾ കയറിയിറങ്ങേണ്ടി വരുമ്പോൾ നിസ്സാര കാര്യത്തിന് വാക്കുതർക്കം നടക്കും. ആദ്യകാലഘട്ടത്തേതു പോലെ പ്രശ്‌നങ്ങളുണ്ടായാൽ, പെണ്ണിന് സ്വന്തം വീട്ടിലേക്ക് ഓടിച്ചെല്ലാൻ സാധിക്കണമെന്നില്ല. അവിടെ അവളെ സ്വീകരിക്കാൻ മാതാപിതാക്കൾ ഉണ്ടായെന്നു വരില്ല. വീട് ആങ്ങളമാർക്കായിരിക്കും. അവരാണെങ്കിൽ നൂറായിരം പ്രശ്‌നങ്ങളുടെ നടുവിലും. അതിനാൽ തന്നെ വിഷാദം, ലഘു മനോരോഗ പ്രവണത, ഹിസ്റ്റീരിയ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവ സ്ത്രീകളെ, പുരുഷന്മാരേക്കാൾ ബാധിക്കും.

ഇത്തരം സംഗതികൾ ഉണ്ടാകുമെന്ന് നേരത്തെ അറിയുന്ന ദമ്പതികൾക്ക് അവ തിരിച്ചറിഞ്ഞ് കൂടുതൽ പ്രശ്‌നങ്ങൾ വിളിച്ചുവരുത്താതെ സന്തോഷത്തോടെ ഇണക്കിളിയായി ജീവിക്കാൻ സാധിക്കും.

സിയാറത്ത് യാത്രകളും ഹജ്ജ്-ഉംറകളും വഅ്‌ള് കേൾക്കലും മക്കളെ നന്നായി വളർത്തലും വീട് നിർമാണവും പരിപാലനവും ചെടിവളർത്തലും ജോലികളിൽ പരസ്പരം സഹായിക്കലുമൊക്കെയായി ദമ്പതികൾ ഈ കാലഘട്ടം മധുരതരമാക്കണം. ഭർത്താക്കന്മാർ എഴുത്തുകാരും പ്രസംഗകരുമൊക്കെയാണെങ്കിൽ, അത്തരം കാര്യങ്ങളിൽ സഹായിച്ചുകൊടുക്കുകയും പുസ്തകങ്ങൾ വായിച്ച് പോയിന്റുകൾ എഴുതിക്കൊടുക്കുകയും ചെയ്യാം. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടെങ്കിൽ അവ്വിധം സഹായിക്കാം. ഭർത്താവിനെ നന്നായി സ്‌നേഹിക്കാൻ ഭാര്യയും ഭാര്യയുടെ വലിയ മനസ്സിനെ ഉൾക്കൊള്ളാൻ ഭർത്താവും തയ്യാറാവണം. എല്ലാ പ്രയാസങ്ങളും സഹിച്ചും കേട്ടും തനിക്കൊപ്പം നിലനിന്ന ഭാര്യയെ നിസ്സാര കാരണത്തിന്റെ പേരിൽ അരികിലേക്ക് മാറ്റിവെക്കരുത്.

വാർധക്യ കാലഘട്ടം

ആർത്തവ വിരാമം, ലൈംഗിക അസംതൃപ്തി, രോഗങ്ങളുടെ ആധിക്യം, ശാരീരിക ബലഹീനത, ഒറ്റപ്പെട്ടുവെന്ന തോന്നൽ, മുൻശുണ്ഠി, അഭിപ്രായ അനൈക്യം, മറ്റു വൈകാരിക പ്രശ്‌നങ്ങൾ, മക്കളുടെ അസാന്നിധ്യം, സന്ധിവാതം ഇങ്ങനെ നീളുന്ന വാർധക്യ കാലഘട്ടം. ഇവിടെ ഭർത്താവ് ഭാര്യയെയോ തിരിച്ചോ സാധാരണ ഗതിയിൽ ഉപേക്ഷിക്കുമെന്ന പേടി വേണ്ട. വീടുവിട്ടുപോകാൻ പറഞ്ഞാലും അത് കാര്യത്തിലെടുക്കേണ്ട. എന്നാലും, ഇങ്ങനെയുള്ള പൊരുത്തക്കേടുകളിലേക്ക് എത്താതിരിക്കാൻ വൃദ്ധ ദമ്പതികളുടെ ഇണക്കത്തിൽ ഇടനിലക്കാരാവേണ്ടത് മക്കളും പേരക്കുട്ടികളുമാണ്. മതചിന്തകൾ പങ്കുവെച്ചും തമാശ പറഞ്ഞും അവരെ ഇണക്കിച്ചേർക്കണം. രണ്ടുപേരുടെയും ഇഷ്ടങ്ങളറിഞ്ഞ് യാത്രകൾ, വീട്ടിൽ മൗലിദ്-മാല സദസ്സുകൾ, അവരുടെ ബന്ധുക്കളുടെയും മരണപ്പെട്ടവരുടെയും പേരിൽ ചടങ്ങുകൾ എല്ലാം നടത്താൻ മക്കളും ഇളയവരും തയ്യാറാവണം.

നല്ല ചികിത്സകൾ നൽകണം. മരുന്നിന്റെ പാർശ്വഫലങ്ങൾ അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. വിശേഷങ്ങൾ അറിയണം. മക്കൾ, പേരക്കുട്ടികൾ, മരുമക്കൾ അവരെ സ്‌നേഹം കൊണ്ട് മൂടണം. ‘ഹാവൂ, എല്ലാം ആയി, ഇനി ഈമാൻ കിട്ടി മരിച്ചാൽ മതി’ എന്ന നിലയിലേക്ക് അവരുടെ ചിന്ത വളർത്തണം. ‘പണ്ടാരടങ്ങാൻ, ഒന്നു മരിച്ചാൽ മതിയായിരുന്നു’ എന്ന് അവരെ ചിന്തിപ്പിക്കുന്ന ഒന്നും ഉണ്ടാവരുത്.

ഉപദേശങ്ങൾ അനിവാര്യം

അല്ലാഹു വെറുക്കുന്ന രൂപത്തിലുള്ള വിവാഹ ആർഭാടങ്ങളും പാവങ്ങളെ നൊമ്പരപ്പെടുത്തുന്ന ധൂർത്തും മറ്റു പേക്കൂത്തുകളും നാട്ടുകാരുടെയും സജ്ജനങ്ങളുടെ ശാപത്തിന് കാരണമാവും. പ്രസ്തുത വൈവാഹിക ജീവിതം ബറകത്തില്ലാത്തതായിത്തീരും. ഉണ്ടാകുന്ന കുട്ടികൾ തലതിരിയും. കുടുംബ ജീവിതത്തിൽ സുഖമുണ്ടാവില്ല. ഇവരുടെ പ്രശ്‌നം പരിഹരിക്കാനാണെങ്കിൽ നാട്ടുകാരണവന്മാർക്ക് താൽപര്യവുമുണ്ടാവില്ല. പറഞ്ഞതു കേൾക്കാതെ നടത്തിയ ധൂർത്തൻ വിവാഹത്തിലെ ദമ്പതികളല്ലേ, എന്നു പറഞ്ഞു തള്ളാൻ ചിലരെങ്കിലും മുതിരും. അതിനാൽ ശ്രദ്ധിക്കുക; വിവാഹം പവിത്രമാണ്, പവിത്രമായതിനെ മാന്യതയോടെ സമീപിക്കുക.

വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പക്വതയുള്ള ഉപദേശകന്റെ സാന്നിധ്യം വേണം. ഭാര്യഭർത്താക്കന്മാർക്കു ഇടനിലയില്ലാതെ പറഞ്ഞുതീർക്കാൻ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടാൽ വേഗം ഒരു ഉപദേശകനെ/കൗൺസിലറെ സമീപിക്കണം. അയാൾ നല്ല ദീനീബോധമുള്ളയാളാകണം. മനഃശാസ്ത്രം, ലൈംഗിക ശാസ്ത്രം, നിയമം, സാമൂഹ്യ ശാസ്ത്രം, ജനിതക ശാസ്ത്രം, ആരോഗ്യ ശാസ്ത്രം എന്നിവയിലൊക്കെ പിടിപാടുള്ള വ്യക്തികൾക്കേ സമർത്ഥനായ ദാമ്പത്യോപദേശകനാകാൻ സാധിക്കുകയുള്ളൂ. ഇപ്പറഞ്ഞ സംഗതികളിൽ സർട്ടിഫിക്കറ്റുകളല്ല പ്രധാനം, അറിവും അവബോധവുമുള്ളയാളാവുക എന്നതാണ്.

ദാമ്പത്യോപദേശം നടത്തുമ്പോൾ മൂന്നു ഘട്ടങ്ങളിലൂടെ ഉപദേശകൻ കടന്നുപോകണം. കുടുംബ ജീവിതം ഒരാമുഖം’ എന്ന ഗ്രന്ഥത്തിൽ ഡോ. സിആർ അഗ്നിവേശ് ഈ ഘട്ടങ്ങളെ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക:

ഒന്നാംഘട്ടം

ഒന്നാം ഘട്ടത്തിൽ ദമ്പതികൾ തങ്ങളുടെ സമകാലീന പ്രശ്‌നങ്ങളും ആവലാതികളും കലവറ കൂടാതെ ഉപദേശകന്റെ മുമ്പിൽ അവതരിപ്പിക്കുന്നു. ഇതിലൂടെ ദമ്പതികൾക്ക് ഉള്ളിൽ സഞ്ചയിച്ചിട്ടുള്ള പിരിമുറുക്കം അയയുകയും ആകാംക്ഷ കുറയുകയും ചെയ്യുന്നു. വിശ്വസിക്കാവുന്ന ഒരാളോട് തന്റെ പ്രശ്‌നങ്ങൾ തുറന്നുപറയാൻ കഴിഞ്ഞതിന്റെ സംതൃപ്തി ഇതിലൂടെ ലഭിക്കുന്നു. ഉപദേശകൻ പ്രശ്‌നത്തിൽ ഇടപെടാത്ത ആൾ ആകയാലും തനിക്ക് സ്വകാര്യങ്ങൾ തുറന്നുപറയാൻ പറ്റിയ വിശ്വസ്തനാണെന്നു തോന്നുകയാലും പ്രഥമ സന്ദർശനത്തിൽ പരാതിപ്രവാഹം യാതൊരു തടസ്സവുമില്ലാതെ പുറത്തുവരുന്നു. അന്ന് ദാമ്പത്യത്തിലെ പ്രമുഖ പ്രശ്‌നമണ്ഡലങ്ങളും മുഖ്യ പരാതികളും തിരിച്ചറിയാൻ കഴിയും. ഉപദേശകൻ ക്ഷമയോടു കൂടി കേൾക്കുന്നു. ഇടക്കിടക്ക് പ്രസക്തമായ ചില്ലറ ചോദ്യങ്ങൾ ചോദിക്കുകയും നിസ്സംഗനായി ചില പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. ഉപദേശകൻ രോഗിയുടെ പിരിമുറുക്കം ചോർത്തിക്കളയുന്നതോടൊപ്പം വിലപ്പെട്ട വിവരങ്ങളും ശേഖരിക്കുന്നു. പുരുഷന്മാരാണെങ്കിൽ അടുത്ത വരവിന് ഭാര്യയോടൊപ്പം വരാൻ താൽപര്യപ്പെടുകയോ ഉപദേശകൻ ഭാര്യയുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യും. ദമ്പതികൾ ഇരുവരും ഒന്നിച്ചുണ്ടെങ്കിൽ അവർ തമ്മിലുള്ള പെരുമാറ്റങ്ങളും ഉപദേശകൻ ശ്രദ്ധിക്കണം.

ആദ്യഘട്ടം തന്നെ അവസാനിപ്പിക്കുന്നതിന് പല സന്ദർഭങ്ങൾ ആവശ്യമായി വരും. ആദ്യ ഘട്ടത്തിൽ യഥാർത്ഥ പ്രശ്‌നത്തിന്റെ പരിഹാരങ്ങൾ നിർദേശിക്കാറില്ല. എന്നാൽ, താൽക്കാലിക സമാശ്വാസത്തിന് ചില നിർദേശങ്ങൾ നൽകി എന്നും വരാം.

രണ്ടാം ഘട്ടം

വേണ്ടത്ര വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞാൽ രണ്ടാം ഘട്ടമായി അവരുടെ പ്രശ്‌നങ്ങൾ തനിക്ക് മനസ്സിലായി എന്നു ഉപദേശകൻ ദമ്പതികളെ അറിയിക്കുന്നു. പ്രശ്‌നത്തിന്റെ വിശദാംശങ്ങൾ ദമ്പതികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഉപദേശകൻ ശ്രമിക്കുന്നു. ഈ ശ്രമത്തിൽ തീർത്തും പ്രൊഫഷണലായ സമീപനമാണ് ഉപദേശകൻ സ്വീകരിക്കുന്നത്. പ്രശ്‌നങ്ങളെയും പരിഹാരങ്ങളെയും നിരത്തിവയ്ക്കുവാൻ ഉപദേശകൻ ശ്രമിക്കുന്നു.

മൂന്നാംഘട്ടം

മൂന്നാം ഘട്ടമാകുമ്പോൾ മുഖ്യ തെറ്റിദ്ധാരണകളെപ്പറ്റി ചിന്തിക്കാം. അപ്പോഴേക്കും വന്നുപോയ തെറ്റിദ്ധാരണകളെ പറ്റിയും തെറ്റായ തീരുമാനങ്ങളെപ്പറ്റിയും വ്യക്തമായ തിരിച്ചറിവ് ദമ്പതികൾക്കു തന്നെ ഉണ്ടായിക്കഴിഞ്ഞിരിക്കും. ഈ ഘട്ടത്തിൽ നടത്തുന്ന ചർച്ചകൾ ദമ്പതികൾ തമ്മിൽ സഫലമായ ആശയവിനിമയം സാധ്യമാക്കാനും അടുപ്പം കൂട്ടാനും പുതിയ ഉണർവോടുകൂടി ദാമ്പത്യം നയിക്കാനുള്ള ആഗ്രഹം ജനിപ്പിക്കാനും സഹായിക്കുന്നു. ഈ അവസരത്തിൽ ഉപദേശകൻ ഇരുവരോടും ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കുകയും അതിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള രൂപരേഖയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

പരസ്പരമുള്ള അസംതൃപ്തികൾ കൗൺസിലിംഗിലൂടെ പുനരവലോകനം ചെയ്യപ്പെടണം. അതുപോലെ തന്നെ ദാമ്പത്യത്തെ ഊട്ടിയുറപ്പിക്കുന്ന സദ്ഭാവങ്ങളുടെ പ്രവർത്തനം വിലയിരുത്തുകയും വേണം. ദമ്പതികളിൽ ഓരോരുത്തർക്കും വ്യക്തി എന്ന നിലയിൽ കൂടുതൽ സംതൃപ്തി ദാമ്പത്യത്തിനകത്താണോ പുറത്താണോ ലഭിക്കാൻ ഇടയുള്ളത് എന്ന് കണ്ടെത്താൻ ശ്രമിക്കണം’ (പേജ് 211,212).

കുടുംബം മഹത്തായ കൂട്ടായ്മയാണ്. ദമ്പതികളും സന്താനങ്ങളും അടങ്ങിയാൽ കുടുംബമായി. ഇത് ഭദ്രമാകണം. ഛിദ്രത വരരുത്. വരാനുള്ള മുഴുവൻ വഴികളെയും തിരിച്ചറിഞ്ഞ് അടക്കണം. പരസ്പരമുള്ള തെറ്റിദ്ധാരണകളും സംശയങ്ങളും അകറ്റണം. അന്യർ കടന്നുവന്ന്, തെളിവില്ലാതെ പറയുന്ന പരാതികളെ അന്ധമായി വിശ്വസിക്കരുത്. നിസ്സാര പ്രശ്‌നങ്ങളെ ആലോചിച്ചും പറഞ്ഞും പൊലിപ്പിച്ചും വലുതാക്കരുത്. വലിയ പ്രശ്‌നങ്ങളെ ചെറുതാക്കിത്തീർത്ത് പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തുക. ഒരു നിലക്കും ഒക്കുന്നില്ലെങ്കിൽ മാത്രം അനുവദനീയങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപമുള്ള വഴി, ത്വലാഖിനെപ്പറ്റി ആലോചിക്കുക.

‘അവള് പോയാലെന്താ, വേറെയും പെണ്ണുണ്ടല്ലോ’ എന്ന് പുരുഷനും ‘വേറെ കല്യാണം കഴിച്ചില്ലെങ്കിലും വേണ്ടില്ലാ, എനിക്കാ പിശാചിനെ വേണ്ട’ എന്ന് പെണ്ണും വാശി പിടിക്കരുത്. എല്ലാം ഓരോ ദുർബല നിമിഷത്തിന്റെ ബലഹീന ചിന്തകളാണെന്ന ഓർമ വേണം. ഒന്നിക്കാനുള്ള നല്ല നേരങ്ങളെ ഓർമിച്ചെടുക്കുക. എന്നിട്ടും ഒന്നാകാനുള്ള വഴി തെളിയുന്നില്ലെങ്കിൽ, വിധി വിശ്വാസത്തോടെ വേർപിരിയലിന് ഒരുങ്ങുക; എന്തായാലും ഒരിക്കൽ നാം വേർപിരിയുമല്ലോ, ശരീരം കൊണ്ടെങ്കിലും.

 

സോപ്പിട്ടു നിന്നാൽ പല ഗുണങ്ങൾ

വീട്ടുകാർക്കൊപ്പം നിന്നുവെന്ന് ഭാര്യക്ക് തോന്നാം. അതവൾ കിടപ്പറയിൽ വെച്ച് പങ്കുവെക്കും. ഇതുകേട്ട് ഭർത്താവിന്റെ ചോര തിളക്കരുത്. കാര്യങ്ങൾ ബോധ്യപ്പെടുത്തണം. അവളുടെ വീട്ടുകാരുടെ നല്ല പെരുമാറ്റത്തെ വാനോളം പുകഴ്ത്താനുള്ള അത്യാവശ്യ പദങ്ങളൊക്കെ ഭർത്താവിന്റെ കൈയിൽ സ്റ്റോക്കുണ്ടാവണം. ഇത് കൃത്രിമ പുകഴ്ത്തലാണെന്ന് അവൾക്ക് തോന്നുകയുമരുത്. പറ്റുമെങ്കിൽ അവളുടെ വീട്ടുകാരുടെ വിശാല ഹൃദയം വെളിവാക്കുന്ന ഏതെങ്കിലും ‘സൂപ്പർകഥ’ പറഞ്ഞുകൊടുക്കാം. അതോടെ അവൾ തണുക്കും.

ഭാര്യവീട്ടുകാർക്ക്, ഇക്കാലഘട്ടത്തിൽ ഭർത്താവിന്റെ ‘യോഗ്യത’യെക്കുറിച്ച് സംശയങ്ങളും മറ്റും വരും. തന്റെ മകളുടെ ഭർത്താവായിരിക്കാൻ യോഗ്യനല്ലെന്നും മകളെ വേണ്ടവിധം നോക്കാൻ പ്രാപ്തനല്ലെന്നും വധുവിന്റെ മാതാപിതാക്കൾക്കു തോന്നാം. രണ്ടു കുടുംബങ്ങളിലെയും സാമ്പത്തിക, മത, സാംസ്‌കാരിക ചുറ്റുപാടുകൾ ഈ ചിന്തക്ക് ആക്കം കൂട്ടും. എന്നാൽ, ഭർത്താവിന്റെ യഥാർത്ഥ സ്വഭാവവും പെരുമാറ്റ രീതിയും ഹൃദയവിശാലതയും ആദ്യകാലഘട്ടത്തിൽ ഭാര്യക്കേ അധികമായറിയുകയുള്ളൂ. അതിനാൽ ഭാര്യവീട്ടുകാരുടെ സംശയങ്ങൾക്കുള്ള മറുപടി മകൾ തന്നെ അതരിപ്പിക്കേണ്ടി വരും. ഭർത്താവിന്റെ ഗുണഗണങ്ങൾ അമിതമാവാത്ത വിധം പറഞ്ഞുകൊടുക്കാവുന്നതാണ്.

ഭർതൃവീട്ടുകാരുടെ കുറ്റങ്ങൾ പറയുന്നതിന് പകരം ഗുണങ്ങൾ കണ്ടെത്തി അത് പറഞ്ഞുകൊടുക്കാൻ ഭാര്യമാർ തയ്യാറാകണം. ഈ നന്മ പറച്ചിൽ, വല്ല പ്രശ്‌നവും ഉണ്ടായാൽ വിട്ടുവീഴ്ചക്ക് ഉപകരിക്കും. അതേ സമയം, ഭർതൃവീട്ടുകാരെ പറ്റി തുടക്കം മുതൽ കേട്ടതൊക്കെ മോശം കാര്യങ്ങൾ മാത്രമാണെങ്കിൽ പിന്നീട് അവരിൽ നിന്ന് വല്ല നന്മയും ഉണ്ടായാലും അതത്ര കാര്യമാക്കാനോ പ്രശംസിക്കാനോ അവർ തയ്യാറാവില്ല. എന്നു മാത്രമല്ല, പരിഹസിച്ച് തള്ളാൻ വരെ മനസ്സ് കൊതിക്കും. ഇതേ കാര്യം ഭാര്യ വീട്ടുകാരെക്കുറിച്ച് ഭർതൃവീട്ടുകാർക്കും ഉണ്ടാകുമെന്നതിനാൽ ഭർത്താവും ഭാര്യവീട്ടുകാരെപ്പറ്റി തന്റെ വീട്ടിൽ ന്യൂനതകളവതരിപ്പിക്കരുത്. ഭാര്യയോട് സ്‌നേഹമുണ്ടെങ്കിൽ ഭാര്യവീട്ടുകാരെയും നന്നായി കാണണം. എന്നാലേ, കുടുംബ ബന്ധം നന്നായി കൊണ്ടുപോകാൻ സാധിക്കൂ. ഭർത്താവിനോട് സ്‌നേഹമുണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടുകാരിലും നന്മ കാണണം, അഭിനന്ദിക്കണം.

നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ

Exit mobile version