ശാരീരികാവയവങ്ങളിൽ ഏറ്റവും അപകടകാരിയാണ് നാവ്. പരലോകത്ത് പരാജയപ്പെടുന്നവരിൽ ഭൂരിഭാഗവും നാവിനെ സൂക്ഷിക്കാത്തവരായിരിക്കും. മൗനം പാലിച്ചവർ വിജയികളാണെന്ന് പ്രവാചകർ(സ്വ) പറഞ്ഞിട്ടുണ്ട്. അല്ലാഹു നമുക്ക് നൽകിയ അതുല്യമായ അനുഗ്രഹമാണ് നാവും സംസാരശേഷിയും. സൂക്ഷിച്ചുപയോഗിക്കുന്നവർക്ക് ധാരാളം നന്മകൾ അതുകൊണ്ട് സമ്പാദിക്കാൻ കഴിയും. അതേസമയം, വൻവിപത്തുകളിലേക്കും പരാജയത്തിലേക്കും നമ്മെ വലിച്ചുകൊണ്ടുപോവുകയും ചെയ്യും. അല്ലാഹുവിനെ സ്മരിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അറിവ് പകർന്നുനൽകാനും നന്മകൾക്കുപയോഗിക്കാനുമാണ് നാവ് സൃഷ്ടിക്കപ്പെട്ടത്. സംസാരിക്കാനുള്ള നാവും രണ്ടു ചുണ്ടുകളും ഞാൻ നൽകിയില്ലേയെന്ന് അല്ലാഹു ചോദിക്കുന്നുണ്ട്. തുല്യതയില്ലാത്ത ഈ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യാനുള്ള ഓർമപ്പെടുത്തലാണത്.
അല്ലാഹുവിനെ വാഴ്ത്തുകയും അവനിലേക്ക് സൃഷ്ടികളെ ക്ഷണിക്കുകയും ചെയ്യലാണ് നാവിന്റെ ഒരു ധർമം. അത് നിഷ്‌കളങ്കമായി നിർവഹിക്കുന്നവർ നന്ദിയുള്ളവരും വിജയികളുമാണ്. നാവിനെ ദുരുപയോഗം ചെയ്യുന്നവർ സർവനാശത്തിലേക്ക് ചെന്ന് പതിക്കുമെന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യർ നരകത്തിലേക്ക് മൂക്കും കുത്തി വീഴാൻ പ്രധാന കാരണം നാവിന്റെ ദുരുപയോഗമാണെന്ന് ഹദീസിൽ കാണാം. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ നന്മ മാത്രം പറയണം. അല്ലെങ്കിൽ മൗനം പാലിക്കണമെന്ന് തിരുനബി(സ്വ) ഉണർത്തി. നന്മകൾ മാത്രം പറഞ്ഞ് പുണ്യം സമ്പാദിക്കുന്നവർക്കും അപകടം ഭയന്ന് മൗനം പാലിക്കുന്നവർക്കും അല്ലാഹു കാരുണ്യം ചെയ്യട്ടെ എന്ന് റസൂൽ(സ്വ) പ്രാർഥിക്കാറുണ്ടായിരുന്നു.
നാക്കുപയോഗിച്ച് മനുഷ്യർ ചെയ്യുന്ന ഏറ്റവും അപകടകരമായ തിന്മയാണ് കളവ് പറയൽ. സത്യവിരുദ്ധമായ പ്രസ്താവനകളും പൊള്ളയായ വാക്കുകളുംകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നവരാണ് ഏറ്റവും ക്രൂരരായ ദുഷ്ടന്മാർ. മനുഷ്യകുലത്തെ സംഹരിക്കുന്ന അപകടകാരികളായ ശത്രുക്കളാണവർ. സ്രഷ്ടാവിനെയും മതമൂല്യങ്ങളെയും നിഷേധിക്കുന്നവരാണ് ഏറ്റവും മാരകമായ കളവ് പറയുന്നവർ. മതഗ്രന്ഥങ്ങളെ ദുർവ്യാഖ്യാനിച്ച് ഭൗതിക ലാഭം നേടുന്ന കപട പുരോഹിതന്മാർ നുണകൾകൊണ്ടും പൊയ് വാക്കുകൾകൊണ്ടുമാണ് നിലനിൽക്കുന്നത് തന്നെ. ഇവിടെയാണ് ജീവിതവും കർമങ്ങളും വാക്കുകളും നന്മയും സത്യവും മാത്രം നിറഞ്ഞുനിൽക്കുന്ന പ്രവാചകന്മാരുടെയും ഔലിയാക്കളുടെയും പ്രബോധനം വ്യത്യസ്തമാവുന്നതും വിജയിക്കുന്നതും.
അല്ലാഹുവിനെയും പ്രവാചകന്മാരെയും നിരാകരിക്കുന്നവരാണ് ഏറ്റവും വലിയ കള്ളന്മാർ എന്ന് ഖുർആൻ അടിവരയിട്ടുന്നുണ്ട്. അവർ അഭിശപ്തരും പരാജിതരുമാണ്. സത്യവിശ്വാസി ഒരിക്കലും കള്ളം പറയില്ലെന്ന് നബി(സ്വ) പറഞ്ഞതായി കാണാം. കളവുകൾ തിന്മകളിലേക്കും നെറികേടിലേക്കും എത്തിക്കും. അതുവഴി കളവ് പറയുന്നവർ നരകാഗ്‌നിയുടെ വിറകായിത്തീരുകയും ചെയ്യുമെന്ന് തിരുമൊഴികളിലുണ്ട്. കളവ് പറയൽ നാവിന്റെ പാപം മാത്രമല്ല, ഹൃദയ കാപട്യത്തിന്റെയും പരലോക ഭയമില്ലായ്മയുടെയും അടയാളമാണ്. അല്ലാഹുവിലും അന്ത്യനാളിലും സ്വർഗ നരകങ്ങളിലും വിശ്വാസമില്ലാത്തവർക്കേ കളവ് പറയാൻ കഴിയുകയുള്ളൂ. നാവിനെ തിന്മകളെ തൊട്ട് അകറ്റിനിർത്താൻ പരിശ്രമിക്കുന്നതോടൊപ്പം നാക്കിന്റെ ദുരന്തങ്ങളിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുകയും വേണം. അല്ലാഹുവേ, എന്റെ ഹൃദയത്തെ കാപട്യത്തിൽ നിന്നും ഗുഹ്യാവയവങ്ങളെ വ്യഭിചാരത്തെ തൊട്ടും നാക്കിനെ കളവിൽ നിന്നും ശുദ്ധിയാക്കേണമേ എന്ന് തിരുദൂതർ(സ്വ) ദുആ ചെയ്യാറുണ്ട്.
ആറ് കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് സ്വർഗം ലഭിക്കുമെന്ന് തിരുനബി(സ്വ) ഉറപ്പ് നൽകിയിട്ടുണ്ട്. കളവ്, വാഗ്ദത്തലംഘനം, വിശ്വാസ വഞ്ചന, ഹറാമിലേക്കുള്ള നോട്ടം, ഗുഹ്യാവയവങ്ങൾ, ശാരീരിക പീഡനം. ഈ ആറ് കാര്യങ്ങൾ സൂക്ഷിക്കുന്നവർക്ക് സ്വർഗം ഉറപ്പാണ്. കളവുപോലെ നാവിലൂടെ വരുന്ന മാരകമായ പാപങ്ങളാണ് പരദൂഷണം, ഏഷണി, അശ്ലീലം, തെറി, പരിഹാസം, ശാപം, തിന്മ നിറഞ്ഞ ഗാനങ്ങൾ, തർക്കം, വാഗ്വാദം, പരിധിവിട്ട തമാശ, ഉപകാരമില്ലാത്ത സംസാരങ്ങൾ, ആത്മപ്രശംസ, അനാവശ്യ പ്രശംസകൾ എന്നിവ. ഖൽബിൽ തിന്മയുടെ ആധിക്യമുണ്ടാകുമ്പോളാണ് ഇത്തരം അധർമങ്ങൾ നാവിലൂടെ പുറത്തുവരുന്നത്. ആ സമയം പ്രകൃതിയിൽ ദുർഗന്ധം നിറയുമെന്നും കാരുണ്യത്തിന്റെ മലക്കുകൾ അകന്നു പോവുമെന്നും തിരുമൊഴി.
ഏഷണിയും പരദൂഷണവും ഏറ്റവും നെറികെട്ട പാപങ്ങളാണ്. ഐക്യവും ശാന്തിയും തകർക്കുന്ന, ബന്ധങ്ങളെ ശിഥിലമാക്കുന്ന മഹാമാരികൾ. വൻ നാശമാണ് ഏഷണിക്കാർക്കും പരദൂഷണക്കാർക്കുമുള്ളതെന്ന് ഖുർആൻ താക്കീത് ചെയ്തിട്ടുണ്ട്. ശവം തീനികളോടാണ് അവരെ ഉപമിക്കുന്നത്. ഈ സമുദായത്തിൽ നിന്നും ഏറ്റവുമധികം പേർ നരകശിക്ഷ അനുഭവിക്കേണ്ടിവരുന്നത് പരദൂഷണം കാരണമായിട്ടായിരിക്കുമെന്നുണ്ട്. ഏഷണിക്കാരൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്നും നബി(സ്വ) മുന്നറിയിപ്പ് നൽകി. പരദൂഷണം പറഞ്ഞവർ പശ്ചാത്തപിക്കാതെ, ദൂഷിക്കപ്പെട്ടവരെ തൃപ്തിപ്പെടുത്താതെ മരണപ്പെട്ടാൽ പരാജയം ഉറപ്പായിരിക്കും.
ആംഗ്യഭാഷയിലൂടെയും ചേഷ്ടകളിലൂടെയും വിശ്വാസികളെ നോവിക്കുന്നതും പരദൂഷണമായി ഗണിക്കും. അപകീർത്തിയുള്ള വാർത്തകൾ വായിക്കുന്നതും ഷെയർ ചെയ്യുന്നതും പരസ്യപ്പെടുത്തുന്നതും പരലോകം നഷ്ടപ്പെടുത്തുന്ന വൻകുറ്റങ്ങളാണെന്ന് തിരിച്ചറിയണം. നമ്മുടെ ഈമാൻ തിളക്കമുള്ളതാവണമെങ്കിൽ നാവിനെ നിയന്ത്രിക്കൽ അനിവാര്യമാണ്. വാക്കുകളെ നന്നാക്കാതെ ഖൽബുകൾ നേരെയാവില്ല. ഹൃദയം നന്നാവാതെ വിശ്വാസവും നന്നാവില്ല. അതുകൊണ്ട് തന്നെ മോക്ഷവും രക്ഷയും ആഗ്രഹിക്കുന്നവർ നാക്കിന് കടിഞ്ഞാണിടണം. മൗനംകൊണ്ട് സംസാരിക്കണം. സ്വർഗം ലഭിക്കുന്ന വാക്കുകൾ മാത്രം ഉപയോഗിച്ച് ശീലിക്കണം. ദുർഗന്ധം പരത്തുന്ന, നരകത്തിലെത്തിക്കുന്ന വാക്കുകൾ ഉപേക്ഷിക്കണം.
വാക്കുകൾ വാളുകളേക്കാൾ മൂർച്ചയുള്ളതാണെന്നും പരാജയ ഹേതുവാകാൻ സാധ്യതയേറെയുള്ളതാണെന്നും തിരിച്ചറിഞ്ഞ സൂഫീ പണ്ഡിതർ വായ മൂടിക്കെട്ടിയും ചരൽകല്ല് കടിച്ചുപിടിച്ചും നാവിനെ നിയന്ത്രിച്ചിരുന്നെന്നാണ് ചരിത്രം.
അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം