‘ദൈവത്തിന്റെ പുസ്തകം’ നബിസ്‌നേഹത്തിന്റെ നോവൽ ജന്മം

വളരെ മനോഹരമായ ഉള്ളടക്കമാണ് ദൈവത്തിന്റെ പുസ്തകം എന്ന നോവലിൽ കെപി രാമനുണ്ണി സംവിധാനിച്ചിരിക്കുന്നത്. അഞ്ച് ഭാഗങ്ങൾ. അറുനൂറ്റിഎൺപതിൽപരം പേജുകൾ. കൃഷ്ണനും നബിയും മാർക്‌സും ഗാന്ധിയും ഹിറ്റ്‌ലറും ഹെഡ്‌ഗേവാറുമൊക്കെ കഥാപാത്രങ്ങൾ. മഥുരമുതൽ മക്കവരെയുള്ള വിവിധ നാടുകളിൽ ജീവിക്കുന്നവർ. ദ്വാപരയുഗംമുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെയുള്ള കാലപ്പരപ്പ്. ബഹിരാകാശംവരെ നീളുന്ന കഥാസ്ഥലി.

സ്വന്തം മക്കളുടെ കബന്ധങ്ങൾ കാണാൻ സർവാലങ്കാരവിഭൂഷിതയായി വരുന്ന ഗാന്ധാരിമുതൽ പൂരപ്പറമ്പിലെ അമിട്ടുപോലെ നിരപരാധികളുടെമേൽ ബോംബുവർഷിക്കുന്ന ആധുനികഭരണകൂടങ്ങളും തീവ്രവാദികളുംവരെ ഇതിൽ വിമർശിക്കപ്പെടുന്നു. ജവാഹർലാലിനെ തിരുത്താൻ കഴിഞ്ഞില്ലെന്ന ഗാന്ധിയുടെ തീവ്രമായ ആത്മവിമർശനവും! ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അമേരിക്കയിലെ കേപ് കാനവറിലെ ബഹിരാകാശവിക്ഷേപണത്തറയിലാണ് നോവൽ തുടങ്ങുന്നത്. ബഹിരാകാശഗവേഷണത്തിൽ ബഹുദൂരം മുന്നിലായ നാസയുടെ അത്‌ലാന്റിക് ഏഴിന്റെ വിക്ഷേപണം പക്ഷേ ദുരന്തമായി. സമസ്ത ഊർജനിയമങ്ങളെയും അപ്രസക്തമാക്കുന്ന തമോഗർത്തത്തിന്റെ സ്വാധീനമാണ് ഇത്തരം പരാജയങ്ങൾക്ക് ഹേതു. ഇന്ത്യൻ ശാസ്ത്രജ്ഞരായ ഹസൻകുട്ടിക്കും കുട്ടിശങ്കരനും ഇതറിയാം. പക്ഷേ പുറത്ത് പറഞ്ഞാലുള്ള പ്രത്യാഘാതം എന്തായിരിക്കും. സയൻസ് ഫിക്ഷനാണോ ഇതെന്ന് വായനക്കാർ തുടക്കത്തിൽ സംശയിക്കും. പക്ഷേ അങ്ങനെയല്ല.

തമോഗർത്തത്തിന്റെ സ്വാധീനത്താൽ ദ്വാപരയുഗത്തിന്റെ ഒരു ഖണ്ഡം മഥുരയിലും ആറാംനൂറ്റാണ്ടിന്റെ ഒരുഭാഗം മക്കയിലും വന്നുവീഴുന്നു. കൃഷ്ണനും നബിയും വീണ്ടും ഭൂമിയിൽ. പഴയ കൃഷ്ണനല്ല പുനരവതരിച്ച കൃഷ്ണൻ. വർത്തമാനകാലത്തിലേക്ക് ഒളിച്ചുകടക്കുന്ന കൃഷ്ണൻ കീഴാളകൃഷ്ണനാണ്. നബി സമകാലീനഭീകരവാദത്തിനെതിരായ കാരുണ്യസ്വരൂപവും. ഇവരെ നാം ഓരോ മതത്തിന്റെ കളങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. നാം നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീനപ്രശ്‌നങ്ങളെ തൊടുന്നു. മുതലാളിത്തചൂഷണത്തിന്റെ ഭീകരതയറിഞ്ഞ് ഞെട്ടുന്നു. തങ്ങളുടെ തത്ത്വങ്ങൾ ദുർവ്യാഖ്യാനംചെയ്ത് പരസ്പരം കഴുത്തറുക്കുന്നവരെ കണ്ട് ഹൃദയം തകർന്നവരാകുന്നു.

തിരുനബി(സ്വ)യുടെ ജീവിതത്തെ അടുത്തുനിന്ന് നോക്കിക്കാണാൻ ഈ നോവൽ ശ്രമിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. പ്രവാചകരെക്കുറിച്ചുള്ള ആധികാരിക പഠനം നടത്താതെ ഒരിക്കലും ഇങ്ങനെ ഒരു കഥാപാത്രത്തെ വർണിക്കാൻ കഴിയില്ല. അത്രമാത്രം പുതുമ നോവലിലെ നബിജീവിതത്തിൽ കാണാൻ കഴിയും. ഒരുപക്ഷേ, മതേതരസ്വഭാവത്തോടെ രചിക്കപ്പെട്ട ഒരു കൃതിയിൽ മുഹമ്മദ് നബിയെ വിശ്വാസികൾ മനസ്സിലാക്കിയ പോലെ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. വിശ്വാസികൾക്ക് തിരുനബി (സ്വ) ആരായിരുന്നുവോ, അതേ വികാരത്തിലാണ് നോവലിൽ പ്രത്യക്ഷപ്പെടുന്ന മുഹമ്മദ് നബി. കെപി രാമനുണ്ണി നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ടെന്നതിന്റെ മികച്ച ദൃഷ്ടാന്തം!

മതം എന്നത് മാറ്റിനിർത്തപ്പെടേണ്ട ജീവിതാനുഭവമാണെന്ന നിലപാട് ശരിയല്ലെന്ന് ദൈവത്തിന്റെ പുസ്തകം സമർത്ഥിക്കുന്നു. മതത്തിന്റെ മനോഹാരിത പ്രവാചകരുടെ കാരുണ്യത്തിലൂടെ വരച്ചിടാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. അതിന് അവലംബിച്ചത് ചരിത്രമാണ് എന്നതും ശ്രദ്ധേയം. അതുകൊണ്ടാണ് ഭാവനയുടെ എളുപ്പത്തിലും ഗൗരവത്തിലുള്ള പ്രമേയം സാഹിതീയ ഭാഷയിൽ വിശദീകരിക്കാൻ സാധിക്കുന്നത്. കേവലം കഥാവായനക്കപ്പുറം ആഴത്തിലുള്ള ചില സമകാലിക പ്രശ്‌നങ്ങൾ ഈ നോവൽ ചോദ്യം ചെയ്യുന്നുണ്ട്.

കൃഷ്ണനും നബിയും ചേർന്ന് പുതിയ കാലത്തിലൂടെ നടത്തുന്ന സഞ്ചാരമാണ് നീലയും ചന്ദ്രക്കലയും എന്ന ഭാഗം. തങ്ങളുടെ തന്നെ അനുയായികൾ തങ്ങളുടെ ആശയങ്ങളെയും ചരിത്രത്തെയും എത്രത്തോളം വികലമാക്കിക്കളഞ്ഞു എന്ന അറിവ് അവരിലുളവാക്കുന്ന വേദന അതിൽ വരുന്നുണ്ട്. ഒരു പ്രവാചകന്റെ കാലത്ത് അദ്ദേഹത്തിനെതിരിൽ രംഗത്തു വരുന്ന അതേ ശക്തികളായിരിക്കും പിന്നീട് അദ്ദേഹത്തിന്റെ കൊടിയും പേരും ഉയർത്തിപ്പിടിച്ചു കൊണ്ട്  രംഗത്തിറങ്ങുക എന്ന് പ്രവാചകൻ നിരീക്ഷിക്കുന്നു. അതിനിടയിലും സത്യത്തിന്റെ ആദർശം മുറുകെ പിടിക്കുന്ന ഒരു ജനവിഭാഗം ഭൂമിയിലാകെ കാരുണ്യം പരത്തുന്നതായും പ്രവാചകൻ അനുഭവിച്ചറിയുന്നു.

അതേസമയം ഗതകാല ചരിത്ര കഥാപാത്രങ്ങൾ പലരും ഈ ഭാഗത്ത് രംഗപ്രവേശം ചെയ്യുന്നു. നബി, കൃഷ്ണ പ്രഭാവങ്ങളുടെ സ്വാധീനം അവരിൽ ചെലുത്തുന്ന മാറ്റങ്ങളും ചിത്രീകരിക്കപ്പെടുന്നു. ഇവിടെ മഹാത്മാഗാന്ധിയും കാൾ മാക്‌സുമെല്ലാം കടന്നു വരികയാണ്. ഒപ്പം ഹെഡ്‌ഗേവാറും ഹിറ്റ്‌ലറും വരുന്നു. അവർ അവരുടെ  നിലപാടുകൾ തിരുത്തുന്നു. തങ്ങളുടെ ജീവിതകാലത്ത് കൈക്കൊണ്ടിരുന്ന രാഷ്ട്രീയത്തെ തള്ളിപ്പറയുന്നു.

നബിഭാഗത്ത് നബിയുടെ സഹോദരനായി ക്രിസ്തുവും രംഗപ്രവേശം ചെയ്യുന്നുണ്ട്. ഒരു നബിവചനമനുസരിച്ച് പ്രവാചകന്മാർ എല്ലാവരും  സഹോദരങ്ങളാണ്. ഇസ്‌റാഇന്റെ രാത്രി എന്നറിയപ്പെടുന്ന രാവിൽ യരൂശലേം പള്ളിയിൽ ചരിത്രത്തിലിന്നോളം വന്നിട്ടുള്ള സകല പ്രവാചകന്മാരുമൊത്ത് നബി നിസ്‌കരിച്ചു. ഇക്കൂട്ടത്തിലും രാമനുണ്ണി കൃഷ്ണനെ കണ്ടെത്തുന്നുണ്ട്.

നബിയുടെയും  കൃഷ്ണന്റെയും സാന്നിധ്യവും സ്വാധീനവും ആധുനിക ലോകത്ത് പരിവർത്തനങ്ങളുണ്ടാക്കിയതായി നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ലോകത്തിന്റെ ഭാവിയെയും ജീവിതത്തെയും കുറിച്ച പ്രവചനാത്മകമായ ശുഭപ്രതീക്ഷകൾ സമർപ്പിക്കപ്പെടുന്നതും അവിടെയാണ്. അതാകട്ടെ, വാൾസ്ട്രീറ്റിലെ ഓഹരി ബ്രോക്കർ മാർഗരറ്റ് കോനൻ, ഇറാഖിലെ ശീഈ നേതാവും ഇന്റീരിയർ വകുപ്പ് മന്ത്രിയുമായ അബുൽ ഹസൻ, ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരക് ചന്ദ്രവദൻ പരീഖ് എന്നിവരുടെ കഥയുമാണ്. ഇവരിൽ വന്നു ഭവിക്കുന്ന പരിവർത്തനങ്ങളെ ഒരൽഭുതകഥ പോലെ പറഞ്ഞു പോവുകയല്ല രാമനുണ്ണി ചെയ്യുന്നത്. കൃഷ്ണന്റെയും നബിയുടെയും പ്രഭാവങ്ങൾ അതിന്

നിമിത്തമായിത്തീരുമ്പോഴും വളരെ കൃത്യമായ സാമൂഹിക കാര്യകാരണങ്ങൾ അവരുടെ ജീവിതാവിഷ്‌കാരത്തിൽ നോവലിസ്റ്റ് കണ്ടെത്തുന്നു. തന്റെ പ്രവൃത്തിമേഖലയും കുടുംബവുമൊക്കെയായി സങ്കീർണമായ സംഘർഷങ്ങളിലൂടെയാണ് കോനൻ കടന്നു പോയിരുന്നത്. അബുൽ ഹസന് ഒരു ഗതകാല ചരിത്രമുണ്ട്. പുറമേ, സെക്ടേറിയൻ തീവ്രവാദങ്ങളിൽപ്പെടാതെ അയാളുടെ മനസ്സിനെ സംരക്ഷിക്കാൻ ജാഗ്രതയോടെ പരിശ്രമിച്ച പ്രഫസറുടെ ചിന്തകളുടെ സ്വാധീനമുണ്ട്. തന്റെ ചുറ്റുപാടുകളും സമൂഹത്തോടുള്ള കടപ്പാടുകളും പ്രതിബദ്ധതയുമാണ് പരീഖിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

മതതീവ്രവാദത്തെപ്പറ്റി അവിനാശ് എന്ന കഥാപാത്രം കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ട്. ‘പണ്ട് ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിയോജിപ്പിച്ചുകൊണ്ടുള്ള നാട് നശിപ്പിക്കലായിരുന്നു. ഇപ്പോൾ ഹിന്ദു തീവ്രവാദികളെയും മുസ്‌ലിം തീവ്രവാദികളെയും യോജിപ്പിച്ചുകൊണ്ടുള്ള നാട് നശിപ്പിക്കലാണ്. ഇവിടെ മതത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന ആസുരമായ കാലത്തെയാണ് നോവൽ ചോദ്യം ചെയ്യുന്നതും തിരുത്താൻ ശ്രമിക്കുന്നതും.

എക്‌സ്പീരിയൻസ് ഇകനോമിക്‌സിലൂടെ ജീവിതത്തെയും വികസനത്തെയും കുറിച്ച് കെ.പി രാമനുണ്ണി നൈതികമായ സങ്കൽപങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. മ

നുഷ്യജീവിതം സാമാന്യേന രാപ്പകലുകളുടെ വലിയൊരു ഭാണ്ഡക്കെട്ടാണ്. അതിൽത്തന്നെ ഉണർന്നിരിക്കുന്ന ഏതാനും മണിക്കൂറുകളാണ് മനുഷ്യജീവിതം. ഉണർന്നിരിക്കുന്ന മണിക്കൂറുകളിൽത്തന്നെ സക്രിയമായ അനുഭവങ്ങളാണ് മനുഷ്യജീവിതം. അതിനാൽ ആകനോമിക് ആക്ടിവിറ്റി എന്നു പറഞ്ഞാൽ ഓരോ മനുഷ്യന്റെയും സക്രിയമായ അനുഭവങ്ങളെ, അത് ശാരീരികമോ മാനസികമോ ആത്മീയമോ ആകട്ടെ, വികസിപ്പിക്കുന്നതിനു വേണ്ടിയുള്ളതാവണം. അല്ലാതെ റിയൽ എസ്റ്റേറ്റും റോഡും റെയിൽവേയും റൺവേയും ബിൽഡിങ്ങുകളും മാത്രം വികസിപ്പിക്കുന്നതാവരുത്. ഏറ്റവും ചുരുങ്ങിയ പണം കൊണ്ട് ഏറ്റവും കൂടിയ സർഗാത്മകാനുഭവങ്ങൾ ഏവർക്കും പ്രദാനം ചെയ്ത് മനുഷ്യജീവിതത്തെ സമ്പൽ സമൃദ്ധമാക്കുക എന്നതാണ് എക്‌സ്പീരിയൻസ് ഇകനോമിക്‌സിന്റെ ലക്ഷ്യം.

നോവലിന്റെ അവസാന ഭാഗത്ത് നബി കണ്ണനോടിങ്ങനെ പറഞ്ഞു: മാതാപിതാക്കളുടെ അഭാവം നാമിരുവരും ഒരുപോലെ അനുഭവിച്ചത് മുകളിലുള്ളവനെ ആഞ്ഞു പിടിക്കുന്നതിനു വേണ്ടിയാവണം. കണ്ണൻ നബിയോടു പറഞ്ഞു: നമ്മൾ രണ്ടു പേരുടെയും ആദ്യസ്ത്രീകൾ വയസ്സിന് മൂത്തവരായത് സ്ത്രീലമ്പടത്വത്തിനു പകരം മാതൃപാഠങ്ങൾ പ്രധാനമായതിനാലാകണം. ഇപ്രകാരം വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ സൂക്ഷ്മവശങ്ങളിലൂടെ നീതിയുടെയും സഹവർത്തിത്വത്തിന്റെയും

പാഠങ്ങളുമായി സഞ്ചരിക്കുന്നു ദൈവത്തിന്റെ പുസ്തകം. ഇതിന് തെളിവാണ് കെ പി രാമനുണ്ണിയുടെ ഈ വാക്കുകൾ: ഈ നോവലിൽ നബിയെ ഏറ്റവും സ്‌നേഹസമ്പന്നനായ ഒരുവനായിട്ടാണ് ചിത്രീകരിക്കുന്നത്. പ്രസവസമയത്ത് പോലും അമ്മക്ക് പ്രസവവേദന അനുഭവപ്പെടാതിരിക്കാൻ പ്രയത്‌നിച്ച കുഞ്ഞ്. അതൊന്നും ചരിത്രത്തിലില്ല. എന്നാൽ, ചരിത്രത്തിൽ സ്ത്രീകളെ ഏറ്റവും അധികം പരിഗണിക്കുന്ന ഒരാളായിട്ടാണ് നബിയെ കണക്കാക്കുന്നത്. നബിയോട് ഏറ്റവുമധികം ആദരിക്കേണ്ടതാരെ എന്ന ചോദ്യത്തിന് ഉമ്മ എന്നായിരുന്നു ഉത്തരം പറഞ്ഞത്. രണ്ടാമതും മൂന്നാമതും ആദരിക്കേണ്ടതാരെ എന്ന ചോദ്യത്തിനും നബി പറഞ്ഞ ഉത്തരം ഉമ്മ എന്നു തന്നെയായിരുന്നു. ഉമ്മയുടെ കാൽക്കീഴിലാണ് സ്വർഗം എന്നും നബി പറയുന്നുണ്ട്. ഉമ്മയെ അത്രമാത്രം പരിഗണിക്കുന്ന പ്രവാചകനെ ഫിക്ഷനിൽ ഇങ്ങനെ ചിത്രീകരിക്കുന്നതാവും ഉചിതം എന്നായിരുന്നു എന്റെ തോന്നൽ.

ജീവിക്കുന്ന കാലത്ത് അനുയായികളാൽ ഇത്രയധികം സ്‌നേഹിക്കപ്പെട്ട ഒരു ചരിത്രപുരുഷൻ ഉണ്ടായിട്ടില്ല എന്ന് ശത്രുക്കൾ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. ഈയിടെയായി പലപ്പോഴുമുണ്ടാകുന്ന നബിനിന്ദ സാധാരണ മുസ്‌ലിം സമൂഹത്തിന് ഹൃദയവേദന ഉണ്ടാക്കുന്ന കാര്യമാണ്.’

തിരുനബി ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ അതിമനോഹരമായി നോവലിൽ കടന്നുവരുന്നുണ്ട്. ആ മഹത്തായ പിറവിയെ കഥാകാരൻ സമീപിക്കുന്നത് ഇങ്ങനെ:

‘തന്റെ അടിവയറ്റിൽ നിന്നൊരു കീഴ്പ്രവാഹം അവൾക്ക് അനുഭവപ്പെട്ടു. അതോടെ മിഴികളിൽ ചിത്രശലഭങ്ങൾ പൊടിഞ്ഞും പല്ലുകളിൽ മുത്തുകൾ വിളഞ്ഞും ആ മുഖം പ്രകാശപൂരിതവും പ്രതീക്ഷാനിർഭരവുമായി.’

അന്നത്തെ ഗോത്രരീതിയനുസരിച്ച് പാലൂട്ടാൻ ഹലീമയെ ഏൽപ്പിക്കുമ്പോഴും ഓമനിച്ച് മതിവരാത്ത കുഞ്ഞിനെയോർത്ത് ആമിന തേങ്ങുന്നത്, ചരിത്രവായനക്കപ്പുറമുള്ള മാതൃനൊമ്പരപ്പാടുകളാണ് അനുഭവിപ്പിക്കുന്നത്.

‘പ്രജ്ഞയിൽ മിന്നൽപ്പിണരുകൾ പാഞ്ഞതും ഇടനെഞ്ചിൽ പാലം വലിഞ്ഞു മിഴികളിൽ കൂരിരുൾ നിറഞ്ഞ് നബി മാതാവ് സ്തംഭിച്ചുപോയി. കുട്ടിയെ കൊണ്ട് പോകേണ്ടെന്ന പിറുപിറുപ്പ് പുറത്ത് ചോരാതിരിക്കാൻ കതകിൽ തൂക്കിയ പരവതാനിയിൽ അവൾക്ക് മുഖം ഇടന്തടിച്ചു നിൽക്കേണ്ടിവന്നു.’

ഇത്തരത്തിലുള്ള ഉദ്വേഗജനകമായ ചരിത്രനിമിഷങ്ങൾ അപാരമായ ഭാവനയിലൂടെ കെപി രാമനുണ്ണി അവതരിപ്പിക്കുന്നു.

മതപരമായ ശിക്ഷണമൊന്നും കുട്ടിക്കാലത്ത് ലഭിച്ചില്ലെങ്കിലും ദൈവമേ എന്ന് വിചാരിക്കുമ്പോഴേക്കും തന്റെ ഹൃദയമലിയുമെന്നും തിരുനബിയെ ഓർക്കുമ്പോഴും വല്ലാത്തൊരു വൈകാരികാനുഭൂതി തന്നിൽ നിറയാറുണ്ടെന്നും രാമനുണ്ണി ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കണം പ്രവാചകന്റെ ജന്മമുഹൂർത്തം പോലും മാതാവിന് വേദനരഹിതമായൊരു അനുഭവമാക്കി മാറ്റാൻ കഥാകൃത്ത് ശ്രമിക്കുന്നത്.

പ്രവാചകത്വലബ്ധിക്കു മുമ്പുള്ള ഹവാസിൻ ഗോത്രകലഹങ്ങളും അബ്ദുൽ മുത്ത്വലിബിന്റെ വിയോഗാനന്തരമുള്ള തിരുമനസ്സിന്റെ വിഹ്വലതകളും സന്ദേഹങ്ങളും അൽ അമീൻ’ ആദരവുകളുമൊക്കെ ഒട്ടും വിരസത കൂടാതെതന്നെ വായിച്ചെടുക്കാം.

ഖദീജയുമായുള്ള ആദ്യ സമാഗമം ഏതാനും വരികളിലൂടെയാണ് ഇതൾ വിരിയുന്നത്:

‘ഖദീജ തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുകയാണ്. ഉമ്മയും ഉപ്പാപ്പയും തിരോഭവിച്ച ശേഷം ഇത്ര സാന്ത്വനപൂരിതമായൊരു നോട്ടം മുഹമ്മദ് അറിഞ്ഞിരുന്നില്ല. ആഹ്, ആഹ്, ആഹ്….’

അല്ലാഹു തന്റെ സൃഷ്ടികളെ ഐക്യപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ അല്ലാഹുവിന്റെതന്നെ ഏകത്വമാണ് ഘോഷിക്കപ്പെടുന്നത്. ഇരുപത്തിരണ്ട് അധ്യായങ്ങളിലായി കാവ്യാത്മകമായ ഭാവതലം പൂത്തുനിൽക്കുന്ന ഈനോവൽ അവസാനിക്കുമ്പോൾ മാനവരാശിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മഹത്തായൊരു ജീവിത ദർശനമാണ് തിരിച്ചുപിടിക്കുന്നത്.മുഹമ്മദ് നബിയെയും കൃഷ്ണനെയും കഥാപാത്രങ്ങളാക്കാനുള്ള തീരുമാനത്തെക്കുറിച്ച് കെപി രാമനുണ്ണി പറയുന്നതിങ്ങനെ: ‘ദൈവദൂതരെല്ലാം സഹോദരതുല്യരാണ് എന്ന് പറഞ്ഞുകൊണ്ട് വിഭാഗീയതക്കെതിരെയും മുതലാളിത്തത്തിനെതിരെയും പൊരുതുക എന്നതായിരുന്നു നോവലിലൂടെ എന്റെ ഉദേശ്യം. അതെങ്ങനെ ആവിഷ്‌ക്കരിക്കണം എന്ന് ഞാൻ ചിന്തിച്ചു. നബിയെയും കൃഷ്ണനെയും ഒരുമിച്ച് ചിത്രീകരിക്കണം, അവർ സംസാരിക്കണം, ഒരുമിച്ച് നടക്കണം. അതിന് കെട്ടുറപ്പുള്ള ഒരു പ്‌ളോട്ട് വേണം. അതിന് ഉതകുന്ന ഒരു സാങ്കൽപിക കാലത്തെ ചിത്രീകരിക്കാൻ വേണ്ടിയായിരുന്നു ഞാൻ തമോഗർത്തത്തെ കൂട്ടുപിടിച്ചത്. തമോഗർത്തത്തിൽ കാലം കൂടിക്കുഴയും, വീണ്ടും ആവർത്തിക്കും. സാഹിത്യപരമായ വിശ്വസനീയത ഉണ്ടാക്കാനായിരുന്നു അത്. നമ്മുടെ ഇന്നത്തെ കാലഗണനയെ തെറ്റിക്കുന്ന പല പ്രതിഭാസങ്ങളും ഉണ്ടാകുമെന്ന് ശാസ്ത്രം തന്നെ പറയുന്നു. ഫാൻറസി ചിത്രീകരിക്കുമ്പോൾ ഏറ്റവും സൂക്ഷ്മമായ യാഥാർത്ഥ്യങ്ങൾ കൂടി ചിത്രീകരിച്ചില്ലെങ്കിൽ വിശ്വസനീയമായിരിക്കില്ല.

പണ്ടത്തെ നമ്മുടെ തോന്നൽ നോവൽ കവിതയോടടുക്കണം എന്നായിരുന്നു. കവിതയോടടുക്കുകയല്ല, വലിയ ക്യാൻവാസിൽ കുറേ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതായിരിക്കണം നോവൽ. വളരെയധികം വിജ്ഞാനമണ്ഡലങ്ങൾ കൈകാര്യം ചെയ്താലേ നമ്മുടെ ഭാഷക്ക് അതിനുള്ള ശേഷിയുണ്ടാകൂ. ദൈവശാസ്ത്രം, ഫിസിക്‌സ്, ചരിത്രം എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ ഇതിൽ വരുന്നുണ്ട്. അതേക്കുറിച്ച് പഠിച്ചിട്ട് തന്നെയാണ് നോവലെഴുതിയതും.’

മനോഹരമായ ഭാവനയാണ് ദൈവത്തിന്റെ പുസ്തകം. അതിൽ നിറയുന്നതാകട്ടെ വർത്തമാനകാലജീവിതവും രാഷ്ട്രീയവും.  ഈ കൃതി മുന്നോട്ട് വയ്ക്കുന്നത് ആശയത്തെക്കാളുപരി ആഴത്തിലുള്ള ചിന്തകളാണ്. ലോകം നവീകരിക്കപ്പെടണമെന്ന എഴുത്തുകാരന്റെ മഹത്തായ ചിന്തകൾ. ഈ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് കെപി രാമനുണ്ണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്: ‘എന്റെ അമ്മ എപ്പോഴും പറയും കൃഷ്ണനെ പോലെത്തന്നെയാണ് നബിയുമെന്ന്. നബിസ്‌നേഹത്തിന്റേതായ ഒരു പാരമ്പര്യം എനിക്ക് ഉണ്ടായിരുന്നു. വർഗീയതക്കെതിരെ പ്രവർത്തിക്കാൻ ഇതൊരു കാരണമായിട്ടുണ്ട്. വർഗീയതക്കെതിരെയുള്ള പ്രതിരോധം തീർക്കാൻ പൊന്നാനിക്കാരൻ എന്ന അനുഭവമാണ് എന്നിൽ സ്വാധീനം ചെലുത്തിയിട്ടുള്ളത്. ദൈവത്തിന്റെ പുസ്തകം എഴുതാനുള്ള ഒരു പ്രചോദനം നബിയോടുള്ള സ്‌നേഹമാണ്.’

Exit mobile version