ദൈവവിശ്വാസത്തിലെ നൈതികത

belief in allah-malayalam

സങ്ങൾക്കിടയിലെ രാജപാതയായ ഇസ്‌ലാം വിവിധ വിശ്വാസ ധാരകൾക്കിടയിലെ തെളിനീർ ചോലയാണ്. മതത്തേക്കാളുപരി അറേബ്യയിലെ  മുഹമ്മദ് നബി നിർമിച്ച പൗരസ്ത്യ സംസ്‌കാരമായി ഇസ്‌ലാമിനെ കണ്ട ഓറിയന്റലിസത്തിന് മുസ്‌ലിം ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന മതബോധം പിഴുതെറിഞ്ഞ് പകരം പാശ്ചാത്യ സംസ്‌കാരം നിക്ഷേപിക്കണമായിരുന്നു. മനുഷ്യ നിർമിതിയല്ല,  ഇലാഹീ വ്യവസ്ഥയാണ് ഇസ്‌ലാമെന്ന തത്ത്വം  അംഗീകരിച്ചില്ലെന്നു മാത്രമല്ല മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന് ലഭിച്ച സ്വീകാര്യതയിൽ സംശയം ജനിപ്പിക്കുക എന്നതായിരുന്നു ഓറിയന്റലിസത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. യൂറോപ്പിലെ ക്രൈസ്തവ ഭരണകൂടങ്ങൾ ഒന്നുചേർന്ന് പൗരസ്ത്യ മുസ്‌ലിം ലോകത്തിനു നേരെ കുരിശു ചിഹ്നമായി സ്വീകരിച്ചു നടത്തിയ രണ്ട് നൂറ്റാണ്ടു കാലത്തെ കുരിശുയുദ്ധങ്ങൾ, പാശ്ചാത്യൻ സംസ്‌കാരം മനുഷ്യരിൽ നട്ടുവളർത്താനുള്ള ഇസമായി ഓറിയന്റലിസത്തെ സൃഷ്ടിക്കുകയായിരുന്നല്ലോ. ആയുധങ്ങളേക്കാളുപരി മതവിശ്വാസത്തിലുള്ള തീവ്രതയും അർപ്പണബോധവുമാണ് മുസ്‌ലിം സൈന്യത്തെ നയിച്ചിരുന്നതെന്ന് മനസ്സിലാക്കാൻ ക്രൈസ്തവ സഭകൾക്ക് ഈ യുദ്ധങ്ങൾ അവസരമൊരുക്കുകയായിരുന്നു.

സിയോണിസം ഇസ്‌റാഈൽ എന്ന ജൂതരാഷ്ട്രത്തിനും അതിന്റെ നിലനിൽപ്പിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന രാഷ്ട്രീയ സംഘടനയായി. ശാന്തിയും സമാധാനവും പാരസ്പര്യവും നിലനിർത്തിയ ഇസ്‌ലാമിന്റെ രീതിയോട് ഒത്തുപോകാൻ ജർമൻകാരനായ തിയോഡർ ഹർസലെക്കും അനുയായികൾക്കും താൽപര്യമുണ്ടായിരുന്നില്ല. തികച്ചും മതബോധമുക്ത രാഷ്ട്രം നിർമിക്കുക എന്നതായിരുന്നു രാഷ്ട്രീയ ലക്ഷ്യം. രാഷ്ട്രീയ സിയോണിസത്തിന് മുമ്പുണ്ടായിരുന്ന മതകീയ സിയോണിസം കാലാവസാനത്തിൽ മിശിഹാ വരുമെന്നും ഭൂമിയിലെ എല്ലാ കുടുംബങ്ങളും ദൈവരാജ്യത്തിലേക്ക് വിളിക്കപ്പെടുകയും മനുഷ്യരാശിക്കു മുഴുവനായി ദൈവരാജ്യം സ്ഥാപിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു. സ്വന്തമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയോ ഫലസ്തീനിൽ ആധിപത്യം സ്ഥാപിക്കുകയോ ചെയ്യണമെന്ന ലക്ഷ്യമൊന്നും മതകീയ സിയോണിസത്തിനുണ്ടായിരുന്നില്ല. മുസ്‌ലിംകളും യഹൂദരും സൗഹൃദത്തോടെ നിലനിന്നുവന്ന ഘട്ടത്തിലാണ് രാഷ്ട്രീയമായ ചിന്തയിലേക്ക് ജനങ്ങളെ ഹെർസൽ ഉയർത്തിക്കൊണ്ടുവന്നത്. ലോകത്തിന്റെ, വിശേഷിച്ച് മധ്യേഷ്യയുടെ മഹാമാരിയായി ഇന്ന് രാഷ്ട്രീയ സിയോണിസം നിലനിൽക്കുന്നു. നിരായുധരും പാവങ്ങളുമായ ഫലസ്തീൻ ജനത സ്വന്തം മണ്ണിൽ തങ്ങളുടെ ഇസ്‌ലാമിക വിശ്വാസം, അതൊന്നു മാത്രം കൈമുതലാക്കി രാവിരവുകൾ കഴിയുകയാണ്.

സ്വതന്ത്രമായ ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് സിയോണിസത്തെ സഹായിക്കാൻ വേണ്ടി നിലവിൽവന്ന മാസോണിസം ഇസ്‌ലാമിനെ വെറും മനുഷ്യനിർമിത പ്രസ്ഥാനമായി അവതരിപ്പിച്ചു. ഇസ്‌ലാമിന്റേതല്ലാത്ത കാര്യങ്ങളെ മതത്തിന്റെ ലേബൽ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ജോർജ് സൈദാൻ അടക്കമുള്ള എഴുത്തുകാർ അവർക്കുണ്ടായിരുന്നു. ഇങ്ങനെ രാഷ്ട്രീയ ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന നിരവധി ഇസങ്ങളിൽ നിന്ന് ഇസ്‌ലാം തന്മയത്വത്തോടെയും പ്രഫുല്ലമായ വിശ്വാസധാരയായും അതിജീവിക്കുന്നു. മനുഷ്യ നിർമിതമല്ല, മറിച്ച് ഇലാഹീ മതമാണ് എന്നത് തന്നെ കാരണം.

എന്തുകൊണ്ട് ഇസ്‌ലാമിക വിശ്വാസം?

വളച്ചുകെട്ടലുകളോ ദുർഗ്രാഹ്യതയോ ഇല്ല. ഏകദൈവ വിശ്വാസം എന്നതാണ് അതിന്റെ അടിത്തറ. മനുഷ്യനെയും പ്രപഞ്ചത്തെയും സംവിധാനിച്ച ഏകശക്തിയിലുള്ള വിശ്വാസം. മനുഷ്യനിലെ ശുദ്ധപ്രകൃതം ഒരു സ്രഷ്ടാവിനെ ആവശ്യപ്പെടുന്നുണ്ടല്ലോ? അതിനാൽ മനുഷ്യ ബുദ്ധി തേടുന്നതും  ഈ ഏകഇലാഹീ വിശ്വാസ ധാരയാണ്. ഖുർആൻ പറയുന്നു: ‘ഏതൊരു പ്രകൃതിയിൽ ഊന്നിയാണോ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് ആ പ്രകൃതി തന്നെയാണിത്. അല്ലാഹുവിന്റെ സൃഷ്ടിഘടനക്ക് മാറ്റമില്ല. ഇത് തന്നെയാണ് ഏറ്റവും ചൊവ്വായ മതം’.

ലളിതവും മനോഹരവുമായ ഇസ്‌ലാമിക ജീവിത വ്യവസ്ഥിതി മനസ്സിൽ പ്രകാശവും സന്തോഷവും നിറക്കുന്നു. പ്രായോഗികതയുടെ ചിന്താ കിരണങ്ങൾ കൊണ്ട് മനുഷ്യബുദ്ധിയെ വ്യാപരിപ്പിക്കുന്ന കാലാതിവർത്തിയായ മറ്റേതു വ്യവസ്ഥിതിയാണുള്ളത്? ആദ്യമനുഷ്യനും പ്രവാചകനുമായ ആദം(അ) മുതൽ മുഹമ്മദ്(സ്വ)യിൽ അവസാനിച്ച പ്രവാചകരുടെയെല്ലാം പ്രഖ്യാപനം ഒരേയൊരു ദൈവത്തിന്റെ മതത്തെക്കുറിച്ചായിരുന്നു. സകല പ്രവാചകരും ആത്യന്തികമായ ഒരു സത്യമേ വിളിച്ചുപറഞ്ഞുള്ളൂ; അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ല എന്ന മുദ്രാവാക്യം. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അവൻ റഹ്മാനും റഹീമുമാണ് (അൽബഖറ-163). സമാനരോ സദൃശരോ പങ്കുകാരോ ഇല്ലാത്ത ഒരേയൊരു ദൈവം, അല്ലാഹു! പ്രതാപശാലിയും സർവശക്തനും സകല ജ്ഞാനിയുമായ അല്ലാഹു. പൂർണതയും മഹത്ത്വഗരിമയും അവനു മാത്രം അവകാശപ്പെട്ടതാകുന്നു. ന്യൂനതയോ  ദൗർബല്യമോ അവനു ചേരില്ല.

ഓരോ മുസ്‌ലിമിന്റെയും ഹൃദയം തരളിതമാകുന്നത് ഈയൊരു വിശ്വാസ ബലത്തിലാണ്. ഈ കാരണത്തിനു വേണ്ടിയാണ് അവന് ജീവിതവും മരണവും. ജനനവും മരണവും ദൈവത്തിന്റെ രണ്ടു സൃഷ്ടികളായി കാണുന്ന വിശ്വാസി ജനനത്തിനും മരണത്തിനുമിടയിൽ ചെയ്യുന്ന എല്ലാ ആരാധനകളും അവയുടെ ഉദ്ദേശ്യശുദ്ധിയോടൊപ്പം അല്ലാഹുവിനു സമർപ്പിക്കുകയാണ് ചെയ്യുന്നത്. പരലോക ജീവിത വിജയമാണ് ഒരു വിശ്വാസിയുടെ ലക്ഷ്യം. ജീവിതകാലത്ത് വന്നുപോകുന്ന പാപങ്ങൾക്ക് കണ്ണുനീരൊഴുക്കിയുള്ള പ്രാർത്ഥനയിലൂടെ റബ്ബിന്റെ മാപ്പും തൃപ്തിയും അവൻ ആഗ്രഹിക്കുന്നുണ്ട്. പാപങ്ങളെല്ലാം ഇറക്കിവെക്കാനുള്ള സംവിധാനമുണ്ടല്ലോ എന്ന ധൈര്യത്തിൽ ജീവിതം ഒരു വിശ്വാസിക്ക് സുന്ദരമാകുന്നു. അവസാനം സ്വർഗത്തിൽ കൺകുളിർക്കെ രക്ഷിതാവിനെ കണ്ടുകൊണ്ട് ജീവിതം നയിക്കണമെന്ന് അതിയായ ആഗ്രഹവും മനസ്സിലുണ്ട്. ‘പ്രഖ്യാപിക്കുക; നിശ്ചയം എന്റെ നിസ്‌കാരം, മറ്റാരാധനകൾ, എന്റെ ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. അവനു പങ്കുകാരില്ല. അതാണെന്നോടുള്ള കൽപ്പന. ഞാൻ അവനെ അനുസരിക്കുന്നവരിൽ ഒന്നാമനാണ്’ (അൻആം 162,163). ജീവിതാന്ത്യത്തിൽ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി മരിക്കുന്നവന് സ്വർഗമുണ്ടെന്ന് തിരു നബി(സ്വ) വാഗ്ദാനം ചെയ്തു (അബൂദാവൂദ്).

‘അല്ലാഹുവാണ് നിങ്ങളുടെ രക്ഷിതാവ്. അവനല്ലാതെ ഒരു ആരാധ്യനുമില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവ് അവനാണ്. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. അവനെ കണ്ണുകൾ പ്രാപിക്കുകയില്ല. അവൻ എല്ലാ കണ്ണുകളെയും പ്രാപിക്കുന്നവനാണ്. അവൻ സൂക്ഷ്മ ജ്ഞാനിയാണ്’ (അൽ അൻആം 102,103).

 

ഏകനായ ദൈവം

മുസ്‌ലിംകൾ വിശ്വസിക്കുന്ന ദൈവം ഒരുവനാണ്. സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഏകനാണവൻ. ആൺമക്കളോ പെൺമക്കളോ ഇല്ലാത്തവൻ. പിതാവോ മാതാവോ ഇല്ലാത്തവൻ. ‘അവനെപ്പോലെ ഒരു വസ്തുവുമില്ല. അവൻ കേൾക്കുന്നവനും കാണുന്നവനുമാകുന്നു’ (അശ്ശൂറാ:11). രണ്ടു ദൈവങ്ങൾ അല്ലെങ്കിൽ മൂന്നു ദൈവങ്ങൾ ഒരേസമയം ലോകത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നു എന്നു പറയുന്നത് വിശ്വസിക്കാൻ യുക്തിക്ക് പ്രയാസമുണ്ട്. സത്തയിലും വിശേഷണങ്ങളിലും വ്യത്യസ്തരായ ദൈവങ്ങൾ പ്രവർത്തനങ്ങളിലും വ്യത്യസ്തരാകണമല്ലോ? എല്ലാ ദൈവങ്ങളും കൂടി ഒരേ അഭിപ്രായത്തിൽ യോജിക്കുക എന്നത് പാടില്ലാത്തതാണ്. സൃഷ്ടിപ്പിലും ചിന്തയിലും ഘടനയിലും ഓരോരുത്തരും സ്വതന്ത്രരും അപരരെ ആശ്രയിക്കാത്തവരുമായിരിക്കുമല്ലോ! ഖുർആൻ പറയുന്നു: ‘ആകാശ ഭൂമികളിൽ അല്ലാഹുവല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കിൽ അവ രണ്ടും നശിക്കുമായിരുന്നു. അവർ വിശേഷിപ്പിക്കുന്നവയിൽ നിന്നെല്ലാം അർശിന്റെ നാഥൻ പരിശുദ്ധനത്രെ’ (അമ്പിയാഅ് 22). രണ്ടു ദൈവങ്ങൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതു പ്രപഞ്ച സംവിധാനത്തിന്റെ തകർച്ചയിലേക്കു വഴി വെക്കുമായിരുന്നു. ഒരേയൊരു രാജ്യം രണ്ടു രാജാക്കന്മാർ നിയന്ത്രിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരു രാജ്യത്തിൽ രാജാവിന്റെ പ്രതിനിധി ഉണ്ടായിരിക്കാം. പ്രതിനിധി ആകട്ടെ സർവതന്ത്ര സ്വതന്ത്രനായിരിക്കണമെന്നില്ല. സർവതന്ത്ര സ്വതന്ത്രരായ രണ്ടോ മൂന്നോ രാജാക്കന്മാർ ഒരു രാജ്യം ഭരിക്കുക എന്നത് യുക്തിയുടെ നിഘണ്ടുവിൽ എവിടെയുമില്ലല്ലോ. ‘നിങ്ങൾ രണ്ടു ദൈവങ്ങളെ ഇലാഹുകളാക്കരുത്. നിശ്ചയം അവൻ ഏകനാകുന്നു’ (അന്നഹ്ൽ: 51).

അല്ലാഹുവിലേക്ക് സന്താനങ്ങളെ ചേർത്തി പറഞ്ഞവരെ വിശുദ്ധ ഖുർആൻ സംബോധന ചെയ്യുന്നത് കാണുക: ‘നാമവർക്ക് സത്യം കൊണ്ടുവന്നു. നിശ്ചയം അവർ അവിശ്വസിക്കുന്നവരാണ്. അല്ലാഹു സന്താനങ്ങളെ ഉണ്ടാക്കിയിട്ടില്ല. അവനോടുകൂടി വേറെ ഒരു ആരാധ്യനുമില്ല. വേറെയൊരു ആരാധ്യൻ ഉണ്ടാകുമായിരുന്നെങ്കിൽ ഓരോ ഇലാഹും അവരവരുടെ സൃഷ്ടികളുമായി വേറിട്ടു പോകുമായിരുന്നു. മാത്രമല്ല, ചിലർ ചിലരേക്കാൾ ശക്തി കാണിക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഈ വിശേഷണത്തിൽ നിന്നും അല്ലാഹു ഏറെ പരിശുദ്ധനാണ്. അദൃശ്യമായ കാര്യങ്ങളും ദൃശ്യമായ കാര്യങ്ങളും അറിയുന്നവനാണവൻ’ (അൽ മുഅ്മിനൂൻ: 90-92). പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഇവ മൂന്നും ചേർന്ന ഒന്നാണ്, അതല്ല ഒന്ന് മൂന്നാണ് എന്നു പറയുന്ന ദൈവ സങ്കൽപം ഏറ്റെടുക്കാൻ ബുദ്ധിക്ക് പ്രയാസമുണ്ട്. അക്ഷരത്തിലും അർത്ഥത്തിലും വിഭിന്നമായ സ്വഭാവഗുണങ്ങളുള്ള മൂന്നു വ്യക്തിത്വങ്ങൾ എങ്ങനെയാണ് ഒന്നാവുക?! ഒരു ആടും പശുവും കോഴിയും നമ്മുടെ അടുത്തുണ്ടെങ്കിൽ ഇവ മൂന്നും കൂടി ഒരു ആടാണ് അതല്ലെങ്കിൽ ഒരു പശുവാണ് അതുമല്ലെങ്കിൽ ഒരു കോഴിയാണ് എന്നു വിശ്വസിക്കാൻ നമ്മുടെ ബുദ്ധി കൂട്ടാക്കുമോ? പിതാവ് മകനല്ല. മകൻ പിതാവുമല്ല. പരിശുദ്ധാത്മാവ് ഇവ രണ്ടും അല്ല! ഒരു ഇലാഹിനെ കിട്ടാൻ ഇവ മൂന്നും കൂടി ഒന്നിപ്പിക്കുക എന്നത് അസംഭവ്യമാണ്.

ജൂതന്മാർക്ക് ഉസൈർ അല്ലാഹുവിന്റെ മകനാണ്. ക്രിസ്ത്യാനികൾക്ക് മസീഹും. മുശ്‌രിക്കുകൾക്ക് മലക്കുകൾ അല്ലാഹുവിന്റെ പെൺ മക്കളാണ്. ഇവരെ എല്ലാവരെയും  കളവാക്കുകയാണ് ഇഖ്‌ലാസ് എന്ന അധ്യായത്തിൽ അല്ലാഹു. അല്ലാഹുവിന്റെ ഏകത്വം സ്ഥാപിക്കുന്ന ഖുർആനിലെ ഈ അധ്യായം, അവിശ്വാസികളിൽ ചിലർ തിരുനബി(സ്വ)യുടെ അടുക്കൽ വന്ന് തങ്ങളുടെ രക്ഷിതാവിനെ വിശേഷിപ്പിച്ചുതരിക എന്നു പറഞ്ഞ സന്ദർഭത്തിലാണ് മക്കയിൽ വെച്ച് അവതരിച്ചത്. ‘ഓ മുഹമ്മദ്! ഏതു വസ്തുവിൽ നിന്നാണ് ഞങ്ങളുടെ ദൈവം നിർമിക്കപ്പെട്ടത്?

സ്വർണ്ണത്തിൽ നിന്നാണോ? വെള്ളികൊണ്ടോ മരതകംകൊണ്ടോ ആണോ നിർമിക്കപ്പെട്ടത്? അവന്റെ വിശേഷണങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതരൂ.’ ഈ ചോദ്യംതന്നെ അവർ ഏതുതരം വിശ്വാസക്കാരായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടല്ലോ. കല്ലുകളിൽ സ്വന്തം കൈകൾ കൊണ്ടുതന്നെ കൊത്തിയുണ്ടാക്കിയ ബിംബങ്ങളെ ദൈവങ്ങളെന്ന്

വിളിക്കുകയായിരുന്നു അവർ ചെയ്തത്. അവർ ആരാധിച്ചു കൊണ്ടിരുന്ന ഇത്തരം ദൈവങ്ങളിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന ദൈവമായിരിക്കും മുഹമ്മദ് പറയുന്നതെന്നായിരുന്നു അവരുടെ കണക്ക് കൂട്ടൽ. കല്ലിനെക്കാൾ വിലയുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെട്ട ദൈവം! ബുദ്ധിശൂന്യത എത്രമാത്രം ഉണ്ടെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ ചോദ്യം. തിരുനബി(സ്വ) അവരെ പഠിപ്പിച്ചു: ഞാൻ ആരാധിക്കുന്ന ദൈവം ഏകനാണ്. പൂർണതയുടെ എല്ലാ വിശേഷണങ്ങളും ഒത്ത ഏകനായ ദൈവം. സത്തയിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഏകൻ. സദൃശ്യനോ പങ്കുകാരനോ സമാനനോ അവനില്ല. അവൻ ആരെയും ആശ്രയിക്കാത്തവനാണ്. അവനെ എല്ലാവരും ആശ്രയിക്കുന്നു. അവന് ആൺമക്കളോ പെൺമക്കളോ ഇല്ല. മാതാവോ പിതാവോ ഇല്ല. അവൻ അനാദിയാണ്. മറ്റു ചരാചരങ്ങളെല്ലാം പുതുതായി ഉണ്ടായതാണ്.

മസീഹിൽ ദിവ്യത്വം കൽപ്പിക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്യുന്നത്. പിന്നീട് മനുഷ്യരുടെ തിന്മകളെല്ലാം പൊരുത്തപ്പെടാൻ വേണ്ടി അദ്ദേഹം കുരിശിലേറ്റപ്പെട്ടു എന്നും പറയുന്നു! ദൈവമായവൻ ക്രൂശിക്കപ്പെടുന്നതെന്തിന്? മറിയം ജന്മം കൊടുത്തതാണ് മശിഹ എന്ന് അവർ വിശ്വസിക്കുന്നു. ഗർഭപാത്രത്തിൽ നിന്നും ഇറങ്ങി വന്ന ഒരാൾ ദൈവമാകുന്നതിലെ അയുക്തിയുണ്ടിവിടെ. മനുഷ്യകുലം ചെയ്തുകൂട്ടിയ പാപങ്ങൾക്കു ബദലായി ഒരാൾ ക്രൂശിക്കപ്പെടുന്നതിൽ എന്തു നീതിയാണ് അടങ്ങിയിരിക്കുന്നത്?

ഖുർആൻ പറയുന്നു: ‘പരമകാരുണ്യവാനായ അല്ലാഹു സന്താനത്തെ സ്വീകരിച്ചുവെന്ന് അവർ പറഞ്ഞു. അങ്ങനെ പറയുക നിമിത്തം നിങ്ങൾ വളരെ ഗൗരവതരമായ കാര്യമാണ് ചെയ്തിരിക്കുന്നത്. ആകാശങ്ങൾ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പർവതങ്ങൾ തകർന്ന് വീഴുകയും ചെയ്യുമാറാകും. അതേ, പരമകാരുണികന് സന്താനങ്ങളുണ്ടെന്ന് അവർ വാദിച്ചത് നിമിത്തം. സന്താനങ്ങളെ സ്വീകരിക്കുക പരമകാരുണികന് അഭികാമ്യമല്ല. ആകാശത്തിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയിൽ അവന്റെ അടുത്തുവരുന്നവർ മാത്രമായിരിക്കും’ (മർയം: 88-95).

Exit mobile version