ദൈവസങ്കല്പം ബൈബിളിലും ഖുര്ആനിലും

വേദഗ്രന്ഥങ്ങളുടെ മൗലിക പാഠങ്ങളിലൊന്നാണ് ദൈവവിശ്വാസം. ഖുര്‍ആന്‍ നബി(സ്വ) ബൈബിളില്‍ നിന്ന് ചോര്‍ത്തിയെടുത്തതാണെന്ന ആരോപണം തീര്‍ച്ചയായും ദൈവവിശ്വാസത്തെ സ്വാധീനിക്കേണ്ടിയിരുന്നു. എന്നാല്‍ ഒരു രീതിയിലും ഒരുമിച്ചു കൊണ്ടുപോവാനാവാത്ത ദൈവവിശ്വാസമാണ് അവ രണ്ടിലുമുള്ളത്. ബൈബിളിലെ ദൈവത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍ ഉദ്ധരിക്കാം.

വിശ്രമിക്കുന്ന ദൈവം

അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി. ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍ നിന്നും വിരമിച്ച്, ഏഴാം ദിവസം അവിടുന്ന് വിശ്രമിച്ചു. സൃഷ്ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി (സരയര ബൈബിള്‍ഉല്‍പത്തി 2/13).

ഓശാന പ്രസിദ്ധീകരണമായ മലയാളം ബൈബിളില്‍ ഉല്‍പത്തി രണ്ടാം അധ്യായം 13 വരെയുള്ള വചനങ്ങള്‍ക്ക് നല്‍കിയ തലവാചകം തന്നെ “ദൈവം വിശ്രമിക്കുന്നു’ എന്നാണ്. X പരിഭാഷപ്പെടുത്തിയ പരിശുദ്ധ ബൈബിളില്‍ “ഏഴാം ദിവസംവിശ്രമം’ എന്നാണ്. സൃഷ്ടിപ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ വിശ്രമിക്കുകയാണ് ബൈബിളിലെ ദൈവം!

പ്രൊട്ടസ്റ്റന്‍റുകാരുടെ രക്ഷാദൗത്യം

“വിശ്രമം’ എന്നത് ലോക രക്ഷിതാവായ ദൈവത്തിന് യോജിച്ചതല്ല എന്നു മനസ്സിലാക്കിയ പ്രൊട്ടസ്റ്റന്‍റുകാര്‍ തങ്ങളുടെ “സത്യവേദപുസ്തക’ത്തില്‍ ദൈവം വിശ്രമിച്ചു എന്ന ഭാഗം നീക്കം ചെയ്തിരിക്കുന്നു.

“ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തികളൊക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍ നിന്നും അന്നു നിവൃത്തനായതു കൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു’ (സത്യവേദ പുസ്തകംഉല്‍പത്തി 2/13).

ഈ ബൈബിളില്‍ ദൈവത്തിന്റെ വിശ്രമത്തെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ഇത് ദൈവത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

അജ്ഞനായ ദൈവം!

വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു. മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു. നീ എവിടെ എന്ന് ചോദിച്ചു. തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്നു അവന്‍ പറഞ്ഞു (ഉല്‍പത്തി 3/911). മനുഷ്യനെ കാണാതെ വിളിച്ചന്വേഷിക്കുകയാണ് പാവം ദൈവം!

ദുഃഖിക്കുന്ന ദൈവം

ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു. അത് അവന്റെ ഹൃദയത്തിനു ദുഃഖമായി (ഉല്‍പത്തി 6/5,6).

പരാജയപ്പെടുന്ന ദൈവം

നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ട് നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല, യിസ്രയേല്‍ എന്നു വിളിക്കപ്പെടും എന്ന് അവന്‍ പറഞ്ഞു (ഉല്‍പത്തി 32/28). നേരം വെളുക്കുവോളം പോരാടിയിട്ടും സൃഷ്ടിയായ യാക്കോബിനെ തോല്‍പിക്കാനാവാത്തതിനാല്‍ അനുഗ്രഹം നല്‍കി രക്ഷപ്പെടുകയാണ് യഹോവ.

അനുതപിക്കുന്ന ദൈവം

അപ്പോള്‍ യഹോവ തന്റെ ജനത്തിനു വരുത്തും എന്നു കല്‍പിച്ച അനര്‍ത്ഥത്തെക്കുറിച്ച് അനുതപിച്ചു (പുറപ്പാട് 32/14).

ക്രോധം

യഹോവ മോശയോട്: ഈ സഭയുടെ മധ്യേ നിന്നു മാറിപ്പോകുവീന്‍; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുള്‍ ചെയ്തു. അപ്പോള്‍ അവര്‍ കരഞ്ഞുവീണു. മോശെ അഹരാനോട്: നീ ധൂപകലശം എടുത്ത് അതില്‍ യാഗപീഠത്തിലെ തീ ഇടൂ. ധൂപവര്‍ഗവും ഇടൂ. വേഗത്തില്‍ സഭയുടെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയില്‍ നിന്ന് ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു (സംഖ്യാ പുസ്തകം 16/45,46).

കൂട്ടിക്കൊടുപ്പുകാരന്‍

യഹോവ ഇപ്രകാരം അരുള്‍ ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തില്‍ നിന്നു ഞാന്‍ നിനക്ക് അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന് കൊടുക്കും. അവന്‍ ഈ സൂര്യന്റെ വെട്ടത്തുതന്നെ നിന്റെ ഭാര്യമാരോടു കൂടെ ശയിക്കും. നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്റെ വെട്ടത്തു തന്നെ നടത്തും (2 ശാമുവേല്‍ 12/11,12).

കളവ് പറയുന്ന ദൈവം

യഹോവയായ ദൈവം മനുഷ്യനോട് കല്‍പിച്ചത് എന്തെന്നാല്‍; തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാല്‍ നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്. തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്‍പത്തി 2/16,17).

 

പാമ്പ് രൂപത്തില്‍ വന്ന പിശാച് സ്ത്രീയോട്: നിങ്ങള്‍ മരിക്കയില്ല. നിശ്ചയം അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറിയുന്നു എന്നു പറഞ്ഞു (ഉല്‍പത്തി 3/46).

ഇനി എന്താണ് സംഭവിച്ചതെന്നു നോക്കാം: ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്‍മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുതുറന്നു തങ്ങള്‍ നഗ്നരെന്ന് അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി (ഉല്‍പത്തി 3/6,7).

ആദാം മരിക്കുമെന്ന് ദൈവവും ഇല്ലെന്ന് പിശാചും പറഞ്ഞു. നിങ്ങള്‍ നന്മതിന്മകളെ കുറിച്ചറിയുന്നവരായി ദൈവത്തെപ്പോലെയാകുമെന്ന് പിശാച് ഓര്‍മപ്പെടുത്തുകയുണ്ടായി. ദൈവം പറഞ്ഞത് നടന്നില്ല. സര്‍പ്പം പറഞ്ഞതുപോലെ പുലര്‍ന്നു!

ക്രൈസ്തവ മിഷണറിമാര്‍ ഇവിടെ മരണം കൊണ്ട് ദൈവം ഉദ്ദേശിച്ചത് ആത്മീയ മരണമാണെന്നും അതു സംഭവിച്ചിട്ടുണ്ടെന്നും ന്യായീകരിച്ച് ദൈവത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.

ക്രൈസ്തവ മിഷണറി സംഘടനയായ സാക്ഷി അപ്പോളജറ്റിക്സ് ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ട് പുറത്തിറക്കിയ “വെളിപ്പെട്ട സത്യം’ എന്ന ലഘുപുസ്തകത്തില്‍ ശാരീരിക മരണവും ശിക്ഷയായി ലഭിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുന്നതായി കാണാം.

“ഖുര്‍ആന്‍ പ്രകാരം ആദം ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാതപിച്ചുവെങ്കിലും താന്‍ ദൈവിക സാന്നിധ്യത്തില്‍ (ജന്നത്ത് നഷ്ടമായി) നിന്നു പുറത്താക്കപ്പെട്ടു എന്നു മാത്രമല്ല മരണം എന്ന ശിക്ഷ ഏല്‍ക്കേണ്ടിയും വന്നു. എന്നാല്‍ ബൈബിള്‍ പ്രകാരം ശാരീരിക മരണം മാത്രമല്ല ശിക്ഷയായി ലഭിക്കുന്നത്’ (വെളിപ്പെട്ട സത്യം, പേ 97).

യഹോവ ആദാമിനോട് പറഞ്ഞത് പഴം തിന്നുന്ന നാളില്‍ നീ മരിക്കും എന്നാണ്. ശാരീരിക മരണം ശിക്ഷയായി ലഭിച്ചിട്ടുണ്ടെങ്കില്‍ പഴം തിന്ന നാളില്‍ തന്നെ ആദാം ശാരീരിക മരണം എന്ന ശിക്ഷ ഏറ്റുവാങ്ങേണ്ടതായിരുന്നു. അതു നടന്നില്ലെന്നു മാത്രമല്ല, പിന്നെയെന്നോ മറ്റു ജനങ്ങളെപ്പോലെ മരണപ്പെടുകയായിരുന്നു.

വാദത്തിനു വേണ്ടി ആത്മീയ മരണമാണ് ദൈവം ശിക്ഷയായി നല്‍കിയത് എന്നു സമ്മതിക്കാം. എന്നാല്‍ ഉദ്ധൃത പുസ്തകത്തിലെ തന്നെ താഴെ പറയുന്ന വരികള്‍ വായിച്ചുനോക്കൂ:

“അങ്ങനെ ആദമിനെ വിധിച്ച വിധിയായ മരണം എന്ന ശിക്ഷ ദൈവം രണ്ടാം ആദാമാകുന്ന യേശുവില്‍ നടപ്പിലാക്കി തന്റെ നീതി നിര്‍വഹിച്ചു’ (വെളിപ്പെട്ട സത്യം, പേ 97).

അപ്പോള്‍ യേശുവിന് ആത്മീയ മരണവും സംഭവിച്ചോ? ഇനി ആദാമിന് ശാരീരികവും ആത്മീയവുമായ മരണമാണ് ശിക്ഷയായി ലഭിച്ചതെന്ന് പറഞ്ഞാല്‍ യേശുവിലും ശാരീരികവും ആത്മീയവുമായ മരണം സംഭവിച്ചിരിക്കണം. ശാരീരിക മരണം മാത്രമാണ് ആദാമിന് ശിക്ഷയായി ലഭിച്ചത് എന്നു സമ്മതിച്ചാല്‍ ദൈവം കളവ് പറഞ്ഞു എന്നു സമ്മതിക്കേണ്ടി വരും. ഏതായാലും ദൈവത്തിന് ഗുരുതരമായ പിഴവുപറ്റിയെന്നു സാരം. മരണപ്രവചനം പാളിയത് വിട്ടാലും അറിവ് കിട്ടുക പോലുള്ള അനുബന്ധങ്ങളില്‍ പിശാച് തന്നെയാണല്ലോ വിജയിച്ചത്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥരചന നടത്തിയതുകൊണ്ടാണ് ദൈവനിന്ദ അതിന്റെ പരമ്യതയിലെത്തുന്ന രൂപത്തിലുള്ള വചനങ്ങള്‍ ബൈബിളില്‍ കയറിക്കൂടിയത്. ബൈബിള്‍ കോപ്പിയടിച്ച് മുഹമ്മദ് നബി ഗ്രന്ഥരചന നടത്തിയതാണ് ഖുര്‍ആനെങ്കില്‍ ഇത്തരത്തിലുള്ള ഒരു ദൈവസങ്കല്‍പമായിരുന്നു ഖുര്‍ആനും വരച്ചുകാട്ടേണ്ടിയിരുന്നത്. പക്ഷേ, അതുണ്ടായില്ല. തീര്‍ത്തും വ്യത്യസ്തമായ ഒരു ദൈവസങ്കല്‍പമാണ് അതു വരച്ചുകാട്ടുന്നത്.

അല്ലാഹു ഏകന്‍

(നബിയേ) പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും ഇല്ലതാനും (സൂറത്തുല്‍ ഇഖ്ലാസ്/14). ബൈബിളിലെ ദൈവം ഇങ്ങനെയാണോ?

പങ്കുകാരില്ല

അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയ്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കിയതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍ (സൂറത്തുല്‍ മുഅ്മിനൂന്‍/91). ബൈബിളിലെ ദൈവത്തിന് സന്താനങ്ങളുണ്ട്. ചുരുങ്ങിയത് രണ്ടു പങ്കുകാരുമുണ്ട്.

സര്‍വജ്ഞാനി

അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കടലിലും കരയിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇലപോലും വീഴുന്നില്ല. ഭൂമിയുടെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല (സൂറത്തുല്‍ അന്‍ആം/59).

അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിച്ചിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു (സൂറത്തു റഅ്ദ്/9,10). എന്നാല്‍ ബൈബിളിലെ ദൈവം ആദാമിനെ തിരഞ്ഞുനടക്കുന്നത് നാം കണ്ടല്ലോ.

പരമകാരുണികന്‍

അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത് അര്‍റഹ്മാന്‍ (പരമകാരുണികന്‍) എന്ന നാമമാണ്. ഖുര്‍ആനില്‍ 169 പ്രാവശ്യം ഈ വിശേഷനാമം കാണാനാവും.

പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയും (സൂറത്തു സുമര്‍/59).

നീതിമാന്‍

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളത്രെ അവ. സത്യപ്രകാരം നാം അവ നിനക്ക് ഓതിക്കേള്‍പ്പിച്ചു തരുന്നു. ലോകരോട് ഒരനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല (ആലുഇംറാന്‍/108).

സര്‍വശക്തന്‍

അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഫലങ്ങള്‍ നോക്കൂ, ഭൂമി നിര്‍ജീവമായിരുന്നതിനു ശേഷം എങ്ങനെയാണ് അവന്‍ അതിന് ജീവന്‍ നല്‍കുന്നത്? തീര്‍ച്ചയായും അവന്‍ മരിച്ചവരെ ജീവിപ്പിക്കുക തന്നെ ചെയ്യും. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനത്രെ (സൂറത്തുറൂം/50).

തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് ശക്തനും പ്രതാപവാനും (സൂറത്തുഹൂദ്/66).

രക്ഷാധികാരി, സഹായി

വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു (അല്‍ബഖറ/257).

നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട് (ആലുഇംറാന്‍/123).

സ്നേഹിക്കുന്നവന്‍

തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ (സൂറത്തുഹൂദ്/90).

അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാകുന്നു (ബുറൂജ്/14).

സല്‍കര്‍മികളെ അല്ലാഹു സ്നേഹിക്കുന്നു (ആലുഇംറാന്‍/134).

വിശ്രമം വേണ്ടാത്തവന്‍

അല്ലാഹു അല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റേതാണ് ആകാശ ഭൂമിയിലുള്ളതെല്ലാം. അല്ലാഹുവിന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശിപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ (അല്‍ബഖറ/255).

ബൈബിളിലെയും വിശുദ്ധ ഖുര്‍ആനിലെയും ദൈവസംബന്ധിയായ ചില കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഇതില്‍ നിന്ന് വിശദീകരണമില്ലാതെ തന്നെ ഏവര്‍ക്കും മനസ്സിലാക്കാവുന്ന ലളിതസത്യം ഖുര്‍ആന്‍ ദൈവികമാണെന്നതാണ്. ബൈബിളില്‍ നിന്ന് തിരുദൂതര്‍ കോപ്പിയെടുത്തതായിരുന്നെങ്കില്‍, അതിലുള്ളതിനു നേര്‍ വിപരീതമായ, തീര്‍ത്തും വ്യത്യസ്തമായ ഒരു ദൈവസങ്കല്‍പം ഖുര്‍ആനില്‍ കാണാനാവുന്നതെങ്ങനെ? ഒരു വിശേഷണത്തില്‍ പോലും രണ്ടു ഗ്രന്ഥങ്ങളും സാമ്യം പുലര്‍ത്താതിരുന്നതെങ്ങനെ?

 

ബൈബിള്‍ഖുര്‍ആന്‍/3 ജുനൈദ് ഖലീല്‍ സഖാഫി

Exit mobile version