മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിന്‍റെ സദ്ഫലങ്ങള്‍ വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ട്. സ്നേഹവും നന്മയും വിതച്ച് വിജയം കൊയ്തെടുക്കാന്‍ ഉത്സാഹിക്കുകയാണ് സന്താനങ്ങള്‍ ചെയ്യേണ്ടത്.
ദീര്‍ഘായുസ്സ്
മനോഹരമായ ഭൗതിക ജീവിതത്തിന്‍റെ തിരശ്ശീലയാണല്ലോ മരണം. പാരത്രിക ജീവിതത്തിന്‍റെ കൃഷി ഭൂമിയായ നശ്വരലോകത്ത് ദീര്‍ഘായുസ്സോടെ വാഴാന്‍ കൊതിക്കാത്തവരുണ്ടാവില്ല. സത്യവിശ്വാസിക്ക് കൂടുതല്‍ നന്മ ചെയ്യാനും അനന്തരമായ ജീവിതത്തിലേക്ക് ധാരാളം വിഭവങ്ങളൊരുക്കാനും സഹായകമാണ് ഭൗതിക ജീവിതത്തിലെ ദീര്‍ഘവാസം. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുക നിമിത്തം ആയുസ്സിന്‍റെ നീളം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
അനസ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ദീര്‍ഘായുസ്സ് ലഭിക്കുന്നതും ഭക്ഷണത്തില്‍ വര്‍ധനവുണ്ടാകുന്നതും ആരെയെങ്കിലും സന്തോഷിപ്പിക്കുന്നെങ്കില്‍ അവന്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുകയും കുടുംബ ബന്ധം ചേര്‍ക്കുകയും ചെയ്യട്ടെ (അഹ്മദ്).
മറ്റൊരു റിപ്പോര്‍ട്ട് കാണുക: നബി(സ്വ) പറഞ്ഞു: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവന് മംഗളം. അല്ലാഹു അവന്‍റെ ആയുസ്സ് വര്‍ധിപ്പിച്ചിരിക്കുന്നു (അല്‍ അദബുല്‍ മുഫ്റദ്). ആയുസ്സ് വര്‍ധിക്കുമെന്നതിന്‍റെ വിവക്ഷ പണ്ഡിതര്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
1) പരലോകത്ത് ഉപകരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിരതനായി, ആയുസ്സ് പാഴായി പോവുന്നതില്‍ നിന്ന് സംരക്ഷണം ലഭിച്ചവനായി, നന്മകള്‍ക്ക് തൗഫീഖ് ലഭിക്കുക വഴി ജീവിതം അനുഗ്രഹീതമാകും എന്നാണ് ഇതിന്‍റെ താല്‍പര്യം.
2) യഥാര്‍ത്ഥമായി തന്നെ ആയുസ്സ് വര്‍ധിക്കും എന്നുതന്നെയാണ് വിവക്ഷ. പക്ഷേ, മലക്കുല്‍ മൗതിന്‍റെ അറിവിനെ അപേക്ഷിച്ചാണതെന്ന് മാത്രം. അല്ലാതെ അല്ലാഹുവിന്‍റെ ഇല്‍മിലേക്ക് നോക്കിയല്ല.
3) മരണ ശേഷവും അവന്‍റെ കീര്‍ത്തി നില നില്‍ക്കും എന്നാണ് ആയുസ്സ് വര്‍ധനവ് കൊണ്ട് ഉദ്ദേശിക്കുന്നത്. മരിച്ചാലും മരിക്കാത്തവനെപ്പോലെ.
ഭക്ഷണത്തില്‍ വര്‍ധനവ്
നന്മയും ആരാധനയും രിസ്ഖില്‍ വര്‍ധനവുണ്ടാകാനുള്ള ഹേതുകങ്ങളാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക നിമിത്തം രിസ്ഖില്‍ വര്‍ധനവുണ്ടാവുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.
അല്ലാഹു ഓരോ മനുഷ്യനും ജീവിതാന്ത്യം വരെയുള്ള ഭക്ഷണ വിഭവങ്ങള്‍ ‘ലൗഹുല്‍ മഹ്ഫൂളില്‍’ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതില്‍ ഒരു ഭേദഗതിയുമുണ്ടാവുകയില്ല. എങ്കില്‍ ഭക്ഷണത്തില്‍ വര്‍ധനവുണ്ടാകുമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്? ഭക്ഷണത്തില്‍ ബറകത്ത് ഉണ്ടാകുന്നതുമൂലം കുറഞ്ഞത് കൊണ്ട്തന്നെ തൃപ്തിപ്പെടുന്ന അവസ്ഥയുണ്ടാവുമെന്ന് ചില പണ്ഡിതര്‍ വിശദീകരിക്കുമ്പോള്‍, പ്രയാസങ്ങളും പരീക്ഷണങ്ങളും ദുരീകരിക്കപ്പെടുമെന്നാണ് മറ്റു ചിലരുടെ വ്യാഖ്യാനം.
ദുര്‍മരണം തടയാം
ദുര്‍മരണം പാരത്രിക ലോകത്തെ നഷ്ടങ്ങള്‍ക്ക് ഹേതുകമായേക്കാം. മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നത് കൊണ്ട് അത്തരം മരണങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുമെന്നും നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
ദുര്‍മരണം അല്ലാഹുവിന്‍റെ ശിക്ഷയും അവന്‍റെ കോപത്തിനിരയാകുന്നവര്‍ക്കുള്ള പരീക്ഷണവുമാണ്. ആകസ്മിക മരണങ്ങളും അപകട മരണങ്ങളും അല്ലാഹുവിലേക്ക് പക്ഷാതപിച്ച് മടങ്ങാനുള്ള അവസരം പോലും ഒരു പക്ഷേ നഷ്ടപ്പെടുത്തിയേക്കാം. തഖ്വയും കുടുംബ ബന്ധം ചേര്‍ക്കലുമുള്ളവന് അത്തരം ഭീകര പരീക്ഷണങ്ങളില്‍നിന്ന് രക്ഷനേടാനാകും.
പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്നു
പ്രയാസങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷ നേടാന്‍ പ്രാര്‍ത്ഥന സഹായിക്കുന്നു. വിധിയെ തടുക്കാന്‍ പ്രാര്‍ത്ഥനക്കല്ലാതെ കഴിയില്ലെന്നത് തിരുവചനമാണ്. നബി(സ്വ) പറഞ്ഞ ഒരു സംഭവം ഇങ്ങനെ:
മൂന്നുപേരൊന്നിച്ച് യാത്ര ചെയ്തുകൊണ്ടിരിക്കെ കനത്ത കാറ്റും മഴയും! അവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ വലിയൊരു പാറക്കല്ല് ഉരുണ്ടുവന്ന് ഗുഹാമുഖം അടച്ച്കളഞ്ഞു. ഗത്യന്തരമില്ലാതെ അവര്‍ മുമ്പുചെയ്ത സത്കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഒരാളുടെ ദുആ ഇങ്ങനെയായിരുന്നു: ‘നാഥാ, എനിക്ക് വൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. അവരെ ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു, അവരെ കഴിഞ്ഞേ എന്‍റെ ഭാര്യ സന്താനങ്ങളെയും മറ്റുള്ളവരെയുമെല്ലാം പരിഗണിച്ചുള്ളൂ. ഞാനവര്‍ക്ക് എല്ലാവരുടേയും മുമ്പ് ഭക്ഷണം നല്‍കിയിരുന്നു.
ഒരിക്കല്‍ ഞാന്‍ വീട്ടിലെത്താന്‍ വൈകി. അവര്‍ ക്ഷീണിതരായി ഉറങ്ങിപ്പോയിരുന്നു. ഞാന്‍ പാല്‍ കറന്നു കൊണ്ടുവന്നപ്പോഴും അവരുണര്‍ന്നില്ല. അവര്‍ കുടിക്കാതെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടതുമില്ല. അവര്‍ ഉണരുന്നതും കാത്ത് ഞാനിരുന്നു, എന്‍റെ മക്കള്‍ വിശന്ന് പൊരിഞ്ഞ് കരയുന്നുണ്ടായിരുന്നു. പക്ഷേ ഞാനത് ഗൗനിച്ചില്ല, അവസാനം അവര്‍ ഉണരുമ്പോള്‍ പ്രഭാതമായി. അപ്പോഴും ഞാന്‍ പാത്രവും പിടിച്ച് നില്‍ക്കുകയായിരുന്നു. അവര്‍ വളരെ സന്തോഷിച്ചു!!. നാഥാ ഈ കര്‍മം സ്വീകാര്യമാണെങ്കില്‍ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ…’ പാറക്കല്ല് സ്വയം അല്‍പം നീങ്ങുന്നു. മറ്റുള്ളവരും ഓരോ ഗുണങ്ങള്‍ തവസ്സുലാക്കി പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴേക്കും പാറക്കല്ല് പൂര്‍ണമായും നീങ്ങി (ബുഖാരി, മുസ്‌ലിം).
ദോഷ മുക്തി
മാതാപിതാക്കളോട് കരുണ ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ് പാപമോചനം. മലയോളം ഉയരമുള്ള ദോഷമാണെങ്കിലും അതില്‍ നിന്ന് മോചനം നേടാനും പാപം പൊറുപ്പിക്കാനുമുള്ള മാര്‍ഗങ്ങളിലൊന്നാണ് മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍.
അബ്ദുല്ലാഹിബ്നുഉമര്‍(റ) ഉദ്ധരിക്കുന്നു: ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്ന് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ ഞാന്‍ വന്‍ദോഷം ചെയ്തു. എനിക്ക് തൗബയുണ്ടോ? അവിടുന്ന് ചോദിച്ചു: നിനക്ക് മാതാപിതാക്കളുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല, മാതൃ സഹോദരിയുണ്ടോ? അതേ, എങ്കിലവര്‍ക്ക് നീ ഗുണം ചെയ്യുക.
ഇമാം മാലിക്(റ) പറയുന്നു: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ വന്‍ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്. മക്ഹൂല്‍(റ)വും ഇപ്രകാരം പ്രസ്താവിച്ചതായി ശറഹുസ്സുന്നയില്‍ ഇമാം ബഗ്വി(റ) രേഖപ്പെടുത്തുന്നുണ്ട്.
പ്രതിഫലം ഇരുവീട്ടിലും
ചില നന്മകള്‍ക്ക് ഇഹലോകത്തുവെച്ച് തന്നെ പ്രതിഫല ലബ്ധി ഉണ്ടാകും. മറ്റുചിലതിന് അന്ത്യ ദിനത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തേക്കാം. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ ചില സത്കര്‍മങ്ങളുണ്ട്. ഇരു വീട്ടിലും അവയുടെ നേട്ടമനുഭവിക്കുകയും പ്രതിഫലം കൈവരിക്കുകയും ചെയ്യാന്‍ സാധിക്കുന്നത്! മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നത് ആ ഇനത്തില്‍ പെടുന്നു.
ഗുഹയിലകപ്പെട്ട മൂന്നു വ്യക്തികളുടെ കഥ വിരല്‍ ചൂണ്ടുന്നത് ഈ ലോകത്ത് മാതാപിതാക്കള്‍ക്ക് ഗുണം ചെയ്തതിന്‍റെ ഫലം അനുഭവിച്ചതിലേക്കാണ്.
ആയിശ(റ)യില്‍ നിന്ന് നിവേദനം. റസൂല്‍(സ്വ) പറയുന്നു: അതിവേഗത്തില്‍ പ്രതിഫലം ലഭിക്കുന്ന നന്മ, ഗുണം ചെയ്യലും കുടുംബ ബന്ധം ചേര്‍ക്കലുമാണ്. അതിവേഗത്തില്‍ ശിക്ഷ ലഭിക്കുന്ന തിന്മ അക്രമവും കുടുംബവിച്ഛേദനവുമാണ് (ഇബ്നുമാജ).
മാതാവിന് അനുഗ്രഹം ചെയ്തിരുന്ന ഹാരിസത്ബ്നു നുഅ്മാന്‍(റ) സ്വര്‍ഗത്തില്‍ പ്രവേശിച്ചതായും മധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതായും തിരുനബി(സ്വ)സ്വപ്നം കണ്ടിരുന്നു. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക വഴി പാരത്രിക ലോകത്ത് ലഭിക്കാന്‍ പോകുന്ന ഉന്നത സ്ഥാനം ഈ പ്രവാചക സ്വപ്നം വെളിപ്പെടുത്തുന്നു.
വിതച്ചത് കൊയ്യാം
ഹൃദയത്തില്‍ നന്മയുടെയും ഗുണങ്ങളുടെയും വിത്തു വിതക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പെരുമാറ്റത്തില്‍ നിന്നാണ് നമ്മുടെ സന്താനങ്ങള്‍ നന്മയുടെ പാഠങ്ങള്‍ അഭ്യസിക്കേണ്ടത്. നാം സ്വന്തം മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യുന്നവരും അവരുടെ പ്രീതി കാംക്ഷിക്കുന്നവരുമാണെങ്കില്‍ അതുകണ്ട് വളരുന്ന നമ്മുടെ മക്കളും ഭാവിയില്‍ അപ്രകാരം തന്നെ ചെയ്യും. മറിച്ചാണെങ്കില്‍ അവരും കുഴപ്പക്കാരാവും. വിതച്ചതേ കൊയ്യുമെന്നാണല്ലോ ചൊല്ല. നബി(സ്വ) പഠിപ്പിച്ചു: നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിങ്ങള്‍ ഗുണം ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് മക്കളും ഗുണംചെയ്യും (ഹാകിം).
മാതാവ്-3/ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍