നബികീര്ത്ത്നങ്ങളും പൊന്നാനി പണ്ഡിതരും

I (28)മുസ്ലിംകേരളത്തിന് ഈമാനികമായ ചൈതന്യം നല്‍കിയ ജ്ഞാനവിപ്ലവത്തിനു പൊന്നാനിയിലെ ഉലമാക്കള്‍ തേരുതെളിച്ചപ്പോള്‍, അവരെ സമൂലം ഊര്‍ജവത്താക്കിയ അത്യുല്‍കൃഷ്ട ഘടകം സ്നേഹമായിരുന്നു. അല്ലാഹുവിനോടുള്ള അകൈതവമായ സ്നേഹം, അല്ലാഹുവിന്റെ ദൂതരുമായുള്ള കരളറിഞ്ഞ പ്രേമം. “വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും സ്ഥാനപദവികളുടെയും അവസ്ഥാവ്യത്യാസങ്ങളുടെയും ആത്മാവ് ഉന്നതനായ അല്ലാഹുവോടുള്ള മഹബ്ബത്താകുന്നു. മറ്റെന്തിനെക്കാളും അല്ലാഹു തന്റെ ഏറ്റവും വലിയ മഹ്ബൂബ് (സ്നേഹഭാജനം) ആയിരിക്കുകയെന്നത് സത്യവിശ്വാസിയുടെ വിശേഷണങ്ങളിലാന്നാണ്'(1) തിരുദൂതരോടുള്ള അടങ്ങാത്ത അഭിനിവേശവും ഇപ്രകാരം തന്നെ. “അല്ലാഹു തആലായോടുള്ള മഹബ്ബത്തിനു പിന്നാലെ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയോടുള്ള മഹബ്ബത്തും ഒരു വിശ്വാസിക്കുണ്ടായിരിക്കണം. അതു മറ്റെന്തിനോടുള്ളതിനെക്കാളും മികച്ചതായിരിക്കണം. ആത്മത്തോടുള്ള സ്നേഹത്തെക്കാളും.(2) പ്രവാചക സ്നേഹത്തെ കുറിച്ച് വലിയ സൈനുദ്ദീ`ന്‍ മഖ്ദൂം(റ) പറയുന്നു: “വിശ്വാസത്തിന്റെ ഒരംശമെങ്കിലും ഉള്ളവന്, തന്റെ പിതാവിനോടും പുത്രനോടും മറ്റുള്ളവരോടും പുലര്‍ത്തേണ്ട ബാധ്യതകളെക്കാള്‍ ഏറെ ശക്തമാണ് അല്ലാഹുവിന്റെ റസൂലിനോട് പുലര്‍ത്തേണ്ട കടപ്പാടെന്ന് തിരിച്ചറിയും. കാരണം, നരകാഗ്നിയില്‍ നിന്നുള്ള മോചനത്തിന് അല്ലാഹു നിദാനമാക്കിയിരിക്കുന്നത് തിരുദൂതരെയാണ്. മനുഷ്യരുടെ ദാസ്യപ്പദവി ഉയര്‍ത്തുന്നതും അന്ധകാരങ്ങള്‍ അകറ്റുന്നതും തിരുനബി നിമിത്തമാണ്. ലോകങ്ങള്‍ക്ക് അനുഗ്രഹമായിട്ടാണ് അല്ലാഹു തിരുദൂതരെ നിയോഗിച്ചിട്ടുള്ളത്. മറ്റു പടപ്പുകളെക്കാളെല്ലാം തിരുദൂതര്‍ (സ്വ) നിര്‍വ്വഹിച്ച സല്‍ഗുണ പ്രവര്‍ത്തനങ്ങള്‍ വളരയേറെ മഹത്ത്വം വര്‍ധിച്ചതുമാണ്. അതിനാല്‍ നാമോരോരുത്തരും ആത്മത്തോടുള്ളതിനെക്കാള്‍ അവിടുത്തെ സ്നേഹിക്കേണ്ടതുണ്ട്. ആത്മത്തെക്കാള്‍ അവിടുത്തെ സ്നേഹിക്കാത്തവ`ന്‍ വിശ്വാസപൂര്‍ത്തി പ്രാപിച്ചിട്ടില്ല.'(3) നബി(സ്വ)യെ ബഹുമാനിക്കുന്നതും (തഅ്ളീം) അവിടുത്തെ സ്ഥാനവലിപ്പത്തെ സഗൗരവം പരിഗണിക്കുന്നതും (തൗഖീര്‍) അവിടുത്തെ പ്രകീര്‍ത്തനം ചെയ്തു മഹത്വപ്പെടുത്തുന്നതും (തബ്ജീല്‍) വിശ്വാസത്തിന്റെ ഭാഗമാണ്. തിരുദൂതരുടെ വഫാതിനു ശേഷം വിശ്വാസികള്‍ക്ക് സ്നേഹവും അനുസരണവും മാത്രമേ ബാധ്യതയായി അവശേഷിക്കുന്നുള്ളൂ. അവിടുത്തെ തഅ്ളീം ചെയ്യാനുള്ള കല്‍പ്പന ഇനി പ്രായോഗികമല്ല എന്ന വികല്‍പ്പനം മഖ്ദൂം(റ) തള്ളിക്കളഞ്ഞു. ആരെയൊക്കെയോ മുന്നേ കണ്ടിട്ടാകണം, മഖ്ദൂം കബീര്‍ ഇങ്ങനെ പ്രത്യേകം വിളംബരപ്പെടുത്തിയത്: “അറിയുവീ`ന്‍… വഫാതിനു മുന്പുള്ള അതേ ബഹുമാനാദരവുകള്‍ തന്നെയാണ് അവിടുത്തെ വഫാതിനു ശേഷവും ഉള്ളത്. നിശ്ചയം അവിടുത്തെ സ്ഥാനം ഏറ്റവും ഉത്കൃഷ്ടമായതാണ്. അവിടുത്തെ പദവി അത്യുന്നതമാണ്. സന്പൂര്‍ണതയുടെയും തികവിന്റെയും ഗുണങ്ങള്‍ തിരുനബിക്കുണ്ട്. അവയോരോന്നും അവിടുത്തോടുള്ള ബഹുമാനാദരവുകളും സ്തുതികീര്‍ത്തനങ്ങളും അനിവാര്യമാക്കുന്നു.'(4) തഅ്ളീമിന്റെ ഭാവങ്ങളിങ്ങനെയെല്ലാമാണ്: “”അറിയുക. നിശ്ചയം യഥാര്‍ത്ഥ ഈമാന്റെ അടയാളങ്ങളിലൊന്നാണ് തിരുദൂതരെ തഅ്ളീം ചെയ്യുന്നതും വാഴ്ത്തിപ്പറയുന്നതും. അവിടുത്തെ അനുസ്മരിക്കുന്പോഴും തിരുനാമം കേള്‍ക്കുന്പോഴും തിരുമൊഴി ഉദ്ധരിക്കുന്പോഴും അദബ് പാലിക്കുകയെന്നതും അതിന്റെ ഭാഗം തന്നെ…”(5) തിരുവിയോഗാനന്തരം സ്വഹാബത്തിന്റെ നിലപാടിനെകുറിച്ചും വിശ്വപ്രസിദ്ധനായ ഇമാം മാലിക്(റ)ന്റെയും ഇബ്നുല്‍ മുന്‍കദറി(റ)ന്റെയും പ്രവാചക ബഹുമാന രീതികളെപറ്റിയും മഖ്ദൂം കബീര്‍ അനുസ്മരിക്കുന്നുണ്ട്.
പിരിശമാണ് പ്രധാനം
തിരുദൂതര്‍(സ്വ) യെ സ്നേഹിക്കുകയെന്നാല്‍ അനുഗമിക്കുക മാത്രമാണെന്നല്ല പൊന്നാനിയില്‍ നിന്നും കേരള മുസ്ലിംകള്‍ പഠിച്ച പാഠം. സ്നേഹത്തിന്റെ ലക്ഷണമാണ് ഇവിടെ അനുധാവനം, അനുസരണം, അനുകരണം. തിരുദൂതരുടെ ദിനചര്യകളപ്പാടെ ഒപ്പിയെടുത്താല്‍ “ഇത്തിബാഅ്’ പൂര്‍ത്തിയാകുന്നില്ല. പൊന്നാനി താരകങ്ങളുടെ അവസാനനിരയില്‍ വിളങ്ങുന്ന അണ്ടത്തോട് കുളങ്ങര വീട്ടില്‍ ശുജാഈ എന്ന മൊയ്തുമുസ്ലിയാരുടെ പ്രമാണനിബദ്ധമായ പ്രഖ്യാപനം കേള്‍ക്കുക: “ഒരുത്തര്‍ക്ക് വഴിപ്പെടല്‍ അവരോട് പിരിശം കൂടാതെ പൂര്‍ത്തിയാകയില്ല.’ പിരിശം കേവലം വാചാടോപമാകരുത്.(6)
“അല്ലാഹുവിനെയും റസൂലിനെയും പിരിശം വെക്കുന്നതിന്റെ സാധ്യം അവരുടെ പിരിശം ഇങ്ങോട്ട് സിദ്ധിപ്പാനാണ്. അതിന് പിരിശം പിരിശത്തിന്റെ നിലയില്‍ തന്നെയാകണം. പിരിശത്തിന്റെ നില റൂഹ് കൊണ്ടാണ്. പിരിശം എന്ന വാക്ക് കൊണ്ടും നാട്യം കൊണ്ടും സന്പ്രദായം കൊണ്ടും പിരിശക്കാരനാകയില്ല.'(7)
ദാര്‍ശനിക പ്രാധാന്യമുള്ള സഫലമാലയും ആ സന്ദേശമാണ് വിളംബരം ചെയ്തത്. “വഴിപ്പെടല്‍ പിരിശം കൂടാതെ പൂര്‍ത്തിയാകയില്ല.'(8) സത്യവിശ്വാസമാകുന്ന ഖഡ്ഗത്തിനു മൂര്‍ച്ച വേണേല്‍ പിരിശം വേണമെന്ന് അദ്ദേഹം പാടി:
“”മറയാത് അവര്‍ പിരിശം
മനമില്‍ ധരിച്ചിടാതെ
മാര്‍ഗ്ഗം അതൈബാളിന്ന്
മൂര്‍ച്ച വരിക ഇല്ലൈ”(9)
മൂര്‍ച്ചയില്ലാത്ത വാള്‍ വാളാകുമോ? വാളിന് മൂര്‍ച്ചയാണ് ആത്മാവ്. വിശ്വാസിക്ക് പിരിശവും. “ഹഖ് തആലാനോടും തങ്ങളോടുമുള്ള പിരിശം ഖല്‍ബുകളുടെ ഭക്ഷണവും റൂഹുകളുടെ രക്ഷയും കണ്ണുകളുടെ കുളിര്‍മയും കാഴ്ചയും മഹാരോഗങ്ങള്‍ക്ക് ഔഷധവും ദേഹങ്ങളുടെ ജീവുമാണ്. ഈ പിരിശം എന്ന സ്വത്ത് ഇല്ലാത്ത ദരിദ്രര്‍ക്ക് റൂഹ് ഉണ്ടെങ്കിലും ഇല്ലാത്തത് ഫലമാണ്.”10 പുണ്യപ്രവാചകരോട് പിരിശമേറാനുള്ള വഴികള്‍ മഹാകവി പറഞ്ഞുതന്നു:
“മുന്തും സ്വലാതും സലാം
മദ്ഹും നബിവചനം
മാറാതുരത്തിടുകില്‍
മഹബ്ബത്തകപ്പെടുമേ'(11)
നബി(സ്വ)യെ കുറിച്ചാണ് “ശുജാഈ’യുടെ രചനകളേറെയും. തന്റെ ഫൈളുല്‍ ഫയ്യാള്, ഫത്ഹുല്‍ ഫത്താഹ് എന്നിവ വിശദമായ നബിചരിത്രവും നബിതത്ത്വ സംഹിതകളുമാണ്. സഫലമാലയുടെ പ്രമേയവും വിശുദ്ധ പ്രവാചക`ന്‍ തന്നെ. മുത്തുനബി ഒളിവ് ഉത്ഭവം, മുത്തുനബി ദേഹ ഉത്ഭവം, മുത്തുനബി പിറവി അലങ്കാരം… ഇങ്ങനെ പോകുന്നു സഫലമാലയിലെ ചര്‍ച്ചകള്‍. മഹബ്ബത്തിന്റെ മാര്‍ഗമായി മദ്ഹിനെ കാണുന്ന കവിപുംഗവരുടെ ഒരു നബി മദ്ഹ് ഗീതമിങ്ങനെ:
“താന ത`ന്‍ തനിയെ താനവ`ന്‍ തനിവില്‍
താ`ന്‍ തനിക്ക് തനിവാക്കിനോര്‍
തങ്കം യെങ്കും ജികം പൊങ്കി ലങ്കി മിക
പൊങ്കി തിങ്കി സുഖം തങ്കിനോര്‍
ആനമാനകന താനമാന മദൈ
ദാനമാന ധനമാക്കിയോര്‍
അഹദ്ഹുബ്ബ് മണി അഹ്മദന്നബിയില്‍
അസ്സ്വലാത്തു അതു മഅസ്സലാം…
നൂര്‍ അവന്റെ തിരുനൂറൊളിന്ത് കരു
നൂറതാക്കി നിറവേറിനോര്‍
നേരദാന സര്‍സാരഭാര മദൈ
പാരിലോരില്‍ പരുപാലിനോര്‍
മാറിടും റുസുലര്‍ മാറിടാതെ തടം
കൂടിനോര്‍കള്‍ തടി തേടിനോര്‍
മുത്തു മുസ്ത്വഫാ മുഹമ്മദ് അന്നബിയില്‍
അസ്സ്വലാത്തു അത് മഅസ്സലാം.'(12)
പ്രകീര്‍ത്തനം മാത്രമല്ല, പ്രതിരോധവും മഹബ്ബത്തിന്റെ ഭാഗമാണെന്ന് ശുജാഈ മൊയ്തു മുസ്ലിയാര്‍ പ്രബോധനം ചെയ്തു. തിരുദൂതരുടെ ധര്‍മസമരങ്ങള്‍ പ്രതിപാദിക്കവേ, സമരങ്ങളുടെ അടിസ്ഥാന താത്പര്യങ്ങള്‍ വിശദീകരിച്ച ശേഷം, തിരുദൂതരുടെ മേലില്‍ വെച്ചുകെട്ടി പ്രചരിപ്പിക്കപ്പെടുന്ന ചില “യുദ്ധ കഥ’കളെ ചോദ്യം ചെയ്യുന്നുണ്ട് സഫലമാലയില്‍: “പതിമൂന്നാം കൊല്ലം മദീനത്തുക്ക് ഹിജ്റ ഉണ്ടായി. അതുമുതല്‍ പടക്ക് അനുവാദമായും മറ്റും ആയത്തുകള്‍ തുടര്‍ന്ന് ഇറങ്ങി. ഹിജ്റന്റെ ഒന്നാം കൊല്ലം മുതല്‍ തന്നെ യുദ്ധം തുടങ്ങി. അത് മുതല്‍ വഫാത് വരെയുണ്ടായ പത്ത് കൊല്ലം കൊണ്ട് എമ്പത്താറ് യുദ്ധം നടക്കുകയും ആകെ ഇരുപത്തിനാലായിരം പ്രാവശ്യം വഹ്യ് ഉണ്ടാവുകയും ചെയ്തു…. സാരിയത് എന്നും ബിഅ്സത് എന്നും മറ്റും പേര്‍ പറയുന്നതും അസ്വ്ഹാബിമാരുടെ കൈക്ക് വെട്ടിയും വെട്ടാതെയും നടത്തിയതുമായ ചെറുയുദ്ധം അമ്പത്തെട്ട്, തങ്ങള്‍ കൂടി നടത്തിയതും ഗസ്വത്ത് എന്ന് പേര്‍ ഉള്ളതുമായ വലിയ പട ഇരുപത്തെട്ട്, ഇതില്‍ വെട്ടിയ പട ഒമ്പത്… തങ്ങള്‍ യുദ്ധം ചെയ്തത് കാഫിറിനെ ഭയപ്പെടുത്താ`ന്‍ മാത്രമാണ്. തൃക്കയ്യാല്‍ ഒരുത്തരെയും കൊലപ്പെടുത്തിട്ടില്ല. ഉബയ്യുബ്നു ഖലഫിനെ ഉഹുദ് പടയില്‍ സംഗതി വശാല്‍ ചവളം കൊണ്ട് പിരടിക്ക് ഒന്ന് കുത്തുകയും അതിനാല്‍ അവ`ന്‍ പിറകെ ചത്തു പോകയും ചെയ്തത് മുറിയുടെ ശക്തിയാല്‍ അല്ല. മക്കത്ത് വെച്ചു അവന്റെ അധിക പ്രസംഗത്തില്‍ “ഞാ`ന്‍ നിന്നെ കൊലപ്പെടുത്തും ഇന്‍ശാ അല്ലാഹ്’ എന്ന് തങ്ങള്‍ എതിര്‍ച്ചയില്‍ പറഞ്ഞത് എഴുത്ത് പെട്ടുപോകയാലാണ്… തങ്ങള്‍ ജനങ്ങളെ രക്ഷിക്കലാണ് സാധ്യം. കാഫിറിനെ മയത്തില്‍ പറഞ്ഞു വിശ്വസിപ്പിക്കണം. അതല്ലാതെ കൊലപ്പെടുത്തല്‍, ഉപദ്രവിക്കല്‍ അനിഷ്ടമാണ്. തങ്ങള്‍ മഅ്ദനുര്‍റഹ്മത്താണ്. ദയവ് വിളയും സ്ഥലം എന്നര്‍ത്ഥം. ഉഹദില്‍ തങ്ങളെ വളഞ്ഞിട്ട് പലതും പ്രവര്‍ത്തിച്ച കാഫിറുകളെ തങ്ങള്‍ അനര്‍ത്ഥപ്പെടുത്താഞ്ഞതും മക്കം ഫത്ഹില്‍ അധികരിച്ചു വെട്ടിയ ഇഷ്ടപ്പുലികളോട് തങ്ങള്‍ മുഷിഞ്ഞതും ഇങ്ങനെ പലേതും ഇതിലേക്ക് രേഖകളാണ്. എന്നിരിക്കെ തങ്ങള്‍ കൂടി ചെയ്യാത്ത പട കൂടി ചെയ്തുവെന്നും വെട്ടാത്തത് വെട്ടിയെന്നും കൊലപ്പെടുത്തി എന്നും മാത്രമല്ല, ഉണ്ടാവാത്ത പട നിര്‍മ്മിച്ചും കാണപ്പെടുന്ന ചില കവിതകള്‍ തങ്ങളെ അനിഷ്ടപ്പെടുത്തുന്ന ക്രിയകളില്‍ പെട്ടിരിക്കും എന്ന് തീര്‍ച്ചയായും പറയാം. യുദ്ധത്തില്‍ കുഫിര്‍കളെ കൊലവര്‍ധന മദ്ഹ് എന്നു ധരിക്കല്‍ തങ്ങളുടെ നീതിന്യായ നിയമത്തിന് വിരോധമാണ്. മ`ന്‍ കദബ അലയ്യ മുതഅമ്മിദ`ന്‍ ഫല്‍യതബവ്വഅ് മഖ്അദഹു മിനന്നാര്‍ എന്നും മന്‍കദബ അലയ്യ ഫഹുവ ഫിന്നാര്‍ എന്നും ഈ രണ്ട് ഹദീസ് സ്വഹീഹായി വന്ന പ്രകാരം മനാവി ഇമാം തങ്ങള്‍ അവരുടെ യൂനുസുല്‍ ഹഖാഇഖ് എന്ന കിതാബില്‍ പറഞ്ഞിരിക്കുന്നു. നേരല്ലാത്ത കഥയെ എന്റെ മേല്‍ ചുമത്തിപ്പറയുന്നവര്‍ നരകത്തിന് ബന്ധപ്പെട്ടിരിക്കുമെന്ന് ഈ ഹദീസിന് അര്‍ത്ഥമുണ്ട്. ഇവിടെ കവിത കെട്ടുവാത്സല്യക്കാര്‍ പ്രത്യേകം മനസ്സിരുത്തി ആലോചിക്കട്ടെ”(13)
പ്രകീര്‍ത്തനത്തിന്റെ മറവില്‍ വെച്ചുകെട്ടുപാടില്ലെന്നു യാഥാര്‍ത്ഥ്യ ബോധമുള്ള ശുജാഈ മൊയ്തു മുസ്ലിയാര്‍, കൃത്യമായ പ്രമാണങ്ങളുടെ ബലത്തില്‍ മാത്രമാണ് തന്റെ മദ്ഹ് ഗീതങ്ങളും ചരിത്രരചനയും തത്ത്വസമാഹരണവും നിര്‍വഹിച്ചത്. മുത്തുനബിയോടുള്ള അതിരറ്റ പിരിശമാണ് അദ്ദേഹത്തെ നയിച്ചത്. മദീനയും തിരുറൗളയും സിയാറതും ആ പ്രവാചക പ്രേമിയുടെ വരികളില്‍ തന്നെ വായിക്കാം.: “ആലത്തിന്റെ സത്തായ മുത്ത് നബിയുടെ ദേഹരൂപത്തോടെ മറഞ്ഞിരിക്കുന്ന സ്ഥലത്തിന്റെ വലിപ്പത്തോട് മറ്റൊരു സ്ഥലത്തിന്റെ വലിപ്പവും നേരിടുകയില്ലെന്ന് തീര്‍ച്ചയായിരിക്കുന്നു. ആ സ്ഥലത്തെത്തി സിയാറത്ത് ചെയ്യേണ്ടത് ഇടമുള്ള എല്ലാവര്‍ക്കും മുഖ്യാവശ്യം തന്നെ. വിശേഷിച്ച്, തങ്ങളെ സ്വരൂപത്തെ കണ്‍കാഴ്ചയാല്‍ അല്ലെങ്കില്‍ അകക്കണ്ണാല്‍ കാണ്‍മാ`ന്‍ യത്നം സകലര്‍ക്കും അത്യാവശ്യമാണ്. ഇതില്‍ അനേകമഹാനര്‍കള്‍ അന്ന് മുതല്‍ ഇന്നും എന്നും മഹായത്നം ചെയ്തു സാധ്യം ലഭിപ്പിക്കുന്നു. ഹഖ് തആലാനോടും അവ`ന്‍ തന്റെ ഹബീബായ മുത്തുനബിയോടുമുള്ള പിരിശമെന്ന ബഹ്റില്‍ നീരാട്ടം ചെയ്ത് പൊരുത്തമെന്ന ശുദ്ധം ലഭിച്ച മഹാനര്‍ ഉച്ചസമയത്തെ ശംസുപോലെ കണ്‍കാഴ്ചയാല്‍ ലങ്കി കാണുന്നു. ഇതിന് ശക്തി ഇല്ലാത്തവര്‍ മനാമില്‍ കാണുന്നു. ഇതുമില്ലാത്തവര്‍ മൗതില്‍ കാണുന്നു. ഇതും വിട്ടുപോയാല്‍ മഹാ വെസനം… നമുക്ക് വാഹനം ഇല്ലാതെയും അഥവാ ഉണ്ടായിരുന്നാല്‍ അതിന് ശക്തി പോരാതെയും കാല് മുടവായും കണ്ണ് കുരുടായും മേല്‍പ്പറഞ്ഞ ബന്ദര്‍ അണവാ`ന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നു…”(14)
മുത്തുനബിയോടുള്ള പിരിശം ഒരനിവാര്യമാകുന്നതിന്റെ പൊരുള്‍ ഇതാണ്: “”നമ്മുടെ ദേഹമെന്ന കേറുകപ്പല്‍ ഹഖ് എന്ന രാജബന്ദര്‍ അണവാ`ന്‍ തങ്ങളുടെ അനുഗ്രഹമെന്ന മഹാവാതില്‍ കടക്കാതെ വഴിയില്ല. ഈ വഴി കാണിക്കുന്ന നിശാനിക്കാര`ന്‍ തങ്ങളോടുള്ള പിരിശമെന്ന മുഅല്ലിം തന്നെ.”(15) പിരിശം അതിന്റെ തനിസ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയാല്‍ മാത്രമേ പിരിശത്തിന്റെ അര്‍ത്ഥമെന്തെന്ന് ബോധ്യമാകൂ. ശുജാഈ മുസ്ലിയാര്‍ പിരിശത്തിന്റെ ശരിയായ നിര്‍വചനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു: ചിലര്‍ പറയുന്നു, മഹബ്ബത്തെന്നു പറഞ്ഞാല്‍ ഹബീബും മഹ്ബൂബും അവരുടെ ഹുളൂര്‍ എന്ന മുഖദാവിലും ഗൈബിയ്യത്ത് എന്ന മറവിലും ഏകോപിക്കലാണ്. ചിലര്‍ പറഞ്ഞു. ഹബീബിന്റെ ആകൃതികള്‍ മഹ്ബൂബിന്റെ ആകൃതിയില്‍ അണിഞ്ഞു പോകലാണ്. ചിലര്‍: മുഹിബ്ബിന്റെ സ്വഭാവം മഹ്ബൂബിന്റെ സ്വഭാവമാകലാണ്. ചിലര്‍: ഹബീബ് മഹ്ബൂബില്‍ ചെയ്യുന്ന ഇഷ്ടാവസ്ഥയുടെ പെരുപ്പം അല്‍പ്പം എന്നും മഹ്ബൂബ് ഹബീബില്‍ പ്രവൃത്തിക്കുന്ന അല്‍പ്പഗുണം പെരുപ്പമെന്നും കാണലാണ്. ചിലര്‍: ഹബീബിന്റെ ഖല്‍ബില്‍ നിന്നും മഹ്ബൂബ് അല്ലാത്തതൊക്കെയും മാഞ്ഞുപോകലാണ്. ചിലര്‍: ഹബീബിന് ലഭിച്ച ഹുബ്ബ് എന്ന മസ്ത് മഹ്ബൂബിനെ കാണല്‍ കൊണ്ടല്ലാതെ നീങ്ങാതിരിക്കലാണ്.”(16)
കുഞ്ഞായി`ന്‍ മുസ്ലിയാരുടെ രചനകളില്‍
മഹ്ബൂബിനെ കണ്ണാല്‍ കാണുവാനുള്ള ഉല്‍ക്കടമായ അഭിലാഷമാണ് മഹാകവി കുഞ്ഞായി`ന്‍ മുസ്ലിയാര്‍ തന്റെ നൂല്‍ മദ്ഹില്‍ പ്രകടിപ്പിക്കുന്നത്. തിരുദൂതരുടെ അപദാനങ്ങള്‍ ചന്തമുള്ള ചെന്തമിഴ് മലയാളത്തില്‍ കോര്‍ത്തിണക്കിയ “മദ്ഹ് ശിരോമണി’യുടെ ആശയും ആശങ്കയും “അന്നബി മുഹമ്മദരെ കാമ്പതേതൊരു നാളിലോ?’ എന്നു മാത്രമായിരുന്നു.
“”ആദി ത`ന്‍ പിരിശം അന്‍പിനാല്‍ ഉരുവതായി
ഒളിന്ത നബിയാ റസൂല്‍
വേദനൂല്‍ വഴിയില്‍ നീതി വന്തെ നബി
വേന്തര്‍ ആലം നബി ദൂതരാം
നീതി മക്ക മദീനാവില്‍ മിക്ക നദി നീള്‍ന്തെ
പാദമൊളി ഓതിനാറ്
കാതല്‍ അന്നബി മുഹമ്മദെന്നവരെ
കാമ്പതേതൊരു നാളിലോ?”(17)
ഇശലും വിഷയവും മാറുന്നുവെങ്കിലും കുഞ്ഞായി`ന്‍ മുസ്ലിയാര്‍ മഹ്ബൂബിനെ കാണുക എന്ന മസ്തില്‍ തന്നെയാണ്.
തിങ്കള്‍ നിറന്തവര്‍ തിങ്കള്‍ തികന്തവര്‍
തിങ്കളില്‍ വന്തവരേ…
കണ്‍കുളിരക്കനി അന്തെ മുഹമ്മദ
കാണുവതേതൊരു നാള്‍?(18)
തിരുദൂതരുടെ പുണ്യദേഹോത്ഭവത്തോടനുബന്ധിച്ചുണ്ടായ മഹാ അതിശയങ്ങളിലേക്ക് കുഞ്ഞായി`ന്‍ മുസ്ലിയാര്‍ കടക്കുകയാണ്.
ചങ്കം അതൈ പൊലിഞ്ഞിട്ടു മജൂസികള്‍ താനം ഇളത്തവരേ
അങ്കരശ`ന്‍ കിസ്റാ വക മാളിക ആണ്ട് ഒടിത്തിട്ടവരേ
ചൊങ്കി നില്‍വ`ന്‍ കുഫിര്‍ അങ്ക് മണങ്ക് സ്വലീബ് മുറിത്തവരേ
കണ്‍കുളിരക്കനി അന്തെ മുഹമ്മദ് കാണുവതേതൊരു നാള്‍?
തിരുദൂതരുടെ മഹത്വങ്ങള്‍ എണ്ണിപ്പറയവേ കുഞ്ഞായി`ന്‍ മുസ്ലിയാര്‍ അനുസ്മരിക്കുന്നത് ആദിപിതാവ് ആദം നബി (അ)ന്റെ മഹാ സംഭവത്തെയാണ്. നബി(സ്വ)യെ വസീലയാക്കി ആദം നബി ചെയ്ത പശ്ചാതാപം സ്വീകരിക്കപ്പെടുകയുണ്ടായി.
പുണ്ണിയത്തലം വിട്ട് മന്നവ`ന്‍
പുവിയില്‍ ആദമയി ഇട്ട താല്‍
കണ്ണുനീര്‍ ഒഴുകിത്തെ തൗബ
ഖബൂലതും നബി മൂലമേ…
തുടര്‍ന്ന്, മാനവ ചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളിലെല്ലാം തിരുദൂതരുടെ സാന്നിധ്യമാണ് കവി ഓര്‍ക്കുന്നത്. തിരുപ്രഭയുടെ രാജകീയ യാത്രാനുഭവമാണ് ഓരോ സംഭവവും. നൂഹ് നബി(അ)യും അനുചരന്മാരും കപ്പലില്‍ കയറി രക്ഷ പ്രാപിച്ചത്, ഇബ്രാഹിം നബി(അ) നംറൂദിന്റെ അഗ്നികുണ്ഠത്തില്‍ നിന്നും രക്ഷപ്പെട്ടത്. എല്ലാം തിരുപ്രഭയുടെ മഹത് സാന്നിധ്യം കൊണ്ടായിരുന്നു. അവിടുത്തെ മഹാകാരുണ്യവും അനുഗ്രഹ കടാക്ഷവും അപാരം തന്നെ. മേഘം പെയ്യുന്ന പേമാരിക്കുപോലും സമുദ്രത്തിലെ ഉപ്പ് നീക്കാനാകില്ല. എന്നാലും തിരുദൂതരുടെ കടാക്ഷമുണ്ടായാല്‍ ഉപ്പു നീങ്ങുമെന്നു മാത്രല്ല സമുദ്രം മധുവായി തീരുമെന്നത്രെ കവിയുടെ പ്രതീക്ഷ.
മേഘം അക്കുടവീള്‍ന്തതാല്‍ മികവാരി
ഉപ്പും ഒടുങ്കുമേ,
ആകും ഇതിരുമേനി പാത്തിടില്‍
അക്കടല്‍ മധു ചൊങ്കുമേ…
പൂര്‍വ പ്രവാചകന്മാര്‍ക്കെല്ലാം ആശ്വാസാനുഗ്രഹമായി കടന്നുവന്ന തിരുപ്രഭ, ആമിനാ ബീവിയുടെ ഗര്‍ഭത്തില്‍ ദേഹമായി വളരുന്പോള്‍, ആ പ്രവാചക പുംഗവന്മാര്‍ പ്രതിനന്ദിയെന്നോണം ബീവിയെ ആശ്വസിപ്പിക്കാനെത്തി.
ചിത്തിര പകുശ് മുത്തുചിപ്പിയില്‍ ചേത്തെ
അതു ആമിനവെത്തെനാള്‍
നിത്തിര പൊലിവോതിവന്ത്
ആമിനാരോടന്നബിമാര്‍കളും…
ഈ പ്രകീര്‍ത്തനങ്ങള്‍ക്കിടയിലും കവി തന്റെ അഭിലാഷം ആവര്‍ത്തിക്കുന്നു. തന്റെ കണ്ണില്‍ ആ പുന്നാര നബി കടന്നുവരില്ലേ? പുന്നാര നബി തന്നെ അവഗണിച്ചാല്‍ പിന്നെ രക്ഷപ്രാപിക്കാ`ന്‍ ഏതു കവാടത്തിങ്കല്‍ അഭയം തേടുമെന്നാണ് കവി ഭയക്കുന്നത്.
മന്നരെയെന നീര്‍മുഖം തിരിഞ്ഞിട്ട്
പാത്തിടയെങ്കിലോ
പിന്നെയുണ്ടോ എനിക്ക് ബാബ് പിറകെ
നിപ്പതില്‍ യെങ്കുമേ
ചന്ദിരം ഉകം മുത്തെ അമ്മുഖം സയ്യിദീ
ഖൈറന്നബീ
വന്നം ഇക്കണ്ണില്‍ കാണുവാ`ന്‍ വക
അന്നസ്വീബൈനിക്കില്ലയോ?
പാപം നിറഞ്ഞ ആത്മമാണ് തിരുറൗള: പ്രാപിക്കാ`ന്‍ തനിക്കു മുന്നിലെ തടസ്സമെന്ന് കവി തിരിച്ചറിയുന്നു. അറിവും നെറിവുമില്ലാത്തവനാണെങ്കിലും തിരുസന്നിധി പ്രാപിക്കാനുള്ള അഭിലാഷം അകത്തു നിറഞ്ഞു കവിഞ്ഞിരിക്കുന്നതിനാല്‍ ഒരുനാള്‍ അവിടെയെത്തുമെന്നും കാരുണ്യക്കടല്‍ തന്റെ പാപം കഴുകിക്കളയുമെന്നും കവിക്കു അത്യാശയുണ്ടെന്നു വ്യക്തം.
അദബും അറിവുനെറി അറ്റവ`ന്‍
ഹബീബാണവരെ പുകള്‍ ഇട്ടതാല്‍
മതിവൊത്ത മുഖം മറപ്പെട്ടതും
വഴിക്കേടനില്‍ മുറ്റുമുഴുത്തതാല്‍
കൊതി ഓതുവതുണ്ട് യെനില്‍ ആശയും
ഖാജ തങ്കള്‍ തിരുമുഖം കാമ്പതില്‍
യെതിര്‍ത്ത് യെ`ന്‍ പിഴപോക്കും മുഹമ്മദാ
യെ`ന്‍ കണ്‍കാണുവതുയേതൊരു നാളിലോ?
മുത്തുമാല പോല്‍ ജ്വലിച്ച ശരീരം, സൂര്യചന്ദ്രന്‍മാരെ വെല്ലുംവിധം തിളങ്ങിയ വദന ജ്വാല, തേനൂറുന്ന വചനധാര, കസ്തൂരി മണക്കുന്ന പൂമേനി… ആ പുന്നാര നബിയെ കാണുവാ`ന്‍ വിധി തുണക്കില്ലേ എന്നു തന്നെയാണ് കവിയുടെ ബേജാറ്. വിധി തുണച്ചില്ലെങ്കില്‍ അതിലപ്പുറം ദൗര്‍ഭാഗ്യമില്ല.
മാണിക്കമുത്തുമുഖം യെന്നില്‍ വിട്ട് വിട
പോകയെണ്ട് വിതുകില്‍
പോണോരുമില്ല തുണയാരുമില്ല
പൈഗാംബര്‍യെന്നും അവരാ
കാണാനും കണ്ണ് തൃക്കാഴ്ച തന്ന
കാമാനും ഇല്ല വിധിയേ…
നൂല്‍ മദ്ഹിന്റെ അന്ത്യഘട്ടത്തിലെത്തുന്പോള്‍ അനുവാചകന് ആത്മവിമര്‍ശം ചെയ്യാനുള്ള അവസരമൊരുക്കുന്നുണ്ട് മഹാകവി. പുണ്യമദീനയിലെ പുഷ്കലമായ റൗള വിട്ടു വഴിമാറി സഞ്ചരിച്ചവനാണ് താ`ന്‍. ഇതു മഹാനാശത്തിന്റെ ഗതികെട്ട പോക്കാണ്. തിരികെ വരണം. മദീനയിലേക്കു മനസ്സു തിരികെ വരണം. നാവില്‍ പേശിയാല്‍ മതിയാകില്ല. അകം കൊണ്ടുരുകണം. കണ്ണില്‍ നീര് നിറയണം. അങ്ങനെ മഹ്ബൂബിനെയോര്‍ത്ത് നീ മൃതിയടയണം. കുഞ്ഞായി`ന്‍ മുസ്ലിയാരുടെ നിഘണ്ടുവിലും മഹബ്ബത്തിന്റെ നിര്‍വചനം മറ്റൊന്നല്ലയെന്നര്‍ത്ഥം.
വീടും മാടം യെതിര്‍ത്ത് യല്ലോ
മദിനാവ് ബാശല്‍ മറന്ത് നീ
ആടി നാടി നടന്തിയല്ലോ
അരശാണ്ടെ റൗള മറന്ത് നീ…
ആശ പേശി നാവിലേ
അകം കൊണ്ടു നല്‍ അറം തട്ട് നീ
വീശും നീരത് കണ്ണിലേ
വിടും ഖല്‍ബിനാല്‍ അറം തട്ടുനീ
താശിയാനെരിയാഇലേ
തടിചിന്തയാല്‍ അറം തട്ടുനീ
ദേശം ഉള്‍ ഉരുകീട്ടു നീ
മരിത്തിട്ടുകൊള്‍ മഹ്ബൂബിനാല്‍…”
കുഞ്ഞായി`ന്‍ മുസ്ലിയാരുടെ അനുഭവത്തില്‍, മഹ്ബൂബ് മുസ്ത്വഫായുടെ മദ്ഹ് പാടിത്തീര്‍ക്കാ`ന്‍ അസാധ്യമാണ്. മഹാസാഗരം കുടിച്ചുവറ്റിക്കാനാകുമോ? പര്‍വത്തില്‍ നിന്നുള്ള മഹാപ്രവാഹം തടുക്കാ`ന്‍ ഏതു സമതലത്തിനാണ് കഴിയുക? പേമാരി വര്‍ഷിച്ചൊടുങ്ങുമെങ്കിലും പുണ്യ പ്രവാചക കീര്‍ത്തനം പെയ്തുതീരുന്നതല്ല. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അസംഖ്യം ജിന്നുകളുണ്ട്. അവര്‍ക്ക് സാധിക്കുമോ പ്രവാചക മഹത്വം പാടിയവസാനിപ്പിക്കാ“ന്‍? അതിനാല്‍ കവിക്കു കൈമാറാനുള്ള കൊച്ചു സന്ദേശമിതാണ്:
“”അബുല്‍ ഖാസിം നമുക്കവിടെ തുണ ഉണ്ടേ
അവരെ പുകണ് കണ്ണ് ഒഴുകിനാര്‍”
പ്രാര്‍ത്ഥനയോടെ കവി തന്റെ നൂല്‍ മദ്ഹ് അവസാനിപ്പിക്കുകയാണ്. അതിനു മുന്പൊരു കൊച്ചു കഥ കവി ഓര്‍ക്കുന്നു. പ്രിയ പത്നി ആഇശ(റ) ഏകാകിനിയായി വീട്ടില്‍ കഴിയുകയായിരുന്നു. എണ്ണയില്ലാത്തതിനാല്‍ എണ്ണവിളക്കിന്റെ നാളം അണഞ്ഞു പോയിരുന്നു. മഹതിയുടെ മോതിരം അവിടെ വീണുപോയി. ഇരുട്ടില്‍ തപ്പിത്തിരഞ്ഞു. കണ്ടെത്തിയില്ല. അസ്സന്ദര്‍ഭത്തില്‍ പ്രകാശപൂമാ`ന്‍ അവിടെ കടന്നുവന്നു. വീട്ടിനകത്ത് തിരുപ്രഭയുടെ ഒളി പരന്നു. ആഇശ(റ) മോതിരം കണ്ടെടുത്തു. പൗര്‍ണമി രാവിലെ വെളിച്ചത്തിനു തുല്യമായിരിക്കാം തിരുനബിയുടെ പ്രകാശമെന്നു ധരിച്ചവനു പിഴച്ചുവെന്നു കവി താക്കീതു ചെയ്യുന്നു.
അണ്ഡം അതില്‍ മതിനിറഞ്ഞുദിച്ചാല്‍
അല്ലാ നബിയുടെ ഒളിവിനൊല്ല്.
ഇല്ല, ആ മുത്തിനൊത്ത മറ്റൊരു മുത്തില്ല. നൂല്‍ മദ്ഹ്(കീര്‍ത്തനകൃതി) മലയാളം കണ്ട ഏറ്റവും ഉത്കൃഷ്ടമായ ഒരു രചനയാണ്. ആകെ പതിനാറ് രീതികളും അറുനൂറ്റി അറുപത്താറ് വരികളുമടങ്ങിയ മനോഹര കാവ്യം. “നയിനാര്‍ മുഹമ്മദി`ന്‍ തിരുപ്പേര്‍ ഒണ്ടുക്ക് ഒരു മൊളിയായി ഒരായിരത്തി ഒരുനൂറ്റി അമ്പത്തൊണ്ടാവതില്‍ ചേത്തമാല തനൈ…” ഹി. 1151ലാണ് രചനയെന്നര്‍ത്ഥം.
ത്വൈബ അതുകാമാ`ന്‍ ഉതവിമന്നാ`ന്‍
മന്നില്‍ മികച്ചുള്ളെ സിയാറം കാമാ`ന്‍
മാനിച്ചുതവിതാ പെരിയവനേ
ഉന്നി നബി ഉമ്മത്തവര്‍കള്‍ക്കെല്ലാം…
കൊടിയേ പെരുവാലം പെരുക്കൂട്ടത്തില്‍
ഖാജാ മുഹ്യിദ്ദീ`ന്‍ തുണയും കൂട്ടി
നടന്നു നബിയുള്ളാ കൊടിതണലില്‍
നന്നായി ശഫാഅത്തില്‍ കുടിയും കൂട്ടി
വടിവുള്‍ ആസിയ മര്‍യം അന്നാള്‍
വാഴും കല്ലിയാണം വശങ്ങ് കാമാ`ന്‍
തടയാതുട`ന്‍ സ്വര്‍ക്കം തൃക്കാഴ്ചയും
ത്വഹാ നബീ കൂടെ വഴങ്ങ് പോറ്റീ…
സാര ശിരോമണി കുഞ്ഞായി`ന്‍ മുസ്ലിയാരുടെ ദാര്‍ശനിക കാവ്യമായ കപ്പപ്പാട്ട് പ്രസിദ്ധമാണ്. മനുഷ്യജീവിതത്തെ കപ്പല്‍ യാത്രയോടുപമിച്ചുള്ള കാവ്യസങ്കല്‍പ്പം. മദീനയിലെത്തുന്നതോടെ തിരുദൂതരെന്ന രക്ഷാപേടകത്തെ കുറിച്ചു വാചാലമാവുകയാണ്. മദീനയില്‍ എത്തിയാല്‍ ഒരു മാളിക കാണാം. ആ മാളികക്കകത്ത് മുത്തുകുലച്ച കപ്പലാണ് വസിക്കുന്നത്. കോനവ`ന്‍ തന്റെ തിരു വെള്ള കപ്പല്‍. അവിടെ സലാം പറഞ്ഞും അന്യായം ബോധിപ്പിച്ചും നില്‍ക്കാ`ന്‍ കൊതിയില്ലേ പൊട്ടാ എന്നു കവി തട്ടിയുണര്‍ത്തി ചോദിക്കുന്നു. സമര്‍ത്ഥിച്ചുവന്നത് ജീവിത യാത്രയെകുറിച്ചാണെങ്കിലും ഖോജാക്കരികെയെത്തിയപ്പോള്‍ പ്രവാചക പ്രേമിയുടെ വരികള്‍ പ്രേമം തുളുന്പുന്ന പ്രകീര്‍ത്തനങ്ങളായി മാറുകയാണുണ്ടായത്.
നിഴല്‍ ഒളിയെത്തിരെ ഉള്ള വേദാമ്പര്‍
കപ്പാലെ പാലാര്‍ കൊടുത്തെ വേദാമ്പര്‍
ഖത്താബോടേറ്റം അടുത്ത വേദാമ്പര്‍
തപ്പാതെ മാ`ന്‍ ഇണ നീര്‍ത്തെ വേദാമ്പര്‍
താശ്ക് കലിമയില്‍ ചേര്‍ത്തെ വേദാമ്പര്‍
ഒപ്പാരിക്കേറ്റം ഉയര്‍ന്തെ വേദാമ്പര്‍
ഒത്തേമതികീറി ചേര്‍ത്തെ വേദാമ്പര്‍
വേദങ്ങള്‍ നാലില്‍ പുകഴ്ന്ത വേദാമ്പര്‍
വന്നേ ഫുര്‍ഖാ“ന്‍ കയ്യേറ്റ വേദാമ്പര്‍
ആദി ഹള്റത്തില്‍ ചെന്നേ വേദാമ്പര്‍
അന്നു വ്യസനിത്ത് കേണ വേദാമ്പര്‍
ബോധം നമുക്കേറ്റം തന്ന വേദാമ്പര്‍…(19)
തിരുറൗള പരാമര്‍ശിച്ചപ്പോള്‍ അവിടെയെത്താനുള്ള ആഗ്രഹം തീവ്രമായനുഭവപ്പെട്ട കവി അതിനുവേണ്ടി മനം നൊന്ത് പ്രാര്‍ത്ഥിച്ചു:
കണ്ണി`ന്‍ മണിയായ റൗള ഞാ“ന്‍ കണ്ട്
ഖല്‍ബ് തിളങ്കുവാ“ന്‍ യേകണം അല്ലാഹ്
യെണ്ണം മികച്ചോരെ റൗള ഞാ“ന്‍ കണ്ട്
യേറ്റം സലാം ചൊല്‍വാ“ന്‍ യേകണം അല്ലാഹ്
പുന്നാര ഖാജാന്റെ റൗള ഞാ“ന്‍ കണ്ട്
പുണ്ണിയം തേടുവാ“ന്‍ യേകണം അല്ലാഹ്
മന്നര്‍ വേദാമ്പര്‍ റൗള ഞാ“ന്‍ കണ്ട്
മാറാതെ നിപ്പാ`ന്‍ വഴങ്ങണം യാ അല്ലാഹ്
മുത്ത് വേദാമ്പരെ റൗള ഞാ“ന്‍ കണ്ട്
മുത്തി മണം കൊള്‍വാ“ന്‍ യേകം അല്ലാഹ്
ഉസ്താദാകേണ്ടൊരു റൗള ഞാ`ന്‍ കണ്ട്
ഉണ്മ പെറുവാ`ന്‍ അരുളണം അല്ലാഹ്
ബുദ്ധിമികച്ചോരെ റൗള ഞാ`ന്‍ കണ്ട്
പൂണ്ട് മണം കൊള്‍വാ“ന്‍ യേകണം അല്ലാഹ്…
തലശ്ശേരിക്കാര`ന്‍ കുഞ്ഞായി“ന്‍ മുസ്ലിയാരുടെ തട്ടകം പൊന്നാനിയായിരുന്നു. പ്രവാചക പ്രകീര്‍ത്തകരുടെ സംഗമവേദിയായിരുന്ന പൊന്നാനിയുടെ നായകര്‍ നൂറുദ്ദീ`ന്‍ മഖ്ദൂമും മക`ന്‍ അബ്ദുസ്സലാം മഖ്ദൂമുമായിരുന്നു മുസ്ലിയാരുടെ പ്രധാന ഗുരുവര്യര്‍.
ഉതവിത്തനം പെറ്റെ നഗര്‍ തറമയില്‍
ഉന്മാ മികച്ച നല്‍ വലിയ്യാണവര്‍
പദവിക്കിള നല്ലോര്‍ അവര്‍ അമാനി
ബലദ് നൂറുദ്ദീ`ന്‍ മഖ്ദൂമെന്നും
മതിവൊത്തവര്‍ കണ്ണില്‍ മണിമകനാര്‍
മഖ്ദൂം അവര്‍ അബ്ദുസ്സലാമതെന്പാര്‍(20)
ശൈഖ് സൈനുദ്ദീ`ന്‍ മഖ്ദൂം രണ്ടാമന്റെ പിതൃവ്യ പുത്രനാണ് “മഖ്ദൂം’ പദവിയില്‍ പത്താമനായിരുന്ന നൂറുദ്ദീ`ന്‍ മഖ്ദൂം. പരിശുദ്ധ പ്രവാചകാനുരാഗത്തിന്റെ തീവ്രഭാവങ്ങള്‍ സമുദായത്തിനു പകരുന്നതില്‍ മഖ്ദൂമുമാര്‍ ശ്രദ്ധ ചെലുത്തിയിരുന്നു. പ്രകീര്‍ത്തന രചനകള്‍ക്കു മുസ്ലിം സമുദായത്തില്‍ നിന്നും ഊഷ്മളമായ അംഗീകാരം ലഭിച്ചതും അതുകൊണ്ടുതന്നെ. അറബി ഭാഷയിലും പഴയ മലയാള ഭാഷയിലും അവര്‍ പ്രവാചക പ്രേമത്തിന്റെ വിശിഷ്ടമായ ഇശലുകള്‍ കോര്‍ത്തുണ്ടാക്കി. വിവാഹം, സുന്നത്തു കല്യാണം തുടങ്ങിയ വിശേഷങ്ങള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ അത്തര്‍ പൂശിയിരുന്നു പൊന്നാനിയുടെ സുവര്‍ണകാലം. മുത്തുനബിയുടെ അപദാനങ്ങളുടെ വിളക്കുകൊളുത്താതെയുള്ള ഒരു സദസ്സുമുണ്ടായില്ല. ജ്ഞാന പ്രസരണത്തിനായുള്ള പൊതുവേദികളുടെ അലങ്കാരദീപമായിരുന്നു പുണ്യനബിയെ വാഴ്ത്തുന്ന ബുര്‍ദയും അല്ലഫല്‍ അലിഫും സ്വല്ലല്‍ ഇലാഹുവും. വിശുദ്ധ റമളാനില്‍ പൊന്നാനിയിലെ മസ്ജിദുകളില്‍ വിത്രിയ്യയുടെ തൂക്കുവിളക്കുകള്‍ ഒരാനന്ദമായിരുന്ന കാലമുണ്ടായിരുന്നു. പൊന്നാനി കേന്ദ്രീകരിച്ചു ഇസ്ലാമിക നവോത്ഥാനത്തിനും പ്രബോധനത്തിനും ഇസ്വ്ലാഹിനും പുത്ത`ന്‍ സരണി ആവിഷ്കരിച്ച മഖ്ദൂം ഒന്നാമ“ന്‍ രചിച്ച മന്‍ഖൂസ് മൗലിദായിരിക്കണമെന്നില്ല കേരളത്തിലെ ആദ്യ കീര്‍ത്തന കൃതി. ചിതലരിച്ചുതീരാറായ പൊന്നാനി ജുമാ മസ്ജിദിലെ കുതുബ്ഖാനയിലെ അവശിഷ്ടങ്ങള്‍ പരതിയാല്‍, അവിടെ പാരായണത്തിനും പരിശോധനക്കും അവലംബമാക്കിയ പ്രവാചക പ്രകീര്‍ത്തന രചനകള്‍ തീര്‍ത്തും ആധികാരികമായിരുന്നുവെന്ന് കാണാം. ഇമാം സഈദുദ്ദീ`ന്‍ അല്‍കാസാനിയുടെ (മരണം ഹി. 758/1357) കനപ്പെട്ട മൗലിദ് ഗ്രന്ഥമായ അല്‍ മുന്‍തഖാ മന്‍ഖൂസ് മൗലിദിന്റെ രചനയില്‍ അവലംബമായിട്ടുണ്ടെന്ന് സ്വാഭാവികമായും നിഗമനം ചെയ്യാം. ഒരു പക്ഷേ, അല്‍മുന്‍തഖായുടെ സംഗ്രഹമായിരിക്കാം മന്‍ഖൂസ് മൗലിദ്. പൊന്നാനിയുടെ പരിഷ്കര്‍ത്താവായി പരിലസിച്ച രണ്ടാം സൈനുദ്ദീ`ന്‍ മഖ്ദൂമിന്റെ ഗുരുവര്യര്‍ അല്ലാമാ ഇബ്നുഹജര്‍ അല്‍ ഹൈതമി രചിച്ച “ഹുജ്ജതുല്ലാഹി അലല്‍ ആലം’ പൊന്നാനി കേന്ദ്രീകരിച്ചുണ്ടായ പ്രകീര്‍ത്തന പ്രസ്ഥാനത്തിനു ആവേശം പകര്‍ന്നിട്ടുണ്ടാകണം. രണ്ടാം മഖ്ദൂമിന്റെ പിതൃവ്യപുത്രനാണല്ലോ കുഞ്ഞായി“ന്‍ മുസ്ലിയാരുടെ നൂല്‍ മദ്ഹിന്റെ പരിശോധക`ന്‍ നൂറുദ്ദീ“ന്‍ മഖ്ദൂം. പതിനാറാമത്തെ മഖ്ദൂമായിരുന്ന അലി ഹസ`ന്‍ മഖ്ദൂമിന്റെ ശിഷ്യപ്രമുഖനും വിഖ്യാതനുമായ മമ്മിക്കുട്ടി ഖാസി(റ)യുടെ ജ്ഞാനത്തില്‍ പിറന്ന, മലയാള നാട്ടിലെ ബൂസ്വീരി എന്നു വാഴ്ത്തപ്പെട്ട ഉമര്‍ ഖാസിയുടെ രചനകള്‍ പ്രവാചക പ്രകീര്‍ത്തന ചരിത്രത്തില്‍ നിത്യശോഭിതങ്ങളാണ്. നിമിഷ കവനപടുവായ ഉമര്‍ഖാസി(റ) തന്റെ വഴക്കമേറിയ തൂലിക ഉപയോഗിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ഒരഭ്യാസം പ്രര്‍ശിപ്പിക്കുകയായിരുന്നു. അറബിയിലെ പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് അദ്ദേഹം നബി സ്തുതി കവിത രചിച്ചു. അപ്രകാരം പുള്ളിയില്ലാത്ത അക്ഷരക്കൂട്ടുകള്‍ വെച്ചും മറ്റൊരു പ്രേമകാവ്യവും. താള ലയങ്ങളുടെ മര്‍മമറിയുന്ന ഉമര്‍ഖാളി(റ) തന്റെ മഞ്ചല്‍ യാത്രയില്‍ അനുഭവപ്പെട്ട ചലനതാളത്തില്‍ നിന്നും ആവിഷ്കരിച്ച കാവ്യരീതി പിന്നീട് അനുകരണീയമായ ഈണമായി വികസിച്ചതു കാണാം. അദ്ദേഹത്തിന്റെ “സ്വല്ലല്‍ ഇലാഹു’ വിശ്വപ്രസിദ്ധമാണ്. “ലാഹല്‍ ഹിലാലു’ അതി മനോഹരമാണ്. “ലമ്മാ ളഹറ എന്നു തുടങ്ങുന്ന മഞ്ചല്‍ കവിത എത്ര സുന്ദരമാണ്, ആനന്ദകരവും ആസ്വാദ്യവുമാണ്. പ്രവാചക പിറവിയുടെ അതിശയങ്ങള്‍ അതിലളിതമായ പദങ്ങളില്‍ മനോഹരമായി കോര്‍ത്തിണക്കിയ ആ കാവ്യം 38 വരികളിലാണ്. ഭീകരമായ വിചാരണയുടെ നാളില്‍ തിരുനബിക്ക് ഇലാഹിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന സുവിശേഷം കവി താളമാക്കിയതു കേള്‍ക്കൂ.
“”ഫശ്ഫഅ് തുശ്ഫഅ്
സല്‍മാ തത്വ്മഅ്
ഖൗലുക യുസ്മഅ്
തുഅ്ത്വല്‍ വഥറാ”
(ഇടപെട്ടോളൂ, സ്വീകരിക്കാം. ചോദിച്ചോളൂ, നല്‍കാം.) പുള്ളിയുള്ള അക്ഷരങ്ങള്‍ കൊണ്ടുള്ള പ്രകീര്‍ത്തന വരികളിലൊന്നിങ്ങനെ:
“”നബിയ്യു`ന്‍ നജിയ്യു“ന്‍ ഫൈളു ഗൈളി“ന്‍ ബിദീശജീ
ശഫീഖു`ന്‍ യുനജ്ജീ ളീഖ്വ ള്വൈി“ന്‍ യുനശ്ശഖു
(മോക്ഷം നല്‍കുന്ന പ്രവാചക`ന്‍… അനുഗ്രഹ പ്രവാഹം… ദുഃഖാകുലനോട് സഹതാപമുള്ളവര്‍… പ്രയാസങ്ങള്‍ ദൂരീകരിക്കുന്ന സഹൃദയര്‍…)
ഗുരുവര്യരും സഹയാത്രികനുമായ മന്പുറം തങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ നഫാഇസുദ്ദൂറര്‍ മലബാറിലെ മുസ്ലിംകളുടെ വിശ്വാസപരിശുദ്ധി കെടാതെ സൂക്ഷിച്ച ഉമര്‍ ഖാസി രചനകളിലൊന്നാണ്. അതിലെ രണ്ടാം പാതി പ്രവാചക പ്രകീര്‍ത്തനങ്ങളടങ്ങിയതാണ്. തിരുദൂതരുടെ “പ്രകാശയാത്ര’ ഈ വിഖ്യാത കവിതയിലും ഒരു പ്രതിപാദ്യവിഷയമാണ്. തിരുനബിയുടെ തിരുപ്പിറവിയോടനുബന്ധമായ അതിശയങ്ങള്‍ അനുസ്മരിക്കാ“ന്‍ വിട്ടുപോയില്ല. വിശുദ്ധ ജന്മത്തിനു സാക്ഷിയായ റബീഉല്‍ അവ്വല്‍ 12ാം രാവില്‍ സംഭവിച്ച പ്രകൃതിയുടെ ആഹ്ലാദപ്രകടനം ഉമര്‍ഖാളി(റ) കോര്‍ത്തുവെച്ചു.
വലഹു തറദ്ദാ അര്‍ശു മല്‍ ഊനില്‍ വഖര്‍റ്
ഫഗദാ യുനാദീ ബിസ്സുബൂരി ലിമാ ളഹര്‍…
(തിരുപ്പിറവിയില്‍ നാശം തിരിച്ചറിഞ്ഞ ശാപഗ്രസ്തനായ ഇബ്ലീസും അവന്റെ പ്രതീകങ്ങളും മാത്രമാണ് ആ മഹല്‍ ദിനത്തെ നാശമായി കണ്ടത്.)
യാ വൈലതാ യാ ഹസ്റത്താ ഹീലല്‍ മകര്‍
ളാഖ്വത്ത് അലയ്യ ജുനൂദുഹു തബഉല്‍ ഇസര്‍
(ഇബ്ലീസ് കരഞ്ഞു. എന്റെ കഷ്ടം. എന്റെ പരാജയം. എന്റെ കുതന്ത്രങ്ങള്‍ ഇനി പാളുമല്ലോ… ഇബ്ലീസിന്റെ അനുയായികള്‍ ചോദിച്ചു: “യജമാനരേ, എന്തു സംഭവിച്ചു? മക്കയില്‍ പിറവി കൊണ്ട ആ ശിശു കാരണം എന്റെ നട്ടെല്ല് തകര്‍ന്നുപോയി. അവ`ന്‍ അപകടമാണ്.’)
തിരുനബി(സ്വ)യുടെ പുണ്യപിറവിയോടനുബന്ധിച്ചുണ്ടായ അതിശയങ്ങളഖിലവും ഉമര്‍ഖാളി(റ) ഏതാനും വരികളില്‍ മനോഹരമായി അനുസ്മരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ “സ്വല്ലല്‍ ഇലാഹു’ പ്രേമവും ഭാവനയും സമജ്ജസമായി സമ്മേളിച്ച ഭാഷാകേളിയാണ്. കേരളത്തിനു പൂര്‍വസൂരികളിലൂടെ പകര്‍ന്നുകിട്ടിയ മഹത്തായ സന്ദേശം, തിരുദൂതരുടെ തിരുസന്നിധിയില്‍ ചെന്നു ഉമര്‍ഖാളി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു:
“ഹുബ്ബുന്നബിയ്യി വ മദ്ഹുഹു ഖൈറുല്‍ അമല്‍
വ അസല്‍ ഇലാഹു ബിഹീ യുബല്ലിഗുഹുല്‍ അമല്‍
വലഹു ബി നൈലി ശഫാഅതി`ന്‍ ത്വഹാ കഫല്‍
ഇന്‍ദല്‍ ഇലാഹി മുനത്തമ“ന്‍ തന്‍ഈമാ…”
(തിരു സ്നേഹവും പ്രകീര്‍ത്തനവും ഉദാത്തമായ സുകൃതമത്രെ. അതുമുഖേന നാഥ`ന്‍ അഭിലാഷങ്ങള്‍ പൂവിട്ടുതരും. പുണ്യപ്പൂമാന്റെ ശഫാഅത്ത് ലഭിക്കാനിടയാകും.)
മഹബ്ബത്തുണ്ടെങ്കില്‍ മദ്ഹും ഉണ്ടാകും. അവ പരസ്പര പൂരകങ്ങളാണ്. പ്രവാചക പിരിശത്തിന്റെ ഉദാത്തമാതൃകകളായി പരിലസിച്ച മഹാസാത്വികന്മാരുടെ കാല്‍ച്ചുവടുകളില്‍ അനുഗ്രഹത്തിന്റെ പരിമളം കണ്ടെത്തിയ പൊന്നാനി ദേശക്കാര്‍ക്ക് അതിനാല്‍ തന്നെ മുത്തുനബി എന്നും മഹ്ബൂബായിരുന്നു. “തിരുനബിയുടെ ശരീരമഹിമ’ എടുത്തു പറഞ്ഞു പാടുന്ന “തത്ത്വപ്രദീപ സംഗീതം’ ഇവിടെ രചിക്കപ്പെട്ടു. “മുനീറുല്‍ അറാഇസി’ന്റെ പ്രതിപാദ്യം അതിന്റെ പുറംചട്ടയില്‍ നിന്നും വായിക്കാം. “കല്യാണ സഭകളിലും ഉലമാഅ്, സാദാത്ത്, ഖുളാത്തുകളെ എതിരേല്‍ക്കുന്പോഴും മറ്റും ചൊല്ലുവാനും ബദ്റുല്‍ മുനീര്‍ എന്ന ഇശലില്‍ ഉണ്ടാക്കപ്പെട്ടതായ നബിയ്യുല്‍ ഉലാ എന്ന ബൈതും ബദ്റുല്‍ മുനീര്‍ എന്ന ബൈതും, കല്യാണ സുവര്‍ക്കാവില്‍ എന്നതിന്റെ ഇശലില്‍ യാ ഖാതിമല്‍ അന്പിയാ എന്ന ബൈതും, മുഹിബ്ബ് നൂറിന്റെ ഇശലില്‍ ഹമിദ്തു റബ്ബീ എന്ന ബൈതും…’ പൊന്നാനി താലൂക്കിലെ പുറങ്ങ് അംശം പനന്പാട് ദേശത്ത് പണ്ടാരത്തില്‍ മുഹമ്മദ് മുസ്ലിയാരുടെ പ്രസ്തുത ഗാനവിരുന്നില്‍ നിന്നും:
നബിയ്യുല്‍ ഉലാ നര്‍ജസു റുസുലി“ന്‍
നാസിഖുമിലലി`ന്‍ അഫ്ളലു നസ്ലി`ന്‍
നത്വ്ലുബുഹു ശഫ്അത്തയൗമില്‍
ഹശ്രി മിനര്‍റഹ്മാ`ന്‍…
അഅ്ലസമാ സമാസമാ ഹഖ`ന്‍
ഫഹുവ ഫരീദു`ന്‍ യുകല്ലിമു റബ്ബ“ന്‍
ഇദ് ജിബ്രീല്‍ ഖബാഖബാ വദനാ
ഹളീറത്തല്‍ ഖുദ്സി ഇയാ`ന്‍…
ഖ്വാല ജലീല്‍ ജുസ്ജുസ് ഹുജൂബ“ന്‍
ഖല്ലി ഖലീല`ന്‍ തദ്നൂ ഇലൈനാ
തറ ബുശ്റാ ലുദ് ലുദ് ലദീദല്‍
ഖിത്വാബി മിനര്‍റഹ്മാ`ന്‍…
പ്രവാചക പ്രേമത്തിന്റെ ഈ താളലയത്തില്‍ നിന്നും പാശ്ചാത്യ സംഗീതത്തിന്റെ വിഭ്രമാത്മക തലത്തിലേക്കു സമുദായത്തെ പറിച്ചു നടാ`ന്‍ ശ്രമിച്ചവര്‍ ചരിത്രത്തിന്റെ മുന്നില്‍ മാപ്പു പറയേണ്ടി വരും.

റഫറന്‍സ്:
(1) ശുഅ്ബുല്‍ ഈമാ“ന്‍, സൈനുദ്ദീ“ന്‍ മഖ്ദൂം കബീര്‍, പുറം 23
(2) അതേ പുസ്തകം, പുറം 30
(3) അതേ പുസ്തകം, പുറം 31
(4) അതേ പുസ്തകം, പുറം 32
(5) അതേ പുസ്തകം, പുറം 32
(6) ഫത്ഹുല്‍ ഫത്താഹ്, ശുജാഈ മൊയ്തു മുസ്ലിയാര്‍, പുറം 198
(7) അതേ പുസ്തകം, പുറം 199
(8) സഫലമാല സാരസംഗ്രഹം, ശുജാഈ മൊയ്തുമുസ്ലിയാര്‍, പുറം 30
(9) അതേ പുസ്തകം, പുറം 29
(10) അതേ പുസ്തകം, പുറം 29
(11) അതേ പുസ്തകം, പുറം 29
(12) അതേ പുസ്തകം, പുറം 21, 22
(13) അതേ പുസ്തകം, പുറം 5961
(14) അതേ പുസ്തകം, പുറം 69
(15) ഫത്ഹുല്‍ ഫത്താഹ്, പുറം 200
(16) അതേ പുസ്തകം, പുറം 201
(17) നൂല്‍ മദ്ഹ്, കുഞ്ഞായി`ന്‍ മുസ്ലിയാര്‍
(18) അതേ പുസ്തകം
(19) കപ്പപ്പാട്ട്, കുഞ്ഞായി`ന്‍ മുസ്ലിയാര്‍
(20) നൂല്‍ മദ്ഹ്, കുഞ്ഞായി`ന്‍ മുസ്ലിയാര്‍

 

Exit mobile version