ആരോഗ്യമുള്ള മാതാവിൽ നിന്നു മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജനിക്കൂ. ഗർഭിണിയാകും മുമ്പ് വേണ്ട മുൻകരുതലുകളെടുത്താൽ നല്ല കുഞ്ഞ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം. ഗർഭകാലത്തും ഏറെ ശ്രദ്ധ വേണം. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പെരിനെറ്റോളജി പോലുള്ള നൂതനചികിത്സാസേവനം ലഭ്യമാകുന്ന കാലമാണിത്. സങ്കീർണതയുള്ള ഗർഭകാലപരിചരണവും പ്രസവവുമെല്ലാം പെരിനെറ്റോളജിയിൽ ഉൾപ്പെടുന്നു. ഗർഭസ്ഥശിശുവിന് ഉണ്ടാകാവുന്ന ജനിതകവൈകല്യങ്ങൾ, അംഗവൈകല്യങ്ങൾ എന്നിവയെല്ലാം സവിശേഷപരിശോധനകളിലൂടെ കണ്ടെത്താനാകും. അങ്ങനെ ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് ഫലപ്രദമായ ചികിത്സ നൽകാം. മാതാവിന്റെ മാനസികാരോഗ്യം ആരോഗ്യമുള്ള കുഞ്ഞിന്റെ വളർച്ചയ്ക്ക് അവിഭാജ്യഘടകമാണ്. ഗർഭകാലത്തു വിഷാദവും മറ്റുമുള്ള യുവതികൾ കൗൺസലിങ്ങിന് വിധേയരാകണം. മാനസികപിരിമുറുക്കം കൂടുതലുള്ള സമയത്തു ഗർഭധാരണത്തിന് ഒരുങ്ങാതിരിക്കുന്നതാണ് നല്ലത്. മാതാവിന്റെ മാനസിക സംഘർഷം കുഞ്ഞിന്റെ പൊതുവായ ശരീരസ്ഥിതിയെത്തന്നെ ബാധിക്കും.
ഗർഭത്തിനൊരുങ്ങുകയാണെങ്കിൽ മൂന്നു മാസം മുമ്പേ ഫോളിക് ആസിഡ് കഴിക്കാം. ഫോളിക് ആസിഡ് ഗർഭസ്ഥശിശുവിന് രോഗപ്രതിരോധശേഷി നൽകും. ഗുളിക തന്നെ വേണമെന്നില്ല; ഈത്തപ്പഴം പോലുള്ളവ നന്നായ് ഭക്ഷിച്ചാലും മതി. അംഗവൈകല്യങ്ങളെ തടയാനും ഇതിനു കഴിയും. അടുത്ത ബന്ധുവിനെ വിവാഹം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം, ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ജനിതക വൈകല്യങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
അമിതവണ്ണമുള്ളവർ ഗർഭം ധരിക്കുന്നതിനു മുമ്പ് വണ്ണം കുറയ്ക്കണം. പ്രത്യേകിച്ച് 70 കി.ഗ്രാമിൽ കൂടുതൽ ഭാരമുള്ളവർ. അടിവയറ്റിൽ അമിതമായടിയുന്ന കൊഴുപ്പ് ഹോർമോൺ വ്യതിയാനത്തിലൂടെ അണ്ഡോത്പാദനത്തെ ബാധിക്കും. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും വണ്ണം കുറച്ചശേഷം ഗർഭം ധരിക്കാം. തൂക്കം തീരെ കുറയുന്നതും നല്ലതല്ല. പാരമ്പര്യരോഗങ്ങളായ ഹീമോഫീലിയ, ഡൗൺസിൻഡ്രോം, ഓട്ടിസം എന്നിവ ബാധിച്ചവർ കുടുംബത്തിലുണ്ടെങ്കിൽ ഗർഭം ധരിക്കും മുമ്പ് ശ്രദ്ധിക്കണം. ജനിറ്റിക് കൗൺസലിങും ക്രോമസോം പരിശോധനയും ഗുണം ചെയ്യും. പുകവലിക്കുന്ന ഭർത്താവിന്റെ സാന്നിധ്യവും ദോഷകരമാണ്. തൻമൂലം ആരോഗ്യവും തൂക്കവും കുറഞ്ഞ കുഞ്ഞ് ജനിക്കാൻ സാധ്യതയുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ളവളും അതിന് മരുന്നു കഴിക്കുന്നവളുമായ യുവതി ഗർഭവതിയാകും മുമ്പ് പഞ്ചസാരയുടെ നില പരിശോധിക്കണം. പഞ്ചസാര നിയന്ത്രണവിധേയമായി എന്നുറപ്പു വരുത്തിയിട്ടു മാത്രമേ ഗർഭം ധരിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ഹൃദയത്തിനും നട്ടെല്ലിനും തകരാറുണ്ടാകാം. പ്രമേഹം നിയന്ത്രണവിധേയമാക്കാതെ ഗർഭിണിയായാൽ അബോർഷൻ സംഭവിക്കാൻ സാധ്യതയുണ്ട്. മാസംതികയാതെ കുഞ്ഞു ജനിക്കുക, വലുപ്പം കൂടുതലുള്ള കുഞ്ഞ് ജനിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. മാതാപിതാക്കൾ പ്രമേഹരോഗികളായ യുവതികൾ ഗർഭധാരണത്തിനു മുമ്പ് പ്രമേഹപരിശോധന നടത്തണം.
ടെൻഷൻ ഉള്ളവർ ഡോക്ടറുമായി കൂടുതൽ നേരം സംസാരിക്കുകയും സംശയനിവാരണം നടത്തുകയും വേണം. ഗർഭകാലം ശാന്തവും സമാധാന പൂർണവുമാകണമെങ്കിൽ മനസ്സിനെ നന്നായി പാകപ്പെടുത്തണം. ഗർഭകാലത്ത് മിക്കവർക്കും ടെൻഷൻ പൊതുവെ കൂടുതലായിരിക്കും. എന്നാൽ ടെൻഷൻ മാറ്റി മനസ്സിൽ സന്തോഷം നിറയ്ക്കണം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മാതൃത്വം എന്ന അവസ്ഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണു ഞാൻ എന്ന് കൂടെക്കൂടെ ഓർമിക്കുന്നത് നല്ലതാണ്. ശാന്തസുന്ദരമായ ഗർഭകാലം- ഇത് കുഞ്ഞിന്റെ ശാരീരിക മാനസികാരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.
മനസ്സിന് സന്തോഷവും ധൈര്യവും നൽകുന്ന പുസ്തകങ്ങൾ വായിക്കാം. കഥകൾ, മഹാൻമാരുടെ ജീവിത ചരിത്രങ്ങൾ, ആത്മീയഗ്രന്ഥങ്ങൾ എന്നിവ വായിക്കുന്നതും നല്ലതാണ്. കൂട്ടുകാരോടും ബന്ധുക്കളോടും അവരുടെ ഗർഭകാല-പ്രസവ അനുഭവങ്ങൾ ചോദിച്ചറിയുന്നതു നല്ലതാണ്. ഇത് ആശങ്കകളെ അകറ്റും. എന്നാൽ പറഞ്ഞു ഭയപ്പെടുത്തുന്ന സ്വഭാവമുള്ളവരോട് ചോദിച്ചറിയുന്നത് ഗുണത്തിലേറെ ദോഷം വരുത്തും. ടിവി പരിപാടികൾ ഗർഭിണി ഒഴിവാക്കുകയും ചെയ്യുക.
ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി