നല്ല ശ്രോതാവാകാം

നല്ല ഭാഷണം നടത്താനും പ്രഭാഷകനായി അറിയപ്പെടാനും പലർക്കും ഇഷ്ടമാണ്. അതിനുവേണ്ടി പ്രത്യേകമായി പരിശീലിക്കുന്നവരും പരിശീലിപ്പിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ നല്ല ശ്രോതാവാകുക എന്നത് മികച്ച വ്യക്തിത്വത്തിന്റെ അടയാളമാണ്. സംസാരം ആര് നിർവഹിച്ചാലും കാമ്പുള്ളതും നന്മയുള്ളതുമാണെങ്കിൽ കേൾക്കണം. ഖുർആനോതുന്നത് പുണ്യമാണെന്ന പോലെ കേൾക്കുന്നതും മഹത്ത്വമുള്ളതാണല്ലോ. വെള്ളിയാഴ്ച നിർവഹിക്കപ്പെടുന്ന ജുമുഅ ഖുത്വുബ ശ്രദ്ധിക്കണമെന്ന് വിശുദ്ധ ഖുർആൻ ഓർമിപ്പിക്കുന്നു. ഖത്വീബ് മിമ്പറിൽ കയറിയാൽ മലക്കുകൾ ഖുത്വുബ ശ്രവിക്കാനിരിക്കുമെന്ന് തിരുനബി(സ്വ) പറഞ്ഞിട്ടുണ്ട്.
മറ്റുള്ളവരെ ശ്രദ്ധാപൂർവം കേൾക്കുന്നവർക്ക് മാതൃകാപരമായ സ്വഭാവമാണ്. അറിവ് പകർന്നെടുക്കുന്നതിന് വേണ്ടിയാണ് കണ്ണുകൾക്കൊപ്പം കാതുകളും പടച്ചവൻ നമുക്ക് നൽകിയത്. അറിവ് പറഞ്ഞുകൊടുക്കാനും ആവശ്യമുള്ളത് ചോദിച്ചു മനസ്സിലാക്കാനും വേണ്ടി ഉപയോഗപ്പെടുത്തേണ്ട അവയവങ്ങളാണ് കാതുകളും നാവും. എന്നാൽ നാവിനെക്കാൾ ജ്ഞാനസമ്പാദനത്തിനായി സജീവമാക്കേണ്ട അവയവം കാതുകൾ തന്നെയാണ്. ‘നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് അല്ലാഹു നിങ്ങളെ പുറത്തേക്കുകൊണ്ടുവന്നത് തീർത്തും അജ്ഞരായിട്ടായിരുന്നുവെന്നും ജ്ഞാനസമ്പാദനത്തിനായി നിങ്ങൾക്ക് കണ്ണുകളും കാതുകളും ഹൃദയവും അവൻ നൽകിയെന്നും’ ഖുർആൻ പറയുന്നുണ്ട്.
കണ്ണുകൾകൊണ്ട് ബോധിച്ചുകിട്ടേണ്ട അനേകം ജ്ഞാനങ്ങളുണ്ട്. ഒപ്പം കാതുകൾകൊണ്ട് കേട്ടു മനസ്സിലാക്കിയിരിക്കേണ്ടതുമുണ്ട്. എന്നാൽ കേൾക്കാൻ ഇഷ്ടപ്പെടാത്ത, അതിന് വഴങ്ങികൊടുക്കാത്ത ശൈലിയുള്ളവരുണ്ട്. അതൊട്ടും ആശാസ്യകരമല്ല. തന്റെ സംസാരം കേൾക്കാനെത്തിയവരുടെ എണ്ണം കുറഞ്ഞാലും ഉള്ളവരുടെ ശ്രദ്ധ കുറഞ്ഞാലും ക്രോധം കാണിക്കുന്നവർ താൻ നല്ലൊരു ശ്രോതാവാകുന്നതിനെ കുറിച്ച് ആലോചിക്കണം. അതില്ലെങ്കിൽ അഹങ്കാരത്തിന്റെ ലാഞ്ചനയെങ്കിലും തന്നെ ഭരിച്ചുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ആത്മവിചാരം നടത്തേണ്ടതുണ്ട്.
എങ്ങനെയാണ് നല്ല ശ്രോതാവാകുന്നതെന്ന് ജ്ഞാനികൾ വിശദീകരിച്ചതു കാണാം. ഒരു ജ്ഞാനി മകന് നൽകിയ ഉപദേശമിങ്ങനെ: ‘മകനേ, നീ ശ്രദ്ധിച്ചു കേൾക്കാൻ പഠിക്കണം. നന്നായി പറയാൻ പഠിക്കുന്ന പോലെത്തന്നെ പ്രധാനമാണത്. നിന്നോട് സംസാരിക്കുന്നവന്റെ മുഖത്ത് നോക്കി കേൾക്കുകയും പറഞ്ഞുതീരുന്നത് വരെ അങ്ങോട്ട് ഒന്നും പറയാതിരിക്കലുമാണ് മികച്ച ശ്രോതാവിന്റെ മര്യാദയെന്നു നീ തിരിച്ചറിയണം.’
നമുക്കറിയുന്ന കാര്യമാണ് മറ്റുള്ളവർ പറയുന്നതെന്ന് കരുതുക. ഈ ഘട്ടത്തിലാണ് പലർക്കും നല്ലൊരു ശ്രോതാവാകാൻ കഴിയാതെ വരാറുള്ളത്. എന്നാൽ ഇത്തരം ഘട്ടങ്ങളിൽ പ്രത്യേകിച്ചും, ക്ഷമാപൂർവം സഹകരിക്കുന്ന ശ്രോതാവാകലാണ് മാനുഷികമായ മര്യാദ. അത്വാഅ് ബ്‌നു അബീറബാഹ്(റ) പറയുന്നു: ‘എന്നെക്കാൾ പ്രായംകുറഞ്ഞ ഒരാൾ എന്നോട് ചില കാര്യങ്ങൾ പറയും. വലിയ പ്രാധാന്യമുള്ള വിവരങ്ങളാണ് നൽകുന്നതെന്ന ധാരണയിലായിരിക്കും അത്. എന്നാൽ അവൻ ജനിക്കുന്നതിന് മുമ്പേ ഞാനവ കേട്ടിട്ടുണ്ട് എന്നതാണ് വാസ്തവം. എന്നിട്ടും ഒരു പുതുവിവരം കൈമാറിയെന്ന ആ ചെറുപ്പക്കാരന്റെ ആത്മവിശ്വാസത്തിന് ഇടിവുണ്ടാക്കുന്ന ഭാവങ്ങൾ പോലും ഞാൻ പ്രകടിപ്പിക്കാറില്ല.’
പറയുന്നതിനും ചെയ്യുന്നതിനും മാത്രമല്ല, കേൾക്കുന്നതിനും പ്രതിഫലമുണ്ട്. അതോടൊപ്പം എത്ര തവണ അറിഞ്ഞൊരു കാര്യവും മറ്റൊരാളുടെ അവതരണത്തിന്റെ ഭാഗമാകുമ്പോൾ അതിൽ ചില പുതുമകളുണ്ടാകുമെന്നതാണ് സത്യം.

 

ഹാദി

Exit mobile version