നാം ലൈവിലുണ്ടാവണം

ഒരേയൊരു മനുഷ്യനെങ്കിലും നിങ്ങളിലില്ലാതെ പോയെന്നോ! പക്വതയും തന്റേടവും പ്രതികരണശേഷിയുമുള്ള ഒരാളെങ്കിലും ഈ അരുതായ്മക്കെതിരെ നിലകൊള്ളാൻ ഇല്ലെന്നാണോ? സഹസ്രാബ്ദങ്ങൾക്ക് മുമ്പ് അല്ലാഹുവിന്റെ പ്രവാചകൻ ലൂത്വ്(അ) ഉയർത്തിയ ഈ ചോദ്യം നവസാമൂഹിക മണ്ഡലത്തിൽ നിന്ന് ആരൊക്കെയോ നമ്മെ വിളിച്ച് ചോദിക്കുന്നുണ്ട്. സമൂഹം വൃത്തികേടിന്റെ പരകോടിയിലെത്തിയ ഘട്ടത്തിലായിരുന്നല്ലോ ലൂത്വ്(അ) ഇങ്ങനെ വിളിച്ചുചോദിച്ചത്: അലയ്‌സ മിൻകും റജുലുൻ റശീദ്?

സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും പേരിൽ ധാർമികതയുടെ പരിസരം തകിടം മറിച്ചുകൊണ്ടുള്ള അപഥ സഞ്ചാരത്തിന്റെ ഒഴുക്ക് നാൾക്കുനാൾ കൂടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് നമ്മുടെ ഒരു സഹോദരി ഹൈക്കോടതിയെ സമീപിച്ചത്. എന്തിനു വേണ്ടിയായിരുന്നു അത്? കോടതി അവർക്ക് അനുവദിച്ചു നൽകിയത് എന്തായിരുന്നു? കോടതിയെ കുറ്റം പറയാനില്ല, ഒരുപക്ഷേ പൗരന്റെ സ്വാതന്ത്ര്യത്തിന് മൂല്യം കണക്കാക്കാൻ ബാധ്യതപ്പെട്ട ന്യായാധിപന്മാരുടെ മുമ്പിലുള്ള സങ്കീർണതകളില്ലാത്ത വഴി അതായിരിക്കാം. എന്നാൽ ആ രണ്ടു സഹോദരിമാരും രണ്ടു കുടുംബത്തിലെ ഓമന മക്കളാണ്. പക്ഷേ, മാതൃത്വത്തിനും പിതൃത്വത്തിനും പുല്ലുവില മാത്രം! പോറ്റി വളർത്തിയവർക്കു വരെ തങ്ങളുടെ മേൽ ഒരവകാശവുമില്ല, അവരുടെ വാക്കുകൾക്കോ ആഗ്രഹങ്ങൾക്കോ തങ്ങളുടെ അഭിലാഷങ്ങളുടെയും അവകാശവാദങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മേൽ കൈകടത്താൻ ഒട്ടും അർഹതയില്ല. ഇതിനെയാണ് വ്യക്തിസ്വാതന്ത്ര്യം എന്ന് നാം പേരിട്ടുവിളിക്കുന്നത്.

ധാർമികതയെല്ലാം അറുവഷളൻ പദവും പ്രയോഗവുമായിരിക്കുന്നു ഇന്ന്. ധാർമികതക്ക് വേണ്ടി മുറവിളികൂട്ടുന്നവരും വാദിക്കുന്നവരും അപരിഷ്‌കൃതരും. അത് ഉമ്മയായാലും ഉപ്പയായാലും ഗുരുക്കന്മാരായാലും എല്ലാം അപരിഷ്‌കൃതർ തന്നെ!

സമൂഹം എങ്ങോട്ടാണ് പോകുന്നത്? നമ്മുടെ സമുദായത്തിന്റെ സഞ്ചാരപഥം നമ്മെ അസ്വസ്ഥപ്പെടുത്തുന്നില്ലേ? ലൂത്വ്(അ) ജനതയോട് ഉന്നയിച്ച ആ ചോദ്യം പൂർണമായും മനുഷ്യത്വം വരണ്ടുപോകാത്ത സാമൂഹിക മണ്ഡലത്തിൽ നിന്ന് ആരൊക്കെയോ നമ്മോട് വിളിച്ചാർത്തുകൊണ്ടിരിക്കുന്നുണ്ട്. ഈ വിളി ഏറ്റെടുക്കാൻ ബാധ്യതയുണ്ട് നമുക്ക്. മനുഷ്യനെന്ന നിലയിലും ധാർമികതക്ക് മൂല്യം കൽപിക്കുന്നവനെന്ന നിലയിലും ഇസ്‌ലാം മതവിശ്വാസി എന്ന നിലയിൽ പ്രത്യേകിച്ചും. നെഞ്ചൂക്കോടെ നാം ഈ ചോദ്യം ഏറ്റുപിടിച്ചേ പറ്റൂ. ഉത്തരം കാണാതെ നാം ഉഴറി നടക്കുന്ന കാലത്തോളം അപഹാസ്യമായ വിധം നമ്മുടെ സാമൂഹിക മണ്ഡലം ജീർണതയിലേക്ക് കൂപ്പുകുത്തും. നാം സമൂഹത്തിനൊപ്പം സഞ്ചരിക്കുമ്പോൾ തന്നെ ധാർമികതക്ക് വേണ്ടി, മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളണം. നമ്മുടെ സംഘടനാ പ്രവർത്തനം സാമൂഹിക മണ്ഡലങ്ങളെ കൂടുതൽ സ്പർശിക്കുന്നതാവണം.
നമ്മൾ സമൂഹത്തിൽ ലൈവായി നിലകൊള്ളണം. സാമ്പത്തിക സഹായം മാത്രമല്ല നമുക്ക് നിർവഹിക്കാനുള്ളത്. വൃദ്ധർ, കുട്ടികൾ, സ്ത്രീ ജനങ്ങൾ എല്ലാവർക്കുമൊപ്പം നമ്മളുണ്ടാവണം. ദുർബലർക്കൊപ്പം നിങ്ങൾക്കെന്നെ കണ്ടെത്താനാകുമെന്ന തിരുനബി(സ്വ)യുടെ വചനം നമുക്ക് പാഠമാവണം. തിന്മകളെ തടയുന്നതും നന്മ കൽപിക്കുന്നതുമാണ് നമ്മുടെ രാഷ്ട്രീയ പ്രവർത്തനം. പ്രവാചകന്മാർ നിർവഹിച്ചതും ഇത് തന്നെയായിരുന്നല്ലോ.

ഹാദി

Exit mobile version